UPDATES

ട്രെന്‍ഡിങ്ങ്

കഞ്ഞിപ്പശ മുക്കിയ സാരിത്തുമ്പിന്റെ ഓര്‍മ; അമ്മയില്ലാത്തവരുടെ ഓണം

എവിടെയായിരിക്കും വഴിവക്കില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ആ അമ്മ? ഓണമുണ്ണാന്‍ അവരുടെ പക്കല്‍ എന്തെങ്കിലും ഉണ്ടാകുമോ?

ആ അമ്മയെ ആദ്യം കാണുന്നത് കൊച്ചി നഗരമധ്യത്തിലെ ഡിഎച്ച് റോഡില്‍ നിന്നും വാരിയം റോഡിലേക്കുള്ള തിരിവില്‍ വച്ചാണ്. ലോട്ടറി ടിക്കറ്റുകളുടെ ചെറിയ അടുക്ക്. നിറം മങ്ങിയ ബാഗ്. കഞ്ഞിപ്പശ മുക്കിയ വില കുറഞ്ഞ കോട്ടണ്‍ സാരി. റോഡിന്റെ ഓരത്തെ വൃക്ഷച്ഛായയില്‍ പ്രസരിപ്പോടെ നില്‍ക്കുന്ന സ്ത്രീ. ഇതായിരുന്നു ആദ്യത്തെ ഓര്‍മ്മ.
ആദ്യമൊക്കെ അവരെ അവഗണിച്ച് പോവുകയായിരുന്നു പതിവ്. ഒരിക്കലെപ്പോഴോ അവരുടെ തൊട്ടടുത്തുകൂടി കടന്നുപോയപ്പോള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് നഷ്ടമായ അമ്മയുടെ മണം. കഞ്ഞിപ്പശയുടെ മണം. പണ്ട് അമ്മയുടെ കൈപിടിച്ച് സ്‌കൂളിലേക്ക് പോകുമ്പോഴൊക്കെ ആ ഗന്ധം നിരന്തരം അനുഭവിച്ചിരുന്നു. പിന്നാലെ നടന്ന് അമ്മയുടെ സാരിത്തലപ്പ് മുഖത്തുചുറ്റി ആ മണം സമൃദ്ധമായി ആസ്വദിച്ചാണ് പള്ളിക്കൂടത്തിലേക്കുള്ള യാത്രകള്‍. നന്നെ ചെറുപ്പത്തിലേ അച്ഛന്‍ നഷ്ടപ്പെട്ടുപോയ എന്റെ സ്വാസ്തിയുടെ, സ്വച്ഛതയുടെ, സുരക്ഷയുടെ ഗന്ധം.

അമ്മയെപ്പോലെ അവരും ചെറിയ പൂക്കളുള്ള സാരി ധരിച്ചിരുന്നു. റോസ് നിറത്തിലെ ചെറിയ പൂക്കളുള്ള സാരി. വാരിയം റോഡിലെ മാവിന്‍ ചുവട്ടില്‍ അവരുടെ ചാരെ തെല്ലുനേരം നിന്നു. വിദൂരതകളിലേക്ക് നോക്കി നിന്ന അവര്‍ ഞാന്‍ അവിടെ നില്‍ക്കുന്നതൊന്നും കാര്യമായി ശ്രദ്ധിച്ച മട്ടു കണ്ടില്ല. എന്നും അവഗണിച്ചു കടന്നുപോകാറുള്ളയാളില്‍ ഭാഗ്യാന്വേഷിയുടെ മുഖം അവര്‍ കണ്ടിട്ടുണ്ടാകണമെന്നില്ല. പിന്നെ പത്രമാപ്പീസിലെ പുലര്‍ക്കാല വേവലാതികളെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകളോടെ ആ മണം വിട്ടൊഴിഞ്ഞ് ബസ് സ്‌റ്റോപ്പിലേക്ക് വേഗത്തില്‍ നടന്നു. എറണാകുളം നോര്‍ത്തിലെ പത്രമാപ്പീസിലെ തിരക്കുകള്‍ക്കിടയിലും എന്തുകൊണ്ടോ ഇടയ്ക്കിടെ അവരുടെ മുഖം ഓര്‍മ്മയിലേക്ക് കടന്നുവന്നു. ജലം വറ്റി, നിര്‍ന്നിമേഷങ്ങളായ ആ കണ്ണുകള്‍.

വര്‍ഷങ്ങളായി കൊച്ചി നഗരത്തില്‍ പല ഇടങ്ങളിലായി വാടകക്കാരനാണ് ഞാന്‍. മൂന്നു വര്‍ഷങ്ങളായി വാരിയം റോഡിലെ ഫ്‌ളാറ്റില്‍. അന്ന് രാത്രി വൈകി ആപ്പീസില്‍ നിന്നും മടങ്ങിയെത്തിയ വേളയിലും ഞാന്‍ അവരെ തന്നെ തെരഞ്ഞു. അവര്‍ നിന്നയിടത്ത് മദ്യച്ചൊരുക്കില്‍ അവ്യക്തഭാഷണം നടത്തുന്ന ചില ശബ്ദങ്ങള്‍ മാത്രം. ഏറെ ദൂരയല്ലാതെയുള്ള മദ്യാശാലയില്‍ നിന്നും മടങ്ങുന്നവരാകണം. വണ്ടി പാര്‍ക്ക് ചെയ്യാനായി ഒരുവേള ഒഴിഞ്ഞയിടം തേടി അവിടെ എത്തിയതുമാകാം.

പിറ്റേ ദിവസം പുലര്‍ച്ചെ ഭാര്യയുമൊത്ത് നടക്കാന്‍ പോയപ്പോള്‍ ഞാന്‍ അവരെ വീണ്ടും കണ്ടു. എറണാകുളത്തപ്പന്‍ അമ്പലത്തിനു മുന്നിലായിരുന്നു അവരപ്പോള്‍. അവരെ കടന്ന് സുഭാഷ് പാര്‍ക്കിലേക്ക് നടക്കുമ്പോള്‍ ലോട്ടറി വില്‍പ്പനക്കാരുടെ നീണ്ട നിര കണ്ടു. അവരിലേറെപ്പേരും ലോട്ടറിയുമായി അമ്പലത്തിലെത്തുന്നവരുടെ മുന്നിലേക്ക് ചെന്നുകൊണ്ടിരുന്നു. പക്ഷെ ആ അമ്മയാകട്ടെ, നില്‍ക്കുന്നേടത്ത് തന്നെ നിന്ന് വിദൂരതയിലേക്ക് മിഴകളയച്ചു. തനിക്കുള്ളവര്‍ തേടിയെത്തുമെന്ന വിശ്വാസം കൊണ്ടോ ആരേയും തേടി പോകുന്നതില്‍ അര്‍ത്ഥമില്ലെന്ന തിരിച്ചറിവുകൊണ്ടോ? അറിയില്ല. അവരുടെ വിരലുകള്‍ കൈയിലിരുന്ന ലോട്ടറികളെ മെല്ലെ തലോടിക്കൊണ്ടിരുന്നു. ചുമലില്‍ നിറം മങ്ങിയ ബാഗ് പതിവുപോലെ. അതില്‍ കാര്യമായൊന്നും ഉണ്ടായിരുന്നില്ലെങ്കിലും വലിയ ഭാരമുള്ളതുപോലെയാണവര്‍ അത് തൂക്കിയിരുന്നത്. നടപ്പ് പൂര്‍ത്തിയാക്കി മടങ്ങിയെത്തുമ്പോള്‍ അവരവിടെ നിന്നും വാരിയം റോഡിന്റെ തുടക്കത്തിലെ തന്റെ പതിവിടത്തേക്ക് മാറിയിരുന്നു. ഓഫീസിലേക്ക് പോകാനായി ഇറങ്ങുമ്പോഴും അവരവിടെ തന്നെ നില്‍ക്കുന്നുണ്ടായിരുന്നു.

ഓഫീസിലേക്കുള്ള അത്തരം യാത്രകളിലൊരുനാള്‍ ഞാന്‍ അവരുടെ പക്കല്‍ നിന്നും ആദ്യമായി ലോട്ടറിയെടുത്തു. വളരെ അപൂര്‍വമായിമാത്രമേ ഭാഗ്യാന്വേഷണത്തിനു ഞാന്‍ മുതിര്‍ന്നിട്ടുള്ളു. എന്തുകൊണ്ടോ ലോട്ടറിയെടുക്കുന്നത് മോശം കാര്യമാണെന്ന ചിന്ത മനസ്സില്‍ വളരെ കുട്ടിക്കാലം മുതല്‍ തന്നെ വേരുറച്ചിരുന്നു. പല ദിവസങ്ങളില്‍ ആലോചിച്ചാണ് ഞാന്‍ അവരുടെ പക്കല്‍ നിന്നും ലോട്ടറി എടുക്കാന്‍ തീരുമാനിച്ചത്. ലോട്ടറി വാങ്ങുന്നതിനേക്കാള്‍ അവരുടെ അടുത്ത് കുറച്ചു സമയം നില്‍ക്കുകയെന്നതായിരുന്നു മനസ്സില്‍.

ആദ്യം ലോട്ടറി എടുത്ത ദിവസം അവരുമായി സംസാരിക്കാനായില്ല. തൊട്ടടുത്ത ദിവസവും അവരുടെ പക്കല്‍ നിന്നും ലോട്ടറിയെടുത്തു. പിന്നെ അത് പതിവായി. ഈ ലോട്ടറികളുടെയൊന്നും ഫലം എന്താണെന്ന് ഞാന്‍ നോക്കിയിരുന്നുമില്ല. ഓഫീസില്‍ നിന്നും മടങ്ങിയെത്തുമ്പോള്‍ ബസ് ടിക്കറ്റുകള്‍ക്കും മറ്റു കടലാസുകള്‍ക്കുമൊപ്പം അത് ചവറ്റുകൊട്ടയിലേക്ക് ഇടുകയാണ് പതിവ്.

ടിക്കറ്റ് എടുത്തുമടങ്ങുമ്പോള്‍ ബാക്കി തരുന്നതിനിടെ കണ്ണുകള്‍ ഒന്നു കൂട്ടിമുട്ടിയെങ്കിലായി. തെല്ലുനേരം അവരുടെ അടുത്ത് നില്‍ക്കുന്നതിനുവേണ്ടി അവരുടെ പക്കല്‍ നിന്നും ടിക്കറ്റുകളെടുത്ത് തുടങ്ങി. അമ്മയുടെ മണം. അവരുടെ അടുത്ത് നില്‍ക്കുമ്പോഴൊക്കെ അമ്മയുടെ സാന്നിധ്യം ഞാന്‍ അനുഭവിച്ചു. ആദ്യമായി സംസാരിച്ചത് അവരായിരുന്നു. ടിക്കറ്റൊന്നും അടിക്കുന്നില്ലല്ലേ? ഞാന്‍ നോക്കാറുണ്ട്. അവരുടെ പക്കല്‍ നിന്നും എടുത്ത ലോട്ടറികളൊന്നും അടിച്ചിട്ടില്ല. അടിച്ചാല്‍ തന്നെ ഞാന്‍ അറിയാനും തരമില്ല. അത്തരം ഒരു വേവലാതിയുമായല്ല ഞാന്‍ ലോട്ടറി എടക്കുന്നതെന്ന് അവരോട് പറഞ്ഞില്ല. പോകപ്പോകെ ആ അമ്മയുടെ പക്കല്‍ നിന്നും ലോട്ടറി വാങ്ങുക പതിവായി.

ഇതിനിടെ ചെറുവാചകങ്ങളിലുടെ സംസാരം തുടങ്ങി. അടിയൊന്നുമില്ല മോനെയെന്ന് ഇടക്കിടെ ദു:ഖിതയായി പറയും. പിന്നെ കഴിഞ്ഞ ദിവസം കണ്ടില്ലല്ലോയെന്നും മറ്റും. ഞങ്ങള്‍ പരിചയക്കാരായി മാറി. പതിവു കാഴ്ചകള്‍. ഞാന്‍ ഫ്‌ളാറ്റില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ അവര്‍ തയാറായി നില്‍ക്കും. പഴ്‌സില്‍ നിന്നും 30 രൂപയെടുത്ത് ഞാനും വയ്ക്കും. ചെറുതായി ചിരിക്കും. ക്ലേശത്തിന്റേയും വിഷാദത്തിന്റേയും മേലാട അവരുടെ മന്ദഹാസത്തിനു മേലെ പാടലമായി നിന്നു.

ഒരു ദിവസം ഞാന്‍ എത്തുമ്പോള്‍ അവര്‍ പതിവിലേറെ സന്തുഷ്ടയായിരുന്നു. ഇന്നലെ ഒരു 5000-ത്തിന്റെ അടിയുണ്ടായിരുന്നു. മോനെടുത്ത ടിക്കറ്റെവിടെ? അവര്‍ ചോദിച്ചു. അത് കളഞ്ഞു. എനിയ്ക്കാവില്ല. ഞാന്‍ പറഞ്ഞു. പെട്ടന്ന് അവരുടെ മുഖം ഇരുണ്ടു. ഞാനോര്‍ത്തു മോനായിരിക്കുമെന്ന്. എത്രനാളുകളായി സ്ഥിരമായി എന്റെ അടുത്ത് നിന്നും ടിക്കറ്റെടുക്കുന്നു. അവരുടെ വാക്കുകളില്‍ തെല്ലൊരു ഖിന്നത. പിന്നെ ഒരു ഓര്‍മ്മപ്പെടുത്തല്‍. ടിക്കറ്റ് കളയരുത് കേട്ടോ? ദൈവം വല്ലപ്പോഴുമേ തരൂ. അപ്പോള്‍ പുറംതിരിഞ്ഞ് നില്‍ക്കരുത്. ഞാന്‍ വെറുതെ ചിരിച്ചു. പണ്ട് നിരന്തരം അമ്മ ഓര്‍മ്മപ്പെടുത്തിയിരുന്നതുപോലെ വഴിവക്കില്‍ ഒരമ്മ. മുന്നോട്ട് നടക്കവെ അവര്‍ പിന്നില്‍ നിന്ന് പിറുപിറുക്കുന്നതു കേട്ടു. ഇപ്പോഴൊന്നും മനസ്സിലാവില്ല. മനസ്സിലാവുമ്പോഴേക്കും വൈകിപ്പോയിരിക്കും.

ഒരിക്കല്‍ ഞാന്‍ അവരോട് ചോദിച്ചു. വീട്? കുറെ ദൂരെ എന്നായിരുന്നു മറുപടി. നാട് ഇവിടെയാണോയെന്ന് മറ്റൊരിക്കല്‍ ചോദിച്ചപ്പോള്‍ നെയ്യാറ്റിന്‍കരയെന്നായിരുന്നു പറഞ്ഞത്. അവിടെ നിന്ന് കൊച്ചിയില്‍? ഇപ്പോള്‍ ചോറ്റാനിക്കരയ്ക്കടുത്ത് താമസമെന്നു മറുപടി. പുലര്‍ച്ചെ നഗരത്തിലെത്തും. ലോട്ടറി മൊത്ത വില്‍പ്പനക്കാരന്റെ പക്കല്‍ നിന്നും കടമായി എടുക്കുന്ന ടിക്കറ്റുകളുമായിട്ടാണ് അവര്‍ വില്‍പ്പനയ്‌ക്കെത്തുക. ഡിഎച്ച് റോഡിലും വാരിയും റോഡിലും എറണാകുളത്തപ്പന്‍ അമ്പലമുറ്റത്തുമൊക്കെയായി വില്‍പ്പന പൂര്‍ത്തിയാക്കി മടങ്ങും.
നെയ്യാറ്റിന്‍കരയില്‍ നിന്നും എന്തിനാണ് ഇത്രദൂരം വന്നതെന്ന് ആരാഞ്ഞപ്പോള്‍, ജീവിക്കേണ്ടേ എന്നു പിറുപിറുത്തു. വാക്കുകള്‍ വളരെ ലുബ്ദിച്ചാണ് അവര്‍ ഉപയോഗിച്ചത്. വാക്കുകള്‍ക്കിടയില്‍ തിങ്ങിയ മൗനത്തിലൂടെ അവര്‍ പറയാതിരിക്കാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ എനിക്കൂഹിക്കാനാവുമായിരുന്നു. അവരുടെ മിഴികളില്‍ നിശ്ചേഷ്ടതയുടെ വ്യവഹാരം ഞാനറിഞ്ഞു. ഞങ്ങളുടെ സംസാരം ചെറുവാക്കുകളില്‍ അപൂര്‍ണമായി അവസാനിപ്പിച്ച് അവര്‍ മറ്റൊരാളെ തിരഞ്ഞെന്നവണ്ണം വിദൂരതകളിലേക്ക് നോക്കും. മൗനത്തിന്റെ പ്രതിരോധങ്ങളില്‍ തട്ടുമ്പോള്‍ ഞാന്‍ കാലുകള്‍ നീട്ടിവലിച്ച് മെട്രോ സ്‌റ്റേഷനിലേക്കോ ബസ് സ്‌റ്റോപ്പിലേക്കോ നടക്കും.

ചിലപ്പോള്‍ നീണ്ട ദിവസങ്ങളില്‍ അവര്‍ അപ്രത്യക്ഷയാകും. മറ്റൊരിക്കലും ഇല്ലാത്തവണ്ണം ഞാന്‍ ആ ദിവസങ്ങളില്‍ അസ്വസ്ഥനാകും. ഓഫീസില്‍ എന്ത് ചെയ്യുമ്പോഴും ഒരപൂര്‍ണ്ണത. ചീഫ് അസ്വസ്ഥനാണല്ലോയെന്ന ചോദ്യം ഒപ്പമുള്ളവര്‍ ഉയര്‍ത്തും. രാവിലെ അവരെ പതിവിടത്ത് കാണാത്ത ദിവസങ്ങളില്‍ ഉച്ചയ്ക്ക് സമയം കണ്ടെത്തി അവര്‍ നില്‍ക്കാറുള്ള ഇടങ്ങളിലൊക്കെ പോയി പരതും. വളരെ അപൂര്‍വമായി അത്തരം തെരച്ചിലുകളില്‍ കണ്ടെത്തിയിട്ടുണ്ട്. അവരെ തെരഞ്ഞെത്തിയതല്ലെന്ന നാട്യത്തോടെ ഒളികണ്ണിട്ട് നോക്കി ഞാന്‍ അതുവഴി പോകും. ഒരു വഴിപോക്കനെപ്പോലെ, ആ അമ്മ അത് തിരിച്ചറിഞ്ഞിരുന്നവോ ആവോ?

നീണ്ട നാളുകള്‍ക്കുശേഷം പ്രത്യക്ഷമാകുമ്പോള്‍ എന്റെ ചോദ്യത്തിന് കാത്തു നില്‍ക്കാതെ അവര്‍ പറയും. നാട്ടിലായിരുന്നു. അടുത്ത ചോദ്യത്തിന് അവസരം തരാതെ അവര്‍ റോഡിന്റെ മറുവശത്തേക്ക് മിഴിയൂന്നും. കഴിഞ്ഞ കുറെ നാളുകളായി അവരുടെ പ്രസരിപ്പ് മങ്ങിത്തുടങ്ങിയിരുന്നു. രണ്ടു മാസങ്ങള്‍ക്കുമുന്‍പാണ് അവര്‍ അവസാനമായി അപ്രത്യക്ഷയായത്. പിന്നീട് മടങ്ങിയെത്തിയപ്പോള്‍ അവര്‍ കൂടുതല്‍ പരീക്ഷീണയായിരുന്നു. പ്രസരിപ്പ് വല്ലാതെ മങ്ങി. കൈകളിലേയും കഴുത്തിലേയും മാംസങ്ങള്‍ തൂങ്ങി. കൂനു കൂടി. നേരെ നില്‍ക്കാന്‍ വിഷമിക്കുന്നതുപോലെ ഉണ്ടായിരുന്നു. പലപ്പോഴും കൈത്തലം കാല്‍മുട്ടില്‍ താങ്ങായി വെച്ചു. ചിലപ്പോള്‍ കടത്തിണ്ണയിലെ ചവിട്ടില്‍ കുത്തിയിരുന്നു. സദാ വൃത്തിയാക്കി വെച്ചിരുന്ന അവരുടെ വിരലുകള്‍ വല്ലാതെ വെടിച്ച് മുഷിഞ്ഞു.

വയ്യ മോനെ. അവര്‍ പറഞ്ഞു. ലോട്ടറി വാങ്ങുമ്പോള്‍ ബാക്കി തരാനായി അവര്‍ വിഷമിച്ചു. മുഷിഞ്ഞ പെഴ്‌സിലെ നോട്ടുകള്‍ എത്രയുടേതെന്ന് തിരിച്ചറിയാന്‍ പോലും അവര്‍ക്ക് സാധിക്കാത്തതു പോലെ. പത്ത്, ഇത് ഇരുപത്… ഞാന്‍ പറഞ്ഞുകൊടുത്തു. തീരെ വയ്യാതായി. കാഴ്ച മങ്ങി. കൂടുതല്‍ നേരം നില്‍ക്കാന്‍ വയ്യ. പുറം വേദന. അന്നാദ്യമായിട്ടാണവരുടെ വിഷമതകള്‍ വാക്കായി പുറത്തുവരുന്നത്.

ഓപ്പറേഷന്‍ വേണമെന്നാണ് പറയുന്നത്. കണ്ണിന്. കാഴ്ച തീരെ ഇല്ല. ബാക്കി തെറ്റികൊടുക്കും. ചിലരൊക്കെ അമ്പത് തന്നിട്ട് നൂറു തന്നുവെന്ന് പറയും. വിറ്റു തീര്‍ന്നുചെല്ലുമ്പോള്‍ കണക്ക് ഒക്കാതെ… അവര്‍ പാതിവഴിയില്‍ നിര്‍ത്തി. ആ കണ്ണുകളില്‍ ജലം വറ്റിയിരുന്നു. ഒരുപാട് മഴ പെയ്ത ദിവസമായിട്ടും അവര്‍ വിയര്‍ക്കുന്നുണ്ടായിരുന്നു.

കണ്ണ് ഓപ്പറേഷന്‍ വലിയ ചിലവൊന്നും ഇല്ല. ഞാന്‍ പറഞ്ഞു. ഇരുന്നൂറു രൂപയില്‍ താഴെയുണ്ടെങ്കില്‍ നമ്മുടെ ജനറല്‍ ആശുപത്രിയില്‍ ചെയ്യാനാവും. ഡോക്ടര്‍മാരെ എനിക്ക് പരിചയമുണ്ട്. വിളിച്ചു പറയാം. മാധ്യമപ്രവര്‍ത്തകന്റെ പതിവു പൊങ്ങച്ചത്തോടെയുള്ള എന്റെ വാക്കുകള്‍ക്ക് മേലെ കനം വെച്ച അവരുടെ മറുപടി വന്നുവീണു.

ഇരുന്നൂറിന് ഇരുന്നൂറ് തന്നെ വേണ്ടേ? എല്ലാ ദിവസവും ടിക്കറ്റ് വിറ്റാലേ പറ്റൂ. ഓപ്പറേഷന്‍ ചെയ്ത് മാറിയിരിക്കാനൊന്നും ആവില്ല. പിന്നെ കാഴ്ചയില്ലാത്ത എത്രപേരാണ് ടിക്കറ്റ് വിറ്റ് കഴിയുന്നത്. അവര്‍ മൗനത്തിലേക്ക് പാളി. താന്‍ കാഴ്ചയില്ലായ്കയിലേക്ക് പതിക്കുകയാണെന്ന് സ്വയം അവര്‍ ഉള്‍ക്കൊണ്ടു കഴിഞ്ഞതുപോലെ. ടിക്കറ്റ് വാങ്ങി പെഴ്‌സില്‍ വെയ്ക്കവെ തൊട്ടു തലേദിവസം കൂട്ടുകാരുമായി മദ്യപിച്ചതിന്റെ ബില്ല് എങ്ങനെയോ അതില്‍ കയറിക്കൂടിയത് ഞാന്‍ കണ്ടു. ആ പണം ഉണ്ടായിരുന്നുവെങ്കില്‍ എത്രയോ ദിവസങ്ങള്‍ ഈ അമ്മയുടെ ആവശ്യങ്ങള്‍ നടക്കുമായിരുന്നു.

ഓഫീസില്‍ നിന്നു മടങ്ങുമ്പോള്‍ അവര്‍ നിന്നയിടം ഇരുള്‍ മൂടിയിരുന്നു. വഴിവിളക്ക് പണിമുടക്കി. അമ്മയില്ലാതായിട്ട് പത്തു വര്‍ഷങ്ങളായി. ഓണവും അതോടെ നിലച്ചുവെന്ന് പറയാം. നാടും വീടും അന്യമായതുപോലെ. ഇക്കുറി വഴിവക്കിലെ അമ്മയ്ക്ക് ഓണക്കോടി വാങ്ങിക്കൊടുക്കണമെന്നും അവര്‍ സമ്മതിച്ചാല്‍ അവര്‍ക്കൊപ്പം ഓണമുണ്ണണമെന്നും ഞാന്‍ മനസ്സില്‍ കരുതി. അക്കാര്യം ഭാര്യയോട് പറയുകയും ചെയ്തു.

പക്ഷെ ഇടയ്ക്കിടെ സംഭവിക്കാറുള്ളതുപോലെ പതിവു വഴിവക്കില്‍ അവരെ കാണാതായി. രണ്ടാഴ്ച മുന്‍പ് എറണാകുളത്തപ്പന്‍ അമ്പലത്തിന്റെ നടയില്‍ കണ്ടതാണ്. എവിടേയ്ക്കാണ് അവര്‍ പോയത്? നെയ്യാറ്റിന്‍കരയിലേക്കോ? അതല്ല, നഗരപ്രാന്തത്തില്‍ അവര്‍ താമസിക്കുന്ന ഇടത്തുതന്നെയുണ്ടാകുമോ? അതെവിടെയെന്നുപോലും കൃത്യമായി അറിയില്ല. വയ്യാതായി ഏതെങ്കിലും ആശുപത്രിയിലായിട്ടുണ്ടാകുമോ? ആരാണവരെ നോക്കാന്‍? ആരൊക്കെയാണ് അവര്‍ക്കുള്ളത്? ഒന്നും ചോദിക്കാനുള്ള അവസരം ആ അമ്മ നല്‍കിയിട്ടില്ല. അവരുടെ പേരുപോലും അറിയില്ല. ജീവിക്കാനുള്ള തത്രപ്പാടില്‍ ഊരും പേരുമൊക്കെ അവര്‍ക്കു ഒരുവേള അര്‍ഥശൂന്യമായി തീര്‍ന്നിട്ടുണ്ടാകാം-ആധാറും ആധാരവും യുഐഡിയും ഒന്നുമില്ലാത്തവര്‍.

ഓണം എത്തി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി അവര്‍ നില്‍ക്കാനിടയുള്ള ഇടങ്ങളിലൊക്കെ അരിച്ചുപെറുക്കി. പക്ഷെ കണ്ടെത്താനായില്ല. രണ്ടാം പ്രളയവും മലയാളിയുടെ ആഘോഷഭാവങ്ങളിലൊന്നും കുറവ് വരുത്തിയതായി തോന്നുന്നില്ല. ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ സര്‍ക്കാര്‍ വക ഓണാഘോഷം തിമിര്‍ക്കുകയാണ്. സിനിമ താരത്തിന്റെ നൃത്തം. മലയാളിയുടെ സ്വത്വവും പ്രതിരോധവും ഒക്കെയാണത്രെ പ്രമേയം. വെയില്‍ കനക്കുമ്പോള്‍ ലോട്ടറി വില്‍ക്കുന്ന അമ്മ തെല്ലുനേരം ഇളവാറ്റുന്ന ഇടമാണ് ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ ഓപ്പണ്‍ തീയറ്റര്‍. ആ തട്ടിലാണ് ആ നര്‍ത്തകിയുടെ ഭാവവൈവശ്യങ്ങള്‍. മൂടുപൊട്ടിയ ചെരുപ്പിട്ട്, ക്ലേശകാണ്ഡത്തിന്റെ മാറാപ്പുമായി ആ അമ്മ ചാരിയിരിക്കാറുള്ള തട്ടില്‍, അവരുടെ കാലില്‍ പതിഞ്ഞ ധൂളികളും വിരല്‍ത്തുമ്പിലെ വിയര്‍പ്പുകണങ്ങളും ആരാലും തിരിച്ചറിയപ്പെടാതെ അദൃശ്യമായി കിടക്കുന്ന ഇടത്ത് ലാസ്യവിലാസ വിരഹ പ്രമത്തയായ് അവര്‍ ആടുകയാണ്. ചാഞ്ഞും ചരിഞ്ഞും അത് നോക്കി ആമോദത്തോടെ കൈയടിക്കുന്ന ജനക്കൂട്ടം. അതിനിടെ എല്ലാത്തിനും നടുനായകത്വം വഹിച്ച് സര്‍ക്കാര്‍ ഓഫീസറായ എന്റെ പഴയ സഹപ്രവര്‍ത്തകന്‍. വിപ്ലവകാരി. അദ്ദേഹത്തിന്റെ ജോലി അതാകുന്നു. നൃത്തം റിപ്പോര്‍ട്ട് ചെയ്യാന്‍ ചുമതലപ്പെട്ട ലേഖകനേയും അവിടെ കണ്ടു. നൃത്തം ആരംഭിക്കുന്നതിനു മുന്‍പേ അനുപപമായ നടനവൈഭവം എന്ന തലക്കെട്ടിട്ട് വാര്‍ത്തയും സബ്മിറ്റ് ചെയ്തുവന്ന വിദ്വാനും ആമോദത്തിന് കോപ്പുകൂട്ടുകയാണ്. എല്ലാവരും അവരവരുടെ വേഷങ്ങള്‍ ആടുകയാണ്. ആട്ടത്തിന്റെ കേമത്തം അനുസരിച്ച് ഫലവും പ്രതിഫലവും.

ഇത്തരം ആട്ടങ്ങള്‍ക്കൊന്നും സ്‌കോപ്പില്ലാത്ത നൃത്തത്തിന്റെ ലാസ്യവിലാസ പ്രഹര്‍ഷങ്ങള്‍ ഏറ്റുവാങ്ങാന്‍ വിധിക്കപ്പെടാത്തവര്‍ അതേ ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിന്റെ പലകോണുകളിലായി കിടന്നുറങ്ങുന്നുണ്ടായിരുന്നു. നര്‍ത്തനം കണ്ട് ജനക്കൂട്ടം ആനന്ദാതിരേകത്താല്‍ ആര്‍പ്പുവിളിയ്ക്കുന്നത് അവര്‍ അറിയുന്നുണ്ടാവണമെന്നില്ല. തെല്ല് മുന്‍പ് കൊടിവെച്ച കാറിലെത്തി ആഘോഷം ഉദ്ഘാടനം ചെയ്തുപോയവര്‍ ഉത്സവകാലത്തിന്റെ രാഷ്ട്രീയ ഉള്ളടക്കത്തെ പറഞ്ഞതും അവര്‍ക്ക് മനസ്സിലാവണമെന്നില്ല. വയറിനുമേലെ ചൂളം കുത്തി നില്‍ക്കുന്ന വിശപ്പ് ആ കര്‍ണ്ണങ്ങളെ ബാധിര്യത്താല്‍ നിറച്ചിരിക്കാം. കാഴ്ചകളെ മറച്ചിരിക്കാം.
ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടില്‍ ഇടം കിട്ടാത്തവര്‍ ആരവങ്ങള്‍ കഴിഞ്ഞ് കടകളുടെ ഷട്ടറുകള്‍ താഴ്ത്തുന്നതിനായി കാത്തുനില്‍ക്കുന്നുണ്ട്, തങ്ങളുടെ പായകള്‍ നിവര്‍ത്താനായി. ചലച്ചിത്രകാരിയുടെ പാട്ടിനും ആട്ടത്തിനുമായി സര്‍ക്കാര്‍ ചെലവിട്ട പണം ഒരു രജിസ്ട്രിയിലും പെടാത്ത ഇവരുടെ കാഞ്ഞ വയറുകള്‍ക്കുമേലെ നര്‍ത്തനം ചെയ്യുന്നുണ്ട്. അവരെ സന്തുഷ്ടരാക്കാന്‍ പട്ടിണിയുടെ ആട്ടവും പാട്ടുമുണ്ട്. കിട്ടാത്ത സൗജന്യ റേഷനുകളുണ്ട്. വഴിവക്കിലെ കടത്തിണ്ണകളും ദര്‍ബാര്‍ ഹാള്‍ ഗ്രൗണ്ടിലെ വെള്ളം കെട്ടിനില്‍ക്കുന്ന അരമതിലുകളുമുണ്ട്. ഓണ നാളില്‍ അവര്‍ ഊണുകഴിച്ചോയെന്ന് അന്വേഷിക്കാന്‍ ആരുമെത്തില്ലെങ്കിലും തിരുവോണ സദ്യയുണ്ട് നാലും കൂട്ടി മുറിക്കിത്തുപ്പി ഒന്നുറങ്ങിയശേഷം കുടുംബവുമായി നഗരത്തിലെത്തുന്നവരെ സന്തോഷിപ്പിക്കാന്‍ സര്‍ക്കാര്‍ എല്ലാം കരുതിയിട്ടുണ്ട്. പാട്ട്, നൃത്തം… വാരാഘോഷം പൊടിപൊടിക്കുകണ്.

എവിടെയായിരിക്കും വഴിവക്കില്‍ നിന്നും ഞാന്‍ കണ്ടെത്തിയ ആ അമ്മ? ഓണമുണ്ണാന്‍ അവരുടെ പക്കല്‍ എന്തെങ്കിലും ഉണ്ടാകുമോ? അതോ അവര്‍ ഭയപ്പെട്ടതുപോലെ കാഴ്ച തീരെ നഷ്ടമായി പുറത്തിറങ്ങാനാവാതെ ആയിട്ടുണ്ടോ? എല്ലായിടത്തും തിരഞ്ഞിട്ടും കണ്ടെത്താത്ത വഴിവക്കിലെ അമ്മയെ കുറിച്ച് ഓര്‍ത്തിരിക്കെ എന്റെ ഭാര്യയും തിരക്കിട്ട് ഓണസദ്യയ്ക്ക് കോപ്പുകൂട്ടുന്നതറിയുന്നു. ഇത്രയൊക്കെ ധര്‍മ്മവ്യസനം കൊള്ളുന്ന ഞാനും വിസ്തരിച്ച് സദ്യ ഉണ്ണുക തന്നെ ചെയ്യും. മറ്റുപലരേയും പോലെ ഞാനും തികഞ്ഞ കൈയ്യടക്കത്തോടെ നടിക്കുക തന്നെയാണ്. സഹജാതരുടെ പ്രാരബ്ദങ്ങള്‍ കാണാതെ അവര്‍ക്കുകൂടി അവകാശപ്പെട്ട പത്തായം പെറുക്കുന്ന മലയാളിയായി.

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍