UPDATES

എസ് ബിനീഷ് പണിക്കര്‍

കാഴ്ചപ്പാട്

അകവും പുറവും

എസ് ബിനീഷ് പണിക്കര്‍

ട്രെന്‍ഡിങ്ങ്

പാലായില്‍ കെ.എം മാണിക്ക് ലഭിക്കാത്ത കോണ്‍ഗ്രസ് വോട്ടുകള്‍

പാല നിലനിര്‍ത്തുക എന്നത് ജോസ് കെ. മാണിയെ സംബന്ധിച്ചിടത്തോളം അത്യന്തം നിര്‍ണായകമാണ്.

പാലാ നിയമസഭാ മണ്ഡലത്തിന്റെ ചരിത്രത്തില്‍ ഇതാദ്യമായിട്ടാണ് കരിങ്ങോഴിക്കല്‍ കുടുംബാംഗമില്ലാത്ത തെരഞ്ഞെടുപ്പ്. ഇതുവരെ എല്ലാ തെരഞ്ഞെടുപ്പിലും പാലായുടെ വസന്താരാമത്തില്‍ കെ.എം. മാണിയുണ്ടായിരുന്നു. മാണിയുടെ നിര്യാണത്തെ തുടര്‍ന്നുണ്ടായ ഉപതെരഞ്ഞെടുപ്പില്‍ പലരും കണക്കുകൂട്ടിയിരുന്നതുപോലെ അദ്ദേഹത്തിന്റെ മകനും രാജ്യസഭാംഗവുമായ ജോസ് കെ. മാണിയുടെ ഭാര്യ നിഷ മത്സരിക്കുന്നില്ല. ജോസും ജോസഫും തമ്മിലുള്ള ചക്കളത്തിപ്പോരിനൊടുവില്‍ മാധ്യമങ്ങള്‍ സജീവമായി ചര്‍ച്ച ചെയ്ത നിഷയുടെ സ്ഥാനത്ത് മാണിയുടെ വത്സലശിഷ്യന്‍ ജോസ് ടോം പുലിക്കുന്നേല്‍ സ്ഥാനാര്‍ഥിയായി.
ജോസഫിന്റെ നിര്‍ബന്ധബുദ്ധി ഒടുവില്‍ ഫലം കണ്ടുവെന്ന് ചിലര്‍. അതല്ല ജോസ് കെ. മാണി തന്ത്രപരമായ നിലപാടിലൂടെ കുടുംബാംഗമെന്ന പേര് ഒഴിവാക്കിയെടുത്തെന്ന് മറ്റു ചിലര്‍. ചര്‍ച്ചക്കാര്‍ തങ്ങളുടെ കൂറ് അനുസരിച്ച് ഓരോ തരത്തില്‍ വ്യാഖ്യാനങ്ങള്‍ ചമച്ചു. ഇത്തരം രാഷ്ട്രീയ മത്സരങ്ങള്‍ക്കിടയില്‍ സാധാരണ ഗതിയില്‍ അവസാനം വരെ നിര്‍ബന്ധബുദ്ധി കാണിക്കുകയും പിന്നീട് തനിക്ക് ഹിതകരമല്ലാത്തതിനു കീഴ്‌പ്പെടുകയും ചെയ്യാറുള്ള പി.ജെ ജോസഫിന് ഒടുവില്‍ വിജയം കാണാനായെന്ന് ഇക്കുറിയെങ്കിലും ആശ്വസിക്കാമെന്ന് നിക്ഷ്പക്ഷരുടെ മുഖാവരണം അണിഞ്ഞ മറ്റുചിലര്‍.

മാണിയും ജോസഫും ഒന്നായതിനുശേഷം ഇത്തരം ഒട്ടേറെ മത്സരങ്ങള്‍ പാര്‍ട്ടിക്കകത്ത് ഉണ്ടായിട്ടുണ്ട്. കെ.എം മാണിയുടെ ജീവിതകാലത്ത് ഉണ്ടായ ഇത്തരം പോരുകളില്‍ മിക്കവയിലും വിജയം ചാണക്യതന്ത്രങ്ങളില്‍ പകരക്കാരില്ലാത്ത കെ.എം മാണിക്ക് തന്നെയായിരുന്നു. അതുകൊണ്ടു തന്നെ ആശ്വാസ വിജയത്തിന്റെ മുഖശോഭ ഇത്തവണ ജോസഫ് പക്ഷത്ത് കാണാം. ഇതൊന്നുമല്ല സംഭവിച്ചതെന്ന മട്ടിലുള്ള കോണ്‍ഗ്രസ് നേതാക്കളുടെ വാക്കുകള്‍ അര്‍ഥഗര്‍ഭം. തങ്ങള്‍ നേരത്തെ എല്ലാം കണക്കുകൂട്ടിവെച്ചു എന്ന മട്ടിലാണ് അവരില്‍ പലരുടേയും പ്രതികരണങ്ങള്‍. കണക്കുകൂട്ടിയാല്‍ ഇത്രയും വലിഞ്ഞിഴയുമോയെന്ന് സാമാന്യയുക്തിയും ശേഷിക്കുന്നു.

അതെന്തായാലും, കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനകത്തെ കണക്കുകൂട്ടലുകള്‍ എന്തെന്നറിയാനായി സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന്റെ പിന്നാലെ ഒരു മുതിര്‍ന്ന നേതാവുമായി സംസാരിച്ചു. അദ്ദേഹത്തിന്റെ പ്രതീക്ഷയുടെ കണക്കു പുസ്തകത്തില്‍ പാലായുടെ പാരമ്പര്യം മുതല്‍ സംസ്ഥാനത്തെ രാഷ്ട്രീയ സ്ഥിതി വരെ ഏറെ കാര്യങ്ങള്‍. അതില്‍ അദ്ദേഹം കൂടുതല്‍ ഊന്നിയത് കെ.എം മാണി ജീവിച്ചിരിക്കെ അദ്ദേഹത്തിന് ചെയ്യപ്പെടാതെ പോവാറുള്ള കോണ്‍ഗ്രസ് വോട്ടുകളിലായിരുന്നു എന്നതാണ് കൗതുകം. ഏറ്റവും കുറഞ്ഞത് 6500 വോട്ടുകളെങ്കിലും പാലാ നിയോജക മണ്ഡലത്തില്‍ കെ.എം മാണിക്ക് കാലങ്ങളായി ചെയ്യാതെ പോകുന്ന കോണ്‍ഗ്രസ് വോട്ടുകളുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്. ആ വോട്ടെല്ലാം ഇക്കുറി തങ്ങള്‍ക്കു കിട്ടും. നിയമസഭയിലേക്കും പാര്‍ലമെന്റിലേക്കും ഒരേ സമയം തെരഞ്ഞെടുപ്പ് നടന്ന സമയത്തെ കണക്ക് വെച്ചാണ് 6500 വോട്ടുകളെങ്കിലും ഇത്തരത്തില്‍ കെ.എം മാണിക്ക് ലഭിക്കാത്ത കോണ്‍ഗ്രസ് വോട്ടുകളുണ്ടെന്ന് മനസ്സിലാക്കിയതെന്നും അദ്ദേഹം പറയുന്നു. പില്‍ക്കാലത്ത് കോണ്‍ഗ്രസ് -കേരള കോണ്‍ഗ്രസ് ബന്ധത്തില്‍ വര്‍ധിച്ചുവന്ന തരക്കേടുകള്‍ കണക്കാക്കിയാല്‍ കോണ്‍ഗ്രസ് വോട്ടുകളിലെ ചോര്‍ച്ചയുടെ ആധിക്യം വര്‍ധിച്ചിട്ടുണ്ടാവണം. എല്ലാ തെരഞ്ഞെടുപ്പുകളിലും കോണ്‍ഗ്രസില്‍ നിന്നും ലഭിക്കാതെ പോകുന്ന വോട്ടുകളുടെ അപര്യാപ്തത പരിഹരിക്കാനുള്ള തന്ത്രങ്ങള്‍ കേരള കോണ്‍ഗ്രസുകാര്‍ മെനഞ്ഞിരുന്നു. അത്തരം കരുനീക്കങ്ങളുടെ അമരത്തിരിക്കാന്‍ കെ.എം മാണി അന്നുണ്ടായിരുന്നുവെന്നത് മറ്റൊരു യാഥാര്‍ഥ്യം.

Also Read: കേരള കോണ്‍ഗ്രസില്‍ ‘ഒരു രൂപ അംഗത്വം പോലും ഇല്ലാതിരുന്ന’ മാണിയെങ്ങനെ 1965ല്‍ പാലായില്‍ മത്സരിച്ചു?

ഇക്കുറി കെ.എം മാണിക്ക് ലഭിക്കാത്ത കോണ്‍ഗ്രസ് വോട്ടുകള്‍ പോലുള്ള തലവേദനകളൊന്നും ഉണ്ടാകില്ലെന്നാണ് കേരള കോണ്‍ഗ്രസ് കണക്കുകൂട്ടല്‍. കെ.എം മാണിയുടെ നിര്യാണത്തെ തുടര്‍ന്ന് അദ്ദേഹത്തോട് കാലങ്ങളായി മമത പുലര്‍ത്താതിരുന്നവരുടെ സമീപനത്തില്‍ മാറ്റം വന്നുവെന്ന് അവര്‍ കരുതുന്നു. ആസന്നമായ ഉപതെരഞ്ഞെടുപ്പുകളില്‍ ആദ്യത്തേതായ പാലാ നിലനിര്‍ത്തി വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ കൂടുതല്‍ ഊര്‍ജ്ജം പകരാന്‍ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് നിലയുറപ്പിച്ചിരിക്കുന്നത്. ശ്രദ്ധാപൂര്‍വം പ്രവര്‍ത്തിച്ചാല്‍ അത് വിഷമകരമാവില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം കണക്ക് കൂട്ടുന്നുണ്ട്. താഴേത്തട്ട്‌ മുതല്‍ അത് ലക്ഷ്യമിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ അവര്‍ ആസൂത്രണം ചെയ്ത് മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കിയിട്ടുമുണ്ട്.

കെ.എം മാണിക്ക് കാലങ്ങളായി കിട്ടാത്താ കോണ്‍ഗ്രസ് വോട്ടുകള്‍ ഇത്തവണ മടങ്ങിവരും. പരമ്പരാഗതമായി ലഭിക്കുന്ന വോട്ടുകള്‍ നിലനില്‍ക്കും. പിന്നെ കെ.എം മാണിയുടെ ചരമാനന്തരം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന് അനുകൂലമായി പ്രതിഫലിക്കപ്പെടുന്ന വികാരം… ഇത്തരം ഘടകങ്ങളൊക്കെ കണക്കിലെടുത്താല്‍ പാലായില്‍ വിജയം ആവര്‍ത്തിക്കും. കഴിഞ്ഞ വട്ടം സംഭവിച്ചതുപോലെ കേവലം 4703 വോട്ടുകള്‍ക്ക് കടന്നുകയറുകയൊന്നുമല്ല, മികച്ച വിജയം തന്നെ തങ്ങളെ കാത്തിരിക്കുന്നുവെന്നും ജോസ് ക്യാമ്പ് പ്രതീക്ഷ പുലര്‍ത്തുന്നു. പി.ജെ ജോസഫ് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ തികച്ചും സാങ്കേതികമായവ മാത്രമെന്നും പാലായിലെ ജനങ്ങളുടെ മനസ്സില്‍ അദ്ദേഹത്തിന് കാര്യമായ വേരോട്ടമൊന്നുമില്ലെന്നും ജോസ് വിഭാഗം പറയുന്നതില്‍ കാര്യമില്ലാതില്ല. പാര്‍ട്ടി ചിഹ്നം നല്‍കില്ലെന്നും മറ്റുമുള്ള പി.ജെ ജോസഫ് ഉയര്‍ത്തുന്ന പ്രശ്‌നങ്ങള്‍ തലവേദനകള്‍ സൃഷ്ടിക്കുമെങ്കിലും അത് വൈകാതെ പരിഹരിക്കപ്പെടുമെന്നാണ് യുഡിഎഫ് കേന്ദ്രങ്ങള്‍ നല്‍കുന്ന സൂചന.

1965ല്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പാലായില്‍ മത്സരിക്കാനായി പാര്‍ട്ടി ആലോചിച്ചത് ക്രൈസ്തവ ദൈവശാസ്ത്രജ്ഞനും എഴുത്തുകാരനുമായി പില്‍ക്കാലത്ത് അറിയപ്പെട്ട ജോസഫ് പുലിക്കുന്നേലിനെ ആയിരുന്നു. കോണ്‍ഗ്രസ് സിറ്റ് നല്‍കാതിരുന്നതിനെ തുടര്‍ന്ന് ഖിന്നനായി നിന്ന അന്നത്തെ ഡിസിസി സെക്രട്ടറിയായ കെ.എം മാണിയെ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മോഹന്‍ കുളത്തുങ്കലിന്റെ നേതൃത്വത്തില്‍ പാലായില്‍ രംഗത്ത് എത്തിച്ചപ്പോള്‍ ജോസഫ് പുലിക്കുന്നേല്‍ കല്പറ്റയില്‍ സ്ഥാനാര്‍ഥിയായി പോയി. ആ പുലിക്കുന്നേലിന്റെ സഹോദരപുത്രനാണ് ഇപ്പോള്‍ പാലായില്‍ കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്നതെന്നത് ചരിത്രത്തിലെ അപൂര്‍വ നീതിയായി മാറിയെന്നതു മറ്റൊരു കാര്യം. കോഴിക്കോട് ദേവഗിരി കോളജിലെ അധ്യാപകനായിരുന്ന ജോസഫ് പുലിക്കുന്നേല്‍ നേരിയ വോട്ടുകള്‍ക്ക് കല്പറ്റയില്‍ പരാജയപ്പെടുകയും പില്‍ക്കാലത്ത് കേരള കോണ്‍ഗ്രസിന്റെ ഗതിയില്‍ അസന്തുഷ്ടനായി രാഷ്ട്രീയത്തില്‍ നിന്നും മാറി നില്‍ക്കുകയും ഒക്കെ ചെയ്തു.

പുരാവൃത്തങ്ങള്‍ എന്തൊക്കെയായാലും പാല നിലനിര്‍ത്തുക എന്നത് ജോസ് കെ. മാണിയെ സംബന്ധിച്ചിടത്തോളം അത്യന്തം നിര്‍ണായകമാണ്. മണ്ഡലത്തിന്റെ ഗതിയും സംസ്ഥാനത്തെ രാഷ്ട്രീയ സാഹചര്യങ്ങളും ഒക്കെ കണക്കിലെടുത്താല്‍ ഇത് ബാലികേറാമലയാണെന്ന് പറയുകയും വയ്യ.

Read Azhimukkham: ശക്തി കൂട്ടാന്‍ പുതിയ തന്ത്രവുമായി യാക്കോബായ സഭ, മാര്‍ത്തോമാ സഭയും ബിലീവേഴ്‌സ് ഈസ്‌റ്റേണ്‍ സഭയുമായി ലയിക്കാന്‍ ആലോചന, സഭ തര്‍ക്കം വഴിത്തിരിവിലേക്ക്

എസ് ബിനീഷ് പണിക്കര്‍

എസ് ബിനീഷ് പണിക്കര്‍

മാധ്യമ പ്രവര്‍ത്തകന്‍, എഴുത്തുകാരന്‍, കൊച്ചിയില്‍ താമസം

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍