UPDATES

ലക്ഷ്മി പി.

കാഴ്ചപ്പാട്

അധോനഗരക്കുറിപ്പുകള്‍

ലക്ഷ്മി പി.

ട്രെന്‍ഡിങ്ങ്

‘നാം ആരുമില്ലാ രാത്തെരുവീഥികൾ’

എനിക്ക് ഇറങ്ങിപ്പോകാൻ ധൈര്യമില്ലാത്തതിനാൽ മാത്രം ഇന്നും അന്യമായിത്തുടരുന്ന ഒരു അധോനഗരം ഇവിടെ എവിടെയോ തന്നെ ഉണ്ട്. എനിക്ക് തൊട്ടടുത്ത്. എന്നാൽ എന്റെ കാഴ്ചയ്ക്കപ്പുറത്ത്…

ലക്ഷ്മി പി.

ഗ്രാമത്തിൽനിന്നും നഗരത്തിലെത്താൻ തീവ്രമായി ആഗ്രഹിക്കുകയും കാത്തിരുന്ന് കാത്തിരുന്ന് നഗരവാരിധി നടുവിൽ എത്തിപ്പെടുമ്പോൾ ഈ ഇടം തങ്ങൾക്കുള്ളതല്ല എന്ന തിരിച്ചറിവിൽ ഗ്രാമത്തിലേക്ക് മടങ്ങുകയും ചെയ്യുന്ന രണ്ടുപേർ – നഗരങ്ങളിൽ ചെന്ന് രാപ്പാർക്കാം എന്ന സിനിമയിലെ വിനയനും (ശ്രീനിവാസൻ) കളിയിൽ അല്പം കാര്യം എന്ന സിനിമയിലെ രാധയും (നീലിമ). നഗരങ്ങളിൽച്ചെന്ന് രാപ്പാർക്കാം (1990) രഞ്ജിത്തിന്റെ തിരക്കഥയിൽ വിജി തമ്പി സംവിധാനം ചെയ്ത സിനിമയാണ്. കളിയിൽ അല്പം കാര്യം (1984) ഗ്രാമത്തിന്റെ സൗന്ദര്യവും നന്മയും അവതരിപ്പിക്കുന്ന സത്യൻ അന്തിക്കാട് സിനിമയും. നഗരത്തിലെത്തിപ്പെട്ട് അപഹാസ്യരാവുന്ന ആ രണ്ട് കഥാപാത്രങ്ങളെ കാണുമ്പോഴെല്ലാം സംശയിക്കാറുണ്ട് – അവർക്ക് ഇരുവർക്കും നഗരത്തിന്റെ രീതികളുമായി താദാത്മ്യപ്പെടാൻ പ്രയാസം നേരിട്ടുണ്ടാകാം. പക്ഷേ ‘നഗരങ്ങളിൽച്ചെന്ന് രാപ്പാർക്കാ’നുള്ള ചില മനുഷ്യരുടെ ആഗ്രഹത്തെ അതിന്റെ പേരിൽ തള്ളിപ്പറയാൻ ആകുമോ!

ഗ്രാമത്തിന്റെ ശാന്തി, സമാധാനം, നന്മ, സൗന്ദര്യം എന്നിവ നമ്മുടെ സിനിമകളിലും സിനിമാഗാനങ്ങളിലും നിറഞ്ഞുനിന്നിരുന്ന ഒരു നീണ്ട കാലഘട്ടം ഉണ്ട്. ഗ്രാമത്തിന്റെ വിശുദ്ധി എടുത്തുകാണിക്കാൻ നഗരത്തിന്റെ ഇരുണ്ടലോകങ്ങളെ അപരമായി അവതരിപ്പിക്കുന്ന പതിവും ഉണ്ടായിരുന്നു. ‘വരത്തനി’ൽ ആ പതിവ് തെറ്റുന്നത് കണ്ടപ്പോൾ സന്തോഷം തോന്നിയിരുന്നു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം കൂടുതലായി സംഭവിക്കുന്നത് ഗ്രാമങ്ങളിലാണ് എന്ന് വ്യക്തമായി പറയാൻ മലയാളസിനിമ മുൻപ് ധൈര്യപ്പെട്ടിട്ടില്ല. നഗരങ്ങളിലെത്തപ്പെട്ട് ആത്മാവിനും ആത്മാഭിമാനത്തിനും പ്രണയത്തിനും മുറിവേറ്റ മനുഷ്യർ ഗ്രാമങ്ങളിലേക്ക് മടങ്ങുന്ന കാഴ്ചകൾ നമ്മുടെ സിനിമകളിലുണ്ട്, സാഹിത്യത്തിലുണ്ട്. പക്ഷേ എത്രയെത്ര തള്ളിപ്പറഞ്ഞിട്ടും നഗരങ്ങളിലേക്ക് ആകർഷിക്കപ്പെടുന്ന ഒരാത്മാവാണ് എന്റേത്. ‘നഗരങ്ങളിലേക്ക്’ എന്നുമാത്രം പറഞ്ഞാൽ പൂർണമാകണമെന്നില്ല. ‘നഗരരാത്രികളിലേക്ക്’ എന്നതാകാം കൂടുതൽ അനുയോജ്യം.

ചില മനുഷ്യർക്ക് ഏകാന്തമായ കോണുകളിൽ ഒറ്റക്കിരിക്കുമ്പോൾ ആശ്വാസം കിട്ടുമായിരിക്കാം. നമ്മുടെ കണ്മുന്നിൽ വേണു നാഗവള്ളിയും നെടുമുടി വേണുവുമെല്ലാം എത്രയോ പുഴക്കരകളിൽ ഒറ്റക്കിരുന്ന് അവരുടെ നോവാറ്റിയിരിക്കുന്നു. പക്ഷേ എന്റെ തലമുറയ്ക്ക് ഗ്രാമത്തിൽ ഒറ്റക്കിരിക്കാവുന്ന ഒളിയിടങ്ങളും ഏകാന്തതകളും സിനിമകളിലെ മാത്രം കാഴ്ചകളായിരുന്നു. പരിചയക്കാരുടെ ശബ്ദങ്ങൾ മലിനപ്പെടുത്താത്ത നിശബ്ദതകൾ ഞങ്ങൾക്കവിടെ അന്യമായിരുന്നു. ഹാരി പോട്ടർക്ക് ഒരു ഇൻവിസിബിലിറ്റി ക്ലോക്ക് ഉണ്ട്. എടുത്ത് പുതയ്ക്കുന്നതോടു കൂടി നമ്മെ അപ്രത്യക്ഷരാക്കി മാറ്റുന്ന ഒരു മേലങ്കി. നഗരത്തിലെ ആൾക്കൂട്ടത്തിന് നടുവിൽ അപരിചിതത്വത്തിന്റെ മേലങ്കി പുതച്ച് നിൽക്കുമ്പോൾ ഹാരി പോട്ടറുടെ ഇൻവിസിബിലിറ്റി ക്ലോക്ക് എടുത്തണിഞ്ഞതുപോലെ ആശ്വാസം തോന്നാറുണ്ട്. ജനിച്ചുവളർന്ന ഗ്രാമത്തിൽ വച്ച് ഒരിക്കലും ലഭിച്ചിട്ടില്ലാത്ത ഒരാശ്വാസം.

മലയാളസിനിമയിലെ അനാഥത്വം/അന്യവത്ക്കരണം/അശാന്തി/അധോലോകം/മോഹഭംഗം എന്നിവയെല്ലാം നഗരത്തിന്റെ ഭൂമികയിലുണ്ടായിരുന്നു. സിനിമാഗാനങ്ങളിൽ അവ കാവ്യാത്മകമായി അവതരിപ്പിക്കപ്പെട്ടിരുന്നു. ‘നഗരമേ നന്ദി’ (1967) എന്ന സിനിമയിലെ ഗാനത്തിൽ മഹാസാഗരമായാണ് നഗരത്തെ പി. ഭാസ്കരൻ അഭേദകല്പന ചെയ്യുന്നത്. ഉപരിതലത്തിൽ കളിചിരികളും അഗാധങ്ങളിൽ ചുഴികളുമുള്ള മഹാസാഗരം. പ്രണയവും സന്തോഷങ്ങളും നിറഞ്ഞ നഗരത്തിന്റെ പുറംകാഴ്ചകൾക്കെല്ലാം അപ്പുറം അധോവീഥികളിലെ ചതിയും ക്രൗര്യവും മോഹഭംഗങ്ങളും വിഴുപ്പും നാറ്റവും വൃത്തികേടുകളും വ്യഭിചാരവും കൊലപാതകങ്ങളും കൂടി ചേർന്നതാണ് യഥാർത്ഥനഗരം എന്ന് ഈ ഗാനങ്ങൾ ആവർത്തിച്ചുപറയുന്നു.

“നഗരം നഗരം
മഹാസാഗരം
കളിയും ചിരിയും മേലേ
ചളിയും ചുഴിയും താഴെ
പുറമേ പുഞ്ചിരി ചൊരിയും സുന്ദരി
പിരിയാൻ വിടാത്ത കാമുകി”

ആരെയും വശീകരിക്കുന്ന ചിരിയാണ് നഗരകാമുകിയുടേത്. ചെന്നുപെടുന്നവരെ പിരിയാൻ വിടാത്ത ചതികളും മോഹനാശങ്ങളും മറച്ചുപിടിക്കുന്ന സൂത്രശാലിയായ പെണ്ണ്. ‘പോസ്റ്റുമാനെ കാണാനില്ല’ (1972) എന്ന സിനിമയിൽ നഗരത്തെ ഹിപ്പികളുടെയും ലഹരിക്കുപ്പികളുടെയും നഗരമാക്കി മാറ്റിയിരിക്കുന്നു വയലാർ. ഭൂമിയിൽ സ്വർഗ്ഗം തിരയുന്ന സ്വപ്നാടകരുടെ നഗരമാണത്. ലുങ്കിയും ജുബയും അണിഞ്ഞുനടക്കും പെൺകുട്ടികളും, പ്രണയം നിശാസദനങ്ങളിലാക്കിയ മനുഷ്യരുമവിടെയുണ്ട്.

“അല്പം വിപ്ലവമല്പം പ്രേമം
അല്പം മോഹഭംഗം
ദുഃഖമനശ്വര ദുഃഖം മനസ്സിൽ
അസ്വസ്ഥതയുടെ ആലസ്യം
ഇതൊക്കെയാണീ നഗരത്തിൻ
മുഖമുദ്രകൾ”

നഗരവീഥിയിലൂടെ സൈക്കിളോടിച്ചു നീങ്ങുന്ന നായകൻ നഗരത്തെ കാണുന്നു. വിവരിക്കുന്നു. അഥവാ വിധിക്കുന്നു. ഈ വിധത്തിൽ നഗരത്തെ വർണിക്കുന്ന പതിവ് വീണ്ടും എത്രയോ കാലം നമ്മുടെ സിനിമയിൽ തുടർന്നുവന്നു.

“നഗരമേ മഹാനഗരമേ
ആരെയുമാരെയുമറിയാതെ
ആദിമധ്യാന്തങ്ങൾ തിരയാതെ
നേരിന്റെ സൂര്യനെ കാണാത്ത കാന്തിയായ്
രാവും പകലും പായുന്നു നീ”

രാജ്യസഭ എന്ന സിനിമയിൽ വേണുഗോപാൽ ആലപിച്ച ഈ ഗാനത്തിൽ “വിധിയുടെ അഭയാർത്ഥികൾ”, “നഗരരഹസ്യമറിയാതലയും കരിനിഴലുകൾ” എന്നിങ്ങനെയാണ് നഗരത്തിലെത്തിപ്പെട്ട മനുഷ്യരെ അവതരിപ്പിക്കുന്നത്.

“അനന്തമാം അഗാധമാം സജീവസാഗരം
അതീവസുന്ദരം…
പാതയിൽ സ്വപ്നങ്ങൾ നിൽക്കുന്നു
ഭൂമിയിൽ സ്വർഗങ്ങൾ നിൽക്കുന്നു…
മദനരതികളുടെ അലസഗമനരസലഹരി
ഇവിടെ നുരയും”

എന്ന പ്രത്യാശയിൽ നഗരത്തിലെത്തിപ്പെട്ട വിനയനും “പട്ടണത്തിലെന്നും പത്തുനേരം സൂര്യനുദിക്കും” എന്ന ധാരണയിൽ പട്ടണവാസിയെ വിവാഹം ചെയ്ത് നഗരത്തിലെത്തിപ്പെടാൻ ശ്രമിച്ച രാധയും അപഹാസ്യരായി ഗ്രാമങ്ങളിലേക്ക് തിരിച്ചെത്തി. ശുഭം എന്നെഴുതിക്കാണിക്കുന്നതിനു തൊട്ടുമുൻപേ ഗ്രാമമാണ് നമുക്ക് ചേർന്ന ഇടം എന്നും നഗരങ്ങളിൽനിന്ന് രാധമാർ പുറത്താക്കപ്പെടുമെന്നുമുള്ള സന്ദേശം ആ സിനിമകൾ നമുക്ക് തന്നുകഴിഞ്ഞിരുന്നു. ബാംഗ്ലൂരിൽ പോകാൻ കല്യാണം കഴിക്കേണ്ട ആവശ്യമില്ല, ഒരു ബസ് ടിക്കറ്റ് എടുത്താൽമതി (ബാംഗ്ലൂർ ഡേയ്സ് ) എന്ന ബോധത്തിലേക്ക് നമ്മുടെ നായികമാർ എത്തിയിട്ടില്ലാത്ത കാലമായിരുന്നല്ലോ അത്.

അക്കാലങ്ങളിൽ നഗരവാസിയായ പെൺകുട്ടി ധിക്കാരത്തിന്റെയും ഗ്രാമീണകാമുകി അതിരില്ലാത്ത നന്മയുടെയും പ്രതിച്ഛായകളോടെ നമ്മുടെ മുന്നിലെത്തി. ഗ്രാമത്തിന്റെതു മാത്രമെന്നു തോന്നിച്ച ദൃഢമായ കുടുംബബന്ധങ്ങൾക്കകത്ത് ജീവിച്ചുപോന്ന നായകന് നഗരത്തിലെത്തിയപ്പോൾ തന്റെ സാധുപ്രകൃതവും നന്മകളും കൈമോശം വന്നു. നഗരത്തിലെ അച്ഛനമ്മമാരുടെ അവസാനിക്കാത്ത വഴക്കുകളിൽനിന്നും കുഞ്ഞുങ്ങൾ “ഏതോ വാർമുകിലിൻ കിനാവിലെ മുത്തായ്” ഗ്രാമങ്ങളിലേക്ക് വന്നു. നഗരത്തിൽ സംഭവിച്ചുപോയ അഗാധപ്രണയരംഗങ്ങൾക്കുപോലും ഗ്രാമീണബിംബങ്ങൾ നിറഞ്ഞ ഗാനങ്ങൾ പശ്ചാത്തലമായി നമ്മൾ കേട്ടുകൊണ്ടിരുന്നു. ബോംബെ നഗരത്തിലെ അധോലോകങ്ങളിൽ നിന്ന് ഹിന്ദി പറയുന്ന പ്രതിനായകന്മാർ നമ്മുടെ ബാല്യങ്ങളിലേക്ക് ഇറങ്ങിവന്നു. പിന്നെയുമെത്രയോ വർഷങ്ങൾ കഴിയേണ്ടിവന്നു നമ്മുടെ ‘കൊച്ചി പഴയ കൊച്ചിയല്ലാ’താകാൻ. അപ്പോഴേക്കും എന്റെ മനസ്സിൽ നഗരം അഴുക്കുകളും രക്തക്കറകളും കൊണ്ട് അടയാളപ്പെട്ടു കഴിഞ്ഞിരുന്നു.

മധുരാനഗരങ്ങളിലേക്ക് പൊയ്പ്പോയ കൃഷ്ണന്മാർ ഭരണകർത്താക്കളായി, തന്ത്രശാലികളായി, ആത്മാവിനുള്ളിൽ കൂടുതൽക്കൂടുതൽ ഏകാകികളായി മാറിയപ്പോൾ നഗരങ്ങളിൽനിന്ന് സ്വയം അകലം പാലിച്ച രാധമാർ എക്കാലത്തെയും വിരഹികളായി മാറിയതാണല്ലോ നമ്മുടെ കൃഷ്ണകഥകൾ.

“നഗരം വിധുരം എരിയും ഹൃദയം
തീരാദൂരം ജന്മാന്തരങ്ങളിലൂ-
ടിനിയും അലയുന്നുവോ?…
പിടയുന്നതെന്തിനോ ഉൾക്കടലല പോലെ
ചുടുക്കാറ്റും മൂളും ഭൂമി
പറയൂ നീ
എവിടെ എൻ ബാംസുരീ?
എവിടേ എന്ന് ബാംസുരീ!
അറിയാമോ?” (ഗിരീഷ് പുത്തഞ്ചേരി, ഒരേ കടൽ, 2007) എന്ന ഗാനം വിനീത് ശ്രീനിവാസന്റെ ശബ്ദത്തിൽ ആ കൃഷ്ണകഥയെ മുഴുവനായി പുതിയ നഗരജീവിതത്തിലേയ്ക്ക് ആവാഹിക്കുന്നുണ്ട്.

നഗരം പുതപ്പിക്കുന്ന ഇൻവിസിബിലിറ്റി ക്ലോക്കിനെക്കുറിച്ചും എന്തിനെന്നറിയാതെ അസ്വസ്ഥരാകുന്ന ചില ആത്മാക്കൾക്ക് നഗരം നല്കുന്ന സാധ്യതകളെ കുറിച്ചും നമ്മോട് സംസാരിച്ചുകൊണ്ടിരുന്ന സംവിധായകനായിരുന്നു പത്മരാജൻ. ക്ലാര ഇറങ്ങിപ്പോകുന്നത് നഗരത്തിന്റെ സാധ്യതകളിലേക്കാണ്. ജയകൃഷ്ണൻ അയാൾക്കുപോലും അവ്യക്തമായ ധർമ്മസങ്കടങ്ങൾക്കുള്ള ശാന്തി തിരയുന്നത് നഗരത്തിലേക്കിറങ്ങി ചെല്ലുമ്പോഴാണ്. അതിനുള്ളിലേക്ക് മറഞ്ഞുപോകുന്നതിലൂടെയാണ്. വിശ്വനാഥൻ തന്റെ അപരനെ / അവനവനെ തിരയുന്നത് നഗരത്തിന്റെ അഴുക്കുകളിലാണ്. തൂവാനത്തുമ്പികൾ എന്ന സിനിമയേക്കാൾ വ്യക്തിപരമായി ഞാൻ ഇഷ്ടപ്പെടുന്നത് ‘ഉദകപ്പോള’ എന്ന നോവലാണ്. സിനിമയിലേക്ക് വിവർത്തനം ചെയ്തപ്പോൾ വീര്യം ചോർന്നുപോയ ഒരു നഗരം ഉദകപ്പോളയിലുണ്ട്.

“നടന്നു നടന്ന് ഞങ്ങളൊടുവിൽ റെയിൽവേ സ്റ്റേഷനിലെത്തി. താഴെ, പ്രതിമയുടെ ചോട്ടിലെ വേലിക്കെട്ടിനുള്ളിൽ കന്നുകാലികളും മനുഷ്യരും മേയാത്ത ഇത്തിരി വെളിസ്ഥലത്ത്, താർകുമിളകൾ ഉയരുകയും പൊലിയുകയും ചെയ്തു. ചൂട്. പ്രതിമപോലും വിയർത്തൊഴുകുന്നുണ്ടെന്നു തോന്നി.

മാർക്കറ്റിലെ ഉച്ചനേരത്തിന് വല്ലാത്തൊരു ശാന്തതയാണ്. രാവിലെ മുതൽ അലച്ചുതുടങ്ങിയ തൊണ്ടകൾ അവിടെ ചിലമ്പിച്ചു. ഉൾനാട്ടിലെവിടെയോനിന്ന് പാതിരായ്ക്കു തിരിച്ച്, പുലർച്ചെ നഗരത്തിലെത്തിയ വണ്ടിക്കാളകളിട്ട പതഞ്ഞ ചാണകം നിരത്തിൽ ഉറഞ്ഞുണങ്ങി. അവിടെ പൊടിയിലും മനുഷ്യരിലുമായി കിടന്നു പിണയുന്ന അനാഥമായ നാൽക്കാലിപ്പറ്റം. ഇടുക്കിലെ ചാരായഷാപ്പിൽനിന്നു കോളടിച്ച ലോറിബ്രോക്കർമാരുടെ തെറിപ്പാട്ടിനു താളം വീണുതുടങ്ങുന്നു. കുളിച്ചൊരുങ്ങി ഈ നേരമത്രയും തുഴഞ്ഞിട്ടും ഒരിരയെപ്പോലും കിട്ടാത്ത, പഴകിയ തെരുവുപെണ്ണിന്റെ ബീഭത്സമായ കൺതടങ്ങളിൽ വിയർപ്പും വിശപ്പും വിഷാദവും…

ഇത് തങ്ങളിന്റെ റോഡ്. സിദ്ധാർത്ഥന്റെ റോഡ്. ഋഷിയെയും ചിലപ്പോഴെല്ലാം ഈ വഴിക്കു കണ്ടുമുട്ടിയിട്ടുണ്ട്. ഞങ്ങളുടെയെല്ലാം ജീവിതത്തിൽ ഈ ഇടുങ്ങിയ വഴി റോട്ടർമഷികൊണ്ടു വരച്ചിട്ട വൃത്തികേടു തോന്നിക്കുന്ന ഒരു തെറ്റിന്റെ ഓർമ്മപോലെ, ഞങ്ങളെല്ലാം ചേർന്നു വരഞ്ഞിട്ടിരിക്കുന്നു.” (പത്മരാജൻ, ഉദകപ്പോള)

രാത്രി ബൾബുകളുടെ വെളിച്ചത്തിൽ നഗരത്തിലൂടെ കടന്നുപോകുന്ന യാത്രകളിൽ മിക്കവാറും “തെരുവുകൾ നീ ഞാൻ വേഗമായ്” എന്ന വരികൾ ഓർമ്മ വരും. (അൻവർ അലി – ഞാൻ സ്റ്റീവ് ലോപ്പസ് 2014).

“നാം ആരുമില്ലാ രാത്തെരുവീഥികൾ
ആകാശമില്ലാ രാത്താരകങ്ങൾ
നാമീ നഗരകാന്താരമതിൽ വീണുരുകീടുമോ?
ആരാണ് ഞാന്‍…
ആരാണ് നീ… 
ആരാര് നാം….”

എന്ന വരികളിലെത്തുമ്പോൾ ഏറ്റവും തീവ്രമായ പ്രണയവും അനാഥത്വവും ഒന്നിച്ചനുഭവിപ്പിക്കുന്നു ഗാനം. എന്റെ വിരഹത്തെയും പ്രണയത്തെയും ശാന്തിയേയും അശാന്തിയേയും ധർമ്മസങ്കടങ്ങളേയും ചേർത്തുവെക്കുന്നത് നഗരമാണ്. നഗരരാത്രികളാണ്. ബാലചന്ദ്രൻ ചുള്ളിക്കാടിനെ വായിക്കാനെടുക്കുമ്പോൾ, “നിൽക്കട്ടെ ഞാനീ അധോനഗരത്തിന്റെ നിദ്രയും സ്വപ്നവുമില്ലാത്ത രാത്രിയിൽ” എന്ന വരിയിൽ പതിവായി ഉടക്കിനിൽക്കും വായന. മലയാളസിനിമയിലെ എത്രയോ പ്രതിനായകന്മാർ ഇറങ്ങിവന്ന ബോംബെയല്ല എന്റെ അധോനഗരം. എനിക്ക് ഇറങ്ങിപ്പോകാൻ ധൈര്യമില്ലാത്തതിനാൽ മാത്രം ഇന്നും അന്യമായിത്തുടരുന്ന ഒരു അധോനഗരം ഇവിടെ എവിടെയോ തന്നെ ഉണ്ട്. എനിക്ക് തൊട്ടടുത്ത്. എന്നാൽ എന്റെ കാഴ്ചയ്ക്കപ്പുറത്ത്… പകലുകളിൽ ഇൻവിസിബിലിറ്റി ക്ലോക്ക് പുതച്ച് ഞാൻ നടക്കുന്ന അതേ നഗരത്തിൽ ഞാനനുഭവിച്ചിട്ടില്ലാത്ത രാത്രികൾ വന്നുപോകാറുണ്ട്. ചില രാത്രികളിൽ ആരുമില്ലാത്ത റോഡ് മുറിച്ചുകടന്നു പോകുന്ന ഏതെങ്കിലും വാഹനങ്ങളിലിരുന്ന് തെരുവുകളിൽ കൂട്ടമായി വിഹരിക്കുന്ന പട്ടികളെ കാണാറുണ്ട്. അവരോളം രാത്രിയേയും രാത്തെരുവുകളെയും അറിയാനെനിക്കാവുകയില്ലല്ലോ എന്ന് ഏറ്റവും ഇരുണ്ടസങ്കല്പങ്ങളിലേക്ക് മാത്രം ആകർഷിക്കപ്പെടുന്ന മനസ്സ് വിഷാദിക്കാറുണ്ട്. എന്റെ സങ്കല്പങ്ങൾക്ക് ചിരപരിചിതവും എന്നാൽ എനിക്ക് അന്യവുമായിത്തുടരുന്ന അധോനഗരരാത്രികൾ!

ലക്ഷ്മി പി.

ലക്ഷ്മി പി.

ഗവേഷക, എഴുത്തുകാരി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍