അവനവന്റെ വേരുകൾ തപ്പാനുള്ള മനുഷ്യന്റെ അദമ്യവും അതിരൂക്ഷവും, അതിപുരാതനവും ആയ വാഞ്ഛ അവന്റെ ഒരു പ്രത്യേകതയാണ്
പരശുരാമൻ മഴു എറിഞ്ഞു കേരളം ഉണ്ടാക്കിയ കഥ നമുക്കൊക്കെ അറിയാവുന്നതാണല്ലോ. കൂട്ടക്കൊലയ്ക്ക് ശേഷം, ആണ് അദ്ദേഹം അത് ചെയ്തത്. അതോടു കൂടി, ഉണ്ടായ സ്ഥലത്തെ ഒരു കൂട്ടം ആളുകൾക്ക് തീറെഴുതി കൊടുക്കുകയും ചെയ്തു. ഏത് വിഭാഗം ആയിരിക്കും ഈ പുരാണം ഉണ്ടാക്കിയത് എന്ന് നമുക്ക് ഊഹിക്കാവുന്നതേ ഉള്ളു.
പണ്ട് ഞാൻ ജോലി ചെയ്ത സ്ഥലത്ത്, ഒരു രോഗിയെ പരിചയപ്പെട്ടിരുന്നു. ഏതാണ്ട് അറുപത് വയസ്സിനോട് അടുപ്പിച്ച്, അദ്ദേഹത്തിന് പേശികൾക്കിടെ ഒരു കാൻസർ മുഴ വന്ന് ഓപ്പറേറ്റ് ചെയ്തതാണ്. അത് കഴിഞ്ഞു ഒരു പത്തുപതിനഞ്ചു കൊല്ലം ആയിട്ടുണ്ടാകും. അപ്പോഴാണ് ഞാൻ കാണുന്നത്. കാൻസർ രണ്ടാമതും വന്നിട്ടുണ്ട്. ഇപ്പോൾ എല്ലുകളിൽ പല ഭാഗത്തായി ആണ് വന്നിരിക്കുന്നത്. കീമോതെറാപ്പി ചെയ്താൽ കുറെ വർഷങ്ങൾ ജീവിച്ചേക്കാം എന്ന് ഓങ്കോളജിസ്റ്റ് അഭിപ്രായപ്പെട്ടു.
“എന്തിന്? ജീവിതത്തിൽ ഇനി ഒരേ ഒരു ഉദ്ദേശ്യമേയുള്ളു; കുടുംബ ചരിത്രം എഴുതിത്തീർക്കണം. മക്കളുടെ കാര്യങ്ങൾ ഒക്കെ നന്നായി പോകുന്നു. ഇനി ഒരു ഒന്ന് രണ്ടു മാസം കിട്ടിയാൽ അവസാന മിനുക്കും കഴിച്ച്, കുടുംബ ചരിത്രം പുറത്തിറക്കാം.”
ഒരു കോപ്പി എന്റെ സുഹൃത്ത് ഡോക്ടർക്ക് കൊടുത്തു. ഏതാനും മാസങ്ങൾക്കുള്ളിൽ ഈ നല്ല മനുഷ്യൻ സമാധാനമായി മരിക്കുകയും ചെയ്തു.
ഞാൻ പറഞ്ഞു വന്നത് എന്താണെന്ന് വച്ചാൽ, അവനവന്റെ വേരുകൾ തപ്പാനുള്ള മനുഷ്യന്റെ അദമ്യവും അതിരൂക്ഷവും, അതിപുരാതനവും ആയ വാഞ്ഛ അവന്റെ ഒരു പ്രത്യേകത ആണെന്നാണ്.
ഒരു പാറ്റയും പുഴുവും വരാലും പല്ലിയും മുയലും പട്ടിയും “ഞാൻ ആര്? ഞാൻ എവിടുന്നാഷ്ടോ വന്നത്? എന്റെ കൂട്ടക്കാർ എങ്ങനെ ഉണ്ടായി? ഇതെല്ലാം എന്തുട്ടാഷ്ടോ? ഈ ലോകം – എന്തുട്ടാ ഈ സംഭവം? ഇങ്ങനെ ചിന്തിച്ചിട്ടില്ല. ‘ഞാൻ’ എന്ന ഒരു സംഭവം ഉണ്ട് എന്ന ഒരു തുടർബോധം പോലും മനുഷ്യൻ അല്ലാത്ത മിക്ക ജീവികൾക്കും ഇല്ല എന്നതാണ് വാസ്തവം.
ഞാൻ ഈ പറഞ്ഞ ആള് എഴുതിയ പുരാണം വായിക്കാൻ ബഹുരസം ആണ്. തോമാശ്ലീഹാ ഏതൊക്കെ നമ്പൂതിരി കുടുംബങ്ങളെ മാമോദീസ മുക്കി എന്നും, അതിൽ ഏതാണ്, തന്റെ പൂർവികരുടെ കുടുംബം എന്നും, അതെങ്ങനെ തന്നിലേക്ക് വന്നു എന്നും, എവിടുന്നൊക്കെയോ കിട്ടിയ വിവരങ്ങളും, അദ്ദേഹത്തിന്റെ വയസ്സൻ ബന്ധുക്കൾ പണ്ട് പറഞ്ഞ കാര്യങ്ങളും ഒക്കെ ചേർത്ത് തയാർ ചെയ്തത് ആണ് ടി ചരിത്രം.
ഇതൊക്കെ അദ്ദേഹത്തിന്റെ അവസാന കാലത്തിനു ഒരു അർഥം കൊടുത്തു. അതിന് തർക്കമില്ല. എല്ലാവരും അനുമോദിച്ചു. വായിച്ചതായി അഭിനയിച്ച് അദ്ഭുതം കൂറി.
വലിയ വാസ്തവങ്ങൾ ഒന്നും ഇല്ല എന്ന് ഏകദേശം ഉറപ്പായ ഈ പുസ്തകം ഇപ്പോൾ സാൻഫ്രാന്സിസ്കോയിലോ, ഒട്ടാവയിലോ, സിഡ്നിയിലോ, ബാംഗ്ളൂരിലോ, ജാംഷെഡ്പൂരിലോ, കോട്ടയത്തോ, ലോകത്തെ ഏതെങ്കിലും ഒരു കോണിൽ ചിതൽ അരിച്ചു കിടക്കുന്നുണ്ടാവും. ആരും മൈൻഡ് ചെയ്യാതെ.
അദ്ദേഹത്തിന്റെ മകനോ മകൾക്കോ, ചെറുമക്കൾക്കോ വയസ്സാകുമ്പോൾ പെട്ടന്ന്, ഈ ചരിത്രത്തിൽ എന്തെന്നില്ലാത്ത ഒരു പുത്തൻ അഭിനിവേശം തോന്നുകയും, പൊടി ഒക്കെ തട്ടി, എടുത്തു വായിക്കാൻ നേരത്തെ പറഞ്ഞ, അദമ്യമായ ആവേശം തോന്നാനും മതി.
ഞാൻ മോശമായി പറഞ്ഞതല്ല – ഇതൊക്കെ ഇങ്ങനാണ്. ഇതാണ് നമ്മൾ. നമ്മൾ ആളോള് ഇങ്ങനാണ്.
സുറിയാനി ക്രിസ്ത്യാനികളുടെ ഒറിജിൻ മിത്ത് അഥവാ ഉദ്ഭവ പുരാണം ആണ് സെന്തോമാസ് കഥ. ഇതിന്റെ വിശദാംശങ്ങൾ എന്തായാലും ഗുണ്ട് ആണ്. സത്യത്തിന്റെ ചെറിയ ഒരു കാതൽ കണ്ടേക്കാവുന്ന ഒരു മിത്ത് ആണ് ഇത്, എന്ന് മാത്രമേ നമുക്ക് പറയാനാവൂ. ലോകത്തെ എല്ലാ ജനവിഭാഗങ്ങള്‍ക്കും ഇങ്ങനത്തെ ഉദ്ഭവ മിത്തുകൾ ഉണ്ട്.
ബ്രഹ്മാവ്, ഹിരണ്യ ഗർഭം മുഖത്ത് നിന്ന് ബ്രാഹ്മണർ – നമുക്ക് അറിയാവുന്ന ഒരു മിത്ത് അങ്ങനെ പോകുന്നു.
ആകാശത്ത് ഇരിക്കുന്ന ഭയങ്കരൻ ദൈവം കളിമണ്ണ് കുഴച്ച് നമ്മെ ഉണ്ടാക്കുന്നു. ലോകം ആദ്യം ഉണ്ടാക്കി കേട്ടോ.
മിഡിൽ ഈസ്റ്റിലെ മരുഭൂമിയിൽ വച്ച്, തങ്ങളുടെ ആദി പിതാവായ അബ്രഹാമിനോട് ദൈവം നേരിട്ട് ഒരു കരാറിൽ ഏർപ്പെടുന്നു. ഈ പാരാവാര പ്രപഞ്ചത്തിന്റെ മൊത്തം അധിപന്റെ സ്വന്തം ജനം ആണത്രേ യഹൂദർ!
ബെസ്റ്റ് മിത്തല്ലേ?
പാൻ കു എന്ന ഒരാദിമ മനുഷ്യൻ ഉണ്ടായിരുന്നു. പുള്ളി പതിനെണ്ണായിരം വര്‍ഷം ഒരു പ്രപഞ്ച മുട്ടയിൽ ഒളിച്ചിരുന്നു. പെട്ടന്ന് മുട്ട പൊട്ടി. മുട്ടത്തോടിന്റെ മേൽ പകുതി ആകാശവും, കീഴ് പകുതി ഭൂമിയും ആയി. എല്ലാ പദാർത്ഥങ്ങളും, രണ്ട് എതിർ ഗ്രൂപ്പുകളായി പിളർന്നു – യിന്നും യാങ്ങും. ആണും പെണ്ണും. വെളുപ്പും കറുപ്പും. അങ്ങനെ അങ്ങനെ. ചൈനാക്കാരുടേത് ആണ്. എന്ത് രസാ അല്ലേ?
പല മിത്തുകളിലും അവനവന്റെ ഗോത്രം ആണ് നായക സമൂഹം. അതല്ലേ നല്ലത്? വിനയം ആയിരുന്നില്ല നമ്മുടെ മുഖമുദ്ര. ദാർഷ്ട്യം ആയിരുന്നു; ഈ പറഞ്ഞ മിത്തൊക്കെ.
“അയ്യേ – ഇതൊക്കെ ആരെങ്കിലും വിശ്വസിക്ക്വൊ?” എന്നാരെങ്കിലും അതേ ഗോത്രത്തിന്നുള്ളവൻ പറഞ്ഞാ ഉണ്ടല്ലോ? ലവന്റെ കാര്യം സ്വാഹാ. അവന്റെ അല്ലെങ്കിൽ അവളുടെ ഒറിജിൻ എന്തായാലും ഏൻഡ് ഉടൻ ഉണ്ടാവും.
ഏത് മിത്തുകൾ ആണ് ജയിക്കുന്നത്? ഏവ ആണ് ആ പ്രദേശം മൊത്തം പരക്കുന്നത്?
ജയിച്ചവന്റെ. യുദ്ധങ്ങൾ നടത്തി ജയിച്ചവന്റെ. അടക്കി ഭരിച്ചവന്റെ.
ഞങ്ങടെ ബിശ്വാസം ഇതാ. മര്യാദക്ക് ഇത് നിങ്ങടെ മക്കളെ പഠിപ്പിച്ചോ. ഇല്ലെങ്കിൽ അങ്ങ് മലേടെ അപ്രത്തുള്ള സ്ഥലത്തേക്ക് പോക്കോടോ. അല്ല പിന്നെ…!
എന്നാൽ സങ്കടം അതല്ല. ഇന്നീ രണ്ടായിരത്തി പത്തൊൻപതിൽ, ശരിക്കും നമ്മൾ എങ്ങനെ ഉണ്ടായി? ഈ പ്രപഞ്ചം എങ്ങനെ ഉണ്ടായി? എന്നിട്ട് എന്തൊക്കെ എപ്പോഴൊക്കെ സംഭവിച്ചു? എന്നീ കാര്യങ്ങൾ പണ്ട് ഒരു മനുഷ്യന്മാർക്കും അറിയാൻ പറ്റുന്നതിന്റെ അനേക ശത കോടി മടങ്ങ് വ്യക്തവും കൃത്യവുമായി നമുക്ക് അറിയാം എന്നതാണ്. വേറെ ഏതൊരു ഒറിജിൻ മിത്തിനെക്കാളും അദ്ഭുതകരമാണ് നമ്മുടെ യഥാർത്ഥ ചരിത്രം. അതാരംഭിക്കുന്നത് വലിയ ഒരു സംഭവത്തോടെ ആണ് – ദ ബിഗ് ബാംഗ് – വലിയ വളി.
മിത്തുകളിൽ ഏറ്റവും നല്ലത്, എന്റെ അഭിപ്രായത്തിൽ, താഴെ പറയുന്നത് ആണ്: ആദിയിൽ ഒരു കുന്തവും ഉണ്ടായിരുന്നില്ല. ഇല്ലായ്മ പോലും ഇല്ല.
ആർക്കറിയാം – എങ്ങനെ ഒക്കെ ഉണ്ടായത് എന്ന്? ആർക്കും ഒരു ചുക്കും അറിഞ്ഞൂടാ…
മോളീന്ന് നോക്കുന്ന ആ ഒരാൾക്ക് അറിയാമായിരിക്കും.
ചെലപ്പം അങ്ങേർക്കും അറിയില്ലായിരിക്കും. (അങ്ങനെ ഒരാൾ ഉണ്ടോ ആവോ?)
നാസദീയ സൂക്ത – ഋഗ്വേദത്തിൽ നിന്നുള്ള സൂക്തത്തെ എ ൽ ബാഷം ഇംഗ്ളീഷിൽ ആക്കിയതിന്റെ ചില ഭാഗങ്ങൾ ഞാൻ ഏകദേശ പരിഭാഷ ചെയ്തത്.
ആധുനിക ശാസ്ത്രം വരുന്നത് വരെ ഉള്ള, ഏറ്റവും സത്യാത്മകമായ ഒറിജിൻ മിത്ത് ഈ സൂക്തത്തിൽ ഉള്ളത് തന്നെ.
(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)