UPDATES

അമൂല്യ ഗാംഗുലി

കാഴ്ചപ്പാട്

Political Circus

അമൂല്യ ഗാംഗുലി

ട്രെന്‍ഡിങ്ങ്

മോദിക്കായിരിക്കും വലിയ ആള്‍ക്കൂട്ടം; എന്നാല്‍, കാറ്റ് എങ്ങോട്ടാണ് വീശുന്നത് എന്നതിന്റെ സൂചന നല്‍കുക രാഹുലിന്റെ ആള്‍ക്കൂട്ടമായിരിക്കും

ബി ജെ പിയുടെ എക്കാലത്തെയും വിജയമന്ത്രത്തിലാണ് ഇപ്പോളവര്‍ മുന്‍ തൂക്കം നേടിയിരിക്കുന്നത്- ആക്രമണോത്സുകമായ ദേശീയത

പാകിസ്താനില്‍ നിന്നുള്ള ഭീകരവാദ പ്രകോപനങ്ങള്‍ക്ക് നേരെ മുന്‍ ഇന്ത്യന്‍ സര്‍ക്കാരുകളൊന്നും സൈനികമായി പ്രതികരിക്കാന്‍ തയ്യാറായിരുന്നില്ല- 2008ല്‍ ലഷ്‌കര്‍ ഇ തയ്ബയുടെ ചാവേര്‍ സംഘം മുംബൈയില്‍ നടത്തിയ ഭീകരാക്രമണത്തിന് ശേഷം പോലും-എന്നത് പരിഗണിച്ചാല്‍ പാകിസ്ഥാനിലെ ജെയ്ഷ് ഇ മുഹമ്മദിന്റെ ഭീകരവാദ താവളങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ പോര്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണം തന്ത്രപരമായ സംയമനം എന്ന നയം ഇന്ത്യ കയ്യൊഴിഞ്ഞു എന്നതിന്റെ സൂചനയാണ്. പ്രധാനമന്ത്രിയുടെ നേതൃത്വത്തിലാണ് ഈ മാറ്റം സംഭവിച്ചത് എന്നതിനാല്‍ അത് നരേന്ദ്ര മോദിയുടെ ശക്തനായ നേതാവ് എന്ന പ്രതിഛായയേയും ശക്തിപ്പെടുത്തും. ഈ പ്രതിഛായയുടെ രാഷ്ട്രീയ സ്വാധീനം വളരെ വലുതാണ്.

ആഭ്യന്തര രാഷ്ട്രീയത്തില്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയിരുന്ന എല്ലാ വിഷയങ്ങളെയും അത് ഒറ്റയടിക്ക് പിറകിലേക്കാക്കി. പകരം, പ്രധാനമന്ത്രി വിജയഭേരിയില്‍ പറയുന്ന പോലെ രാജ്യത്തെ അതിതീവ്ര പരിചരണ വിഭാഗത്തിലേക്ക് തള്ളിയിടുന്ന പ്രതിപക്ഷത്തിന്റെ ‘ദുര്‍ബല കൂട്ടുകെട്ടിന്’ പകരം ഒരു ‘ശക്തമായ സര്‍ക്കാര്‍’ എന്ന പാര്‍ട്ടിയുടെ അവകാശവാദത്തെയും അത് ശക്തിപ്പെടുത്തും. ഈ സന്തോഷം കര്‍ണാടകത്തിലെ ബിജെപി നേതാവ് ബിഎസ് യെദ്യൂരപ്പയാണ് ഏറ്റവും നന്നായി പ്രകടിപ്പിച്ചത്. പുതിയ മിന്നലാക്രമണം (2016ല്‍ പരിമിതമായ തോതില്‍ ഒരെണ്ണം നടത്തിയിരുന്നു) സംസ്ഥാനത്തെ 28 ലോക്‌സഭാ മണ്ഡലങ്ങളില്‍ 22 എണ്ണത്തിലും പാര്‍ട്ടിക്ക് വിജയം ഉറപ്പാക്കുമെന്ന് അദ്ദേഹം പറഞ്ഞു.

സൈനിക നടപടിയെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കുപയോഗിക്കുന്നു എന്ന വിമര്‍ശനം വന്നതോടെ തന്റെ വാക്കുകള്‍ സന്ദര്‍ഭത്തില്‍ നിന്നും അടര്‍ത്തി മാറ്റി എന്നുപറഞ്ഞൊഴിഞ്ഞെങ്കിലും ദേശീയവാദികളുടെയും കാര്യങ്ങള്‍ നടത്തുന്നവരുടെയും കക്ഷിയായി തെരഞ്ഞെടുപ്പ് കാലത്ത് ബി ജെ പി തങ്ങളെ അവതരിപ്പിക്കുമെന്ന് കാര്യത്തില്‍ ആര്‍ക്കും സംശയമുണ്ടാകില്ല. അതുകൊണ്ടുതന്നെ പ്രതിപക്ഷം കുരുക്കിലായി. സൈനിക പെരുമയുടേയും നയതന്ത്ര വിജയത്തിന്റെയും പേരില്‍ രാജ്യം അഭിമാനം കൊള്ളുന്ന സമയത്ത് തൊഴിലില്ലായ്മ, കാര്‍ഷിക പ്രതിസന്ധി, നിക്ഷേപത്തിലെ ഇടിവ്, റഫാല്‍ പോലുള്ള വിഷയങ്ങള്‍ മുമ്പുണ്ടാക്കുമായിരുന്ന സ്വാധീനം ഉണ്ടാക്കില്ലെന്ന് അവര്‍ക്കറിയാം. സൈനിക സാഹചര്യം കൈവിട്ടുപോകാതിരിക്കാന്‍ ചൈനയും സൗദി അറേബിയയും പോലുള്ള പാകിസ്താന്റെ അടുത്ത സുഹൃദ് രാഷ്ട്രങ്ങളടക്കമുള്ള അന്താരാഷ്ട്ര സമൂഹം ഇസ്‌ളാമാബാദിനു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയത് ഇന്ത്യന്‍ നയതന്ത്ര പ്രവര്‍ത്തനങ്ങളുടെ നേട്ടമാണെന്നത് വ്യക്തമാണ്.

ബിജെപിക്കാണെങ്കില്‍ കഴിഞ്ഞ കുറച്ചു മാസങ്ങളായി അവര്‍ക്കുവേണ്ടി ആര്‍എസ്എസ് ചെയ്തിരുന്നപോലെ തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി രാമ ജന്മഭൂമി പോലൊരു വൈകാരിക പ്രശ്‌നത്തിനു വേണ്ടി ഇനി യത്‌നിക്കേണ്ടതില്ല. പുതിയ വിഭാഗം സമ്മതിദായകര്‍ ആകര്‍ഷിക്കുന്നതിനായി, സുപ്രീം കോടതിയുടെ 50% എന്ന പരിധി മറികടന്നുള്ള സംവരണം ഏര്‍പ്പെടുത്തേണ്ട സാഹചര്യവുമില്ല. ഈ അനുകൂല പശ്ചാത്തലത്തില്‍, ഡല്‍ഹിയില്‍ യുദ്ധ സ്മാരകം ഉദ്ഘാടനം ചെയ്യുമ്പോള്‍ പോലും മോദി ചെയ്ത പോലെ കോണ്‍ഗ്രസിന്റെ ഒന്നാം കുടുംബത്തിനെതിരായ കടുത്ത ആക്രമണങ്ങള്‍ ബിജെപി മയപ്പെടുത്താനുള്ള സാധ്യത പോലുമുണ്ട്.

മൂന്നു സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിനും ഉത്തര്‍പ്രദേശിലെയും ബിഹാറിലെയും ഉപതെരഞ്ഞെടുപ്പുകളില്‍ മറ്റു പ്രതിപക്ഷ കക്ഷികള്‍ നേടിയ വിജയത്തിന്റെയും പശ്ചാത്തലത്തില്‍ നടത്തിയ കണക്കുകൂട്ടലുകള്‍ മാറ്റിയെഴുതേണ്ട വെല്ലുവിളിയാണ് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നേരിടുന്നത്. സൈനിക നടപടിയെ ബി ജെ പി രാഷ്ട്രീയവത്കരിക്കുന്നതിനെതിരെ 21 പ്രതിപക്ഷ കക്ഷികള്‍ നടത്തിയ പ്രതിഷേധത്തിന്റെ വക്താവായി വന്നതടക്കം കാണിക്കുന്ന പോലെ ബി ജെ പി ഇതര താവളത്തിലെ ആദ്യപേരുകാരനായി രാഹുല്‍ മാറുന്നത് കാണാം. ഇത് മോദിയും രാഹുലും തമ്മിലുള്ള, പ്രസിഡണ്ട് തെരഞ്ഞെടുപ്പിന്റെ മാതൃകയിലുള്ള ഒരു പോരാട്ടത്തിന് അരങ്ങൊരുക്കും. പക്ഷെ അത്തരത്തില്‍ ഒരു പോരാട്ടത്തിലേക്ക് എത്തും മുമ്പേ പ്രതിപക്ഷം വളരെ ശ്രദ്ധയോടെ നീങ്ങേണ്ടിയിരിക്കുന്നു.

കാരണം ബി ജെ പിയുടെ എക്കാലത്തെയും വിജയമന്ത്രത്തിലാണ് ഇപ്പോളവര്‍ മുന്‍ തൂക്കം നേടിയിരിക്കുന്നത്- ആക്രമണോത്സുകമായ ദേശീയത. യെദ്യൂരപ്പയുടേത് പോലുള്ള ചില മണ്ടന്‍ വര്‍ത്തമാനങ്ങള്‍ പ്രതിപക്ഷത്തിന് ചെറിയ ആശ്വാസം നല്‍കിയേക്കാം. ‘യുദ്ധം’ 22 സീറുകള്‍ക്കു വേണ്ടിയാണ് എന്നാണു പാകിസ്ഥാനിലെ തെഹ്രിക് ഇ ഇന്‍സാഫ് കക്ഷി കളിയാക്കി ട്വീറ്റ് ചെയ്തത്. സൈനിക വിജയം സാമ്പത്തിക വിജയത്തില്‍ നിന്നും വ്യത്യസ്തമല്ലെന്നും രണ്ടിലും ശക്തവും ഉറച്ചതുമാകാതെ ഒരു രാജ്യത്തിനു കരുത്തവകാശപ്പെടാന്‍ കഴിയില്ലെന്നും പ്രതിപക്ഷം വളരെ കൃത്യമായി വിലയിരുത്തേണ്ടതുണ്ട്. ഇനിയൊന്നിനും തങ്ങളുടെ വിജയത്തെ തടയാനാകില്ല എന്ന ആത്മവിശ്വാസം ബി ജെ പിയുടെ വലിയ പിഴവായിരിക്കും.

ഇന്ത്യന്‍ സമ്മതിദായകര്‍ ലോകത്തിലെത്തന്നെ വലിയ രാഷ്ട്രീയ നോട്ടങ്ങളുള്ള സമ്മതിദായകരാണ് എന്ന് മാത്രമല്ല, ജാതി, സ്ഥാനാര്‍ത്ഥിയുടെ പശ്ചാത്തലം, അയാളുടെ കക്ഷിയുടെ പ്രകടനം ഇവയെല്ലാം അവര്‍ വിലയിരുത്തും. സമീപകാല സംഭവവികാസങ്ങളില്‍ ഉലയാത്ത ഒരു രാഷ്ട്രീയ പ്രതിബദ്ധതയും അവര്‍ക്കുണ്ടാകും. അതുകൊണ്ട് മോദിക്കാണ് മുന്‍തൂക്കം എങ്കിലും തെരഞ്ഞെടുപ്പ് ഫലം ബി ജെ പിയുടെ പേരില്‍ എഴുതിവെക്കാന്‍ സമയമായിട്ടില്ല. കോണ്‍ഗ്രസ് അഴിമതിയിലും നയങ്ങള്‍ തീരുമാനിക്കുന്നതില്‍ നിശ്ചലാവസ്ഥയിലും അകപ്പെട്ട 2014- ലേതുപോലെ മോദിക്കനുകൂലമായ തരംഗം ഇപ്പോഴുണ്ട് എന്നതിനും സൂചനയില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മോദിയും രാഹുലും ആകര്‍ഷിക്കുന്ന ജനങ്ങളായിരിക്കും ഏറ്റവും നിര്‍ണായകം. പതിവുപോലെ മോദിക്കായിരിക്കും വലിയ ആള്‍ക്കൂട്ടം. എന്നാല്‍ രാഹുലിന്റെ യോഗങ്ങളില്‍ എത്തുന്ന ആള്‍ക്കൂട്ടമായിരിക്കും കാറ്റ് എങ്ങോട്ടാണ് വീശുന്നത് എന്നതിന്റെ സൂചന നല്‍കുക.

IANS

അമൂല്യ ഗാംഗുലി

അമൂല്യ ഗാംഗുലി

മാധ്യമപ്രവര്‍ത്തകന്‍, രാഷ്ട്രീയ നിരീക്ഷകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍