UPDATES

ട്രെന്‍ഡിങ്ങ്

ക്ലിന്‍ ചിറ്റ് കിട്ടിയ സ്ഥിതിക്ക് നന്നാകുമോ എന്ന ചോദ്യം തന്നെ ഒരു തന്ത്രമാണ്; പിണറായി കരുതിയിരിക്കുക

പിണറായിക്കും എല്ലാം ശരിയായി എന്ന് കരുതി ആശ്വസിക്കാന്‍ സമയമായിട്ടില്ല; പ്രധാന പ്രശ്നം പോലീസ് തന്നെ.

കെ എ ആന്റണി

കെ എ ആന്റണി

ലാവലിന്‍ കേസില്‍ ഹൈക്കോടതിയില്‍ നിന്നും ക്ലീന്‍ ചിറ്റ് ലഭിച്ച പിണറായി വിജയന്‍ ഇനിയങ്ങോട്ട് ഊര്‍ജസ്വലനായ മുഖ്യമന്ത്രിയാകുമോ എന്നാണു കേരളം കാത്തിരിക്കുന്നതെന്ന് പലരും എഴുതിയും പറഞ്ഞും ചോദിച്ചും കണ്ടു. ഇത്തരം പ്രതികരണങ്ങള്‍ക്ക് ഒട്ടും പോസിറ്റീവ് അല്ലാത്ത ഒരു ധ്വനി കൂടിയുണ്ട്. അതാവട്ടെ ഒരു മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി ഇതുവരെ അത്ര കണ്ട് ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ല എന്നതാണ്. ഭരണത്തില്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കിയ പിണറായി സര്‍ക്കാരിന് തിരെഞ്ഞെടുപ്പ് കാലത്ത് കേരള ജനതയ്ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പൂര്‍ണമായും നിറവേറ്റാന്‍ കഴിഞ്ഞിട്ടില്ല എന്നത് ശരിയാണ്. എന്നുവെച്ച് ഒന്നും ചെയ്യാതിരുന്ന ഒരു സര്‍ക്കാരാണ് ഇതെന്ന് വെറുതെ കണ്ണടച്ച് വിധിപ്രസ്താവം നടത്തുന്നത് ഒട്ടും ശരിയായിരിക്കില്ല. തുടക്കത്തില്‍ സൂചിപ്പിച്ച ചോദ്യങ്ങളും ആശങ്കകളും അത് ഉന്നയിക്കുന്നവരുടെ തികച്ചും നെഗറ്റീവായ സമീപനത്തെ തന്നെയാണ് കാണിക്കുന്നത് .

ലാവലിന്‍ കേസ് പിണറായിയെ പ്രധിരോധത്തിലാക്കിയത് ഈ അടുത്ത കാലത്തൊന്നുമല്ല. രണ്ടു പതിറ്റാണ്ടോളമായി ഡെമോക്ലിസിന്റെ വാള്‍ എന്ന് ഇപ്പോള്‍ മാധ്യമങ്ങള്‍ പറയുന്ന ഈ ദുര്‍ഭൂതം പിണറായിയെ പിന്തുടര്‍ന്ന് വേട്ടയാടുന്നു. ആരെയും പ്രധിരോധത്തിലാക്കാന്‍ പോന്ന ഒന്നാണ് തുടരുന്ന വേട്ടയാടലുകളും നിയമ നടപടികളും. അപ്പോള്‍ പിന്നെ ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളില്‍ തുടരുന്ന ഒരു രാഷ്ട്രീയ നേതാവിന്റെ കാര്യം എടുത്തു പറയേണ്ടതില്ലെന്നു തോന്നുന്നു. അങ്ങനെ വരുമ്പോള്‍ പിണറായി വിജയന്‍ ഇത്രകാലവും വളരെ യാന്ത്രികമായി പാര്‍ട്ടി ഭരണം നടത്തിവന്നിരുന്നുവെന്നും കഴിഞ്ഞ ഒരു വര്‍ഷമായി തികച്ചും യാന്ത്രികമായിത്തന്നെ സംസ്ഥാനത്തിന്റെ ഭരണചക്രവും തിരിക്കുന്നതെന്നു വരുത്തി തീര്‍ക്കാനുള്ള ഒരു യുക്തി ഇത്തരം ചോദ്യങ്ങള്‍ക്കും ആശങ്കള്‍ക്കും പ്രോത്സാഹന വാക്കുകള്‍ക്കും എഡിറ്റോറിയലുകള്‍ക്കും പിന്നിലുണ്ട് എന്ന് തന്നെ കരുതേണ്ടിവരും.

ഇതെഴുതന്ന ആള്‍ പിണാറായി വിജയന്റെ സ്തുതിപാഠക വൃന്ദത്തില്‍ പെട്ടയാളല്ല. എങ്കിലും പിണറായി നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അത് അംഗീകരിക്കാനും ശരിയല്ലെന്ന് തോന്നിയ കാര്യങ്ങള്‍ പരസ്യമായി എഴുത്തിലൂടെയും അല്ലാതെയും വിമര്‍ശിക്കുകയും ചെയ്തിട്ടുണ്ട്. അതിന്റെ പേരില്‍ സഖാവിനു പലപ്പോഴും നീരസം തോന്നിയിട്ടുമുണ്ടാകാം. അതൊന്നും എന്നെ ബാധിക്കുന്ന വിഷയമല്ല. തനിക്കു ഉത്തമ ബോധ്യമുള്ള കാര്യങ്ങള്‍ ചെയ്യുന്നുവെന്ന പിണറായി വിശ്വാസം പോലെ വിമര്‍ശിക്കുമ്പോള്‍ ഞാന്‍ അത് ഉത്തമ ബോധ്യത്തോടുകൂടിത്തന്നെ ചെയ്യുന്നുവെന്ന എന്റെ വിശ്വാസവും നിലപാടും ഉറച്ചതു തന്നെയാണ് .

പറഞ്ഞുവന്നത് ലാവ്ലിന്‍ ശേഷ കാലത്തെക്കുറിച്ചു പലരും ഒരു സര്‍ക്കാരും അതിനെ നയിക്കുന്ന മുഖ്യമന്ത്രിയും എത്രകണ്ട് ഉണര്‍ന്നു പ്രവര്‍ത്തിക്കും എന്ന് ഹൈക്കോടതി വിധി പറഞ്ഞ ഇന്നലെ ആരൊക്കെയോ കരുതിക്കൂട്ടി തുടങ്ങിവെച്ച ഒരു ചര്‍ച്ചയുടെ മെറിറ്റിനെക്കുറിച്ചാണ്. ലാവ്ലിന്‍ കേസില്‍ പിണറായി മൂക്കുകുത്തി വീഴുമെന്നും അതോടെ കേരളത്തില്‍ ഒരു ഭരണ പ്രതിസന്ധി ഉടലെടുക്കുമെന്നും സിപിഎമ്മിലെ വിഭാഗീയതക്കാരുടെ സ്ലീപ്പിങ് സെല്ലുകള്‍ സജീവമാകുമെന്നും കരുതി സര്‍വ സന്നാഹങ്ങളും ഒരുക്കി കാത്തിരുന്നവര്‍ ഉദ്ദിഷ്ടകാര്യം നടക്കാതെ വന്നപ്പോള്‍ കണ്ടെത്തിയ ഒരു പുതിയ കുതന്ത്രമായി മാത്രമേ ഞാന്‍ ഇതിനെ കാണുന്നുള്ളൂ.

ശരിയാണ്, ഈ ഗവണ്‍മെന്റ് ഇനിയും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരേണ്ടതായുണ്ട്. അതിനു ശ്രമിക്കേണ്ട ബാധ്യത തിരഞ്ഞെടുക്കപ്പെട്ട ഒരു സര്‍ക്കാരില്‍ നിക്ഷിപ്തമാണ്. അതവര്‍ കൃത്യമായി ചെയ്യുന്നില്ലായെങ്കില്‍ എന്താണ് സംഭവിക്കുക എന്നത് ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാരിനെ പ്രത്യേകിച്ച് ഓര്‍മപ്പെടുത്തേണ്ടതുണ്ട് എന്ന് തോന്നുന്നില്ല.

കൂട്ടത്തില്‍ ഒന്നുകൂടി. സൗഹര്‍ദമോതി ചങ്ങാത്തം നടിച്ചെത്തുന്ന ചിലരുടെ പ്രോത്സാഹന സര്‍ട്ടിഫിക്കറ്റുകള്‍ക്കും ആശംസ വര്‍ഷത്തിനും പിന്നില്‍ ഒളിഞ്ഞിരിക്കുന്ന ഒരു അപകടം കൂടിയുണ്ടെന്ന് പിണറായി തിരിച്ചറിഞ്ഞാല്‍ ഏറെ നന്ന്. സഖാവ് വര്‍ഗീസിനെ കൊടും കുറ്റവാളിയും കാട്ടു കള്ളനും ആജന്മ ശത്രുവുമായി പ്രഖ്യാപിച്ച ചിലരൊക്കെ ഇന്നും വിരാജിക്കുന്നുണ്ട്. നക്‌സലൈറ്റ് വര്‍ഗീസിനെ ഭരണകൂടത്തെ ഉപയോഗിച്ച് ഉന്മൂലനം ചെയ്യാന്‍ ഉപയോഗിച്ച അതേ വിടുപണി തന്ത്രം പയറ്റുന്നവരാണവര്‍. പിണറായിയുടെ പോലീസ് ഭരണം തന്നെയാണ് ലാവ്‌ലിനില്‍ തോറ്റുപോയ അവരുടെ അടുത്ത ഉന്നം.

പിണറായിക്കും എല്ലാം ശരിയായി എന്ന് കരുതി ആശ്വസിക്കാന്‍ സമയമായിട്ടില്ല. പ്രധാന പ്രശ്നം പോലീസ് തന്നെ. നേരത്തെ സൂചിപ്പിച്ചവരും ഊന്നുന്നത് അതിലേക്കു തന്നെയാണ്. ജിഷയുടെ കൊലയാളിയെ അറസ്റ്റ് ചെയ്തു, നടി ആക്രമിക്കപ്പെട്ട കേസില്‍ നടന്‍ ദിലീപിനെ അകത്താക്കി എന്നൊക്കെ പറയാന്‍ കൊള്ളാം. അപ്പോഴും വിനായകിന്റെ മരണത്തില്‍ പോലീസിന്റെ പങ്ക് ചോദ്യം ചെയ്യപ്പെടുന്നു എന്നത് കാണിക്കുന്നത് കേരളത്തില്‍ പോലീസ് ഇനിയും ഏറെ മാറാന്‍ ഉണ്ടെന്നു തന്നെയാണ്. സഖാവ് കോടിയേരി പണ്ടൊരിക്കല്‍ പറഞ്ഞതുപോലെ പഴയ യുഡിഎഫ് പ്രേതങ്ങള്‍ മാത്രമല്ല ബിജെപി കോകിലം ശോഭ സുരേന്ദ്രന്‍ ഇതിനിടെ അവകാശപ്പെട്ടതുപോലെ മോദി ഭക്തരും കേരള പോലീസില്‍ ഉണ്ടായിക്കൂടെന്നില്ലല്ലോ. കരുതലോടെ നീങ്ങിയില്ലെങ്കില്‍ രാജന്‍ കേസില്‍ പ്രൊഫസര്‍ ഈച്ചര വാര്യര്‍ക്ക് മുന്‍പില്‍ മൗനിയാകേണ്ടിവന്ന സി. അച്യുത മേനോന്റെ ഗതികേട് വന്നു ചേരും എന്നുകൂടി മുഖ്യമന്ത്രി ഓര്‍ക്കേണ്ടതുണ്ട് എന്ന് തോന്നുന്നു.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍