UPDATES

കെ എ ആന്റണി

കാഴ്ചപ്പാട്

Political Column

കെ എ ആന്റണി

ലോക്സഭാ വിജയം ലോട്ടറിയല്ലെന്ന് മുല്ലപ്പള്ളിക്കും കൂട്ടര്‍ക്കും തെളിയിക്കണം, ദക്ഷിണേന്ത്യ കോണ്‍ഗ്രസ് മുക്തമാവില്ലെന്നും

ലോക്സഭ തിരഞ്ഞെടുപ്പിൽ ശബരിമല പോലെ തന്നെ അനുകൂല ഘടകമായി വർത്തിച്ച കോൺഗ്രസ് അനുകൂല ന്യൂനപക്ഷ ഏകീകരണം എപ്പോഴും ആവർത്തിച്ചുകൊള്ളണമെന്നില്ലെന്നതും മുല്ലപ്പള്ളിയും കോൺഗ്രസ്സും തിരിച്ചറിയുന്നുണ്ട്

കെ എ ആന്റണി

പതിറ്റാണ്ടുകൾ ഇന്ത്യ ഭരിച്ച കോൺഗ്രസ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുഖ്യ പ്രതിപക്ഷമായിരുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി. രണ്ടും ഇന്ന് ഏറെ ശോഷിച്ചുപോയിരിക്കുന്നു. കർണാടകം കൂടി കൈവിടുകയും ഭരണത്തിലിരിക്കുന്ന പുതുച്ചേരി ഏതു നിമിഷവും നഷ്ടപ്പെട്ടേക്കാമെന്ന അവസ്ഥ സംജാതമാവുകയും ചെയ്തതോടെ ദക്ഷിണേന്ത്യയിലും കോൺഗ്രസിന്റെ സ്ഥിതി ഏറെ പരിതാപകരമാണ്. കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യമുയർത്തി ഓപ്പറേഷൻ താമരയുമായി ബി ജെ പി മുന്നോട്ടു നീങ്ങുമ്പോൾ ഉത്തരേന്ത്യയിലെ ശേഷിക്കുന്ന തുരുത്തുകൾ കൂടി ഏതു നിമിഷവും കൈവിട്ടുപോകുന്ന അവസ്ഥ. ബംഗാളിന് പിന്നാലെ ത്രിപുരകൂടി നഷ്ടമായ കമ്മ്യൂണിസ്റ്റുകളുടെ അവസ്ഥയും ഏതാണ്ട് ഇത് തന്നെയാണ്. കേരളത്തിലെ സ്ഥിതി എന്നാൽ അതല്ല. ത്രിപുര കൂടി വീണതോടുകൂടി കമ്മ്യൂണിസ്റ്റുകളുടെ ഏക തുരുത്തായി അറിയപ്പെടുന്ന കേരളം ഇന്നിപ്പോൾ കോൺഗ്രസിനും പ്രതീക്ഷ നൽകുന്ന ഒരു തുരുത്താണ്. നിലവിലെ സാഹചര്യത്തിൽ ദക്ഷിണേന്ത്യയിലെ തന്നെ ഏക തുരുത്തെന്ന് തന്നെ പറയേണ്ടിവരും.

നിലവിൽ ബി ജെ പിക്കു വേണ്ടത്ര സ്വാധീനം ഇല്ലാത്ത കേരളത്തിൽ കൂടുതൽ കരുത്താർജിക്കാനുള്ള തത്രപ്പാടിലാണ് കോൺഗ്രസ്സും കമ്മ്യൂണിസ്റ്റുകളും. ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയുടെ ആഘാതത്തിൽ നിന്നും കമ്മ്യൂണിസ്റ്റുകൾ, പ്രത്യേകിച്ചും ഭരണത്തിന് നേതൃത്വം നൽകുന്ന സി പി എം മുക്തമായിട്ടില്ല. അതുകൊണ്ടു തന്നെ പാർട്ടിയുടെ അടിത്തറ ഭദ്രമാക്കുക എന്ന ലക്ഷ്യവുമായി ഗൃഹ സന്ദർശന പരിപാടിയുമായി മുന്നോട്ടുപോവുകയാണവർ. ലക്‌ഷ്യം ഉടനെ നടക്കാനിരിക്കുന്ന ഉപ തിരഞ്ഞെടുപ്പുകളും തൊട്ടുപിന്നാലെ തന്നെ വരുന്ന തദ്ദേശ സ്ഥാപന തിരഞ്ഞെടുപ്പുകളിലെയും വിജയം തന്നെ. കോൺഗ്രസ്സാവട്ടെ പയറ്റുന്നത് വെറും നിലനിൽപ്പിന്റെ രാഷ്ട്രീയം മാത്രമല്ല. രണ്ടു വർഷത്തിന് ശേഷം നടക്കാനിരിക്കുന്ന അസംബ്ലി തിരഞ്ഞെടുപ്പുകൂടി മുന്നിൽ കണ്ടുകൊണ്ടാണ് അവർ കരുക്കൾ നീക്കുന്നത്.

ദേശീയ തലത്തിൽ പാർട്ടി തകർന്നു തരിപ്പണമായതിനു തൊട്ടുപിന്നാലെ ലോക് സഭ തിരെഞ്ഞെടുപ്പിൽ പാർട്ടിയെ മുന്നിൽ നിന്നും നയിച്ച രാഹുൽ ഗാന്ധി ദേശീയ അധ്യക്ഷ സ്ഥാനം രാജിവെച്ചതോടെ കേന്ദ്രത്തിൽ നാഥനില്ലാത്ത അവസ്ഥയിലാണ് കോൺഗ്രസ്. എന്നാൽ കേരളത്തിലെ സ്ഥിതി അതല്ല. നീണ്ട പരീക്ഷണങ്ങൾക്കും ഗുസ്‌തികൾക്കും ശേഷം മുല്ലപ്പള്ളി രാമചന്ദ്രന്റെ രൂപത്തിൽ കേരളാ കോൺഗ്രസ് പ്രദേശ് കമ്മിറ്റിക്ക് ഒരു സ്ഥിര അധ്യക്ഷനുണ്ട്. അനുകൂല ഘടകങ്ങൾ പലതുണ്ടായിരുന്നു. എന്നിരുന്നാലും ഇക്കഴിഞ്ഞ ലോക് സഭ തിരെഞ്ഞെടുപ്പിൽ കോൺഗ്രസ്സും യു ഡി എഫും നേടിയ മിന്നുന്ന ജയത്തിന്റെ ക്രെഡിറ്റ് അദ്ദേഹത്തിന്റെ നേതൃപാടവത്തിനുകൂടി അവകാശപ്പെട്ടതുമാണ്. ലോക് സഭ തിരെഞ്ഞെടുപ്പിൽ കിട്ടിയ മേൽക്കൈ നിലനിര്‍ത്തുക എന്നതാണ് മുല്ലപ്പള്ളിയുടെ മുഖ്യ ലക്‌ഷ്യം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജിലെ കത്തിക്കുത്തും ആന്തൂരിലെ പ്രവാസി വ്യവസായിയുടെ ആത്മഹത്യയുമൊക്കെ സി പി എമ്മിനെതിരെ എങ്ങനെ ഫലപ്രദമായി ഉപയോഗപ്പെടുത്താം എന്ന പരീക്ഷണത്തിലാണ് മുല്ലപ്പള്ളിയും കൂട്ടരും. കെ എസ യു വിനേയും യൂത്ത് കോൺഗ്രസിനെയും മാത്രമല്ല കോൺഗ്രസ് പാർട്ടിയെ തന്നെ എൽ ഡി എഫ് സർക്കാരിനെതിരെയുള്ള പ്രതിക്ഷേധ സമര മുഖത്ത് അണിനിരത്തുക എന്ന തന്ത്രം തന്നെയാണ് മുല്ലപ്പള്ളി ഇപ്പോൾ പയറ്റുന്നതും. ഇക്കാര്യത്തിൽ മുഖ്യ ഘടക കക്ഷിയായ മുസ്ലിം ലീഗിന്റെ വിദ്യാർത്ഥി – യുവജന പ്രസ്ഥാനങ്ങളിൽ നിന്നുമുള്ള പിൻതുണയും ലഭിക്കുന്നുണ്ട്. മുൻപെങ്ങുമില്ലാത്ത വിധത്തിൽ മാധ്യമങ്ങൾ നൽകുന്ന പിന്തുണ കൂടിയാകുമ്പോൾ മുല്ലപ്പള്ളിക്കും കോൺഗ്രസിനും വർധിത ആവേശം ഉണ്ടാവുന്നത് തികച്ചും സ്വാഭാവികം.

അതിനിടെ വൈപ്പിൻ ഗവണ്മെന്റ് കോളേജിലെ എസ് എഫ് ഐ – എ ഐ എസ് എഫ് സംഘർഷവുമായി ബന്ധപ്പെട്ടു നടന്ന ഡി ഐ ജി ഓഫീസ് മാർച്ചിനിടെ ഉണ്ടായ പോലീസ് ലാത്തിച്ചാർജിൽ സി പി ഐയുടെ മൂവാറ്റുപുഴ എം എൽ എ എൽദോ എബ്രഹാം, സി പി ഐ എറണാകുളം ജില്ലാ സെക്രട്ടറി പി രാജു തുടങ്ങിയർവര്‍ക്ക് പരിക്കേറ്റ സംഭവത്തെയും സി പി എമ്മിനെ അടിക്കാനുള്ള നല്ലൊരു വടിയായാണ് കോൺഗ്രസ് ഉപയോഗപ്പെടുത്താൻ ശ്രമിക്കുന്നത്. പോലീസ് നടപടിയില്‍ സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പുലര്‍ത്തിയ മൌനത്തില്‍ സി പി ഐക്കുള്ളിൽ പ്രതിക്ഷേധം പുകയുന്നുണ്ടെന്നത് കോൺഗ്രസിന് കൂടുതൽ ഊർജ്ജം പകരുന്നുണ്ട്.

ഇങ്ങനെയൊക്കെയാണെങ്കിലും കെ പി സി സി പ്രസിഡന്റ് എന്ന നിലയിൽ മുല്ലപ്പള്ളി രാമചന്ദ്രൻ സ്വീകരിക്കുന്ന എല്ലാ നിലപാടുകൾക്കും പാർട്ടിക്കുള്ളിൽ നിന്നും പൂർണ പിന്തുണ ലഭിക്കുന്നില്ലെന്നതിന്റെ തെളിവായി വേണം ആലത്തൂർ എം പി രമ്യ ഹരിദാസിന് പിരിവെടുത്തു കാറ് വാങ്ങി നൽകുന്നതിനെ എതിർത്തതിന്റെ പേരിൽ വടക്കാഞ്ചേരി എം എൽ എ അനിൽ അക്കരെ ഉയർത്തിയ വിമത സ്വരത്തെ കാണാൻ. എന്നാൽ ഈ വിഷയത്തിൽ എം എൽ എയെ തിരുത്താൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടിയുമൊക്കെ രംഗത്തുവന്നുവെന്നത് മുല്ലപ്പള്ളിക്ക് ആശ്വാസം പകരുന്നുണ്ട്.

അതേസമയം തന്നെ യു ഡി എഫിലെ പ്രധാന ഘടക കക്ഷികളിലൊന്നായ കേരളാ കോൺഗ്രസിൽ തുടരുന്ന അധികാര വടംവലി വലിയൊരു തലവേദനയായി തുടരുകയാണ്. ലോക് സഭ തിരെഞ്ഞെടുപ്പിൽ മത്സരിക്കാൻ അവസരം ലഭിക്കാതെ പോയതിനു പിന്നാലെ ഇന്നലെ നടന്ന കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തിരെഞ്ഞെടുപ്പിൽ തന്റെ സ്ഥാനാർത്ഥിയെ തഴഞ്ഞ് ജോസ് കെ മാണിയുടെ ആളെ തിരെഞ്ഞെടുത്ത കോൺഗ്രസ് നിലപാടിനെതിരെ പി ജെ ജോസഫ് ആഞ്ഞടിച്ചതിനെ ചെറുതായി കാണാൻ കഴിയില്ല. ജോസ് കെ മാണിയെ തല്‍ക്കാലം സുഖിപ്പിച്ചു കൂടെനിര്‍ത്തുകയല്ലാതെ മറ്റു വഴിയൊന്നും കോൺഗ്രസിന് മുന്നിലില്ലെന്നത് ശരി തന്നെ. പക്ഷെ നഷ്ടം മാത്രം സഹിക്കാൻ ജോസഫും കൂട്ടരും എന്നും തയ്യാറായിക്കൊള്ളണമെന്നില്ലല്ലോ!

ലോക്സഭ തിരഞ്ഞെടുപ്പിൽ ശബരിമല പോലെ തന്നെ അനുകൂല ഘടകമായി വർത്തിച്ച കോൺഗ്രസ് അനുകൂല ന്യൂനപക്ഷ ഏകീകരണം എപ്പോഴും ആവർത്തിച്ചുകൊള്ളണമെന്നില്ലെന്നതും മുല്ലപ്പള്ളിയും കോൺഗ്രസ്സും തിരിച്ചറിയുന്നുമുണ്ട്. എങ്കിലും സി പി എമ്മിന്റെ വീഴ്ചകളിൽ നിന്നും എങ്ങനെ പരമാവധി രാഷ്ട്രീയ നേട്ടം കൊയ്യാം എന്ന അന്വേഷണത്തിലാണ് മുല്ലപ്പള്ളിയും കോൺഗ്രസ്സും.

Read More: വാടക വീട് കിട്ടിയില്ലെന്ന വിവാദങ്ങള്‍ക്ക് വിട; നിപയെ അതിജീവിച്ച വിദ്യാര്‍ത്ഥിയുടെ വീട് വാസയോഗ്യമാക്കാനുള്ള പ്രവര്‍ത്തനം വടക്കേക്കര പഞ്ചായത്ത് ആരംഭിച്ചു

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍