UPDATES

എസ്. മുഹമ്മദ് ഇര്‍ഷാദ്

കാഴ്ചപ്പാട്

ഇടവും കാലവും

എസ്. മുഹമ്മദ് ഇര്‍ഷാദ്

കാഴ്ചപ്പാട്

മുസ്ലിം രാഷ്ട്രീയം ജനാധിപത്യ ഇടങ്ങളില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്നത് ഇങ്ങനെയാണ്

വാട്സ്അപ്പ് ഹർത്താൽ കവർന്നെടുത്തത് മുസ്ലിംങ്ങളുടെ ജനാധിപത്യ അവകാശമാണ്

കാശ്മീരിൽ ഒരു മുസ്ലിം കുഞ്ഞിനെ കാമ ദേശീയത ബലാൽസംഗം ചെയ്തു കൊന്ന സംഭവം സമാനതകൾ ഇല്ലാത്ത തരത്തിൽ രാജ്യത്തെമ്പാടും ജനരോഷത്തിനും പ്രധിഷേധത്തിനും ഇടയാക്കി. ഇത്തരം പ്രതിഷേധങ്ങളിൽ എല്ലാം തന്നെ മുസ്ലിം പ്രാതിനിധ്യം ഉണ്ടായിരുന്നു താനും. അതിലൊന്നും തന്നെ മുസ്ലിം സാന്നിധ്യം ഏതെങ്കിലും തരത്തിൽ ഇത്തരം പ്രതിഷേധ സമരങ്ങളെ തകർക്കുന്നു എന്ന് ആരും വിശേഷിപ്പിച്ചിരുന്നില്ല. മുംബൈയിലും ഡൽഹിയിലും ഒക്കെ നടന്ന പ്രതിഷേധ സമരങ്ങളിൽ ഉണ്ടായിരുന്ന വലിയ മുസ്ലിം സാന്നിധ്യം ഒരുതരത്തിലും സംഘർഷമോ ഇത്തരം പ്രതിഷേങ്ങളെ ഇല്ലാതാക്കുന്നതോ ആയി ആരും തന്നെ ചിത്രീകരിച്ചില്ല. ബലാത്സംഗികൾക്കനുകൂലമായ സംഘപരിവാര്‍ നിലപാടുകളെ എതിർക്കുന്നതിൽ ഇപ്പറഞ്ഞ മുസ്ലിം പങ്കാളിത്തവും കാര്യമായിത്തന്നെ ഉണ്ടായിരുന്നു. എന്നാൽ ഒറ്റയ്ക്ക് ഒരു പ്രതിഷേധ ജാഥ സംഘടിപ്പിക്കാന്‍ മുസ്ലിം സംഘടനകൾ പലപ്പോഴും തയ്യാറായിരുന്നുമില്ല.

മുസ്‌ലിം സംഘടനകളും വ്യക്തികളും ഒരു പൊതുധാരയുടെ ഭാഗമായി നിന്നുകൊണ്ട് പ്രതിഷേധിക്കാനാണ് ശ്രമിച്ചത്. മറുവശത്തു സംഘപരിവാർ ഈ സംഭവത്തെ മതരാഷ്ട്രീയത്തിന്‍റെ ഭാഗമായി കണ്ട് അതിനെ പ്രതിരോധിക്കാൻ ശ്രമിക്കുമ്പോഴാണ് മുസ്ലീങ്ങൾ ഇത്തരത്തിലുള്ള ഒരു മാറ്റത്തിന് തയ്യാറായത്. ഈ മാറ്റം ഇന്ത്യൻ മുസ്ലീങ്ങൾ ഇന്നനുഭവിക്കുന്ന രാഷ്ട്രീയ ഒറ്റപ്പെടലിന്റെ രേഖപ്പെടുത്തൽ കൂടിയാണ്. ജാനാധിപത്യപരമായി തന്നെ ഒരു സംഘടിത പ്രതിഷേധം മുസ്ലീങ്ങൾ നടത്തിയാൽ അതിനെ തീവ്രവാദമാക്കി മാറ്റുന്ന ഇസ്ലാം പേടിയുടെ ഇരകൾ ആകുന്നു എന്നതുകൊണ്ടാണ് മുസ്ലീങ്ങൾ ഇത്തരം പ്രതിഷേധത്തിൽ നിന്നു മാറി നില്‍ക്കുന്നത്. ഇത്‌ ജനാധിപത്യത്തിന്റെ പരാജയം കൂടിയാണ് എന്ന് പറയാം. ഇത്തരം ഒരു ഭയം മുസ്ലീങ്ങളിൽ ഉണ്ടാക്കി എടുക്കാനുള്ള ആർ എസ് എസിന്റെ ശ്രമങ്ങൾക്ക് കുറെയൊക്കെ അറിഞ്ഞും ചിലതൊക്കെ അറിയാതെയും പിന്തുണക്കുന്നതിൽ നമ്മുടെ ഇടതു പക്ഷക്കാരും (സി പി എം) യുക്തിവാദികളും പിന്നെ നവ-സ്വാതന്ത്ര്യ വാദികളും വഹിക്കുന്ന പങ്ക് ചെറുതല്ല. മുസ്ലിം ജീവിതത്തെയും, മതാനുഷ്ഠാനങ്ങളേയും വികൃതമായി ചിത്രീകരിക്കുന്ന രാഷ്‌ടീയ അജണ്ട നടപ്പിലാക്കുന്നതിൽ വലിയ വിജയം സംഘപരിവാർ സംഘടനകൾക്ക് ഉണ്ടായിട്ടുണ്ട്. കാരണം ഇവര് ഉപയോഗിക്കുന ബിംബങ്ങൾ എല്ലാം തന്നെ പ്രചരിപ്പിക്കുന്ന സന്ദേശം പൊതുസമൂഹം അപകടത്തിൽ ആണെന്നതാണ്. നവമാധ്യമങ്ങളിൽ ഇത്തരം പ്രചാരണം ശക്തമാണ്. ഈ ശ്രമത്തിൽ സംഘപരിവാർ വിജയിക്കുന്നതിന്‍റെ കാരണം നമ്മുടെ നവ-ഉദാരവാദികളും ഇടതുപക്ഷവുമാണ്. ഉദാഹരണത്തിന് നവ മാധ്യമങ്ങളിൽ പലപ്പോഴും ഇസ്ലാമിനും മുസ്ലീമിനും എതിരായ സംഘി പോസ്റ്റുകൾ പങ്കുവയ്ക്കുന്നതിൽ ഇടതുപക്ഷക്കാരും യുക്തിവാദികളും ഒരു പോലെ മത്സരിക്കാറുണ്ട്.

കാശ്മീരില്‍ ബലാത്സംഗം ചെയ്തു കൊലചെയ്യപ്പെട്ട എട്ടു വയസ്സുകാരിയുടെ പ്രശ്നത്തിൽ കേരളത്തിൽ ഉണ്ടായ വലിയ പ്രതിഷേധങ്ങളിൽ മുസ്ലിം സംഘടനകൽ പൊതുവികാരത്തോടൊപ്പം നിന്നു. എന്നാൽ ഒറ്റപ്പെട്ട ഒരു വലിയ പ്രതിഷേധം നേരത്തെ സൂചിപ്പിച്ച പോലെ മുസ്ലിം സംഘടനകൽ പ്രഖ്യാപിച്ചിരുന്നില്ല എന്നത് ഒരു യാഥാർഥ്യമാണ്. തീവ്ര നിലപാടുള്ള സംഘടനകൾ അവരുടേതായ ചില ഒറ്റപ്പെട്ട പ്രതിഷേധ ജാഥകൾ നടത്തിയിരുന്നു. ഈ വിഷയത്തിൽ ഉണ്ടായ പൊതുസമീപനം വളരെ ക്രിയാത്മകമായി മാറുമ്പോഴും കുട്ടിയുടെ മതമാണ് ഇത്തരത്തിൽ ക്രൂരമായി കൊലചെയ്യപ്പെടാൻ ഇടയാക്കിയത് എന്നതും വിസ്മരിക്കാൻ കഴിയില്ല. പ്രതിഷേധ സമരങ്ങളിൽ പലപ്പോഴും ഈ കൊലപാതകത്തിന്റെ പിന്നിലെ ക്രൂരതയും അതുന്നയിക്കുന്ന മാനുഷിക വിരുദ്ധതയും ആയിരുന്നു പ്രധാന ചോദ്യം. അതിൽ ശരിയുണ്ടുതാനും. എന്നാൽ ഇതിന്റെ പിന്നിൽ ഉള്ള മത-ബലാത്സംഗ ദേശീയത ഒരു പ്രശ്നമായി ഉയർത്താൻ മുസ്ലിം രാഷ്ട്രീയ സംഘടനകൾക്കുള്ള ജനാധിപത്യാവകാശം പലപ്പോഴും നിഷേധിക്കപ്പെട്ടു എന്നതാണ് വസ്തുത.

മുസ്ലിം രാഷ്‌ടീയത്തിന്റെ ഇത്തരം ഇടപെടലുകൾ അലസോരപ്പെടുത്തിയത് ഫാസിസ്റ്റ് രാഷ്ട്രീയത്തെയാണ്. കാരണം അതുവഴി മുസ്ലീങ്ങൾക്ക് കിട്ടുന്ന മുഖ്യധാര സാന്നിധ്യം സംഘപരിവാർ സംഘത്തെയാണ് അസ്വസ്ഥമാക്കാന്‍ പോകുന്നതാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രതിരോധങ്ങൾ ഉണ്ടാക്കുന്ന രാഷ്ട്രീയം തകർക്കേണ്ടത് ഒരു സംഘപരിവാർ ആവശ്യമായിരുന്ന. അതിനേറ്റവും എളുപ്പം രാജ്യത്ത് നിലനിൽക്കുന്ന ഇസ്ലാം പേടിയെ ഫലപ്രദമായി ഉപയോഗിക്കുക എന്നതാണ്. വ്യക്തമായി പറഞ്ഞാൽ മുസ്ലിങ്ങൾ സംഘടിക്കുന്നതിനെ എങ്ങനെയാണ് ദേശവിരുദ്ധപ്രവർത്തനമായി ചിത്രീകരിക്കപ്പെടുന്നത്, അതേരീതിയിൽ ഒരു പൊതുബോധം ഉണ്ടാകുക. അതുവഴി ഇരപക്ഷത്തുനിന്നും മുസ്ലിം അടർത്തിമാറ്റപ്പെടുകയും ചെയ്യും. ഇതിനേറ്റവും എളുപ്പം ഇസ്ലാമിനെയും വിശ്വാസിയായ മുസ്ലീമിനെയും സംശയത്തോടെ കാണുന്ന ഉദാരവാദികളെയും, ഇടതു പക്ഷക്കാരെയും (സി പി എം), സ്വതന്ത്ര ചിന്തകരേയും പിന്നെ ഇസ്ലാമിനോട് മാത്രം അസഹിഷ്ണുതയുള്ള യുക്തിവാദികളെയും (സവർണ്ണ യുക്തി വാദികൾ എന്നും വേണമെങ്കിൽ പറയാം) ഈ വിഷയത്തിൽ മുസ്ലിം പൊതു ബോധത്തിനെതിരായി സംഘടിപ്പിക്കുക എന്നതാണ്. അത് തികച്ചും ഫലപ്രദമായി തന്നെ നടപ്പിലാക്കി എന്നതിന്‍റെ തെളിവാണ് വാട്സപ്പ് ഹര്‍ത്താൽ ആഹ്വാനം ഉണ്ടായ ഉടൻ ഇതൊരു ജിഹാദി പ്രവർത്തനം ആണ് എന്ന രീതിയിൽ സ്വതന്ത്ര ചിന്തകരുടേയും ഇടതുപക്ഷക്കാരുടെയും (സി പി എം) നെടുങ്കൻ ലേഖനങ്ങൾ വന്നത്. നവമാധ്യമങ്ങളിൽ ഇതൊരു ആഘോഷമായി മാറി. മൂരികളുടെ ഹർത്താൽ എന്നായിരുന്നു പൊതുവിൽ ഇവരുടെ പക്ഷം. സമരത്തിൽ പൊതു മുതൽ നശിപ്പിക്കുകയും, മുതിർന്ന നേതാവിന് ലാത്തിചാർജിൽ മുറിവുണ്ടായപ്പോൾ ആ ചോര തന്റെ തന്നെ ഷർട്ടിൽ തേച്ചുപിടിപ്പിക്കാൻ ആവേശം കാണിക്കുകയും ചെയ്തവരാണ് ഹർത്താലിനിടയിൽ അക്രമികൾ ബേക്കറി ആക്രമിച്ചതിനെ പരിഹസിച്ചത്. ഇത്തരം പരിഹാസങ്ങളിൽ നിറഞ്ഞുനിന്നു സംഘപരിവാർ യുക്തിയെ അതേപടി നമ്മുടെ ഉദാരവാദികൾ അംഗീകരിക്കുകയായിരുന്നു. ഇത്തരത്തിൽ രാജ്യത്ത് ഉണ്ടായ പൊതുബോധത്തെ തകർക്കാന്‍ നടത്തിയ ഗുഡാലോചന നടപ്പിലാക്കാൻ ഉദാരവാദികളുടെയും യുക്തിവാദികളുടെയും സി പി എം പ്രവർത്തകരുടെയും ഒരു വലിയ ഒരു ഐക്യനിര രൂപപ്പെട്ടു. അതാണ് ആ ഹർത്താലിനെ ജനകീയമാക്കിയതും സമൂഹത്തിൽ ചർച്ചയാക്കിയതും.

പ്രധാനപ്പെട്ട ഒരു വസ്തുത ഈ വിഷയത്തിൽ ഒരു കൂട്ടമോ അല്ലെങ്കിൽ ഒരു സംഘടനയോ ഹർത്താല്‍ പ്രഖ്യാപിച്ചാൽ അതിൽ നിന്നും മാറിനിൽക്കാൻ ആർക്കും കഴിയില്ല എന്നതാണ്. കേരളത്തിൽ പ്രാദേശിക രാഷ്ട്രീയപ്രശ്നത്തിന്റെ പേരിൽ വരെ ഹർത്താൽ നടത്താറുണ്ട്. അതുകൊണ്ട് തന്നെ മതം തികച്ചും വൈകാരികമായി മാത്രം എടുക്കുന്ന തീവ്ര നിലപാടുള്ള സംഘടനകളും വ്യക്തികളും ഇതിൽ പങ്കെടുത്തത്. അവരുടെ പ്രശ്നം സമൂഹത്തിൽ സാന്നിധ്യം അറിയിക്കുക എന്നതായിരുന്നു. എന്നാൽ ഇവർക്ക് വലിയ പിന്തുണ മുസ്ലീങ്ങൾ ഇടയിൽ ഇല്ലാ എന്നതും ഒരു വസ്തുതയാണ്. ഇതറിയാത്തവരായി നമ്മുടെ ഇടതുപക്ഷവും (സി പി എം) നവ ഉദാരവാദികളും മാത്രമേയുള്ളു. മുസ്ലിം ജീവിതം ഇന്നും അജ്ഞാതമായി തുടരുന്ന ഒരു വലിയ വിഭാഗം കേരളത്തിൽ ഉണ്ട് എന്നതും വിസ്മരിക്കാൻ കഴിയില്ല. ഈ അജ്ഞതയാണ് പലപ്പോഴും വെറുപ്പായി പുറത്തു വരുന്നത്.

വാട്സ്അപ്പ് ഹർത്താൽ കവർന്നെടുത്തത് മുസ്ലിംങ്ങളുടെ ജനാധിപത്യ അവകാശമാണ്. കേരളത്തിലെ വാട്സപ്പ് ഹര്‍ത്താൽ ഒരു സംഘ പരിവാർ പദ്ധതി ആയിരുന്നു എന്ന വാർത്ത വന്നതോടെ പ്രധിരോധത്തിലായത് ഉറച്ച തീരുമാനവം രാഷ്ട്രീയവും ഒക്കെ ഉണ്ട് എന്ന് മലയാളികൾ കരുതിയിരുന്നവരാണ്. മുസ്ലിം തീവ്രവാദമാണ് ഇതിന്റെ പിന്നിൽ എന്ന് പ്രഖ്യാപിച്ചവർ പിന്നീട് നിശബ്ദരായി. ഇതാണ് സംഘപരിവാർ സംഘടനകൾ ആവശ്യപ്പെടുന്നതും നമ്മുടെ ഉദാരവാദികളുടെ പരാജയവും. യൂറോപ്യൻ ചിന്തകർ ഇതിനെ ഇസ്ലാം പേടി എന്ന് പറയും നമ്മൾ അതിനെ സംഘപരിവാർ അനുഭാവം എന്നും പറയും. ഈ ചിന്താകുഴപ്പത്തിൽ നിന്നും പുറത്തുവരാത്തിടത്തോളം കേരളത്തിൽ മുസ്ലിം ജീവിതവും രാഷ്‌ടീയവും അജ്ഞാതമായി തന്നെ നിലനിൽക്കും.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

എസ്. മുഹമ്മദ് ഇര്‍ഷാദ്

എസ്. മുഹമ്മദ് ഇര്‍ഷാദ്

മുംബൈ ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സസില്‍ അദ്ധ്യാപകനാണ് ലേഖകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍