UPDATES

ഹെല്‍ത്ത് / വെല്‍നെസ്സ്

ആര്‍ത്തവവിരാമം ഒരു മിഥ്യയല്ല; പലപ്പോഴും കാണുന്ന സ്ത്രീശരീരങ്ങൾ ഇങ്ങനെയൊക്കെക്കൂടിയാണ്!

ഇതും ഇതിലപ്പുറവും അതിജീവിക്കാൻ കഴിയുന്നവർ മാത്രമാണ് നമ്മള്‍ സ്ത്രീകള്‍ എന്ന് അഭിമാനത്തോടെ ഓർക്കുക

പലപ്പോഴും കാണുന്ന സ്ത്രീശരീരങ്ങൾ ഇങ്ങനെയൊക്കെക്കൂടിയാണ്!

1. സംതൃപ്തകുടുംബം: ആർത്തവവിരാമശേഷം രണ്ടു വർഷം കഴിഞ്ഞെത്തിയ രക്തസ്രാവം. ചികിത്സകൾ ഒരുപാട് നോക്കി. മാറില്ലെന്നായപ്പോൾ ചികിത്സയുടെ അവസാനഭാഗമായ ഗർഭപാത്രഅണ്ഡാശയനീക്കം ചെയ്യൽ ശസ്ത്രക്രിയ. ഒരു വർഷമായപ്പോൾ കടുത്ത നിരാശ, വിഷാദം. രണ്ടാം വർഷം ഒരു ദിവസം രാവിലെ വീട്ടിൽ ആരുമില്ലാത്ത സമയം നോക്കി മുറിക്കുള്ളിൽ തൂങ്ങി മരിച്ചു. പത്രങ്ങളിൽ വന്നത്: വീട്ടമ്മയുടെ ആത്മഹത്യ. കാരണമറിയാതെ പോലീസ്, പോസ്റ്റ്മോർട്ടത്തിലും സംശയാസ്പദമായി ഒന്നുമില്ല.

2. വിധവയായ വീട്ടമ്മ: മക്കൾ പുറം രാജ്യങ്ങളിൽ ജോലി ചെയ്യുന്നു. അയല്‍പ്പക്കവുമായി തരക്കേടില്ലാത്ത സൗഹൃദം. ആർത്തവവിരാമത്തോടെ സൗഹൃദത്തിൽ ചില വിള്ളലുകൾ. പൊരുത്തക്കേടുകൾ. സംസാരിക്കാത്തവിധം അകന്നു. മക്കൾ വിളിക്കുമ്പോഴും സംസാരിക്കാൻ മടി. അനാവശ്യദേഷ്യം. മരം കോച്ചുന്ന തണുപ്പിലും ചൂടുകൊണ്ട് വിയർത്തു പൊള്ളുന്നു എന്നുമാത്രം എപ്പോഴോ പറഞ്ഞു. അടിക്കടി മൂത്രത്തിൽ പഴുപ്പെന്നും പറഞ്ഞു. ഒരുദിവസം വീട്ടിൽ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങി. അയൽക്കാർ വീട്ടുമുറിയിലേക്ക് നോക്കിയപ്പോൾ കണ്ടത് അഴുകിയ ജഡം. പോസ്റ്റ്മോർട്ടം റിപ്പോർട്ട് വന്നപ്പോൾ വിഷം അകത്തുചെന്ന് മരണം. ആരിലേക്കും സംശയം ഇല്ലാതെ കേസ് ക്ലോസ്ഡ്.

‌3. ആർത്തവവിരാമം: നാളുകൾ കഴിഞ്ഞപ്പോൾ വീട്ടമ്മക്ക് പെട്ടെന്നു ദേഷ്യം വരുന്നു. പേരക്കുഞ്ഞുങ്ങളോട് പോലും ദേഷ്യം. ബഹളം തുടങ്ങിയപ്പോൾ മക്കൾ വഴക്കിട്ടു പിരിഞ്ഞുപോയി. ഭർത്താവ് മരിച്ചതോടെ മറ്റാരോടും മിണ്ടാനും പറയാനും വഴക്കിടാനും ഇല്ല. മെലിഞ്ഞ ദേഹം തടിച്ചു തുടങ്ങി. കരൾവീക്കത്തിന്റെ തുടക്കമായി. രണ്ടു വർഷങ്ങൾ കൂടെ കഴിഞ്ഞപ്പോൾ ഒരു ദിവസം ഹാർട്ട് അറ്റാക്ക് വന്നു മരിച്ചു.

‌ആർത്തവവിരാമം അഥവാ മെനോപോസ്. സ്ത്രീശരീരങ്ങൾ നിർബന്ധമായും കടന്നുപോകേണ്ടി വരുന്ന ഒരു കാലഘട്ടം. വേണ്ടത്ര അറിവോടെ, കരുതലോടെ മാത്രമാവണം സ്ത്രീജീവിതത്തിന്റെ ഓരോ ഘട്ടവും നമ്മൾ മുന്നേറാൻ.

‌മിക്ക സ്ത്രീകൾക്കും ബുദ്ധിമുട്ടൊന്നും വരില്ല. എന്നാൽ ഭൂരിഭാഗത്തിന്റെ അവസ്ഥ അങ്ങനെയാവണമെന്നില്ല. പലർക്കും പ്രശ്നങ്ങൾ ഉണ്ടാവാം.

‌ആർത്തവവിരാമത്തെ പറ്റി സമൂഹം അറിയുക തന്നെ വേണം. സ്ത്രീയെ അമ്മയായും അമ്മൂമ്മയായും അമ്മായിയായും ദേവിയായും മാത്രം അറിഞ്ഞാൽ പോരാ.ഹോർമോൺ താണ്ഡവത്തിന്റെ നടനവേദിയായിക്കൂടി സ്ത്രീശരീരത്തെ നോക്കിക്കാണണം.

‌എന്താണ് ആർത്തവവിരാമം? ആർത്തവമുള്ള സ്ത്രീയിൽ അൻപതു വയസിനോടടുത്ത്  പ്രകൃത്യാ ആർത്തവം ഒരുവർഷത്തേക്ക് നിന്നുപോയാൽ അന്ന് മുതൽ ആ സ്ത്രീക്ക് ആർത്തവവിരാമം ആയെന്നു പറയാം . അണ്ഡാശയങ്ങളോ ഗർഭപാത്രമോ ഒന്നിച്ചോ വെവ്വേറെയോ നീക്കം ചെയ്തവരിൽ ശസ്ത്രക്രിയ മുതൽ ആർത്തവവിരാമം എന്നും പറയാം. ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനം മാനസിക, ശാരീരികബുദ്ധിമുട്ടുകളിലേക്ക് നയിക്കാം. ഏറ്റവും ശ്രദ്ധ വേണ്ടത് എന്തിനാണ് എന്ന് ചോദിച്ചാൽ ഒരേയൊരു ഉത്തരമേ ഉള്ളൂ. ശരീരമായാലും മനസായാലും ചില മുന്നറിയിപ്പുകൾ ഉണ്ടാവും .

മാനസികബുദ്ധിമുട്ടുകൾ ഇങ്ങനെയാവാം.

പെട്ടെന്നുള്ള ദേഷ്യം, അസ്വസ്ഥത, വിഷാദം, ഒന്നിലും താല്പര്യമില്ലാതാകൽ, ആത്മഹത്യയെ കുറിച്ചുള്ള ചിന്തകളും സൂചനകളും.

പരിഹാരം എങ്ങനെ?

ആർത്തവവിരാമം സ്വാഭാവികമാണെന്ന ചിന്ത സ്ത്രീയുടെ കൂടെയുള്ളവർ ഒഴിവാക്കുക. ആത്മഹത്യയിലോട്ടുപോലും പോയേക്കാവുന്ന വിഷാദം ഉണ്ടായേക്കാം. ചെറിയ മാറ്റങ്ങൾ പോലും കാര്യമായി ശ്രദ്ധിക്കുക. സ്നേഹത്തോടെ കാര്യങ്ങൾ ചോദിച്ചറിയുക. സപ്പോർട്ട് ഗ്രൂപ്പ്‌ ഉണ്ടാക്കുക. യാത്രകൾ പോകുക. വ്യായാമം ശീലമാക്കുക. പോഷകമേന്മയുള്ള ഭക്ഷണം കഴിക്കുക. വിഷാദത്തിന് മാനസികരോഗചികിത്സകന്റെ ഉപദേശം തേടുക, ആവശ്യമെങ്കിൽ ചികിത്സ എടുക്കുക.

ശാരീരികപ്രശ്നങ്ങൾ.

സഹിക്കാനാവാത്ത ചൂട്, വിയർപ്പ്, രാത്രിയിലെ ഉറക്കക്കുറവ്, ക്ഷീണം, നടുവേദന, തലവേദന, കൊളസ്‌ട്രോൾ അടിയൽ , ലൈംഗികമായി ബന്ധപ്പെടുമ്പോൾ വേദന, നീറ്റൽ, മൂത്രത്തിൽ പഴുപ്പ് തുടങ്ങിയ വിവിധപ്രശ്നങ്ങൾ.

ആർത്തവവിരാമത്തോടെ സ്ത്രീകളിൽ ഹൃദ്രോഗസാധ്യതയേറും. ആരോഗ്യമുള്ളപ്പോഴും നിശ്ചിത ഇടവേളകളിൽ ഡോക്ടറെ കണ്ട് ആരോഗ്യം ഉറപ്പു വരുത്തുക. ആർത്തവവിരാമശേഷം രക്തസ്രാവം ഉണ്ടാവുകയാണെങ്കിൽ നിശ്ചയമായും സ്ത്രീരോഗവിദഗ്ധരെ (ഗൈനക്കോളജിസ്റ്റ്) കാണുക. കാൻസറാണ് ഈ പ്രായത്തിലെ ഒരു പ്രധാനവില്ലൻ. ഗർഭപാത്രം നീക്കം ചെയ്താൽപോലും രക്തസ്രാവം ഉണ്ടെങ്കിൽ വളരെ ഗുരുതരമായി കണ്ട് വിദഗ്ധാഭിപ്രായം തേടണം.

ചൂടും വിയർപ്പും ആദ്യത്തെ രണ്ടു വർഷങ്ങൾക്കു ശേഷം കുറയാം. സഹിക്കാൻ പറ്റുന്നില്ലെങ്കിൽ ഉറപ്പായും ഡോക്ടറെ കാണുക. യോനിയിൽ ലൂബ്രിക്കേഷൻ കുറവാകുന്നതിനാൽ ലൈംഗികബന്ധം വേദനയുണ്ടാക്കാം. അതിന് ആർട്ടിഫിഷ്യൽ ലൂബ്രിക്കേഷനോ ഈസ്ട്രജൻ ക്രീമോ ഡോക്ടറുടെ നിർദേശപ്രകാരം ഉപയോഗിക്കാം. ഇടയ്ക്കിടെ മൂത്രപഴുപ്പും ഈ ചികിത്സയോടെ കുറെയൊക്കെ ഭേദമാകും. ഹോർമോൺ വ്യതിയാനങ്ങൾക്ക് ആവശ്യമെങ്കിൽ ഹോർമോൺ ചികിത്സ എടുക്കാം. നിർബന്ധമായും ഡോക്ടറുടെ കീഴിലാവണം ചികിത്സ. അതിൽ പിഴവുകൾ വരരുത്. വ്യായാമത്തോടൊപ്പം കാൽസിയം വൈറ്റമിൻ ഗുളികകൾ ഡോക്ടറുടെ നിർദ്ദേശത്തോടെ ഉൾപ്പെടുത്തിയാൽ എല്ലുവേദനയ്ക്ക് കുറവുണ്ടാകും.

“വെറുതെ ഇരിക്കുന്നതുകൊണ്ടല്ലേ അമ്മക്ക് വേദന തോന്നുന്നത്” എന്ന ‘തോന്നൽ’ വീട്ടുകാരും നാട്ടുകാരും ഡോക്ടർമാരും ഉപേക്ഷിക്കുക. ഹോർമോൺ കുറവ് ഏതൊക്കെ വിധത്തിൽ പ്രകടമാവുമെന്ന് വെറുതെ ഊഹിക്കാൻ നിൽക്കരുത്. ആർത്തവവിരാമത്തോടെ നടക്കുന്ന Bone density കുറയലും വേദനയ്ക്ക് കാരണമാണ്. സ്ത്രീകളുടെ വേദന ഹിസ്റ്റീരിയ മാത്രമായി കാണുന്ന ആളുകൾ ഉള്ളതുകൊണ്ട് പറഞ്ഞുപോയതാട്ടോ! ആർത്തവവിരാമം ലൈംഗികവിരാമം ആണെന്നുള്ള ചിന്തകളും പാടില്ല. പലയാവർത്തി കേട്ട് സത്യമെന്നു തോന്നുന്ന മിഥ്യയാണത്. Get your honeymoon back 🙂

ഏറ്റവും പ്രധാനം ആർത്തവവിരാമത്തിന് നമ്മൾ സ്ത്രീകൾ മുൻകൂട്ടി തയ്യാറാകുക എന്നതാണ്. ഇതും നമ്മൾ അതിജീവിക്കും എന്നത് ആവർത്തിച്ചുറപ്പിക്കുക. നമ്മുടെ അതിജീവനങ്ങൾ അഭിമാനത്തോടെ ഓർക്കുക.

മുലഞെട്ടുകൾ വിടർന്നുവന്നതോടെ തുള്ളിച്ചാടാൻ മടിച്ച, മടിക്കാൻ ശീലിപ്പിച്ച, വൃത്തികെട്ട കമന്റടികൾ ഉരുവിട്ട സമൂഹത്തെ അതിജീവിച്ചതോർക്കുക, ആർത്തവാരംഭത്തോടെ നിർത്തിയ മരം കേറലും, വീട്ടിലൊതുങ്ങലും പതുക്കെ അതിജീവിച്ചു മുന്നേറിയത് ഓർക്കുക, ആർത്തവസമയങ്ങളിലെ അതിഭീമമായ സ്ട്രെസ്സിനെ അതിജീവിച്ചതോർക്കുക, പഠിത്തം പൂർത്തിയാക്കിയിട്ട് മതി വിവാഹം എന്ന് പറഞ്ഞു കരഞ്ഞപ്പോൾ ജാതകമെന്നും പറഞ്ഞ് നിർബന്ധിച്ചു ചെയ്യിച്ച വിവാഹത്തെ അതിജീവിച്ചതിനെ, ആഗ്രഹിക്കും മുന്നേ കുഞ്ഞിന്റെ അമ്മയായതും, പ്രസവവേദനയും പ്രസവാനന്തരപ്രശ്നങ്ങളെ അതിജീവിച്ചതും, കുഞ്ഞിനെ സ്നേഹിച്ചു വളർത്തി അതിജീവിച്ചതും, ഒരു ജീവിതം മുഴുവൻ പലതരം സേവനദാതാവായിനിന്ന് അതിജീവിച്ചതും വീണ്ടും വീണ്ടും ഓർക്കുക.

നമ്മൾ ഇതും ഇതിലപ്പുറവും അതിജീവിക്കാൻ കഴിയുന്നവർ മാത്രമാണ് എന്ന് അഭിമാനത്തോടെ ഓർക്കുക, ഒരേ പ്രശ്നം അനുഭവിക്കുന്നവരുടെ സപ്പോർട്ട് ഗ്രൂപ്പ്‌ ഉണ്ടാക്കുക. വിഷാദവും പ്രശ്നങ്ങളും പതുക്കെ വഴിമാറും. നമ്മൾ വീണ്ടും ചിരിച്ചുതന്നെ ജീവിക്കാൻ തുടങ്ങും. ഉറപ്പ്!

NB: അണ്ഡാശയങ്ങൾ നീക്കം ചെയ്യുന്ന അവസരങ്ങളിലും ആർത്തവവിരാമകാലഘട്ടത്തിലും സംഭവിക്കുന്ന ആത്മഹത്യകൾ നിരവധി കണ്ടിട്ടുണ്ട്. അത്തരം ആത്മഹത്യകളുടെ പ്രേരകകാരണം കണ്ടുപിടിക്കാൻ ബുദ്ധിമുട്ടുകൾ ഏറെയാണ്. അതിനാൽ ഈ വിഷയത്തിൽ നിരന്തരം പഠനങ്ങൾ ഉണ്ടാകേണ്ടതാണ്.

ഗർഭാശയങ്ങൾ നീക്കം ചെയ്യപ്പെടണമെന്നുള്ള ഉപദേശം കിട്ടുന്ന പല സ്ത്രീകളും ആകുലപ്പെടുന്നത് കണ്ടിട്ടുണ്ട്! സങ്കീർണമായ ഒരു ശസ്ത്രക്രിയയെക്കാൾ, ഗർഭപാത്രം ഇല്ലാതായാൽ തന്റെ സ്ത്രീത്വം പോകില്ലേ എന്നൊക്കെയാണ് വിഷമങ്ങൾ. ജൻഡർ ഐഡന്റിറ്റി/ലിംഗത്വം എന്നത് ഗർഭാശയത്തിലും അണ്ഡാശയത്തിലും ഹോർമോണുകളിലും അല്ലെന്ന് ആദ്യം മനസിലാക്കുക. ഒരാള്‍ ആണോ പെണ്ണോ ട്രാൻസ്ജെൻഡറോ എന്ന് തിരയൽ സമൂഹത്തിന്റെ മാത്രം വൃത്തികെട്ട സ്വഭാവമാണ്. ലിംഗത്വം എന്നത് മസ്തിഷ്‌കം നിശ്ചയിക്കുന്നതാണ്. ഗർഭാശയമാണ് പെണ്ണിനെ പെണ്ണാക്കുന്നത് എന്ന പൊള്ളയായ ആശയം പെണ്ണുങ്ങൾ വെച്ച്പുലർത്തരുത്. സമൂഹം പതുക്കെ പിന്തുടർന്നോളും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ഇത് ഹഫീഷ; ആര്‍ത്തവം അശുദ്ധിയാണെന്ന് പറഞ്ഞ എംഎം ഹസനെ നിശബ്ദനാക്കിയ മിടുക്കി

ആര്‍ത്തവ പ്രസ്താവന: പ്രയാര്‍ ഗോപാലകൃഷ്ണന്റെ തലയൊന്ന് സ്കാന്‍ ചെയ്തുകൂടെ?

സ്ത്രീപ്രവേശനം: ആർ‌എസ്എസ് നിലപാട് മാറ്റി; കെ സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റ് ഡിലീറ്റ് ചെയ്തു

ആര്‍ത്തവം പ്രകൃതി നിയമം, ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശിക്കാം-കെ സുരേന്ദ്രന്‍

അതുകൊണ്ട് സ്ത്രീകളെ, ഇനിയും കാത്തിരിക്കണമെന്ന് പറയാന്‍ അനുവദിക്കരുത്

സ്ത്രീകളെ, അവരെ പുറത്തുനിര്‍ത്തുക; ആര്‍ത്തവമുണ്ട് സൂക്ഷിക്കുക ബോര്‍ഡും വയ്ക്കുക

കാണരുതാത്ത ആര്‍ത്തവ രക്തവും കാണേണ്ടുന്ന ചില ചോരപ്പാടുകളും

എന്റെ പെണ്ണുങ്ങളെ, ഒഴുകട്ടെ; ഇരുമ്പിന്റെ മണമുള്ള ആ രക്തം

ഡോ. വീണ ജെ.എസ്

ഡോ. വീണ ജെ.എസ്

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പിജി വിദ്യാര്‍ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍