UPDATES

ട്രെന്‍ഡിങ്ങ്

ശിക്ഷ: മരണം, കുറ്റം: മുസ്ലിം, രാജ്യം: ഇന്ത്യ

കാവി ഇന്ത്യ വളര്‍ന്നു പന്തലിക്കട്ടെ. ഭരണഘടനയും പീനല്‍ കോഡുകളും തിരുത്തപ്പെടട്ടെ. ഹിന്ദു ഇന്ത്യ തങ്കലിപികളില്‍ എഴുതി ചേര്‍ക്കട്ടെ

ശിക്ഷ: മരണം
കുറ്റം: മുസ്ലിം
രാജ്യം: ഇന്ത്യ

ലോക സാമ്പത്തിക ശക്തികളുടെ ഭൂപടത്തില്‍ മൂന്നാം സ്ഥാനത്തേക്ക് കുതിച്ചുയരുകയാണത്രേ നമ്മുടെ രാജ്യം. ആ വളര്‍ച്ചയുടെ കൂടെ ഇന്ത്യന്‍ പീനല്‍ കോഡുകളും നാമറിയാതെ തിരുത്തപ്പെടുന്നുണ്ട്. ഇന്നീ രാജ്യത്ത് നിങ്ങള്‍ ജനിച്ചു വീഴുമ്പോള്‍ തന്നെ കുറ്റവാളിയായി മാറാം. നിങ്ങളൊരു ഹിന്ദുവായല്ല ജനിക്കുന്നത് എന്നാകയാല്‍. നിങ്ങളുടെ കയ്യിലല്ലാതെ പിറവിയെടുത്ത നിങ്ങളുടെ മതം ഏറ്റവും വലിയ കുറ്റകൃത്യമായി മാറിക്കഴിഞ്ഞു ഈ രാജ്യത്ത്. ആ രാജ്യത്തെ നാം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന്! വിളിക്കാറുണ്ട്.

അഫ്രുസുല്‍, മധ്യവയസ്‌കനായ ഒരു തൊഴിലാളിയായിരുന്നു. ഭാര്യയും കുട്ടികളും പേരക്കുട്ടികളുമുണ്ട് അദ്ദേഹത്തിന്. ഇന്നലെ അയാള്‍ കൊല്ലപ്പെട്ടിരിക്കുന്നു. വെറും കൊലയല്ല, മഴു കൊണ്ട് വെട്ടി വീഴ്ത്തി തീ കൊളുത്തി ചുട്ടു കൊന്നു. പച്ച മാംസം വെന്തുരുകുന്ന കാഴ്ച വീഡിയോയില്‍ പകര്‍ത്തി ലോകം മുഴുവന്‍ പ്രചരിപ്പിച്ചു ഘാതകരായ ദേശ സ്‌നേഹികള്‍. ആരോപിക്കപ്പെട്ട കാരണം ലവ് ജിഹാദ്. ഒന്ന് കൂടി വ്യക്തമായി പറഞ്ഞാല്‍ മുസ്ലീമായത്.

‘ചൊവ്വാഴ്ചയും പിതാവ് ഞങ്ങളോട് സംസാരിച്ചിരുന്നു. എല്ലാ ദിവസവും അദ്ദേഹം വിളിക്കാറുണ്ട്. എന്താണ് ലവ് ജിഹാദെന്ന് ഞങ്ങള്‍ക്കറിയില്ല. പേരക്കുട്ടികള്‍ പോലും ഉള്ള അദ്ദേഹത്തെ തീ കൊളുത്തുന്നതിന് മുന്‍പ് ഇറച്ചിവെട്ടുന്നതു പോലെയാണ് അവന്‍ വെട്ടിയരിഞ്ഞത്. അങ്ങനെ ചെയ്തവര്‍ക്കും അതേപോലുള്ള ശിക്ഷ ലഭിക്കണം. കൊല്ലപ്പെടുന്നതിന് മുന്‍പ് വളരെ ദയനീയമായ രീതിയിലാണ് അദ്ദേഹം കരഞ്ഞത് കൊല്ലപ്പെട്ട അഫ്രസുലിന്റെ മകള്‍ റജീന ഖാതുന്റെ വാക്കുകളാണിത്.’

ലവ് ജിഹാദ്; ഒരു പക്ഷേ ആ വാക്ക് ഏറ്റവുമധികം ചര്‍ച്ച വിഷയമായത് മലയാളികള്‍ക്കിടയിലാകണം. രണ്ടു പതിറ്റാണ്ടുകളെങ്കിലും കേരളത്തിലെ മതരാഷ്ട്രീയ ചര്‍ച്ച പരിസരങ്ങളില്‍ സജീവ സാനിധ്യമായി നിലനില്‍ക്കുകയും അതേ കാലയളവിലെ സംസ്ഥാന പോലീസ് ചീഫായിരുന്നവര്‍ ലവ് ജിഹാദ് തെളിയിക്കുന്ന യാതൊരു തെളിവുകളും ഇതുവരേയ്ക്കും ലഭ്യമായിട്ടില്ലെന്ന് ആവര്‍ത്തിച്ചു പറയുകയും തള്ളിക്കളയുകയും ചെയ്തിട്ടുണ്ടെങ്കിലും കേരളമെന്നോ ഉത്തരേന്ത്യയെന്നോ വ്യത്യാസമില്ലാത്ത സംഘപരിവാറുകാര്‍ക്ക് കേരളം ലവ് ജിഹാദിന്റെ കേന്ദ്രമാണ്. അത്തരത്തില്‍ ആ പ്രചാരണങ്ങള്‍ക്ക് ബോധമോ അബോധമോ ആയി ഇവിടത്തെ മുഖ്യധാര മാധ്യമങ്ങളും ഒരു പക്ഷേ രാഷ്ട്രീയ നേതാക്കള്‍ പോലും കാരണവുമായിട്ടുണ്ട്. അപര വിദ്വേഷത്തിലധിഷ്ടിതമായ പ്രത്യയശാസ്ത്രബന്ധിയായി പ്രവര്‍ത്തിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ അജണ്ടകള്‍ മനസ്സിലാക്കാം, പക്ഷേ അവര്‍ക്ക് വെള്ളവും വളവുമായി മാറുന്ന നാലാം തൂണുകള്‍ ഇസ്ലാമോഫോബിക് പരത്താനായുള്ള പ്രചാരക വേഷം കേട്ടുന്നതെന്തിനെന്ന് ഇനിയെങ്കിലും ആലോചിക്കേണ്ടിയിരിക്കുന്നു. തൊണ്ണൂറു വര്‍ഷക്കാലത്തോളം നാഗ്പൂരിലെ പൂണൂല്‍ ബുദ്ധി ജീവികള്‍ കിട്ടാക്കനിയായി നിന്ന ഈ തുരുത്തിനെ അവരിലേക്ക് അടുപ്പിക്കാന്‍ ആവും വിധം പൊതു ബോധ നിര്‍മിതിക്ക് ആക്കം കൂട്ടാന്‍ ‘നിങ്ങളുടെ’ അന്വേഷണാത്മക പത്ര പ്രവര്‍ത്തനം കൊണ്ട് കഴിഞ്ഞിരിക്കുന്നു. ‘ലൗ ജിഹാദ്’ വഴി ദക്ഷിണ കര്‍ണ്ണാടകയിലെ 3000 ഹിന്ദു പെണ്‍കുട്ടികളും കര്‍ണ്ണാടകയിലുടനീളമായി 30,000 പെണ്‍കുട്ടികളും തിരോധാനം ചെയ്യപ്പെട്ടു എന്ന് ഹിന്ദു ജനജാഗ്രതി സമിതി ആരോപിച്ചിരുന്നു. തുടര്‍ന്ന് ഈ ആരോപണത്തെക്കുറിച്ച് ദക്ഷിണ കര്‍ണാടക പോലീസ് ഔദ്യോഗിക വിശദീകരണം നല്‍കുകയുണ്ടായി. 2009 സെപ്റ്റംബര്‍ അവസാനം വരെ 404 പെണ്‍കുട്ടികളെ മാത്രമാണ് കാണാതായതായി റിപ്പോര്‍ട്ട് ചെയ്തത് എന്നും അതില്‍ 332 പേരെ കണ്ടെത്തിയതായും വിശദീകരിക്കപ്പെട്ടു. അവശേഷിക്കുന്ന 57 പേരില്‍ വിവിധ മതക്കാര്‍ ഉള്‍പ്പെടുന്നുണ്ടെന്നും വ്യക്തമാക്കി. പക്ഷേ ഇന്നും കര്‍ണാടക അടങ്ങുന്ന കാവി ബെല്‍റ്റുകളില്‍ ലവ് ജിഹാദിന്റെ പേരിലുള്ള ആക്രമണങ്ങള്‍ പുറം ലോകമറിയാതെ യഥേഷ്ടം തുടരുന്നുണ്ട്.

ലൗവ് ജിഹാദ് അല്ല, ഇസ്ലാം വിരോധം; അഫ്‌റസുള്ളിനെ ചുട്ടുകൊല്ലുന്നത് ചിത്രീകരിച്ചത് 14 കാരന്‍, കൊലയാളി മനോരോഗിയാണെന്നു കുടുംബം

ഒരു മുസല്‍മാനെ കൊന്നു തള്ളാനുള്ള വെറുതെയൊരു കാരണമല്ല ലവ് ജിഹാദ്. പശുവെന്ന കേവല മൃഗം സ്വരൂപിച്ച ഗോമാതാവെന്ന ഓറ പോലെ, ഒരു പക്ഷേ അതിനേക്കാള്‍ ഫലം ചെയ്യുന്നതും വൈകാരികതയുടെ പൊതു സ്വീകാര്യതയാര്‍ജ്ജിക്കുന്നതുമായ രാഷ്ട്രീയ സംജ്ഞയാണ് പ്രണയം നടിച്ചു മതം മാറ്റല്‍ എന്ന ലവ് ജിഹാദ്. ഏറ്റവുമൊടുവില്‍ സ്‌റ്റേറ്റ് പോലീസ് ചീഫായിരുന്ന മനുഷ്യന് വിരമിച്ച ശേഷം തന്റെറ വരും കാല പൊളിറ്റിക്കല്‍ കരിയറിനെ കോണ്‍ക്രീറ്റ് ചെയ്യാന്‍ വേണ്ടി ഉപയോഗിച്ചതും ഇതേ ലവ് ജിഹാദായിരുന്നു. പങ്കുണ്ട്, ആ മനുഷ്യന്‍ വെന്തു തീര്‍ന്നതില്‍ ഇവര്‍ക്കോരോരുത്തര്‍ക്കും പങ്കുണ്ട്.

മോദി വന്നാലെന്താണ് കുഴപ്പം? ഈ ചോദ്യം നാല് വര്‍ഷം മുന്നേ നിഷ്‌കളങ്കമായി ചോദിച്ച നിഷ്പക്ഷരെ ഒരാളെയെങ്കിലും നിങ്ങള്‍ക്കോര്‍മയുണ്ടാകും. അന്നവര്‍ മോദി ഭരണത്തിലേക്ക് കാരണങ്ങളായി പറഞ്ഞ വികസന വാര്‍പ്പുകള്‍ ഒക്കെ വിട്ട് ഇന്നവരുടെ വാദങ്ങള്‍ മതം എന്ന കേവലാശയത്തെ മാത്രം ചുറ്റി പറ്റി നില്‍ക്കുന്നത് നിങ്ങള്‍ ശ്രദ്ധിച്ചു കാണില്ല. പതിറ്റാണ്ടുകളായി ഉറങ്ങി കിടന്ന, പുറത്തു വരാത്ത ഒരു കിരാത ആശയത്തിന് ഏറ്റവും വലിയ ഉത്സാഹം നല്‍കുന്ന രാഷ്ട്രീയ സമയമാണ് കടന്നു പോകുന്നത്. വിറകു കൊള്ളി പോല്‍ വെട്ടിയിട്ട് ചുട്ടു കൊന്ന വീഡിയോ അഭിമാനത്തോടെ ഷെയര്‍ ചെയ്തവരില്‍ മലയാളികളുമുണ്ട്. കേന്ദ്ര മന്ത്രിമാരടക്കമുള്ള ഉന്നത സംഘപരിവാര്‍ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന പ്രതീഷ് വിശ്വനാഥന്മാര്‍. എത്രമേല്‍ അയാള്‍ക്കെതിരെ നമ്മള്‍ സംസാരിക്കുന്നുവോ അത്ര മേല്‍ ആ സംഘടനയിലെ അയാളുടെ സ്ഥാനവും ബഹുമാനവും വര്‍ദ്ധിച്ചു കൊണ്ടേയിരിക്കും. യോഗി ആദിത്യനാഥ് ഇന്ന് മുഖ്യമന്ത്രിയാണ്. പ്രതീഷ് വിശ്വനാഥ് നാളെ കേന്ദ്ര മന്ത്രിയായയേക്കാം.

നടക്കുവാന്‍ ഏറെ ബുദ്ധിമുട്ടിയിരുന്ന ഭിന്ന ശേഷിക്കാരനായ പൈതലായിരുന്നു ഫഹദ് എന്ന മൂന്നാം ക്ലാസുകാരന്‍. കൂട്ടുകാരോടൊപ്പം ഓടി മറയാന്‍ കഴിയാതെ വെട്ടു കത്തിക്ക് കഴുത്ത് കൊടുത്ത് പിടഞ്ഞു മരിക്കേണ്ടി വന്ന കുഞ്ഞ്. വെട്ടി വീഴത്തിയവന്‍ വിജയന് മാനസിക രോഗമത്രേ. മൊബൈലില്‍ ശശികലയുടെ പ്രസംഗം കേള്‍ക്കലാണ് അയാളുടെ പ്രധാന വിനോദം. മാനസിക രോഗം ആരോടുള്ളതാണെന്നും എങ്ങനെ വന്നതെന്നും ഊഹിക്കാവുന്നതേയുള്ളൂ.

റിയാസ് മൗലവി ഒരു പെറ്റി കേസില്‍ പോലും പേര് ചേര്‍ക്കപ്പെട്ടത്ത സാധുവായിരുന്നു. പള്ളിയില്‍ വച്ചാണ് വെട്ടേറ്റു പിടഞ്ഞത്. പ്രതികളെല്ലാം മെമ്പര്‍ഷിപ്പ് ലഭിച്ച രാജ്യ സ്‌നേഹികളാണ്.

ലൗവ് ജിഹാദ്; രാജസ്ഥാനില്‍ മുസ്ലിം തൊഴിലാളിയെ ജീവനോടെ ചുട്ടുകൊന്നു/ ഞെട്ടിക്കുന്ന വീഡിയോ

കൊടിഞ്ഞി ഫൈസല്‍, ഏറെ ചര്‍ച്ച ചെയ്യപ്പെട്ട പേരാണ്, രാജ്യ സ്‌നേഹികളുടെ തല മുതിര്‍ന്ന പ്രചാരകന്റെ കാര്‍മികത്വത്തിലാണ് കൊന്നു തള്ളിയത്. ഹിന്ദു മതത്തില്‍ ജനിച്ച മനുഷ്യനായിരുന്നു. മതം മാറി ഇസ്ലാമായാതാണ്.

ഇനിയും, ഇനിയുമേറെ വെട്ടിയും, കഴുത്തറത്തും, ചുട്ടും കൊന്ന കണക്കുകളെടുക്കാം. ഇവരെയൊക്കെ പൊതുവായി ചേര്‍ത്തു നിര്‍ത്തുന്ന ഒറ്റ കാരണമേ ഉള്ളൂ. അവരൊക്കെ മുസ്ലീമായി പോയത് കൊണ്ട്. ഒറ്റ ലക്ഷ്യമേയുള്ളൂ, കലാപം. കേരളത്തില്‍ കൊല്ലപ്പെടുന്നവര്‍ അവര്‍ക്കു രാജ്യദ്രോഹികളാവും, കാരണം അവരിലധികവും കമ്യൂണിസ്റ്റ്കാരായിരിക്കും. കേരളത്തിനു പുറത്തെത്തിയാല്‍ ഗോ മാംസം, ലൗവ് ജിഹാദ്, അങ്ങനെ കാരണങ്ങള്‍ നീളും. കാവി ഹത്യകളുടെ കണക്കു പുസ്തകം പുത്തന്‍ രാജ്യ സ്‌നേഹികളെ ഉത്പാദിപ്പിച്ചു കൊണ്ടേയിരിക്കുന്നു.

രാജസ്ഥാന്‍, സംഘപരിവാര്‍ പരീക്ഷണ ശാലകളുടെ പട്ടികയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കേണ്ടതും എന്നാല്‍ പരാമര്‍ശിക്കപ്പെടാതെ പോകുന്നതുമായ പേരുകളില്‍ ഒന്നാണ്. സ്വാതന്ത്ര പൂര്‍വ ഭാരതത്തില്‍ തന്നെ ഹിന്ദു രാഷ്ട്ര വാദികളുടെ അലര്‍ച്ചയുടെ അലയൊലികള്‍ ഏറെ കേട്ട് തുടങ്ങിയ ഇടം. സ്വാതന്ത്ര കാലത്ത് പശുവിനും, ഹിന്ദുത്വത്തിനുമായി കാവിയുടുത്ത ഭ്രാന്തന്മാര്‍ അഴിഞ്ഞാടി കാലാപം നടത്തിയ സംസ്ഥാനം. അവിടം അവരിന്നു ഭയപ്പെടുത്തുന്ന രീതിയില്‍ തങ്ങളുടെ ഫ്രിഞ്ച് ഗ്രൂപ്പകളെ വളര്‍ത്തിയെടുത്തു കഴിഞ്ഞു. കഴിഞ്ഞ പത്തു വര്‍ഷത്തെ സംസ്ഥാന ഭരണവും നാല് വര്‍ഷക്കലയളവിലെ രാജ്യ ഭരണത്തിനും കീഴില്‍ അകമഴിഞ്ഞ സഹായങ്ങളാണ് അവര്‍ക്ക് ലഭിച്ചു കൊണ്ടിരുന്നത്. ആ ഫാക്ടറിയിലെ ഓരോ ജോലിക്കാരും കുഞ്ഞായിരിക്കുമ്പോള്‍ തങ്ങളുടെ ശത്രുവിനെ പഠിച്ചു വളരുകയാണ്.

മുസ്ലിം എന്നത് വെറും ശത്രു എന്നല്ല, അവര്‍ കൊല്ലപ്പെടേണ്ടവരാണെന്ന് തന്നെയുള്ള വിശ്വാസത്തിലേക്ക് മാറപ്പെട്ടു. തന്റെ സുഹൃദ്‌വലയത്തില്‍ ഒരൊറ്റ മുസ്ലിം പോലുമില്ലെന്ന് അഭിമാനത്തോടെ പറയുന്ന പന്ത്രണ്ടാം ക്ലാസുകാരിയായ ദുര്‍ഗവാഹിനിയുടേയും, ആരാണ് നമ്മുടെ ശത്രുക്കള്‍ എന്നുള്ള ചോദ്യത്തിന് മാംസാഹാരികള്‍ എന്നും, അവരാണെന്ന് ചോദിച്ചപ്പോള്‍ മുസ്ലിങ്ങള്‍ എന്നും, നാം എന്തിനു വേണ്ടി പ്രവര്‍ത്തിക്കണമെന്നുള്ള ചോദ്യത്തിന് അവരെയില്ലാതാക്കാന്‍ എന്നും ഒട്ടും തെല്ലലില്ലാതെ മറുപടി നല്‍കുന്ന ആറു വയസുകാരന്റെ വീഡിയോയും അതിനു അട്ടഹാസത്തോടെ ആര്‍പ്പു വിളിക്കുന്ന ബന്ധുക്കളടക്കമുള്ളവരുടെ ഞെട്ടിക്കുന്ന രാജസ്ഥാന്‍ ദൃശ്യങ്ങള്‍ നമ്മള്‍ കണ്ടതാണ്.

ലവ് ജിഹാദികളെ ചുട്ടുകൊല്ലും; ഹിന്ദുത്വ ഭീകരന്‍ പ്രതീഷ് വിശ്വനാഥിന്റെ കൊലവിളി; ഇയാളെ എന്തുകൊണ്ട് അറസ്റ്റ് ചെയ്യുന്നില്ല?

ഇന്ത്യയിലെ മതന്യൂനപക്ഷങ്ങളോട് വംശഹത്യാ സമീപനം സ്വീകരിക്കുകയും തങ്ങളുടേതല്ലാത്ത സംസ്‌കാരത്തെ അവമതിക്കുകയും ചെയ്യുന്ന തീവ്രവാദ ഹിന്ദുത്വവാദികള്‍ പുതിയ പേരുകള്‍ കണ്ടെത്തിക്കൊണ്ടേയിരിക്കും. അവര്‍ക്ക് വന്നു ചേര്‍ന്ന രാഷ്ട്രീയ സൗവര്‍ണതയെ വിദ്വംസകമാം വിധം പ്രയോഗത്തില്‍ വരുത്താന്‍ അവര്‍ ആവേശത്തോടെ മത്സരിക്കും. ബിജെപിക്ക് എല്ലാം കൊണ്ടും വന്നു ചേര്‍ന്ന് സൗഭാഗ്യമാണിത്. തങ്ങളുടെ തണലില്‍ വളര്‍ന്നു പന്തലിച്ച ഇത്തരം തീവ്രവാദ കൂട്ടങ്ങളെ കൊണ്ട് വളരെ വലിയ ഉപകാരങ്ങളാണ് ലഭിക്കുന്നതും. കൊട്ടിഗ്‌ഘോഷിച്ച വികസന വാര്‍പ്പുകള്‍ തകര്‍ന്നടിയുമ്പോഴും, വികസന സൂചികകള്‍ കൂപ്പു കുത്തുമ്പോഴും, പട്ടിണിയും അസമത്വവും അരാജകത്വ ജനതയെ വളര്‍ത്തി കലാപ സമാനതയിലേക്ക് രാജ്യത്തെ കൊണ്ടെത്തിക്കാന്‍ വെമ്പുമ്പോഴും ഇത് പോലെ ഏതെങ്കിലുമൊരു കാവി സേനകള്‍ വഴി ഹത്യകളും, കൊലപാതങ്ങളും രാജ്യത്തിന്റെ ആകെ ചര്‍ച്ചകള്‍ അതിലേക്ക് ചുരുക്കി വിടാന്‍ സാധിക്കുന്നു. ബോധമോ അബോധമോ, ഗുണഭോക്താക്കള്‍ ഭരണകൂടം തന്നെയാകുന്നു.

വിശ്വഹിന്ദു പരിഷത്തിന്റെ മംഗലാപുരം ഉള്‍പ്പെടുന്ന ദക്ഷിണ കേരളത്തിന്റെ ചുമതലയുള്ള കേവലം മുപ്പത്തിയഞ്ച് വയസ്സില്‍ താഴെയുള്ളോരു നേതാവ് ഒരു ബന്ധു ഗൃഹത്തിലെ സംസാരത്തില്‍ വച്ച് കാസര്‍ഗോഡ് മംഗലാപുരം ബോര്‍ഡറിലുള്ള ഒരു ഗ്രാമത്തില്‍ ഹിന്ദു പെണ്‍ കുട്ടിയെ പ്രണയിച്ച് ഒളിച്ചോടിയ മുസ്ലിം യുവാവിനെ തിരഞ്ഞു കണ്ടു പിടിച്ചു വേട്ട പട്ടികളുടെ കൂട്ടില്‍ അടച്ചിട്ട് മുഖമടക്കം കടിച്ചു കീറി ജീവന്‍ ബാക്കി നല്‍കിയ കഥ തന്റെ അനുയായികള്‍ക്കൊപ്പം ആവേശപൂര്‍വം സംസാരിക്കുന്നത് കേട്ടിട്ടുണ്ട്. കേട്ട് നില്‍ക്കുന്ന കാവി കൂട്ടങ്ങള്‍ ആഹ്ലാദപൂര്‍വം കേട്ട് നില്‍ക്കുന്നത് കണ്ടിട്ടുണ്ട്. ഒട്ടും അനക്‌ഡോട്ടലല്ല. നിര്‍ബാധം നടന്നു കൊണ്ടിരിക്കുന്ന സത്യമാണത്. അന്നില്‍ നിന്നും ഇന്നിലേക്കുള്ള പ്രധാന വ്യത്യാസം അന്ന് ബാക്കി നല്‍കിയ ജീവനെടുക്കാന്‍ ഇന്നവര്‍ക്ക് തെല്ലും ആലോചിക്കേണ്ടി വരുന്നില്ല എന്നതാണ്. അത് വീഡിയോ എടുത്തു പ്രചരിപ്പിക്കാനുള്ള എല്ലാ പരിരക്ഷയും അവര്‍ ഉറപ്പാക്കി കഴിഞ്ഞു എന്നതാണ്.

വെട്ടി നുറുക്കി ചുട്ടു കൊന്നതാണ്. ആ രീതി അവര്‍ പയറ്റി തെളിഞ്ഞതുമാണ്, ഗുജറാത്തിലൂടെ മുസഫര്‍ നഗര്‍ വരെ ഇന്നും തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു. മുഖ്യകാര്‍മികരെ മുഖ്യമന്ത്രി മുതല്‍ പ്രധാന മന്ത്രി കസേര വരെ എത്തിച്ചത് ആ ഒരു പ്രവര്‍ത്തന രീതിയാണ്. നോക്കൂ, ഈ ക്രൂര ഹത്യയെ ന്യായീകരിച്ച് മുന്നില്‍ വന്ന ലെജിസ്‌ട്രേറ്റീവ് മെമ്പര്‍മാര്‍ പോലുമായിട്ടുള്ള ബിജെപി നേതാക്കളെ ഏതൊരു മാധ്യമമാണ് ചര്‍ച്ച ടേബിളിനു മുന്നില്‍ കൊണ്ട് വന്നിട്ടുള്ളത്. ഏതു നേതാവാണ് അവര്‍ തള്ളി പറഞ്ഞത്. ഏതു പൊതു ബോധമാണ് പോസ്റ്റ്‌മോര്‍ട്ടം ചെയ്തത്. രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്നു പറഞ്ഞ മുന്‍നിര ചലച്ചിത്ര താരത്തിനു നേരെ പാഞ്ഞെടുത്തവര്‍ ഈ ചുട്ടു കൊലകളെ രാജ്യസ്‌നേഹികളുടെ ഐച്ഛിക പ്രവര്‍ത്തികളുടെ ലിസ്റ്റില്‍ പെടുത്തും.

‘മുസ്ലീങ്ങള്‍ പേടിക്കനാണ് താന്‍ മത്സരിക്കുന്നത്, താടിയും തൊപ്പിയുമുള്ളവര്‍ മിണ്ടരുത്’- കഴിഞ്ഞ ദിവസം ഗുജറാത്ത് ദബോയിയിലെ ബിജെപി സ്ഥാനാര്‍ത്ഥി ശൈലേഷ് സോട്ട പറഞ്ഞ വാക്കുകളാണിത്. ഒന്നും ഒട്ടും ആകസ്മികമല്ല. കൃത്യമായ പ്ലാനിങ്ങുകള്‍ ഒരേ സമയം അപരനിര്‍മാണവും മേല്‍ക്കോയ്മ നിര്‍മാണവും വളര്‍ത്തു കയാണ്. ഭയപ്പാടോടെയാണ് ഇന്ത്യയില്‍ ഓരോ മുസല്‍മാനും ജീവിക്കേണ്ടത് എന്നത് അവരുടെ നിര്‍ബന്ധമാണ്. ജമാ മസ്ജിദ് ജമുനാ ക്ഷേത്രമായിരുന്നത്രേ. ഹിന്ദുക്കള്‍ക്കു വേണ്ടി അത് തിരിച്ചു പിടിക്കണമെന്ന് ഇന്നൊരു വങ്കന്‍ ആഹ്വാനം ചെയ്തിരിക്കുന്നു, നാളെയുടെ അഫ്രുസുല്‍മാരെ, റിയാസ് മൗലവിമാരെ കാത്തിരിക്കുന്ന പ്രദേശങ്ങളുടെ പട്ടിക ഓരോരുത്തരായി പുറത്തു വിട്ടു കൊണ്ടിരിക്കുകയാണ്.

"</p

ഡിസംബര്‍ 6 ബാബറി മസ്ജിദ് ദിനത്തില്‍ ഇങ്ങു നമ്മുടെ സ്വന്തം കേരളത്തിലെ ഒരു കലാലയത്തില്‍ ഒരു പറ്റം എബിവിപി പ്രവര്‍ത്തകര്‍ മധുര വിതരണം നടത്തിയിരിക്കുന്നു. പോസ്റ്റ് ബാബറി കാലത്ത് ജനനം കൊണ്ടവരാകണം, കഴിഞ്ഞ അഞ്ചു വര്‍ഷ കാലയളവില്‍ കാവി ഷാള്‍ വലിച്ചു മൂടിയവരുമാകണം. ഹിന്ദു സ്വാഭിമാന ദിനമെന്ന പേരിലാണവര്‍ അഭിമാനത്തോടെ ആ ദിവസം ആഘോഷിച്ചത്. എണ്ണിയാലൊടുങ്ങാത്ത കലാപങ്ങളും മനുഷ്യക്കുരിതികളും സമ്മാനിച്ചു രാഷ്ട്രീയ വളര്‍ച്ച നേടിയ പ്രത്യയ ശാസ്ത്രത്തിന് അത് സ്വാഭിമാന ദിവസം തന്നെയാകണം. മധുരം കൊടുത്ത പരിണാമ ദശപൂര്‍ത്തിയാക്കാത്ത വര്‍ഗത്തെ കുറിച്ചോ അവരുടെ ജ്ഞാന വ്യവഹാരങ്ങളെ കുറിച്ചോ തെല്ലും ആലോസരമില്ല. പക്ഷേ അവര്‍ ഇന്ന കാരണത്താലാണ് മധുര വിതരണം എന്ന ആമുഖത്തോടെ നല്‍കിയിട്ടും അത് വാങ്ങാനായി നീട്ടിയ കരങ്ങള്‍ അത്ഭുതവും ഭയപ്പാടുമുണ്ടാക്കുന്നുണ്ട്. ഒട്ടുമേ മറന്നു കൂടാത്ത സംഭവങ്ങള്‍ പോലും ലളിതവത്കരിച്ചു കഴിഞ്ഞിരിക്കുന്നു. ഒട്ടുമേ പാടില്ലാത്ത ഹത്യകള്‍ പോലും ബദല്‍ കാരണങ്ങള്‍ നിരത്തി ന്യായം കണ്ടെത്തി കഴിഞ്ഞിരിക്കുന്നു. ചരിത്രബോധമോ അപരവിചാരമോ ഒട്ടുമേ ആവശ്യമില്ലാത്ത ജനത അവയോടൊക്കെ താദാത്മ്യം പ്രാപിക്കാന്‍ പാകത്തിന് അരാഷ്ട്രീയവത്കരിച്ച് കഴിഞ്ഞിരിക്കുന്നു.

കേരളം പ്രതീക്ഷയുടെ പ്രതിരോധത്തിന്റെ തുരുത്താണെന്ന് അഭിമാനിക്കുന്നുണ്ട്. എത്രനാളെന്നറിയില്ല. ചുട്ടു കൊല്ലികള്‍ക്കുള്ള സ്വീകാര്യത പലവഴിയായി ഒളിച്ചു നല്‍കപ്പെടുന്നുണ്ട്. നിര്‍മല സീതാരാമന്റെ വടിവൊത്ത സെന്തമിള്‍ പേച്ച് വൈകാരിമായി വിവരിക്കാത്ത മലയാളിയുടെ സുപ്രഭാതം നിര്‍ണയിക്കുന്ന പത്രങ്ങള്‍ എത്രയുണ്ട്. അവരെ വാഴ്ത്തു പാടാത്ത മാധ്യമങ്ങളേത്.

കാവി ഇന്ത്യ വളര്‍ന്നു പന്തലിക്കട്ടെ. ഭരണഘടനയും പീനല്‍ കോഡുകളും തിരുത്തപ്പെടട്ടെ. ഹിന്ദു ഇന്ത്യ തങ്കലിപികളില്‍ എഴുതി ചേര്‍ക്കട്ടെ.

ശിക്ഷ: മരണം
കുറ്റം: മുസ്ലീം
രാജ്യം: ഇന്ത്യ

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീകാന്ത് പി.കെ

ശ്രീകാന്ത് പി.കെ

കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍