UPDATES

പ്രമോദ് പുഴങ്കര

കാഴ്ചപ്പാട്

ഫലശ്രുതി

പ്രമോദ് പുഴങ്കര

ട്രെന്‍ഡിങ്ങ്

ഇടതു സ്വതന്ത്രന്മാരെ സൂക്ഷിക്കുക, അവര്‍ വലതുവശം ചേര്‍ന്നാണ് നടക്കുന്നത്

ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ നടക്കുന്ന നീതിനിഷേധത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും ഭീകരമായ വസ്തുതകളെ, പ്രത്യേകിച്ച് ഒരു നടപടിക്രമനിഷേധവും ഇതുവരെ നടക്കാത്ത രീതിയിലുള്ള ഒരു കേസുമായി കൂട്ടിക്കെട്ടി എന്ന ചതികൂടിയാണ് സെബാ പോള്‍ ചെയ്യുന്നത്.

സെബാസ്റ്റ്യന്‍ പോള്‍.2 അഥവാ സെബാ പോള്‍ Reloaded, ഒന്നാം ഭാഗത്തേക്കാള്‍ ദാരുണമാണ്, ഇപ്പോള്‍ കൈവിട്ടതും. തടവില്‍ കിടക്കുന്ന ഒരാളോട് സഹാനുഭൂതി കാണിക്കുന്നത് തെറ്റാണോ എന്ന ഒറ്റ ചോദ്യമേ ടിയാന്‍ ഉന്നയിക്കാന്‍ ശ്രമിച്ചിട്ടുള്ളൂ, ബാക്കിയൊക്കെ സാന്ദര്‍ഭികമായി പറഞ്ഞതാണ് പോലും. അതായത്, തടവുപുള്ളിയെ സന്ദര്‍ശിച്ച്, സോളമന്റെ സങ്കീര്‍ത്തനങ്ങള്‍ പാടാന്‍ പോയ പാതിരി, പ്രതിയുടെ ഭാര്യയുടെ കുത്സിതവേലയാലല്ലോ ഇവനീ ദുഖം സഹിപ്പൂ എന്ന പാട്ടും പാടി തിരിച്ചുവരികയാണ്. നല്ല സമരിയക്കാരനെ സംശയിക്കാതിരിക്കൂ, ആലുവയില്‍ നിന്നും ഹൈക്കോടതി വരെയോ ജെറുസലേമില്‍ നിന്നും ജെറിക്കോ വഴിയോ പോകുന്ന വഴിയാത്രക്കാരെ, നിങ്ങള്‍ ഭയപ്പെടാതിരിക്കിന്‍, അവന്‍ നിങ്ങളോടൊപ്പമുണ്ട്.

“ഈ കേസില്‍ അകപ്പെട്ട പ്രതികള്‍ ചെയ്തത് ഏറ്റവും ഹീനമായ കൃത്യമാണ്. അക്കാര്യത്തില്‍ സംശയമൊന്നുമില്ല” എന്നു സെബാ പോള്‍. ആഹാ, ഈ ദിലീപും ആ കേസിലെ പ്രതിയാണല്ലോ, അപ്പോള്‍ അയാളുടെ കാര്യത്തിലും സെ പോയ്ക്ക് സംശയമില്ലല്ലോ. അതായത് കോടതിയൊക്കെ വിധിക്കും മുമ്പേ സെ പോ വിധിച്ചു കഴിഞ്ഞെന്നോ? മദ്വചനങ്ങള്‍ക്ക് മാര്‍ദവമില്ലെങ്കില്‍, ഉദ്ദേശശുദ്ധിക്ക് മാപ്പ് നല്‍കിന്‍ എന്ന് നീട്ടിയടിച്ചതാണ് സെ പോ. ശരി അതായത് പള്‍സര്‍ സുനി, വിക്രമന്‍, മുത്തു, ലുട്ടാപ്പി എന്നിവരൊക്കെ ഹീനകൃത്യം ചെയ്തവരാണ്, പക്ഷേ കുട്ടൂസന്റെ കാര്യത്തില്‍ സുമനസുകളുടെ ജാഗ്രത വേണമെന്ന്. കുറ്റവാളികളുടെ വര്‍ഗവും പശ്ചാത്തലവും ജാതിയുമൊക്കെ എങ്ങനെയാണ് മുന്‍വിധികള്‍ ഉണ്ടാക്കുക, വാര്‍പ്പുമാതൃകകളില്‍ പാകമാക്കുക എന്ന് സെ പോളിന് അറിയുമായിരിക്കും.

ബലാത്സംഗത്തെക്കുറിച്ചൊക്കെയുള്ള ചരിത്ര, ജൈവിക വിചാരങ്ങളിലേക്ക് അദ്ദേഹം കടക്കുന്നുണ്ട്. ആ സാഹസത്തിന് മുമ്പ്, ഇനി ഈശോ മിശിഹാ വന്ന്, “ലാസറെ നാടകം നിര്‍ത്തി എണീറ്റുപോരെടാ ശവി” എന്ന് പറഞ്ഞപോലെ, കല്‍പ്പിച്ചാല്‍ പോലും എഴുന്നേല്‍ക്കാത്ത വിധത്തില്‍ തന്റെ വൈദഗ്ദ്ധ്യമേഖലയായ നിയമത്തെ തന്നാലാവുംവിധം ദണ്ഡിപ്പിക്കുന്നുണ്ട് സെ ബാ പോള്‍. പ്രതികള്‍ ചെയ്തത് ഹീനകൃത്യം, പക്ഷേ അത് പോലീസാണ് പറയുന്നത്, അത് തെളിയിക്കപ്പെട്ടിട്ടില്ല എന്ന് ടിയാന്‍ പറയുന്നു. സെബാ പോള്‍, സംഭവം കോടതിയില്‍ തെളിയിക്കപ്പെടും വരെ ഒരാളെയും കുറ്റവാളിയെന്ന് മുദ്രകുത്തരുതെന്ന് നമുക്കറിയാം. പക്ഷേ തൊട്ടുമുമ്പെ, ‘അകപ്പെട്ട പ്രതികള്‍’ ആ ഹീനകൃത്യം ചെയ്തു എന്നുറപ്പിച്ചത് താങ്കളാണ്. വാസ്തവത്തില്‍ ആശയക്കുഴപ്പം പറഞ്ഞ മൂപ്പര്‍ക്കുമില്ല, കേട്ട നമുക്കുമില്ല. ദിലീപൊഴികെ, ബാക്കിയെല്ലാവരും ചെയ്തിട്ടുണ്ടാ ഹീനമാം കൃത്യമെന്‍ പുണ്യാളാ, എന്നാണത്. ഏത് ഹീനമായ കേസിലെ പ്രതിക്കും നിയമം നല്‍കുന്ന പരിരക്ഷ നല്‍കണമെന്നാണ് സെബാ പോള്‍ പറയുന്നത്. ഒരായിരം വട്ടം നമ്മളും അത് പറയണം. പക്ഷേ ദിലീപിന് അതൊക്കെ എവിടെയാണ് നിഷേധിച്ചിരിക്കുന്നത് എന്നുകൂടി സെബാ പോള്‍ പറയണം. പിന്നെ പൊതുചര്‍ച്ചയും മാനഹാനിയും. ശരിയാണ്, കേരളത്തിലെ നൂറുകണക്കിനു വിചാരണതടവുകാരുടെ ജീവിതമല്ല തടവിലാക്കപ്പെടുന്നതിന് മുമ്പ് ഒരു ചലച്ചിത്രതാരം ജീവിക്കുന്നത്. അയാളുടെ/അവളുടെ  ജീവിതത്തിലെ ഓരോ നിമിഷവും, ഓരോ ഓണവും കല്യാണവും പായസം വെപ്പും കുട്ടിയുടെ ആണ്ടപ്പിറന്നാളും അയാളുടെ ഇഷ്ടങ്ങളും ഇഷ്ടക്കേടുകളുമെല്ലാം വില്‍ക്കുകയായിരുന്നു. ആ വില്‍പ്പനയുടെ സുതാര്യതയാണ് അവരുടെ താരമൂല്യം (അഭിനയിച്ചിട്ടാണ് എന്നൊന്നും ജനപ്രിയന്റെ കാര്യത്തിലെങ്കിലും പറയരുത്). ആ വെള്ളിവെളിച്ചം ആഘോഷങ്ങളില്‍ മാത്രമായിരിക്കും എന്ന് കരുതരുത്. പുലിപ്പുറത്തെ സവാരിയാണത്.

ഇനിയാണ് സഹാനുഭൂതിയില്‍ നിന്നും പോലീസിനെ വിശ്വസിക്കരുത് എന്ന വാദത്തിലേക്ക് സെബാ പോള്‍ വരുന്നത്. വലിയ കുരുക്കാണ് നമുക്കിത്. കാരണം പോലീസ് പറയുന്നത് അപ്പാടെ വിശ്വസിച്ചാല്‍ ഇന്ത്യയിലെ മുസ്ലീങ്ങള്‍ മുഴുവന്‍ രാജ്യദ്രോഹികളും കമ്യൂണിസ്റ്റ് രാഷ്ട്രീയം സംസാരിക്കുന്നവര്‍ മുഴുവന്‍ വെടിവെച്ചു കൊല്ലേണ്ടവരുമായി മാറും. പക്ഷേ, ഈ ദിലീപിന് എന്തു ഭരണകൂട ഭീകരതയാണ്, പൊതുജന വിചാരണയാണ് നേരിടേണ്ടിവന്നതെന്ന് എനിക്കെത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല. ഒരു സ്ത്രീക്കു നേരെയുള്ള  ലൈംഗികാതിക്രമവും തട്ടിക്കൊണ്ടുപോകലും എന്ന പരാതിയില്‍ പ്രഥമദൃഷ്ട്യായുള്ള തെളിവുകളുടെ അടിസ്ഥാനത്തില്‍ അയാളെ പ്രതിയാക്കി. അന്വേഷണകാലയളവില്‍ പുറത്തിറങ്ങിയാല്‍ തെളിവ് നശിപ്പിക്കും, സാക്ഷികളെ സ്വാധീനിക്കും എന്ന് ആര്‍ക്കും സംശയിക്കാവുന്നത്ര പ്രകടമായതിനാല്‍ അക്കാലയളവില്‍ ജാമ്യം നിഷേധിച്ചു. കുറ്റപത്രം സമര്‍പ്പിച്ചിട്ടും അയാളെ ജാമ്യം നല്‍കാതെ തടവില്‍ വെച്ചാല്‍ അത് അപ്പോള്‍ സംസാരിക്കേണ്ട കാര്യമാണ്. അതുവരെ ക്ഷമിക്കൂ ശ്രീ പോള്‍.

Also Read: സെബാസ്റ്റ്യന്‍ പോള്‍ പ്രതികരിക്കുന്നു: പ്രകോപനം ദീദിയും വിനയനും; ചീഫ് എഡിറ്ററോട് വിയോജിപ്പുള്ളവര്‍ക്ക് പിരിഞ്ഞു പോകാം

ആക്രമിക്കപ്പെട്ട സ്ത്രീക്കെതിരെ അയാളുടെ കിങ്കരന്‍മാരും കൂലിക്കാരും നടത്തിയ അധിക്ഷേപങ്ങള്‍ സെബാ പോളും കേട്ടുകാണും. ലൈംഗികാതിക്രമത്തിനിരയായ ഒരു സ്ത്രീക്ക് സുരക്ഷിതത്വവും പരിരക്ഷയും കൊടുക്കേണ്ടതും നിയമത്തിന്റെ ചുമതലയാണ്. അവരെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തി എന്ന് കരുതുന്ന, സമ്പത്തും സ്വാധീനവുമുള്ള ഒരാളെ ഉടനടി പുറത്തുവിട്ടുകൊണ്ട് അവരുടെ അരക്ഷിതാവസ്ഥ വര്‍ദ്ധിപ്പിക്കുക എന്നതല്ല ഇത്തരം കേസുകളില്‍ നിയമം ചെയ്യേണ്ടത് എന്നതൊരു സാമാന്യ നീതിയാണ്. ദുരുപയോഗങ്ങള്‍ ഉണ്ടാകും എന്നതുകൊണ്ട് നീതി എന്ന സങ്കല്‍പ്പത്തെ നാം കുഴിച്ചുമൂടിയിട്ടില്ല. പൊലീസിനെ വിശ്വസിക്കരുത് എന്ന, ഭരണകൂട ഭീകരതയുടെയും, അതിന്റെ വര്‍ഗാധിപത്യത്തിന്റെയും മര്‍ദ്ദനോപകരണങ്ങളാണ് പോലീസ് എന്ന വസ്തുതയെ, ഒരു ധനികന്റെ ജാമ്യപ്രശ്നത്തില്‍, ഇത്ര അപഹാസ്യമായ വിധത്തില്‍ വലിച്ചുനീട്ടിയ ഒരു വാദം ഭരണഘടനവിദഗ്ധന്‍ എന്നൊക്കെ നാലാള്‍ കരുതുന്ന ഒരാളില്‍ നിന്നും ഉണ്ടാവുകയെന്നത് കഷ്ടമാണ്. ഇന്ത്യന്‍ നിയമവ്യവസ്ഥയില്‍ നടക്കുന്ന നീതിനിഷേധത്തിന്റെയും മനുഷ്യാവകാശ ലംഘനത്തിന്റെയും ഭീകരമായ വസ്തുതകളെ, പ്രത്യേകിച്ച് ഒരു നടപടിക്രമനിഷേധവും ഇതുവരെ നടക്കാത്ത രീതിയിലുള്ള ഒരു കേസിലെ, ഒരു ധനികന്റെ ജാമ്യഹര്‍ജിയുമായി കൂട്ടിക്കെട്ടി എന്ന ചതികൂടിയാണ് സെബാ പോള്‍ ചെയ്യുന്നത്.

പക്ഷേ ഇതൊക്കെ അദ്ദേഹം എങ്ങനെ ക്ഷമിക്കും! കാരണം സെബാ പോള്‍ തൊട്ടുപിന്നാലെ പറയുന്നു, “ഈ കേസിലെ യഥാര്‍ഥ പ്രതികള്‍ക്ക് ആ ശിക്ഷ വാങ്ങിക്കൊടുക്കാന്‍ പ്രോസിക്യൂഷന് കഴിയണം”; കാരണം കേസിലെ രേഖകള്‍ പരിശോധിച്ചതില്‍ നിന്നും തനിക്ക് സംശയങ്ങളുണ്ടെന്ന് സെബാ പോള്‍ പറയുന്നു. ന്യായമാണ്. കാരണം ഈ ഗൂഢാലോചനാക്കേസില്‍ ദിലീപിനെ ശിക്ഷിക്കുമോ ഇല്ലയോ എന്ന് വാദിക്കാന്‍ നമ്മളില്ല. അത് അന്വേഷണ ഏജന്‍സി നല്‍കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ കോടതി കണ്ടെത്തേണ്ട കാര്യമാണ്. പക്ഷേ സെബാ പോളിന്റെ ആ യഥാര്‍ത്ഥ പ്രതിയിലെ ഊന്നല്‍ കാണാതെ പോകരുത്. ദിലീപ് യഥാര്‍ത്ഥ പ്രതിയല്ല എന്നദ്ദേഹം സംശയം  പ്രകടിപ്പിക്കുകയാണ്.

ദിലീപിനെതിരെ ഗൂഢാലോചനയുണ്ടോ എന്ന കാര്യത്തില്‍ അദ്ദേഹം ആകുലപ്പെടുന്നു. കഴിഞ്ഞ ദിവസം, ആ സ്ത്രീയെ ആക്രമിക്കാന്‍ ഗൂഢാലോചന നടന്നിട്ടില്ല എന്ന് ഏതാണ്ടുറപ്പ് പറഞ്ഞയാളാണ് സെബാ പോള്‍. അതിനു മുമ്പേ കേരള ഷെര്‍ലക് അത് പറഞ്ഞിട്ടുണ്ട്.

ഗൂഢാലോചനയില്ലെന്നും പള്‍സര്‍ സുനി ഒറ്റയ്ക്ക് ഈ കൃത്യം നടത്താന്‍ പ്രാപ്തിയും പരിചയവും ഉള്ളയാളാണെന്നും കഴിഞ്ഞ ദിവസത്തെ ലേഖനത്തില്‍ അദ്ദേഹം പറഞ്ഞതേയുള്ളൂ. അപ്പോള്‍, കിട്ടിയില്ലേ പ്രതിയെ, ഇനിയെന്തിന് അന്വേഷണം എന്നാണ് ചോദ്യം. എന്നെ അത്ഭുതപ്പെടുത്തുന്ന കാര്യം, പള്‍സര്‍ സുനിയുടെ കുറ്റകൃത്യം ആസൂത്രണം ചെയ്തു നടത്താനുള്ള ശേഷിയും പ്രാപ്തിയും സംബന്ധിച്ച് ഗൂഢാലോചന അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ത്തന്നെ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ പ്രസ്താവനയും സെബാ പോളിന്റെ ലേഖനത്തിലെ വരികളും തമ്മിലുള്ള സാമ്യമാണ്. എപ്പോഴും എടുത്തുപയോഗിക്കാന്‍ പാകത്തില്‍ തയ്യാറാക്കിയ ഒരു വാദം ഇരുവരും ആവര്‍ത്തിക്കുന്നതില്‍, ഡോക്ടര്‍ വാട്സണ്‍, നിങ്ങള്‍ക്ക് സംശയമൊന്നുമില്ലേ?

ഇനിയാണ് സെബാ പോള്‍ ബലാത്സംഗത്തിന്റെ ചരിത്ര, ജൈവ വിശകലനങ്ങളിലേക്ക് കടക്കുന്നത്. (ഗര്‍ഭിണികളും രക്തസമ്മര്‍ദമുള്ളവരും ആ ഭാഗം വായിക്കരുത് എന്ന് മുന്നറിയിപ്പ്) മറ്റ് പല കാരണങ്ങളുണ്ടെങ്കിലും പുരുഷന്‍ ലൈംഗികമായ സംതൃപ്തിക്ക് വേണ്ടിയാണ് ബലാത്സംഗം നടത്തുന്നത് എന്ന് സെബാ പോള്‍ തീര്‍ത്തു പറയുന്നു. ആ ഭാഗത്ത് അദ്ദേഹത്തിനുള്ള അറിവുകുറവിലേക്ക് നാം പ്രവേശിക്കേണ്ടതില്ല. കാരണം അത്രയും ശുഷ്കവും ദുര്‍ബലവുമാണത്. പുരുഷാധികാര മനോനിലയുടെ തെളിഞ്ഞ പ്രകടനവും. പക്ഷേ എന്തുകൊണ്ട് സെബാ പോള്‍ ഇത് പറഞ്ഞതിന്‍റെ സാരം വരുന്നത് ഇനിയാണ്. അതായത്, ലൈംഗിക സതൃപ്തിക്കു വേണ്ടി പുരുഷന്‍ നടത്തുന്ന ബലാത്സംഗം എങ്ങനെ ക്വട്ടേഷന്‍ വഴി ചെയ്യിക്കും, അത് വിചിത്രമല്ലേ എന്ന മില്യണ്‍ ഡോളര്‍ ചോദ്യം അദ്ദേഹം ഉയര്‍ത്തുന്നു. “പച്ചയായി പറഞ്ഞാല്‍, പള്‍സര്‍ സുനിക്ക് കിട്ടുന്ന സുഖം, അത് ദിലീപിന് കിട്ടില്ല. അപ്പോള്‍ അതിന് വേണ്ടിയല്ല” എന്ന് സെബാ പോള്‍ പറയുന്നു. സുഖം കിട്ടില്ലെങ്കില്‍ പിന്നെ എന്തിന് ബലാത്സംഗം ക്വട്ടേഷന്‍ എന്ന ശൈശവ നിഷ്ക്കളങ്കതയോട് എങ്ങനെ പൊറുക്കാതിരിക്കും. അതായത് പുരുഷന് സുഖം കിട്ടുന്ന ഈ പണിയില്‍ ആക്രമിക്കപ്പെടുന്ന സ്ത്രീക്കു കിട്ടുന്നത് എന്താണെന്ന് സെബാ പോള്‍ ഒരു നിമിഷം പോലും പരിഗണിക്കുന്നില്ല. കൈ വെട്ടാനോ കാല്‍ വെട്ടാനോ കൊല്ലാനോ ഉള്ള ക്വട്ടേഷനേക്കാള്‍ ഭീകരമാണ് അതവരുടെ അനുഭവത്തില്‍ എന്നറിഞ്ഞാല്‍ അയാളത് പറയില്ലായിരുന്നു.

‘പറയുന്നവന് നാണമില്ലെങ്കിലും കേള്‍ക്കുന്നവന് വേണം’ എന്ന് നാട്ടില്‍ പറയും. അതുകൊണ്ട് ഫാഷിസത്തിനെതിരെ, സംഘപരിവാറിനെതിരെ ശബ്ദിക്കാനുള്ള ധൈര്യം കേരള സമൂഹത്തിനു കൊടുക്കുക എന്ന ഉത്തരവാദിത്തം കൂടിയാണ് താന്‍ ഇതില്‍ നിര്‍വ്വഹിക്കുന്നത് എന്ന് പറഞ്ഞ് അദ്ദേഹം പറത്തിവിടുന്ന ബലൂണുകള്‍ നമുക്ക് കുത്തിപ്പൊട്ടിക്കാതിരിക്കാം. പ്രപഞ്ച ഗോളങ്ങളെയാണ് താന്‍ അമ്മാനമാടുന്നതെന്ന് എല്ലാ കുഞ്ഞുങ്ങളും വിശ്വസിക്കുന്നതുകൊണ്ടാണ് ബലൂണുകള്‍ ഇപ്പൊഴും വില്‍ക്കുന്നത്.

ഏറ്റവും ഒടുവിലായി, സ്ഥാപനത്തിലെ ജീവനക്കാര്‍ക്ക് നല്ല ശമ്പളം കൊടുക്കുന്നു എന്നതൊക്കെ ഒരു കേമത്തമായി ഇപ്പോള്‍ പറയുന്നത്, എന്നിട്ടും കുരയ്ക്കുന്നോ നായ്ക്കളെ എന്ന് ചോദിക്കുന്നതിന്റെ മറ്റൊരു രൂപമാണ്. കെ സുധാകരന് പകരം ജി. സുധാകരന്റെ ചിത്രം കൊടുത്ത വിദ്വാന്മാരാണ് അവിടെയുള്ളതെന്നും കൂടി പറയുമ്പോള്‍ തന്റെ പുച്ഛം മുഴുവന്‍ സെബാ പോള്‍ മുറുക്കിത്തുപ്പുന്നു. ഈ ഭാഗത്ത് മുതലാളിയായി പകര്‍ന്നാട്ടം നടത്തുന്ന, സംസാരിക്കുന്ന സെബാ പോള്‍ നിര്‍ത്തുന്നില്ല, “ഞാന്‍ എല്ലാവരോടും വളരെ ഔദാര്യമായി പ്രവര്‍ത്തിക്കുന്നയാളാണ്.” എന്നും അത് തന്റെ ബലഹീനതയല്ലെന്നും സൌമനസ്യങ്ങള്‍ ദൌര്‍ബല്യമല്ലെന്നും അയാള്‍ ഓര്‍മ്മിപ്പിക്കുന്നു.

നാടുവാഴിക്കാലത്തെ മാടമ്പിമാരുടെ ഭാഷയില്‍ സംസാരിക്കുന്ന ഈ ചീഫ് എഡിറ്റര്‍ മുതലാളിയാണ്, തടവുകാരനോടുള്ള സഹാനുഭൂതിയില്‍ വെറോണിക്കയുടെ തൂവാലയുമായി അവശന്‍മാരാര്‍ത്തന്‍മാരാലംബഹീനന്‍മാര്‍ അവരുടെ ദു:ഖങ്ങളാരറിയാന്‍ എന്ന കാവ്യഭാവനയുമായി സഹാനുഭൂതിയുടെ തേന്‍തൈലം പൂശുന്നത്. എന്തൊരു ലജ്ജാഹീനമായ കാപട്യം! മുതലാളിയുടെ ഔദാര്യമാണോ തൊഴിലാളിയുടെ തൊഴില്‍ സുരക്ഷയും തൊഴിലവകാശവും? താന്‍ വളരെ ഔദാര്യത്തോടെ പെരുമാറുന്നു എന്ന് പറയുമ്പോള്‍, വലിയവനായ താന്‍ ഔദാര്യത്തോടെ പെരുമാറുന്നു എന്നോ? തീര്‍ച്ചയായും അതാണയാള്‍ പറയുന്നത്. ഔദാര്യം എന്ന വാക്ക് അതുകൊണ്ടാണ് പ്രയോഗിക്കുന്നത്. വണ്ടിക്കടിയില്‍പ്പെട്ട നായക്കുട്ടിയോട് നമുക്ക് സഹതാപം തോന്നില്ലേ എന്ന് നരേന്ദ്ര മോദി ഗുജറാത്ത് കലാപത്തില്‍ കൊല്ലപ്പെട്ടവരെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറഞ്ഞില്ലേ; അത്തരത്തിലൊരു സഹാനുഭൂതിയും ഔദാര്യവും. ഒരു മാധ്യമസ്ഥാപനത്തില്‍ പ്രവര്‍ത്തിക്കുമ്പോള്‍ അതില്‍ തങ്ങളുടെ മൂല്യബോധത്തിന് വിരുദ്ധമായ നിലപാട് വന്നാല്‍, തങ്ങള്‍ ഇതിലെ തൊഴിലാളികളാണെങ്കിലും തങ്ങള്‍ക്ക് അതിനു വിരുദ്ധമായ അഭിപ്രായമാണുള്ളത് എന്ന് പറയാന്‍ തൊഴിലാളികള്‍ക്കുള്ള സ്വാതന്ത്ര്യത്തെയാണ് ശ്രീ സെബാ പോള്‍, അഭിപ്രായ സ്വാതന്ത്ര്യം എന്ന് പറയുന്നത്. അങ്ങനെ പറഞ്ഞാലും അവര്‍ക്ക് പണി പോകില്ല എന്നുറപ്പുവരുത്തുന്നതിനെയാണ് സെ പോള്‍, നമ്മള്‍ ജനാധിപത്യം എന്ന് പറയുന്നത്.
ചീഫ് എഡിറ്ററുടെ നിലപാടുകള്‍ക്ക് കൈത്താളമടിക്കുകയാണ് അവിടെയുള്ള മറ്റ് മാധ്യമപ്രവര്‍ത്തകരുടെ ചുമതല എന്നാണ് സെബാ പോള്‍ ധരിക്കുന്നതെങ്കില്‍ അദ്ദേഹത്തിന് മാധ്യമ ധാര്‍മികത എന്താണെന്ന് പിടികിട്ടിയിട്ടില്ല. നിലപാടുകളില്‍ വിയോജിപ്പുള്ളവര്‍ക്ക് പിരിഞ്ഞുപോകാം എന്ന് പറയുന്ന തൊഴിലുടമയായ സെബാ പോളിന് ഭരണഘടന വായിച്ചതിന്റെ ഗുണവും കിട്ടിയിട്ടില്ല. തൊഴില്‍ സുരക്ഷ എന്നൊരു സാധനത്തിനായി നാട്ടില്‍ നടന്ന പ്രക്ഷോഭങ്ങളില്‍ ഏറെയും നടത്തിയത്, അന്നും പ്രത്യേകിച്ച് വിശേഷങ്ങളൊന്നുമില്ലാത്ത സെബാ പോളിനെ പാര്‍ലമെന്റിലേക്ക് ഇടതു സ്വതന്ത്രനായി പറഞ്ഞുവിട്ട പ്രസ്ഥാനമാണ്. ശ്രീമാന്‍ പോള്‍ ഓര്‍ത്തില്ലെങ്കിലും ‘പൊതുസമ്മതരായ ഇടത് സ്വതന്ത്രരെ’ കാണുമ്പോള്‍ ജനങ്ങള്‍ ഓര്‍ക്കുന്നത് നന്ന്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

പ്രമോദ് പുഴങ്കര

പ്രമോദ് പുഴങ്കര

രാഷ്ട്രീയ നിരീക്ഷകനും കോളമിസ്റ്റും

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍