UPDATES

ട്രെന്‍ഡിങ്ങ്

മുക്കത്തേത് ഭീതികൊണ്ടുള്ള തീക്കളി; സര്‍ക്കാരിന് ഒഴിവാക്കാമായിരുന്നത്

ഗെയില്‍ പൈപ്പ് ലൈനിനെതിരെ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള ആശങ്ക അല്‍പം അതിരുകവിഞ്ഞതാണെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്

കെ എ ആന്റണി

കെ എ ആന്റണി

കോഴിക്കോട് ജില്ലയിലെ മുക്കത്ത് രൂപം കൊണ്ട ഗെയില്‍ വിരുദ്ധ സമരത്തിന് പിന്നില്‍ യുഡിഎഫ് ആണെന്ന ആക്ഷേപമാണ് സിപിഎം മുഖപത്രം ദേശാഭിമാനി ഉന്നയിക്കുന്നത്. സോളാറില്‍ മുഖം നഷ്ട്ടപെട്ട യുഡിഎഫ് ഇടതു സര്‍ക്കാര്‍ അതിവേഗം നടപ്പിലാക്കാന്‍ ശ്രമിക്കുന്ന വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നതിന്റെ ഭാഗമാണ് മുക്കത്തെ തീക്കളി എന്നാണ് പത്രം പറയുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന പടയൊരുക്കം ജാഥ കാസര്‍ഗോഡ് ജില്ലയിലെ ഉപ്പളയില്‍ നിന്നും പ്രയാണം ആരംഭിച്ച ദിവസം തന്നെയാണ് മുക്കത്തെ ഗെയില്‍ വിരുദ്ധ സമരം ശക്തിപ്രാപിച്ചതും അക്രമാസക്തമായതു എന്നതും സമരത്തിന് യുഡിഎഫ് ഇപ്പോള്‍ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ടെന്നതും ശരി തന്നെ. എന്ന് കരുതി സമരത്തിന് പിന്നില്‍ യുഡിഎഫ് ആണ് എന്ന് ഒറ്റശ്വാസത്തില്‍ തറപ്പിച്ചു പറയുന്നത് അത്രകണ്ട് ശരിയാണെന്നു തോന്നുന്നില്ല. കാരണം ചെന്നിത്തലയുടെ പടയൊരുക്കം ആരംഭിക്കുന്നതിന് എത്രയോ ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ ഗെയില്‍ വിരുദ്ധ സമരക്കാര്‍ മുക്കത്ത് സജീവമായിരുന്നു. പ്രസ്തുത സമരത്തെ സര്‍ക്കാര്‍ നേരിട്ട രീതിയിലുണ്ടായ വീഴ്ച മുതലെടുക്കാന്‍ സ്വാഭാവികമായും കോണ്‍ഗ്രസും ലീഗുമൊക്കെ ശ്രമിക്കുന്നു എന്നു മാത്രം. സമവായത്തിലൂടെ പരിഹാരം കണ്ടെത്തുന്നതിനു പകരം സമരത്തെ അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ തീരുമാനമാണ് കാര്യങ്ങള്‍ ഇത്രകണ്ട് വഷളാക്കിയത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല. ഇക്കാര്യം ഒടുവില്‍ സര്‍ക്കാരിനും ബോധ്യപ്പെട്ടതുകൊണ്ടു തന്നെയാവണമല്ലോ ഇന്നലെ സമരക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെന്ന് പ്രഖ്യാപിച്ചതും.

വൈകി ഉദിച്ച ബുദ്ധി എന്നേ ഇതിനെ വിളിക്കാന്‍ കഴിയൂ. ചര്‍ച്ച നേരത്തെ നടത്തി ജനങ്ങളുടെ ആശങ്ക പരിഹരിക്കാമായിരുന്നിട്ടും എന്തിനു ബലപ്രയോഗത്തിനു മുതിര്‍ന്നുവെന്ന ചോദ്യത്തിന് മറുപടി പറയേണ്ട ബാധ്യത ഇപ്പോള്‍ സര്‍ക്കാരിന്റേതു മാത്രമാണ്.

"</p

ഇതര വാതകങ്ങളെ അപേക്ഷിച്ച് എല്‍എന്‍ജി അപകട സാധ്യത കുറവുള്ളതാണെങ്കിലും ഗെയില്‍ പൈപ്പ് കടന്നുപോകുന്ന പ്രദേശത്തെ ജനങ്ങളുടെ, പ്രത്യേകിച്ച് 20 സെന്റ് ഭൂമിയില്‍ താഴെയുള്ളവരുടെ ആശങ്ക ഗൗരവമുള്ളതു തന്നെയാണ്. ഈ ആശങ്ക ദൂരീകരിക്കാനായിരുന്നു സര്‍ക്കാരും ഗെയില്‍ അധികൃതരും ആദ്യം ശ്രമിക്കേണ്ടിയിരുന്നത്. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ ഈ വീഴ്ച ഗൗരവത്തോടെ തന്നെ കാണുമ്പോഴും റൂബെല്ല വാക്‌സിന്റെ കാര്യത്തിലെന്ന പോലെ തന്നെ ഗെയില്‍ വാതകത്തിന്റെ കാര്യത്തിലും ജനങ്ങള്‍ക്കിടയില്‍ അനാവശ്യ പരിഭ്രാന്തി പടര്‍ത്തി രാഷ്ട്രീയ മുതലെടുപ്പ് നടത്താന്‍ ചില ശക്തികള്‍ ശ്രമിക്കുന്നതെന്നാണ് മുക്കത്തെ തന്നെ ചില നിഷ്പക്ഷമതികളുടെ ആക്ഷേപം. അവര്‍ വിരല്‍ ചൂണ്ടുന്നത് പ്രധാനമായും ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിനും നേര്‍ക്കാണ് താനും. 2010 ല്‍ മുക്കത്തിനടുത്തുള്ള കിനാലൂരില്‍ ജമാഅത്തെ ഇസ്ലാമിയുടെ യുവജന സംഘടനയായ സോളിഡാരിറ്റിയും പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയ മുഖമായ എസ്ഡിപിഐയും നടത്തിയ പ്രക്ഷോഭത്തിന്റെ മറ്റൊരു പതിപ്പാണ് മുക്കത്തെ ഗെയില്‍ വിരുദ്ധ സമരം എന്നാണ് അവരുടെ വാദം. കിനാലൂരിലെ കെഎസ്‌ഐഡിസി ഇന്‍ഡസ്ട്രിയല്‍ എസ്‌റ്റേറ്റ് പാര്‍ക്കിലേക്ക് നാലുവരി പാത നിര്‍മിക്കുന്നതിനുവേണ്ടി നടത്തിയ സര്‍വ്വേ അന്നത്തെ പ്രക്ഷോഭത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു. അന്നത്തെ പ്രക്ഷോഭത്തില്‍ പോലീസുകാരടക്കം നൂറുകണക്കിനാളുകള്‍ക്കു പരിക്കേറ്റു. ജമാഅത്തെ ഇസ്ലാമിയുടെ വെല്‍ഫയര്‍ പാര്‍ട്ടിക്കും എസ്ഡിപിഐക്കും ഈ പ്രക്ഷോഭത്തിലൂടെ ആ മേഖലയില്‍ കാര്യമായ രാഷ്ട്രീയ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞുവെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ഗെയ്ല്‍ പദ്ധതിയുടെ ഗുണം ആര്‍ക്ക്? സുരക്ഷയ്ക്ക് എന്തു ഗ്യാരണ്ടി?-സി ആര്‍ നീലകണ്ഠന്‍ എഴുതുന്നു

ഇവരുടെ വാദത്തിനു പിന്നിലെ ശരി തെറ്റുകള്‍ക്ക് പിന്നാലെ തത്കാലം പോകുന്നില്ല. എങ്കിലും ഒരു കാര്യം ഉറപ്പാണ്. സമരത്തിന് പിന്നിലുള്ളവര്‍ ജനങ്ങള്‍ക്കിടയില്‍ ഭീതി വിതച്ചിരിക്കുന്നു. 1997 ല്‍ ആരംഭിച്ച ഗെയില്‍ പ്രൊജക്റ്റ് കഴിഞ്ഞ ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പൂര്‍ത്തീകരിക്കപ്പെടേണ്ടതായിരുന്നു. മലപ്പുറം ജില്ലയിലും മറ്റും പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് അന്ന് വ്യവസായ മന്ത്രിയായിരുന്ന പി കെ കുഞ്ഞാലികുട്ടി മുന്‍കൈ എടുത്തു നടത്തിയ ചര്‍ച്ചകള്‍ പാതിയിലേറെ വിജയിച്ചതുമാണ്. ഗെയില്‍ പദ്ധതിക്കുവേണ്ടി പതിനായിരം കോടി രൂപയാണ് നിക്ഷേപം ചെയ്തിരിക്കുന്നത്. പദ്ധതി പൂര്‍ത്തിയാവാത്തതിനാല്‍ ഈ തുകയത്രയും വെറുതെ കിടക്കുന്നുവെന്നതാണ് സര്‍ക്കാരിന്റെ തലവേദന. അതുകൊണ്ടു തന്നെ പദ്ധതി എത്രയും വേഗം പൂര്‍ത്തിയാക്കാന്‍ പിണറായി സര്‍ക്കാര്‍ കാണിച്ച തിടുക്കം കാര്യങ്ങള്‍ കൂടുതല്‍ വഷളാക്കിയിരിക്കുന്നു എന്ന് പറയാതെ വയ്യ.

ജനങ്ങളോട് ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ എന്തിനാണ് മടിക്കുന്നത്? ഗെയില്‍ സമരസമിതി കോര്‍ഡിനേറ്റര്‍ റസാഖ് പാലേരി ചോദിക്കുന്നു

ഗെയില്‍ പൈപ്പ് ലൈനിനെതിരെ ഇപ്പോള്‍ ഉയര്‍ന്നു വന്നിട്ടുള്ള ആശങ്ക അല്‍പം അതിരുകവിഞ്ഞതാണെന്നാണ് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ഇതര വാതകങ്ങളെ അപേക്ഷിച്ച് ഏറ്റവും അപകട സാധ്യത കുറഞ്ഞതാണ് എല്‍എന്‍ജി എന്നാണ് അവര്‍ പറയുന്നത്. എല്‍എന്‍ജി പൈപ്പ് പൊട്ടിത്തെറിച്ചു ലൈന്‍ കടന്നുപോകുന്ന പ്രദേശത്തുള്ളവര്‍ കത്തിച്ചാമ്പലാകും എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്നവര്‍ ഇന്ധന പൈപ്പ് ലൈനുകള്‍ അടക്കം പലതരം വാതക പൈപ്പുകള്‍ ഭൂമിക്കടിയുടെയും അല്ലാതെയും തലങ്ങും വിലങ്ങും കടന്നുപോകുന്ന ഗള്‍ഫ് നാടുകളിലെ ജനങ്ങളുടെ അവസ്ഥ ഇതിനേക്കാള്‍ എത്രകണ്ട് ഭീതിതമാണ് എന്നുകൂടി ആലോചിക്കണമെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

ഗെയ്ല്‍; സിആര്‍ നീലകണ്ഠന്‍ നുണ പ്രചരിപ്പിക്കുന്നു-ഒരു വിയോജന കുറിപ്പ്

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍