UPDATES

ട്രെന്‍ഡിങ്ങ്

കരിങ്കാലി പണിക്കെതിരേ സമരം ചെയ്ത് ജനകീയരായവര്‍ മുതലാളിമാര്‍ക്ക് വേണ്ടി ഉഡായിപ്പ് പണിക്ക് നില്‍ക്കരുത്

ചര്‍ച്ചയ്ക്കു മുതിരുമ്പോള്‍ കേരളം മുഴുവന്‍ വെടിപ്പാക്കാന്‍ വേണ്ടി നടത്തുന്ന നല്ല പ്രവര്‍ത്തിക്ക് പാരവയ്ക്കുന്ന ഈ ആശുപത്രി മുതലാളിമാരെക്കുറിച്ച് കൂടി ഒന്നോര്‍ത്താല്‍ നന്ന്

കെ എ ആന്റണി

കെ എ ആന്റണി

നഴ്‌സുമാര്‍ സമരം പ്രഖ്യാപിച്ച് ചികിത്സാബന്ധനം നടത്തുന്നതെന്ന കേരളത്തിലെ സ്വകാര്യ ആശുപത്രി മുതലാളിമാര്‍ നല്‍കിയ പരാതി സംബന്ധിയായി ഹൈക്കോടതി നടത്തിയ ഒരു നിരീക്ഷണത്തെ സഖാവ് പിണറായി സര്‍ക്കാര്‍ ഇത്രമേല്‍ ഭയപ്പെടേണ്ടതുണ്ടോ? മലബാറില്‍ അതും സിപിഎമ്മിന്റെ കോട്ടകൊത്തളങ്ങള്‍ ഉള്ള നാട്ടില്‍ രണ്ട് കളക്ടര്‍മാര്‍ നടത്തിയ ഇടപെടല്‍ അപഹാസ്യമായി തോന്നിയതുകൊണ്ടു തന്നെയാകണം നഴ്‌സ് സമരത്തിലെ ഒരു വിഭാഗം ആളുകള്‍ പ്രതിഷേധവുമായി രംഗത്തു വന്നിരിക്കുന്നത്. നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ സമരത്തെ പൊളിക്കണമെന്ന രീതിയില്‍ തന്നെയാണ് കണ്ണൂര്‍ കളക്ടര്‍ നല്‍കിയ ഉത്തരവെന്ന് ആരെങ്കിലും ശങ്കിച്ചുപോയാല്‍ അവരെ കുറ്റപ്പെടുത്തിയിട്ട് കാര്യമില്ല. 150 രൂപ, യാത്രബത്ത, എന്നൊക്കെ പറഞ്ഞ കളക്ടര്‍, ആരോഗ്യമന്ത്രി ഷൈലജ ടീച്ചറൊക്കെ ജനിച്ച കാലത്തെ മിഡ് വൈഫറി അറിയാത്ത പേറ്റിച്ചികള്‍ പേറെടുത്താലും ഉണ്ടാകുന്ന അപകടങ്ങളെക്കുറിച്ച് സാറ ജോസഫ് മറ്റൊരര്‍ത്ഥത്തില്‍ ആലാഹയുടെ പെണ്‍മക്കള്‍ എന്ന നോവലില്‍ എഴുതിയതും ഒന്നു വായിക്കുന്നത് നന്നാകും.

പണ്ടൊരിക്കല്‍ അഴിമുഖത്തില്‍ എഴുതിയതുപോലെ തന്നെ, അപ്പോത്തിക്കരിമാര്‍ ഉണ്ടായ കാലത്തു തന്നെ നഴ്‌സുമാരും ഉണ്ടായിരുന്നു. അവര്‍ക്കും മുന്‍പേ വൈദ്യന്മാരും പേറ്റിച്ചികളുമൊക്കെ തന്നെയായിരുന്നു ഉണ്ടായിരുന്നത്. അതൊരു പഴയകാലം. ഇന്നിപ്പോള്‍ ഡോക്ടര്‍മാരെ വെല്ലുന്ന പഠനപാഠ്യ പദ്ധതികളിലൂടെ കടന്നുപോകുന്നവരാണ് നമ്മുടെ നഴ്‌സുമാര്‍. ഐസിയുവില്‍ ആയാലും സിസിയുവിലായാലും(ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റ്) കുട്ടികളുടെയും ഇതരവിഭാഗക്കാരുടെയും പ്രത്യേക ശസ്ത്രക്രിയ യൂണിറ്റുകളായാലും കണ്ണിലെണ്ണയൊഴിച്ച് ഉറങ്ങാതെ കാത്തിരിക്കുന്ന സഹോദരിമാര്‍ക്ക് ന്യായമായ വേതന വര്‍ദ്ധനവ് ആവശ്യപ്പെടുമ്പോള്‍ കോടതി ഞങ്ങള്‍ക്ക് പുല്ലാണ് എന്ന് ഒരു കാലത്ത് മുദ്രാവാക്യം വിളിച്ച ഒരു പാര്‍ട്ടിയും അതിന്റെ മുഖ്യമന്ത്രിയും എന്തിനിത്ര ബേജാറാവണം?

നിയമം അനുശാസിക്കുന്നത് പ്രാഗത്ഭ്യമുള്ള, എന്നുവച്ചാല്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ലഭിച്ച നഴ്‌സുമാരേ രോഗികളെ പരിചരിക്കാവൂ എന്നാണ് (അങ്ങനെ ഒന്നു ലഭിക്കാതെ ഇരുന്നതിന്റെ പേരിലാണ് ആലാഹയിലെ പെണ്‍മക്കളിലെ 1952 കാലഘട്ടത്തിലെ ഒരു കഥാപാത്രവും കുറ്റവാളിയായത്). എന്നാല്‍ എന്തുകൊണ്ട് ഇത്രയേറെ ഉപദേഷ്ടാക്കളുള്ള ഈ മുഖ്യമന്ത്രിയും അത് മനസിലാക്കുന്നില്ല? നഴ്‌സിംഗ് പഠിക്കുന്ന ആളുകളെ ജോലി ചെയ്യിപ്പിക്കാമെന്ന കളക്ടറുടെ ഉത്തരവ് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയാതെ വരാന്‍ ഇടയുണ്ടാവില്ലല്ലോ. എവിടെയോ ഒരു കരിമ പടര്‍ന്നിട്ടുണ്ട് ഈ സര്‍ക്കാരിനു മുകളിലും. നല്ലത് ചെയ്യുമ്പോഴും ഇടയ്‌ക്കെവിടെയോ ഒരു വയ്യായ്ക അല്ലെങ്കില്‍ ഒരു പോരായ്മ.

"</p

സര്‍ക്കാര്‍ വീണ്ടും ചര്‍ച്ച വച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കു മുതിരുമ്പോള്‍ കേരളം മുഴുവന്‍ വെടിപ്പാക്കാന്‍ വേണ്ടി നടത്തുന്ന നല്ല പ്രവര്‍ത്തിക്ക് പാരവയ്ക്കുന്ന ഈ ആശുപത്രി മുതലാളിമാരെക്കുറിച്ച് കൂടി ഒന്നോര്‍ത്താല്‍ നന്ന്. കോഴി വേസ്റ്റ് പോലെ തന്നെയാണ് അനുദിനമല്ലെങ്കിലും കേരളത്തില്‍ പെറ്റുപെരുകുന്ന സ്വകാര്യ മള്‍ട്ടി സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളില്‍ നിന്നും അനുദിനം പുറത്തേക്ക് തള്ളുന്ന മാലിന്യം. ഇതൊക്കെ നമ്മുടെ പാതയോരങ്ങളിലും ചതുപ്പിലും പുഴയിലും എന്തിനേറെ ഓടകളില്‍ പോലും കുടുങ്ങിക്കിടക്കുന്നു. മാലിന്യസംസ്‌കരണം എന്ന സര്‍ക്കാരിന്റെ പദ്ധതി ആത്മാര്‍ത്ഥതയുള്ള ഒന്നാണെങ്കില്‍ ആദ്യം പിടികൂടേണ്ടത് ഇത്തരക്കാരെയല്ലേ? അതോ അവര്‍ നല്‍കുന്ന പുത്തന്‍ പണം അടുത്ത തെരഞ്ഞെടുപ്പിലും സഹായിക്കുമെന്ന വ്യാമോഹം കൊണ്ടാണോ നഴ്‌സുമാരുടെ ന്യായമായ അവകാശ സമരങ്ങള്‍ക്കെതിരേ ഈ സര്‍ക്കാരും മൗനം പാലിക്കുന്നത്?

അതിനിടെ, കേമത്തരം പറയുന്ന മാനേജ്‌മെന്റുകള്‍ക്കൊപ്പം നില്‍ക്കുന്ന ഡോക്ടര്‍മാര്‍ അറിയേണ്ട ഒരു കാര്യം ക്വാളിഫൈയ്ഡ് ആയ നഴ്‌സുമാര്‍ക്ക് കീഴിലാണ് ഇത്തരം വിദ്വാന്മാര്‍ക്ക് വിദേശത്ത് ജോലി കിട്ടുന്നത് എന്നതാണ്. ഗള്‍ഫ് രാജ്യങ്ങളിലായാലും യുകെയിലോ അമേരിക്കയിലോ ആയാലും കേരളത്തില്‍ നിന്നോ ഇന്ത്യയില്‍ നിന്നു തന്നെയായാലും ഡോക്ടര്‍മാരെ ആദ്യം പോസ്റ്റ് ചെയ്യുന്നത് നഴ്‌സുമാര്‍ക്ക് കീഴിലാണ്. അതിനും അപ്പുറം സര്‍ജറിയും ഓപ്പറേഷനും കഴിഞ്ഞ് വീട്ടില്‍വന്ന് സ്വകാര്യ പ്രാക്ടീസ് നടത്തുന്ന കേരളത്തിലെ ഡോക്ടര്‍മാര്‍ക്ക്, കൂണുപോലെ മുളച്ചു പൊന്തുന്ന സ്വന്തം മുതലാളിമാരുടെ സ്ഥാപനത്തില്‍ നിന്നും പഠിച്ചിറങ്ങി അടിമപ്പണി ചെയ്യേണ്ടി വരുന്ന സഹോദരിമാരുടെ ഗദ്ഗദം എന്തുകൊണ്ട് മനസിലാവുന്നില്ല എന്നറിയില്ല.

എന്തായാലും കാര്യങ്ങള്‍ തകൃതിയായി നടക്കുന്നുണ്ട്. സിപിഎം താത്പര്യം എടുക്കാത്ത സമരത്തെ സിപിഐ ഏറ്റെടുത്തിട്ടുണ്ട്. അതിനു മുമ്പു തന്നെ വെടക്കാക്കി തനിക്കാക്കിയ പരിയാരം മെഡിക്കല്‍ കോളേജിലെ നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ ഇത്തരം ഉഡായിപ്പുകള്‍ക്ക് ഞങ്ങളെ കിട്ടില്ലായെന്ന് വ്യക്തമാക്കിക്കഴിഞ്ഞു. ഇവിടെ ഉഡായിപ്പ് എന്ന വാക്കിനെ കരിങ്കാലി പണി എന്ന് മാറ്റി വായിക്കണം എന്നൊരപേക്ഷ. കരിങ്കാലി പണികള്‍ക്കെതിരേ സമരം ചെയ്ത് ജനകീയരായവര്‍ തന്നെ വേണമല്ലോ മുതലാളി പക്ഷം ചേര്‍ന്ന് ഉഡായിപ്പ് പണി ചെയ്യേണ്ടതെന്ന് ആരെങ്കിലും ‘തെറ്റിദ്ധരിച്ചു പോയാല്‍’ വിഷമിക്കേണ്ടതില്ല.

ഒരുപക്ഷേ എകെജി ആശുപത്രിയില്‍ തുടങ്ങി എ പി വര്‍ക്കി ആശുപത്രി, ഈ നാരായണ്‍ ആശുപത്രി എന്നിങ്ങനെയുള്ള ഒട്ടേറെ സ്വയം സ്വയംസംരംഭക, ജനകീയ ആശുപത്രികളെന്ന് അണികളെ തെറ്റിദ്ധരിപ്പിക്കുന്ന സംവിധാനങ്ങളെക്കുറിച്ചുള്ള ഭീതിയാണോ ഈ മാനേജ്‌മെന്റ് ലൈന്‍ പിടിക്കാനുള്ള കാരണമെന്ന് വ്യക്തമാക്കപ്പെടേണ്ടതുണ്ട്. മികച്ച ശമ്പളമോ മികച്ച സേവന വ്യവസ്ഥകളോ മികച്ച ഡോക്ടര്‍മാരോ ഇല്ലാത്ത അപരിഷ്‌കൃതമായ ഈയൊരു ഏര്‍പ്പാട് ബഹുമാനപ്പെട്ട മുഖ്യമന്ത്രിയെങ്കിലും തിരിച്ചറിയേണ്ടതുണ്ട്. എല്ലാവര്‍ക്കും, മോദിക്ക് അടക്കം, ഓശാന പാടുന്ന വിഷപാമ്പുകളായ ബിഷപ്പുമാരെ ബലത്തിലെടുത്ത് ഒരു സര്‍ക്കാരിന്റെ ആയുസ് നീട്ടേണ്ട ബാധ്യതയ്ക്കപ്പുറം ജനത്തിനൊപ്പം നില്‍ക്കേണ്ട പ്രതിബദ്ധത ഉണ്ട് എന്നു കണ്ടാല്‍ അത്രയും നന്ന്.

ഇപ്പറഞ്ഞത് അത്രയും കമ്യൂണിസ്റ്റ് വിരുദ്ധതകൊണ്ടല്ല, സ്‌നേഹം കൊണ്ടാണ്. പണം നല്‍കി പ്രീണിപ്പിക്കുന്നവനല്ല യഥാര്‍ത്ഥ അനുയായി. പദവി നല്‍കി തിരിച്ചു വാങ്ങുന്ന പണവും അത്രയോജിക്കില്ല. ഇതിനൊരു വോട്ടൊരുമയില്ല. ധനാധിപന്മാര്‍ മാത്രം വോട്ട് ചെയ്യുന്ന ഒരു സംവിധാനത്തില്‍ എന്തിന് എന്റെ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് പ്രസക്തിയെന്നോര്‍ത്ത് സങ്കടപ്പെടാതെ വയ്യാ… ഇതൊരാളുടെ ആത്മരോധനമായി കാണേണ്ടതില്ല. നന്മകള്‍ ചെയ്യുന്നതിനിടയില്‍ ഈ സര്‍ക്കാരിനു വരുന്ന വീഴ്ചകളെ കൃത്യതയോടെ വിലയിരുത്തുന്ന ഒരുപാട് മനുഷ്യരുടെ സങ്കടമായി കൂടി കാണേണ്ടതുണ്ട്. അതിനൊപ്പം അവസാനമായി ഒരു കാര്യം കൂടി. ആരും കേമരൊന്നും അല്ലെങ്കിലും മനുഷ്യനെ മനുഷ്യനായി കാണാന്‍ പറ്റുന്നതിനപ്പുറം പ്രതിസന്ധികളെ എങ്ങനെ നേരിടാം എന്നത് കൈയൂക്കും ബഡായിത്തരവും അല്ലെന്നു ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി തിരിച്ചറിഞ്ഞു എന്നഘട്ടത്തില്‍ ഇക്കാര്യത്തിലെങ്കിലും ഒരു തിരുത്ത് ആവശ്യമുണ്ടെന്നു തോന്നുന്നു.

 

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍