UPDATES

ട്രെന്‍ഡിങ്ങ്

പ്രണയിച്ചതല്ല, ദളിതനാണെന്നതാണ് കെവിനെതിരേ തിരുവിതാംകൂറിലെ ‘നമ്പൂതിരി മേന്മ’ക്കാരായ നസ്രാണികള്‍ ചുമത്തിയ പ്രധാന കുറ്റം

കെവിന്റെ കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമല്ല. മധ്യ തിരുവിതാം കൂറിലെ നസ്രാണി ചരിത്രം പരിശോധിച്ചാല്‍ മുന്‍പും ധാരാളം കെവിന്‍മാര്‍ ഉണ്ടായിരുന്നുവെന്ന് കാണാം

കെ എ ആന്റണി

കെ എ ആന്റണി

പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍ വധുവിന്റെ സഹോദരനും കൂട്ടാളികളും ചേര്‍ന്ന് തട്ടികൊണ്ടുപോയ കുമാരനെല്ലൂര്‍ സ്വദേശി കെവിന്‍ പി ജോസഫ് എന്ന യുവാവിന്റെ ചത്തുമലച്ച ജഡം തിങ്കളാഴ്ചയാണ് കൊല്ലം തെന്മലയിലെ ചാലിയാക്കര തോട്ടില്‍ പൊന്തിയത്. കെവിന്റെ ദാരുണമായ അന്ത്യത്തെക്കുറിച്ചു പരാമര്‍ശിക്കുമ്പോള്‍ ‘പ്രണയിച്ചു വിവാഹം കഴിച്ചതിന്റെ പേരില്‍’ എന്ന് മാത്രം പറയുന്നത് പൂര്‍ണമായും ശരിയാവില്ല. പ്രണയിച്ചു എന്നതും പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിച്ചുവെന്നതുമൊക്കെ കെവിനെ ഇല്ലാതാക്കിയവരുടെ കണ്ണില്‍ ഒരു പക്ഷെ രണ്ടാമത്തെയും മൂന്നാമത്തേയുമൊക്കെ മാത്രം കുറ്റമായിരിക്കാം. ഒരു ദളിതനായി ജനിച്ചു അതും ദരിദ്രനായ ഒരു ദളിതനായി ജനിച്ചുവെന്നത് തന്നെയാവണം കെവിനില്‍ അവനെ വകവരുത്തിയവര്‍ കണ്ട ഏറ്റവും വലിയ കുറ്റം. കെവിനും അവന്റെ കുടുംബവുമൊക്കെ ക്രിസ്തുമതം സ്വീകരിച്ചവരും ആ മതത്തില്‍ വിശ്വസിക്കുന്നവരും ഒക്കെ ആകുമ്പോഴും അവന്റെ പൂര്‍വികര്‍ ദളിതരായിരുന്നവെന്ന കടുത്ത ജാതി വര്‍ണ ചിന്ത തന്നെയാണ് ഇത്തരത്തില്‍ ഒരു പാതകത്തിനു മുതിരാന്‍ കെവിന്‍ ഭാര്യയായി സ്വീകരിച്ച നീനു ചാക്കോയുടെ സഹോദരനെ പ്രേരിപ്പിച്ചത് എന്ന കാര്യത്തില്‍ തര്‍ക്കമില്ല.

എന്നാല്‍ നീതുവിന്റെ പിതാവ് ചാക്കോയും കെവിനെ വകവരുത്താന്‍ മുന്‍കൈ എടുത്ത അവളുടെ സഹോദരന്‍ സാനു ചാക്കോയും പ്രണയിച്ചു വിവാഹം കഴിച്ചവരാണെന്നതും അന്യ മതസ്ഥരായ സ്ത്രീകളെയാണ് ഇരുവരും വിവാഹം കഴിച്ചതെന്നതും കെവിന്റെ കാര്യത്തില്‍ സംഭവിച്ചിരിക്കുന്ന ദുരഭിമാന കൊലയുടെ ആഴവും വ്യാപ്തിയും വര്‍ധിപ്പിക്കുന്നു. താനും തന്റെ പിതാവും ചെയ്തത് ശരിയയും സഹോദരി ചെയ്തത് കടുത്ത അപരാധവും ആയി സാനുവിന് എന്തുകൊണ്ട് മാറിയെന്നറിയാന്‍ മധ്യ തിരുവിതാം കൂറിലെ നസ്രാണി മനസ്സ് വായിച്ചാല്‍ മതിയാകും.

ആദ്യകാലത്തു മത പരിവര്‍ത്തനം ചെയ്യപ്പെട്ടത് നമ്പൂതിരിമാരും ഉയര്‍ന്ന ഹൈന്ദവ സാമുദായക്കാരും ആണെന്ന തീര്‍ത്തും അബദ്ധജഢിലമായ വിശ്വാസം വെച്ച് പുലര്‍ത്തുന്നവരാണ് ദളിത് കത്തോലിക്കര്‍ ഒഴികെയുള്ള െ്രെകസ്തവ സാമൂഹങ്ങള്‍. ദളിത് കത്തോലിക്കരെ എന്നും ഒരു കൈപ്പാടകലെ മാറ്റി നിര്ത്തുന്നതില്‍ ഏറെ ഔല്‍സുക്യം കാണിച്ചുപോന്ന സുറിയാനി കത്തോലിക്കാ വിഭാഗത്തില്‍ പെട്ട ചില കിഴവനമാര്‍ പണ്ട് ദളിത് കത്തോലിക്കരെ കളിയാക്കുന്നതിനുവേണ്ടി പറഞ്ഞിരുന്ന ഒരു വലിയ വീരസ്യം തങ്ങള്‍ ദളിത് കത്തോലിക്കരുടെ പൂര്‍വികരുടെ കാതിലെ പഴയ കടുക്കന്റെ ദ്വാരത്തിലൂടെ മുഴുവന്‍ കുര്‍ബാന കണ്ടിട്ടുണ്ടെന്നായിരുന്നു.

തങ്ങളെല്ലാവരും കര്‍ത്താവായ ദൈവത്തിന്റെ മക്കളാണെന്നും രക്ഷകനായ യേശു ക്രിസ്തുവിലൂടെ തങ്ങള്‍ പിതാവായ ദൈവത്തില്‍ ഒന്നായിരിക്കുന്നുവെന്നും വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്ന വേളയില്‍ ഉച്ചൈസ്തരം ഉദ്‌ഘോഷിക്കുന്ന ഇക്കൂട്ടരുടെ യഥാര്‍ത്ഥ മനസ്സിലിരുപ്പ് ഇതില്‍ നിന്ന് തന്നെ വ്യക്തമാണ്. കെവിന്റെ കൊലപാതകം ഒരു ഒറ്റപ്പെട്ട സംഭവമല്ല. മധ്യ തിരുവിതാം കൂറിലെ നസ്രാണി ചരിത്രം പരിശോധിച്ചാല്‍ മുന്‍പും ധാരാളം കെവിന്‍മാര്‍ ഉണ്ടായിരുന്നുവെന്ന് കാണാം. അരുന്ധതി റോയിയുടെ ‘ ദി ഗോഡ് ഓഫ് സ്മാള്‍ തിങ്ങ്‌സ് ‘ എന്ന നോവലിലെ വെളുത്തയെ പ്രസ്തുത കൃതി വായിച്ച ആരും തന്നെ മറന്നിരിക്കാന്‍ ഇടയില്ല. വെളുത്ത വെറും ഒരു നോവല്‍ കഥാപാത്രമല്ല. നോവലിലെ വെളുത്തയെപ്പോലെ ഒരു പാട് ദളിതര്‍ പണ്ടും പ്രണയിച്ചതിന്റെ പേരില്‍ തലോയോട് പൊട്ടിച്ചിതറിയോ ചോര തുപ്പിയോ മരിച്ചിട്ടുണ്ട്. കെവിന്റെ ദാരുണമായ കൊലപാതത്തിലൂടെ വീണ്ടും സമാനമായ ഒരു ദുരന്തം കൂടി സംഭവിച്ചിരിക്കുന്നു. അത്ര തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍