UPDATES

കെയ് ബെനഡിക്ട്

കാഴ്ചപ്പാട്

Perspectives

കെയ് ബെനഡിക്ട്

മോദിയോടുള്ള അമ്പരപ്പ് കലർന്ന സ്നേഹം; തെരഞ്ഞെടുപ്പ് പരാജയമല്ല, ഇതായിരിക്കും കോണ്‍ഗ്രസിനെ കൂടുതല്‍ കുഴപ്പത്തിലാക്കുക

ബി ജെ പി-ആർ എസ് എസിന്റെ തന്ത്രങ്ങളിൽ കുടുങ്ങിയ കേന്ദ്ര സർക്കാരിന്റെ ആർട്ടിക്കിൾ 370 നടപടിയെ പിന്തുണച്ച ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്ക് തങ്ങളുടെ പ്രതികരണം കുറച്ചു അവധാനതയോടെ ആകാമായിരുന്നു

അഴിമതിക്കാരായ പ്രതിപക്ഷ നേതാക്കളെ ബി ജെ പിയിൽ ചേർക്കുന്നതിനെക്കുറിച്ച് കേന്ദ്ര ഭക്ഷ്യ, ഉപഭോക്‌തൃ കാര്യ സഹമന്ത്രി റാവുസാഹേബ് ദാൻവേ അവകാശപ്പെട്ടത് കളങ്കിതരായ കൂറുമാറ്റക്കാരെ ശുദ്ധീകരിക്കാനുള്ള ‘ഗുജറാത്ത് അലക്കുപൊടി’ ബി ജെ പിയുടെ പക്കലുണ്ടെന്നായിരുന്നു. മഹാരാഷ്ട്രയിലെ ജൽനയിൽ ഒരു പൊതുയോഗത്തിൽ ദാൻവേ പറഞ്ഞു, “ആദ്യം കോൺഗ്രസ്, എൻ സി പി നേതാക്കാളെ ശുദ്ധീകരിക്കുകയും പിന്നീടവരെ ബി ജെ പിയിലേക്ക് ചേർക്കുമായും ചെയ്യുന്ന ഗുജറാത്തിലെ അലക്കു പൊടി ഞങ്ങളുടെ കയ്യിലുണ്ട്.” എന്തുകൊണ്ടാണ് അദ്ദേഹം ഗുജറാത്ത് അലക്കുപൊടിയുടെ ഗുണത്തിൽ ഊന്നിയതെന്നും ബി ജെ പി ഭരിക്കുന്ന മഹാരാഷ്ട്രയേയും മറ്റു സംസ്ഥാനങ്ങളേയും ഒഴിവാക്കിയതെന്നും ചിന്തിക്കേണ്ടതാണ്.

ദാൻവേയുടെ കുറിപ്പടി അനുസരിച്ച് നേരത്തെ ഇ ഡി, സി ബി ഐ, ഐ ടി എന്നിവയുടെ അന്വേഷണം നേരിരുന്ന ടി എം സിയുടെ മുകുൾ റോയ്, മുൻ കോൺഗ്രസ് നേതാവ് ഹേമന്ത് ബിശ്വാസ് ശർമ്മ, ബി ജെ പിയിലെത്തിയ രണ്ടു ടി ഡി പി എം പിമാർ എന്നിവരെയെല്ലാം കുളിപ്പിച്ചെടുത്തിരിക്കുന്നു. അതുകൊണ്ടുതന്നെ, പി ചിദംബരം, ഡി കെ ശിവകുമാർ, റോബർട്ട വാദ്ര, ശശി തരൂർ എന്നിവർക്കും പ്രശസ്തമായ ഗുജറാത്ത് അലക്കുപൊടി ഉപയോഗിച്ച് ശുദ്ധീകരിക്കാൻ തയ്യാറായാൽ അന്വേഷണ ഏജൻസികളുടെ ശല്യത്തിൽ നിന്നും ഒഴിവാകാം. കാലം മാറാൻ കാത്തിരിക്കുന്നവരുടെ നീണ്ട നിര കണ്ടാൽ ബി ജെ പിക്ക് ടൺ കണക്കിന് അലക്കുപൊടി വേണ്ടിവരുന്ന ലക്ഷണമാണ്.

തമാശ മാറ്റിവെച്ചാലും, കോൺഗ്രസ് ഒരു പുതിയ ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. അതിന്റെ പല നേതാക്കളിലും ഒരു പ്രത്യേക തരത്തിലുള്ള സ്റ്റോക്ഹോം സിൻഡ്രോം ഉടലെടുക്കുന്നു. പാർട്ടിയുടെ പ്രധാന എതിരാളിയായ പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള ഒരു അമ്പരപ്പ് കലർന്ന സ്നേഹം. തെരഞ്ഞെടുപ്പ് പരാജയങ്ങളേക്കാൾ കോൺഗ്രസിനു അപകടകരമാകാൻ പോകുന്നൊരു പരിണാമഗുപ്തിയാകും ഇത്. ജ്യോതിരാദിത്യ സിന്ധ്യ, മിലിന്ദ് ദിയോറ, ഭൂപീന്ദർ ഹൂഡ തുടങ്ങി പല നേതാക്കളും ആർട്ടിക്കിൾ 370 ഭേദഗതി ചെയ്തതടക്കമുള്ള കേന്ദ്ര സർക്കാരിന്റെ വിവാദ തീരുമാനങ്ങളെ പിന്തുണച്ചു. ജയറാം രമേശിനെയും അഭിഷേക് മനു സിങ്ങ്വിയെയും പോലുള്ള നേതാക്കൾ മോദിയെ ‘രാക്ഷസവത്കരിക്കരുതെന്ന്’ ആവശ്യപ്പെട്ടു. കോൺഗ്രസിന്റെ മോദി വിരുദ്ധ പ്രചാരണത്തെ പാളം തെറ്റിക്കാനെ ഈ നേതാക്കളുടെ നിലപാടുകൾ സഹായിച്ചുള്ളു എന്ന് മറ്റു പല കോൺഗ്രസ് നേതാക്കളും പറയുന്നു. ബി ജെ പിയുടെ അടുത്ത മുഖ്യ അജണ്ടകളായ ഏകീകൃത സിവിൽ കോഡിനെയും രാമക്ഷേത്ര നിർമ്മാണത്തെയും അവർ അനുകൂലിക്കുമോ എന്നാണ് ഇനി കാണാനുള്ളത്.

മോദിയെ ‘രാക്ഷസനാക്കിയത്’ കൊണ്ടല്ല മറ്റു നിരവധി കാരണങ്ങൾ കൊണ്ടാണ് കോൺഗ്രസ് തെരഞ്ഞെടുപ്പിൽ തോറ്റത്. റഫേൽ ഇടപാടിന്റെ പശ്ചാത്തലത്തിൽ അപ്രസക്തമല്ലാതിരുന്നിട്ടും ‘ചൗകീദാർ ചോർ ഹി’ എന്ന മുദ്രാവാക്യം ജനങ്ങളിൽ ഏശിയില്ല. തെരഞ്ഞെടുപ്പുകൾ ജയിക്കുക എന്നത് വെറും വാചകമാടിയേക്കാൾ ഏറെ പ്രയാസമുള്ള പണിയാണ്. ‘ഗലി ഗലി മേ ഷോർ ഹേ, രാജീവ്ഗാന്ധി ചോർ ഹേ” എന്നത് 1989-ലെ ലോക്സഭാ തെരഞ്ഞെടുപ്പിലെ ബി ജെ പി, ജനതാദൾ കക്ഷികളടങ്ങുന്ന പ്രതിപക്ഷത്തിന്റെ പ്രധാന മുദ്രാവാക്യമായിരുന്നു. അന്നത്തെ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ ‘രാക്ഷസനാക്കുന്നതിനെ’ അന്നാരും എതിർത്തില്ല.

ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് മുൻ ബി ജെ പി എം പി ശത്രുഘ്നൻ സിൻഹ ഭരണ വർഗത്തിന്റെ കാപട്യത്തെക്കുറിച്ച് ഇങ്ങനെയാണ് കൃത്യമായി പറഞ്ഞത്, “നിങ്ങൾ ചെയ്‌താൽ രാസലീല, ഞങ്ങൾ ചെയ്‌താൽ സ്വഭാവഹത്യ”.

ഏതാണ്ട് 300 ബി സിയിൽ എഴുതിയ കൗടില്യന്റെ അർത്ഥശാസ്ത്രത്തിൽ യുദ്ധവും നയതന്ത്രവും വിജയിപ്പിക്കുന്നതിന് നിർദേശങ്ങളും മാർഗ്ഗരേഖകളും നൽകുന്നുണ്ട്. അതിൽ ചിലതിവയാണ്: ശത്രുനിരയിൽ ഭിന്നിപ്പുണ്ടാക്കുക, തെറ്റിധാരണ പടർത്താൻ മതവും ‘അന്ധവിശ്വാസവും’ ഉപയോഗിക്കുക, ശത്രുവിന്റെ ആത്മവിശ്വാസം ഇല്ലാതാക്കുക, അവർ ഭിന്നിച്ചു നിൽകുമ്പോൾ ആക്രമിക്കുക, മനോഗതി മാറ്റുന്ന തരത്തിലുള്ള തന്ത്രങ്ങൾ ഉപയോഗിക്കുക എന്നിങ്ങനെയാണവ. ഭരണവർഗം ഇതിൽ പല തന്ത്രങ്ങളും ഉപയോഗിക്കുന്നതായി നമുക്ക് കാണാൻ കഴിയും. മുഖ്യധാരാ മാധ്യമങ്ങളുടെ സജീവ സഹകരണത്തോടെ നടക്കുന്ന അതിതീവ്ര ദേശീയവാദ പ്രചണ്ഡ പ്രചാരണത്തിൽ വീണുപോയിരിക്കുകയാണ് ഒരു വിഭാഗം കോൺഗ്രസുകാർ.

നേരത്തെ നിരന്തരമായി ‘മുസ്‌ലിം പ്രീണനം എന്ന ആരോപണം ഉയർത്തിക്കൊണ്ട് കോൺഗ്രസിനെ ഹിന്ദു പ്രീണന നീക്കങ്ങൾ നടത്താൻ ബി ജെ പി നിർബന്ധിതമാക്കി. അതും കോൺഗ്രസിനെ സഹായിച്ചില്ല എന്നത് വേറെ കാര്യം. പൊതുതെരഞ്ഞെടുപ്പിനു തൊട്ടു മുമ്പായി പുൽവാമ ഭീകരാക്രമണവും ബാൽകോട്ട് വ്യോമാക്രമണവും വന്നതോടെ കോൺഗ്രസ് തീർത്തും മൗനത്തിലായി. ബി ജെ പിയുടെ വിജയത്തിൽ ഭയപ്പെട്ട് നിൽക്കുകയല്ല, തങ്ങൾ എക്കാലത്തും മുറുകെപ്പിടിച്ച നയങ്ങൾക്ക് വേണ്ടി നിലകൊള്ളുകയാണ് കോൺഗ്രസ് ചെയ്യേണ്ടത് എന്ന ശശി തരൂരിന്റെ അഭിപ്രായം പ്രസക്തമാണ്. “ഹിന്ദി ഹൃദയഭൂമിയിലെ കോൺഗ്രസിന്റെ പരാജയത്തിന്റെ മറുപടി ‘ഭൂരിപക്ഷ പ്രീണനത്തിൽ’ ബി ജെ പിയെപ്പോലെ ആവുകയാണ് വേണ്ടതെന്നു നിർദ്ദേശിക്കുന്നവർ വലിയ പിഴവാണ് വരുത്തുന്നത്, The Hindu Way: An Introduction to Hinduism എന്ന തന്റെ പുതിയ പുസ്തകത്തിന്റെ പ്രകാശനത്തിന് മുമ്പായി നൽകിയ അഭിമുഖത്തിൽ തരൂർ പറഞ്ഞു.

ബി ജെ പി-ആർ എസ് എസിന്റെ തന്ത്രങ്ങളിൽ കുടുങ്ങിയ കേന്ദ്ര സർക്കാരിന്റെ ആർട്ടിക്കിൾ 370 നടപടിയെ പിന്തുണച്ച ഒരു വിഭാഗം കോൺഗ്രസ് നേതാക്കൾക്ക് തങ്ങളുടെ പ്രതികരണം കുറച്ചു അവധാനതയോടെ ആകാമായിരുന്നു. ആർട്ടിക്കിൾ 370 നീക്കത്തെ അനുകൂലിക്കുന്നു എന്നും മോദിയെ ‘രാക്ഷസവത്കരിക്കുന്നു’ എന്നുമൊക്കെ പരസ്യമായി പറഞ്ഞതോടെ കോൺഗ്രസിനകത്തെ വൈരുധ്യം കൂടുതൽ പ്രകടമാക്കുകയും പാർട്ടിയെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയുമാണ് ഇവർ ചെയ്തത്. ജയറാം രമേശിന്റെ രാഷ്ട്രീയമായി തെറ്റായ പരാമർശങ്ങൾ അണികളെ ആശയക്കുഴപ്പത്തിലാക്കുകയും കാവിക്കക്ഷിക്ക് ആശയതലത്തിൽ മുൻകൈ നൽകുകയും ചെയ്‌തെന്ന് പല മുതിർന്ന നേതാക്കളും കരുതുന്നു. കോൺഗ്രസ് ഇപ്പോഴും ലോക്സഭാ തെരഞ്ഞെടുപ്പിലെ തോൽവിയുടെ ‘ആഘാതത്തിൽ മരവിച്ചിരിക്കുകയാണ്’ എന്ന് കോൺഗ്രസിലെ ആശയക്കുഴപ്പങ്ങളെ സൂചിപ്പിച്ചു ഹരിയാനയിലെ ഒരു തെരഞ്ഞെടുപ്പ് ജാഥയിൽ നരേന്ദ്ര മോദി പറഞ്ഞതിൽ അത്ഭുതമില്ല.

കഴിഞ്ഞ മാസം കോൺഗ്രസിന്റെ ഉന്നതാധികാര പ്രവർത്തക സമിതി ജമ്മു കശ്മീർ വിഷയം ചർച്ച ചെയ്യാൻ കൂടിയപ്പോൾ തെരഞ്ഞെടുപ്പ് നേട്ടങ്ങൾക്കായി പല നേതാക്കളും കോൺഗ്രസിന്റെ അടിസ്ഥാന മൂല്യങ്ങളിലും പ്രത്യയശാസ്ത്രത്തിലും വെള്ളം ചേർക്കുന്നതായി മുൻ കേന്ദ്രമന്ത്രി കുമാരി സെൽജ ആരോപിച്ചു. “എന്തുകൊണ്ടാണ് ആർട്ടിക്കിൾ 370 തുടരുന്നതിൽ കഴിഞ്ഞ അഞ്ചു വര്‍ഷം പാർട്ടി വേദികളിൽ ആരും പ്രതിഷേധം ഉയർത്താഞ്ഞത്? എന്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം എല്ലാം പൊടുന്നനെ മാറിയത്?,” ചില നേതാക്കൾ ‘പരിഭ്രാന്തരായാണ് പ്രതികരിച്ചത്’ എന്ന് രാഹുൽ ഗാന്ധിയും അഭിപ്രായപ്പെട്ട യോഗത്തിൽ സെൽജ ചോദിച്ചു.

ഒന്നോ രണ്ടോ തെരഞ്ഞെടുപ്പ് തോൽവികൾ ഒരു രാഷ്ട്രീയകക്ഷിയെ ഇല്ലാതാക്കില്ല. എന്നാൽ എതിരാളികളുടെ മനോതന്ത്രങ്ങളിൽ കുരുങ്ങുന്നതും ആത്മവിശ്വാസം നഷ്ടപ്പെടുന്നതും അതിന്റെ രാഷ്ട്രീയ മരണത്തിനുള്ള വിഷക്കൂട്ടാണ്. കോൺഗ്രസിപ്പോൾ ചെയ്യുന്നത് കൃത്യമായും അതുതന്നെയാണ്. അനുകൂല സാഹചര്യങ്ങളിൽ ഒരു തെരഞ്ഞെടുപ്പ് ജയിക്കുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. എന്നാൽ എതിരാളി ശക്തനായിരിക്കുമ്പോൾ, പ്രതികൂല സാഹചര്യങ്ങളിൽ വിജയിക്കുന്നതിന് സംസ്ഥാന, കേന്ദ്ര നേതൃത്വങ്ങളിൽ തെളിഞ്ഞ ചിന്താശേഷിയുള്ള ഉരുക്കുപോലെ ഉറച്ച നേതൃത്വം വേണം. രണ്ടു തെരഞ്ഞെടുപ്പുകളിൽ തോറ്റപ്പോഴേക്കും പതറുകയും എതിരാളികളെ പുകഴ്ത്തുകയും ചെയ്യുന്ന നേതൃത്വമുള്ള ഒരു കക്ഷിക്ക്‌ അതെങ്ങനെ സാധ്യമാകാനാണ്?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെയ് ബെനഡിക്ട്

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍