UPDATES

ട്രെന്‍ഡിങ്ങ്

ദളിത് ഹര്‍ത്താല്‍; പിണറായിയെ ജനം വിധിക്കട്ടെ, ആന്റണിയോടും ജാനുവിനോടും ചിലത് ചോദിക്കാനുണ്ട്

പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സര്‍ക്കാരുമൊക്കെ ഒരു കാര്യം മനസിലാക്കണം, ദളിത് ഹര്‍ത്താല്‍ വിരുദ്ധ നിലപാടിലൂടെ നിങ്ങള്‍ നേടിയത് ഒരു വലിയ വിഭാഗം ജനങ്ങളുടെ എതിര്‍പ്പാണ്

കെ എ ആന്റണി

കെ എ ആന്റണി

തിങ്കളാഴ്ച ദളിത്-ആദിവാസി സംഘടനകള്‍ നടത്തിയ ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ കേരളത്തിലെ ഇടതു മുന്നണി സര്‍ക്കാര്‍ ശ്രമിച്ചുവെന്ന ആക്ഷേപം ശക്തമാണ്. ദളിത്-ആദിവാസി സംഘടന നേതാക്കള്‍ മാത്രമല്ല, കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളും ഇതേ വിമര്‍ശനം തന്നെയാണ് ചൊരിഞ്ഞത്. ദളിതര്‍ക്കും ആദിവാസി ഗോത്ര വിഭാഗങ്ങള്‍ക്കുമെതിരേ രാജ്യത്തു വര്‍ധിച്ചു വരുന്ന അതിക്രമങ്ങള്‍ക്കും പട്ടിക ജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമത്തില്‍ വെള്ളം ചേര്‍ക്കാനുമുള്ള നീക്കത്തിലും പ്രതിക്ഷേധിച്ചായിരുന്നു ഹര്‍ത്താല്‍. സമരം പ്രധാനമായും കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരേയായിരുന്നിട്ടും ആദിവാസി ഗോത്ര മഹ സഭ നേതാവ് എം ഗീതാനന്ദന്‍ അടക്കമുള്ളവരെ കരുതല്‍ തടങ്കലില്‍ വെച്ചും മറ്റും ഹര്‍ത്താല്‍ പരാജയപ്പെടുത്താന്‍ പിണറായി സര്‍ക്കാര്‍ വല്ലാത്തൊരു ആവേശം കാണിച്ചുവെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ കെ ആന്റണി അടക്കമുള്ള സകലമാന കോണ്‍ഗ്രസ് നേതാക്കളും ആരോപിക്കുന്നത്. ഇതേ ആക്ഷേപം കുറച്ചുകൂടി കടുത്ത ഭാഷയില്‍ ആദിവാസി നേതാവ് സി കെ ജാനുവും ഉന്നയിക്കുന്നുണ്ട്.

കേരളത്തിലും രാജ്യത്തും പലരും ഹര്‍ത്താല്‍ നടത്തുമ്പോള്‍ ദളിതര്‍ക്ക് അത് പാടില്ലെന്ന പ്രതീതി ജനിപ്പിക്കുന്നത് തന്നെ ഈ സര്‍ക്കാരിന്റെ ഏറ്റവും വലിയ ദളിത് പീഡനമാണെന്നാണ് ആന്റണി ഇന്നലെ തിരുവനന്തപുരത്തു പറഞ്ഞത്. ദളിതര്‍ക്കു നേരെയുള്ള അതിക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതിനെ മാത്രമല്ല, ഗീതാനന്ദനെ അറസ്റ്റ് ചെയ്ത നടപടിയെയും ആന്റണി വിമര്‍ശിക്കുകയുണ്ടായി. ഗീതാനന്ദനും കൂട്ടരുമായി തെറ്റിപ്പിരിഞ്ഞു പുതിയ പാര്‍ട്ടിയുണ്ടാക്കി ബി ജെ പി നേതൃത്വം നല്‍കുന്ന എന്‍ ഡി എ യുടെ ഭാഗമായി മാറിയ ജാനു കാര്യങ്ങള്‍ കുറച്ചുകൂടി കടുപ്പിച്ചു തന്നെയാണ് പറഞ്ഞത്. അഴിമുഖത്തിന് നല്‍കിയ അഭിമുഖത്തില്‍ ജാനു ഇന്നലത്തെ ഹര്‍ത്താലിനെ പൊളിച്ചടുക്കാന്‍ പിണറായി സര്‍ക്കാര്‍ ശ്രമിച്ചെന്നും ഇത് വ്യക്താമാക്കുന്നതു മാടമ്പി സ്വഭാവമാണെന്നും തുറന്നടിക്കുകയുണ്ടായി.

‘കേരളം പോലുള്ള ഒരു സംസ്ഥാനത്തു ദളിതര്‍ക്കു ഹര്‍ത്താല്‍ നടത്താന്‍ പറ്റില്ലെന്ന് പറയുന്നത് ഫ്യൂഡല്‍ മാടമ്പിത്തരമാണ്. കേരളത്തിലെന്നല്ല, ഭാരതത്തിലും ദളിതര്‍ക്കെതിരേ നിലകൊള്ളുന്ന ഭരണാധികാരികളാണ് ഭരിക്കുന്നത്. ദളിതരെ മാറ്റിനിര്‍ത്തുന്നതില്‍ എല്ലാവരും ഒരേ നിലപാടെടുക്കുന്നു. ചെറിയ പാര്‍ട്ടികള്‍ നടത്തുന്ന ഹര്‍ത്താലുകളെ അനുകൂലിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്യുമ്പോള്‍ ദളിത് സംഘടനകളുടെ ഹര്‍ത്താലിനെ തകര്‍ക്കാനാണ് പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. ഹര്‍ത്താല്‍ നടത്തുന്നതൊക്കെ ഞങളുടെ പണിയാണ്. ആദിവാസിയും ദളിതനുമൊന്നും അത് നടത്തേണ്ട, ഞങ്ങള്‍ പറയുന്നത് അനുസരിച്ചു കാല്‍ക്കീഴില്‍ നിന്നാല്‍ മതിയെന്ന ധാര്‍ഷ്ട്യമാണ് ഇത് വ്യക്തമാക്കുന്നത്.’ ഇങ്ങനെ പോകുന്നു ജാനുവിന്റെ പ്രതിഷേധം.

ദളിത് ഹര്‍ത്താല്‍ തകര്‍ക്കാന്‍ നോക്കിയ ഇടതുപക്ഷം തങ്ങളാണ് ഏറ്റവും വലിയ ബൂര്‍ഷ്വകളെന്ന് തെളിയിച്ചിരിക്കുന്നു; സി കെ ജാനു

എ കെ ആന്റണിയും ജാനുവും പറയുന്നത് ഒരേ കാര്യം തന്നെയാണ്. ചങ്ങമ്പുഴ കവിതയിലെ മലയപ്പുലയനെയും അയാളുടെ കിടാത്തന്മാരെയും കുറിച്ച് കണ്ണീര്‍ വാര്‍ക്കുകയും അതേസമയം നമ്മുടെ ചുറ്റുവട്ടത്ത്, നമ്മുടെ കണ്മുന്‍പില്‍ നടക്കുന്ന ദളിത് ആദിവാസി ദുരവസ്ഥ കാണാതെ പോവുകയും ചെയ്യുന്ന ഒരു സമൂഹം എങ്ങനെ ദളിതന്റെ പ്രതിഷേധ സമരത്തെ അനുകൂലിക്കാന്‍! സത്യത്തില്‍ ഇത് തന്നെയാണ് ഇന്നലെ കേരളത്തില്‍ സംഭവിച്ചതും.

യാഥാര്‍ഥ്യം ഇതൊക്കെയാണെങ്കിലും ദളിത് ഹര്‍ത്താലിനെ ചൊല്ലി വിലപിക്കുന്ന എ കെ ആന്റണിയോടും സി കെ ജാനുവിനോടും ചില കാര്യങ്ങള്‍ ചോദിക്കാതെ തരമില്ല. ഒന്ന്, രണ്ടുപേരുടെ മരണത്തിനിടയാക്കിയ 2003 ലെ മുത്തങ്ങ സമരത്തെക്കുറിച്ചു തന്നെയാണ്. അന്ന് സമര മുഖത്ത് ജാനുവും ഗീതാനന്ദനും അവര്‍ നയിച്ച ഒരു പറ്റം പാവം ആദിവാസികളുമായിരുന്നു. മറുഭാഗത്തു തോക്കും ലാത്തിയുമായി വലിയൊരു സംഘം പോലീസും. കേരളത്തിന്റെ മുഖ്യമന്ത്രി കസേരയില്‍ എ കെ ആന്റണി. സെക്രെട്ടറിയേറ്റിനു മുന്‍പില്‍ ജാനുവിന്റെയും ഗീതാനന്ദന്റെയും നേതൃത്വത്തില്‍ ആദിവാസികള്‍ നടത്തിയ ഐതിഹാസിക സമരത്തിനൊടുവില്‍ എ കെ ആന്റണി തന്നെ അന്യാധീനപ്പെട്ട ആദിവാസി ഭൂമികള്‍ തിരിച്ചുപിടിച്ചു അവര്‍ക്കു നല്‍കുമെന്ന ഉറപ്പു പാലിക്കപ്പെടാതെ പോയപ്പോഴായിരുന്നു മുത്തങ്ങയില്‍ വനഭൂമി കൈയ്യേറി ആദിവാസികള്‍ കുടില്‍കെട്ടി സമരം തുടങ്ങിയത്. ആ സമരത്തെ ചോരയില്‍ മുക്കിക്കൊന്ന സര്‍ക്കാരിന് നേതൃത്വം നല്‍കിയ ആന്റണിക്ക് ഇപ്പോള്‍ ഇതൊക്കെ പറയാന്‍ എങ്ങിനെ കഴിയുന്നു എന്ന് അറിയില്ല. ആദിവാസി-ദളിത് വേട്ട തുടരുന്ന ബിജെപി ക്കൊപ്പം നില്‍ക്കുന്ന ജാനു ആദ്യം ചെയ്യേണ്ടത് അവരുമായുള്ള ചങ്ങാത്തം അവസാനിപ്പിക്കുക എന്നതല്ലേ എന്ന സംശയവും ബലപ്പെട്ടു നില്‍ക്കുന്നു.

ഇത് പറയുമ്പോഴും പിണറായി വിജയനും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സര്‍ക്കാരുമൊക്കെ ഒരു കാര്യം മനസ്സിലാക്കുന്നത് നന്നായിരിക്കും. ഇന്നലത്തെ ഹര്‍ത്താല്‍ വിരുദ്ധ നടപടികള്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട, അടിച്ചമര്‍ത്തപ്പെട്ട ഒരു വലിയ വിഭാഗം ജനങ്ങളെ നിങ്ങള്‍ക്കെതിരാക്കാന്‍ മാത്രമേ സഹായിച്ചിട്ടുള്ളു എന്ന കാര്യം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍