UPDATES

കെ എ ആന്റണി

കാഴ്ചപ്പാട്

Political Column

കെ എ ആന്റണി

ട്രെന്‍ഡിങ്ങ്

‘പാലാ’രിവട്ടം വഴി പാലായിലേക്ക്; വി കെ ഇബ്രാഹിംകുഞ്ഞിന്റെ അറസ്റ്റ് വൈകുന്നതിന് പിന്നില്‍

48 കോടി രൂപയോളം പൊതുഖജനാവിന് നഷ്ടം വരുത്തിവെച്ച ഒരു കുംഭകോണം തിരെഞ്ഞെടുപ്പ് തിരിച്ചടി ഭയന്ന് തികഞ്ഞ ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യാൻ ഉത്തരവാദപ്പെട്ട ഒരു സർക്കാരിന് കഴിയുമോ

കെ എ ആന്റണി

പാലാരിവട്ടം മേൽപ്പാലം നിർമാണത്തിൽ അഴിമതി ആരോപണം നേരിടുന്ന മുൻ പൊതുമരാമത്തു വകുപ്പ് മന്ത്രി വി കെ ഇബ്രാഹിംകുഞ്ഞ് തൽക്കാലം ഒളിവിലാണെന്ന് വേണം കരുതാൻ. പാലം നിർമാണ വേളയിൽ പൊതുമരാമത്തു സെക്രട്ടറി ആയിരുന്ന ടി ഓ സൂരജ് വഴിവിട്ടുള്ള പാലം നിർമാണത്തിന്റെ മുഴുവൻ ഉത്തരവാദിത്വവും തനിക്കുമേൽ ആരോപിച്ചതിനെ തുടര്‍ന്നാണ് ഇബ്രാഹിംകുഞ്ഞ് പൊടുന്നനെ അപ്രത്യക്ഷനായത്. സ്വാഭാവികമായും അറസ്റ്റ് ഒഴിവാക്കുന്നതിന് വേണ്ടി കോടതിയിൽ നിന്നും മുൻ‌കൂർ ജാമ്യം തരപ്പെടുത്താനുള്ള ശ്രമത്തിലായിരിക്കും അദ്ദേഹം. ഇബ്രാഹിംകുഞ്ഞിനെതിരെ കുരുക്കുകൾ മുറുകുകയും തെറ്റുചെയ്തവർ എത്ര ഉന്നതനായിരുന്നാലും ശിക്ഷിക്കപ്പെടുക തന്നെ ചെയ്യുമെന്ന് ഇന്നലെ ഇബ്രാഹിംകുഞ്ഞിന്റെ പേര് പരാമർശിക്കാതെ ആണെങ്കിൽ പോലും പാലായിൽ തിരെഞ്ഞെടുപ്പ് പ്രചാരണത്തിനിടയിൽ മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിക്കുകയും ചെയ്തതോടെ അറസ്റ്റിനുള്ള സാധ്യത പലരും മണത്തതുമാണ്. എന്നാൽ വിശദമായ ചോദ്യം ചെയ്യലിന് ശേഷം മാത്രം മതി അറസ്റ്റെന്ന നിലയിലേക്കാണ് കാര്യങ്ങൾ നീങ്ങുന്നതെന്ന സൂചനയും ശക്തമാണ്. പാലാ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേളയിൽ എടുത്തുചാടി അറസ്റ്റിനു മുതിർന്നാൽ അത് ഒരു പക്ഷെ തിരിച്ചടി ആകുമോ എന്ന ശങ്ക തന്നെ കാരണം. വേങ്ങര ഉപതിരഞ്ഞെടുപ്പ് വേളയിൽ സോളാർ അഴിമതിയും അതുമായി ബന്ധപ്പെട്ട ലൈംഗിക പീഡന ആരോപണവുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കും മറ്റും എതിരെ കേസ് രജിസ്റ്റർ ചെയ്തതിന്റെ ദുരനുഭവവും സർക്കാരിന് മുന്നിലുണ്ട്.

എന്നാൽ 48 കോടി രൂപയോളം പൊതുഖജനാവിന് നഷ്ടം വരുത്തിവെച്ച ഒരു കുംഭകോണം തിരെഞ്ഞെടുപ്പ് തിരിച്ചടി ഭയന്ന് തികഞ്ഞ ലാഘവ ബുദ്ധിയോടെ കൈകാര്യം ചെയ്യാൻ ഉത്തരവാദപ്പെട്ട ഒരു സർക്കാരിന് കഴിയുമോ എന്ന ചോദ്യവും ഉയരുന്നുണ്ട്. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്തു നടന്ന അഴിമതികൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് 2016ൽ എൽ ഡി എഫ് അധികാരത്തിലേറിയത്. സോളാർ, ബാർക്കോഴ, മെത്രാൻ കായൽ നികത്തൽ തുടങ്ങി അന്ന് എൽ ഡി എഫ് ഉന്നയിച്ച ഒരു കേസിലും ആർക്കെങ്കിലും ശിക്ഷ വാങ്ങിക്കൊടുക്കാൻ ഭരണത്തിലേറി മൂന്നുവർഷം പിന്നിട്ടിട്ടും ഈ സർക്കാരിന് കഴിഞ്ഞിട്ടില്ല. അതേസമയം തന്നെ അഴിമതി വിരുദ്ധ പ്രതിച്ഛായയുമായി ഭരണത്തിൽ വന്ന ഈ സർക്കാരിനെതിരെ കരിമണൽ ഖനനത്തിന് സ്വാകാര്യ കമ്പനിയെ ഏല്പിച്ചു, കിയാലിൽ എ ജി യെ ഓഡിറ്റിംഗ് നടത്താൻ അനുവദിക്കുന്നില്ല തുടങ്ങിയ ആരോപണങ്ങൾ പ്രതിപക്ഷം ഉയർത്തുന്നുമുണ്ട്. ഈ സാഹചര്യത്തിൽ പ്രഥമദൃഷ്ട്യാ അഴിമതി ബോധ്യപ്പെട്ടിട്ടുള്ള പാലാരിവട്ടം മേൽപ്പാലത്തിന്റെ കാര്യത്തിലെങ്കിലും കൃത്യവും കർക്കശവുമായ ഒരു നടപടി സർക്കാരിന്റെ ഭാഗത്തു നിന്നും ഉണ്ടായില്ലെങ്കിൽ ഒത്തുതീർപ്പു രാഷ്ട്രീയം എന്ന ദുഷ്പ്പേര് സർക്കാർ ചുമക്കേണ്ടി വരും എന്ന കാര്യത്തിൽ തർക്കമില്ല.

പാലാ കഴിഞ്ഞാൽ അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്ക് കൂടി ഉപതെരഞ്ഞെടുപ്പുകൾ നടക്കേണ്ടതുണ്ട്. തൊട്ടുപിന്നാലെ തന്നെ തദ്ദേശ സ്ഥാപങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും. അവയെ ഒക്കെ ഒത്തുതീർപ്പു രാഷ്ട്രീയത്തിന്റെ ആൾക്കാർ എന്ന ദുഷ്പ്പേരുമായി നേരിടുക എന്നത് തികച്ചും ആത്മഹത്യാപരം തന്നെയായിരിക്കും. പോരെങ്കിൽ കേരള ഹൈക്കോടതി തന്നെ പാലാരിവട്ടം മേൽപ്പാലത്തെ ‘പഞ്ചവടിപ്പാലം’ എന്ന് വിളിച്ചു ആക്ഷേപിച്ചു കഴിഞ്ഞു. ഒരു ആവശ്യവുമില്ലാതെ ദേശീയപാത അതോറിറ്റിയിൽ നിന്നും അങ്ങോട്ട് ചെന്ന് ഏറ്റെടുത്ത മേൽപ്പാലം നിർമാണത്തിലൂടെ പൊതു ഖജനാവിന് 47.7 കോടി രൂപ നഷ്ടം വരുത്തിവെച്ചു എന്നത് മാത്രമല്ല ഇവിടുത്തെ പ്രശ്നം. പൊതുടെൻഡർ വിളിക്കാതെ ആർ ഡി എസ് പ്രോജെക്ടസിനു നിർമാണ പ്രവർത്തി നൽകുകയും പലിശ ഇല്ലാതെ 8.25 കോടി രൂപ അഡ്വാൻസ് ആയി നൽകിയതിലൂടെ നടത്തിയ അഴിമതിയിലും ഒതുങ്ങുന്ന ഒന്നല്ല ഈ പ്രശ്നം. മേൽപ്പാലം പുതുക്കിപ്പണിയാൻ വേണ്ടിവരുന്ന കോടികളും പൊതു ഖജനാവിൽ നിന്ന് തന്നെയാണ് നൽകേണ്ടി വരുന്നതെന്നതും ഒരു വലിയ വിഷയം തന്നെയാണ്. സൂരജ് പറയുന്നത് ശരിയാണെങ്കിൽ എല്ലാ കാര്യങ്ങളും ഇബ്രാഹിം കുഞ്ഞിന്റെ പൂർണ അറിവോടുകൂടി തന്നെയാണ് നടന്നിരിക്കുന്നത്. ഇക്കാര്യം കേസ് അന്വേഷിക്കുന്ന വിജിലൻസിനും ഏതാണ്ട് ബോധ്യപ്പെട്ടിട്ടുണ്ടെന്നാണ് അറിയുന്നത്. അങ്ങനെ വരുമ്പോൾ വിശദമായ ചോദ്യം ചെയ്യലിൽ നിന്നും അറസ്റ്റിൽ നിന്നുമൊന്നും ഒഴിഞ്ഞു നില്‍ക്കാന്‍ ഇബ്രാഹിം കുഞ്ഞിനോ ഒഴിച്ച് നിറുത്താൻ സർക്കാരിനോ യാതൊരു വിധ അവകാശവുമില്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍