UPDATES

കെ എ ആന്റണി

കാഴ്ചപ്പാട്

Political Column

കെ എ ആന്റണി

പുപ്പുലിയാണെന്ന് പറഞ്ഞു നടന്നാലും പിസി ജോര്‍ജ്ജിന് മേയാൻ ഒരു കുറ്റിക്കാടെങ്കിലും വേണ്ടേ?

പൂഞ്ഞാര്‍ പി സി യുടെ എൻ ഡി എ പ്രവേശവും സുധാകർജിയുടെ വിശദീകരണ വീഡിയോയും മൗദൂദിയൻമാരുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയവും

കെ എ ആന്റണി

പൂഞ്ഞാർ പി സിയുടെ എൻ ഡി എ പ്രവേശം

ഒടുവിൽ പൂഞ്ഞാർ പി സി അതുതന്നെ ചെയ്തു. രണ്ടും കൽപ്പിച്ചു തന്റെ ജനപക്ഷം പാർട്ടിയെ ബിജെപിയുടെ തൊഴുത്തിൽ കൊണ്ടുചെന്നു കെട്ടി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കർഷക സ്നേഹം കണ്ടിട്ട് ഇരിക്കപ്പൊറുതി മുട്ടിയിട്ടാണെന്നാണ് വിശദീകരണം. അല്ലെങ്കിലും ചേരേണ്ടത് ചേരേണ്ടിടത്ത്‌ ചേർന്നല്ലേ ഒക്കൂ. ഒരു കണക്കിന് പി സി-യെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ഞാനിപ്പോൾ എൻ ഡി യെക്കൊപ്പം പോകുമേ പോകുമേ എന്ന് പി സി പലവട്ടം പറഞ്ഞതാണ്. യു ഡി എഫും എൽ ഡി എഫും അത് കേട്ടഭാവം പോലും നടിച്ചില്ല. ഫ്രാങ്കോ ബിഷപ്പിനെ കാണാൻ പോയ കൂട്ടത്തിൽ ഡൽഹിയിൽ സോണിയാജിയെ നേരിൽ കണ്ട് സങ്കടം ഉണർത്തിക്കാൻ ഒരു ശ്രമവും നടത്തിയതാണ്. അതുകൊണ്ടും കാര്യമൊന്നും ഉണ്ടായില്ല. അപ്പോൾ പിന്നെ നീതിമാനായ പൂഞ്ഞാർ പി സി പിന്നെന്തു ചെയ്യാൻ! കാര്യം പുലിയാണ്, പുപ്പുലിയാണ് എന്നൊക്കെ പറഞ്ഞുനടന്നാലും മേയാൻ ഒരു കുറ്റിക്കാടെങ്കിലും വേണ്ടേ? കേറിക്കിടക്കാൻ ഒരു ചെറിയ ഗുഹയെങ്കിലും ഇല്ലാതെ വന്നാൽ പിന്നെ എന്തോന്ന് പുലി?

അല്ലെങ്കിലും പൂഞ്ഞാർ പി സി യുടെ എൻ ഡി എ പ്രവേശം ഏതാണ്ട് ഉറപ്പായിരുന്നു. ശബരിമല വിഷയം കത്തിനിന്ന വേളയിൽ ഒന്നും കാണാതെ ഒന്നുമായിരുന്നില്ല പി സി കരിമുണ്ടുടുത്തു ശരണം വിളിയുമായി കേരള നിയമസഭയിൽ എത്തിയതും ബി ജെ പിയുടെ രാജേട്ടനോപ്പം സഭയിൽ ഉപവിഷ്ടനായതും. പാർട്ടിയിലെ ചില എരണംകെട്ടവർ തടഞ്ഞില്ലായിരുന്നെങ്കിൽ അന്നേ പി സി എൻ ഡി എ യിൽ ചേർന്നേനെ. ഒടുവിൽ പി സി എൻ ഡി എ യിലേക്ക് പോയെങ്കിലും ജനപക്ഷത്തെ പലരും പോയിട്ടില്ലെന്നാണ് കേൾക്കുന്നത്. അതൊന്നും പി സി ക്കു അത്ര വലിയ പ്രശ്‌നമൊന്നുമല്ല കേട്ടോ.

കുമ്പക്കുടി സുധാകർജിയുടെ വിശദീകരണ വീഡിയോ

പൂഞ്ഞാർ പി സി രണ്ടും കൽപ്പിച്ചു എൻ ഡി എ-യിൽ ചേർന്നപ്പോൾ കണ്ണൂരിലൊരാൾ താൻ ഒരുകാലത്തും എൻ ഡി എ യെക്കൊപ്പം പോകില്ലെന്ന് വോട്ടർമാരെ ബോധ്യപ്പെടുത്താനുള്ള തത്രപ്പാടിലാണ്. കെ സുധാകരൻ ജയിച്ചാൽ മോദിക്കൊപ്പം പോകുമെന്ന പ്രചാരണം മണ്ഡലത്തിൽ സജീവമാണ്. പ്രചാരണം വെറുതെ പൊട്ടിമുളച്ചതല്ല. ഒരർത്ഥത്തിൽ സ്വയം വരുത്തിവെച്ച ഒന്ന് തന്നെയാണതെന്നു പറയേണ്ടിവരും. ബി ജെ പി യിൽ ചേരണമെന്നാവശ്യപ്പെട്ട് ചില ദൂതന്മാർ തന്നെ ചെന്നൈയിൽ വെച്ച് സമീപിച്ചിരുന്നുവെന്ന് മുൻപ് ഒരു ന്യൂസ് പോർട്ടലിന് നൽകിയ അഭിമുഖത്തിൽ സുധാകർജി തന്നെയാണ് വെളിപ്പെടുത്തിയത്. അതിൽ പിടിച്ചാണ് രാഷ്ട്രീയ പ്രതിയോഗികൾ കണ്ണൂരിൽ നിന്നും ജയിച്ചാൽ സുധാകരൻ മോദിക്കൊപ്പം പോകുമെന്ന പ്രചാരണം തുടങ്ങിയത്.

ഒരു ഇറച്ചിക്കടയുടെ പശ്ചാത്തലത്തിൽ അവിടെ നടക്കുന്ന രാഷ്ട്രീയ ചർച്ചയാണ് വീഡിയോയുടെ ഉള്ളടക്കം. ഇറച്ചിവെട്ടുകാരനെ സി പി എം കാരനായാണ് അവതരിപ്പിക്കുന്നത്. ഇതിനു ബലം നൽകാനായി പശ്ചാത്തലത്തിൽ ചെ ഗുവേരയുടെ ചിത്രവുമുണ്ട്. ജയിച്ചാൽ ഓന്‍ കാലുമാറും എന്ന് ഇറച്ചിവെട്ടുകാരൻ പറയുമ്പോള്‍ അതിനെ ശക്തമായി എതിര്‍ക്കുകയാണ് മറ്റുള്ളവര്‍. ഇന്നും ഇന്നലെയും കെ സുധാകരനെ കാണുവാന്‍ തുടങ്ങിയതല്ലെന്നും, വിരിഞ്ഞ് നിന്നപ്പോള്‍ പോലും ആ പൂ പറിക്കാന്‍ പോയിട്ടില്ലെന്നും. അപ്പോഴാണോ വാടിയപ്പോള്‍ എന്നും അവർ തിരിച്ചു ചോദിക്കുന്നു.സി പി എം അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളാണെന്ന് സ്ഥാപിക്കാൻ ലക്ഷ്യമിട്ടുള്ള ‘നീ പച്ച ഇറച്ചി വെട്ടുന്നവനാണ്. നീ ഇങ്ങനെയെ പറയൂ’ എന്ന ഒരു പഞ്ച് ഡയലോഗും വീഡിയോയിലുണ്ട്.

വീഡിയോ വൻ ഹിറ്റാണെന്നു സുധാകര അനുകൂലികൾ അവകാശപ്പെടുമ്പോൾ ബിജെപിയിലേക്ക് പോകില്ലെന്ന് പരസ്യം ചെയ്ത് പറയേണ്ട അവസ്ഥയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് എന്നാണ് ഇടതു പക്ഷത്തിന്റെ പരിഹാസം. ഇതോടൊപ്പം ഇറച്ചിവെട്ടുകാരെ അപമാനിക്കുന്ന രീതിയിലാണ് പരസ്യം എന്നും വിമര്‍ശനം ഉയരുന്നുണ്ട്.

മൗദൂദിയൻമാരുടെ മൂല്യാധിഷ്ഠിത രാഷ്ട്രീയം

മൂല്യാധിഷ്ഠിത രാഷ്ട്രീയത്തിന്റെ വക്താക്കളാണ് മൗദൂദിയുടെ ആശയങ്ങളിൽ അധിഷ്ഠിതമായി രുപീകരിക്കപ്പെട്ട ജമാഅത്തെ ഇസ്ലാമി എന്ന പ്രസ്ഥാനം. എൻ എസ എസ്സിന്റെ സമദൂര സിദ്ധാന്തം പോലെ ആരെയും കൺഫ്യൂഷനിൽ ആക്കാൻ പോന്ന ഒന്നാണ് മൗദൂദിയൻമാരുടെ ഈ മൂല്യാധിഷ്ഠിത രാഷ്ട്രീയം. വെൽഫെയർ പാർട്ടി എന്ന പേരിൽ സ്വന്തമായി ഒരു രാഷ്ട്രീയ പാർട്ടി രൂപീകരിക്കുന്നതിനും എത്രയോ മുൻപ്, എന്ന് വെച്ചാൽ 1990ൽ തന്നെ അവർ മുന്നോട്ടുവെച്ച ഒരു മുദ്രാവാക്യമാണ് മൂല്യാധിഷ്ഠിത രാഷ്ട്രീയം എന്നത്. രാഷ്ട്രീയ പ്രവർത്തനത്തിൽ മൂല്യങ്ങൾ കാത്തു സൂക്ഷിക്കുന്നവർക്ക് വോട്ട് എന്ന നിലപാടിലൂന്നിയാണ് ഇങ്ങനെയൊരു മുദ്രാവാക്യം പ്രസ്ഥാനം മുന്നോട്ടുവെച്ചതെങ്കിലും അവർ പിന്തുണച്ചവരിൽ ചിലരെങ്കിലും രാഷ്ട്രീയ നെറികേടിന്റെ പര്യായമായിരുന്നു എന്നതായിരുന്നു അനുഭവം എന്നതിനാൽ പ്രസ്ഥാനത്തിന്റെ ഈ മുദ്രാവാക്യം തുടക്കത്തിൽ തന്നെ ചോദ്യം ചെയ്യപ്പെട്ടിരുന്നു. വെൽഫെയർ പാർട്ടിയുടെ രൂപീകരണ ശേഷം അസംബ്ലി – ലോക് സഭ മണ്ഡലങ്ങളിൽ സ്വന്തം സ്ഥാനാർത്ഥിയെ നിറുത്തി മത്സരിപ്പിച്ചെങ്കിലും കെട്ടിവെച്ച കാശ് പോയതോടെ മത്സരം സെലക്ടീവ് ആക്കാനും അല്ലാത്തിടങ്ങളിൽ മൂല്യബോധമുള്ളവർക്കു വോട്ടുചെയ്യാനും തീരുമാനമുണ്ടായി. മൂല്യം എന്നത് ജമാഅത്തെ ക്കാർ സ്വന്തം ഇഷ്ട്ടപ്രകാരം തീരുമാനിക്കുന്ന ഒന്നാകയാൽ സ്ത്രീ സ്ഥാനാർത്ഥികൾക്കു ഒരിക്കലും സ്ഥാനമുണ്ടായിരുന്നില്ലെന്നു മാത്രമല്ല പലപ്പോഴും അവരുടെ വോട്ട് മൂല്യബോധമില്ലാത്തവർക്കു തന്നെ കിട്ടിപ്പോന്നു. ഇത്തവണ യു ഡി എഫിന് പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ മൗദൂദികൾ കണ്ണൂർ അടക്കമുള്ള മണ്ഡലങ്ങളിൽ സ്വന്തം നിലക്കാണ് യു ഡി എഫ് സ്ഥാനാര്‍ത്ഥികൾക്കുവേണ്ടി തിരെഞ്ഞെടുപ്പ് കൺവെൻഷനുകൾ സംഘടിപ്പിക്കുന്നതും പോസ്റ്റർ ഒട്ടിക്കുന്നതുമൊക്കെ. നോക്കണേ മൗദൂദിയുടെ മൂല്യബോധത്തിന്റെ പോക്ക്.

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍