UPDATES

കെയ് ബെനഡിക്ട്

കാഴ്ചപ്പാട്

Perspective

കെയ് ബെനഡിക്ട്

ബ്രാഹ്മണ രാഹുലിന്റെ ‘ഹിന്ദുയിസ’വും ഒബിസി മോദിയുടെ ‘ഹിന്ദുത്വ’യും നേര്‍ക്കുനേര്‍ വരുമ്പോള്‍

ബിജെപിയുടെ വളര്‍ച്ച സാവധാനത്തിലായിരുന്നതിനുള്ള കാരണം ഹിന്ദു സമൂഹത്തിലെ ജാതി വിഭജനങ്ങളാണ്

വിഷത്തിന് മരുന്നായി വിഷം തന്നെ ഉപയോഗിക്കുന്ന വിദ്യയില്‍ പൌരാണിക ഭാരതീയ വൈദ്യന്‍മാര്‍ അഗ്രഗണ്യന്‍മാരായിരുന്നു. ഇന്നിപ്പോള്‍ ബിജെപിയുടെ കടുത്ത ഹിന്ദുത്വത്തെ നേരിടാന്‍ മതേതര രാഷ്ട്രീയക്കാര്‍ മൃദു വര്‍ഗീയത കുത്തിവെക്കുകയാണ്. വിഷത്തെ വിഷം കൊണ്ട് നിര്‍വീര്യമാക്കുന്ന രീതി. വര്‍ഗീയ രാഷ്ട്രീയത്തെ സാധൂകരിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് നേട്ടങ്ങള്‍ക്കായി അവര്‍ ക്ഷേത്രങ്ങളില്‍ വരിനില്‍ക്കുന്നു; മുസ്ലീം പ്രീണന രാഷ്ട്രീയ പ്രതീകങ്ങളില്‍ നിന്നും പരസ്യമായ ഹിന്ദു പ്രീണനത്തിലെത്തുമ്പോള്‍ ആരുടേയും മുഖം ചുളിയുന്നില്ല. പ്രതിപക്ഷം ഹിന്ദുത്വത്തെ മുഖ്യധാരയാക്കുകയാണ് എന്നതില്‍ ആര്‍എസ്എസ് സന്തോഷിച്ചേക്കാം, എന്നാല്‍ ബി ജെ പിയെ അത് അലോസരപ്പെടുത്തും.

ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസും ബിജെപിയും നിര്‍ല്ലജ്ജം മതത്തെ ഉപയോഗിക്കുകയും ഒരു പരിധിവരെ ഇരുകൂട്ടരും വിജയിക്കുകയും ചെയ്തു. കോണ്‍ഗ്രസ് അധ്യക്ഷന്‍ 27 ക്ഷേത്രങ്ങള്‍ സന്ദര്‍ശിച്ചാണ് ഹിന്ദുക്കളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചതെങ്കില്‍, ഗുജറാത്തില്‍ അധികാരം പിടിച്ചെടുക്കാന്‍ ശ്രമിക്കുന്ന ഹിന്ദുക്കളുടെ സങ്കല്‍പ്പ ശത്രുക്കളെന്ന ഉമ്മാക്കി കാട്ടിയാണ് പ്രധാനമന്ത്രി മോദി ഭൂരിപക്ഷ സമുദായത്തിന്റെ ഭീതികളെ ഇളക്കിവിട്ടത്. ഇരുകൂട്ടര്‍ക്കും ഇതുകൊണ്ട് ഗുണം കിട്ടി.

തോല്‍വിയുടെ വക്കില്‍ നിന്നുമാണ് ബിജെപി അധികാരം പിടിച്ചെടുത്തത്. രാഹുല്‍ ക്ഷേത്ര സന്ദര്‍ശനം നടത്തിയ 27 സ്ഥലങ്ങളില്‍ 18-ലും കോണ്‍ഗ്രസ് ജയിച്ചു. പൂണൂല്‍ധാരിയായ രാഹുലിന്റെ ‘ഹിന്ദുയിസം’ മോദിത്വത്തിന് ഒരു മറുമരുന്നായി ഉയര്‍ന്നുവന്നേക്കാം. തന്റെ കക്ഷിയിലെ ബ്രാഹ്മണ ശൃംഖലയെ തകര്‍ത്താണ് എണ്ണത്തില്‍ കൂടുതലുള്ള ഒബിസിക്കാരുടെ മിശിഹായായി മോദി ഉയര്‍ന്നുവന്നത്. എന്നാല്‍ ബ്രാഹ്മണര്‍ എണ്ണത്തില്‍ കുറവായിരുന്നാലും അഭിപ്രായ രൂപീകരണത്തില്‍ അവരുടെ പങ്കും സ്വാധീനവും കുറച്ചുകാണേണ്ടതില്ല.

ഒരു പുതിയ ഇന്ത്യ; 100 ശതമാനം ഹിന്ദു (വെറുപ്പിന്റെയും)

രാഹുലിന്റെ ഗുജറാത്ത് വിജയത്തിനു ശേഷം ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയേയും ഒരു വെള്ളംചേര്‍ക്കാത്ത മാര്‍ക്സിസ്റ്റായ ത്രിപുര മുഖ്യമന്ത്രി മാണിക് സര്‍ക്കാറിനേയും പോലുള്ളവരും ഹിന്ദു ചീട്ട് കളിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഹിന്ദുക്കള്‍ 89 ശതമാനമുള്ള ഗുജറാത്തില്‍ രാഹുല്‍ ഭൂരിപക്ഷത്തെ പ്രീണിപ്പിക്കുന്നത് മനസിലാക്കാം. എന്നാല്‍ 27 ശതമാനം മുസ്ലീങ്ങളുള്ള പശ്ചിമ ബംഗാളില്‍ അതെന്തിനാണ്? മുസ്ലീങ്ങള്‍ തനിക്കെതിരെ തിരിയുമെന്ന് മമത ബാനര്‍ജി കരുതുന്നില്ല, കാരണം മുസ്ലീങ്ങള്‍ക്ക് നിലവിലെ രാഷ്ട്രീയ കാലാവസ്ഥ എന്താണെന്ന് അറിയാം. ഹിന്ദുക്കള്‍ക്കിടയില്‍ ബിജെപി സ്വാധീനം വര്‍ദ്ധിപ്പിക്കുമെന്ന ഭയമാണ് തന്റെ ഹിന്ദുത്വം പ്രദര്‍ശിപ്പിക്കാന്‍ ബാനര്‍ജിയെ നിര്‍ബന്ധിതയാക്കുന്നത്.

ഇതുതന്നെയാണ് 85 ശതമാനം ഹിന്ദുക്കളുള്ള ത്രിപുരയിലേയും അവസ്ഥ. ഈയിടെ മമത ബാനര്‍ജി, കപില മുനി ആശ്രമത്തിലെ മുഖ്യ പുരോഹിതനോടൊപ്പം പത്തു മണിക്കൂറോളം ചെലവിട്ടു. മുസ്ലീം പ്രീണനമെന്ന ബിജെപിയുടെ ആരോപണത്തെ പ്രതിരോധിക്കാന്‍ തൃണമൂലിന്റെ ബിര്‍ഭൂം ജില്ല അധ്യക്ഷന്‍ 5, 000 ഹിന്ദു പുരോഹിതരുടെ ജാഥ സംഘടിപ്പിക്കാന്‍ പരിപാടിയിടുന്നു. ഈയടുത്ത് നടന്ന സബാങ് നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ 2014-ലെ 2.25 ശതമാനത്തില്‍ നിന്നും വോട്ടുവിഹിതം 18 ശതമാനമാക്കി കുത്തനെ ഉയര്‍ത്താന്‍ ബിജെപിക്ക് കഴിഞ്ഞിരുന്നു.

കഴിഞ്ഞമാസം അഗര്‍ത്തലയിലെ അനുകൂല്‍ താക്കുര്‍ ഹിന്ദു വിഭാഗത്തിന്റെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തി ത്രിപുര മുഖ്യമന്ത്രിയും വിവാദത്തിലകപ്പെട്ടു. കഴിഞ്ഞ വര്‍ഷം കേരളത്തിലെ സിപിഎം, പാര്‍ട്ടിപ്രവര്‍ത്തകരെ വെച്ച് ‘മതേതര യോഗ’ നടത്തി. ഇന്ത്യയുടെ പരമ്പരാഗത അറിവുകളെ വര്‍ഗീയശക്തികള്‍ ദുഷ്ടതാത്പര്യങ്ങള്‍ക്കായി ദുരുപയോഗം ചെയ്യുന്നത് തടയാനാണ് അതെന്നായിരുന്നു വിശദീകരണം. പിന്നാക്ക ഹിന്ദു ഈഴവ വിഭാഗത്തിന്റെ ആത്മീയ കേന്ദ്രമെന്ന് പറയാവുന്ന ശിവഗിരി മഠത്തിലെ 83-മത് വാര്‍ഷിക തീര്‍ത്ഥാടനാഘോഷങ്ങളുടെ സമാപനച്ചടങ്ങില്‍ അഭിസംബോധനചെയ്ത് സംസാരിച്ചത് സീതാറാം യെച്ചൂരിയായിരുന്നു.

ഇതാ ഒരു വിശുദ്ധ ഹിന്ദു വോട്ട് ബാങ്ക്-ഹരീഷ് ഖരെ എഴുതുന്നു

“മാര്‍ക്സിസം മതത്തെ മൊത്തമായി ആക്രമിക്കുന്നില്ല. ജനങ്ങള്‍ക്കുമേല്‍ മതം പിടിമുറുക്കുന്ന സാഹചര്യങ്ങളെയാണ് അതാക്രമിക്കുന്നത്… അതുകൊണ്ട്, ഒരു കമ്മ്യൂണിസ്റ്റെന്ന നിലയില്‍ ഞങ്ങള്‍ക്കുറപ്പുതരാന്‍ കഴിയും, ഓരോ വ്യക്തിക്കും അവരുടെ വിശ്വാസം പിന്തുടരാനും അത് പ്രചരിപ്പിക്കാനുമുള്ള സ്വാതന്ത്ര്യം സിപിഎം എക്കാലവും ഉയര്‍ത്തിപ്പിടിക്കുമെന്ന്…” യെച്ചൂരി പറഞ്ഞു. കേരളത്തിലും സിപിഎമ്മിലും കോണ്‍ഗ്രസിലും പെട്ട ഒരു വലിയ വിഭാഗം ആളുകളെ വലവീശിപിടിക്കാനുള്ള ശ്രമത്തിലാണ് ബിജെപി.

ലോകസഭയില്‍ മുതലാഖ് ബില്‍ സുഗമമായി അംഗീകരിച്ചതും മതേതരകക്ഷികള്‍ വിമ്മിട്ടത്തോടെയാണെങ്കിലും ഈ ഹിന്ദുവത്കരിക്കപ്പെട്ട ഇന്ത്യയുമായി പൊരുത്തപ്പെടുന്നു എന്നതിന്റെ തെളിവാണ്. മുസ്ലീം പ്രാര്‍ത്ഥനയുടെ നേരത്ത് പ്രസംഗം നിര്‍ത്താറുള്ള ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ബിജെപിയുടെ ഹിന്ദു അണികളെ തൃപ്തിപ്പെടുത്താന്‍ ആ പതിവ് ഉപേക്ഷിച്ചിരിക്കുന്നു. ഡിസംബര്‍ 26-ന് ബാങ്കുവിളി നേരത്തും അദ്ദേഹം പ്രസംഗം തുടര്‍ന്നത് വിമര്‍ശനങ്ങള്‍ ഉയര്‍ത്തിയിരുന്നു.

യുക്തിസഹമായി സംസാരിച്ചാല്‍ ഹിന്ദു ചീട്ട് കളിക്കുന്ന മതേതരര്‍ കഴിഞ്ഞ 70 വര്‍ഷമായി ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ പാടുപെടുന്ന ആര്‍എസ്എസിനെ സന്തോഷിപ്പിക്കണം. പക്ഷേ അതൊരു സങ്കീര്‍ണമായ പ്രശ്നമാണ്. തകര്‍ക്കാനാകാത്ത ജാതീയത ഏക ഹിന്ദു ഐക്യത്തിന് വലിയ വിഘാതമായി നില്‍ക്കുന്നു. ഗുജറാത്തില്‍ കണ്ട ദളിത് മുന്നേറ്റവും മഹാരാഷ്ട്രയിലെ ദളിത് പ്രതിഷേധവും ജാട്ട്, ഗുജ്ജര്‍, പട്ടീദാര്‍, മറാഠകള്‍ എന്നീ ജാതി സംഘങ്ങളുടെ അസംതൃപ്തിയുമെല്ലാം ഹിന്ദു സമൂഹത്തിന്റെ ശ്രേണീ ഘടനയുടെയും അതിന്റെ സാമൂഹ്യ ഘടനയുടെയും വൈരുദ്ധ്യങ്ങള്‍ വെളിവാക്കുന്നു.

സവർക്കറുടെ രാഷ്ടീയഹിന്ദു മുതല്‍ മോദിയുടെ കോർപ്പറേറ്റ് ഹിന്ദു വരെ; വെറുപ്പിന്റെ ചരിത്രം, നീതിരാഹിത്യത്തിന്റെയും

മോദി സര്‍ക്കാര്‍, ‘പശുവുള്ള കോണ്‍ഗ്രസ്’ ആണെന്ന് പറഞ്ഞ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ഷൂരിയുടെ വാക്കുകള്‍ തിരിച്ചിട്ടാല്‍, കോണ്‍ഗ്രസ് അതിന്റെ ഹിന്ദു ചീട്ട് സമര്‍ത്ഥമായി കളിച്ചാല്‍ കോണ്‍ഗ്രസ് ‘പശുവില്ലാത്ത ബിജെപിയായി’ മാറും. മുസ്ലീങ്ങളുടെയും ഇടത്-ലിബറലുകളുടെയും ആശങ്ക മാറ്റാന്‍ രാഹുല്‍ ഗാന്ധി പറഞ്ഞത് താന്‍ ‘ഹിന്ദുയിസം’ ആണ് പിന്തുടരുന്നതെന്നും ഭിന്നിപ്പിക്കുന്ന തരത്തിലുള്ള ‘ഹിന്ദുത്വം’ അല്ല എന്നുമാണ്. ബ്രാഹ്മണ മേധാവിത്വത്തെ ഒന്നു മയപ്പെടുത്താന്‍ ഹാര്‍ദിക് പട്ടേല്‍-പാട്ടീദാര്‍, ജിഗ്നേഷ് മേവാനി-ദളിത്, അല്‍പേഷ് താകുര്‍-ഒബിസി എന്നീ ഗുജറാത്തിലെ യുവ തുര്‍ക്കികളുമായി രാഹുല്‍ ജാതിമുന്നണിയും ഉണ്ടാക്കി. മധ്യനിലപാടുള്ള കോണ്‍ഗ്രസാണ് ഹിന്ദു വോട്ടുകള്‍ തിരിച്ചുപിടിക്കാന്‍ സാധ്യതയുള്ള കക്ഷി. എങ്കിലും എങ്ങനെയാണ് ഈ ജാതി വൈരുദ്ധ്യങ്ങളെ രാഹുല്‍ സൂക്ഷ്മമായി കൈകാര്യം ചെയ്യുന്നത് എന്നതിനെ ആശ്രയിച്ചിരിക്കുമത്.

ബിജെപിയുടെ വളര്‍ച്ച സാവധാനത്തിലായിരുന്നതിനുള്ള കാരണം ഹിന്ദു സമൂഹത്തിലെ ജാതി വിഭജനങ്ങളാണ്. പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണത്തിലൂടെ മുന്‍ പ്രധാനമന്ത്രി വിപി സിംഗ് തിരികൊളുത്തിയ രാഷ്ട്രീയ തിരിച്ചടിയെ മറികടക്കാന്‍ ആ കക്ഷിക്ക് ഒരു പതിറ്റാണ്ടോളം എടുത്തു. ബഹുതല തന്ത്രങ്ങളിലൂടെയാണ് ബിജെപി ആ പിന്നാക്കജാതിക്കാരുടെ പ്രതിരോധത്തെ അടക്കിയത്: അവരുടെ ചില നേതാക്കളെ എന്‍ഡിഎയില്‍ ഉള്‍പ്പെടുത്തി, ബിഹാറിലേതുപോലെ ശക്തമായ ജാതി മുന്നണികളെ ഭിന്നിപ്പിച്ചു. വഴങ്ങാന്‍ മടിച്ചവരെ അവരുടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ബലവും പ്രതിച്ഛായയും ചോര്‍ത്തും വിധം അഴിമതിക്കേസുകളില്‍ തളച്ചിട്ടു. ഹ്രസ്വകാല നടപടികളും നിഷേധാത്മക തന്ത്രങ്ങളും ദീര്‍ഘകാലത്തേക്ക് ഫലം നല്‍കില്ല. ശരിയായ, എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു മാനസികാവസ്ഥയ്ക്കേ അതിനു കഴിയൂ. അതാണ് ബിജെപിയുടെ പരീക്ഷണവും.

ഗുരുവിനെ മറക്കുന്ന സന്യാസിമാര്‍ ചോര മണക്കുന്ന സംഘപരിവാറിലെത്തുമ്പോള്‍

കേരളത്തിലെ ഹിന്ദുവിന് എന്തിന്റെ കുറവാണ് സംഘപരിവാരം വന്ന് നികത്താനുള്ളത്?

ചില സനാതന ഹൈന്ദവ രതി ചിന്തകളും പോണ്‍ ബാനും

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെയ് ബെനഡിക്ട്

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍