UPDATES

ട്രെന്‍ഡിങ്ങ്

സിപിഎമ്മില്‍ വീണ്ടും മക്കള്‍ കുരുക്ക്; ഇത്തവണ ഊരിപ്പോരാന്‍ കോടിയേരി കഷ്ടപ്പെടും

ആരോപണം ഇതിനകം തന്നെ പ്രതിപക്ഷം ആഘോഷമാക്കിക്കഴിഞ്ഞുവെന്നതിനാല്‍ സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് മൗനം തുടരാനാവില്ല

കെ എ ആന്റണി

കെ എ ആന്റണി

മക്കളെകൊണ്ട് നേതാക്കന്മാര്‍ പ്രധിരോധത്തിലാകുന്നത് രാഷ്ട്രീയത്തില്‍ ഇതാദ്യമല്ലെങ്കിലും സ്വന്തം മകനെതിരേ ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മാത്രമല്ല പാര്‍ട്ടി നേതൃത്വത്തെക്കൂടിയാണ് കുഴപ്പത്തിലാക്കിയിരിക്കുന്നത്. പാര്‍ട്ടി അതിന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് നീങ്ങുന്ന വേളയിലാണ് കോടിയേരിയുടെ മകന്‍ ബിനോയ് ദുബായില്‍ 13 കോടി രൂപയുടെ തട്ടിപ്പു നടത്തിയ ശേഷം നാട്ടിലേക്ക് മുങ്ങി എന്ന ആരോപണം ഉയര്‍ന്നിരിക്കുന്നതെന്നത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. ദുബായ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം കമ്പനിയുടെ ഉടമ ഹസന്‍ ഇസ്മായില്‍ അല്‍ മര്‍സൂഖി ആണ് പരാതിക്കാരന്‍. ഇയാളുടെ പരാതി പ്രകാരം ഓഡി കാര്‍ വാങ്ങുന്നതിനും ബിസിനസ് ആവശ്യങ്ങള്‍ക്കുമായി ബിനോയ് കമ്പനി അകൗണ്ടില്‍ നിന്നും പല ഘട്ടങ്ങളിലായി ഇത്രയും തുക കൈപ്പറ്റിയെന്നും പിന്നീട് പണം തിരിച്ചടയ്ക്കാതെ കേരളത്തിലേക്ക് കടന്നുവെന്നുമാണ് പറയുന്നത്. ഇന്റര്‍പോളിന്റെ സഹായത്തോടെ ബിനോയിയെ അറസ്റ്റ് ചെയ്തു ദുബായില്‍ എത്തിക്കാന്‍ ശ്രമിച്ചുവരികയാണെന്നും പറയപ്പെടുന്നു.

കമ്പനി പ്രതിനിധികള്‍ പ്രശ്നം രണ്ടു മാസം മുന്‍പ് കോടിയേരിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടും പരിഹാരം ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഇപ്പോള്‍ പ്രശ്നം പാര്‍ട്ടി നേതൃത്വത്തെ നേരിട്ട് അറിയിച്ചിരിക്കുന്നതെന്നും പറയപ്പെടുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് ഒരു കാര്യവും പാര്‍ട്ടി കേന്ദ്ര നേതൃത്വത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നു സി പി എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറയുമ്പോള്‍ സംസ്ഥാന സമ്മേളന കാലത്തു കോടിയേരിയെ പ്രധിരോധത്തിലാക്കാന്‍ കാര്യമായ നീക്കം നടക്കുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ കോടിയേരി വലിയ പരാജയമാണെന്ന ആക്ഷേപം നിലനില്‍ക്കുന്നതിനിടയിലാണ് മകനെതിരെയുള്ള പണം തട്ടിപ്പു കേസും ഉയര്‍ന്നിരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.

കോടിയേരിയുടെ മകനെതിരായ ആരോപണം ഒതുക്കി തീര്‍ക്കാന്‍ തലസ്ഥാനത്ത് തിരക്കിട്ട ശ്രമങ്ങള്‍

2014 ല്‍ നടന്ന ഒരു പണമിടപാടാണ് ഇപ്പോള്‍ ആരോ കരുതിക്കൂട്ടി വിവാദമാക്കിയിരിക്കുന്നതെന്നും കടം വാങ്ങിയ പണം കോടതി മുഖേന നേരത്തെ അടച്ചു തീര്‍ത്തതാണെന്നും തനിക്കെതിരെ ദുബായില്‍ നിലവില്‍ കേസില്ലെന്നും ദുബായില്‍ പോകുന്നതിനു വിലക്ക് ഏര്‍പ്പെടുത്തിയിട്ടില്ലെന്നും ബിനോയ് അവകാശപ്പെടുന്നു. മകന് തെറ്റുപറ്റിയിട്ടില്ലെന്നും എന്തെങ്കിലും നിയമനടപടികളുണ്ടായിട്ടുണ്ടെങ്കില്‍ അതിനോട് സഹകരിച്ച് നിയമപരമായി മുന്നോട്ട് പോകുമെന്നുമാണ് ഈ വിഷയത്തില്‍ കോടിയേരി മാധ്യമപ്രവര്‍ത്തകരോട് പ്രതികരിച്ചത്.

തനിക്കൊന്നുമറിയില്ലെന്ന് ബിനോയ് ബാലകൃഷ്ണന്‍

കോടിയേരിയുടെ മകനെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം ഇതിനകം തന്നെ പ്രതിപക്ഷം ആഘോഷമാക്കിക്കഴിഞ്ഞുവെന്നതിനാല്‍ സിപിഎം കേന്ദ്ര സംസ്ഥാന നേതൃത്വങ്ങള്‍ക്ക് മൗനം തുടരാനാവില്ല. തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സുമായി ധാരണയോ സഖ്യമോ പാടില്ലെന്ന കരട് രാഷ്ട്രീയ പ്രമേയത്തിന് പിന്നില്‍ ഉറച്ചുനിന്നവരില്‍ ഒരാള്‍കൂടിയാണ് കോടിയേരി എന്നതിനാല്‍ കോടിയേരിയെ അടിക്കാന്‍ കിട്ടിയ ഒരു വടിയായി കോണ്‍ഗ്രസ് നേതാക്കള്‍ ഈ വിഷയത്തെ ഉപയോഗിക്കുന്നതില്‍ അത്ഭുതത്തിനു വകയില്ല. ബിനോയിക്കെതിരെ എന്‍ഫോഴ്‌സ്‌മെന്റ് കേസ് രജിസ്റ്റര്‍ ചെയ്യണമെന്നും കോടിയേരിയും മകനുമൊക്കെ ഇന്റര്‍നാഷണല്‍ ക്രിമിനല്‍ സംഘമായി മാറിക്കഴിഞ്ഞിരിക്കുന്നുവെന്നുമാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ പറയുന്നത്.

ജാസ് ടൂറിസം കമ്പനി പരാതിയുടെ പൂര്‍ണ്ണരൂപം ഇവിടെ വായിക്കാം

സി പി എം കേന്ദ്ര കമ്മിറ്റി അംഗം പി കെ ശ്രീമതിയുടെ മകന്‍ സുധീറിനെ ചട്ടങ്ങള്‍ മറികടന്നു പൊതുമേഖലാ സ്ഥാപനമായ കെ എസ് ഐ ഇ യുടെ മാനേജിങ് ഡയറക്ടര്‍ ആയി നിയമിച്ചതിന്റെ പേരില്‍ ശ്രീമതിയുടെ ബന്ധുവും മറ്റൊരു കേന്ദ്ര കമ്മിറ്റി അംഗവുമായ ഇ പി ജയരാജന് മന്ത്രിസ്ഥാനം നഷ്ട്ടപ്പെട്ടത് ഈ അടുത്ത കാലത്താണ്. മകളെ ഒരു സ്വാശ്രയ പ്രൊഫഷണല്‍ കോളേജില്‍ ചേര്‍ത്തത്തിന്റെ പേരില്‍ പിണറായി വിജയനും ആര്‍ എസ് എസ് പ്രാദേശിക നേതാവ് കതിരൂരിലെ മനോജിന്റെ കൊലപാതകത്തെ സ്വാഗതം ചെയ്തു മകന്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന്റെ പേരില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനും ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മകനെതിരെ കേസുകളില്ല; ആരോപണങ്ങള്‍ മകന്‍ വിശദീകരിക്കും: കോടിയേരി

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍