UPDATES

എസ് ബിനീഷ് പണിക്കര്‍

കാഴ്ചപ്പാട്

അകവും പുറവും

എസ് ബിനീഷ് പണിക്കര്‍

ട്രെന്‍ഡിങ്ങ്

അന്ന് കമ്യൂണിസ്റ്റുകാര്‍ ‘വെള്ളത്തില്‍ മത്സ്യം’ പോലെയായിരുന്നു; വന്‍പരാജയത്തിനിടെ ഓര്‍ക്കേണ്ട സി. അച്യുതമേനോന്റെ വാക്കുകള്‍

എല്ലാം താല്‍ക്കാലികം മാത്രമാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ പോയവരെല്ലാം ഇവിടേയ്ക്ക് മടങ്ങിയെത്തുമെന്ന ശുഭപ്രതീക്ഷ കേള്‍ക്കാനിമ്പമുള്ളതു തന്നെ

“ഈ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പുള്ള എല്‍ഡിഎഫ്  നേതാക്കന്മാരുടെ മനോഭാവം നോക്കിയാല്‍ അത് അങ്ങേയറ്റത്തെ പൊള്ളയായ ആത്മവിശ്വാസവും തങ്ങള്‍ ജയിക്കുമെന്നുള്ള ഒരു തരം അന്ധമായ ഉറപ്പും അടങ്ങിയതായിരുന്നു. ഇത് മിക്കവാറും അധികാരത്തിലിരിക്കുന്ന എല്ലാ പാര്‍ട്ടികള്‍ക്കും ഉണ്ടാകാറുള്ളതാണ്. അധികാരക്കസേരയില്‍ കയറിയിരുന്നാല്‍ താഴെ തറയില്‍ ജനങ്ങള്‍ക്കിടയിലുണ്ടാകുന്ന വികാരങ്ങള്‍, അതൃപ്തികള്‍, പ്രതികരണങ്ങള്‍ മുതലായവ ഒന്നും അവര്‍ അറിയുകയില്ല. അതത് അവസരങ്ങളില്‍ അത്തരം ചലനങ്ങള്‍ മനസ്സിലാക്കി തങ്ങള്‍ക്കെന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് തിരുത്താനുള്ള വിനയം അവര്‍ ഒരിക്കലും കാണിക്കാറില്ല. ഒടുവില്‍ ഒരു സുപ്രഭാതത്തില്‍ അത് വലിയ പൊട്ടിത്തെറിയുണ്ടാക്കും.” (‘അച്യുതമേനോന്‍ മുഖംമൂടിയില്ലാതെ’ എന്ന പുസ്തകത്തില്‍ ഉദ്ധരിച്ചിരിക്കുന്ന സി. അച്യുതമേനോന്റെ ലേഖനം. തെക്കുംഭാഗം മോഹന്‍, ഡിസി ബുക്‌സ്, കോട്ടയം, പുറം, 79-80)

വന്‍പരാജയത്തിനു മുന്നില്‍ അപ്രതീക്ഷിതം എന്നു പറഞ്ഞ് പിടിച്ചു നില്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതാക്കള്‍ 1991ലെ സമാനമായ തെരഞ്ഞെടുപ്പ് പരാജയ കാലത്ത് സി. അച്യുത മേനോന്‍ എഴുതിയ ലേഖനം ഓര്‍മ്മിക്കുന്നുണ്ടാവണമെന്നില്ല. അധവാ അത്തരം എത്രയോ ഓര്‍മ്മിപ്പിക്കലുകളിലൂടെ കടന്നുപോന്നിട്ടും തങ്ങള്‍ പിന്നീടും നിരവധി വട്ടം അധികാരത്തിലെത്തിയെന്ന അനുഭവം നല്‍കുന്ന ആത്മവിശ്വാസം അവയോട് പുറം തിരിഞ്ഞ് നില്‍ക്കാന്‍ പ്രേരിപ്പിക്കുന്നുമുണ്ടാകണം. ഒരവസരം പോയാലും ഞങ്ങളിലേക്ക് തന്നെ മടങ്ങിയെത്താതെ ഇവിടത്തെ ജനം എന്തുചെയ്യാന്‍ എന്ന ചിന്തയും ജനായത്തകാലത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളെ ഭരിക്കുന്നുണ്ടാകണം.

അല്ലെങ്കില്‍, എക്‌സിറ്റ്‌പോള്‍ ചര്‍ച്ചയ്ക്കിടെ വന്‍പരാജയത്തിലേക്കു നിങ്ങള്‍ നീങ്ങുകയല്ലേയെന്ന ആരാഞ്ഞ മാധ്യമപ്രവര്‍ത്തകനോട് ‘വങ്കത്തം പറയാതിരിക്കൂ’ എന്ന് ആക്രോശിക്കുന്നവര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ ഉണ്ടാകുമായിരുന്നില്ല. എക്‌സിറ്റ്‌പോളിലെ കണക്കുകള്‍ ഒക്കെ വങ്കത്തം നിറഞ്ഞതാണെന്ന് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ട്. അതിലേക്ക് നയിക്കുന്ന യുക്തികളും ഉണ്ടാകണം. എന്നാല്‍ ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിയ്ക്കുന്ന വ്യക്തി തെല്ലെങ്കിലും അവരുടെ അന്തര്‍ഗതം മനസ്സിലാക്കിയിട്ടുണ്ടെങ്കില്‍ അത്തരം പ്രതികരണങ്ങള്‍ക്ക് മുതിരുമോ? ജനം അത്രമേല്‍ എതിരായിരിക്കുന്നുവെന്ന കാര്യം തിരിച്ചറിയാന്‍ പോലും ആവാത്ത വിധം അവരില്‍  നിന്നും നേതാക്കള്‍ അകന്നുപോയിരിക്കുന്നുവെന്നല്ലേ ഈ അസഹിഷ്ണുതകള്‍ നമ്മളോട് പറയുന്നത്. അതിലും കടന്ന അസഹിഷ്ണുക്കളല്ലേ മുതിര്‍ന്ന നേതാക്കളെന്ന ചോദ്യം സംഗതം തന്നെ.

സി. അച്യുതമേനോന്റെ തന്നെ ഒരു കത്തിലെ വാചകങ്ങള്‍ ഇത്തരുണത്തില്‍ ഓര്‍മ്മിക്കുന്നത് ഉചിതമാകും: “1948-52 വരെയുള്ള മര്‍ദ്ദന ഒളിവുകാല ജീവിതകാലഘട്ടത്തില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടി ജനങ്ങളുടെ മധ്യേ ആയിരുന്നു. വെള്ളത്തില്‍ മത്സ്യം എന്ന പോലെ. അന്നുള്ള പത്രങ്ങള്‍ക്കൊന്നും സാമാന്യ ജനതയെ സ്വാധീനിക്കാന്‍ സാധിച്ചില്ല. അവര്‍ കമ്യൂണിസ്റ്റുകാര്‍ പറയുന്നതു വിശ്വസിച്ചു. കമ്യൂണിസ്റ്റുകാര്‍ക്ക് വന്‍വിജയം കൈവന്നു. ഇന്ന് ആ ശൈലി നാം തീരെ ഉപേക്ഷിച്ചില്ലേ..? ജനങ്ങളുമായി സജീവ ബന്ധമുള്ള എത്ര കമ്യൂണിസ്റ്റുകാരുണ്ട് നാട്ടില്‍? നിങ്ങളുടെ തൊട്ടടുത്തുള്ള കമ്യൂണിസ്റ്റുകാരനെ നിങ്ങള്‍ നോക്കൂ. അവന്‍ അവന്റെ തൊട്ടയലത്തുള്ള കര്‍ഷകത്തൊഴിലാളിയുടേയും കര്‍ഷകന്റേയും വീട്ടില്‍ പോകാറുണ്ടോ? കുടുംബാഗങ്ങളെ നേരിട്ട് അറിയുമോ? തൊഴിലാളിയുടെ ഭാര്യ, മക്കള്‍, അമ്മ, അമ്മൂമ്മ, അപ്പൂപ്പന്‍ ഇവരെയൊക്കെ അറിയുമോ…?” (അച്യുതമേനോന്‍ മുഖംമൂടിയില്ലാതെ, തെക്കുംഭാഗം മോഹന്‍, ഡിസി ബുക്‌സ്, കോട്ടയം, പുറം, 84)

അക്കാലത്ത് മുതിര്‍ന്ന സിപിഐ നേതാവ് കെ.പി. പ്രഭാകരന്റെ മകന്‍ കെ.പി. രാജേന്ദ്രനെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച മക്കള്‍ രാഷ്ട്രീയത്തിനെതിരേയും ജാതി നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതിനെതിരേയും സി. അച്യുതമേനോന്‍ എടുത്ത നിലപാടുകള്‍ സിപിഐ നേതൃത്വത്തെ അലോസരപ്പെടുത്തിയിരുന്നു. ‘പാര്‍ട്ടിയെ ശരിയായ ചാനലില്‍ കൊണ്ടുവരാന്‍ പണി ഏറെയുണ്ടെ’ന്നുവരെ അച്യുത മേനോന്‍ അന്ന് എഴുതിയിരുന്നു. ഇത് കുറിക്കുന്ന അവസരത്തില്‍ ടെലിവിഷനിലൂടെ തൃശൂരിലെ സിപിഐക്കുള്ളിലെ പ്രശ്‌നങ്ങള്‍ വീണ്ടും മറനീക്കിയെത്തുന്നതിന്റെ റിപ്പോര്‍ട്ടു പോകുന്നത് ഒരു വേള സാന്ദര്‍ഭികം മാത്രമാകാം. തിരുവനന്തപുരത്തും പാലക്കാട്ടും ഒക്കെ അലോസരങ്ങള്‍ വരുന്നു. പാര്‍ട്ടിയിലേയോ മുന്നണിയിലേയോ പ്രശ്‌നങ്ങള്‍ മാത്രമല്ല, അതിനൊക്കെ അപ്പുറം വലിയ കാരണങ്ങള്‍ ഇത്തവണത്തെ തിരിച്ചടിയ്ക്കുണ്ട്.

2019ലെ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഉണ്ടായ വന്‍ പരാജയത്തെ അപ്രതീക്ഷിതം എന്നാണ് സിപിഎമ്മിന്റെ മുന്‍നിര നേതാക്കളൊക്കെ വിശദീകരിച്ചത്. പരാജയം നേരത്തെ മനസ്സിലാക്കുകയും പരസ്യമായി ഇത്തരത്തില്‍ പറഞ്ഞുനില്‍ക്കുന്നതും ആണെങ്കില്‍ കുഴപ്പമില്ല. പക്ഷെ നേതാക്കള്‍ക്കാര്‍ക്കും അത് വേണ്ടസമയത്ത് മനസ്സിലായില്ലെന്നാണെങ്കില്‍ അച്യുതമേനോന്‍ ചൂണ്ടിക്കാണിച്ച പൊള്ളയായ ആത്മവിശ്വാസത്തിലേക്ക് കൂപ്പുകുത്തിയ അവസ്ഥയെന്ന് അത് വിശദീകരിക്കപ്പെടേണ്ടിവരും.

ഇതിനുമുന്‍പും കേരളത്തില്‍ ഒറ്റ അക്കത്തിലേക്ക് ഒതുങ്ങിപ്പോയിട്ടുണ്ടെന്നും അത്തരം പ്രതിസന്ധികള്‍ പുത്തരിയില്ലെന്നും ഒക്കെ സിപിഎം നേതാക്കള്‍ കരുതുന്നു. എന്നാല്‍ ക്ഷിപ്രമായി പുറത്തുവരാനാവുന്ന തരത്തിലെ താല്‍ക്കാലികമായ തിരിച്ചടി മാത്രമാണിതെന്ന് കരുതുക വയ്യ. ഇടതുപക്ഷം ദേശീയ തലത്തില്‍ തന്നെ കടന്നുപോകുന്ന നാള്‍വഴികള്‍ സൂചിപ്പിക്കുന്നത് അതാണ്. ബംഗാളിലും ത്രിപുരയിലും സംഭവിച്ചതുപോലെ പൊടുന്നനവെ ഗ്രാഫ് മുക്കുകുത്തില്ലെന്ന് ഇടതുനേതാക്കളുടെ വിശ്വാസം ഭാവി ചരിത്രം കൊണ്ട് എത്രമാത്രം ബലപ്പെടുത്താനാവുമെന്ന് കണ്ടുതന്നെ അറിയണം.

ഭൂരിപക്ഷ സമൂദായത്തിന്റെ ധ്രുവീകരണം പുതിയ തലമുറയില്‍ അടക്കം ശക്തമാണ്. തല്‍ക്കാലം അതിന്റെ ഗുണം കേരളത്തില്‍ കോണ്‍ഗ്രസിനു ലഭിച്ചെങ്കിലും നാളെ അതാവണമെന്നില്ല. വളരെ വേഗത്തില്‍ ബിജെപിക്ക് വളക്കൂറുള്ള മണ്ണായി തീരുകയാണ് കേരളം. കോണ്‍ഗ്രസ് നടത്തുന്നതുപോലെ മൃദു ഹിന്ദുത്വം കൊണ്ട് തീവ്ര ഹിന്ദുത്വത്തെ ചെറുക്കാനും കഴിയില്ല. ദേശീയ തലത്തില്‍ കോണ്‍ഗ്രസ് പെട്ടുപോയിട്ടുള്ള ഡൈലമകളില്‍ ഒന്നതാണ്. ഹിന്ദു വോട്ടുകള്‍ നഷ്ടമായെന്ന് ഇപ്പോള്‍ വിലപിച്ചിട്ടെന്തിനാണ്. ജാതി മത പ്രീണനം നടത്തിയിട്ടല്ല, ജനകീയ പ്രശ്‌നങ്ങളില്‍ ഇടപെട്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയാണ് സമ്മതി നേടേണ്ടത്. ഈ കുറിപ്പിന്റെ ഊന്നല്‍ അതല്ലാത്തതുകൊണ്ട് വിശദാംശങ്ങളിലേക്ക്  കടക്കുന്നില്ല.

ജനങ്ങളുടെ മനസ്സില്‍ എഴുതിയതെന്തെന്ന് മനസ്സിലാക്കാന്‍ ആവാത്ത തരത്തില്‍ ഇടതുപക്ഷം മാറിപോയിരിക്കുന്നുവെന്നതാണ് യാഥാര്‍ഥ്യം. വര്‍ഗരാഷ്ട്രീയം വളരെ മുന്‍പ് തന്നെ കൈവിട്ട് വിപുലമായ മധ്യവര്‍ഗ സ്വീകാര്യതയ്ക്കായി എന്‍ജിഒ പ്രവര്‍ത്തനശൈലിയിലേക്ക് അവര്‍ ബോധപൂര്‍വം വഴുതി. ആഗോളവല്‍ക്കണാനന്തര കാലത്തെ മൂലധനപരപ്പില്‍ കാഴ്ച നഷ്ടപ്പെട്ട അവരുടെ മാറി നടപ്പ് 1996ലെ ജനകീയാസൂത്രണ പ്രവര്‍ത്തനത്തിലൂടെ കൂടുതല്‍ വ്യക്തമായി. റിച്ചാര്‍ഡ് ഫ്രാങ്കിയെ പോലുള്ള ആധിബാധ്യതകള്‍ ഗ്രസിച്ചു. അടിസ്ഥാന വര്‍ഗങ്ങളുടെ പ്രശ്‌നങ്ങള്‍ പതിവ് പ്രസംഗങ്ങള്‍ക്ക് അലങ്കാരമായെങ്കിലും സാന്ത്വന ചികിത്സ നടത്തിയും പച്ചക്കറി കൃഷിചെയ്തും മധ്യവര്‍ഗ സ്വീകരണ മുറികളിലേക്ക് കയറിപറ്റുന്നതിനായി തത്രപ്പാട്. മധ്യവര്‍ഗത്തിന്റെ അലങ്കാര വാക്യങ്ങളില്‍ ഭ്രമിച്ച് വശായപ്പോള്‍ അടിസ്ഥാന വര്‍ഗം തങ്ങളെ വിട്ടൊഴിയുന്നതും ജാതി മത കൂടാരങ്ങളില്‍ എത്തപ്പെടുന്നതും വേണ്ടത്ര ഗൗരവത്തോടെ എടുത്തതുമില്ല. ഈ സാഹചര്യത്തില്‍ മതത്തിന്റേയും ജാതിയുടേയും രാഷ്ട്രീയം കൂടുതല്‍ സ്വീകാര്യത നേടുകയും ഇന്ത്യന്‍ പോളിറ്റിയില്‍ നിന്നും ഇടതുപക്ഷം കൂടുതല്‍ കൂടുതല്‍ അന്യവല്‍ക്കരിക്കുകയും ചെയ്യുകയാണ്.

എല്ലാം താല്‍ക്കാലികം മാത്രമാണെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ പോയവരെല്ലാം ഇവിടേയ്ക്ക് മടങ്ങിയെത്തുമെന്ന ശുഭപ്രതീക്ഷ കേള്‍ക്കാനിമ്പമുള്ളതു തന്നെ. രാജ്യം കടന്നുപോകുന്ന പാരഡൈം ഷിഫ്റ്റില്‍ ചുഴറ്റിയെറിയപ്പെടുന്നവയില്‍ ഉള്‍പ്പെടാതിരിക്കാന്‍ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ക്ക് കൂടുതല്‍ ജാഗ്രത ആവശ്യമാണ്. അച്യുത മേനോന്‍ കമ്യൂണിസ്റ്റ് ജാര്‍ഗണുകളില്ലാതെ 90കളില്‍ തന്നെ പറഞ്ഞുവെച്ച കാര്യങ്ങളുടെ പ്രസക്തി അവിടെയാണ്.

Read More: ബിജെപിയിലെ ബ്രാഹ്മണാധിപത്യം തുടരുന്നു; ഹിന്ദി ബെല്‍റ്റില്‍ സവര്‍ണജാതിക്കാര്‍ക്ക് മേല്‍ക്കൈ

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍