UPDATES

ട്രെന്‍ഡിങ്ങ്

കുമ്മനത്തിന്റെ കേരളയാത്ര നടക്കട്ടെ; പയ്യന്നൂരൊന്ന് കരുതിയിരിക്കുക

പയ്യന്നൂരില്‍ നിന്നും യാത്ര തുടങ്ങുന്നതിനും വി മുരളീധരനെ യാത്രയുടെ ജനറല്‍ കണ്‍വീനര്‍ ആക്കുന്നതിനും ലക്ഷ്യങ്ങളുണ്ട്

കെ എ ആന്റണി

കെ എ ആന്റണി

മെഡിക്കല്‍ കോളേജ് അഴിമതി മൂടിവെക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പ്രതിക്കൂട്ടിലായ കുമ്മനം രാജശേഖരനും ടിയാനെ പ്രതിക്കൂട്ടിലാക്കിയ വി. മുരളീധരനും ചേര്‍ന്ന് ഒരു കേരള പര്യടനത്തിന് ഒരുങ്ങുകയാണ്. സിപിഎമ്മിന്റെ ജനാധിപത്യ ധ്വംസനത്തിനെതിരെ നടത്തുന്ന ഈ പര്യടനം പക്ഷെ പയ്യന്നൂരില്‍ നിന്നാണ് ആരംഭിക്കുന്നത് എന്നതാണ് ഏറെ കൗതുകകരം. സാധാരണ ഗതിയില്‍ സകലമാന രാഷ്ട്രീയ യാത്രകളും കേരളത്തിന്റെ വടക്കേ അറ്റമായ മഞ്ചേശ്വരത്തു നിന്നാണ് തുടങ്ങാറ്. കുമ്മനവും സംഘവും എന്തുകൊണ്ടാണ് കാസറഗോഡ് ജില്ലയെ പൂര്‍ണമായി ഒഴിവാക്കിയത് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാകുന്നില്ല. ഇനിയിപ്പോള്‍ കാസര്‍ഗോഡിനെ അവര്‍ കേരളത്തിന്റെ ഭൂപടത്തില്‍ നിന്നും വെട്ടിമാറ്റിയോ എന്നും സംശയിക്കേണ്ടതുണ്ട്. ഒരു പക്ഷെ കര്‍ണാടകത്തില്‍ നല്ല വേരോട്ടം ഉള്ളതിനാല്‍ കാസറഗോഡ് ജില്ലയിലെ കന്നഡിഗര്‍ ഉയര്‍ത്തുന്ന ഭാഷാ വാദത്തെ അനുകൂലിക്കുന്നതുകൊണ്ടുമാകാം ഇത്.

എന്നാല്‍ കേരളത്തില്‍ അടുത്തകാലത്ത് ബിജെപിയും ആര്‍എസഎസും ഏറ്റവുമധികം വെല്ലുവിളി നേരിടുന്നത് പയ്യന്നൂരില്‍ ആണെന്നാണ് ബിജെപിക്കാര്‍ ഇതിനു നല്‍കുന്ന ന്യായീകരണം. കൊല തുടങ്ങിവെച്ചത് ബിജെപി-ആര്‍എസ്എസ് ആണെങ്കിലും അവര്‍ക്കു രണ്ടു ബലിദാനികളെ കിട്ടിയതും പയ്യന്നൂരില്‍ തന്നെ. കാസറഗോഡ് ജില്ലയില്‍ ആവട്ടെ മദ്രസ അധ്യാപകന്റെ കൊലപാതകത്തില്‍ അവര്‍ പ്രതിക്കൂട്ടിലുമാണ്. അതുകൊണ്ടു തന്നെ കാസറഗോഡ് നിന്ന് സിപിഎം അക്രമങ്ങള്‍ക്ക് എതിരെയുള്ള യാത്ര തുടങ്ങിയാല്‍ തങ്ങള്‍ അപഹാസ്യരാകും എന്ന് സംഘികള്‍ക്ക് നന്നായി അറിയാം എന്നത് മറ്റൊരു കാര്യം.

കുറച്ചുകാലമായി സംഘ്പരിവാര്‍ ഉഴുതുമറിക്കാന്‍ ശ്രമിക്കുന്ന മണ്ണാണ് സിപിഎം ശക്തികേന്ദ്രമായ പയ്യന്നൂരിലേത്. പയ്യന്നൂരിനെ മറ്റൊരു കലാപ ഭൂമിയാക്കാനുള്ള അണിയറ നീക്കം ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് തന്നെ ആരംഭിച്ചു കഴിഞ്ഞതുമാണ്. പയ്യന്നൂര്‍, തൃക്കരിപ്പൂര്‍ മണ്ഡലങ്ങളില്‍ നിന്നും ലഭിക്കുന്ന ഭൂരിപക്ഷമാണ് കാസറഗോഡ് പാര്‍ലമെന്റ് സീറ്റില്‍ സിപിഎമ്മിന്റെ തുടര്‍ വിജയം സാധ്യമാക്കുന്നതും മണ്ഡലം പിടിച്ചെടുക്കുക എന്ന സംഘപരിവാര്‍ സ്വപനത്തിനു വിഘാതമാകുന്നതും. ഇത് കണക്കിലെടുത്തു തന്നെയാണ് കെ. സുരേന്ദ്രന്‍ കുറച്ചു കാലമായി പയ്യന്നൂര്‍ മേഖല തന്റെ പ്രധാന പ്രവര്‍ത്തന കേന്ദ്രമാക്കി മാറ്റിയിരിക്കുന്നതും.

ചുരുക്കത്തില്‍ അടിക്ക് അടി, വെട്ടിനു വെട്ട് എന്ന ഉറച്ച നിലപാടില്‍ രണ്ടുകൂട്ടരും മുന്നോട്ട് പോകുമ്പോള്‍ കാലക്രമത്തില്‍ മറ്റൊരു തലശ്ശേരിയോ പാനൂരോ ആകാനാവും പയ്യന്നൂരിന്റെ വിധി. എന്തായാലും പയ്യന്നൂരിലെ തങ്ങളുടെ പോരാട്ടത്തിന് വീര്യം പകരുക എന്ന ഗൂഢലക്ഷ്യം തന്നെയാണ് യാത്ര പയ്യന്നൂരില്‍ നിന്ന് തന്നെ ആരംഭിക്കാനുള്ള തീരുമാനത്തിന് പിന്നില്‍. സെപ്തംബര്‍ ഏഴിന് ആരംഭിക്കുന്ന യാത്ര ഫ്ലാഗ്   ഓഫ് ചെയ്യാന്‍ അമിത് ഷായെ തന്നെ കൊണ്ടുവരാനാണ് നീക്കം. ഷായെ കൂടാതെ കേന്ദ്രമന്ത്രിമാരും ബിജെപിയുടെയും ആര്‍എസ്എസ്സിന്റെയും കേന്ദ്ര നേതാക്കളെയും പയ്യന്നൂരിലെ ചടങ്ങില്‍ പങ്കെടുപ്പിക്കാനും നീക്കം നടക്കുന്നുണ്ട്.

അടുത്ത ലോക്‌സഭാ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കേരളത്തില്‍ പാര്‍ട്ടിയെ വളര്‍ത്താനും മുന്നണി വിപുലമാക്കാനും ആര്‍എസ്എസ് മുന്‍കൈ എടുത്തു നിയോഗിച്ച കുമ്മനമാണ് ഇപ്പോള്‍ അഴിമതിക്കാരെ രക്ഷിക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത് എന്ന വിചിത്ര കാര്യം കൂടിയുണ്ട് ഇവിടെ. അഴിമതിക്കാരെ രക്ഷിക്കാന്‍ ശ്രമിക്കുന്നു എന്നത് മാത്രമല്ല കുമ്മനത്തിനെതിരെ മുരളീധര പക്ഷം ഉയര്‍ത്തുന്ന ആക്ഷേപം. അഴിമതിക്കെതിരെ നിലപാട് സ്വീകരിക്കുന്നവരെ വെട്ടിവീഴ്ത്തിയെന്ന പരാതിയും അവര്‍ക്കുണ്ട്. അന്വേഷണ സംഘത്തില്‍ അംഗമല്ലാതിരുന്ന ബിജെപി സംസ്ഥാന സെക്രട്ടറി വി വി രാജേഷ് എങ്ങനെ അന്വേഷണ റിപ്പോര്‍ട്ട് ചോര്‍ത്തും എന്നതായിരുന്നു ഇന്നലെ തൃശ്ശൂരില്‍ ചേര്‍ന്ന ബിജെപി നേതൃ യോഗത്തില്‍ മുരളീധര പക്ഷം ഉയര്‍ത്തിയ പ്രധാന പോദ്യങ്ങളിലൊന്ന്. മറ്റൊന്ന് ആരോപണ വിധേയനായ എം.ടി രമേശിനെ കുമ്മനം സംരക്ഷിക്കുന്നതിന് പിന്നിലെ താത്പര്യം എന്തെന്നതും.

മെഡിക്കല്‍ കോളേജ് കോഴ മാത്രമല്ല കേരളത്തിലെ ബിജെപിയെ ആകെ അളക്കുന്നത്. യുവമോര്‍ച്ച നേതാവ് പ്രതിയായ കള്ളനോട്ട് അച്ചടി കേസ് മുതല്‍ വ്യാജ രസീത് അടിച്ചുള്ള വന്‍ ഫണ്ട് തട്ടിപ്പു കേസും പാര്‍ട്ടി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന്‍ പ്രതിസ്ഥാനത്തു നില്‍ക്കുന്ന ജന്‍ ഔഷധി തട്ടിപ്പും ആളുകളെ ഭീഷണിപ്പെടുത്തി ചില ചോട്ടാ നേതാക്കള്‍ നടത്തുന്ന പണപ്പിരിവും ഒക്കെ കേരളത്തില്‍ അധികാരം കൊയ്യാന്‍ മോഹിക്കുന്ന ഈ പാര്‍ട്ടിയെ ചില്ലറ വെട്ടിലൊന്നുമല്ല വീഴ്ത്തിയിരിക്കുന്നത്. അങ്ങനെ നോക്കുമ്പോള്‍ സത്യത്തില്‍ പയ്യന്നൂരില്‍ നിന്നും ആരംഭിക്കാന്‍ തീരുമാനിച്ചിട്ടുള്ള യാത്ര അഴിമതി മൂടിവെക്കാന്‍ കൂടി ഉദ്ദേശിച്ചുള്ളതാണെന്നു പറയേണ്ടിവരും. തന്നെ എതിര്‍ക്കുന്ന മുരളീധരനെ തന്നെ യാത്രയുടെ ജനറല്‍ കണ്‍വീനര്‍ ആക്കുക വഴി ഇക്കാര്യം കുമ്മനവും കൂട്ടരും അടിവരയിട്ടു വ്യക്തമാക്കിക്കഴിഞ്ഞിരിക്കുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍