UPDATES

കെയ് ബെനഡിക്ട്

കാഴ്ചപ്പാട്

Perspective

കെയ് ബെനഡിക്ട്

ട്രെന്‍ഡിങ്ങ്

വോട്ടു ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ എന്തുകൊണ്ട് നോട്ടയ്ക്ക് അധികം പ്രചാരണം നൽകുന്നില്ല

നോട്ട കളങ്കിത സ്ഥാനാര്‍ത്ഥികള്‍ക്കെതിരെയുള്ള ആയുധം

ബാൽകോട്ട് വ്യോമാക്രമണത്തേയും ദേശീയാഭിമാനത്തെയും കുറിച്ചുള്ള കാഹളം വിളികളുടെ ആഖ്യാനം ദുർബലമായതോടെ, വളരെ പ്രകടമായ തരംഗങ്ങളൊന്നും പ്രകടമല്ലാതിരിക്കെ, രാഷ്ട്രീയകക്ഷികൾ വീണ്ടും മറ്റു വഴികൾ തേടാൻ തുടങ്ങിയിരിക്കുന്നു. തെരഞ്ഞെടുപ്പ് സഖ്യങ്ങൾ, ബൂത്ത് കൈകാര്യം, ആകർഷകമായ പ്രകടനപത്രികകൾ, വോട്ടർമാരെ കാണൽ, എതിർകക്ഷികളിൽ നിന്നും ചാഞ്ചാട്ടക്കാരെ കൂറുമാറ്റൽ അങ്ങനെ പലതും. ഓരോ വോട്ടും നിർണായകമാകുന്ന പോരാട്ടത്തിൽ എല്ലാ കക്ഷികളേയും, പ്രത്യേകിച്ചും ബി ജെ പി-ആർ എസ് എസ്, ഏതു സ്ഥാനാനാർത്ഥിയെയും തോല്പിക്കാനാകുന്ന നോട്ട (NOTA)യെ  കുറിച്ചും പോളിങ് ശതമാനം കുറയുമോ എന്നതും ആശങ്കപ്പെടുത്തുന്നുണ്ട്.

മത്സരിക്കുന്ന ഒരു സ്ഥാനാർത്ഥിയെയും തെരഞ്ഞെടുക്കുന്നില്ല എന്ന് സമ്മതിദായകന് രേഖപ്പെടുത്താൻ കഴിയുന്ന വോട്ടിംഗ് യന്ത്രത്തിൽ ഏറ്റവും അവസാനം നൽകിയിട്ടുള്ള അവസരമാണ് NOTA. 2013-ലാണ് ഇത് ആദ്യമായി കൊണ്ടുവന്നത്. കളങ്കിതരായ സ്ഥാനാർത്ഥികളെ നിർത്തുന്ന രാഷ്ട്രീയകക്ഷികൾക്ക് തലവേദനയുണ്ടാക്കിക്കൊണ്ട് NOTA രേഖപ്പെടുത്തന്നവരുടെ എണ്ണം കൂടുകയാണ്.

‘രഹസ്യസ്വഭാവം പുലർത്താനുള്ള അവകാശം നിലനിർത്തിക്കൊണ്ടുതന്നെ ആർക്കും വോട്ടു ചെയ്യാതിരിക്കാനുള്ള അവകാശം’ സമ്മതിദായകർക്ക് ഉപയോഗിക്കാൻ കഴിയണമെന്ന് People’s Union for Civil Liberties vs Union of India കേസിൽ സുപ്രീം കോടതി ഉത്തരവിട്ടതിനെ തുടർന്നാണ് NOTA നിലവിൽ വന്നത്. ഇന്ത്യയിൽ ഇതേർപ്പെടുത്തുന്നതിന് വരെ മുമ്പേ യു എസ്, യു കെ, സ്‌പെയിൻ, ഫ്രാൻസ്, സ്വീഡൻ, ബ്രസീൽ, ഗ്രീസ്, ഫിൻലാൻഡ്, ചിലെ, ബംഗ്ളാദേശ്, ഉക്രെയിൻ, ബെൽജയം, കൊളംബിയ തുടങ്ങി പല രാജ്യങ്ങളിലും ഇത് നടപ്പാക്കിയിരുന്നു.

കളങ്കിത സ്ഥാനാർത്ഥികൾക്ക് വോട്ടു നൽകില്ല എന്ന ലക്ഷ്യത്തിനു പകരം രാഷ്ട്രീയ അസ്ഥിരത ഉണ്ടാക്കുന്നു എന്നാണ് നിർഭാഗ്യവശാൽ NOTAക്കെതിരെ ഉയരുന്ന ആരോപണം. കഴിഞ്ഞ വർഷം ഡിസംബറിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ NOTA ബി ജെ പിക്ക് ദോഷം ചെയ്യുമെന്ന് ആർ എസ് എസ് മേധാവി മോഹൻ ഭാഗവതിന് ഒരു ആശങ്കയുണ്ടായിരുന്നു. മധ്യപ്രദേശ്, രാജസ്ഥാൻ, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളിലെ 22 സീറ്റുകളിൽ വിജയിച്ചവരുടെ ഭൂരിപക്ഷത്തെക്കാൾ NOTA ഉണ്ടായിരുന്നു. ഇതുവഴി ബി ജെ പിക്ക് 12 സീറ്റ് പോയപ്പൾ, കോൺഗ്രസിന് 10 സീറ്റ് പോയി.

AAP, SP എന്നീ കക്ഷികൾക്ക് NOTAയെക്കാളും കുറവ് വോട്ടുകളെ ലഭിച്ചുള്ളൂ. തെരഞ്ഞെടുപ്പിന് മൂന്നു മാസം മുമ്പ് സെപ്റ്റംബറിൽ തന്റെ വിജയദശമി പ്രസംഗത്തിൽ ഇങ്ങനെ പറഞ്ഞു, “ഒരു ജനാധിപത്യ സമ്പ്രദായത്തിൽ കൂട്ടത്തിൽ മികച്ച ആളെയാണ് തെരഞ്ഞെടുക്കേണ്ടത്. 100 ശതമാനം ഇത് ബുദ്ധിമുട്ടാണ്. അത്തരമൊരു സാഹചര്യത്തിൽ വോട്ടു ചെയ്യാതിരിക്കുന്നതോ, NOTA ഉപയോഗിക്കുന്നതോ ഏറ്റവും മോശപ്പെട്ട ആൾക്ക് ഗുണം ചെയ്യും.”

NOTA ഉപയോഗിക്കുന്നതിലൂടെ ഒരു സമ്മതിദായകർ ‘കൂട്ടത്തിലെ മോശം കക്ഷിയെ കൂട്ടത്തിലെ മികച്ചതിനെതിരായി” തെരഞ്ഞെടുക്കുകയാണെന്നും ഭഗവത് പറഞ്ഞു. എല്ലാ വശത്തു നിന്നുമുള്ള പ്രചാരണത്തിൽ ചായാതെ ദേശീയ താത്പര്യം മുൻനിർത്തി 100 ശതമാനം വോട്ടു രേഖപ്പെടുത്തൽ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ ആത്മനിഷ്ഠവും തർക്കവിഷയവുമാണ്. ലഭ്യമായതിലെ  മെച്ചപ്പെട്ടതിനെ തെരഞ്ഞെടുക്കുക എന്നുവെച്ചാൽ താരതമ്യേന അഴിമതിയും കുററകൃത്യവും കുറഞ്ഞ സ്ഥാനാർത്ഥിയെ തെരഞ്ഞെടുക്കുക എന്നുമാകാം.

ഉദാഹരണത്തിന് ഒരു നിയോജകമണ്ഡലത്തിലെ അഞ്ചു സ്ഥാനാർത്ഥികൾ എല്ലാവരും കുറ്റവാളികളും അഴിമതിക്കാരുമാണെങ്കിൽ സമ്മതിദായകന് അതിലൊരാൾ തെരഞ്ഞെടുക്കാതെ നിവൃത്തിയില്ലെന്നു വരും. ആർ എസ് എസ് മേധാവിയാണെങ്കിൽ പ്രചാരണങ്ങൾ മൂലം ചായ്‌വ് മാറുന്നത് ഇഷ്ടപ്പെടുന്നുമില്ല. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ പ്രാഥമിക ലക്‌ഷ്യം തന്നെ സമ്മതിദായകരെ തങ്ങളുടെ പക്ഷത്തേക്ക് ചായ്ക്കുകയാണ്. നൂറു  ശതമാനം നിയന്ത്രണവും  കയ്യിലൊതുക്കാനുള്ള ആഗ്രഹമാണ് ഭഗവതിന്റെ വാക്കുകളിൽ തെളിയുന്നത്.

NOTA ഒരു പ്രശ്നമാണെങ്കിൽ കളങ്കിതരായ സ്ഥാനാർത്ഥികളെ ഒഴിവാക്കി 100 ശതമാനം പേരും വോട്ടു ചെയ്യുന്നു എന്നുറപ്പാക്കിയാൽ മതി. പോളിങ് ശതമാനം കുറയുന്നതിലെ ആശങ്കയുടെ പശ്ചാത്തലത്തിലാണ് ജനങ്ങളെ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി എല്ലാ രാഷ്ട്രീയ നേതാക്കളൊരു ട്വീറ്റ് ചെയ്ത് അഭ്യർത്ഥിച്ചത്.

സമ്മതിദായകരെ ശാക്തീകരിക്കാനും വോട്ടെടുപ്പിൽ പങ്കാളിത്തം കൂട്ടാനും നല്ല സ്ഥാനാർത്ഥികളെ കണ്ടെത്താൻ രാഷ്ട്രീയകക്ഷികളെ പ്രേരിപ്പിക്കാനും NOTA വഴി കഴിയുമെന്ന ശുഭാപ്തിവിശ്വാസമാണ് വിധിയിൽ സുപ്രീം കോടതി പ്രകടിപ്പിച്ചത്. പാർലമെന്റിലെ വോട്ടെടുപ്പ് യന്ത്രങ്ങളിലും അനുകൂലം, പ്രതികൂലം, വിട്ടുനിൽക്കുന്നു എന്നീ മൂന്ന് ബട്ടണുകൾ ഉണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. “NOTA അമർത്തുന്നതിലൂടെ തന്റെ വോട്ടിനു അർഹരായ ഒരു സ്ഥാനാർത്ഥിയും ഇല്ലെന്നാണ് സമ്മതിദായകൻ  പറയുക,” കോടതി പറഞ്ഞു.

സാമ്പ്രദായിക ധാരണ വെച്ചു നോക്കിയാൽ അക്ഷരാഭ്യാസമുള്ള ധനികരായ നഗര വോട്ടർമാർ ഗ്രാമീണ വോട്ടര്‍മാരെക്കാൾ കൂടുതലായി NOTA  ഉപയോഗിക്കും എന്നാണ് കരുതേണ്ടത്. എന്നാൽ 2014-ലെ രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുകളിൽ NOTAയുടെ എണ്ണം എസ് സി/ എസ് ടി മണ്ഡലങ്ങളിൽ പൊതു മണ്ഡലങ്ങളിലേതിനേക്കാൾ കൂടുതലായിരുന്നു. ഛത്തീസ്ഗഡിലെ മാവോവാദി സ്വാധീന മേഖലകിൽ NOTA രണ്ടിനും മൂന്നിനും ശതമാനത്തിനിടയ്ക്കായിരുന്നു. ബസ്തറിൽ ഇത് 5% വരെയെത്തി.

നിലവിലെ രാഷ്ട്രീയ സംവിധാനത്തിൽ ദളിതർക്കും ആദിവാസികൾക്കുമുള്ള അസംത്യപ്തിയെയാണ് ഇത് കാണിക്കുന്നത്. ജാതീയത വളർത്താൻ സഹായിക്കും എന്നാണ് NOTA-ക്കെതിരായുള്ള ഒരു കാതലായ ആരോപണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ചില സവർണ ജാതിക്കാരായ സമ്മതിദായകർ ദളിത് സ്ഥാനാർത്ഥിക്കു വോട്ടു ചെയ്യാതിരിക്കാൻ NOTA ഉപയോഗിച്ച് എന്ന് വിമർശകർ  ചൂണ്ടിക്കാണിക്കുന്നു.

എന്നാൽ അതൊരു ഒറ്റപ്പെട്ട സംഭവമാകാം. വോട്ടർമാരുടെ തെരഞ്ഞെടുപ്പ് മിക്കപ്പോഴും അവരുടെ കക്ഷി രാഷ്ട്രീയ പ്രതിബദ്ധത വെച്ചാണ് നിശ്ചയിക്കപ്പെടുന്നത്. ബി എസ് പി, എസ് പി മുതലായ കക്ഷികളുടെ സ്ഥാനാർത്ഥികളായി ദളിത്-ഒ ബി സി വോട്ടുകൾ നേടി പല ബ്രാഹ്മണ, രാജ്പുത് സ്ഥാനാർത്ഥികളും ജയിച്ചിട്ടുണ്ട്. യുക്തിസഹമായി നോക്കിയാൽ ഭരണത്തിലിരിക്കുന്ന കക്ഷിക്കാണ് പ്രതിപക്ഷത്തേക്കാൾ NOTA  ദോഷം ചെയ്യാറുള്ളത്.

തെരഞ്ഞെടുപ്പ് കമ്മീഷൻ വലിയ തോതിലുള്ള മാറ്റങ്ങൾ കൊണ്ടുവരുന്നതുവരെ തെരഞ്ഞെടുപ്പിൽ കളങ്കിത സ്ഥാനാർത്ഥികളെ ഒഴിവാക്കാൻ NOTA ഒരു വഴി തന്നെയാണ്. അഴിമതിക്കാർക്കും കുറവാളികൾക്കുമൊക്കെ പല രാഷ്ട്രീയകക്ഷികളും പണം വാങ്ങി സീറ്റു നൽകാറുണ്ട് എന്നത് ഒരു രഹസ്യവുമല്ല.

വോട്ടു ചെയ്യാൻ ആളുകളെ പ്രേരിപ്പിക്കുന്ന തെരഞ്ഞെടുപ്പ് കമ്മീഷൻ എന്നാൽ NOTA -യെ കുറിച്ചു അധികം പ്രചാരണം നൽകുന്നില്ല. ജനങ്ങളുടെ അസംതൃപ്തിയുടെ ഒരു പ്രതിഫലനമാണ് NOTA. അതിന്റെ ഉപയോഗം വ്യാപകമായാൽ വ്യവസ്ഥാപരമായ മാറ്റങ്ങൾ വരുത്താനും കളങ്കിതരല്ലാത്ത സ്ഥാനാർത്ഥികളെ നിർത്താനും രാഷ്ട്രീയ കക്ഷികൾ നിർബന്ധിതരാകും.

കെയ് ബെനഡിക്ട്

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍