UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസിന്റെ നിഴലില്‍ കുത്തി ശശികല ടീച്ചര്‍ പറയാന്‍ ശ്രമിക്കുന്നത്

നിഴല്‍ക്കുത്ത് ഒരു ആഭിചാര ക്രിയയാണ്. ഒളിവില്‍ പോയ പാണ്ഡവരെ വകവരുത്താന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ചു പരാജയപ്പെട്ട കൗരവര്‍ ഒരു ദുര്‍മന്ത്രവാദിയുടെ സഹായത്തോടെ പാണ്ഡവരുടെ നിഴലില്‍ കുത്തി അവരെ കൊല്ലാന്‍ ആലോചിക്കുന്നു

കെ എ ആന്റണി

കെ എ ആന്റണി

വായ തുറന്നാല്‍ വര്‍ഗീയ വിഷം തുപ്പണം എന്ന കാര്യത്തില്‍ കെ പി ശശികല ടീച്ചര്‍ക്ക് വലിയ നിര്‍ബന്ധം തന്നെയാണ്. അല്ലെങ്കിലും അറിയപ്പെടുന്ന ഹിന്ദു ഐക്യവേദി നേതാവൊക്കെയാവുമ്പോള്‍ വര്‍ഗീയം പറയാതിരുന്നാല്‍ അതൊരു കുറവല്ലേ. എന്തായാലും ഇന്നലെയും ടീച്ചര്‍ ആ പതിവ് തെറ്റിച്ചില്ല. പറവൂരില്‍ ഹിന്ദു ഐക്യവേദി സംഘടിപ്പിച്ച ചടങ്ങില്‍ മൈക്കിന് മുന്‍പില്‍ വായ തുറന്ന അവര്‍ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തില്‍ കയറിപ്പിടിച്ച് ആഞ്ഞടിച്ചത് ഇന്ത്യയിലെ മതേതര എഴുത്തുകാര്‍ക്ക് നേരെയായിരുന്നു. കര്‍ണാടകത്തില്‍ ഭരണം നടത്തുന്ന കോണ്‍ഗ്രസിനെ മുന്നില്‍ നിര്‍ത്തി എഴുത്തുകാരുടെ നിഴലില്‍ കുത്തുകയായിരുന്നു അവര്‍.

കെ.പി ശശികലയുടെ വിവാദ പ്രസംഗത്തിന്റെ പ്രസക്ത ഭാഗം (മലയാള മനോരമയില്‍ വന്നത് ) ഇങ്ങനെ പോകുന്നു:

ഇന്ത്യ മഹാരാജ്യത്ത് എവിടെങ്കിലും ഒരു കൊലപാതകം നടന്നാല്‍ ഹിന്ദുത്വത്തെ എതിര്‍ക്കാന്‍ ആദ്യം സംഘപരിവാറിനെ എതിര്‍ക്കണം. അവസാനം ഒരു ഗോളും കൂടി വീണു. ഗൗരി ലങ്കേഷ്. ചത്തത് കീചകനെങ്കില്‍ കൊന്നത് ആര്‍എസ്എസ്സുകാര്‍ തന്നെ. പ്രതിയെ പിടിച്ചില്ല. കോണ്‍ഗ്രസ്സാണ് ഭരിക്കുന്നത്. പറഞ്ഞ കാര്യം എന്താ, അവര്‍ ആര്‍എസ്എസ്സുകാരെ എതിര്‍ക്കുന്നു. ഈ ഇന്ത്യാ മഹാരാജ്യത്ത് ആര്‍എസ്എസ്സുകാരെ എതിര്‍ത്താലല്ലേ എഴുത്തുകാരാണെന്ന് അറിയപ്പെടുകയുള്ളു. എന്നാലേ കാശു കിട്ടു, അംഗീകാരം കിട്ടൂ , അവാര്‍ഡു കിട്ടൂ. നൂറ്റുക്കു തൊണ്ണൂറും അങ്ങനെയല്ലേ. അങ്ങനെ കൊന്നൊടുക്കിയാല്‍ പിന്നെ എഴുത്തുകാര്‍ എന്നൊരു വര്‍ഗം ഉണ്ടാകില്ല.

നിങ്ങള്‍ എഴുതുംതോറും ആര്‍എസ്എസ് വളരുകയാണെന്ന തിരിച്ചറിവ് ആര്‍എസ്എസ്സിനും സംഘ്പരിവാറിനും ഉണ്ട്. അതിനാല്‍ ആര്‍എസ്എസ്സിനെ എതിര്‍ത്തതുകൊണ്ടു ഒരാളെ കൊല്ലേണ്ട ഗതികേടില്ല. പക്ഷേ, അവിടെ ഒരു കൊല ആവശ്യമാണ് അവിടുത്തെ കോണ്‍ഗ്രസ് പാര്‍ട്ടിക്ക്. തെരഞ്ഞെടുപ്പില്‍ നിലംപറ്റുമെന്ന സ്ഥിതിയില്‍ അങ്ങനെയൊരു കൊല ആവശ്യമാണ്. എനിക്ക് ഇവിടുത്തെ മതേതരവാദികളായ എഴുത്തുകാരോട് പറയാനുള്ളത് മക്കളേ, ആയുസ്സിനായി മൃത്യുഞ്ജയ ഹോമം ശിവക്ഷേത്രത്തില്‍ പോയി കഴിച്ചോളൂ. എപ്പോഴാ എന്താ ഇവരൊക്കെ വോട്ടാക്കാന്‍ ചെയ്യുകയെന്ന് യാതൊരു പിടുത്തവുമില്ല. അല്ലെങ്കില്‍ ഗൗരിമാരെപ്പോലെ നിങ്ങളും ഇരയാക്കപ്പെടാം ‘.

മതേതരര്‍ എന്നവകാശപ്പെടുന്ന എഴുത്തുകാര്‍ ആ കൊലപാതകം സംഘപരിവാറിന്റെ തലയില്‍ കെട്ടിവെയ്ക്കുന്നു എന്നാണ് ഈ പാലക്കാട്ടുകാരിയുടെ ആക്ഷേപം. അങ്ങനെ പറയുകയും എഴുതുകയും ഒക്കെ ചെയ്യുന്നത് പ്രശസ്തിയും അവാര്‍ഡുകളും ഒക്കെ ലക്ഷ്യം വെച്ചാണെന്ന കാര്യത്തില്‍ ടീച്ചര്‍ക്ക് സംശയം ലവലേശമില്ല. എന്നാല്‍ എഴുത്തുകാര്‍ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കുവേണ്ടി നടത്തുന്ന ഈ കലാപരിപാടിയുടെ യഥാര്‍ത്ഥ ഗുണഭോക്താക്കള്‍ സംഘികള്‍ തന്നെയാണെന്നാണ് അവരുടെ വാദം.

നിഴല്‍ക്കുത്ത് ഒരു ആഭിചാര ക്രിയയാണ്. മഹാഭാരത്തില്‍ ഇതേക്കുറിച്ചു പ്രതിപാദിക്കുന്നുണ്ട്. ഒളിവില്‍ പോയ പാണ്ഡവരെ വകവരുത്താന്‍ പല മാര്‍ഗങ്ങളും പരീക്ഷിച്ചു പരാജയപ്പെട്ട കൗരവര്‍ ഒരു ദുര്‍മന്ത്രവാദിയുടെ സഹായത്തോടെ പാണ്ഡവരുടെ നിഴലില്‍ കുത്തി അവരെ കൊല്ലാന്‍ ആലോചിക്കുന്നു. ഈ കഥ പിന്നീട് പാലക്കാട് കാറല്‍മണ്ണയിലെ കഥകളി സംഘം നിഴല്‍ക്കുത്ത് എന്ന പേരില്‍ കഥകളിയായി രൂപപ്പെടുത്തുകയുണ്ടായി. പാലക്കാട് സ്വദേശിനി ആയതിനാലാവണം ശശികലയ്ക്കു നിഴലില്‍ കുത്തി കൊല്ലുന്ന ഈ ആഭിചാര ക്രിയയോട് ഇത്ര പ്രതിപത്തി എന്നുവേണം കരുതാന്‍.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍