UPDATES

എസ് ബിനീഷ് പണിക്കര്‍

കാഴ്ചപ്പാട്

അകവും പുറവും

എസ് ബിനീഷ് പണിക്കര്‍

വായന/സംസ്കാരം

ദൈവദശകത്തിനൊപ്പം സയന്‍സ് ദശകവും വായിക്കണമെന്ന് നാരായണഗുരു പറഞ്ഞതെന്തുകൊണ്ട്?

ദൈവദശകത്തിന്റെ നൂറാം വാര്‍ഷികം പോലെ സയന്‍സ് ദശകത്തിന്റെ വാര്‍ഷികവും കൊണ്ടാടപ്പെട്ടെങ്കിലും സാംസ്‌കാരിക കേരളം അതത്രയ്ക്കു ചര്‍ച്ച ചെയ്തതായും കണ്ടില്ല.

മലയാളത്തിലെ ഏറ്റവും ജനകീയമായ പ്രാര്‍ഥനാഗീതമാണ് ദൈവദശകം. ഏറ്റവും ഉള്‍ക്കാഴ്ച നല്‍കുന്നതും. എക്കാലത്തേയും ഏറ്റവും പ്രബുദ്ധചിത്തങ്ങളിലൊന്നായ നാരായണ ഗുരു ലോകമെങ്ങുമുള്ള മലയാളികള്‍ നെഞ്ചിലേറ്റുന്ന ആ ലഘുകാവ്യം രചിച്ചിട്ട് 104 വര്‍ഷം. ‘ദൈവമേ കാത്തുകൊള്‍കങ്ങ് കൈവിടാതിന്നു ഞങ്ങളെ’ എന്നുതുടങ്ങുന്ന പ്രാര്‍ഥന പരിചിതരല്ലാത്തവര്‍ ചുരുക്കം. ആന്തരിക ഗരിമയാലും സൗന്ദര്യത്തികവിനാലും ഉള്‍ക്കാഴ്ചയാലും ദാര്‍ശനിക സവിശേഷതകളാലും ദേശാന്തരങ്ങള്‍ ആ ഗീതം പിന്നിട്ടിരിക്കുന്നു. എന്നാല്‍ ദൈവദശകം കേട്ടിട്ടുള്ള മലയാളികളില്‍ എത്രപേര്‍ക്കറിയാം ‘ദൈവദശക’ത്തിനു പിന്നാലെ ‘സയന്‍സ് ദശകം’ എന്ന പേരില്‍ ഒരു കാവ്യവും പുറത്ത് വന്നിട്ടുണ്ടെന്ന്. സഹോദരന്‍ അയ്യപ്പന്‍ രചിച്ച ‘സയന്‍സ് ദശകം’ ‘ദൈവദശകം’ പോലെ തന്നെ വായിക്കപ്പെടണമെന്ന് നാരായണഗുരു ചിന്തിച്ചിരുന്നു.

എന്തുകൊണ്ടാവണമത്?

ക്ഷുദ്രമായ വ്യാമോഹങ്ങളില്‍ ഏര്‍പ്പെട്ട് ക്ഷണികമായ നേട്ടങ്ങള്‍ക്കു പിന്നാലെ പരക്കം പായുന്ന മനുഷ്യരെ സഹതാപസമസൃണമായ പ്രേമത്തിലൂടെ ദൈവമാര്‍ഗത്തിലേക്ക് നയിക്കുന്നതിനായിട്ടാണ് നാരായണ ഗുരു ദൈവദശകം രചിച്ചതെന്ന് എം.കെ. സാനു രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവാനുഭവം എന്ന ആത്മീയ വാദികള്‍ മുന്നോട്ട് വെയ്ക്കുന്ന സത്യത്തിന്റെ വിശുദ്ധിയില്‍ മനുഷ്യരെ പവിത്രീകരിക്കാന്‍ പ്രേരണയും ഉള്‍ക്കാഴ്ചയും നല്‍കുന്ന രചനയായ ദൈവദശകം ആലുവാ അദ്വൈതാശ്രമത്തില്‍ പ്രവര്‍ത്തിച്ചിരുന്ന സംസ്‌കൃതപാഠശാലയിലെ വിവിധ ജാതിമത വിഭാഗക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് ചൊല്ലുവാന്‍ വേണ്ടി 1915-ലാണ് രചിക്കപ്പെട്ടത്. ഇതിനു പിന്നാലെ അതേ വര്‍ഷം തന്നെയാണ് അപര ദശകവും എഴുതപ്പെടുന്നത്. ദൈവദശകത്തിന്റെ രചനാസ്വരൂപത്തോട് ചേര്‍ന്നുനില്‍ക്കുന്ന ‘സയന്‍സ് ദശകം’ എഴുതിയത് നാരായണ ഗുരുവിന് എത്രയും പ്രിയപ്പെട്ട സഹോദരന്‍ അയ്യപ്പനായിരുന്നു. അന്ത:സാരത്തില്‍ വിഘടിച്ചു നില്‍ക്കുന്ന ഈ കാവ്യങ്ങളുടെ ചേര്‍ച്ച ഉള്ളടക്കത്തിലല്ല, ഘടനയിലായിരുന്നു.

ദൈവദശകം ആത്മീയാനുഭവത്തിലേക്ക് മനുഷ്യരെ കൈപിടിച്ചുയര്‍ത്തുന്ന ചേതോഹരമായി രചിക്കപ്പെട്ട കാവ്യമായിരുന്നുവെങ്കില്‍ അതിന്റെ പ്രതിദ്വന്ദിയായിരുന്നു സയന്‍സ് ദശകം. ദൈവശദകത്തിനൊരു പാഠഭേദം. ‘ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന്’ എന്ന് നാരായണ ഗുരു ഒപ്പമുള്ളവരെ പഠിപ്പിക്കാന്‍ ശ്രമിച്ചപ്പോള്‍ ‘ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്’ എന്നതിന് പാഠഭേദം സൃഷ്ടിച്ചയാളായിരുന്നു സഹോദരന്‍ അയ്യപ്പന്‍. സഹോദരന് വേണമെങ്കില്‍ അങ്ങനേയും ഒരു പാഠമാകാമെന്ന് നാരായണ ഗുരു കരുതിയിരുന്നു. നാരായണ ഗുരുവിന് ഏറ്റവും പ്രിയപ്പെട്ടവനായിരുന്ന സഹോദരന്‍ പക്ഷെ നാസ്തികനായിരുന്നു. കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്റെ മുന്നണിയില്‍ നിന്നവരില്‍ ഒരാള്‍. പക്ഷെ നാരായണഗുരു ഇത്രമേല്‍ സ്‌നേഹവാത്സല്യങ്ങള്‍ ചൊരിഞ്ഞ മറ്റൊരാളും കുറവായിരുന്നിരിക്കണം.

നിഗൂഢാനുഭൂതികളിലും മിസ്റ്റിക് ഭാവങ്ങളിലുമായിരുന്നില്ല യുക്തിയില്‍ കാലൂന്നിയായിരുന്നു സഹോദരന്‍ കേരളത്തിന്റെ സാമൂഹിക തലത്തിലൂടെ തന്റെ പ്രയാണം നടത്തിയത്. അത്തരം ഒരാളെയും അദ്ദേഹത്തിന്റെ ചിന്തകളേയുമാണ് നാരായണ ഗുരു തന്നോട് ചേര്‍ത്ത് പിടിച്ചതെന്ന് കൂടി ശ്രദ്ധിക്കണം. നാരായണ ഗുരുവിനെപ്പോലെ ആത്മീയ പ്രഭ പേറിയ ഒരാളുടെ പ്രിയപ്പെട്ടവനാകുവാന്‍ നാസ്തികനായ വ്യക്തിക്കുസാധിക്കുന്നതിനു പിന്നിലെ പൊരുള്‍ എന്താകണമെന്നതിന് പല വിശദീകരണങ്ങളും സാധിക്കുമായിരിക്കും.

മനുഷ്യരെ ദൈവാനുഭവത്തിന്റെ തലത്തിലേക്ക് നയിക്കാനുതകുന്ന ദൈവദശകം പുറത്തുവരികയും സാധാരണക്കാരുടെ ഭവനങ്ങളിലൊക്കെ പ്രാര്‍ഥനാഗീതമായി തീരുകയും ചെയ്തതിനു പിന്നാലെയാണ് സഹോദരന്‍ സയന്‍സ് ദശകം രചിച്ചത്. ശാസ്ത്രത്തിന്റെ പ്രാമാണികതയായിരുന്നു അതിന്റെ കാതല്‍. ‘കോടിസൂര്യനുദിച്ചാലുമൊഴിയാത്തൊരു കൂരിരുള്‍ തുരന്നു സത്യം കാണിക്കും സയന്‍സിന്നു തൊഴുന്നു ഞാന്‍’ എന്നതാണതിന്റെ ആദ്യ വരികള്‍. ശാസ്ത്രത്തിന്റെ പ്രാമാണികത വിളിച്ചു പറയുന്ന രചന. പുരോഹിതന്മാരെ ഇരുട്ടുകൊണ്ടു കച്ചടവടം നടത്തുന്നവരെന്നാണ് കവിത വിശേഷിപ്പിക്കുന്നത്. തികഞ്ഞ നാസ്തികനായ അദ്ദേഹം പ്രകൃതി രഹസ്യങ്ങളെന്തെന്ന് വെളിപ്പെടുത്താന്‍ ആത്മീയതയ്ക്കു സാധ്യമാവില്ലെന്ന് ആഴത്തില്‍ വിശ്വസിച്ചു. ശാസ്ത്രത്തിനു മാത്രമേ അത് സാധ്യമാക്കാന്‍ കഴിയൂ. തന്റെ പ്രവര്‍ത്തനങ്ങളിലൂടേയും രചനകളിലൂടേയും ഇക്കാര്യം പ്രചരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു.

അത്തരം ഒരു ഉദ്യമമായിരുന്നു സയന്‍സ് ദശകം എന്ന രചനയും. നാരായണ ഗുരു എഴുതിയ ദൈവദശകത്തിനു പിന്നാലെയാണ് ഈ രചനയുമായി സഹോദരന്‍ രംഗത്ത് എത്തിയെന്നത് നമ്മള്‍ കാണണം. അത് ഒരു തരത്തിലുള്ള തിരുത്തലിനുള്ള ശ്രമമോ, പഠഭേദം ചമയ്ക്കലോ ആയി തിരുന്നുണ്ട്. എന്നാല്‍ അതിനേക്കാളൊക്കെ പ്രധാനം സഹോദരന്റെ രചനയെ നാരായണ ഗുരു എങ്ങനെ വീക്ഷിച്ചുവെന്നുള്ളതാകുന്നു. സയന്‍സ് ദശകം എഴുതപ്പെട്ട സമയത്ത് തന്നെ അത് നാരായണഗുരുവിന്റെ ശ്രദ്ധയില്‍ വന്നിരുന്നു.

തികഞ്ഞ താല്പര്യത്തോടെയാണ് സഹോദരന്റെ രചനയെ ഗുരു വായിച്ചതെന്ന് അദ്ദേഹത്തിന്റെ ജീവചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ദൈവദശകത്തിനു പൂരകമാണ് ഈ രചനയെന്നാണ് നാരായണ ഗുരു സയന്‍സ് ദശകത്തെ കണക്കാക്കിയത്. ഒരു പടികൂടി കടന്ന് ദൈവദശകം ചൊല്ലുന്നവര്‍ സയന്‍സ് ദശകം കൂടി വായിക്കുന്നത് നന്നായിരിക്കുമെന്ന് കൂടി നാരായണ ഗുരു പറഞ്ഞു.

ഇതൊരു താക്കോല്‍ വാചകമാണ്. എന്തുകൊണ്ടാവണം നാരായണ ഗുരു ഇത്തരമൊരു കാര്യം പറഞ്ഞത്. ദൈവദശകത്തിന്റെ ഉള്ളടകത്തിനു പ്രത്യക്ഷ പ്രതിദ്വന്ദി തന്നെയാണ് സയന്‍സ് ദശകത്തില്‍ നമ്മള്‍ കാണുന്നത്. പ്രത്യക്ഷ ഖണ്ഡനവും ആന്തരിക തലത്തില്‍ കാണാനാകും. ഇത് തികച്ചും സംവാദാത്മകമായ ആ കാലത്തെ നമുക്ക് കാണിച്ച് തരുന്നുണ്ട്. ആത്മീയതയുടേയും ഭാരതീയ പാരമ്പര്യത്തിന്റേയും പേരില്‍ അസിഹിഷ്ണുതയും പ്രതിസംവാദാത്മകതയും അനുദിനം വളര്‍ന്നുവരുന്ന ഇക്കാലത്ത് ഭരതീയ പാരമ്പര്യത്തെ മുറുകെ പിടിച്ച നാരായണ ഗുരു പ്രഖ്യാതനായ നാസ്തികനെ ചേര്‍ത്ത് പിടിക്കുന്ന കാഴ്ച ചേതോഹരമാണ്. തന്റെ കാവ്യത്തിന്റെ അന്ത:സാരത്തെ ഖണ്ഡിച്ചുകൊണ്ടു രചിക്കപ്പെട്ട കാവ്യം തന്റെ കാവ്യം വായിക്കുന്നവരൊക്കെ വായിച്ചിരിക്കണമെന്നും അദ്ദേഹം ആഗ്രഹിച്ചു. അക്കാര്യം തുറന്നു പറയുകയും ചെയ്തു. ഈ സഹിഷ്ണുതയുടേയും സംവാദത്തിന്റേയും സര്‍ഗാത്മകതയും തുറസും നമുക്ക് എപ്പോഴാണ് കൈമോശം വന്നതെന്ന് ചിന്തിക്കുന്നത് ഉചിതമായിരിക്കും.

ശാസ്ത്രവിജ്ഞാനത്തിന്റെ അനുഗ്രഹദായകമായ ഗുണവിശേഷങ്ങളുടെ മാഹാത്മ്യത്തെ പ്രകീര്‍ത്തിക്കുന്നതാണ് സഹോദരന്റെ രചന. ഇത് തന്റെ ദൈവോന്മുഖമായ രചനയെ എപ്രകാരത്തിലാണ് പൂരിപ്പിക്കുന്നതെന്ന് നാരായണഗുരു വിശദീകരിച്ചതായി കാണുന്നില്ല. അത് നമ്മള്‍ ഓരോരുത്തരും അന്വേഷിച്ച് കണ്ടെത്തേണ്ടതാണ്. ഓരോരുത്തര്‍ക്കും ഓരോ ഉത്തരങ്ങളും ഉണ്ടാകാം.

ദൈവദശകം പരിചിതമായ സമകാലീന മലയാളി സമൂഹത്തിന് സയന്‍സ് ദശകം അത്ര പരിചിതമാവാന്‍ ഇടയില്ല. ദൈവദശകത്തിന്റെ നൂറാം വാര്‍ഷികം പോലെ സയന്‍സ് ദശകത്തിന്റെ വാര്‍ഷികവും കൊണ്ടാടപ്പെട്ടെങ്കിലും സാംസ്‌കാരിക കേരളം അതത്രയ്ക്കു ചര്‍ച്ച ചെയ്തതായും കണ്ടില്ല. നമ്മുടെ പുതിയ തലമുറയ്ക്ക് ഈ കാവ്യം അത്ര പരിചിതമാകാനും വഴിയില്ല. അതിനാല്‍ ഇരു കാവ്യങ്ങളും ചുവടെ കൊടുക്കുന്നു.

ദൈവദശകം

”ദൈവമേ! കാത്തുകൊള്‍കങ്ങു
കൈവിടാതിങ്ങു ഞങ്ങളെ;
നാവികന്‍ നീ, ഭവാബ്ധിക്കൊ-
രാവിവന്‍തോണി നിന്‍പദം’

ഒന്നൊന്നായെണ്ണിയെണ്ണിത്തൊ-
ട്ടെണ്ണും പൊരുളൊടുങ്ങിയാല്‍
നിന്നിടും ദൃക്കുപോലുള്ളം
നിന്നിലസ്പന്ദമാകണം

അന്നവസ്ത്രാദി മുട്ടാതെ
തന്നു രക്ഷിച്ചു ഞങ്ങളെ
ധന്യരാക്കുന്ന നീയൊന്നു-
തന്നെ ഞങ്ങള്‍ക്കു തമ്പുരാന്‍.

ആഴിയും തിരയും കാറ്റു-
മാഴവുംപോലെ ഞങ്ങളും
മായയും നിന്‍ മഹിമയും
നീയുമെന്നുള്ളിലാകണം.

നീയല്ലോ സൃഷ്ടിയുംസ്രഷ്ടാ-
വായതും സൃഷ്ടടിജാലവും
നീയല്ലോ ദൈവമേ, സൃഷ്ടി-
ക്കുളള സാമഗ്രിയായതും.

നീയല്ലോ മായയും മായാ-
വിയും മായാവിനോദനും
നീയല്ലോ മായയെ നീക്കി-
സ്സായുജ്യം നല്‍കുമാര്യനും.

നീ സത്യം ജ്ഞാനമാനന്ദം
നീ തന്നെ വര്‍ത്തമാനവും
ഭൂതവും ഭാവിയും വേറ-
ല്ലോതും മൊഴിയുമോര്‍ക്കില്‍ നീ.

അകവും പുറവും തിങ്ങും
മഹിമാവാര്‍ന്ന നിന്‍പദം
പുകഴ്ത്തുന്നു ഞങ്ങളങ്ങു
ഭഗവാനേ! ജയിക്കുക.’

ജയിക്കുക മഹാദേവ!
ദീനാവനപരായണ!
ജയിക്കുക ചിദാനന്ദ!
ദയാസിന്ധോ! ജയിക്കുക.’

ആഴമേറും നിന്‍മഹസ്സാ-
മാഴിയില്‍ ഞങ്ങളാകവേ
ആഴണം വാഴണം നിത്യം
വാഴണം വാഴണം സുഖം.”

സയന്‍സ് ദശകം

”കോടി സൂര്യനുദിച്ചാലും
ഒഴിയാത്തൊരു കൂരിരുള്‍
തുരന്നു സത്യം കാണിക്കും
സയന്‍സിന്നു തൊഴുന്നു ഞാന്‍.

വെളിച്ചം മിന്നല്‍ ചൂടൊച്ച
ഇവയ്ക്കുള്ളില്‍ മറഞ്ഞിടും
അത്ഭുതങ്ങള്‍ വെളിക്കാക്കും
സയന്‍സിന്നു തൊഴുന്നു ഞാന്‍.

ഇരുട്ടുകൊണ്ടു കച്ചോടം
നടത്തുന്ന പുരോഹിതര്‍
കെടുത്തീട്ടും കെടാതാളും
സയന്‍സിന്നു തൊഴുന്നു ഞാന്‍.

കീഴടക്കി പ്രകൃതിയെ
മാനുഷന്നുപകര്‍ത്തിയായ്
കൊടുപ്പാന്‍ വൈഭവം പോന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.

കൃഷി കൈത്തൊഴില്‍ കച്ചോടം
രാജ്യഭാരമതാദിയെ
പിഴയ്ക്കാതെ നയിക്കുന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.

ബുക്കുകള്‍ക്കും പൂര്‍വ്വികര്‍ക്കും
മര്‍ത്ത്യരെ ദാസരാക്കിടും
സമ്പ്രദായം തകര്‍ക്കുന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.

അപൗരുഷേയ വാദത്താല്‍
അജ്ഞ വഞ്ചന ചെയ്തിടും
മതങ്ങളെ തുരത്തുന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.

സ്വബുദ്ധിവൈഭവത്തെത്താന്‍
ഉണര്‍ത്തി നരജാതിയെ
സ്വാതന്ത്രേ്യാല്‍കൃഷ്ടരാക്കുന്ന
സയന്‍സിന്നു തൊഴുന്നു ഞാന്‍.

എത്രതന്നെ അറിഞ്ഞാലും
അനന്തം അറിവാകയാല്‍
എന്നുമാരായുവാന്‍ ചൊല്ലും
സയന്‍സിന്നു തൊഴുന്നു ഞാന്‍.

സയന്‍സാല്‍ ദീപ്തമീ ലോകം
സയന്‍സാലഭിവൃദ്ധികള്‍
സയന്‍സെന്യേ തമസ്സെല്ലാം
സയന്‍സിന്നു തൊഴുന്നു ഞാന്‍.”

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ  https://www.youtube.com/channel/UCkxVY7QPQVrMCNve5KPoX_Q?view_as=subscriber

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍