UPDATES

മോന്‍സി മാത്യു

കാഴ്ചപ്പാട്

Ozland Diary

മോന്‍സി മാത്യു

ട്രെന്‍ഡിങ്ങ്

നിങ്ങള്‍ തകര്‍ക്കാന്‍ നോക്കുന്നത് കേരളത്തിലെ ഓരോ പെണ്‍കുട്ടിയുടേയും മനോവീര്യമാണ്

എല്ലാ അർത്ഥത്തിലും Whataboutery-യുടെ മാസ്റ്റേഴ്സ് ആണ് മലയാളി.

അവള്‍ ഒറ്റയ്ക്ക് നടത്തിയ വിപ്ലവമായിരുന്നു അത്. ഏറെക്കുറെ നിശബ്ദവും. അടുപ്പമുള്ള വളരെ ചുരുക്കം പേര്‍ മാത്രമേ അവള്‍ക്കൊപ്പം ഉണ്ടായിരുന്നുള്ളൂ. എങ്കിലും ലോകത്തെവിടെ അനീതിക്കെതിരെ നടക്കുന്ന വിപ്ലവങ്ങളും പോലെ അടിച്ചമര്‍ത്തപ്പെട്ട ഒരുപാട് സ്ത്രീകള്‍ക്ക് അതൊരു പ്രത്യാശയുടെ തിരിനാളമായി.

ബലാത്സംഗത്തിന് ഇരയാകുന്നവര്‍ കൊല്ലപ്പെട്ടാല്‍ വിശുദ്ധ പരിവേഷം നല്‍കി അവള്‍ക്കു വേണ്ടി മെഴുകുതിരികള്‍ കത്തിക്കുകയും ജീവനോടെ രക്ഷപെട്ടാല്‍ ആ ബലാത്സംഗത്തിലും ക്രൂരമായി വീണ്ടും വീണ്ടും പീഡിപ്പിച്ച്, അവഹേളിച്ച് മരിക്കുന്നതായിരുന്നു ഭേദമെന്ന് ചിന്തിക്കുന്ന അവസ്ഥയില്‍ എത്തിക്കുകയും ചെയ്യുന്ന സമൂഹത്തിലാണെല്ലോ നാം ജീവിക്കുന്നത്. ജീവച്ഛവം പോലെ ജീവിക്കുന്ന സൂര്യനെല്ലി പെണ്‍കുട്ടിയും മറ്റനേകം പെണ്‍കുട്ടികളും ഉണ്ടല്ലോ അതിനു തെളിവായി. അതുകൊണ്ടു തന്നെ പരാതി കൊടുത്താല്‍ തനിക്കനുഭവിക്കേണ്ടി വരുന്ന ഭീകരമായ ആ അവസ്ഥയെപ്പറ്റി അറിവുണ്ടായിട്ടും പരാതിയുമായി മുന്നോട്ടു പോവാന്‍ ആ പെണ്‍കുട്ടി കാണിച്ച ആ ധൈര്യം, അതൊരു വിപ്ലവം തന്നെയാണ്.

പതിവിനു വിരുദ്ധമായി, ഒരുപക്ഷേ ദന്തഗോപുരങ്ങളിലിരിക്കുന്ന തമ്പുരാക്കന്മാര്‍ അറസ്റ്റിലായപ്പോള്‍ കേരളത്തിലെ ഓരോ സ്ത്രീക്കും ഓരോ പെണ്‍കുട്ടികള്‍ക്കും അത് നല്‍കിയ ആത്മവിശ്വാസം ചില്ലറയല്ല. ദീപാ നിശാന്തിനെ ഫോട്ടോഷോപ്പ് ചെയ്ത് നഗ്നചിത്രവും ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയപ്പോള്‍ അവര്‍ എഴുതി.

തലവെട്ടി വേറൊരു നഗ്നമായ ഉടലിലൊട്ടിച്ചത് കണ്ട് ഹൃദയം നൊന്ത് സ്വയം തീ കൊളുത്തുകയോ ഉത്തരത്തിൽ സ്വന്തം ശരീരം കൊളുത്തിയിടുകയോ ചെയ്യേണ്ടിവന്നിരുന്ന പാവം പെൺകുട്ടികളുടെ കാലമൊക്കെ കഴിഞ്ഞു ചേട്ടന്മാരേ. ബലാൽസംഗം ചെയ്യപ്പെട്ട പെൺകുട്ടി, പരാതി കൊടുത്ത് രണ്ടാം ദിവസം കൂളായി ജോലിക്ക് ചെന്ന് ചെയ്തവനേം ചെയ്യിച്ചവനേം നാടുമുഴുവൻ കൊണ്ട് നടന്ന് പഴനിക്ക് പോവാൻ നോമ്പെടുത്തവരെപ്പോലെ തെണ്ടിക്കുന്ന കാലമാണ്. അതിന്റെടേലാണ് അവന്റൊരു ഫോട്ടോ മോർഫിങ് ! അതുകണ്ട് ഇവിടാരും തൂങ്ങിച്ചാവാനൊന്നും പോണില്ല! പോയി പണി നോക്ക്!”

ദീപ എന്ന അധ്യാപികയെ പോലെ ബുദ്ധിയിലും വിദ്യാഭ്യാസത്തിലും മുന്നില്‍ നില്‍ക്കുന്ന സ്ത്രീകള്‍ മുതല്‍ സമൂഹത്തിലെ താഴേക്കിടയിലുള്ള സ്ത്രീകളെ വരെ അതെത്ര പോസിറ്റീവായി സ്വാധീനിച്ചു. അതുകൊണ്ടു തന്നെ ‘അവള്‍ പിറ്റേന്നെങ്ങനെ ജോലിക്കു പോയി’ എന്നു ചോദിക്കുന്ന ജനാധിപത്യത്തിന്റെ തമ്പുരാക്കന്മാരേ, നിങ്ങള്‍ ഓരോരുത്തരും കരിവാരിത്തേയ്ക്കുന്നത് ഞങ്ങള്‍ ഓരോരുത്തരുടേയും മുഖത്താണ്.

എന്തുകൊണ്ടെന്നറിയില്ല , പ്രമുഖ നടനെ സംശയിക്കുന്നു എന്നു കേട്ടപ്പോൾ ആദ്യം ഓടിവന്നത് അയാളുടെ ഏതോ സിനിമയിലെ രംഗമാണ്. അതിമാനുഷനായ നായകൻ ഒരു ഡോക്ടറുടെ മുന്നിൽ കൈ കൂപ്പി നിന്ന്, നായിക റേപ്പ് ചെയ്യപ്പെട്ട വിവരം പോലീസിനോട് പറയരുതേ… പുറത്തറിഞ്ഞാൽ നായികയ്ക്കാണ് മാനക്കേട് എന്നൊക്കെ പറയുന്ന ഒരു രംഗം. ഞാനോർത്തു, അതികരുത്തനായ ഒരു നായകൻ ഇങ്ങനെ പറയുമ്പോൾ എത്ര തെറ്റായ ഒരു മെസ്സേജാണ് അതു കൊടുക്കുന്നത് എന്ന്, പിന്നെയോർത്തു, എതു സിനിമയാ അങ്ങനെ അല്ലാത്തത് എന്ന്.

ആ age old മണ്ടത്തരം തന്നെയാണ് അയാൾ ഒരു അഭിമുഖത്തിലും ഛര്‍ദ്ദിച്ചത്‌- “സാധാരണ ഒരു പെൺകുട്ടി റേപ്പ്‌ ചെയ്യപ്പെട്ടാൽ, ഒന്നുകിൽ സൂയിസൈഡ് ചെയ്യും, അല്ലെങ്കിൽ ഡിപ്രഷനിലാവും, ഇതു രണ്ടു ദിവസം കൊണ്ട്‌ ബാക്ക്‌ ടു ലൈഫ് വരികാന്നൊക്കെ വെച്ചാൽ…” അതൊരു വല്യ കുറ്റമാണെന്ന മട്ടിലുള്ള ആ പറച്ചിൽ, ഒരു ക്യാമറയുടെ മുന്നിൽ നിന്ന് നാട്ടുകാരോട് മൊത്തം അതെഴുന്നള്ളിക്കാനുള്ള ആ മനസ്‌. വീണ്ടും പറയുന്നുണ്ടായിരുന്നു, അയാളാണ് സിനിമ കൊടുത്തത്, എന്നിട്ടും അയാൾക്കെതിരെ ആരോപണം വന്നപ്പോൾ അവർ അതിനെ എതിർത്ത് ഫേസ്ബുക്കില്‍ രണ്ടുവരി എഴുതിയില്ല എന്നതാണത്രേ അയാളുടേ ഏറ്റവും വലിയ വിഷമം. അത്രയും കൊടിയ യാതനകൾ സഹിച്ച ആ സ്ത്രീ, അതു ചെയ്തില്ല അത്രേ. സ്വാർത്ഥതയുടെ, ആത്മരതിയുടെ അങ്ങേ അറ്റങ്ങളിൽ വിരാജിക്കുന്ന ഒരാൾക്കേ അങ്ങനെ ഒരു പരാതി, അങ്ങനെ ഒരവസ്ഥയിൽ പറയാൻ പറ്റൂ.

അയാളുടെ ചുറ്റും ഉരുക്കു കോട്ട പോലെ നിന്ന ദുഷിച്ച മലയാള സിനിമാ തമ്പുരാക്കന്മാർ, അയാള്‍ അറസ്റ്റിലായതിന്റെ പിറ്റേന്ന് ഇരയ്‌ക്കൊപ്പം എന്നു പ്രസംഗിക്കുന്നത് കേട്ടു. നാലു വാക്യത്തിനിടെ പതിനാലു പ്രാവശ്യം അയാൾ ഇര എന്നാവർത്തിച്ചു. ഇര അല്ലെടോ അവർ. പെണ്ണിന്റെ ജീവിതം കോഴിമുട്ട പോലെയാണെന്നും, നീ ഒരു വെറും പെണ്ണാണെന്നും ഒക്കെ നിങ്ങളൊക്കെ അലറുന്നത് കേട്ട്, കടുത്ത സ്ത്രീവിരുദ്ധതയാണ് ശരി എന്നു തെറ്റിദ്ധരിച്ചുവശായ കുറേ അപ്പന്മാരും ആങ്ങളമാരും ഭർത്താക്കന്മാരും, എന്തിന് കുറേ സ്ത്രീരത്നങ്ങൾ തന്നെയും നിറഞ്ഞ മലയാള ഭൂമിയിൽ, അസ്തിത്വം നഷ്ടപ്പെടാതെ തല ഉയർത്തി ജീവിക്കുന്നത്‌ ഓരോ ദിവസവും ഒരു സമരമായി മാറുന്ന ലക്ഷക്കണക്കിനു സ്ത്രീകൾക്ക്, പെൺകുട്ടികൾക്ക് ആദ്യമായി കിട്ടിയ ഒരു ഹീറോ ആണവള്‍; ഇരയല്ല അവർ.

എല്ലാ അർത്ഥത്തിലും Whataboutery-യുടെ മാസ്റ്റേഴ്സ് ആണ് മലയാളി. ജിഷ, സൌമ്യ എന്നു വേണ്ട, സകല സംഭവങ്ങളും ഉയര്‍ത്തിക്കാട്ടി, അവർ സെലിബ്രിറ്റി ആയതു കൊണ്ടു നീതി കിട്ടി എന്ന പരാതി. അവർ സെലിബ്രിറ്റി ആണ്, അതു കൊണ്ടു തന്നെ അവർ അനുഭവിക്കേണ്ടി വരുന്ന ബുദ്ധിമുട്ടുകൾ വളരെ അധികമാവും എന്നറിഞ്ഞിട്ടും കേസുമായി മുന്നോട്ടു ‌ പോവാൻ അവർ കാണിച്ച ആർജ്ജവം. ഒരു ബലാത്കാരത്തില്‍ മാനം ഭംഗപ്പെടുന്നത് അക്രമിയുടെയാണ്, ആക്രമിക്കപ്പെടുന്ന ആളുടെയല്ല എന്ന തിരിച്ചറിവ് കുറച്ചു പേർക്കെങ്കിലും അതുകൊണ്ടുണ്ടായി എന്ന് പ്രതീക്ഷിക്കുന്നു. മാനം കെടുത്തും എന്ന ഭീഷണിയിൽ ഏതു പെണ്ണിനേയും ഒതുക്കിക്കളയാം എന്ന മലയാള സിനിമ പഠിപ്പിച്ച ആ പാഠം ഇല്ലേ, അതാണവർ തെറ്റാണെന്നു തെളിയിച്ചത്; ഉൾക്കരുത്ത് കൊണ്ട് മാത്രം.

വീണ്ടും വീണ്ടും വിക്റ്റിം ഷെയിമിംഗ് നടത്തി അവളുടെ ആത്മവിശ്വാസം തകര്‍ക്കാന്‍ കിണഞ്ഞു ശ്രമിക്കുന്നവര്‍, അവരാരായാലും നിങ്ങള്‍ തകര്‍ക്കാന്‍ ശ്രമിക്കുന്നത് കേരളത്തിലെ ഓരോ പെണ്‍കുട്ടിയുടേയും മനോവീര്യമാണ്. ആക്രമിക്കപ്പെട്ടാല്‍ നീതിയും നിയമവ്യവസ്ഥയും സമൂഹവും ഞങ്ങള്‍ക്ക് താങ്ങും തണലുമായേക്കാം എന്ന് ഞങ്ങള്‍ക്കാദ്യമായി തോന്നിയ അവസരത്തെയാണ് നിങ്ങള്‍ നശിപ്പിക്കാന്‍ ശ്രമിക്കുന്നത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോന്‍സി മാത്യു

മോന്‍സി മാത്യു

ഫെമിനിസ്റ്റ്, ഓസ്‌ട്രേലിയയില്‍ കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍