UPDATES

ട്രെന്‍ഡിങ്ങ്

ചാരത്തില്‍ നിന്നും ഉയര്‍ത്തെഴുന്നേല്‍ക്കാന്‍ ഹസ്സന്റെ കുമ്പസാര നമ്പര്‍

ഒടുവിൽ ആ സത്യം ഹസ്സൻ തന്നെ പുറത്തു വിട്ടു. സത്യം പറയാൻ ഹസ്സന് കെ കരുണാകരന്റെ ഏഴാം ചരമ വാർഷിക ദിനം വരെ കാത്തിരിക്കേണ്ടി വന്നുവെന്നു മാത്രം!

കെ എ ആന്റണി

കെ എ ആന്റണി

ഒടുവിൽ ആ സത്യം ഹസ്സൻ തന്നെ പുറത്തു വിട്ടു. സത്യം പറയാൻ ഹസ്സന് കെ കരുണാകരന്റെ ഏഴാം ചരമ വാർഷിക ദിനം വരെ കാത്തിരിക്കേണ്ടിവന്നു എന്നു മാത്രം! ഐ എസ് ആർ ഒ ചാരക്കേസിന്റെ മറ പിടിച്ചു ലീഡർ കെ കരുണാകരനെ ഒരു കാരണവശാലും രാജിവെപ്പിക്കാൻ ശ്രമിക്കരുതെന്നും കേരളത്തിലെ കോൺഗ്രസ് പാർട്ടിക്ക് അത് വലിയ ക്ഷീണം ഉണ്ടാക്കുമെന്നും എ കെ ആന്റണി തന്നോടും ഉമ്മൻ ചാണ്ടിയോടും പറഞ്ഞിരുന്നുവെന്നാണ് ഹസ്സന്റെ വെളിപ്പെടുത്തൽ. ആന്റണി പറഞ്ഞത് കേൾക്കാതെ ലീഡറെ രാജിവെപ്പിച്ചതിലുള്ള കുറ്റബോധം കൊണ്ടാണ് ഇപ്പോൾ ഇക്കാര്യം തുറന്നു പറയുന്നതെന്നും എപ്പോഴെങ്കിലും ഇക്കാര്യം എഴുതണമെന്നു തീരുമാനിച്ചിരുന്നുവെന്നും ഹസ്സൻ കൂട്ടിച്ചേർക്കുന്നു.

എന്തായാലും ഹസ്സൻ ആത്മകഥ എഴുതുന്നതുവരെ കാത്തിരിക്കേണ്ടി വന്നില്ല. ഭാഗ്യം! പക്ഷെ ഹസ്സൻജി ഇപ്പോൾ ലീഡർ വിഷയം എടുത്തിട്ടത് അദ്ദേഹം അവകാശപ്പെടുന്നതുപോലെ കുറ്റബോധം കൊണ്ടൊന്നുമല്ല. കുറ്റം ഏറ്റുപറഞ്ഞതിനൊപ്പം ഉമ്മൻ ചാണ്ടിയെ പെരുംകുറ്റവാളിയാക്കുകയാണ് ഹസ്സൻജി ചെയ്തിരിക്കുന്നത്. ചാരക്കേസും ലീഡറുടെ രാജിയും ഒക്കെ എടുത്തിട്ട് ഉമ്മൻ ചാണ്ടിക്കിട്ട് നല്ലൊരു താങ്ങു താങ്ങിയത് വെറും വെറുതെ ആവാൻ തരമില്ലല്ലോ. അതിലേക്കു പിന്നീട് വരാം.

ഹസ്സൻ പറഞ്ഞതത്രയും അക്ഷരം പ്രതി ശരിയാണെന്നു കെകെ രാമചന്ദ്രൻ മാസ്റ്റർ. ഒരു കാലത്തു കോൺഗ്രസ് പാർട്ടിക്കുവേണ്ടി വയനാട് ചുരം കാത്ത മഹാനായ നേതാവായിരുന്നു മാസ്റ്റർ. പാർട്ടിയിലെ ഗ്രൂപ്പ് പോരിന്റെ ജീവിച്ചിരിക്കുന്ന രക്തസാക്ഷികളിൽ ഒരാൾ കൂടിയാണ് മുൻ മന്ത്രി കൂടിയായ മാസ്റ്റർ. അച്ഛന്റെ ചരമദിന ആചരണ വേളയിൽ തന്നെ ഇക്കാര്യം ഹസ്സൻജി തുറന്നു പറഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ലീഡറുടെ പുത്രി പദ്‌മജ വേണുഗോപാൽ. പദ്‌മജയുടെ നേരാങ്ങള മുരളീധരൻ ഒന്നും ഉരിയാടി കേട്ടില്ല. എല്ലാം ഹസ്സനോട് തന്നെ ചോദിച്ചാൽ മതിയെന്ന് കൂട്ടുപ്രതി ഉമ്മൻ ചാണ്ടി പ്രതികരിച്ചെങ്കിലും ലീഡറെ തൊട്ടു കളിക്കേണ്ടെന്നു ഉപദേശം നൽകിയ ചേർത്തല ഗാന്ധി ഇതുവരെ പ്രതികരിച്ചിട്ടില്ല. അധികം വൈകാതെ തന്നെ അവരും വായ തുറക്കുമെന്ന് പ്രതീക്ഷിക്കാം.

‘ചാരവനിത അറസ്റ്റില്‍’, ‘കിടപ്പറയിലെ ട്യൂണ’; തന്നെ കുരുക്കിയ അന്വേഷണാത്മക പത്രപ്രവര്‍ത്തകരെ കുറിച്ച് നമ്പി നാരായണന്‍

ചാരക്കേസിന്റെ മറ പിടിച്ചു ലീഡറെ പുകച്ചു പുറത്തു ചാടിച്ചതു ഉമ്മൻ ചാണ്ടിയാണെന്നതു അത്ര പുതിയ വാര്‍ത്തയൊന്നുമല്ല. കരുണാകരനെ ഓടിച്ചു വിട്ടു എകെ ആന്റണിയെ മുഖ്യമന്ത്രിയായി വാഴിക്കുകയും പിന്നീട് അവസരം ഒത്തുവന്നപ്പോൾ ആന്റണിയെ ഡൽഹിക്കു കെട്ടുകെട്ടിച്ചു മുഖ്യമന്ത്രി കസേര സ്വന്തമാക്കിയ കുഞ്ഞൂഞ്ഞു തന്ത്രത്തെക്കുറിച്ചു ഇതിനു മുൻപും അഴിമുഖത്തിൽ എഴുതിയിട്ടുണ്ട്. ചാരക്കേസ് കാലത്തു തന്നെയാണ് കേന്ദ്രത്തിൽ പഞ്ചസാര കുംഭകോണ കേസും ഉണ്ടായത്. സത്യസന്ധതയുടെ കാണപ്പെട്ട പുണ്യവാളനായ ആന്റണി അന്ന് കേന്ദ്രത്തിൽ ഭഷ്യ-സിവിൽ സപ്ലൈസ് മന്ത്രിയാണ്. ആരോപണം ഉയർന്ന ഉടൻ തന്നെ ആന്റണി രാജിവെച്ചു. കരുണാകരനെ പുകച്ചു പുറത്തു ചാടിക്കാൻ ഇത് തന്നെ നല്ല അവസരം എന്ന് കണ്ട ഉമ്മൻ ചാണ്ടിയും സംഘവും കേരളമൊട്ടാകെ വമ്പിച്ച കരുണാകര വിരുദ്ധ പ്രക്ഷോഭമാണ് കെട്ടഴിച്ചുവിട്ടത്. തുടർന്ന് ഡെൽഹിക്കു വിളിപ്പിക്കപ്പെട്ട കരുണകാരൻ പോകും വഴി കാടാമ്പുഴ ക്ഷേത്രത്തിലെത്തി പൂമൂടലും മുട്ടറുക്കലും ഒക്കെ നടത്തിയാണ് ഹൈക്കമാൻഡ് സമക്ഷം ഹാജരായതും മുഖ്യമന്ത്രി പദം ഒഴിഞ്ഞു കേന്ദ്രത്തിൽ മന്ത്രിപ്പണി സ്വീകരിച്ചതും. രാജി വെച്ച് ഡൽഹിയിൽ മൗനിയായി കഴിഞ്ഞിരുന്ന ആന്റണിയെ ചാർട്ടേർഡ് വിമാനത്തിൽ കേരളത്തിലെത്തിച്ചാണ് മുഖ്യനായി വാഴിച്ചത്. പിന്നീട് മുസ്ലിം ലീഗിന്റെ സഹായത്തോടെ തിരൂരങ്ങാടിയിൽ നിര്‍ത്തി വിജയിപ്പിച്ചെടുക്കുകയും ചെയ്തു.

ചാരക്കേസ്: ആരാണ് യഥാര്‍ത്ഥ പ്രതി?

കരുണാകരനെ മാറ്റി താൻ തന്നെ മുഖ്യമന്ത്രിയാകുന്നതിലെ ഔചിത്യക്കുറവ് നന്നായി അറിയാമായിരുന്നതിനാൽ തന്നെയാണ് അന്ന് ഉമ്മൻ ചാണ്ടി ഇങ്ങനെയൊരു വളഞ്ഞ വഴി കണ്ടെത്തിയതെന്ന് മനസ്സിലാക്കാൻ അധിക കാലം വേണ്ടിവന്നില്ല. 2004ൽ മത ന്യൂനപക്ഷ വിരുദ്ധ പ്രസംഗത്തിന്റെ പേരു പറഞ്ഞു ആന്റണിയെ ഡെൽഹിക്ക് തിരിച്ചയച്ച് മുഖ്യനായി കുഞ്ഞൂഞ്ഞു ആഗ്രഹം സാധിച്ചെടുത്തു. ഇതൊക്കെ പഴയ കഥ. ഇനിയിപ്പോൾ ഹസ്സൻജിയുടെ കുമ്പസാരത്തിലേക്കും അതിനു പിന്നിലെ രഹസ്യത്തിലേക്കും വരാം. ഹസ്സൻജി നിലവിൽ കെ പി സി സി അധ്യക്ഷനാണ്. എന്നാൽ വെറും ആക്ടിങ് അധ്യക്ഷൻ മാത്രം. ഗ്രൂപ്പ് വഴക്കു മുറുകി നിൽക്കക്കള്ളിയില്ലാതെ അന്തിക്കാട് ഗാന്ധി വിഎം സുധീരൻ രാജിവെച്ച ഒഴിവിൽ താത്കാലിക നിയമനം ലഭിച്ച ഹസ്സൻജിക്ക്‌ തുടരുന്ന ഗ്രൂപ്പ് പോരിന്റെ പേരിൽ കാലാവധി അല്പം കൂടി നീട്ടിക്കിട്ടുക മാത്രമാണ് ഉണ്ടായത്. എ ഐ സി സിയുടെ തലപ്പത്തു രാഹുൽ ഗാന്ധി വന്നതോടെ കേരളത്തിലടക്കം പുതിയ പി സി സി പ്രസിഡന്‍റുമാരെ നിയമിക്കും എന്നൊരു ശ്രുതി പരന്നിട്ടുണ്ട്. ചെന്നിത്തല ഗാന്ധി നയിച്ച പടയൊരുക്കത്തിന്റെ സമാപനത്തിനു തിരുവന്തപുരത്തു വന്ന രാഹുലിന് ഉമ്മൻ ചാണ്ടിയുടെ ജനകീയ സ്വീകാര്യത നേരിട്ട് ബോധ്യപ്പെട്ടുവെന്നു കഴിഞ്ഞ ദിവസം മലയാള മനോരമ എഴുതിയിരുന്നു. രാഹുലിന് അത്ര പിടിച്ചുപോയെങ്കിൽ ഒരുപക്ഷെ ഉമ്മൻ ചാണ്ടിയെ പിടിച്ചു കെ പി സി സി അധ്യക്ഷൻ ആക്കിയാൽ നമ്മുടെ ഹസ്സൻജി പിന്നെ എന്ത് ചെയ്യും? വല്ല ആത്മകഥയോ മറ്റോ എഴുതി വീട്ടിൽ ഇരിക്കേണ്ടിവരും. അതുകൊണ്ടു പഴയ ലീഡർ കഥ ആത്മകഥയിലേക്കു മാറ്റിവെക്കാതെ ഇപ്പോൾ തന്നെ പുറത്തു വിട്ടു. അത്രതന്നെ. പോരെങ്കിൽ തന്റെ ആത്മകഥയൊക്കെ ആര് വായിക്കും എന്നും ചിന്തിച്ചിട്ടുമുണ്ടാവണം.

ചാരക്കേസ്: മുഖ്യ പ്രതി ആര്? പോലീസിനൊപ്പം വേട്ടപ്പട്ടികളെ പോലെ ഏറ്റു കുരച്ച മാധ്യമങ്ങളേ, നിങ്ങള്‍ തന്നെ

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍