UPDATES

ട്രെന്‍ഡിങ്ങ്

കോണ്‍ഗ്രസ്സിനെ രക്ഷിക്കാന്‍ കുഞ്ഞൂഞ്ഞ് വരുന്നു!

കെ പി സി സിയിൽ ഒരു ഇളക്കി പ്രതിഷ്ഠ ഉടന്‍?

കെ എ ആന്റണി

കെ എ ആന്റണി

ഇടഞ്ഞു നിൽക്കുന്ന ഉമ്മൻ ചാണ്ടിയെ കേരളാ പ്രദേശ് കോൺഗ്രസ്സ് കമ്മിറ്റിയുടെ തലപ്പത്തു പ്രതിഷ്ഠിച്ചു കോൺഗ്രസിനെയും യു ഡി എഫിനെയും ശക്തിപ്പെടുത്താനുള്ള അണിയറ നീക്കങ്ങൾ നടക്കുന്നുവെന്നാണ് കോൺഗ്രസ്സ് വൃത്തങ്ങളിൽ നിന്നുള്ള ഏറ്റവും പുതിയ വാർത്ത. സംഘടനാ തിരഞ്ഞെടുപ്പിലൂടെയല്ലാതെ കെ പി സി സി അധ്യക്ഷ സ്ഥാനത്തേക്കില്ലെന്ന വാശി ഉമ്മൻ ചാണ്ടി ഉപേക്ഷിക്കുമോ അതോ ഉടൻ തന്നെ തിരഞ്ഞെടുപ്പ് നടത്തി ചാണ്ടിയെ അധ്യക്ഷ സ്ഥാനത്തു പ്രതിഷ്ഠിക്കുമോ  എന്നേ അറിയേണ്ടതുള്ളൂ.

കുഞ്ഞൂഞ്ഞ്, കുഞ്ഞു മാണി, കുഞ്ഞാലിക്കുട്ടി. രണ്ടു പതിറ്റാണ്ടിലേറെയായി യു ഡി എഫിന്റെ ഭാഗഥേയം നിർണയിച്ചു പോന്നിരുന്നത് ഈ ത്രയം ആയിരുന്നു. ഇക്കഴിഞ്ഞ നിയമ സഭ തിരഞ്ഞെടുപ്പ് പരാജയത്തോടെ പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞ് എന്ന ഉമ്മൻ ചാണ്ടി ഉൾവലിഞ്ഞു. കോൺഗ്രസ്സുകാർ ഗൂഡാലോചന നടത്തി തന്നെ ബാർ കോഴക്കേസിൽ പെടുത്തി അപമാനിച്ചു എന്നാക്ഷേപിച്ചു പാലാക്കാരുടെ കുഞ്ഞുമാണി എന്ന കെ എം മാണി താൻ കൂടി മുൻകൈ എടുത്തു രൂപം നൽകിയ യു ഡി എഫ് വിട്ടു. അധികം വൈകാതെ തന്നെ മലപ്പുറംകാരുടെ കുഞ്ഞാപ്പ എന്ന പാണ്ടിക്കടവത്തു കുഞ്ഞാലികുട്ടി ഡൽഹിയിലേക്ക് പറന്നു. ഇതോടെ കേരളത്തിലെ യു ഡി എഫ് ഒരു നാഥനില്ലാ കളരി ആയി മാറിയെന്നാണ് പൊതു വിലയിരുത്തൽ. ഇത്തരം വിലയിരുത്തലുകളൊന്നും ശരിയല്ലായെന്നു കോൺഗ്രസ്സിലെ ‘ഐ’ വിഭാഗത്തിലെ ഒരു വിഭാഗം പറയുന്നുണ്ടെങ്കിലും കാര്യങ്ങളുടെ കിടപ്പ് അവർ പറയുന്നതുപോലെയല്ലെന്നാണ് ഹൈകമാണ്ടും കരുതുന്നത്. എ കെ ആന്റണിയും ഇതേ വികാരം തന്നെ പങ്കുവെക്കുന്നു എന്നാണ് വിവരം. ആ നിലക്ക് കെ പി സി സിയിൽ ഒരു ഇളക്കി പ്രതിഷ്ഠ ഉടനെ ഉണ്ടായിക്കൂടെന്നില്ല.

കോൺഗ്രസ്സിലെ രാഷ്ട്രീയ ചാണക്യൻ ആയിരുന്ന ലീഡർ കെ കരുണാകരനെ മുട്ടുകുത്തിച്ച സൂത്രശാലിയാണ് പുതുപ്പള്ളിക്കാരൻ കുഞ്ഞൂഞ്ഞ്. കരുണാകരനെതിരെയുള്ള പോരാട്ടത്തിൽ കുഞ്ഞൂഞ്ഞ് കൂട്ടുപിടിച്ചതാവട്ടെ കേരളാ ഗാന്ധി എ കെ ആന്റണിയെ. അവസരം ഒത്തുവന്നപ്പോൾ കുഞ്ഞൂഞ്ഞ് ആന്റണിയെയും സമർഥമായി ഒതുക്കി എന്നത് മറ്റൊരു കാര്യം. വാസ്തവം ഇതൊക്കെയാണെങ്കിലും അനുദിനം ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന കേരളത്തിലെ കോൺഗ്രസിനെയും യു ഡി എഫിനെയും കരകയറ്റാൻ കുഞ്ഞൂഞ്ഞിന് മാത്രമേ കഴിയു എന്ന നിഗമനത്തിലേക്ക് തന്നെയാണ് കോൺഗ്രസ്സ് കേന്ദ്ര നേതൃത്വം എത്തിയിരിക്കുന്നത്. നേതൃ നിരയിലേക്ക് മടങ്ങിവരാൻ കുഞ്ഞൂഞ്ഞും മനസ്സാൽ ആഗ്രഹിക്കുന്നുണ്ടെന്നത് നൂറു തരം. വി എം സുധീരൻ കെ പി സി സി പ്രസിഡണ്ട് ആയിരുന്ന വേളയിൽ കരുണാകര പുത്രൻ കെ മുരളീധരനെ കൊണ്ട് സുധീരനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കുമെതിരെ പരസ്യ പ്രസ്താവന നടത്തിച്ചത് തന്നെ ഇതിനു തെളിവാണ്.

പിണറായി സർക്കാരിന്റെ വീഴ്ചകൾ തുറന്നു കാണിക്കാനോ അവക്കെതിരെ ശക്തമായ പ്രക്ഷോഭം ഉയർത്തികൊണ്ടുവരാനോ നിലവിലുള്ള നേതൃത്വത്തിന് കഴിയുന്നില്ല എന്നതാണ് കുഞ്ഞൂഞ്ഞിന് അനുകൂലമായി മാറുന്ന പ്രധാന ഘടകം. അടുത്ത ലോകസഭ തിരാഞ്ഞെടുപ്പിനു മുൻപായി കേരളത്തിൽ നിന്നും രണ്ടോ മൂന്നോ കോൺഗ്രസ്സ് നേതാക്കളെ ബി ജെ പി യിൽ എത്തിക്കുന്നതിനുവേണ്ടി അമിത് ഷാ നടത്തിവരുന്ന ശ്രമങ്ങളും കോൺഗ്രസ്സ് കേന്ദ്ര നേതൃത്വത്തെയും യു ഡി എഫ് ഘടക കക്ഷികളെയും (പ്രത്യേകിച്ച് മുസ്ലിം ലീഗിനെ) വല്ലാതെ ഭയപ്പെടുത്തുണ്ട്. ഇതിനിടയിലാണ് എം പി വീരേന്ദ്ര കുമാർ നയിക്കുന്ന കേരളത്തിലെ ജെ ഡി യുവിലും ചന്ദ്രചൂഡന്റെ ആർ എസ് പി യിലും വീണ്ടും ഒരു ഇടത്തോട്ട് ചായ്‌വിന്റെ സൂചനകൾ രൂപപ്പെട്ടിരിക്കുന്നത്. ഈ ഘടക കക്ഷികളുടെ കൊഴിഞ്ഞുപോക്കിനു തടയിടുക മാത്രമല്ല കൊഴിഞ്ഞു പോയ മാണി പാർട്ടിയെ ലോകസഭ തിരഞ്ഞെടുപ്പിന് മുൻപായി എങ്ങിനെയെങ്കിലും യു ഡി എഫിൽ തിരിച്ചെത്തിക്കുക എന്നതും കോൺഗ്രസ്സ് കേന്ദ്ര നേതൃത്വത്തിന്റെ സജീവ പരിഗണയിലുണ്ട്. ഇതിനൊക്കെ ചുക്കാൻ പിടിക്കാൻ ഏറ്റവും അനുയോജ്യൻ കുഞ്ഞൂഞ്ഞ് തന്നെ എന്ന ചിന്തയാവണം പുതിയ നീക്കത്തിന് പിന്നിൽ എന്ന് തന്നെ കരുതേണ്ടിയിരിക്കുന്നു.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍