UPDATES

സിനിമ

നിങ്ങളുടെ ചങ്കോ ചങ്കിടിപ്പോ ഒക്കെയാവാം, അതുവച്ച് മറ്റുള്ളവരുടെ ചങ്കത്ത് കയറരുത്

മമ്മൂട്ടിയുടെ മകളേക്കാൾ പ്രായം കുറഞ്ഞ ഒരു നടി മകളായി അഭിനയിക്കണം എന്ന് പറഞ്ഞത് (അവർ അതല്ല പറഞ്ഞത് എന്നു പറയുന്നു) മഹാപരാധമായി കാണുന്നവർ ആരാധക സംഘടനയിലുണ്ടെങ്കിൽ മെഗാസ്റ്റാർ അതു തിരുത്തേണ്ടതാണ്

അപര്‍ണ്ണ

അപര്‍ണ്ണ

ദക്ഷിണേന്ത്യയിൽ ഫാൻസ് കയ്യടികൾക്കു വേണ്ടി മാത്രം സൂപ്പർ, മെഗാ താരങ്ങളുടെ എക്സ്ക്ലൂസിവ് സിനിമകൾ വരുന്നത് വളരെ സ്വാഭാവികമായിട്ടുണ്ട്. കള്ളനും കൊള്ളക്കാരനും പൊലിസും പട്ടാളവുമൊക്കെയായി താരങ്ങൾ സ്ക്രീനിൽ നിറയുന്നു. അതിലെ തെറ്റോ ശരിയോ നിർണ്ണയിക്കാനോ ഓഡിറ്റിങ്ങ് നടത്താനോ ഉള്ള ശ്രമമൊന്നും നടത്തുന്നില്ല, അതിമാനുഷരെ അളക്കാൻ, അനുചരവൃന്ദത്തെ ദേദിക്കാൻ മനുഷ്യർക്കു സാധ്യവുമല്ല. പക്ഷെ ഭക്തർ ഈ മേക്ക് ബിലീഫ് വിഗ്രഹങ്ങൾക്കു വേണ്ടി നടത്തുന്ന ഒട്ടും ജനാധിപത്യ പരമല്ലാത്ത കടന്നുകയറ്റങ്ങളുടെ വാർത്തകൾ ഇടവേളകൾ ഒട്ടുമില്ലാതെ നമുക്കു ചുറ്റും നിറയുന്നത് ഭീതിദമായ അവസ്ഥയുണ്ടാക്കുന്നു.

രണ്ടോ മൂന്നോ മാസങ്ങൾക്കു മുന്നെയാണ് സൂര്യയെയാണ് ഇഷ്ടമെന്നു പറഞ്ഞതിന് വിജയ് ആരാധകരോട് ഒരു പ്രശസ്ത മലയാള നടിക്ക് ലൈവ് വീഡിയോയിൽ വന്ന് മാപ്പു പറയേണ്ടി വന്നത്. പിന്നീട് വിജയ് സിനിമ മോശമെന്നു പറഞ്ഞ ഒരു മാധ്യമപ്രവര്‍ത്തകയ്ക്ക് അയാളുടെ ആരാധകരുടെ വധഭീഷണിയും ബലാൽഭോഗ ഭീഷണിയും നേരിടേണ്ടി വന്ന വാർത്ത കണ്ടു. വിജയ് നേരിട്ട് ഇടപെട്ടാണ് ആരാധകരെ തണുപ്പിച്ചത്.

വിനീത് ശ്രീനിവാസൻ തന്റെ അച്ഛന്റെ ദീർഘകാല സഹപ്രവർത്തകൻ കൂടിയായ സൂപ്പർ സ്റ്റാർ മോഹൻലാലിനെ ലാലങ്കിൾ എന്നു വിളിച്ചതിനെ ചോദ്യം ചെയ്ത് ആരാധകർ അയാളുടെ സോഷ്യല്‍ മീഡിയ പേജുകളിൽ തെറിയഭിഷേകം നടത്തി. ഇന്ന് ദുൽഖറിനൊപ്പമോ മമ്മൂട്ടിക്കൊപ്പമോ അഭിനയിക്കാൻ ഇഷ്ടമെന്നോ മറ്റോ ഉള്ള ചോദ്യത്തിന്റെ ഉത്തരം ഏതോ മാധ്യമങ്ങൾ വളച്ചൊടിച്ചതിന്റെ പേരിൽ കേട്ട തെറിവാക്കുകളിൽ പൊട്ടിക്കരയുന്ന നടി രേഷ്മാ രാജനെ കണ്ടു. പൊട്ടിക്കരയുന്ന വീഡിയോക്കിടയിലും ഞങ്ങളോട് കളിച്ചാൽ ഇങ്ങനെയിരിക്കും എന്ന മട്ടിലുള്ള വീരസ്യങ്ങളും തെറി വിളികളും കേട്ടു . സിനിമ ഇഷ്ടപ്പെട്ടില്ല, താരത്തെ ഇഷ്ടമല്ല എന്നൊക്കെ പറഞ്ഞാൽ ഇതിലും ക്രൂരമായ ഭീഷണികൾ നേരിടുന്ന സാധാരണക്കാരുമുണ്ട്. കൂട്ടമായി ചേർന്ന് തെറി പറയുന്നതും അക്കൗണ്ട് പൂട്ടിക്കുന്നതുമൊക്കെ ഇവരുടെ സ്ഥിരം കലാപരിപാടിയാണ്. പ്രശസ്തർക്കു നേരെയാകുമ്പോൾ വാർത്തയാവുന്നു എന്നു മാത്രം.

ഒരു ജനാധിപത്യ രാജ്യത്ത് ഒരു സിനിമാ താരത്തെ അന്ധമായി ആരാധിക്കാനും അതിന്റെ പേരിൽ സംഘടിക്കാനും അവർക്കു വേണ്ടി ആരാധനാലയങ്ങൾ പണിയാനും ഒക്കെ സ്വതന്ത്ര്യമുണ്ട്. പാലും നെയ്യും കൊണ്ട് അഭിഷേകം നടത്താം, കൂറ്റൻ ഫ്ലക്സുകൾ പണിഞ്ഞ് നിർവൃതിയടയാം… തീർച്ചയായും അതിനെ കാൽപ്പനികവത്കരിക്കാനും കീഴാളയുക്തികൾ വരെ വച്ച് വ്യത്യസ്തരാവാനും അവകാശമുണ്ട്. പക്ഷെ ഇഷ്ടപ്പെടാതിരിക്കാനുള്ള മറ്റൊരാളുടെ സ്വാതന്ത്ര്യത്തെ ഇല്ലായ്മ ചെയ്തു കൊണ്ട് ഇത്തരം സംഘടിത ശക്തികൾ നടത്തുന്ന വെർച്വലും അല്ലാതെയുമുള്ള മോബ് വയലൻസുകളെ നിഷ്കളങ്കയുക്തിയിൽ തളച്ചിടുന്നത് ക്രൂരതയാണ്. കൂട്ടമായി വന്ന് ആക്രമിച്ച് ഉണ്ടാക്കേണ്ടി വരുന്ന സാമ്രാജ്യങ്ങൾ താരങ്ങൾക്കെന്നല്ല ആർക്കും അർഹതയില്ല.

ഈ വീരാരാധന നടിയെ ആക്രമിച്ച കേസിലും കണ്ടു. കുറ്റാരോപിതൻ ദിലീപ് ഇതു പോലെ കടുത്ത  ആരാധക പിൻബലമുള്ള ഒരാളായിരുന്നു. അയാൾ ആ കുറ്റം ചെയ്തെന്നും ഇല്ലെന്നും പറഞ്ഞ് തർക്കങ്ങൾ നിരന്തരം നടക്കുന്നുണ്ട്. ആ രണ്ടിന്റേയും യുക്തികൾക്കപ്പുറം ഇനിയഥവാ അയാൾ അങ്ങനെ ചെയ്താലും വലിയ കുഴപ്പമില്ലെന്നു പറയുന്ന അനുചര വിഭാഗമുണ്ട്. കൂടെ അഭിനയിച്ച മറ്റു നടികൾക്കൊന്നും കൊടുക്കാത്ത ‘പണി’ അയാൾ ഇവർക്കു മാത്രം കൊടുത്തെങ്കിൽ തീർച്ചയായും അവരുടെ കൈയ്യിലിരുപ്പു കൊണ്ടാവും എന്ന് അവർ ആണയിടുന്നു. അയാളുടെ പേരിൽ ഉയർന്ന ഭൂമി കയ്യേറ്റ ആരോപണങ്ങൾ പോലും രാജാവിന്റെ വെട്ടിപ്പിടിക്കലുകളായി കാണുന്നവരുണ്ട്. അയാളാ ക്രൈം ചെയ്തില്ലെന്നല്ല, ചെയ്താൽ അതയാളുടെ ഹീറോയിസമാണ് എന്നുറപ്പിക്കൽ അത്യന്തം അപകടകരമാണ്. ഒരു ജനാധിപത്യ സംവിധാനത്തിൽ അയാൾക്കൊരു സമാന്തര ഭരണകൂടം സ്ഥാപിക്കാൻ അർഹതയുണ്ടെന്നു തന്നെയാണ് ഇവരൊക്കെ പറഞ്ഞു വയ്ക്കുന്നത്. ഈ നാട്ടുരാജാവ് യുക്തിയിലെ അനുസരണയുള്ള പ്രജകളല്ലെന്നു തോന്നിയവർക്കു നേരെ തിട്ടൂരമിക്കുന്ന ഭടന്മാരും അവർക്കു നേരെ കയ്യടിക്കുന്നവരും എന്ന അവസ്ഥയിലാണ് ഈ ‘ആരാധകർ’ കേരളത്തിലടക്കം മുന്നോട്ടു പോകുന്നത്.

ആരാധനയ്ക്ക് ഇത്തരം വയലന്റ് ആയ സംഘടനകൾ ആവശ്യമുണ്ടോ അഥവാ ഉണ്ടെങ്കിലും ആ സംഘടനാ നിയമങ്ങൾ അടിച്ചേൽപ്പിക്കാനുള്ള അധികാരമുണ്ടോ എന്നൊക്കെയുള്ള ചോദ്യങ്ങൾ തികച്ചും വ്യക്തിപരവും ഒരു പരിധി വരെ ബാലിശവുമാണ്. ആരാധനയും യുക്തിയും ഒരിക്കലും ചേർന്നു പോവില്ല. അവിടെ ആത്യന്തികമായ ശരികളുണ്ടെന്ന് ആധികാരികമായി പറയാനാവില്ല. പക്ഷെ വ്യക്തിപരമായ ആനന്ദങ്ങളുടെ ഭാരം മറ്റുള്ളവരിൽ അടിച്ചേൽപ്പിക്കുന്നതിലെ ന്യായീകരണ സമവാക്യം എന്താണ്? ഏത് ഗ്രാസ്റൂട്ട് റിയാലിറ്റിയെ ചുറ്റിപ്പറ്റിയുള്ള ന്യായങ്ങളാണ് ഈ ആക്രമണങ്ങൾക്കു കൊടുക്കാനാവുക? ഇവർ ആൾബലത്തിന്റെയും കയ്യൂക്കുകളുടെയും സ്വന്തം സുരക്ഷിത ഇടങ്ങളിലിരുന്ന്, കിട്ടുന്ന ന്യായീകരണങ്ങളുടെയും ബലത്തിൽ പബ്ലിസിറ്റി സ്റ്റണ്ട് നടത്തി വലിയൊരു കച്ചവടത്തിനു നേടി കൊടുക്കുന്ന ലാഭത്തിൽ പങ്കുചേരാൻ ആർക്കാണു ബാധ്യത?

മലയാളം പോലെ താരതമ്യേന ചെറിയ സിനിമാ ഇൻഡസ്ട്രിയിൽ ഉള്ള വമ്പൻ താരങ്ങളുടെ മാത്രം ആരാധകർ നടത്തുന്ന കയ്യൂക്കുകൾ പോലും അതിഭീകരമാണ്. സിനിമയിലെ മീശപിരിയും ഡയലോഗുകളും ഒക്കെ തന്നെയാണ് ഇതിന്റെ മൂല കാരണവും. ‘പിടയ്ക്കാതമ്മിണി’ എന്നു തുടങ്ങുന്ന മമ്മൂട്ടിയുടെ കസബയിലെ ഡയലോഗാണ് രേഷ്മക്കെതിരെ വ്യാപകമായി ഉപയോഗിച്ചത്. നീ വെറും പെണ്ണ് എന്ന ഓർമപ്പെടുത്തലും ധാരാളം കണ്ടു. രണ്ടു സിനിമയുടെ മാത്രം അനുഭവപരിചയമുള്ള ആ നടി നമുക്കു മുന്നിൽ പൊട്ടിക്കരഞ്ഞു കൊണ്ടേയിരുന്നു. സിനിമാ ഡയലോഗുകൾ എങ്ങനെയാണ് ബിംബങ്ങളേയും പൊതുബോധങ്ങളെയും സൃഷ്ടിക്കുന്നത് എന്നതിനു വേറെയും ഉദാഹരണങ്ങൾ കമന്റുകളായി പ്രവഹിക്കുന്നുണ്ട്. ഇതു പറഞ്ഞു മുഴുമിപ്പിക്കും മുന്നെ മലയാള സിനിമ ശക്തിയുക്തം എതിർക്കുന്ന ‘ഫെമിനിച്ചി കൊടിച്ചി പട്ടി’യായി ഞാനും, എന്നെ തളയ്ക്കുന്ന സൂപ്പർ ഹീറോയായി നിങ്ങളും മാറിയിട്ടുണ്ടാവും എന്നത് മറ്റൊരു യാഥാർഥ്യം. ഈ വല്യേട്ടൻ മനോഭാവത്തിന്റെ മറ്റൊരു ഓരത്ത് നിന്നാണ് എംപിയും എംഎൽഎയുo ഒക്കെയായ താരങ്ങൾ മറ്റുള്ളവരോട് കയർക്കുന്നത്. മുകളിൽ നിന്ന് പ്രജകളെ നോക്കുന്ന രാജാക്കന്മാരായി സ്വയം പ്രതിഷ്ഠിതരാണ് അവർ. സിനിമാഭിനയം ജോലിയായി സ്വീകരിച്ചവർക്ക് മറ്റാർക്കുമില്ലാത്ത പ്രിവിലേജുകൾ നൽകിയവരും ഇതിന് ഉത്തരവാദികളാണ്.

Also Read: താരശരീരങ്ങളുടെ സംരക്ഷകരോട്; ദുല്‍ഖറിന്റെ പ്രായമല്ല മമ്മൂട്ടിക്ക്

ഇത്രയൊക്കെ ഉണ്ടായിട്ടും നിശബ്ദത അലങ്കാരമാക്കി ഈ തെറി വിളികളുടെ കൂടി ബലത്തിൽ നിൽക്കുന്ന താരങ്ങളും കുറ്റക്കാരാണ്. മമ്മൂട്ടിയുടെ മകളേക്കാൾ പ്രായം കുറഞ്ഞ ഒരു നടി മകളായി അഭിനയിക്കണം എന്ന് പറഞ്ഞത് (അവർ അതല്ല പറഞ്ഞത് എന്നു പറയുന്നു) മഹാപരാധമായി കാണുന്നവർ ആരാധക സംഘടനയിലുണ്ടെങ്കിൽ മെഗാസ്റ്റാർ അതു തിരുത്തേണ്ടതാണ്. അയാൾ മാത്രമല്ല, സമാന സംഭവങ്ങളിൽ മറ്റെല്ലാ താര വിഗ്രഹങ്ങളും പ്രതികരിക്കേണ്ടതുണ്ട്. സുരക്ഷിത മാളങ്ങളിൽ ഇരുന്ന് ഇതിനെ അംഗീകരിക്കുന്നുണ്ടോ എന്നെങ്കിലും അവർ പറയണം. നിങ്ങളുടെ പേരിലാണ്, നിങ്ങൾ ആക്രോശിച്ച് കയ്യടി നേടിയ രംഗങ്ങളുടെ പിൻബലത്തിലാണ് ഈ ബലാൽഭോഗങ്ങളും കൊലപാതകങ്ങളും നടക്കുന്നത്. നിങ്ങളുടെ സിംഹാസനങ്ങളുടെ വില ഈ മകളെക്കാൾ പ്രായം കുറഞ്ഞ പെൺകുട്ടിയുടെ ഭയത്തിന്റെ കൂടിയാണെങ്കിൽ നിങ്ങളൊക്കെ ഇവിടെ ഇല്ലെന്നു പറഞ്ഞ ചൂഷണം ഇവിടെ കൊടികുത്തി വാഴുന്നുണ്ടെന്നു തീർച്ചയാണ്. ആത്മാഭിമാനത്തിന്റെ, ജനാധിപത്യ ബോധത്തിന്റെ, മനുഷ്യത്വത്തിന്റെ കണികയെങ്കിലും ബാക്കിയുണ്ടെങ്കിൽ നാണംകെട്ട ഈ മൗനം ഉപേക്ഷിക്കണം.

സിനിമ മറ്റേതൊരു വ്യവസായവും പോലെ ഉള്ള ഒരു വാണിജ്യശൃംഖലയാണ്. കലയോ ക്രാഫ്റ്റോ രാഷ്ട്രീയമോ അടിതടയോ മറ്റു പലതും ഉള്ളതു കൊണ്ട് ജനങ്ങളോട് നേരിട്ടത് സംവദിക്കുന്നു. മറ്റൊരു കലയ്ക്കോ ബിസിനസിനോ  അവകാശപ്പെടാനില്ലാത്ത ജനകീയത സിനിമക്കുണ്ട് എന്നത് സത്യവുമാണ്. പക്ഷെ ഒരാൾക്കിവിടെ മോഹൻലാലിനേക്കാൾ മമ്മൂട്ടിയെ ഇഷ്ടപ്പെടാനോ തിരിച്ചോ ഇവരേക്കാൾ ഫഹദ് ഫാസിലിനേയോ മഞ്ജു വാര്യരെയോ ഇഷ്ടപ്പെടാനോ ഇവരെയൊക്കെ പൂർണ്ണമായി നിരാകരിക്കാനോ ഉള്ള അവകാശമുണ്ട്. എങ്കിൽ തെറിയോ ഭീഷണിയോ കേൾക്കേണ്ടി വരുമെന്ന യുക്തി, ഭീകരതയിൽ കുറഞ്ഞ ഒന്നുമല്ല. നിങ്ങളുടെ ചങ്കോ ചങ്കിടിപ്പോ ഒക്കെ ആയവർക്കു വേണ്ടി മറ്റുള്ളവരുടെ ചങ്കത്തു കയറരുതെന്ന് രത്നച്ചുരുക്കം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അപര്‍ണ്ണ

അപര്‍ണ്ണ

ഗവേഷക വിദ്യാര്‍ഥിയാണ് അപര്‍ണ്ണ. സമകാലിക സിനിമയെ വിശകലനം ചെയ്യുന്ന ഓഫ്-ഷോട്സ് എന്ന കോളം അഴിമുഖത്തില്‍ കൈകാര്യം ചെയ്യുന്നു.

More Posts - Website

Follow Author:
TwitterFacebookLinkedInPinterestGoogle Plus

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍