UPDATES

ചങ്കുറപ്പും ഇച്ചിരി കൈയ്യൂക്കും ഉള്ള പെണ്ണിനോട്, നീ എന്താ ‘ആ സമയത്ത്’ എന്നു ചോദിക്കുന്ന ‘ചേട്ടന്‍മാരോ’ട്

സ്ത്രീ ഒരു കാമസ്രോതസ്സ് മാത്രമെല്ലന്നും അവളും, അവളുടെ നിലപാടുകളും മാറുന്ന കാഴ്ചപ്പാടുകളിലേക്ക് വെളിച്ചം വീശുന്ന ഒരു പുതിയ മാനമാണെന്നും വൈകിയാണെങ്കിലും തിരിച്ചറിഞ്ഞേ മതിയാവുകയുള്ളു.

അനെഞ്ജന സി

അനെഞ്ജന സി

ഈ കുറിപ്പിന് പ്രചോദനം എന്റെ കൂട്ടുകാരിയാണ്. അവളെക്കുറിച്ച് പറയാൻ അവളുടെ പേരോ, നാടോ, വിലാസമോ ഒന്നും വേണ്ട അവൾ ഒരു പെണ്ണാണ് എന്നുള്ളത് മാത്രം മതി. ഒരു പെണ്ണ്. രണ്ടു ദിവസങ്ങൾക്ക് മുൻപ് അവളുടെ സൗകര്യത്തിലും സമാധാനത്തിലും അവളുടെ ജോലി കഴിഞ്ഞതിനു ശേഷം തിരിച്ചു വരുന്ന വഴി അവൾക്കൊരു അനുഭവം ഉണ്ടായി.

കേരളത്തിന്റെ ഭൂപ്രകൃതിയിൽ ഒരു പുതിയ അനുഭവമായി കണക്കാക്കേണ്ട ഒന്നും തന്നെ അതിൽ ഇല്ല – കാരണം നമ്മുടെ നാട്ടിൽ, നമ്മൾക്കിടയിൽ ഇത്തരം സാഹചര്യങ്ങൾക്ക് നല്ല നാടൻ പ്രയോഗമുണ്ട് – ‘അതിനെപ്പെന്താ, ഇതൊക്കെ സാധാരണമാണ് …കണ്ടില്ല കേട്ടില്ല എന്ന് കണ്ടു അങ്ങ് പോണം.’ അതെ ഏകദേശം മനസ്സിലായി കാണുമല്ലോ. രാത്രി ഒറ്റയ്ക്കായിരുന്ന അവളെ നോക്കി ഒരു ‘ചേട്ടൻ’ സ്വന്തം കലാവിരുത് അങ്ങ് തുടങ്ങി .

പെണ്ണിന് ചങ്കുറപ്പും ഇച്ചിരി കൈയ്യൂക്കും ഉള്ളത് കൊണ്ട് കയ്യോടെ പിടിച്ചു നാലെണ്ണം പൊട്ടിച്ചു പോലീസിനെ വിളിച്ചു കാര്യം പറഞ്ഞു. അപ്പോഴും കണ്ടു നിന്ന നാട്ടുകൂട്ടത്തിലെ ചേട്ടന്മാർക്കറിയേണ്ടിയിരുന്നത് അവൾ ‘ആ സമയത്ത്’ എവിടെ നിന്ന് വരുന്നു എന്ന് മാത്രമാണ്. പെണ്ണിനെ മാത്രം ബാധിക്കുന്ന നല്ല സമയത്തിന്റെയും അസമയത്തിന്റെയും ടൈം ടേബിൾ തിരയുന്ന തിരക്കിലായി അവർ. അവൾ തെളിവ് സഹിതം പൊക്കിയ ‘ചേട്ടന്’ ആ സമയത്ത്, പെൺകുട്ടികൾ താമസിക്കുന്ന ഒരു ഹോസ്റ്റലിന്റെ ചുറ്റുവട്ടത്ത് വരുന്നതിനു ഒരു പ്രശ്നമോ, ദുരൂഹതയോ ആരും എങ്ങും കണ്ടില്ല.

ശബരിമലയിലെ സ്ത്രീ പ്രവേശനവും സ്ത്രീസ്വാതന്ത്ര്യവും, മീ ടൂ മൂവ്‌മെന്റും കൊടികൊട്ടിയാടുന്ന വേളയിലും മലയാളി പൊതുബോധം എങ്ങനെ പ്രവർത്തിക്കുന്നു എന്ന നേർകണ്ണാടിയായിരുന്നു ഞങ്ങൾക്കിത്.

സ്ത്രീയും ഒരു വ്യക്തിയാണ് അവളുടെ ശരീരം ഒരു പൊതുമുതലും അവളുടെ ചാരിത്ര്യം ഒരു പൊതു ബാധ്യത അല്ലായെന്നും അലറിവിളിച്ചു പറയുന്ന ഫെമിനിസ്റ്റ് മൂവ്മെന്റിന് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുകയാണ് കേരളമിന്ന്. കാലഹരണപ്പെട്ട മൊറാലിറ്റിയെ ചോദ്യം ചെയ്യാൻ ആഹ്വാനം ചെയ്തുകൊണ്ടും ചെയ്യാൻ ശ്രമിച്ചുകൊണ്ടും ലോകത്തെങ്ങും പലവിധത്തിലുള്ള കൂട്ടായ്മകളും പ്രകടനങ്ങളും ഇന്ന് ഒത്തു ചേരുന്നു. അക്രമിക്കപ്പെട്ടവരുടെയും അക്രമിച്ചവരുടെയും പേരുകൾ പറഞ്ഞും പറയാതെയും നമ്മൾ ‘സ്ത്രീ സുരക്ഷ’ എന്ന വിഷയത്തെ അഭിസംബോധന ചെയ്യാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു ഇന്ന്. പക്ഷെ കാണാതെ പോകുന്നത് അല്ലെങ്കിൽ ശ്രദ്ധിക്കാതെ പോകുന്നത് ഈ പ്രതിക്ഷേധങ്ങളെയെല്ലാം വെറും പ്രഹസനമായി മാത്രം കണ്ടു നമ്മുടെ മുന്നിൽ സദസ്യരായി ഇരിക്കുന്ന മാന്യ മധ്യവർഗ സമൂഹത്തിനെയാണ്.

ഉപരിവർഗവും അധസ്ഥിതവർഗവും അവരുടേതായ അസ്തിത്വവാദങ്ങളിൽ കുടുങ്ങി കിടക്കുന്നതുകൊണ്ട് തന്നെ ദൈനംദിന ജീവിതത്തിൽ അരങ്ങേറുന്ന സെക്ഷ്വൽ അട്രോസിറ്റിസ് അവർ അഭിമുഖീകരിക്കുന്നതും അതുമായിട്ട് സംവാദത്തിൽ ഏർപ്പെടുകയും ചെയ്യുന്നത് തീർത്തും വ്യത്യസ്തമായ രീതിയിലാണ്. എന്നാൽ ഈ രണ്ടു വര്‍ഗ്ഗങ്ങളുടെയും ഇടയിൽ നിന്നുകൊണ്ട് ഓരോ നിമിഷവും ‘പുരോഗതി’ സ്വാംശീകരിക്കാനും സ്വയം പര്യാപ്തത കൈവരിക്കാനും മല്ലിട്ടുകൊണ്ടിരിക്കുന്ന ‘ഇടത്തരക്കാരൻ മലയാളിയെ’ നമ്മൾക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല.

ഒരു സമൂഹത്തിന്റെ, പ്രത്യേകിച്ച് കേരളം പോലുള്ള ഒരു സംസ്ഥാനത്ത് മധ്യവർഗ ശ്രേണി ചെലുത്തുന്ന സ്വാധീനം ചെറുതല്ല. അറിഞ്ഞോ അറിയാതെയോ അവരെ മുന്നിൽ കണ്ടും അവരെ ലക്ഷ്യം വെച്ചുമാണ് രാഷ്ട്രീയ-സാമൂഹീക തലങ്ങളിലെ വ്യത്യസ്ത ക്രയവിക്രയ തന്ത്രങ്ങളും മൂല്യങ്ങളും എല്ലാം രചിക്കപ്പെടുന്നത്. മധ്യവർഗത്തിനുള്ളിൽ നടത്തുന്ന ഇടപെടലുകളെല്ലാം വളരേയേറെ പ്രസക്തമാവുന്നതും അത് വർഗ-ജാതി-മത ഭേദമന്യേ വോട്ട് ബാങ്കിൽ പ്രതിഫലിക്കുകയും ചെയ്യുന്നത് ഇതുകൊണ്ടു തന്നെയാണ്.

മറ്റു പല വിഷയം പോലെ സ്ത്രീയും അവളുടെ സ്വാതന്ത്ര്യത്തിന്റെ അതിർവരമ്പുകൾ നിശ്ചയിക്കുന്നതിലും മേല്പറഞ്ഞ മധ്യവർഗ ശ്രേണിയുടെ മനോഭാവം നിർണായകമാണ്. സാമ്പത്തികമായി ഞരങ്ങുകയും പരാധീനതകൾ ഏറെയുമുള്ള എന്നാൽ പൊങ്ങച്ചത്തിനു തീരെ പഞ്ഞവുമില്ലാത്ത മലയാളിക്ക് (പുരുഷന്) ഇന്ന് മാന്യമായി പിടിച്ചു നിൽക്കാൻ ഒരു കൈത്താങ്ങാണ് വിവരവും വിദ്യാഭ്യാസവും ജോലിയുമുള്ള ഒരു പങ്കാളി. അങ്ങനെ ഒരു സാഹചര്യം നിലനിൽക്കുന്നുണ്ടായിരുന്നില്ലെങ്കിൽ എത്ര പങ്കാളികളെ ഇന്നും ജോലിക്കു വിടാനും (അനുവാദത്തോടെ മാത്രമേ പറ്റുകയുള്ളു) അവരുടെ സ്വയംപര്യാപ്തതയെ തുറന്ന മനസ്സോടെ ആലിംഗനം ചെയ്യാനും എത്ര മലയാളീ പുരുഷന്മാർ മുന്നോട്ടു വരുമെന്നത് സംശയകരമാണ്. അതുകൊണ്ടു തന്നെ സ്വയം കുറച്ചു കാണിക്കുകയും ഭർത്താവിന്റെ ജോലി തന്നെയാണ് അടിസ്ഥാന ജീവിതോപാധി എന്ന് ബോധപൂർവം വരുത്തിത്തീർക്കുന്നവർ കുറവല്ല നമുക്ക് ചുറ്റും.

സ്ത്രീ എന്നത് പുരുഷന് എന്നും ഒരു ചുമതലയാണ്. അവൾ മകളായാലും, അമ്മയായാലും, സഹോദരിയായാലും, പങ്കാളിയായാലും, സുഹൃത്തായാലും. (അവളിൽ അവനു വിശ്വാസമില്ലാഞ്ഞിട്ടില്ല അവന്റെ കൂട്ടത്തിൽ തന്നെയുള്ള മറ്റുള്ളവരെ അവനു വിശ്വാസമില്ലാത്തതു കൊണ്ടാണ് അതെന്നുള്ളതാണ് ഖേദകരമായ വാസ്തവം.) അതുകൊണ്ടു തന്നെ സുരക്ഷ എന്നുള്ള ഒരു വാക്കും അതിന്റെ അർത്ഥതലങ്ങളും സ്ത്രീ എന്ന ഒരു പൊളിറ്റിക്കൽ ജെൻഡറിനെ സംബന്ധിച്ചിടത്തോളംഇക്വേറ്റ് ചെയ്യപ്പെടുന്നത് സ്ത്രീയുടെ അബലതയിലും പുരുഷന്റെ അധികാര ശക്തിയിലുമാണ്. ഈ ഒരു ബൈനറി തന്നെയാണ് സമൂഹത്തിലെപ്പോഴും പ്രവർത്തിക്കുന്നതും.

കരഞ്ഞുകൊണ്ടും പേടിച്ചുകൊണ്ടും രക്ഷ തേടുന്നവളാണ് അല്ലെങ്കിൽ തേടേണ്ടവളാണ് ഒരു സാധാരണ സ്ത്രീ. മറുവശത്ത് ധൈര്യം കൊടുക്കേണ്ടവനും ഉത്തരവാദിത്വം ഏറ്റെടുത്തുകൊണ്ട് ചുമതലകൾ വഹിക്കേണ്ടവനും സ്ത്രീക്ക് സുരക്ഷിതത്വത്തിന്റെ തണലേകേണ്ടവനുമാണ് അവളുടെ നാഥൻ. തന്റെ അവകാശങ്ങളെക്കുറിച്ചു ബോധമുള്ളതും തന്റെ നിലപാടുകളെ ധൈര്യപൂർവം പ്രഖ്യാപിക്കാനും കഴിവുള്ള ഒരു സ്വതന്ത്ര സ്ത്രീയെ നമുക്ക് സങ്കൽപ്പിക്കാനും സ്വീകരിക്കാനും അതുകൊണ്ടു തന്നെ വളരെയേറെ ബുദ്ധിമുട്ടാണ്.

സ്ത്രീയും, പുരുഷനും, മറ്റു ന്യൂനപക്ഷങ്ങളും അടങ്ങുന്ന സമൂഹമെന്ന അധികാരശൃംഖല ഈ ബൈനറിയെ നിലനിർത്തുന്നതും ഇതേ യുക്തി ഉപയോഗിച്ചുകൊണ്ട് തന്നെയാണ്. തുല്യത എന്ന ആശയം പുരുഷകേന്ദ്രീകൃത സമൂഹത്തിൽ അപ്പോൾ നിർവചിക്കപ്പെടുന്നതും ഇതേ അസമമായ ലിംഗ ദ്വന്ദങ്ങളിലൂടെ തന്നെയായിരിക്കും. ഇവിടെ അനുഭവങ്ങളിലൂടെ കടന്നു പോകുന്ന സ്ത്രീ വെറും പ്രതിനിധീകരിക്കപ്പെടേണ്ട വിഷയമായി ചുരുങ്ങുകയും, അവളുടെ അനുഭവങ്ങൾ വെറും കഥകളും ഒറ്റപ്പെട്ട സംഭവങ്ങളുമായി ചുരുക്കാൻ ഇത്തരത്തിലുള്ള ഒരു അസമമായ അധികാര വിഭജനത്തിലൂടെ സാധിക്കുകയും ചെയ്യുന്നു. അതിനാൽ തന്നെ ഞങ്ങൾ നിർവചിക്കുന്ന മൂല്യങ്ങളും നാട്ടുനടപ്പുകളും പാലിച്ചാൽ നീ സുരക്ഷിതയായിരിക്കുമെന്നും മറുപക്ഷം അത് നിന്റെ കുറ്റമാണെന്നും ഒരു പുരുഷകേന്ദ്രീകൃത സമൂഹത്തിനു ആയാസപൂർവം വിധി പ്രസ്താവിക്കാനാവുന്നു.

നിന്റെ സുരക്ഷ ഞങ്ങൾ പറയുന്നതനുസരിച്ചാൽ ഞങ്ങൾ നോക്കിക്കൊള്ളാമെന്നും അല്ലാത്തപക്ഷം ഭവിഷ്യത്തുകൾ നീ ഒറ്റയ്ക്ക് അനുഭവിക്കേണ്ടി വരുമെന്നും വളരെ ശക്തമായി തന്നെ അത്തരത്തിലുള്ള ഒരു സമൂഹം നമ്മെ ഓർമ്മപ്പെടുത്തികൊണ്ടിരിക്കുന്നു. കൃത്യമായും ബോധപൂർവം ചെലുത്തിയെടുക്കുന്ന ഇത്തരത്തിലുള്ള ഒരു ആശ്രയ വ്യവസ്ഥ വളരെ എളുപ്പം കാലങ്ങൾക്കിപ്പുറം നോർമലൈസ് ചെയ്യപ്പെടുന്നു.

മേൽപറഞ്ഞ അധികാര ദ്വന്ദം അസമത്വപൂർണവും അപൂര്‍ണ്ണവും ആണെന്നിരിക്കെ അതിനെ നോർമലൈസ് ചെയ്തു അംഗീകരിച്ച ഒരവസ്ഥയിൽ സ്ത്രീ സ്വാന്തന്ത്ര്യവും സ്ത്രീ സുരക്ഷയും രണ്ടു വ്യത്യസ്ത വാദങ്ങളും ആവശ്യകതയുമായി എളുപ്പം ചിത്രീകരിക്കപ്പെടുന്നു .

ഒന്ന് വളരെ ഭംഗിയേറിയ വൈകാരികമായ ഒരാശയവും രണ്ടാമത്തേത് ശ്രദ്ധക്കുറവും അഹങ്കാരവും മൂലം ചില തോന്ന്യവാസികൾക്കു മാത്രം വന്നു ഭവിക്കുന്ന ഒറ്റപ്പെട്ട ദൗർഭാഗ്യകരമായ സംഭവങ്ങൾ മാത്രമാകുന്നു. ഒറ്റപ്പെട്ടത് എന്ന ഒരു തരത്തിൽ മാത്രം പെടുത്തികൊണ്ടു തന്നെ, അങ്ങനെ എന്നും എവിടെയും എപ്പോഴും സ്ത്രീകൾക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ ഒക്കെയും വളരെ ലാഘവത്തോടെ നിസ്സാരവത്കരിക്കുവാനും അതിനു പിന്നിൽ അന്തർലീനമായ പുരഷാധിഷ്ഠിത (ലൈംഗീക ) അധികാരഘടനയെ ചോദ്യം ചെയ്യാതെ സംരക്ഷിക്കാനും കൈക്കൊള്ളുവാനും സമൂഹം നമ്മളെ പഠിപ്പിക്കുന്നു. അത്തരത്തിലുള്ള പൊതുബോധം പിന്നീട് തുറന്നു പറച്ചിലുകളെയും ചോദ്യം ചെയ്യലുകളെയും സ്ത്രീയുടെ വൈകാരികവും നൈമിഷികവുമായ പ്രതികരണങ്ങൾ എന്ന് വളരെ എളുപ്പം തള്ളിക്കളയുകയും തുടച്ചു നീക്കുകയും ചെയുന്നു. കൃത്യമായ പ്രതികരണങ്ങൾ പോലും വെറും പൊട്ടിച്ചീറ്റലുകളായി ചിത്രീകരിക്കപ്പെടുന്നു. അവയ്ക്കു പിന്നിലുള്ള കൃത്യമായ അവലോകന ബോധവും രാഷ്ട്രീയ തിരിച്ചറിവും വളരെ അനായാസം അവഗണിക്കപ്പെടുന്നു.

വിഷയം എന്ത് തന്നെയായാലും മുൻപേ നിർവചിക്കപ്പെട്ട വ്യാഖ്യാനങ്ങൾ മാത്രമാണ് അന്തിമം എന്നും ഒരു പുനർവായനയ്ക്കോ പുനർവിചിന്തിനത്തിന്റെയോ ആവശ്യം ഇല്ല എന്നും പറയാതെ പറയുന്നിടത്താണ് പിന്നീട് പ്രത്യക്ഷത്തിൽ തന്നെ അപ്രത്യക്ഷമായ സമൂഹത്തിന്റെ ഇടപെടൽ വന്നെത്തുന്നത്. ഇതിലൂടെ ഒരു തരത്തിലുള്ള പരസ്പര പ്രതിബദ്ധതയും ഏറ്റെടുക്കാതെയും, അംഗീകരിക്കാതെയും വ്യത്യസ്ത ലിംഗ നീതി അനായാസം നടപ്പാക്കുവാനും ന്യായീകരിക്കുവാനും മലയാളിക്ക് എളുപ്പം സാധിക്കുന്നു. തുറിച്ചു നോക്കുകയും, അശ്ലീലം നിറഞ്ഞ ചേഷ്ടകൾ കാണിക്കുകയും പറയുകയും ചെയ്യുന്ന ആണൊരുത്തന് ഒരു ക്ലേശവും കൂടാതെ നടന്നകലുവാനും ഇതിനെല്ലാം ഇരയാവുന്ന പെണ്ണുടലുകൾ അത് കണ്ടില്ലെന്നു നടിക്കാതെ പ്രതികരിക്കുമ്പോൾ കുറ്റക്കാരികൾ ആവുന്നതും അതുകൊണ്ടു തന്നെയാണ്.

മാറ്റങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴും മാറാൻ തയ്യാറാവാതെ നമ്മൾ കൂടെ ഭാഗമായ ഒരു സമൂഹത്തിന്റെ അടിസ്ഥാനപരമായ മനോഭാവത്തിനെ കണ്ടില്ലെന്നു നടിച്ചു മുന്നോട്ട് പോവുക എന്നത് കണ്ണടച്ച് ഇരുട്ടിൽ തപ്പുന്നതിനു തുല്യമാകും. മാറ്റങ്ങളെ കുറിച്ച് സംസാരിക്കുമ്പോഴും തിരിച്ചറിവുകളുടെ ആദ്യ വെട്ടം പകർന്നു നൽകേണ്ടത് അവനവനിലേക്കും അവനു ചുറ്റും നിൽക്കുന്നവനിലേക്കും ആണ് എന്ന് തോന്നുന്നു. അവകാശ പ്രഖ്യാപനങ്ങൾക്കു മുൻപേ അസ്തിത്വം എന്നുള്ളത് രാഷ്ട്രീയമായി അടയാളപ്പെടുത്തേണ്ടതും, അത് പക്ഷേ ന്യൂനപക്ഷങ്ങൾക്കപ്പുറം തുല്യത എന്ന ആശയത്തിൽ അടിസ്ഥാനപ്പെടുത്തേണ്ടതും ആകുന്നു. പരസ്പരപൂരകങ്ങളായ കണ്ണികൾ പരസ്പര പൂരകങ്ങൾ ആകുന്നു എന്നും അതിനെ തല്പരശക്തികൾക്കായി ലിംഗാധിഷ്ഠിത അധികാര കേന്ദ്രീകരണത്തിലൂടെ അട്ടിമറിക്കാനാവില്ലെന്നും ഓർമപ്പെടുത്തികൊണ്ടേയിരിക്കണം.

സ്ത്രീ ഒരു കാമസ്രോതസ്സ് മാത്രമെല്ലന്നും അവളും, അവളുടെ നിലപാടുകളും മാറുന്ന കാഴ്ചപ്പാടുകളിലേക്ക് വെളിച്ചം വീശുന്ന ഒരു പുതിയ മാനമാണെന്നും വൈകിയാണെങ്കിലും തിരിച്ചറിഞ്ഞേ മതിയാവുകയുള്ളു. അധികാരം നഷ്ടപ്പെട്ടേക്കുമെന്ന ഭീതിയാൽ സമർത്ഥമായി അവളുടെ പ്രതികരണങ്ങളെ നിശബ്ദമാകുകയും നിസ്സാരവത്ക്കരിക്കുകയും അല്ല വേണ്ടത്. മറിച്ച് നമ്മൾക്കിടയിലെ ജീർണിച്ച വേരുകൾ പിഴുതെറിയുക തന്നെയാണ് വേണ്ടത്. നാളെ ആക്രമിക്കപ്പെട്ടു എന്ന് പറയുമ്പോൾ (അതാരുമാവട്ടെ), നീ എന്താ അവിടെ ആ സമയത്തു എന്ന് അർഥം വെച്ച് ചോദിക്കുന്നതിന് പകരം എന്ത് പറ്റി എന്ന് ആത്മാർത്ഥമായി ചോദിക്കുന്ന ഒരു സമൂഹം ആണ് നമുക്ക് വേണ്ടത്; നിലപാടുകളുടെ ഘോര പ്രഖ്യാപനങ്ങൾക്കപ്പുറം ജാഗ്രതയും പ്രതിബദ്ധതയും സഹാനൂഭൂതിയും നിറഞ്ഞ ഒരു മനുഷ്യ സമൂഹം.

‘സ്ത്രീകളെ കണ്ടാൽ അയ്യപ്പന‌് ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന് പറയുന്നത് അയ്യപ്പനെ അപകീർത്തിപ്പെടുത്തലാണ‌്’ : എം ലീലാവതി

ഇപ്പോൾ രാജ്യം നേരിടുന്ന ജീവന്മരണപ്രശ്നമാണല്ലോ അയ്യപ്പന്റെ ബ്രഹ്മചര്യം; ആത്മനിന്ദ തോന്നുന്നെന്ന് കെ ആര്‍ മീര

‘അടിച്ചു കൊല്ലെടാ അവളെ’ എന്നത് കേരളം പോലെ ഒരു സംസ്ഥാനത്ത് ഉയർന്നു കേൾക്കുന്നത് അശ്ലീലം തന്നെയാണ് : എസ് ശാരദക്കുട്ടി

അനെഞ്ജന സി

അനെഞ്ജന സി

കോഴിക്കോട് സ്വദേശിയാണ്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍