UPDATES

ഗംഗാറാമും മുജാഹിദുകളും; പുതിയ ദേശസ്നേഹത്തിന്റെ പരസ്പര സഹായ സഹകരണക്കാര്‍

ആയിരങ്ങള്‍ പട്ടിണി കിടക്കുമ്പോള്‍ ഹജ്ജ് യാത്രയുടെ പേരില്‍ പണം ദുര്‍വ്യയം ചെയ്യുന്നു എന്നൊരു ലഖുലേഖ ഏതെങ്കിലും ഹിന്ദുത്വ സംഘടനകളുടെ പേരില്‍ ഹജ്ജ് ക്യാമ്പില്‍ വിതരണം ചെയ്താല്‍ എന്തായിരിക്കും ഇവിടുത്തെ മുസ്ലീം സംഘടനകളുടെ പ്രതികരണം?

മലപ്പുറം ജില്ലയില്‍ ഓരോ മാസവും ആയിരം പേരെയെങ്കിലും മതം മാറ്റുന്നുവെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ് രാജ് ഗംഗാറാം ആഹിര്‍ കണ്ടുപിടിച്ചത് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ്. ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യാനായി ജില്ലയില്‍ വലിയൊരു കേന്ദ്രമുണ്ടെന്നും അദ്ദേഹം ആരോപിക്കുന്നു.  മെയ് മാസം കേരളത്തില്‍ പോയി പൊലീസ് മേധാവിയെയും ചീഫ് സെക്രട്ടറിയെയും കണ്ടിരുന്നതായും മലപ്പുറം ജില്ലയില്‍ നടക്കുന്ന മതപരിവര്‍ത്തനത്തെക്കുറിച്ച് കേരളസര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചില്ലെന്നും കേന്ദ്രമന്ത്രി പരാതിപ്പെടുകയും ചെയ്യുന്നു.

പറവൂര്‍ വടക്കേക്കരയില്‍ വീടുകള്‍ കയറി ലഘുലേഖകള്‍വിതരണം ചെയ്ത 39 പേരെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു എന്നതാണ് മറ്റൊരു പ്രധാന വാര്‍ത്ത. മതസ്പര്‍ദ്ധ വളര്‍ത്തുന്ന ഉള്ളടക്കമുള്ള ലഘുലേഖ വിതരണം ചെയ്തതു എന്ന പരാതിയെ തുടര്‍ന്നാണ് ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ് വടക്കേക്കര പൊലീസ് സ്‌റ്റേഷന്‍ നല്‍കുന്ന വിശദീകരണം.

ഈ രണ്ട് വാര്‍ത്തകളുടെയും പശ്ചാത്തലത്തില്‍ മതപരിവര്‍ത്തനം, മതപ്രബോധനം എന്നിവ സവിശേഷശ്രദ്ധയും വിശകലനവും അര്‍ഹിക്കുന്നുണ്ട്. ഒന്നാമത്തെ വാര്‍ത്തയില്‍ തീര്‍ത്തും അവാസ്തവമായ കാര്യങ്ങളാണുള്ളത്. നരേന്ദ്ര മോദി സര്‍ക്കാര്‍ ഭരണത്തിലേറിയതുമുതല്‍ അത്തരം പരാമര്‍ശങ്ങള്‍ വാര്‍ത്തയാകുന്നത് പുതിയ കാര്യവുമല്ല. ബിജെപി, സംഘപരിവാര്‍ നേതാക്കളുടെ വര്‍ഗ്ഗീയ, വിദ്വേഷ പ്രസംഗങ്ങളും പരാമര്‍ശങ്ങളും ശ്രദ്ധിക്കുന്ന ഏതൊരാള്‍ക്കും കേന്ദ്രമന്ത്രിയുടെ പ്രസ്താവനയിലെ രാഷ്ട്രീയം എളുപ്പത്തില്‍ മനസ്സിലാകും. ഇടക്കിടെ ഇത്തരം പ്രസ്താവനകള്‍ എവിടെ നിന്നെങ്കിലും ഉണ്ടായിക്കൊണ്ടിരിക്കുക എന്നതു തന്നെയാണ് നിലവില്‍ വര്‍ഗ്ഗീയ ധ്രുവീകരണത്തിനുള്ള ഏറ്റവും എളുപ്പവഴി. രാജ്യത്തുടനീളം സമീപകാലത്തായി ഉണ്ടായ വിവാദപരാമര്‍ശങ്ങളെല്ലാം ഈയൊരു രാഷ്ട്രീയലക്ഷ്യത്തിലേക്ക് ചേര്‍ത്ത് മനസ്സിലാക്കുകയും എന്നാല്‍ ഇതുവഴി സാധാരണക്കാര്‍ക്കിടയിലുണ്ടായേക്കാവുന്ന സാമുദായിക ധ്രുവീകരണത്തെ അത്രമേല്‍ പ്രാധാന്യത്തോടെ തന്നെ കാണാതിരിക്കുകയും ചെയ്യുമ്പോഴാണ് ഇത്തരം പരാമര്‍ശങ്ങള്‍ ലക്ഷ്യം കാണുന്നത്.

മറ്റെല്ലാ വഴികളും പരീക്ഷിച്ചു നോക്കിയിട്ടും ഇതര സംസ്ഥാനങ്ങളില്‍ ബിജെപി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വര്‍ഗ്ഗീയ അജണ്ടകള്‍ കേരളം പോലൊരു സംസ്ഥാനത്ത് നടക്കുന്നില്ല എന്നതാണ് ഇവിടുത്തെ മുസ്ലിം പ്രതിനിധാനങ്ങളെക്കുറിച്ചുള്ള വര്‍ഗ്ഗീയ വിദ്വേഷ പരാമര്‍ശങ്ങളും ആരോപണങ്ങളും ഇടക്കിടെ ഉണ്ടാകാനുള്ള ഒരു പ്രധാന പശ്ചാത്തലം. മറ്റൊന്ന്, മുസ്ലിം വിരുദ്ധത എന്ന അജണ്ടയില്‍ കൂടെക്കൂടാന്‍ രാഷ്ട്രീയമായി തങ്ങളോട് വിയോജിപ്പുള്ളവര്‍ പോലും ഉണ്ടാകും എന്ന ബിജെപിയുടെ ആത്മവിശ്വാസമാണ്. രാഷ്ട്രീയ ശത്രുക്കളെ പോലും മെരുക്കി വൈകാരികമായി കൂടെ നിര്‍ത്താനുള്ള മാധ്യമമായി മുസ്ലിം വിരുദ്ധത മാറുന്നു എന്നു സാരം. പകല്‍ കോണ്‍ഗ്രസ്സുകാരും രാത്രി ആര്‍എസ്എസും എന്ന് എ.കെ ആന്റണി തന്നെ ഒരിക്കല്‍ വിശേഷിപ്പിച്ചവര്‍ക്കും ചുവപ്പു കാവിയായി നിറം മങ്ങാന്‍ വലിയ മനഃപ്രയാസമൊന്നും തോന്നാത്തവര്‍ക്കും ബിജെപിയിലേക്കുള്ള രാഷ്ട്രീയ പ്രവേശം എളുപ്പമാക്കിക്കൊടുക്കുന്ന ഒരു സുരക്ഷിത മേഖല കൂടിയാണ് ഈ മുസ്ലിം വിരുദ്ധത.

കേന്ദ്രമന്ത്രിയുടെ പ്രസ്താവന വാസ്തവവിരുദ്ധമാണ് എന്ന് പറഞ്ഞൊഴിയുന്നതിനേക്കാളും അത് എത്രമേല്‍ ഭരണഘടനാവിരുദ്ധമാണ് എന്നതാണ് ശ്രദ്ധിക്കാതെ പോകുന്ന കാര്യം. മതപരിവര്‍ത്തനം നിയമവിരുദ്ധമല്ലാത്ത ഒരിടത്ത്, ആയിരമല്ല പതിനായിരങ്ങള്‍ മതം മാറിയാല്‍ ആര്‍ക്കാണ്, എന്താണ് കുഴപ്പം? ഇന്ത്യന്‍ ഭരണഘടനയുടെ അനുശാസനങ്ങള്‍ക്കുള്ളില്‍ നിന്നുകൊണ്ട് മതം മാറിയാല്‍  ദേശവിരുദ്ധമാകുന്നത് എങ്ങനെയാണ്? ഹിന്ദുമതത്തിലെ ജാതീയതക്കെതിരായുള്ള പോരാട്ടം എന്ന നിലയില്‍ ഭരണഘടനാ ശില്പിയായ ഡോ. ബി.ആര്‍ അംബേദ്കര്‍ തന്നെ സ്വീകരിച്ച ഒരു പ്രധാന സമരരീതി ഹിന്ദുമതത്തില്‍ നിന്നും ബുദ്ധമതത്തിലേക്കുള്ള പരിവര്‍ത്തനമായിരുന്നു. അംബേദ്കര്‍ തുടങ്ങി വെച്ച ആ സമര രീതി ഇന്ത്യയിലെ ദളിത് സമൂഹങ്ങള്‍ ഇന്നും വന്‍തോതില്‍ പിന്തുടര്‍ന്ന് വരുന്നു. ജാതീയമായ പീഡനങ്ങളെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത രോഹിത് വെമുലയുടെ കുടുംബം ബുദ്ധമതം സ്വീകരിച്ചത് നാം കണ്ടതാണല്ലോ. മതപ്രചാരണവും പരിവര്‍ത്തനവുമെല്ലാം ദേശദ്രോഹപ്രവര്‍ത്തനങ്ങളായി പരിണമിച്ചുകൊണ്ടിരിക്കുന്ന ഒരു ഫാസിസ്റ്റ് ഭരണകാലത്ത്, മൗലികാവകാശങ്ങള്‍ ദേശസ്‌നേഹ സര്‍ട്ടിഫിക്കറ്റുകള്‍ക്കുവേണ്ടി ബലികഴിക്കണം എന്ന പൊതുബോധം എന്നുമുതലാണ് നമുക്കിടയില്‍ വളര്‍ന്നുതുടങ്ങിയത്?

1947ലെ വിഭജനത്തെ തുടര്‍ന്ന് മുസ്ലീം കാമുകന്മാരോടൊപ്പം പാക്കിസ്ഥാനിലേക്ക് പോയ ഹിന്ദു പെണ്‍കുട്ടികളെ തിരിച്ചുകൊണ്ടുവരാനായി ഇന്ത്യ നടത്തിയ പരിശ്രമങ്ങളുടെ ഒരു ചരിത്രമുണ്ട് നമുക്ക്. ദേശീയതയും ദേശീയ അസ്തിത്വവും മതത്താല്‍ നല്‍കപ്പെടുന്നതും നിലനിര്‍ത്തപ്പെടുന്നതുമാണെന്ന് ബോധ്യപ്പെടുത്തലായിരുന്നു ഈ തിരിച്ചുകൊണ്ടുവരലിന്റെ ലക്ഷ്യം. സ്വന്തം ദേശത്തിലേക്കാണോ അതോ ജനിച്ചുവളര്‍ന്ന നാട്ടിലേക്കാണോ തിരിച്ചുപോകുന്നത് എന്ന് തിരിച്ചറിയാന്‍ കഴിയാത്ത വിധം രണ്ടും ഒന്നായിത്തീരുന്ന അവസ്ഥയായിരുന്നു അതെന്ന് കൊളംബിയ സര്‍വകലാശാലയിലെ ഹ്യുമാനിറ്റീസ് വകുപ്പ് മേധാവി ഗൗരി വിശ്വനാഥ് രേഖപ്പെടുത്തിയിട്ടുണ്ട്. എന്തുകൊണ്ടാണ് ചില സമുദായങ്ങളില്‍ നിന്ന് ചില സമുദായങ്ങളിലേക്കുള്ള മതംമാറ്റത്തെ ഇന്ത്യ വ്യത്യസ്തമായി വായിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നത് എന്നും അവര്‍ ചോദിക്കുന്നു. മതപരിവര്‍ത്തനം പലവിധമുണ്ടല്ലോ. എന്തുകൊണ്ടായിരിക്കും ഒരു സമുദായത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത് മാത്രം ദേശവിരുദ്ധ ലിസ്റ്റില്‍ ഇടം നേടുന്നത്? വിവാഹം, മതപ്രബോധനം തുടങ്ങി രാജ്യത്തെ ഏതൊരു പൗരനും നിയമസാധുതയുള്ളതും ഭരണഘടന ഉറപ്പുനല്‍കുന്നതുമായ കാര്യങ്ങള്‍ എങ്ങനെയാണ് ചില പ്രത്യേക സമുദായങ്ങള്‍ക്കും സമുദായംഗങ്ങള്‍ക്കും അപ്രാപ്യമായിത്തീരുന്നത്? ചില സമുദായങ്ങളില്‍ പെട്ടവരുടെ കേസുകളില്‍ മാത്രം മാതാപിതാക്കളുടെ ഉപദേശവും മനഃശാസ്ത്ര കൗണ്‍സിലിംഗുമൊക്കെ വേണമെന്ന് കോടതികള്‍ക്ക് തോന്നുന്നത് എന്തുകൊണ്ടായിരിക്കും?

മുജാഹിദ് സംഘടനകളുടെ നേതൃത്വത്തില്‍ പറവൂരില്‍ നടന്ന ലഘുലേഖാ പ്രചാരണം എന്താണ് മതപ്രബോധനം എന്ന പ്രധാന ചോദ്യത്തിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇസ്ലാമിനെ സാന്ദര്‍ഭികമായി വ്യാഖ്യാനിക്കണമെന്ന് നിരന്തരം ആഹ്വാനം ചെയ്യുന്ന, അതിന്റെ പേരില്‍ ഇസ്‌ലാമിനകത്തെ മറ്റു വിഭാഗങ്ങളെ മുഴുവന്‍  മതത്തിന് പുറത്തു നിര്‍ത്തുന്ന  ഒരു വിഭാഗമാണ് പിടിയിലായിരിക്കുന്നത് എന്നതാണ് ഏറെ കൗതുകകരം. ഇതര മതസ്ഥരെയോ അവരുടെ ആരാധനാ വസ്തുക്കളെയോ നിന്ദിക്കാന്‍ ഇസ്ലാം ആര്‍ക്കും അനുവാദം നല്‍കുന്നില്ല.

ലഘുലേഖയുടെ ഏറ്റവും മുകളില്‍ കൊടുത്തിട്ടുള്ളത് ഏതോ മഖ്ബറയില്‍ മുസ്ലിങ്ങള്‍ പ്രാര്‍ത്ഥിക്കുന്ന ചിത്രമാണ്. സുന്നികളെ ബഹുദൈവ ആരാധകരാക്കുന്നുമുണ്ട് ഫോട്ടോയ്ക്കൊപ്പമുള്ള അടിക്കുറിപ്പ്. അതിനു താഴെയുള്ള ഫോട്ടോ ഒരു ഹിന്ദുസ്ത്രീ അവര്‍ വിശ്വസിക്കുന്ന ദൈവങ്ങള്‍ക്ക് പൂജ ചെയ്യുന്നതാണ്. അതിലെ വാചകം ഇങ്ങനെ: ആയിരങ്ങള്‍ പട്ടിണി കിടക്കുമ്പോഴും മനുഷ്യന് വേണ്ടി ദൈവം സൃഷ്ടിച്ച പാലും പൂവും പഴങ്ങളും പൂജയുടെയും ഹോമങ്ങളുടെയും പേരില്‍ നശിപ്പിക്കപ്പെട്ടു പോകുന്നു. അതിനടുത്തുള്ള ഫോട്ടോയില്‍ ഹിന്ദുസ്വാമിമാരുടെ ഫോട്ടോയും ‘വിശക്കുകയും വേദനിക്കുകയും ജനിക്കുകയും മരിക്കുകയും ചെയ്യുന്ന മനുഷ്യരെത്തന്നെ ദൈവമാക്കുന്ന ബുദ്ധിശൂന്യതകള്‍’ എന്ന ഡയലോഗും. ഇതൊക്കെ എങ്ങനെയാണ് മതപ്രബോധനം ആകുന്നത്?

നാലാമത്തെ ചിത്രമാകട്ടെ, കല്ല് കരട് കാഞ്ഞിരക്കുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ഖന്‍ പാമ്പുവരെ ആരാധിക്കപ്പെടുന്ന അധമത്വത്തിന്റെ ദാരുണ കാഴ്ചകള്‍ എന്ന അടിക്കുറിപ്പോടെ പശുവിന്റെ പടവും. ഇതാണ് ഹിന്ദുക്കളുടെ വീടുകള്‍ തോറും വിതരണം ചെയ്യുന്നത്. കല്ലോ കാര്‍ഡോ കാഞ്ഞിരക്കുറ്റിയോ മുള്ളോ മുരടോ മൂര്‍ഖന്‍ പാമ്പോ ആരാധ്യവസ്തുക്കള്‍ അല്ല എന്നു മുസ്ലിങ്ങള്‍ വിശ്വസിക്കുന്നു. അതനുസരിച്ച് ആരാധനാ കര്‍മ്മങ്ങള്‍ നിര്‍വ്വഹിക്കുകയും ചെയ്യുന്നു. അല്ലാഹു അല്ല ദൈവം എന്നു വിശ്വസിച്ച് ആരാധനാ കര്‍മ്മങ്ങള്‍ ചെയ്യുന്ന ഹിന്ദുവും ക്രിസ്ത്യാനിയും ഉണ്ടല്ലോ. പക്ഷെ, അങ്ങനെ വിശ്വസിക്കുന്നതും അങ്ങനെ വിശ്വസിക്കാത്തവരുടെ വിശ്വാസത്തെ അപഹസിക്കുന്നതും തമ്മില്‍ വലിയ വ്യത്യാസമുണ്ട്. രാജ്യത്ത് ആയിരങ്ങള്‍ പട്ടിണി കിടക്കുമ്പോഴും മനുഷ്യന് വേണ്ടി ദൈവം സൃഷ്ടിച്ച പണവും സൗകര്യങ്ങളും ഹജ്ജ് യാത്രയുടെ  പേരില്‍  ദുര്‍വ്യയം ചെയ്യുന്നു എന്നൊരു ലഖുലേഖ, ശിവസേനയുടെയോ മറ്റേതെങ്കിലും ഹിന്ദുത്വ സംഘടനകളുടെയോ പേരില്‍ നെടുമ്പാശേരി ഹജ്ജ് ക്യാമ്പില്‍ വിതരണം ചെയ്താല്‍ എന്തായിരിക്കും ഇവിടുത്തെ മുസ്ലീം സംഘടനകളുടെ പ്രതികരണം?

ലഘുലേഖ വിതരണക്കാരുടെ ചരിത്രം കൂടി വായിക്കുമ്പോഴാണ് ഈ അനൗചിത്യം എത്രമേല്‍ പരിതാപകരമാണ് എന്ന് തിരിച്ചറിയാനാവുക. സകലമാന സലഫി/വഹാബി/മുജാഹിദ് വിഭാഗങ്ങളുടെയും കേരളത്തിലെ ആത്മീയ ആചാര്യനാണ് പരേതനായ കെ. ഉമര്‍ മൗലവി. മതപ്രബോധന കാര്യത്തില്‍ അദ്ദേഹം പുലര്‍ത്തിയിരുന്ന ‘ഔചിത്യബോധ’മാണ് ഈ വിഭാഗത്തിന്റെയെല്ലാം മാതൃക. ശംസുല്‍ ഉലമ ഇ.കെ അബൂബക്കര്‍ മുസ്ലിയാരുടെ സഹോദരനും കേരളത്തിലെ സുന്നികളുടെ എക്കാലത്തെയും ആവേശവുമായിരുന്ന ഇ.കെ ഹസന്‍ മുസ്ലിയാര്‍ ക്യാന്‍സര്‍ ബാധിച്ച് അത്യാസന്നനായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന നേരത്താണ്, ‘നീ അവിശ്വാസിയാണെന്നും അതിനാല്‍ നിന്റെ അനുയായികളുടെ പാപഭാരം കൂടി നിന്റെ പിരടിയിലായിരിക്കുമെന്നും അതുകൊണ്ട് ശഹാദത്ത് ചൊല്ലി മുസ്ലിമാകണ’മെന്നും ആവശ്യപ്പെട്ടുകൊണ്ട് ഹസ്സന്‍ മുസ്ലിയാര്‍ക്ക് ദൂതന്‍ മുഖേന ഉമര്‍ മൗലവി കത്തയച്ചത്. പ്രബോധന കാര്യത്തില്‍ മുജാഹിദുകള്‍ക്കുള്ള വിട്ടുവീഴ്ചയില്ലാത്ത നയനിലപാടിന്റെ ഉദാഹരണമായി ഈ സംഭവത്തെ മുജാഹിദുകള്‍ പലപ്പോഴും ഉദ്ധരിക്കാറുമുണ്ട്. ആ ‘ഔചിത്യബോധ’ത്തിന്റെ തുടര്‍ച്ചയാണ് നാം പറവൂരിലും കണ്ടത്.

മതപ്രബോധനം നടത്തുന്നതിനെ കുറിച്ചതും മതപരിവര്‍ത്തനത്തെ കുറിച്ചുമുള്ള രണ്ടു സമുദായങ്ങളില്‍ നിന്നുള്ള, ഔചിത്യബോധമോ സാമൂഹിക അവബോധമോ തൊട്ടു തീണ്ടിയില്ലാത്ത രണ്ടു സമീപനങ്ങളും നിലപാടുമാണ് കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം ആഹിരില്‍ നിന്നും പറവൂരിലെ മുജാഹിദ് സംഘടനാ പ്രവര്‍ത്തകരില്‍ നിന്നും നാം കണ്ടത്. മുജാഹിദുകള്‍ ഇങ്ങനെ പ്രബോധനം നടത്തുന്നത് കൊണ്ട് മുസ്ലീമാകുന്നവരെ വിമര്‍ശിക്കുന്നതാണ് ഗംഗാറാം ആഹിരിയുടെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും നിലപാട് എന്നു നമുക്ക് ഒറ്റയടിക്ക് തോന്നിയേക്കാം. യഥാര്‍ഥത്തില്‍ നേരെ മറിച്ചാണ് കാര്യങ്ങള്‍. ഗംഗാറാമിന്റെ രാഷ്ട്രീയം തന്നെ കടപ്പെട്ടിരിക്കുന്നത് പറവൂരിലെ മുജാഹിദുകള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മതകീയ സമീപനങ്ങളോടാണ്. തിരിച്ചും അങ്ങനെ തന്നെ. ഹിന്ദുമതത്തില്‍ ഗംഗാറാമിനെയും ഇസ്‌ലാമില്‍ മുജാഹിദുകളെയും സാധ്യമാക്കുന്ന മനോഭാവം ഒന്ന് തന്നെയാണ് എന്നു മാത്രമല്ല, ഇക്കൂട്ടരുടെ സാന്നിധ്യമാണ് ഇവരുടെ രാഷ്ട്രീയത്തെ തന്നെ പരസ്പരം സാധ്യമാക്കുന്നത്.

മുജാഹിദുകളുടെ മതപ്രബോധന ക്യാമ്പയിന്റെ മുദ്രാവാക്യം തന്നെ ദേശത്തിനും ദേശീയതക്കും വേണ്ടിയും ഒരു രാജ്യം ഒരു ജനത എന്നിങ്ങനെ ദേശീയോദ്ഗ്രഥനം തുളുമ്പുന്നവ ആയതും അതില്‍ വിതരണം ചെയ്ത ലഘുലേഖകളുടെ ഉള്ളടക്കം മറ്റുള്ളവരുടെ ആരാധ്യ വസ്തുക്കളെ പരിഹസിക്കുന്നതായതും ഒട്ടും യാദൃശ്ചികമല്ല. കാരണം ദേശത്തോടും ദേശീയതയോടുമുള്ള വിട്ടുവീഴ്ചയില്ലാത്ത സ്‌നേഹത്തിന്റെയും കടപ്പാടിന്റെയും ഭാഗമാണ് മലപ്പുറത്തെയും മുസ്ലിം സമുദായത്തെയും കുറിച്ചുള്ള തന്റെ പരിഹാസ്യവും വാസ്തവവിരുദ്ധവുമായ പ്രസ്താവന എന്നാണല്ലോ ബിജെപി നേതാവ് ഗംഗാറാമും അനുയായികളും  വിശ്വസിക്കുന്നത്. അതുകൊണ്ടു തന്നെ, ദേശസ്‌നേഹത്തിന്റെ പുതിയ, പക്ഷെ ഒട്ടും വ്യത്യസ്തമല്ലാത്ത ഒരേ മുഖമാണ് ഗംഗാറാമിലും മുജാഹിദ് ലഘുലേഖയിലും നാം കാണുന്നത്. ഈ ദേശസ്‌നേഹികളില്‍ നിന്ന് രാജ്യത്തെയും മതത്തെയും ഉടയതമ്പുരാന്‍ കാത്തുകൊള്ളട്ടെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

യാസര്‍ അറാഫത്ത് നൂറാനി

യാസര്‍ അറാഫത്ത് നൂറാനി

കോര്‍ഡിനേറ്റിംഗ് എഡിറ്റര്‍, പ്രവാസി വായന മാസിക

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍