UPDATES

കെ എ ആന്റണി

കാഴ്ചപ്പാട്

Political Column

കെ എ ആന്റണി

ട്രെന്‍ഡിങ്ങ്

ഇത്രകണ്ട് സഹകരിച്ച മാധ്യമ സിംഹങ്ങളെ നമസ്‌കരിക്കാതെ വയ്യ; വൈത്തിരി ‘ഏറ്റുമുട്ടലില്‍’ മാധ്യമങ്ങളുടെ ഉണ്ടയില്ലാ വെടി

‘മാവോയിസ്റ്റ്-പോലീസ് വെടിവെയ്പ്പ്. കൊല്ലപ്പെട്ടത് കബനീ ദളം നേതാവ്’ എന്ന ഒന്നാം പേജ് പ്രാധാന വാര്‍ത്ത ഹെഡിംഗില്‍ തന്നെയുണ്ട് കേരളത്തിലെ ഒന്നാമന്‍ എന്നവകാശപ്പെടുന്ന മലയാളത്തിലെ ഒരു ദേശീയ പത്രത്തിന്റെ കച്ചവട താല്പര്യം

കെ എ ആന്റണി

‘കേരളത്തിലെ മാവോയിസ്റ്റ് വേട്ടയില്‍ തണ്ടര്‍ ബോള്‍ട്ടിന്റെ കിരീടത്തില്‍ ഒരു പൊന്‍തൂവല്‍ കൂടി. കൊല്ലപ്പെട്ടത് മോസ്റ്റ് വാണ്ടഡ് മാവോയിസ്റ്റ് കബനീദളം നേതാവ് സി പി ജലീല്‍’; പൊലീസ് ഇങ്ങനെ പറയുമ്പോള്‍ കേരളത്തിലെ മാധ്യമ പ്രവര്‍ത്തകര്‍ എന്തിന് അറച്ചുനില്‍ക്കണം. അതുകൊണ്ടു തന്നെ ഒരു രാത്രിയും തൊട്ടടുത്ത പകലും ഒരേ വാര്‍ത്ത ഒരേ കോലത്തില്‍ ഒഴുകി. ഒടുവില്‍ മാതൃഭൂമി ന്യൂസ് ചാനലിലെ വേണു ഒരു തുറന്ന ചര്‍ച്ചക്ക് അയാള്‍ ജോലി ചെയ്യുന്ന ചാനലിലൂടെ വേദി ഒരുക്കുന്നതുവരെ. എന്നിട്ടും വെള്ളിയാഴ്ച പുറത്തിറങ്ങിയ ഒട്ടു മിക്ക പത്രങ്ങളിലും (മലയാളവും ഇംഗ്ലീഷും ഉള്‍പ്പെടെ) ഉള്ളത് പൊലീസ് ബുധനാഴ്ച അര്‍ദ്ധ രാത്രിമുതല്‍ പറഞ്ഞുകൊടുത്ത അതേ കഥ. കൂടുതലായുള്ളത് സി പി ജലീല്‍ എന്ന മാവോയിസ്റ്റ് കബനീദളം നേതാവാണ് വെടിയേറ്റ് മരിച്ചതെന്നും ഇയാള്‍ മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് സ്വദേശിയാണെന്നും മാത്രം. വൈത്തിരിയിലെ ഒരു സ്വകാര്യ റിസോര്‍ട്ടില്‍ ജലീലും സംഘവും ഭീഷണിപ്പെടുത്തി പണം പിരിക്കാന്‍ എത്തിയവരായിരുന്നെന്നും ഏതാണ്ട് ആറു മണിക്കൂറിലേറെ നീണ്ടു നിന്ന വെടിവെയ്പ്പിനൊടുവിലാണ് ജലീല്‍ മരിച്ചതെന്നും പറയുന്ന നമ്മുടെ പത്രങ്ങളൊന്നും, മരിച്ചത് സ്വന്തം സഹോദരന്‍ ആണെന്ന വിവരത്തെ തുടര്‍ന്ന്(അതും പൊലീസ് നല്‍കിയത്) വൈത്തിരിയില്‍ എത്തിയ സി പി റഷീദ് എന്ന മനുഷ്യാവകാശ പ്രവര്‍ത്തകനെ കണ്ടതായിപോലും ഭാവിച്ചില്ലെന്നത് തികച്ചും അത്ഭുതകരം തന്നെ.

ഇത് നടന്നത് കേരളത്തിന് വെളിയിലായിരുന്നുവെങ്കില്‍ ഒരു പക്ഷെ ആരും അത്ഭുതപ്പെടാന്‍ ഇടയുണ്ടാകുമായിരുന്നില്ല. വൈത്തിരിയിലെ സ്വകാര്യ റിസോര്‍ട്ടില്‍ വെടിയേറ്റ് തലച്ചോറ് പിളര്‍ന്ന അവസ്ഥയില്‍ ഒരു രാത്രി മുഴുവന്‍ പോകട്ടെ, ഇന്നലെ ഏറ്റവുമൊടുവില്‍ മരിച്ചയാള്‍ ആരെന്നു പൊലീസ് വിശദീകരിക്കും വരെ മൗനം പൂണ്ട അല്ലെങ്കില്‍ പട്ടാളത്തിന്റെയും പോലീസിന്റെയും ഭാഷയില്‍ പറഞ്ഞാല്‍ ഇത്രകണ്ട് സഹകരിച്ച മാധ്യമ സിംഹങ്ങളെ നമസ്‌കരിക്കാതെ വയ്യ. എന്‍കൗണ്ടര്‍ കൊലപാതങ്ങള്‍ എന്ന പേരില്‍ പോലീസും സേനയും എഴുതി തള്ളുന്ന വ്യാജ ഏറ്റുമുട്ടല്‍ കൊലപാതങ്ങളെക്കുറിച്ച് അറിയാത്തവരാകില്ല വയനാട്ടില്‍ ജനിച്ചു വളര്‍ന്ന പ്രിയ മാധ്യമ സുഹൃത്തുക്കളാരും. നക്‌സല്‍ നേതാവ് വര്‍ഗീസിനെ ബന്ധനസ്ഥനാക്കി പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊന്നതിന്റെ പഴം പുരാണം എത്ര എഴുതിയിട്ടും കൈ തളരാത്തവരാണ് ഇവരില്‍ പലരും എന്നതും ‘വസന്തത്തിന്റെ ഇടിമുഴക്കം’ എന്നൊരു പുസ്തകം എഴുതിയ ഒരു പഴയ മലയാള പത്രപ്രവര്‍ത്തകന് സ്വന്തമായി ഒരു സ്വകാര്യ റിസോര്‍ട്ട് വയനാട്ടില്‍ ഉണ്ടെന്നും അറിയാത്തവരല്ല അദ്ദേഹത്തിന്റെ സൗഹൃദം പങ്കുവെക്കപ്പെടുന്നവര്‍ എന്നറിയപ്പെടുന്ന വയനാട്ടിലെ ഉപ്പു തൊട്ടു കര്‍പ്പൂരം വരെയുള്ള കാര്യങ്ങളെക്കുറിച്ചു ഘോരം ഘോരം എഴുതുന്ന ഈ സുഹൃത്തുക്കളില്‍ പലരും എന്നത് മറ്റൊരു കാര്യം. ഒരു പക്ഷെ ചില സ്വകാര്യ താല്പര്യങ്ങള്‍ തന്നെയാവണം ഇക്കൂട്ടരെ സംഭവത്തിന്റെ യഥാര്‍ത്ഥ ചിത്രം അന്വേഷിക്കുന്നതില്‍ നിന്നോ അതല്ലെങ്കില്‍ അറിഞ്ഞിട്ടും യാഥാര്‍ഥ്യം യാഥാര്‍ഥ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ നിന്നും വിലക്കുന്നതെന്നു തന്നെ വേണം കരുതാന്‍.

ഇനിയിപ്പോള്‍ ആരാണ് ഈ മലപ്പുറംകാരന്‍ സി പി ജലീല്‍ എന്നുകൂടി അറിയേണ്ടേ? ഇക്കാര്യങ്ങളും പൊലീസിന്റെ പക്കല്‍ ഉണ്ടായിരുന്നു. ഇനി അവര്‍ പറഞ്ഞു തന്നില്ലെങ്കില്‍ ഇതാ അതുംകൂടി കരുതിവെക്കുക. പിന്നീടെപ്പോഴെങ്കിലും ഉപകരിക്കും, തീര്‍ച്ച. മലപ്പുറം ജില്ലയിലെ പാണ്ടിക്കാട് ഉണ്ടായിരുന്ന ഒരു പഴയ കാല അഭിഭക്ത കമ്മ്യൂണിസ്റ്റ് ഹംസക്കും ഭാര്യ അലീമക്കും പിറന്ന ഒന്‍പതു മക്കളില്‍ ഒരുവനായിരുന്നു ഇക്കഴിഞ്ഞ ദിവസം പൊലീസിന്റെ ഏകപക്ഷീയമായ വെടിവെയ്പ്പില്‍ തലച്ചോറ് തകര്‍ന്നു പിടഞ്ഞു മരിച്ച ആ വിപ്ലവകാരി യുവാവും.

(ഏകപക്ഷീയം എന്ന് പറഞ്ഞത് ഇന്നിപ്പോള്‍ ചില ചാനലുകളില്‍ ജലീലും പണപ്പിരിവിനെത്തിയെന്നു നിങ്ങള്‍ പറയുന്ന അതേ റിസോര്‍ട്ടിലെ ജീവനക്കാരുടെതായി ഇന്ന് ചില ചാനലുകളില്‍ വന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ്. വന്നവര്‍ പണവും ഭക്ഷണവും ചോദിച്ചെന്നും വളരെ മാന്യമായാണ് പെരുമാറിയെതെന്നും ജീവനക്കാര്‍ പറയുന്നതിനെ മാവോയിസ്റ്റ് ഭീതിമൂലം എന്ന് നിങ്ങളില്‍ പെട്ട ചില പൊലീസ് ഭക്തരും അവരെ ആശ്രയിച്ചുമാത്രം മാധ്യമ പ്രവര്‍ത്തനം നടത്തുന്നവരും പറഞ്ഞേക്കാം. അതൊക്കെ എന്തുമാകട്ടെ)

അയാളുടെ സഹോദരന്‍ സി പി റഷീദ് ഒരു മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ആകുമ്പോള്‍ കൂടി നിങ്ങള്‍ക്കും പൊലീസിനും ആശയും പ്രതീക്ഷയും പകരുന്ന മറ്റൊരു കാര്യം കൂടിയുണ്ട്. കക്കയം പൊലീസ് ക്യാമ്പില്‍ വെച്ച് ഉരുട്ടികൊല ചെയ്യപ്പെട്ട കോഴിക്കോട് എഞ്ചിനീയറിംഗ് കോളേജ് വിദ്യാര്‍ത്ഥിയായിരുന്ന രാജന്റെ സുഹൃത്ത് ആയിരുന്ന കണ്ണമ്പള്ളി മുരളിക്കൊപ്പം പുനെയില്‍ വെച്ച് അറസ്റ്റിലായ സി പി ഇസ്മായില്‍ കൊല്ലപ്പെട്ട ജലീലിന്റെ മറ്റൊരു സഹോദരനാണ്. പൂനെയില്‍ ഇരുവര്‍ക്കുമെതിരെ യാതൊരു കേസും ഇല്ലെന്നെരിക്കെ എന്തിനാണ് അറസ്റ്റ് എന്ന് കോടതി പല ആവര്‍ത്തി ചോദിച്ചിട്ടും അവരുടെ മോചനത്തിനായി ലോകമെമ്പാടുമുള്ള മുഴുവന്‍ മനുഷ്യാവകാശ പ്രവര്‍ത്തകരും മുറവിളി കൂട്ടുമ്പോള്‍ അറസ്റ്റ് ചെയ്യാമായിരുന്ന ജലീലിനെ എന്തിനു വെടിവെച്ചു കൊന്നുവെന്നും ആ വ്യാജ ഏറ്റുമുട്ടല്‍ കഥക്ക് എന്തിനു മാധ്യമ പ്രവര്‍ത്തകരായ നിങ്ങള്‍ പ്രചാരണം നല്‍കിയെന്നും ആരോടും വിശദീകരിച്ചില്ലെങ്കിലും സ്വന്തം മനഃസാക്ഷിയോടെങ്കിലും പറയേണ്ടി വരും. ഇന്നിപ്പോള്‍ കേരളത്തിലെ പ്രതിപക്ഷ നേതാവും കേരളത്തിലെ നക്‌സലൈറ് പ്രസ്ഥാനത്തെ അമര്‍ച്ച ചെയ്യുന്നതില്‍ നേതൃത്വം നല്‍കിയ കെ കരുണാകരന്റെ പഴയ വത്സല ശിഷ്യനുമായ രമേശ് ചെന്നിത്തല പിണറായി സര്‍ക്കാരിനെതിരെയുള്ള മറ്റൊരു തുറുപ്പു ശീട്ടായി ജലീലിന്റെ കൊലപാതകത്തെ ഉയര്‍ത്തിക്കാട്ടുമ്പോള്‍ യാതൊരു ഉളുപ്പുമില്ലാതെ പ്ലേറ്റ് മാറ്റുന്ന നിങ്ങള്‍ അറിയാതെ പോകുന്നത് ഉയര്‍ന്ന മാധ്യമ മൂല്യങ്ങളാണ്.

റാഫേല്‍ യുദ്ധ വിമാന ഇടപാടില്‍ മുങ്ങിയ കോഴയുടെ കഥ പുറത്തുകൊണ്ടുവന്നതും പണ്ട് ബൊഫോഴ്‌സ് ഇടപാടിലെ കോഴ ഇടപാട് പുറത്തുകൊണ്ടുവന്നതും ‘ദി ഹിന്ദു’ ദിന പത്രമായിരുന്നുവെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകുമെന്നു തോന്നുന്നില്ല. ബൊഫോഴ്‌സ് വിഷയത്തില്‍ എന്‍ റാമും ചിത്ര സുബ്രമണ്യവും ചേര്‍ന്ന് പുറത്തേക്കു എത്തിച്ച കോഴക്കഥയുടെ മറ്റൊരു പതിപ്പാണ് ഇപ്പോള്‍ റാഫേല്‍ ഇടപാടുമായി ബന്ധപ്പെട്ടു എന്‍ റാം ആന്‍ഡ് ടീം പുറത്തു വിട്ടുകൊണ്ടിരിക്കുന്നത്. ഇതിന്റെ പേരില്‍ റാമും കൂട്ടരും നേരിടുന്ന രാജ്യദ്രോഹ കുറ്റം അടക്കമുള്ള മോദി സര്‍ക്കാര്‍ വഴിയുള്ള ഭീഷണികളെക്കുറിച്ച് ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള ചൂടന്‍ ചര്‍ച്ചകള്‍ നടക്കുന്നതിനിടയില്‍ തന്നെയാണ് സി പി ജലീല്‍ എന്ന മാവോയിസ്റ്റ് ഇക്കഴിഞ്ഞ ദിവസം കേരളത്തിലെ വയനാട് വൈത്തിരിയില്‍ വെച്ച് മാവോയിസ്റ്റ് ഉന്‍മൂലത്തിനായി രൂപീകരിക്കപ്പെട്ടിട്ടുള്ള ‘തണ്ടര്‍ ബോള്‍ട്ട്’ സേനയുടെ വെടിയേറ്റ് മരിച്ചത്. ബാലകോട്ടില്‍ എത്ര ജെയ്‌ഷെ മുഹമ്മദ് പരിശീന കേന്ദ്രങ്ങള്‍ ഇന്ത്യന്‍ സേന തകര്‍ത്തുവെന്നും എത്ര തീവ്രവാദികള്‍ ഇന്ത്യന്‍ വ്യോമ സേനയുടെ മിന്നല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും എന്ന കാര്യത്തില്‍ തര്‍ക്കം ഉന്നയിക്കുന്ന നമ്മുടെ മാധ്യമ പടയുടെ കേരള പതിപ്പിന് മാത്രം എന്തുകൊണ്ടോ ഇക്കാര്യത്തില്‍ മാത്രം തര്‍ക്കം ഉണ്ടായില്ല. ഒരു കളകൂജനം പോലെ എല്ലാവരും ഒരേ സ്വരത്തില്‍ പൊലീസ് നല്‍കിയ വാര്‍ത്ത വെള്ളം തൊടാതെ വിഴുങ്ങുന്നതാണ് കണ്ടത്.

‘മാവോയിസ്റ്റ്-പോലീസ് വെടിവെയ്പ്പ്. കൊല്ലപ്പെട്ടത് കബനീ ദളം നേതാവ്’ എന്ന ഒന്നാം പേജ് പ്രാധാന വാര്‍ത്ത ഹെഡിംഗില്‍ തന്നെയുണ്ട് കേരളത്തിലെ ഒന്നാമന്‍ എന്നവകാശപ്പെടുന്ന മലയാളത്തിലെ ഒരു ദേശീയ പത്രത്തിന്റെ കച്ചവട താല്പര്യം. പണ്ട് എ വര്‍ഗീസ് എന്ന നക്‌സല്‍ നേതാവിനെ പിടിച്ചുകെട്ടി കൊണ്ടുപോയി പൊലീസ് വെടിവെച്ചു കൊന്നപ്പോഴും ഇതേ പത്രം ചമച്ച കഥ ഒരു ഏറ്റുമുട്ടലിന്റേതായിരുന്നു. പിന്നീട് വര്‍ഗീസിനെ പോയിന്റ് ബ്ലാങ്കില്‍ വെടിവെച്ചു കൊല്ലാന്‍ വിധിക്കപ്പെട്ട രാമചന്ദ്രന്‍ നായരുടെ വെളിപ്പെടുത്തല്‍ പുറത്തുവന്നപ്പോള്‍ അത് ആദ്യം സംഘടിപ്പിച്ച മാധ്യമം പത്രത്തിനെ വെല്ലാന്‍ പോന്ന നക്‌സലൈറ് സ്‌നേഹകഥയും പുറത്തുവിട്ടതും ഇതേ പത്രം തന്നെയായിരുന്നു.

എസ്‌റ്റേറ്റുകളും എണ്ണിയാല്‍ ഒതുങ്ങാത്തത്ര കച്ചവട താല്പര്യങ്ങളുമുള്ള ഒരു മാധ്യമ സ്ഥാപനം ഇതല്ല ഇതിലേറെ പോകും. കേരളത്തിലെ പല മാധ്യമ സ്ഥാപനങ്ങളുടെയും സ്ഥിതി ഏതാണ്ട് ഇത് തന്നെയാകയാല്‍ ഒന്നാമന്‍ മാത്രമല്ല രണ്ടാമന്റെയും കഥ പ്രത്യേകിച്ച് പറയേണ്ടതുണ്ടതില്ലെന്നു തോന്നുന്നു. ഇവരെയൊക്കെ വിടുക. തുടക്കത്തില്‍ പറഞ്ഞ എന്‍ റാമിന്റെ പത്രത്തിന്റെ കേരളത്തിലെ ഇന്നത്തെ വാര്‍ത്ത തന്നെ എടുക്കാം. റാമിന്റെ ഹിന്ദു പത്രത്തിന്റെ വാര്‍ത്ത പോലും പൊലീസ് ഭാഷ്യത്തെ വെള്ളം തൊടാതെ വിഴുങ്ങുന്ന മാധ്യമ പ്രവര്‍ത്തനത്തിന്റെ നേര്‍സാക്ഷ്യം ആകുമ്പോള്‍ ഒന്നാമനെയും രണ്ടാമനെയും എന്നല്ല ഇനിയിപ്പോള്‍ ആരെ കുറ്റം വിധിക്കും എന്ന ശങ്കയും ആശങ്കകയും അല്ലാത്ത വല്ലാത്തൊരു ഗതികേടാണ് ജനിപ്പിച്ചിരിക്കുന്നത്. ഓരോ പത്രത്തിന്റെയും അതിന്റെ ലേബലുകളില്‍ ഉയര്‍ന്നു വന്നിട്ടുള്ള വാര്‍ത്ത ചാനലുകളുടെയും അജണ്ട മാധ്യമ മുതലാളി നിര്‍ണയിക്കുന്നു എന്നിടത്തു നിന്നാണ് എന്‍ റാമിന്റെ ‘ദി ഹിന്ദു’ വിലെ ബൊഫോഴ്‌സ്, റാഫേല്‍ അഴിമതി വാര്‍ത്തകളെ കാണേണ്ടി വരുന്നതെന്ന് കരുതിയാല്‍ തന്നെ ദേശീയ തലത്തില്‍ തന്നെ പ്രാധാന്യം അര്‍ഹിക്കുന്ന തണ്ടര്‍ ബോള്‍ട്ട് മാവോയിസ്റ്റ് ഏറ്റുമുട്ടലുകള്‍ സംബന്ധിയായ വാര്‍ത്തകളില്‍ എന്ത് നിലപാടാണ് ആ പത്രത്തിനും ഉള്ളതെന്ന് വ്യക്തമാക്കപ്പെടേണ്ടതായുണ്ട്. ഒരു പക്ഷെ കാര്യങ്ങള്‍ കുറച്ചുകൂടി വ്യക്തമാകുന്ന ഘട്ടത്തില്‍ പ്രസ്തുത പത്രവും നിലപാട് തിരുത്തിയേക്കാം. അല്ലെങ്കിലും ഫസ്റ്റ് ഇന്‍ഫര്‍മേഷന്‍ റിപ്പോര്‍ട്ട് പൊലീസില്‍ നിന്നാണ് കിട്ടുക എന്നതിനാല്‍ വാര്‍ത്തകള്‍ക്ക് ഇങ്ങനെയൊരു ഗതികേടും സംഭവിക്കുക തികച്ചും സ്വാഭാവികം. എങ്കിലും രാത്രി 9.30നു തുടങ്ങിയ ‘ഏറ്റുമുട്ടലിന്റെ’ വാര്‍ത്ത സ്ഥലത്തെ ലേഖകന് അന്വേഷിക്കാന്‍ മറ്റു ഉപാധികള്‍ ഇല്ലെന്നുവന്നാല്‍ തികച്ചും പരിമിതമായ ഒരു സംവിധാനത്തിലുടെയാണ് നമ്മുടെ വാര്‍ത്ത ശേഖരണ സംവിധാനം പോകുന്നതെന്ന് വരില്ലേ എന്നൊരു ചെറിയ ചോദ്യം മാത്രം ഇവിടെ ഉന്നയിക്കുന്നു.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍