UPDATES

കെയ് ബെനഡിക്ട്

കാഴ്ചപ്പാട്

Perspectives

കെയ് ബെനഡിക്ട്

56 ഇഞ്ച് നെഞ്ചും 56 ഇഞ്ച് ഹൃദയവും; രണ്ടു കാഴ്ചപ്പാടുകളുടെ യുദ്ധം

നിരന്തരമായ അധിക്ഷേപങ്ങൾക്കിടയിലും രാഹുൽ ഗാന്ധി സംയമനത്തോടെ നിന്നുവെങ്കിൽ പ്രധാനമന്ത്രി ആകെ അസ്വസ്ഥനും അക്ഷമനുമാണ്

ലോകത്തിന് സന്തുലനം പാലിക്കാൻ അതിന്റേതായ വിചിത്രഗതികളുണ്ട്. ചക്രം ഒരു വട്ടം പൂർണമായും തിരിഞ്ഞിരിക്കുന്നു. ഒരിക്കൽ ‘പപ്പു’ എന്ന് ആക്ഷേപിക്കപ്പെട്ടിരുന്ന രാഹുൽ ഗാന്ധി ഇപ്പോൾ കളിയുടെ ഗതി തിരിച്ചുവിടുന്നു. കഴിഞ്ഞ അഞ്ചുവർഷം നവ സാമൂഹ്യ മാധ്യമങ്ങൾ നിറയെ രാഹുൽ ഗാന്ധിയുടെ ചിലപ്പോഴൊക്കെ അറിയാതെ വരുന്നവയും പലപ്പോഴും എതിരാളികൾ കെട്ടിച്ചച്ചതുമായ പിഴവുകളെ കളിയാക്കുന്ന കാർട്ടൂണുകളുടെയും തമാശകളുടെയും ആക്ഷേപങ്ങളുടെയും പ്രളയമായിരുന്നു. ഇപ്പോൾ ആ പപ്പു പദവിയുടെ തൊപ്പി വെക്കാൻ യോഗം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ്. വിശ്വാസികൾ പറയും ‘കർമ്മഫലം’ എന്ന്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി അയാൾ പറയുന്ന വിഢിത്തങ്ങൾ അപഹസിച്ച് ആഘോഷിക്കുകയാണ് സാമൂഹ്യ മാധ്യമങ്ങളിൽ. പാകിസ്ഥാനെതിരെ ഈയിടെ നടത്തിയ ആക്രമണത്തിലെ അയാളുടെ ‘റഡാർ’ ‘മേഘ’ സിദ്ധാന്തവും മൂന്നു പതിറ്റാണ്ടു മുമ്പ് ഇ-മെയിൽ കണ്ടുപിടിക്കും മുമ്പ് തന്നെ അതുപയോഗിച്ചെന്ന അവകാശവാദവുമൊക്കെ മോദിയെ ഒരു കോമാളിയാക്കി മാറ്റിയിരിക്കുന്നു. സാമൂഹ്യമാധ്യമങ്ങളിൽ മോദിയുടെ മാങ്ങ തീറ്റയും, റഡാർ-മേഘ സിദ്ധാന്തവും, ഇ-മെയിൽ ഉപയോഗവും ഡിജിറ്റൽ ക്യാമറ ഉപയോഗവും എല്ലാം ജനങ്ങൾ കളിയാക്കി തിമിർക്കുകയാണ്. കുറച്ചു മാസങ്ങൾക്ക് മുമ്പ് ചിന്തിക്കാൻ പോലും കഴിയാതിരുന്ന ഒന്നാണത്.

ഒരു മുൻ‌കൂർ ജാമ്യമെടുക്കാനുണ്ട്. ഇത് തെരഞ്ഞെടുപ്പ് ഫലം മുൻ കൂട്ടി പറയാനുള്ള ശ്രമമല്ല. ചില തെരഞ്ഞെടുപ്പ് വിശകലനവിദഗ്ധർ പറയുന്നതനുസരിച്ചാണെങ്കിൽ ബി ജെ പി തന്നെ വീണ്ടും അധികാരത്തിൽ വന്നേക്കാം. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള ഒരു സർക്കാർ വരികയോ വരാതിരിക്കുകയോ ചെയ്യാം. എന്തായാലും കുറച്ചു മാസങ്ങളായി അഴിച്ചുവിട്ട ആക്രമണത്തിനൊടുവിൽ രാഹുൽ ഗാന്ധി മോദിക്ക് മേൽ മനഃശാസ്ത്രപരമായ വിജയം നേടിയിരിക്കുന്നു.

രാഹുൽ ഗാന്ധിയുടെ കെണിയിൽ വീണ മോദി നിരവധി അഭിമുഖങ്ങൾ നൽകാൻ തുടങ്ങുകയും അതൊടുവിൽ വലിയ പ്രതിച്ഛായ ദുരന്തങ്ങളാണ് കലാശിക്കുകയും ചെയ്തു എന്നാണ് പരസ്യ വിദഗ്ധൻ കൂടിയായ ദിലീപ് ചെറിയാൻ പറയുന്നത്. “രാഹുൽ ഗാന്ധി അനൗപചാരിക അഭിമുഖങ്ങൾ നൽകുകയും അവ ഫലമുണ്ടാക്കുകയും ചെയ്‌തുകണ്ടപ്പോൾ എന്തുകൊണ്ട് എനിക്കായിക്കൂടാ എന്നാണു പ്രധാനമന്തി ചിന്തിച്ചത്,” ദിലീപ് ചെറിയാൻ പറഞ്ഞു. പ്രതിച്ഛായ നിർമ്മിതിയുടെ ആശാനായ മോദി തന്റെ ഉൾവൃത്തങ്ങളിലേക്ക് കടക്കാനോ വാസ്തവത്തിൽ ചോദ്യങ്ങൾ ചോദിക്കാനോ ആരെയും അനുവദിച്ചില്ല. “നമ്മുടെ പ്രധാനമന്ത്രി പറയുന്ന ഓരോ വാക്കും ലോകത്തെങ്ങുമുള്ള ഏജൻസികൾ മനഃശാസ്ത്രവിശകലനം നടത്തുന്നു എന്ന് മനസ്സിലാക്കിയിരുന്നെങ്കിൽ അയാൾക്ക് വേണ്ടി തിരക്കഥ തയ്യാറാക്കിയവർ ഈ വങ്കത്തരം (റഡാർ-മേഘം സിദ്ധാന്തം) ഉണ്ടാക്കില്ലായിരുന്നു,” എന്ന് ചെറിയാൻ പറഞ്ഞു.

വർത്തമാനകാലത്തിൽ നിന്നും ശ്രദ്ധ തിരിച്ചുവിടാനും കഴിഞ്ഞകാലത്തിൽ നിന്നും ഭൂതാവേശം നടത്താനുമാണ്‌ മോദി തുടർച്ചയായി ശ്രമിച്ചുകൊണ്ടിരുന്നത്. രാഹുൽ ഗാന്ധിയുടെ മുതുമുത്തച്ഛൻ ജവഹർലാൽ നെഹ്‌റു, മുത്തശ്ശി ഇന്ദിരാ ഗാന്ധി, അച്ഛൻ രാജീവ് ഗാന്ധി ഇവരെല്ലാം മോദിയുടെ ആക്രമണത്തിന് വിധേയമാകുന്നത് കാണിക്കുന്നത് സ്വന്തം ഭരണത്തിലുള്ള അയാളുടെ ആത്മവിശ്വാസമില്ലായ്മയാണ്.തൻ ദരിദ്രനായ ചായക്കാരനായിരുന്നുവെന്നും, ഡൽഹിയിലെ ഉപരിവർഗവും ഖാൻ മാർക്കറ്റ് സംഘവും തന്നെ എതിർക്കുകയാണെന്നും, മാധ്യമങ്ങൾക്ക് തന്നോട് വെറുപ്പാണെന്നും കോൺഗ്രസ് തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്നും അയാൾ പറഞ്ഞുകൊണ്ടിരിക്കുന്നത് ഈ വേട്ടയാടൽ സിദ്ധാന്തം വെച്ചാണ്. “നിങ്ങളുടെ മോദിയെ കൊല്ലാനുള്ള സ്വപ്നം കാണുന്നത്ര വെറുപ്പ് കോൺഗ്രസിന് എന്നോടുണ്ട്” എന്നാണ് മധ്യപ്രദേശിലെ ഒരു തെരഞ്ഞെടുപ്പ് യോഗത്തിൽ അയാൾ പറഞ്ഞത്.

രാജീവ് ഗാന്ധിയെയും പ്രധാനമന്ത്രി വെറുതെ വിട്ടില്ല. “നിങ്ങളുടെ അച്ഛനെ സ്തുതിപാഠകർ മിസ്റ്റർ ക്ളീൻ എന്ന് വിളിച്ചു. പക്ഷെ അയാളുടെ ജീവിതം ഒന്നാം നമ്പർ അഴിമതിക്കാരനായാണ് അവസാനിച്ചത്,” മോദി പറഞ്ഞു. ഐ എൻ എസ് വിരാട് ഒരു സ്വകാര്യ വാഹനമായി രാജീവ് ഗാന്ധി ഉപയോഗിച്ചുവെന്ന് (32 കൊല്ലം മുമ്പ്) അയാൾ ആരോപിച്ചു. രണ്ട് ആരോപണങ്ങളും ആ വിഷയങ്ങളെക്കുറിച്ചറിയുന്നവർ തള്ളിക്കളഞ്ഞു. രാഹുൽ ഗാന്ധിയിലെ സന്യാസി അതിനോട് ഇങ്ങനെയാണ് പ്രതികരിച്ചത്, “മോദി ജി, പോരാടാട്ടം കഴിഞ്ഞിരിക്കുന്നു. താങ്കളുടെ കർമ്മം താങ്കളെ കാത്തിരിക്കുന്നു. താങ്കളെക്കുറിച്ചുള്ള താങ്കളുടെ ബോധ്യങ്ങൾ എന്റെ അച്ഛന് മേൽ അടിച്ചേൽപ്പിക്കുന്നത് താങ്കളെ സംരക്ഷിക്കില്ല. എന്റെ സ്നേഹവും ആലിംഗനവും.” ഈ ആലിംഗന പരിപാടി പുതിയതല്ല. കഴിഞ്ഞ വര്‍ഷം പാർലമെന്റിൽ അവിശ്വാസ പ്രമേയ ചർച്ചയുടെ അവസരത്തിലായിരുന്നു പ്രശസ്തമായ ആദ്യ ആലിംഗനം. പിന്നീട് ബി ജെ പി അതിനെ അപഹസിച്ചെങ്കിലും രാഹുൽ ഗാന്ധിയുടെ വൈകാരിക തന്ത്രത്തിൽ മോദി ആദ്യം പകച്ചുപോയി.

പ്രധാനമന്ത്രിയുടെ പ്രതികരണത്തിന് മറുപടിയായി രാഹുൽ ഇങ്ങനെ പറഞ്ഞു, “എല്ലാ വിധ നിഷേധ വികാരങ്ങളുടെയും ഉറവിടം ഭയമാണ്. ഞാൻ ഭയക്കുന്ന സംഗതികളെയാണ് ഞാൻ വെറുക്കുന്നത്. എനിക്ക് മോദിയെ തെല്ലും ഭയമില്ല, അതുകൊണ്ട് എനിക്ക് അദ്ദേഹത്തെ വെറുക്കാനുമാകില്ല…നരേന്ദ്ര മോദിക്ക് 56 ഇഞ്ച് നെഞ്ചാണെങ്കിൽ നമുക്ക് 56 ഇഞ്ചുള്ള ഹൃദയമാണ്.” ബുദ്ധ ധ്യാന രീതിയായ വിപാസന ശീലിക്കുന്ന ഒരാളാണ് രാഹുൽ ഗാന്ധി. അതുകൊണ്ടുതന്നെ ആ ആലിംഗനം സത്യസന്ധമാണ് എന്ന് കോൺഗ്രസുകാർ പറയുന്നു. ആത്മീയ ഗുരുവായ ശ്രീ നിസർഗദത്തയുടെ ‘I Am That‘ എന്ന പുസ്തകവുമാണ് അദ്ദേഹം വായിക്കുന്നത്. ടെയ്‌ക്വൊണ്ടോയും കരാട്ടെയും പരിശീലിച്ചിട്ടുണ്ട്, ഐകിഡോയിൽ ബ്ളാക് ബെൽറ്റുണ്ട്. ആയോധനകലകളും വിപാസനയും ചേർന്നാൽ പഠിതാവിനെ പക്വതയോടെ നിർത്താൻ പ്രാപ്തമാണ്.

നിരന്തരമായ അധിക്ഷേപങ്ങൾക്കിടയിലും രാഹുൽ ഗാന്ധി സംയമനത്തോടെ നിന്നുവെങ്കിൽ പ്രധാനമന്ത്രി ആകെ അസ്വസ്ഥനും അക്ഷമനുമാണ്. അന്താരാഷ്ട്ര മാധ്യമങ്ങൾ വരെ പുകഴ്ത്തുമ്പോൾ രാഹുൽ ഗാന്ധിയുടെ ജനപ്രിയത കുത്തനെ ഉയരുന്നു. അതെ സമയം അന്തരാഷ്ട്ര മാധ്യമങ്ങൾക്കിടയിൽ മോദിയുടെ സ്വീകാര്യത ഇടിയുകയാണ്. 2015-ൽ ‘Why Modi Matters’ എന്ന പ്രശംസിക്കുന്ന തരത്തിലുള്ള കവർ സ്റ്റോറി നല്കിയ ടൈം മാഗസിൻ ‘India’s Divider in Cheif’ എന്ന തലക്കെട്ടിൽ മങ്ങിയ മുഖവുമായുള്ള മോദിയുടെ മുഖചിത്രവുമായാണ് ഇത്തവണ ഇറങ്ങിയത്. ന്യൂ യോർക്ക് ടൈംസും വാഷിംഗ്ടൺ പോസ്റ്റും മോദിയെയും അയാളുടെ സർക്കാരിനെയും കുറിച്ച് അത്ര മികച്ച അഭിപ്രായമല്ല നൽകിയത്. എവിടെയാണ് മോദിയുടെ അതിശക്തനായ നേതാവ് എന്ന പ്രതിച്ഛായ നിർമ്മിതിയിൽ പിഴച്ചത്? തിണ്ണമിടുക്ക് കാണിച്ച പ്രചാരകർ? ഭൂതകാലത്തോടുള്ള വെറുപ്പും അഭിനിവേശവും? സന്യാസികളും മനഃശാസ്ത്ര വിദഗ്ധരും പറയുന്നത് ദേഷ്യം താത്ക്കാലികമായി ഭ്രാന്താണെന്നും ഭൂതകാലത്തിൽ ജീവിക്കുന്നത് താളം തെറ്റിക്കും എന്നുമാണ്. ഓർമ്മകളിൽ നിന്നും പ്രവർത്തിയും പ്രതികരണവും ഉണ്ടാവുകയും 80 ശതമാനം ഓർമ്മകളും നിഷേധാത്മകമാവുകയും ചെയ്യുന്നു. അതുകൊണ്ട് വർത്തമാനകാലത്തിൽ ജീവിക്കുന്നതിനാണ് പ്രാമുഖ്യം നൽകേണ്ടത്. “പുറമേക്ക് നാം കോപം എന്ന് പേരിട്ടത് വാസ്തവത്തിൽ നമ്മുടെ ഉള്ളിലുള്ള ദൗർബല്യങ്ങളോടുള്ള നമ്മുടെ അക്രമാസക്തമായ ബാഹ്യപ്രതികരണങ്ങളാണ്,” എന്നാണ് കവിയും തത്വചിന്തകനുമായ ഡേവിഡ് വൈറ്റ് പറയുന്നത്. (The Solace, Nourishment and Underlying Meaning of Everyday Words).

പക്ഷെ ആരാണ് അവസാനത്തെ ചിരി ചിരിക്കുക? 56 ഇഞ്ച് നെഞ്ചോ അതോ 56 ഇഞ്ച് ഹൃദയമോ? മെയ് 23 വരെ കാത്തിരിക്കാം?

Read More: ബിഷപ്പുമാര്‍ക്കടക്കം വ്യവസായ ഗ്രൂപ്പില്‍ നിക്ഷേപമുള്ളതിന്റെ വിവരങ്ങളാണ് ‘വ്യാജരേഖ’യിലെന്ന് ആരോപണം; വൈദികനെ അറസ്റ്റ് ചെയ്യാന്‍ അര്‍ധരാത്രി പോലീസ് പള്ളിയില്‍; സീറോ മലബാര്‍ സഭയില്‍ പൊട്ടിത്തെറി

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെയ് ബെനഡിക്ട്

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍