UPDATES

ട്രെന്‍ഡിങ്ങ്

പിണറായി ഇനി തുറന്നു ചിരിക്കും; (സ്വന്തം പാര്‍ട്ടിയിലെ) കുശാഗ്രബുദ്ധികളോ?

ഇതൊക്കെയാണെങ്കിലും ലാവ്ലിന്‍ കേസ്സ് എന്നൊന്നില്ലായെന്നു ഹൈക്കോടതി പറഞ്ഞിട്ടില്ല

കെ എ ആന്റണി

കെ എ ആന്റണി

കേരള മുഖ്യമന്ത്രി പിണറായി വിജയന് ഇനി മനസുതുറന്നു ചിരിക്കാം. വര്‍ഷങ്ങളായി തന്നെ പിന്തുടരുന്ന ഒരു വലിയ കേസില്‍ നിന്നാണ് ഇന്ന് കേരള ഹൈക്കോടതി പിണറായിയെ കുറ്റവിമുക്തനാക്കിയിരിക്കുന്നത്. പൊതുഖജനാവിന് 374 കോടിയോളം രൂപയുടെ നഷ്ടം വരുത്തിവെച്ചു എന്ന് സി.എ.ജി കണ്ടെത്തിയ പ്രമാദമായ എസ്എന്‍സി ലാവലിന്‍ കേസില്‍ ഒരിക്കല്‍ (2013 നവംബറില്‍) തിരുവനന്തപുരം സിബിഐ കോടതി കുറ്റവിമുക്തനാക്കിയ ഒരാള്‍ക്ക് തന്നെയാണ് ഇന്ന് കേരള ഹൈക്കോടതി ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കുന്നത്. എന്ന് കരുതി ഈ കേസ് ഇവിടെ അവസാനിച്ചുവെന്ന് കരുതേണ്ടതില്ല. എങ്കിലും ഇന്നത്തെ വിധി പിണറായിക്കും അദ്ദേഹത്തിന്റെ പാര്‍ട്ടിക്കും നല്‍കുന്ന ആശ്വാസം ചില്ലറയൊന്നുമല്ല .

പിണറായിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് ജസ്റ്റിസ് പി ഉബൈദ് നടത്തിയ വിധി പ്രസ്താവത്തില്‍ എടുത്തുപറയുന്ന പ്രധാന കാര്യം പിണറായിയെ സിബിഐ ബലിയാടാക്കുകയായിരുന്നു എന്നാണ്. ശരിക്കും പറഞ്ഞാല്‍ ‘പിക്ക് ആന്‍ഡ് ചൂസ്’ എന്ന പ്രയോഗം തന്നെ കോടതി നടത്തിയിരിക്കുന്നു എന്നാണു മനസ്സിലാക്കുന്നത്. ലാവ്ലിന്‍ കരാര്‍ കാലത്തു വൈദുതി മന്ത്രിമാരായിരുന്ന ജി കാര്‍ത്തികേയന്‍ അടക്കമുള്ളവരെ ഒഴിവാക്കി പിണറായിയെ മാത്രം തിരഞ്ഞുപിടിച്ചു വേട്ടയാടി എന്ന ഈ നിരീക്ഷണത്തെ അത്ര കുറച്ചുകാണേണ്ടതില്ല എന്ന് വേണം കരുതാന്‍.

പതിവ് തെറ്റിച്ച് 102 പേജുകളുള്ള വിധി പൂര്‍ണമായും വായിക്കാന്‍ ജഡ്ജി തീരുമാനിച്ചു എന്നതും ഏറെ ശ്രദ്ധേയമാണ്. അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കുന്നതിനുവേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നതെന്നും തനിക്കു ഒരുപാട് ഊമക്കത്തുകള്‍ ലഭിച്ചിരുന്നുവെന്നും ഒരു ജഡ്ജി പറയുമ്പോള്‍ ഈ കേസില്‍ എത്ര കണ്ടു രാഷ്ട്രീയ താത്പര്യങ്ങള്‍ ഉണ്ടായിരുന്നുവെന്നും മനസ്സിലാക്കേണ്ടതുണ്ട്. പിണറായിയെ സിബിഐ കോടതി കുറ്റവിമുക്തനാക്കിയത് 2013 ലാണെങ്കില്‍ ഇതിനെതിരെ അന്ന് ഭരണം നടത്തിയിരുന്ന ഉമ്മന്‍ ചാണ്ടി സര്‍ക്കാര്‍ അപ്പീല്‍ പോകാന്‍ തീരുമാനിക്കുന്നതും അതിനു സിബിഐ യെ പ്രേരിപ്പിക്കുന്നതും സര്‍ക്കാരിന്റെ കാലാവധി അവസാനിക്കുന്നതിനു തൊട്ടു മുന്‍പ് മാത്രമായിരുന്നവെന്നതും ഏറെ ശ്രദ്ധേയമാണ്.

"</p

പിണറായിക്ക് മനസ്സ് തുറന്നു ചിരിക്കാം എന്ന് പറയുമ്പോള്‍ മറ്റു ചിലര്‍ക്ക് ഇത് അത്ര നല്ല വാര്‍ത്തയല്ല, സ്വന്തം പാര്‍ട്ടിയില്‍ പെട്ട ചിലര്‍ക്കടക്കം. അവരുടെ പേരുകള്‍ ഇവിടെ തത്ക്കാലം എഴുതുന്നില്ല. എം.വി രാഘവനെ ഒതുക്കുന്നതിനുവേണ്ടി പിണറായിയെ നേതൃനിരയിലേക്ക് പൊന്തിച്ചു കൊണ്ടുവന്ന ആ കുശാഗ്ര ബുദ്ധി ലാവ്ലിന്‍ വിഷയത്തില്‍ നാളിതുവരെ കൈക്കൊണ്ട നിലപാട് എന്തായിരുന്നുവെന്ന് ഏവര്‍ക്കും അറിയാവുന്ന ഒന്നാകുന്നതുകൊണ്ടാണ് ആ പേര് ഇവിടെ ആവര്‍ത്തിക്കാതിരിക്കുന്നത്.

ലാവ്ലിന്‍ കരാര്‍ ഒപ്പിടുന്ന വേളയില്‍ പിണറായി വിജയന്‍ കേരളത്തില്‍ വൈദ്യുതി മന്ത്രിയായിരുന്നു. മന്ത്രിയായിരുന്നത് കഷ്ടി ഒരു വര്‍ഷം ആയിരുന്നെങ്കിലും നല്ലൊരു ഭരണാധികാരി എന്ന് പേരെടുത്ത ആളാണ് വിജയന്‍. ബദല്‍ രേഖയുടെ പേരു പറഞ്ഞ് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ട എംവിആറിനെ മലബാറില്‍ തളയ്ക്കാന്‍ പോന്ന ആള്‍ എന്ന നിലയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് പിണറായി നിയോഗിക്കപ്പെടുന്നതിനു പിന്നിലും അന്ന് പ്രവര്‍ത്തിച്ച തല, നേരത്തെ സൂചിപ്പിച്ച കുശാഗ്രബുദ്ധിയുടേതു തന്നെ.

ഇതൊക്കെയാണെങ്കിലും ലാവ്ലിന്‍ കേസ്സ് എന്നൊന്നില്ലായെന്നു ഹൈക്കോടതി പറഞ്ഞിട്ടില്ല. ഈ കേസില്‍ പ്രതിപ്പട്ടികയില്‍ ഉള്ള മൂന്ന് മുന്‍ കെഎസ്ഇബി ഉദോഗസ്ഥരുടെ പങ്കു സംശയാസ്പദമാണെന്ന കോടതിയുടെ നിരീക്ഷണം വ്യക്തമാക്കുന്നത് ലാവ്ലിന്‍ കേസ് ഒരു അടഞ്ഞ അധ്യായം അല്ലെന്നു തന്നെയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍