UPDATES

ട്രെന്‍ഡിങ്ങ്

ആ ക്വട്ടേഷന്‍ ആദ്യം നല്‍കിയത് ദിലീപല്ല

‘ഒരു റേപ് വെച്ച് തന്നാലുണ്ടല്ലോ’ എന്നു പുലമ്പുന്ന നായക കഥാപാത്രങ്ങള്‍ക്ക് നിങ്ങള്‍ ഇനിയും കയ്യടിക്കുന്നുവെങ്കില്‍ പ്ലീസ്, ഇരയ്ക്കു വേണ്ടി ഫേസ്ബുക് പോസ്റ്റിട്ടു നിങ്ങള്‍ ആത്മരതി അനുഭവിക്കരുത്.

വി യു അമീറ

വി യു അമീറ

ഇന്ത്യയിലെ തന്നെ ആദ്യ റേപ് ക്വട്ടേഷന്‍ നല്‍കിയത് ദിലീപാണെന്നും ലോകത്ത് തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട അപൂര്‍വം റേപ് ക്വട്ടേഷനുകളില്‍ ഒന്നാണിതെന്നും പറഞ്ഞു ദിലീപെന്ന കുറ്റാരോപിതനെ വലിയ സംഭവമാക്കുന്നവര്‍ അറിയണം, ആദ്യം ഈ ക്വട്ടേഷന്‍ പരീക്ഷിച്ചു വിജയിപ്പിച്ചത് നമ്മുടെ ഭരണകൂടങ്ങളാണ്; നമ്മുടെ ആണധികാര വ്യവസ്ഥയാണ്; നമ്മുടെ മാധ്യമങ്ങളും സാഹിത്യവും സിനിമയുമാണ്; നമ്മള്‍ ഓരോരുത്തരുമാണ്.

ഇല വന്നു മുള്ളില്‍ വീണാലും മുള്ള് വന്ന് ഇലയില്‍ വീണാലും ഇലയ്ക്കാണ് കേട് എന്ന് പഠിപ്പിച്ച നമ്മുടെ അമ്മമാരോരുത്തരുമാണ് പള്‍സര്‍ സുനിക്ക് ക്വട്ടേഷന്‍ നല്‍കിയത്. ഒന്ന് ചെളിയില്‍ ചവിട്ടി അടുത്തു വെള്ളം കാണുമ്പോള്‍ കഴുകിയാല്‍ തീരാവുന്നതെ ഉള്ളൂ പുരുഷന്റെ കളങ്കം എന്ന വലിയ അനുഭവസാക്ഷ്യം നല്‍കുന്ന, ജീവിതതത്ത്വം വരും തലമുറകള്‍ക്ക് കൈമാറുന്ന ഓരോ സ്ത്രീ സദാചാരവാദികളും ഈ ക്വട്ടേഷനില്‍ കുറ്റക്കാരാണ്.

ഒരു സ്ത്രീ ബലാത്സംഗത്തിന് ഇരയാകുമ്പോള്‍ ചിതറി തെറിച്ച കുപ്പി വളകളും ചതഞ്ഞരഞ്ഞ റോസാദലങ്ങളും കാലിനടിയില്‍ അമര്‍ന്ന പെണ്‍ പാവക്കുട്ടിയും കാണിച്ച ഓരോ കലാകാരനും ഈ ഗൂഡാലോചനയില്‍ പങ്കാളിയാണ്.

പുരുഷന്റെ ഒളിസേവയില്‍ നഷ്ടടപെടുന്ന അവന്റെ ‘ചാരിത്ര്യ’ത്തെ ദ്യോതിപ്പിക്കാനായി ഒരു ബിംബം കണ്ടെത്താത്ത, കന്യകയ്‌ക്കൊരു പുല്ലിംഗം കണ്ടെത്താത്ത നമ്മുടെ സമൂഹവും പ്രതികളാണ് ഈ കുറ്റകൃത്യത്തില്‍.

സ്ത്രീ ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നതിനു പകരം മാനഭംഗപ്പെട്ടു എന്ന് വീണ്ടും വീണ്ടും പറഞ്ഞു കൊണ്ടിരിക്കുന്ന ഓരോ വ്യക്തിയും ഈ ‘മാനഭംഗ’ കേസില്‍ ഉത്തരം പറയേണ്ടവരാണ്.

‘നീ ആദ്യമായിട്ടാണോ?’

‘അല്ല… നിങ്ങള്‍ എന്റെ നാലാമത്തെ പുരുഷനാണ്.’ അയാള്‍ക്ക് വിശ്വസിക്കാനായില്ല. ഒരു പെണ്ണിന് നല്‍കാവുന്ന ഏറ്റവും കടുത്ത ശിക്ഷ അവളുടെ ചാരിത്ര്യം നശിപ്പിക്കലാണ് എന്ന വിശ്വാസത്തിലാണ് ഇത്തരമൊരു ശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചത് (സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി).

ഇത്തരം വിശ്വാസമാണ് പുരുഷന്‍ സ്ത്രീക്ക് മേല്‍ നടത്തുന്ന തേരോട്ടത്തിന് പിന്നിലുള്ളതും. പള്‍സര്‍ സുനിയെ പോലെയുള്ളവര്‍ക്ക് ഇത്തരം കൃത്യങ്ങള്‍ക്കുള്ള ആശയം നല്‍കിയത് മരണത്തെക്കാള്‍ വലിയ ശിക്ഷ ബാലാത്സംഗമാണെന്നും ചാരിത്ര്യവും പാതിവ്രത്യവും നഷ്ടപ്പെടുത്തലാണെന്നും സ്ത്രീകളെ പണ്ടേ പഠിപ്പിച്ച സമൂഹമല്ലേ? ഭാരതസ്ത്രീകള്‍ തന്‍ ഭാവശുദ്ധി പാടി കേട്ടാണല്ലോ നമ്മുടെ ഇരകളും വേട്ടക്കാരും വളരുന്നത്. പിതൃകേന്ദ്രീകൃത സമൂഹം കാലങ്ങളായി ഉരുട്ടിയെടുത്ത പ്രത്യയശാസ്ത്രപ്രകാരം ചാരിത്ര്യവും പാതിവ്രത്യവും പെണ്ണിന് മാത്രമാണ് ബാധകം. മാനസംരക്ഷണ യജ്ഞത്തില്‍ തോല്‍ക്കാതിരിക്കാന്‍ അവള്‍ ആരുടെ കാലിലും വീഴും, ഏതു ഭീഷണക്കും വഴങ്ങും; അതില്‍ പരാജിതയായാല്‍ ആത്മഹത്യയില്‍ അഭയം തേടും.

എത്രയോ സിനിമകളില്‍ കണ്ട ആ രംഗത്തിന്റെ പുനഃരാവിഷ്‌കരണത്തിനാണ് പള്‍സറും കൂട്ടരും ഇറങ്ങി തിരിച്ചത്. അപ്പോള്‍ അന്ന് രാത്രി അവള്‍ അനുഭവിച്ച വേദനയിലും അപമാനത്തിലും നമുക്ക് ഓരോരുത്തര്‍ക്കും പങ്കില്ലേ? സ്വയം ചോദിക്കുക, ആ ഇര ഞാന്‍ ആയിരുന്നെങ്കില്‍, എന്റെ മകളോ സഹോദരിയോ ആയിരുന്നെങ്കില്‍ പരാതിപ്പെടാന്‍ ധൈര്യപ്പെടുമായിരുന്നോ? ഇരയായവളെ പ്രതിക്കൂട്ടില്‍ നിര്‍ത്തി ആര്‍ത്തു ചിരിക്കുന്ന, അശ്ലീല പരമാര്‍ശങ്ങള്‍ കൊണ്ട് പേര്‍ത്തും പേര്‍ത്തും അവളെ പീഡിപ്പിക്കുന്ന, ക്യാമറക്കണ്ണുകള്‍ കൊണ്ട് അവളെ ബലാത്‌സംഗം ചെയ്യുന്ന, പീഡിപ്പിക്കപ്പെടുമ്പോള്‍ അവള്‍ക്കും സുഖം കിട്ടിയിരുന്നോ എന്ന് അന്വേഷിക്കുന്ന ഒരു ആള്‍ക്കൂട്ടത്തിലേക്ക് നമ്മള്‍ ഇറങ്ങിച്ചെല്ലുമോ പീഡന പരാതിയുമായി? ഇല്ല എന്ന് ഉത്തരമെങ്കില്‍ അറിയുക സുനിയെന്ന ക്രിമിനലിനെ, ഇരയുടെ ചിരിക്കുന്ന മുഖവും വിവാഹ മോതിരവും ആവശ്യപ്പെട്ട യഥാര്‍ത്ഥ പ്രതിയെ സൃഷ്ടിച്ചത് നമ്മളാണ്.

സ്ത്രീയുടെ മാത്രം ചാരിത്ര്യശുദ്ധി ഭൂതത്താന്‍ കാക്കേണ്ട വലിയ ഒരു നിധികുംഭമാണെന്ന് സ്ത്രീയെ പഠിപ്പിച്ചതു കൊണ്ടാണ്, സ്ത്രീ സ്വന്തം പുരുഷന് വേണ്ടി ശരീരം തീറെഴുതി കൊടുക്കേണ്ടതെന്നും അവള്‍ അവനു സമ്മാനിക്കുന്ന ഏറ്റവും ഉദാത്തമായ സ്‌നേഹോപഹാരം അവളുടെ അപങ്കിലമായ ശരീരമാണെന്നും സ്ത്രീ വിശ്വസിപ്പിച്ചിടത്തും തിരിച്ചു പുരുഷനെ വിശ്വസിപ്പിക്കാത്തിടത്തുമാണ് ഇത്തരം ക്വട്ടേഷനുകള്‍ പ്രസക്തമാകുന്നത്.

"</p

പ്രതികാരാത്മക ബലാത്സംഗവും ഭീഷണിപ്പെടുത്താനും ഇരയുടെ, അവളുടെ കുടുംബത്തിന്റെ മനോവീര്യം തകര്‍ക്കാനുമുള്ള ബലാത്സംഗവും കാലങ്ങളായി ചെത്തി മിനുക്കി ഉപയോഗിച്ച് കൊണ്ടിരിക്കുന്ന ആയുധങ്ങളാണ്. തന്റെ ഇളയ സഹോദരന്‍ ഉയര്‍ന്ന ജാതിക്കാരിയായ യുവതിയുമായി സല്ലപിച്ചു എന്ന വ്യാജ ആരോപണത്തിന്റെ ശിക്ഷയായി സ്വന്തം പിതാവിന്റെയും അമ്മാവന്റെയും മുന്നില്‍ വച്ച് ഉയര്‍ന്ന ജാതിക്കാരാല്‍ കൂട്ട ബലാത്സംഗം ചെയ്യപ്പെട്ട മുഖ്താര്‍ മായി എന്ന പാകിസ്ഥാനി സാമൂഹിക പ്രവര്‍ത്തക…

കീഴ്ജീവനക്കാരനെ ജോലിയിലെ അശ്രദ്ധയ്ക്ക് ശാസിച്ചതിന്റെ ശിക്ഷയായി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി 42 വര്‍ഷം ജീവച്ഛവമായി ആശുപത്രി കിടക്കയില്‍ കഴിച്ചു കൂട്ടിയതിനു ശേഷം മരണത്തിനു കീഴടങ്ങിയ അരുണ ഷോന്‍ബാഗ് എന്ന നഴ്‌സ്…

ഉയര്‍ന്ന ജാതിക്കാരെ പ്രകോപിച്ചതിന് കൂട്ട ബലാത്സംഗം എന്ന ശിക്ഷ ഏറ്റു വാങ്ങേണ്ടി വന്ന ചമ്പല്‍ കൊള്ളക്കാരിയും പിന്നീട് പാര്‍ലമെന്റ് അംഗവുമായി മാറിയ ഫൂലന്‍ ദേവി…

മാവോയിസ്റ്റുകളുടെ സന്ദേശവാഹക എന്ന ആരോപണത്തില്‍ കസ്റ്റഡിയിലെടുക്കപെട്ട് സ്‌റ്റേറ്റ് പോലീസിന്റെ കുറ്റം സമ്മതിപ്പിക്കല്‍ പ്രക്രിയയുടെ ഭാഗമായ ലൈംഗികാതിക്രമത്തിന് ഇരയായ ആദിവാസി ആക്ടിവിസ്റ്റ് സോണി സോറി…

ബാല വിവാഹം തടയാന്‍ ശ്രമിച്ചതിന്റെ പേരില്‍ ഉയര്‍ന്ന ജാതിക്കാരായ അഞ്ചു പുരുഷന്മാരാല്‍ ലൈംഗികമായി ആക്രമിക്കപ്പെട്ട ദളിത് സാമൂഹിക പ്രവര്‍ത്തക ഭന്‍വാരി ദേവി…

സീനിയര്‍ വിദ്യാര്‍ത്ഥിയുടെ പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിനും പോലീസില്‍ പരാതിപ്പെട്ടതിനും ദാരുണമായി ബലാത്സംഗം ചെയ്യപ്പെട്ട പ്രിയദര്‍ശിനി മാട്ടു എന്ന നിയമ വിദ്യാര്‍ത്ഥിനി…

ഒഡീഷ മുഖ്യമന്ത്രിയായിരുന്ന ജെ ബി പട്‌നായിക്കിനെതിരെ പ്രതികരിച്ചതിന്റെ പേരില്‍ ഗുണ്ടകളുടെ കൂട്ട ബലാത്സംഗത്തിനിരയായ അഞ്ജന മിശ്ര എന്ന ഉന്നതോഗ്യസ്ഥന്റെ ഭാര്യ…

മതപരിവര്‍ത്തനം നടത്തിയെന്ന കുറ്റം ആരോപിച്ച് അക്രമികള്‍ മാറി മാറി ബലാത്സംഗം ചെയ്ത ഖണ്ടമാലിലെ കന്യാസ്ത്രീ… ഈ പേരുകളൊന്നും മറന്നു കളയാനുള്ള സമയമായില്ല.

അനീതിയെ എതിര്‍ത്തതിന്റെ പേരില്‍, അതിക്രമങ്ങളെ ചെറുത്തതിന്റെ പേരില്‍, കുടുംബത്തിലെ പുരുഷന്മാരോടുള്ള പകരം വീട്ടലിന്റെ ഭാഗമായി എല്ലാം ബലാത്സംഗം എന്ന കൊടിയ ശിക്ഷക്ക് വിധിക്കപ്പെട്ടവരായിരുന്നു ഇവര്‍.

2014 ജൂലായ് മാസത്തില്‍ ഝാര്‍ഖണ്ടില്‍, ഒരു യുവാവ് ഒരു വിവാഹിതയെ ലൈംഗികമായി കയ്യേറ്റം ചെയ്തു. അതിനു ശിക്ഷയായി ഗ്രാമമുഖ്യന്‍ കണ്ടെത്തിയ വിധി ആക്രമിക്കപ്പെട്ട സ്ത്രീയുടെ ഭര്‍ത്താവിന് ബലാത്സംഗം ചെയ്യുന്നതിനായി അപരാധിയുടെ പതിന്നാലുകാരി സഹോദരിയെ വിട്ടു കൊടുക്കുക. ഗ്രാമീണര്‍ എല്ലാവരും നോക്കി നില്‍ക്കെയാണ് അയാള്‍ ആ പെണ്‍കുട്ടിയെ തൊട്ടടുത്തുള്ള പൊന്തക്കാട്ടിലേക്ക് വലിച്ചിഴച്ചു കൊണ്ട് പോയി ശാരീരികമായി പീഡിപ്പിച്ചത്.

അതിന് ഏതാനും മാസങ്ങള്‍ക്ക് മുമ്പ് പശ്ചിമ ബംഗാളിലെ ഭിര്‍ഭൂം ഗ്രാമത്തില്‍ ഇരുപതുകാരി യുവതി കൂട്ട ബലാത്സംഗത്തിന് വിധിക്കപ്പെട്ടത് വേറൊരു ജാതിയില്‍പ്പെട്ട ഒരാളുമായി പ്രണയത്തില്‍ ആയതിനാലാണ്.

അതിനും ഒരു വര്‍ഷം മുമ്പാണ് സഹോദരന്റെ അസന്മാര്‍ഗിക പ്രവര്‍ത്തനത്തിനു ശിക്ഷയായി വേറെയൊരു പെണ്‍കുട്ടിയെ കൂട്ട ബലാത്സംഗത്തിനു വിധിച്ചത്.

2015ല്‍ ഉത്തരപ്രദേശിലെ ഭാഗ്പത് ജില്ലയിലെ ഒരു ഗ്രാമത്തില്‍ ജാട്ട് നേതാക്കന്മാരാല്‍ നിയന്ത്രിക്കപ്പെടുന്ന ഖാപ് പഞ്ചായത്ത് രണ്ടു ദളിത് സഹോദരിമാരെ കൂട്ട ബലാത്സംഗം ചെയ്യാനും നഗ്‌നരാക്കി നടത്തിക്കാനും ഉത്തരവിട്ടതായി വാര്‍ത്ത വന്നിരുന്നു. ഉയര്‍ന്ന സമുദായക്കാരായ തങ്ങളുടെ കൂട്ടത്തിലെ ഒരു വിവാഹിതയുമായി അവരുടെ സഹോദരന്‍ ഒളിച്ചോടി പോയി എന്ന് ആരോപിച്ചായിരുന്നു ശിക്ഷ.

കക്കൂസ് എന്ന ഡോക്യൂമെന്ററിയിലൂടെ അപ്രിയ സത്യങ്ങള്‍ വിളിച്ചു പറഞ്ഞതിന് ദിവ്യ ഭാരതി എന്ന സംവിധായികയ്ക്ക് രണ്ടായിരത്തോളം ബലാത്സംഗ ഭീഷണികള്‍ വന്നു എന്ന് പറയുമ്പോള്‍ ആണത്തത്തിന്റെ അഹന്തയും ലൈംഗികതയും എത്രമേല്‍ കെട്ട് പിണഞ്ഞു കിടക്കുന്നുവെന്നു ബോധ്യമാകും.

സ്വത്ത് തിരിച്ചെടുക്കാനോ സ്വന്തം ജീവിതത്തില്‍ ഇടപ്പെട്ടതിനുള്ള ശിക്ഷയായോ പള്‍സര്‍ സുനിയെപോലെ ഒരു ഗുണ്ടയെ രംഗത്തിറക്കാനുള്ള ആശയത്തിന്റെ പേറ്റന്റ് നമ്മള്‍ ദിലീപെന്ന ഹാസ്യ വേഷത്തിനു ചാര്‍ത്തി കൊടുക്കേണ്ടതില്ല എന്ന് ചുരുക്കം.

സ്ത്രീയുടെ ജനനേന്ദ്രിയത്തിലാണ് അവളുടെ മാനവും അഭിമാനവും എല്ലാം അടച്ചു സൂക്ഷിച്ചിരിക്കുന്നത് എന്ന പൊതുബോധത്തിന്റെ ഫലമായാണ് ഇത്തരം അതിക്രമങ്ങള്‍ അരങ്ങേറുന്നത്. അതിക്രമത്തിലൂടെ അധികാരം നിലനിര്‍ത്തല്‍. അത് തന്നെയാണ് മറ്റൊരാളുടെ ശരീരത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും നുഴഞ്ഞു കയറുന്നതില്‍ നിന്ന് വെളിവാക്കപെടുന്നത്. ജനനേന്ദ്രിയം ഒരു കൂട്ടര്‍ അധികാര സ്ഥാപനത്തിനുള്ള ആയുധമാക്കുന്നു.

ഇത് ഒറ്റപ്പെട്ട സംഭവങ്ങള്‍ എന്ന് പറഞ്ഞ് അവഗണിക്കാനാവില്ല എന്ന ബോധ്യമാണ് പോലീസ് കസ്റ്റഡിയില്‍ വെച്ച് നടക്കുന്ന ലൈംഗികാതിക്രമങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആസൂത്രിതമായി പെണ്‍ ശരീരങ്ങള്‍ക്കു മേല്‍ ആണധികാരം നടത്തുന്ന വേഴ്ച്ചകളുടെ കഥകളാണ് യുദ്ധങ്ങളും കസ്റ്റഡി ചോദ്യം ചെയ്യലുകളും ബാക്കി വെക്കുന്നത്.

കസ്റ്റഡിയിലെ ബലാത്സംഗം പലപ്പോഴും ഒരു പരിധി വരെ അപരാധികള്‍ക്കുള്ള നിയന്ത്രണോപാധിയായും ശിക്ഷയായും കുറ്റം സമ്മതിപ്പിക്കാനുള്ള രീതിയായും ഉപയോഗിക്കപ്പെട്ടിട്ടുണ്ട്. അറബ്, പേര്‍ഷ്യന്‍, ഗ്രീക്ക്, റോമന്‍ ജനതയ്ക്കിടയില്‍ യുദ്ധ തടവുകാരെ ലൈംഗികമായി പീഡനത്തിനിരയാക്കുന്ന രീതിയുണ്ടായിരുന്നു. ഇസ്രായേലി തടവറകളില്‍ ലൈംഗിക പീഡനത്തിനിരയാകുന്ന പാലസ്തീനിയന്‍ കുഞ്ഞുങ്ങളെ കുറിച്ചുള്ള റിപ്പോര്‍ട്ട് പുറത്ത് വന്നിട്ട് അധികം കാലമായില്ല. നോര്‍ത്ത് അമേരിക്കയിലെ ഷായെന്‍ ഗോത്രവര്‍ഗക്കാര്‍ക്കിടയില്‍ ‘വഴിവിട്ട’ സ്ത്രീകളെ നിലക്ക് നിര്‍ത്താനായി കൂട്ട ബലാത്സംഗം ഒരു ശിക്ഷാ മാര്‍ഗമായി ഉപയോഗിച്ചിരുന്നു. തെക്കേ അമേരിക്കയിലെ മുണ്ടുരുകു ഗോത്ര വര്‍ഗക്കാരും സമാനമായ ശിക്ഷാരീതി നടപ്പാക്കിയിരുന്നു. സൗത്ത് ആഫ്രിക്കയിലെ മ്പുമലംഗ ഗോത്രക്കാര്‍ക്കിടയിലും അര്‍ജന്റീന, പാകിസ്ഥാന്‍, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലും ബലാത്സംഗം ഒരു ശിക്ഷാ നടപടിയായി കണ്ടതിന്റെ ഉദാഹരണങ്ങളുണ്ട്.

ആംനസ്റ്റി ഇന്റര്‍നാഷനല്‍ പുറത്തു വിട്ട വിവരമനുസരിച്ച് ബലാത്സംഗം യുദ്ധത്തിന്റെ ഉപോത്പന്നമല്ല, മറിച്ച് ചിട്ടയായി വികസിപ്പിച്ചെടുത്ത ഒരു യുദ്ധതന്ത്രം തന്നെയാണ്. മനഃശാസ്ത്രപരമായ ഒരു യുദ്ധതന്ത്രമായി ബലാത്സംഗം മാറുന്നു. ഒരു സമുദായത്തിന്റെ മേലുടുപ്പില്‍ ഏതൊരു നശീകരണ ആയുധത്തെക്കാളും തുള വീഴ്ത്താന്‍ മാത്രം പര്യാപ്തമായ ആയുധമാണ് റേപ്.

പല സമൂഹങ്ങളിലും തങ്ങളുടെ സാംസ്‌കാരിക നൈതിക മൂല്യങ്ങളുടെ ഉറവയായി ഗണിക്കപ്പെടുന്നത് സ്ത്രീകളാണ്. അത് കൊണ്ട് തന്നെ അവരുടെ രാജ്യത്തെ ഒരു സ്ത്രീക്ക് നേരെ ഉണ്ടാകുന്ന കയ്യേറ്റം ആ രാജ്യത്തിന് വന്നു വീഴുന്ന ഒരു അശനിപാതമായാണ് കണക്കാക്കപ്പെടുന്നത്. യുദ്ധവേളകളില്‍ ഭരണകൂടത്തിന്റെയും സൈന്യാധിപന്മാരുടെയും മൗനാനുവാദത്തോടെ, കീഴടക്കപെട്ട ശത്രുപക്ഷത്തെ സ്ത്രീകളെ നിര്‍ബന്ധിത വേശ്യാവൃത്തിയിലേക്ക് തള്ളിയിടുന്നതിനു പിന്നിലും ഇതേ മനോവ്യാപാരം തന്നെയാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാം ലോക മഹായുദ്ധക്കാലത്തും വിയറ്റ്‌നാം യുദ്ധത്തിലും ബംഗ്ലാദേശ്, കംബോഡിയ, സൈപ്രസ്, ഹെയ്തി, ലൈബീരിയ, സൊമാലിയ, ഉഗാണ്ട തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര സംഘര്‍ഷങ്ങളിലും എല്ലാം ഈ യുദ്ധ തന്ത്രവും പരീക്ഷിക്കപ്പെട്ടിട്ടുണ്ട്. ഇന്നും അത് തുടരുന്നു.

വംശ ഉന്മൂലനത്തിലും റേപ് ഒരു പ്രധാന ആയുധമാക്കപ്പെട്ടതിന് ഉദാഹരണങ്ങള്‍ നിരവധി. 1992 തൊട്ട് ഇരുപതിനായിരത്തോളം മുസ്ലിം സ്ത്രീകളാണ് ബോസ്‌നിയയില്‍ പീഡനത്തിനിരയായത്. 1996-ലെ ദി സ്‌റ്റേറ്റ് ഓഫ് വേള്‍ഡ്‌സ് ചില്‍ഡ്രന്‍സ് റിപ്പോര്‍ട്ട് അനുസരിച്ച് ബോസ്‌നിയയിലും ക്രൊയേഷ്യയിലും എല്ലാം കൗമാരക്കാരികളെ തിരഞ്ഞു പിടിച്ചു ശത്രു പക്ഷത്തിന്റെ ബീജധാരണത്തിന് ഇരകളാക്കിയിരുന്നു. 1971 ലെ പാക്കിസ്ഥാന്‍ ബംഗ്ലാദേശ് യുദ്ധത്തില്‍, പാകിസ്ഥാന്‍ പട്ടാളക്കാര്‍ നടത്തിയ രഹസ്യ വെല്ലുവിളികളില്‍ ഒന്ന്, ഞങ്ങള്‍ നിങ്ങളുടെ സ്ത്രീകളെ കൊണ്ട് പഞ്ചാബി കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുപ്പിക്കും എന്നതായിരുന്നുവത്രേ.

ഭരണകൂടങ്ങള്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന ബലാത്സംഗങ്ങളും ഭരണാധിപരുടെ മൗനാനുവാദത്തോടെ സായുധസൈന്യം നടത്തുന്ന ബലാത്സംഗങ്ങളും കശ്മീരിലും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലും വരെ നമ്മള്‍ കണ്ടുകഴിഞ്ഞതാണ്. മണിപ്പൂരും ഗുജറാത്തും കശ്മീരിലെ കുനന്‍ പോഷ്‌പോറയും ഷൊപ്പിയാനും ഹന്ദ്വാരയും മനസ്ഗാമും എല്ലാം സംഭവ്യമാകുന്നത് കീഴ്‌പ്പെടുത്തലിന്റെ പ്രത്യയശാസ്ത്രം ആണ്‍കോയ്മാ സമൂഹത്തിനു പകര്‍ന്നു കൊടുത്തിട്ടുള്ള നിഗൂഡമായ ബോധ്യം ഒരു സ്ത്രീയുടെ ശരീരത്തിലേക്ക് അതിക്രമിച്ച് കയറി അരയിലുള്ള തന്റെ അധികാരദണ്ഡ് പ്രവര്‍ത്തിപ്പിക്കുന്നതിലൂടെ സ്ത്രീയുടെ മനസ് തനിക്കെല്ലാം നഷ്ടമായി എന്ന് വിലപിക്കും എന്നതാണ്.

ഹിന്ദു മതത്തിലെ കാലഹരണപ്പെട്ട ആചാരങ്ങളെയും ഗോവധ നിരോധത്തെയും വിമര്‍ശിച്ച ചേതന തീര്‍ത്ഥഹള്ളി എന്ന കന്നഡ യുവ എഴുത്തുകാരിക്ക് സംഘപരിവാര്‍ ബലാത്സംഗ ഭീഷണി മുഴക്കിയത് മരണത്തെക്കാളും വലിയ ശിക്ഷ ബലാത്സംഗമാണെന്നു ഭയക്കുന്ന ബഹുഭൂരിപക്ഷത്തിന്റെ മനോഗതി മനസിലാക്കിയാണ്. മുംബൈ നഗരത്തില്‍ കൂട്ടുകാരിയോട് പക വീട്ടാന്‍ പുരുഷ സഹപാഠികളെ ഉപയോഗിച്ച കൂട്ടുകാരികളെ കുറിച്ചുള്ള വാര്‍ത്തയും ഇതിനോട് ചേര്‍ത്തു വെയ്ക്കാവുന്നതാണ്.

പുരുഷാധിപത്യ സമൂഹത്തില്‍ ലൈംഗികാതിക്രമം അനൗദ്യോഗികമായ ശിക്ഷാനടപടിയായി ആഘോഷിച്ചിട്ടുണ്ട്. പ്രതികാര ബലാത്സംഗങ്ങളും അതിക്രമങ്ങളും ഇന്ത്യയിലെ ഉള്‍ഗ്രാമങ്ങളില്‍ ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. സ്ത്രീ, കുടുംബത്തിന്റെയും സമുദായത്തിന്റെയും അഭിമാനം ആണെന്നും അവരുടെ ശരീരത്തില്‍ ഏല്‍ക്കുന്ന ഓരോ ക്ഷതവും കുടുംബത്തിന്റെയും സമുദായത്തിന്റെയും അഭിമാനത്തിനേല്‍ക്കുന്ന ക്ഷതമാണെന്നും നിങ്ങള്‍ക്ക് ഒരു പുരുഷനെ മാനസികമായി മുറിവേല്‍പ്പിക്കണമെങ്കില്‍, അവരുടെ സ്ത്രീകളെ ബലാത്സംഗം ചെയ്താല്‍ മതിയെന്നുമുള്ള ധാരണകള്‍ നമ്മുടെ ഉപബോധ മനസ്സില്‍ വേരൂന്നിയിട്ടുണ്ട്.

അടുത്തിടെ നടന്ന ഇസ്രായേല്‍ പലസ്തീന്‍ സംഘര്‍ഷത്തിനിടയിലും പലസ്തീന്‍ സേനയുടെ മനോവീര്യം തകര്‍ക്കാനായി അവരുടെ സ്ത്രീകളെ ലൈംഗികമായി ആക്രമിക്കാന്‍ ഇസ്രായേല്‍ മന്ത്രി ആഹ്വാനം ചെയ്തതായി പത്ര വാര്‍ത്ത ഉണ്ടായിരുന്നു. അതിനെ ബലപ്പെടുത്തുന്ന രീതിയില്‍ ആയിരുന്നു ഒരു ഇസ്രായേലി റേഡിയോ പരിപാടിയില്‍ മിഡില്‍ ഈസ്റ്റില്‍ അറിയപ്പെടുന്ന പണ്ഡിതനായ ഡോ. മോര്‍ഡികായ് കേദര്‍ നടത്തിയ പ്രഭാഷണം. തീവ്രവാദികളെ അവരുടെ വിധ്വംസക പ്രവര്‍ത്തനങ്ങളില്‍ നിന്ന് പിന്തിരിപ്പിക്കാനുള്ള ഏക പോംവഴി അവരുടെ മാതാവിനെയോ സഹോദരിമാരെയോ ബലം പ്രയോഗിച്ചു ലൈംഗിക പീഡനത്തിനിരയാക്കല്‍ ആണെന്നാണ് അദ്ദേഹം കണ്ടെത്തിയത്. യുദ്ധങ്ങളില്‍ തങ്ങളുടെ പുരുഷന്മാര്‍ തോല്പിക്കപ്പെട്ടാല്‍ രജപുത്ര വനിതകള്‍ പാതിവ്രത്യം കാക്കാന്‍ ജാവ്ഹാര്‍ (ചിത കൂട്ടി കൂട്ട ആത്മഹത്യ ചെയ്യല്‍) ആചരിച്ചിരുന്നതിന്റെ പിന്നിലെ മനഃശാസ്ത്രവും ഇത് തന്നെ.

സ്ത്രീയെ ബലാത്‌സംഗം ചെയ്യുന്നതാണ് അവള്‍ക്കു നല്‍കാവുന്ന കൊടിയ ശിക്ഷ എന്ന ധാരണയ്‌ക്കൊപ്പം തന്നെ രൂഢമൂലമാണ് ഒരു പുരുഷനെ മാനസിക സമ്മര്‍ദ്ദത്തിലാഴ്ത്താന്‍ അവനോട് അടുത്ത ബന്ധം പുലര്‍ത്തുന്ന സ്ത്രീകളെ വെച്ച് വിലപേശിയാല്‍ മതിയെന്ന ധാരണയും. ഒരു പുരുഷന് കൊടുക്കാവുന്ന ‘മാതൃകാപരമായ’ ശിക്ഷയായി പിതൃകേന്ദ്രീകൃത സമൂഹം കണക്കാക്കുന്നത്, അവനെ ചാട്ടയ്ക്കടിക്കലോ തൂക്കിലേറ്റലോ ലിംഗം ചേദിക്കലോ അല്ല; മറിച്ച് അവന്റെ വീട്ടിലെ പെണ്ണുങ്ങളുടെ ശരീരത്തിന്റെ വിലക്കപ്പെട്ട അതിരുകള്‍ ഭേദിച്ച് കടന്നു കയറുന്നതാണ് എന്ന ധാരണയെ ശരിവെക്കുന്ന രീതിയിലുള്ള ചലച്ചിത്ര രംഗങ്ങള്‍ പോലും നിരവധി.

ഏതു പ്രതിസന്ധി ഘട്ടത്തിലും മരണവക്ത്രത്തില്‍ പോലും താന്‍ സംരക്ഷിക്കേണ്ട ഒരു വജ്രകുംഭം താങ്ങി നടക്കുന്ന സ്ത്രീയെ പോലെ പിതൃദായ സമൂഹത്തിന്റെ ആശയാദര്‍ശങ്ങളുടെ തടവുകാരനാണ് പുരുഷനും. ഒരു പുരുഷന്‍, അച്ഛനോ ഭര്‍ത്താവോ സഹോദരനോ മകനോ ആകട്ടെ കുടുംബത്തിലെ സ്ത്രീകള്‍ അവന്റെ സ്വത്ത് ആണെന്ന മിഥ്യാബോധം അവനെ ഭരിക്കുന്നുണ്ട്. ആ അഹങ്കാര തിമിര്‍പ്പിലേക്കാണ് ശത്രു നുഴഞ്ഞു കയറുന്നതും സ്ത്രീക്ക് നേരെയുള്ള അതിക്രമം അവളുടെ യജമാനന്റെ അല്ലെങ്കില്‍ സ്ത്രീയെന്ന സ്വത്തിന്റെ ഉടമയുടെ നേര്‍ക്കുള്ള പ്രതികാര നടപടിയായി സ്വീകരിക്കപ്പെടുന്നതും.

റേപ് എന്ന് പറയുന്നത് സ്ത്രീയെ ഭയപ്പെടുത്തി വരുതിയിലാക്കാന്‍ പുരുഷന്‍ ഉപയോഗിക്കുന്ന ബോധപൂര്‍വമായ വിരട്ടല്‍ പ്രക്രിയയാണ് എന്ന് എഗൈന്‍സ്‌റ് ഔര്‍ വില്‍ എന്ന പുസ്തകത്തിലൂടെ പറഞ്ഞത് സൂസന്‍ ബ്രൗണ്‍മില്ലെര്‍ എന്ന ചിന്തകയാണ്. ആ വിരട്ടല്‍ പ്രക്രിയ തന്നെയാണ് പള്‍സറിലൂടെ പ്രാവര്‍ത്തികമാക്കാന്‍ നോക്കിയതും പരാജയപെട്ടതും. എന്നാല്‍ മാധ്യമങ്ങള്‍ തന്നെ പുറത്തു വിടുന്ന വാര്‍ത്തയനുസരിച്ച് ഒരിക്കല്‍ ഉണ്ടായ വിജയമാണ് പള്‍സറിന്റെ പരാജയത്തിലും എത്തിയതെന്ന് വിസ്മരിക്കാനാകില്ല.

സമൂഹം സൃഷ്ടിച്ച പരിശുദ്ധിയുടെ പ്രത്യയശാസ്ത്ര കുരുക്കില്‍ പെട്ട് മൗനത്തിന്റെ തുരുത്തിലേക്കു സ്വയം വലിച്ചെറിഞ്ഞ സ്ത്രീ ജന്മങ്ങള്‍ നമുക്ക് ചുറ്റിലുമുണ്ട്. അത് മറന്നു കൊണ്ട് ‘ഒരു റേപ് വെച്ച് തന്നാലുണ്ടല്ലോ’ എന്നും ‘ഞാനൊന്ന് അറിഞ്ഞു വിളയാടിയാലുണ്ടല്ലോ’ എന്നും പുലമ്പുന്ന നായക കഥാപാത്രങ്ങള്‍ക്ക് നിങ്ങള്‍ ഇനിയും കയ്യടിക്കുന്നുവെങ്കില്‍ പ്ലീസ്, ഇരയ്ക്കു വേണ്ടി ഫേസ്ബുക് പോസ്റ്റിട്ടു നിങ്ങള്‍ ആത്മരതി അനുഭവിക്കരുത്. കാരണം ഈ ഇരയെ സൃഷ്ടിച്ചത് നിങ്ങളാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

വി യു അമീറ

വി യു അമീറ

പൊന്നാനി എംഇഎസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസര്‍

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍