UPDATES

ട്രെന്‍ഡിങ്ങ്

കേരളത്തില്‍ രാഷ്ട്രപതിഭരണം സ്വപ്‌നം കാണുന്നവരോട് പറയാനുള്ളത്‌

കേരളത്തിലെ ജനങ്ങളോട് ഇത്ര വലിയ സിംഹഗര്‍ജ്ജനം നടത്താന്‍ പോന്ന കോപ്പൊന്നും നിങ്ങളീ അവകാശപ്പെടുന്ന ഈ കുറുവടി സംഘത്തിനില്ല.

കെ എ ആന്റണി

കെ എ ആന്റണി

ഒടുവില്‍ ആര്‍എസ്എസ് കേരളത്തിന്റെ കാര്യത്തില്‍ തങ്ങളുടെ യഥാര്‍ത്ഥ മനസിലിരിപ്പ് എന്താണെന്ന് വ്യക്തമാക്കിയിരിക്കുന്നു. തിരുവനന്തപുരത്തും മധ്യ കേരളത്തിലും അടുത്തിടെ ഉണ്ടായ സിപിഎം – ആര്‍എസ്എസ്, ബിജെപി സംഘട്ടനത്തിന്റെയും ഒരു ആര്‍എസ്എസ് പ്രവര്‍ത്തകന്റെ കൊലപാതകത്തിന്റേയും പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കുക എന്ന ലക്ഷ്യത്തോടെ മുഖ്യമന്ത്രി മുന്‍കയ്യെടുത്ത് സിപിഎമ്മിന്റെയും ആര്‍എസ്എസിന്റേയും ബിജെപിയുടേയും നേതാക്കള്‍ തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ നടന്നുവരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഒരു വാര്‍ത്താസമ്മേളനത്തിനിടയില്‍ ആര്‍എസ്എസ് സഹസര്‍സംഘ്കാര്യവാഹക് ദത്താത്രേയ ഹൊസബലെ തന്റെ സംഘടനയുടെ ഉള്ളിരിപ്പ് തുറന്നു പറഞ്ഞത്. ഭരണത്തിന്റെ ബലത്തില്‍ കേരളത്തില്‍ സിപിഎമ്മുകാര്‍ ആര്‍എസ്എസ് – ബിജെപി പ്രവര്‍ത്തകരെ അരുംകൊല ചെയ്യുകയാണെന്നും അതുകൊണ്ട് കേന്ദ്രസര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ട് കേരളത്തില്‍ രാഷ്ട്രപതിഭരണം കൊണ്ടുവരണം എന്നുമാണ് ഹൊസബലെയുടെ ആവശ്യം.

ദത്താത്രേയ ഹോസബലെയുടെ ഈ അത്യാര്‍ത്തി കൊള്ളാമെന്ന് പറഞ്ഞ് ഉപചാരം പിരിയാന്‍ വരട്ടെ. കേരളത്തില്‍ ദ്രൗപതിയാവാനും ഇനിയൊട്ട് അതിന് യോഗമില്ലെങ്കില്‍ ചുരുങ്ങിയ പക്ഷം ഉണ്ണിയാര്‍ച്ചയെങ്കിലും ആയി കണ്ടാല്‍ മതിയെന്നും സംഘി സഹോദരങ്ങളെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കുന്ന പലരും ഇക്കാര്യം ഒളിഞ്ഞും തെളിഞ്ഞും പറഞ്ഞുകഴിഞ്ഞത് തന്നെ. കൂട്ടത്തില്‍ ഇപ്പോള്‍ ചര്‍ച്ചയും ബഹളുമായൊക്കെ നടത്തുന്ന കുമ്മനവും അരുമശിഷ്യരും ഇങ്ങനെ ഒരു ആഗ്രഹം നേരത്തെ ഉന്നയിക്കാതെയിരുന്നില്ലയെന്നതും കാണാതെ പോകരുത്. കൂട്ടത്തില്‍ ഒന്നുകൂടി, ഇപ്പോള്‍ കേരളത്തില്‍ രാഷ്ട്രപതി ഭരണം ആവശ്യപ്പെട്ട ഈ കന്നഡ സംഘി സിംഹത്തിന് മോദിയും അമിത്ഷായും നല്‍കുന്ന മുന്തിയ പരിഗണയുണ്ട്. ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭഗവതിന് പിന്‍ഗാമിയായ ഇയാള്‍ മുന്‍ഗാമിയെക്കാള്‍ അല്‍പ്പം കൂടി ആവേശം കാണിച്ചില്ലെങ്കിലല്ലേ അത്ഭുതപ്പെടേണ്ടതുള്ളൂ. ആ വാര്‍ത്താസമ്മേളനം തന്നെ ഉദാഹരണം.

"</p

കേരളത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നതിന് തൊട്ടുമുന്‍പ് കേരള പര്യടനം നടത്തിയ മോഹന്‍ ഭഗവത് നടത്തിയ ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക് ഉണ്ടായിരുന്നു. കുറച്ചു വ്യവസായികളെയും ബിജെപിയും ആര്‍എസ്എസും ബുദ്ധി ജീവികളായി കാണുന്നവരുമായ ചിലരെ വിളിച്ചുകൂട്ടി നടത്തിയ ഒരു കൊച്ചിയിലെ സത്ക്കാരം. സത്ക്കാരം അതീവ രഹസ്യം. പുറത്തേക്ക് വന്ന വാര്‍ത്ത ഇങ്ങനെ. മോഹന്‍ ഭഗവതിനെ കണ്ട ചിലര്‍ കേരളത്തിലെ ആര്‍എസ്എസ് – സിപിഎം കൊലപാതക രാഷ്ട്രീയത്തെക്കുറിച്ച് ചോദിച്ചുവെന്നും സിപിഎം നേതൃത്വവുമായി ഇക്കാര്യത്തില്‍ തുറന്ന ചര്‍ച്ചക്ക് തങ്ങള്‍ തയ്യാറാണെന്ന് ഭഗവത് പറഞ്ഞെന്നും ആയിരുന്നു അന്ന് പുറത്തുവന്ന വാര്‍ത്ത. സിപിഎം നേതൃത്വം ഇതിനോട് സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രതികരിച്ചെങ്കിലും ഭഗവത് പിന്നീട് പ്രതികരിച്ച് കണ്ടില്ല. ഹോസബലെ ഡല്‍ഹിയില്‍ നടന്ന വാര്‍ത്താസമ്മേളനവും ഇതേപോലെ ഒരു കുതന്ത്രമാണെന്നാണ് അവിടെ ജോലി ചെയ്യുന്ന ചില മാധ്യമപ്രവര്‍ത്തകര്‍ നല്‍കുന്ന വിവരം. ചോദ്യവും ഉത്തരവും മുന്‍കൂട്ടി തയ്യാറാക്കുന്ന ആര്‍എസ്എസ് ശീലത്തിന്റെ മറ്റൊരു മുഖം.

ഇപ്പോള്‍ ചര്‍ച്ചക്ക് നടക്കുന്ന കുമ്മനവും സംഘവുമല്ല, മോദിയുടെ കേന്ദ്ര സര്‍ക്കാര്‍ മറുപടി പറയേണ്ട ഒരു വിഷയമാണ്, ഗുജറാത്തില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് നേരെ നടന്ന ആക്രമണം. ഇതിന്റെ പേരില്‍ ഗുജറാത്തില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തുമോ നിങ്ങള്‍? കാട്ടാളന്മാര്‍ പോലും അറയ്ക്കുന്ന വംശഹത്യ നടത്തിയ നിങ്ങള്‍ക്ക് ഇതൊക്കെ ചിലപ്പോള്‍ നിസാര കാര്യങ്ങളാവാം. പക്ഷെ കേരളത്തിലെ ജനങ്ങളോട് ഇത്ര വലിയ സിംഹഗര്‍ജ്ജനം നടത്താന്‍ പോന്ന കോപ്പൊന്നും നിങ്ങളീ അവകാശപ്പെടുന്ന ഈ കുറുവടി സംഘത്തിനില്ല. നിങ്ങള്‍ക്ക് ഓശാന പാടാനും കൂടുതല്‍ വീഥി ഒരുക്കാനും ചില കോണ്‍ഗ്രസ് വേഷധാരികള്‍ ഉണ്ടാവാം. കഴിഞ്ഞ ദിവസം രാത്രി മാതൃഭൂമി ചര്‍ച്ചയില്‍ പങ്കെടുത്ത ഒരു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ വെച്ച് ആക്രമിക്കപ്പെട്ടുവെന്ന വാര്‍ത്ത കാണ്ടില്ലെന്ന് നടിച്ച് സംഘി സ്‌തോത്രം ഉച്ചത്തില്‍ ചൊല്ലുന്നത് കേട്ടു. കണ്ണൂരില്‍ ജനിച്ചുവളര്‍ന്നവര്‍ക്ക് ഇതൊരു പുതിയ അനുഭവമല്ല. കമ്മ്യൂണിസ്റ്റ് വിരോധം തീര്‍ക്കാന്‍ കാവിപ്പടയെ സ്ഥിരം കൊണ്ടുനടന്ന ഖദര്‍ ധാരികളുടെ ഉള്ളിലിരുപ്പ് ആര്‍ക്കാണ് അറിയാത്തത്?

ഒരു കാര്യം കൂടി, 1962 കാലത്ത് മംഗളൂരു വഴി കേരളത്തിലെത്തി സ്വാധീനമുണ്ടാക്കി തുടങ്ങിയ സംഘപരിവാറിന് അന്നും പിന്‍ബലം ഒരു ബീഡി മുതലാളിയുടെ കോഴപ്പണമായിരുന്നു. ഇന്നും ഖദറിനും കാവിക്കും പണമെത്തുന്നതും കര്‍ണാടക വഴി തന്നെ. പിന്നെ നിങ്ങള്‍ പുരപ്പുറത്തിരുന്ന് വിളിച്ചുകൂവുന്ന, ജനാധിപത്യ സംഘടന എന്ന് നിങ്ങള്‍ പറയുന്ന ഈ ആര്‍എസ്എസ് എത്രകണ്ട് ജനാധിപത്യപരമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് ചുരുങ്ങിയ പക്ഷം ഗതികേടുകൊണ്ട് മാത്രം നിങ്ങള്‍ക്കൊപ്പം നില്‍ക്കുന്ന ബിജെപി, കോണ്‍ഗ്രസ് കുടുംബങ്ങളോട് ഒന്ന് ചോദിച്ചുനോക്കണം. ഒരു ജനാധിപത്യ സംഘടനയാണ് ആര്‍എസ്എസ് എങ്കില്‍ എന്തിനാണ് ഇത്രയേറെ ഇറക്കുമതിയെന്നും ഉത്തരവാദപ്പെട്ട ഭാരവാഹികളെ എന്തുകൊണ്ട് പരസ്യപ്പെടുത്തുന്നില്ലെന്നും വ്യക്തമാക്കണം. കണ്ണൂരില്‍ കൊലപാതകങ്ങള്‍ നടക്കുന്ന സ്ഥലങ്ങളിലെ ശാഖാ നടത്തിപ്പുകാരും (അത്തരം ആളുകള്‍ക്ക് നിങ്ങള്‍ കാര്യവാഹ് എന്ന ഓമനപ്പേര് നല്‍കിയിട്ടുണ്ട്) എന്തുകൊണ്ട് മറ്റ് ജില്ലക്കാരും ഒളിവില്‍ മാത്രം പ്രവര്‍ത്തിക്കുന്നവരും എന്നുകൂടി ജനങ്ങളോടൊന്ന് തുറന്നുപറയണം.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍