UPDATES

ന്യൂസ് 18: ആ വീരകഥകളുടെ കാലമൊക്കെ കഴിഞ്ഞുപോയിരിക്കുന്നു, സര്‍…

ഈ കഥയുടെ ഗുണപാഠം ഇതാണ്; ഏത് പീഡനം നേരിട്ടാലും ദലിതരേ… സ്ത്രീകളേ… പ്രതികരിക്കാതിരിക്കുക. എല്ലാം നിശ്ശബ്ദം സഹിക്കുക.

Avatar

പ്രസാദ്‌

ന്യൂസ് റൂമുകളില്‍ നിന്ന് ഇപ്പോള്‍ വാര്‍ത്തകളുണ്ട്. അത് സ്വയം വാര്‍ത്തയുടെ ഉറവിടങ്ങളാകുന്നു. മാധ്യമപ്രവര്‍ത്തകരും മാധ്യമസ്ഥാപനങ്ങളും സ്വയം വാര്‍ത്തയാകുന്ന അവസ്ഥ. അത് അവരുടെ സ്വന്തം നെറ്റ്‌വര്‍ക്കിലൂടെ കാണാനായെന്നുവരില്ല. ഓര്‍ക്കാപ്പുറത്ത് പെട്ടിതുറന്ന് പുറത്തുവരും. ഏറ്റവും ഒടുവില്‍ പുറത്തുചാടിയത് ന്യൂസ് 18 നില്‍ നിന്നാണ് – തൊഴില്‍പീഡനവും ജാതീയമായ അധിക്ഷേപവും പിരിച്ചുവിടല്‍ ഭീഷണിയുമെല്ലാം സഹിക്കാനാവാതെ ഒരു മാധ്യമപ്രവര്‍ത്തക ആത്മഹത്യക്ക് ശ്രമിച്ചു എന്ന വാര്‍ത്ത.

ഫോണ്‍ കെണി ഉള്‍പ്പെടെ അടുത്തകാലത്തുണ്ടായ ചില സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മാധ്യപ്രവര്‍ത്തനത്തിന്റെ നൈതികത കേരളം ചര്‍ച്ച ചെയ്യുന്നുണ്ട്. വിചാരണയും നീതി നടപ്പാക്കലും സ്വയം ഏറ്റെടുക്കുന്നു എന്ന വിമര്‍ശനങ്ങളുണ്ട്. ഏറ്റവുമൊടുവില്‍ ന്യൂസ് റൂം എന്ന തൊഴിലിടത്തില്‍ പാലിക്കപ്പെടേണ്ട പെരുമാറ്റച്ചട്ടം ചര്‍ച്ചചെയ്യാന്‍ അവസരം ഒരുക്കുകയാണ് ന്യൂസ് 18 സംഭവം. കേരളം നിര്‍ബന്ധമായും ചര്‍ച്ച ചെയ്യേണ്ട വിഷയമാണിത്. എത്രയോ മുമ്പ് തന്നെ ന്യൂസ് ഡസ്‌കിലെ പുതുതലമുറ ഉറക്കെ വിളിച്ചുപറയേണ്ടിയിരുന്ന ഗൗരവമുള്ള വിഷയം.

പത്രാധിപന്‍മാരെപ്പറ്റിയുള്ള വീരകഥകള്‍ കേട്ടായിരിക്കും എല്ലാ പത്രപ്രവര്‍ത്തകരും ആദ്യാക്ഷരം കുറിച്ചിട്ടുണ്ടാവുക. ഭാഷാപരമായും ആശയപരമായും വ്യക്തതയില്ലാത്ത കോപ്പികള്‍ വലിച്ചുകീറി മുഖത്തെറിഞ്ഞ ഒരു പത്രാധിപരെക്കുറിച്ച്. ആ പത്രാധിപരുടെ ശിക്ഷണത്തില്‍ വാര്‍ത്തയെഴുതിപ്പഠിച്ചതിന്റെ അഭിമാനം പേറുന്നവരാണ് ഇന്നത്തെ ന്യൂസ് ഡസ്‌കുകളിലെ അധിപന്‍മാരില്‍ ഏറെയും. അക്കാലമൊക്കെ കഴിഞ്ഞുപോയി സര്‍ എന്നോര്‍മിപ്പിക്കാന്‍ ഇപ്പോള്‍ ന്യൂസ് 18 ലെ ഒരു ദളിത് പെണ്‍കുട്ടിക്ക് കഴിഞ്ഞെങ്കില്‍ അതാണ് അഭിമാനാര്‍ഹമായ നേട്ടം.

കീഴ് ജീവനക്കാരെ നിലയ്ക്കുനിര്‍ത്തുന്നതാണ് പുതിയ കാലത്തിന്റെയും പ്രൊഫഷണലിസം. മാനേജ്‌മെന്റിനേക്കാള്‍ തൊഴിലാളി വിരുദ്ധരാണ് പത്രപ്രവര്‍ത്തക (തൊഴിലാളി) യൂണിയനുകളിലൊക്കെ അംഗത്വമുള്ള ഈ മിഡില്‍ മാനേജ്‌മെന്റ് മുതലാളിമാര്‍. ന്യൂസ് 18 സംഭവവും മറ്റൊന്നല്ല.

എല്ലാ ന്യൂസ് ഡസ്‌കിലും ഇതൊക്കെ പതിവുണ്ട്. അതിനെ പ്രൊഫഷണല്‍ മനോഭാവത്തോടെ സമീപിക്കാതെ ജാതി, ലിംഗം തുടങ്ങിയ പരിഗണനകള്‍ ഉപയോഗിച്ച് സഹപ്രവര്‍ത്തകരെ ജയിലിലടയ്ക്കാന്‍ നോക്കുന്നു എന്നതാണ് ഉന്നതകുലജാതരായ ചില മാധ്യമപ്രവര്‍ത്തകരുടെ വാദം. ഇപ്പോള്‍ ഈ മാധ്യമപ്രവര്‍ത്തക നേരിടേണ്ടിവരുന്ന ആക്ഷേപവും അതുതന്നെ. മുമ്പെങ്ങും ആരും ഇത്തരത്തില്‍ പ്രതികരിച്ചില്ല എന്നതുകൊണ്ട് മുമ്പ് നടന്നതെല്ലാം നീതിയാണെന്നും പ്രൊഫഷണലിസത്തിന്റെ പേരില്‍ എല്ലാം സഹിക്കണമെന്നും പറയുന്നത് എത്രമാത്രം അസംബന്ധമാണ്! അവകാശബോധമുള്ള ഒരു തലമുറ ഇനിയും വരാനുണ്ടാകും. സൂക്ഷിക്കുക.

ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയുടെ വാക്കുകള്‍ കേള്‍ക്കുക: ”എട്ട് മാസമായി ഒരുപാട് സഹിച്ചു. അഭിപ്രായം നേരിട്ട് പറയുന്നതുകാരണം ഞാന്‍ ഇഷ്ടക്കാരുടെ ലിസ്റ്റില്‍ ഇല്ല.”

ഇത് ന്യൂസ് റൂമിലെ ഒറ്റപ്പെട്ട രോദനമല്ല. ഇഷ്ടക്കാരുടെ പട്ടികയില്‍ ഇടംപിടിക്കുക എന്നതാണ് പ്രധാന കാര്യം. സെല്‍ഫ് അപ്രൈസലും മേലാളന്‍മാരുടെ നിരന്തര മൂല്യനിര്‍ണയവുമൊക്കെ കഴിഞ്ഞ് പ്രമോഷന്റെയും ശമ്പളവര്‍ധനവിന്റേയും വിശദാംശങ്ങള്‍ പുറത്തുവരുമ്പോഴാണ് സ്ഥാപനമേധാവികളുടെ ഇഷ്ടക്കാരുടെ പട്ടിക ചുരുള്‍ നിവരുക. ഇത് ഏതാണ്ട് എല്ലാ സ്ഥാപനത്തിലേയും ദുരവസ്ഥയായിമാറിയിരിക്കുന്നു. എതിര്‍വാ ഉതിര്‍ക്കുന്നവര്‍ നീണ്ടകാലത്തെ അവഗണനയും പീഡനവുമേറ്റ് ഒടുക്കം മാധ്യമപ്രവര്‍ത്തനം തന്നെ ഉപേക്ഷിക്കുന്നു. ഇത് സ്ത്രീകളുടെ മാത്രം പ്രശ്‌നമല്ല. വിധേയരാവാത്ത ആര്‍ക്കും ഇതൊക്കെ ബാധകമാകാം. മറ്റേത് രംഗത്തും എന്നതുപോലെ ഇവിടെയും സ്ത്രീകളും ദലിതരും അതിന്റെ ദുരിതം ഏറ്റവും തീവ്രമായ അളവില്‍ ഏറ്റുവാങ്ങേണ്ടിവരുന്നത് നമ്മുടെ സാമൂഹികസാഹചര്യത്തിന്റെ പ്രതിഫലനം മാത്രം. അവര്‍ക്ക് വേണ്ടി വാദിക്കാന്‍ ആളില്ലാതാകുന്നതും ഉന്നതര്‍ക്ക് വേണ്ടി പടവെട്ടാന്‍ നിരവധിപേര്‍ ഉണ്ടാകുന്നതും അതേ സാമൂഹികാവസ്ഥയുടെ പ്രതിഫലനം തന്നെ. എന്തൊക്കെയായാലും ദൃശ്യമാധ്യമങ്ങളുടെ ഡസ്‌കുകളില്‍ നിലനില്‍ക്കുന്ന അധികാരശ്രേണി ഒട്ടും ജനാധിപത്യപരമല്ല. ഒരുതരം അടിമ – ഉടമ ബന്ധം നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്നവരാണ് മുകള്‍ത്തട്ടിലുളളവരില്‍ ഏറെയും. അത് അങ്ങനെ നിലനില്‍ക്കണമെന്ന് മാനേജ്‌മെന്റും ആഗ്രഹിക്കുന്നുണ്ടാവണം.

ആശുപത്രിക്കിടക്കയില്‍ നിന്ന് മാധ്യമപ്രവര്‍ത്തക പറയുന്നു: ” പിരിച്ചുവിടലിനെക്കുറിച്ച് സ്ഥാപനത്തില്‍ ചില ഊഹാപോഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്റെ ഒരു സഹപ്രവര്‍ത്തകയില്‍ നിന്ന് ഒരു മുന്നറിയിപ്പുമില്ലാതെ രാജിക്കത്ത് നിര്‍ബന്ധിച്ച് എഴുതിവാങ്ങി. അടുത്തത് എന്റെ ഊഴമാണെന്ന് കേട്ട ഞാന്‍ എച്ച് ആര്‍ മാനേജരെ നേരിട്ട് വിളിച്ച് കാര്യം തിരക്കി. അദ്ദേഹം അത് സ്ഥിരീകരിച്ചു. എന്താണ് എന്റെ കുറവുകള്‍ എന്ന് വസ്തുനിഷ്ഠമായി പറയണമെന്ന് വാര്‍ത്തയുടെ ചുമതല വഹിക്കുന്നയാളോട് ചോദിച്ചു. നിങ്ങളുടെ മനോഭാവമാണ് മാറ്റേണ്ടത് എന്നായിരുന്നു മറുപടി.” മനോഭാവം എന്ന് പറയുന്നത് എന്താണെന്ന് അറിയണമെങ്കില്‍ ഈ മാധ്യമപ്രവര്‍ത്തകയുടെ മറ്റ് വിശദീകരണങ്ങള്‍ കൂടി കേള്‍ക്കണം.

"</p

”പിസിആറില്‍ പ്രൊഡക്ഷന്റെ ചുമതലയുണ്ടായിരുന്ന ഞാന്‍ ബുള്ളറ്റിന്‍ റിപ്പോര്‍ട്ടുകള്‍ അയക്കേണ്ടതുണ്ട്. അതില്‍ ബുള്ളറ്റിനിലെ അബദ്ധങ്ങളും കുറവുകളും കൃത്യമായി രേഖപ്പെടുത്തണം. ഒരു സീനിയര്‍ ആങ്കര്‍ 48 തെറ്റാണ് ഒരു ബുള്ളറ്റിനില്‍ മാത്രം വരുത്തിയത്. അത്തരം കാര്യങ്ങള്‍ ഞാന്‍ റിപ്പോര്‍ട്ടില്‍ എഴുതാറുണ്ട്. റിപ്പോര്‍ട്ട് മാനേജ്‌മെന്റിന്റെ ഉന്നതങ്ങളിലുള്ളവര്‍ ഉള്‍പ്പെടെ ദിവസവും പരിശോധിക്കും. ഡസ്‌കിലുള്ളവരുടെ ശത്രുത നേടാന്‍ വേറെ വഴി അന്വേഷിക്കേണ്ടതില്ലല്ലോ? അവരുടെ തെറ്റുകള്‍ മറച്ചുവെച്ച്, പ്രൊഡക്ഷനിലെ ചെറിയ അബദ്ധങ്ങളെ പര്‍വതീകരിച്ച് നിരന്തരം എന്റെ നേരെ ആക്രോശിക്കുന്നത് മറ്റൊരു സീനിയര്‍ ആങ്കറുടെ സ്ഥിരം പരിപാടിയായിരുന്നു.”

ദൃശ്യമാധ്യമങ്ങളില്‍ ന്യൂസ് പ്രൊഡക്ഷന്‍ മേഖലയില്‍ നില്‍ക്കുന്നവരാണ് ഏറ്റവുമധികം സമ്മര്‍ദം നേരിടേണ്ടിവരുന്നത്. പ്രൊഡക്ഷന്‍ നല്ല മനസ്സാന്നിധ്യവും ന്യൂസ് സെന്‍സും വേണ്ട മേഖലയാണ്. ആദ്യവാര്‍ത്തക്കുള്ള മത്സരത്തില്‍ ഏറ്റവുമധികം സമ്മര്‍ദം ഏറ്റുവാങ്ങേണ്ടിവരുന്നതും അതുമൂലം വന്നുപെടുന്ന അബദ്ധങ്ങളുടെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടിവരുന്നതും അവരാണ്. സ്റ്റാര്‍ ആങ്കര്‍മാരെ സംബന്ധിച്ചിടത്തോളം ഇവര്‍ വെള്ളം കോരാനും വിറകുവെട്ടാനുമുള്ളവരാണ്. ഒമ്പതുമണിച്ചര്‍ച്ചയില്‍ മനസ്സില്‍ നിനച്ച അതിഥിയെ സ്റ്റുഡിയോയില്‍ എത്തിച്ചില്ലെങ്കില്‍, ടെലിഫോണ്‍ ലൈനില്‍ കിട്ടിയില്ലെങ്കില്‍ ഇവര്‍ കലിതുള്ളും. ഡവലപ്പിംഗ് അവേഴ്‌സിലും സമ്മര്‍ദമേറും. ലൈവ് ഷോ നിലനിര്‍ത്താന്‍ ഡസ്‌കും കമേഴ്‌സ്യല്‍ ബ്രേക്കിനായി മാര്‍ക്കറ്റിംഗ് ടീമും സമ്മര്‍ദം ചെലുത്തും. ഇതിനിടയില്‍പ്പെട്ട് ഒരു തീരുമാനമെടുക്കാനാവാതെ ബുള്ളറ്റിന്‍ പ്രൊഡ്യൂസര്‍ കുഴങ്ങും. ഇതൊന്നും ഈ പറയുന്ന സീനിയര്‍ ജേര്‍ണലിസ്റ്റുകളെ അലട്ടുകയെ ഇല്ല. സത്യത്തില്‍ എന്തിനാണ് സ്വകാര്യ ബസ്സുകള്‍ റോഡില്‍ മത്സരിക്കുന്നതുപോലെ ഈ മരണവേഗം എന്നുപോലും തോന്നിപ്പോകും. ന്യൂസ് റൂമില്‍ എട്ട് ടെലിവിഷന്‍ ചാനലുകള്‍ ഒന്നിച്ച് മോണിറ്റര്‍ ചെയ്ത് തൊട്ടടുത്ത എതിരാളിയുടെ ഒരു സെക്കന്റ് മുമ്പേ നമ്മള്‍ കൊടുത്തു എന്ന് പറഞ്ഞ് അഭിമാനം കൊള്ളുന്നതിലെ അസംബന്ധം തിരിച്ചറിയാത്തതെന്ത്. ഇനി ഇതൊന്നുമല്ലെങ്കില്‍ അതിനുവേണ്ടി പ്രയത്‌നിച്ച ഒരു ജൂനിയര്‍ ജേണലിസ്റ്റിന് അര്‍ഹിക്കുന്ന പരിഗണന കൊടുത്താല്‍ എന്താണ് നഷ്ടം!

അപ്പോഴാണ് താഴെ തട്ടിലുള്ളവര്‍ തങ്ങള്‍ ചെയ്യുന്ന തൊഴില്‍ അഭിമാനകരമല്ലെന്ന് തിരിച്ചറിയുക. ആര്‍ക്കൊക്കെയോ സ്റ്റാര്‍ ആകാനുള്ള മത്സരത്തില്‍ വെറും ഉപകരണങ്ങളാണ് തങ്ങള്‍ എന്ന അപകര്‍ഷമുണ്ടാവുക. കുറഞ്ഞ വേതനവും അവ്യവസ്ഥിതവും ദൈര്‍ഘ്യമേറിയതുമായ ഷിഫ്റ്റ് സമ്പ്രദായവും ജൂനിയര്‍ ജേണലിസ്റ്റുകളെ മടുപ്പിക്കുന്ന ഘടകങ്ങളാണ്. ഒപ്പം ആവര്‍ത്തിച്ചുവരുന്ന നൈറ്റ് ഷിഫ്റ്റും. നമ്മുടെ ന്യൂസ് ഡസ്‌കുകള്‍ തൊഴിലാളി സൗഹൃദപരമായി പുന:ക്രമീകരിക്കാന്‍ സമയമായിരിക്കുന്നു.

പിന്നാക്ക വിഭാഗങ്ങളില്‍പ്പെട്ട എത്രപേര്‍ക്ക് ന്യൂസ് ഡസ്‌കുകളില്‍ പ്രവേശനം കിട്ടുന്നുണ്ട്? കിട്ടിയാല്‍ തന്നെ അതിജീവനം സാധ്യമാകുന്നുണ്ടോ? സ്വകാര്യമേഖലയിലെ സംവരണം എന്നത് സ്വകാര്യവത്കരണകാലത്തെ പ്രസക്തമായ ഒരു ആവശ്യമാണ്. അത് ദുര്‍ബലമായ ഒരു വാദമായി പരിണമിച്ചിരിക്കുന്നു. സാമൂഹികമായി കുറേക്കൂടി ഉത്തരവാദിത്വമുണ്ടെന്ന് നടിക്കുന്ന മാധ്യമങ്ങള്‍ ഇക്കാര്യത്തില്‍ എന്തെങ്കിലും കാല്‍വെപ്പ് നടത്തിയതായി കാണുന്നില്ല. ആത്മപരിശോധനയ്ക്കുള്ള സമയം അതിക്രമിച്ചിരിക്കുന്നു. ഒരു സംവരണത്തിന്റെയും ആനുകൂല്യമില്ലാതെ പ്രതികൂലമായ സാമൂഹിക സാഹചര്യങ്ങളെ മറികടന്ന് മാധ്യമസ്ഥാപനങ്ങളില്‍ എത്തിപ്പെടുന്ന അപൂര്‍വം വ്യക്തികളെ ഒരു കൈത്താങ്ങ് നല്‍കി കൂടെക്കൂട്ടാനെങ്കിലും തയ്യാറാവേണ്ടതില്ലേ?

റബര്‍ ടാപ്പിംഗ് നടത്തിയാണ് ഈ മാധ്യമപ്രവര്‍ത്തകയുടെ അമ്മ രണ്ടു കുട്ടികളെ പഠിപ്പിച്ച് വളര്‍ത്തിയത്. തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിലാണ് ഇപ്പോള്‍ ഈ പെണ്‍കുട്ടി ചികിത്സയിലുള്ളത്. ആശുപത്രിയിലിരുന്ന് അമ്മ പറഞ്ഞ വാക്കുകള്‍ കൂടി കേള്‍ക്കുക. “നല്ല സൗകര്യമുള്ള ആശുപത്രി. ചികിത്സാചെലവൊക്കെ മാനേജ്‌മെന്റ് നോക്കുന്നുണ്ട്. ഇത്രയും സൗകര്യമുള്ള ഒരിടത്ത് ജീവിതത്തില്‍ ആദ്യമായിട്ടാ കിടക്കുന്നത്. ചികിത്സയൊക്കെ തീരുമ്പോള്‍ എങ്ങോട്ടുപോകുമെന്നോ എങ്ങനെ കഴിയുമെന്നോ അിറയില്ല.” ഇരുപതോളം പേരെ പിരിച്ചുവിട്ടിട്ടും ഒരാള്‍ മാത്രം എന്തിനാണ് ആത്മഹത്യക്ക് ശ്രമിക്കുന്നത് എന്ന ചോദ്യം ഉന്നയിക്കുന്നവര്‍ ഈ പെണ്‍കുട്ടിയുടെ കുടുംബപശ്ചാത്തലവും സാമൂഹിക പശ്ചാത്തലവും അന്വേഷിക്കാന്‍ തയ്യാറാവുക.

ഇങ്ങനെയൊക്കെ തുടങ്ങിയാല്‍, ഇനി ദളിതരെയും പെണ്‍കുട്ടികളെയും ആരും ജോലിക്കെടുക്കില്ല – ഇതാണ് മറ്റൊരു കൂട്ടം മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്. അപ്പോള്‍ ഈ കഥയുടെ ഗുണപാഠം ഇതാണ്. നിങ്ങള്‍ ഏത് പീഡനം നേരിട്ടാലും ദലിതരേ… സ്ത്രീകളേ… പ്രതികരിക്കാതിരിക്കുക. എല്ലാം നിശ്ശബ്ദം സഹിക്കുക.

പ്രതിനായക സ്ഥാനത്ത് നിങ്ങളുടെ സുഹൃത്തുക്കള്‍ തന്നെ ആണ് എന്നതുകൊണ്ട് നിങ്ങള്‍ അവര്‍ക്ക് വേണ്ടി നടത്തുന്ന അന്യായമായ പോരാട്ടവും കുറ്റകരമായ നിശ്ശബ്ദതയും എങ്ങനെ നീതീകരിക്കപ്പെടുമെന്നതിന് സ്വയം ഒരു ഉത്തരം തേടുക. മറിച്ച് അല്പം സത്യസന്ധതയുണ്ടെങ്കില്‍ ആകാശങ്ങളില്‍ (ഓണ്‍ എയര്‍) ഇരുന്ന് ആദര്‍ശം പറയുന്ന നിങ്ങളുടെ സഹപ്രവര്‍ത്തകരെ കൃത്യമായി തുറന്നുകാട്ടുക. ആകാശത്തും സൈബര്‍ലോകത്തും ആദര്‍ശധീരതയുടെ വ്യാജവ്യക്തിത്വം സ്വയം നിര്‍മിച്ച് വിരാജിക്കുന്ന അത്തരക്കാരെ വലിച്ചുകീറുക. അവരെ തിരസ്‌കരിക്കാനുള്ള ബോധമൊക്കെ ശരാശരി മലയാളിക്കുണ്ട് എന്നെങ്കിലും തിരിച്ചറിയുക.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Avatar

പ്രസാദ്‌

മാധ്യമപ്രവര്‍ത്തകന്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍