UPDATES

ട്രെന്‍ഡിങ്ങ്

ഹാദിയ പഠിക്കട്ടെ, പക്ഷെ അവള്‍ സര്‍വ്വതന്ത്രസ്വതന്ത്രയാണെന്ന പ്രയോഗം ശരിയാണോ, മൈ ലോര്‍ഡ്

തങ്ങള്‍ ജയിച്ചുവെന്ന ഇരു പക്ഷത്തിന്റെയും അവകാശവാദം തികച്ചും വിചിത്രം തന്നെ എന്ന് പറയേണ്ടി വരുന്നു.

കെ എ ആന്റണി

കെ എ ആന്റണി

ഹാദിയ വിഷയത്തില്‍ ഇരു പക്ഷവും വിജയം അവകാശപ്പെടുന്നുണ്ടെങ്കിലും ഹാദിയക്ക് പറയാനുള്ളത് മുഴുവന്‍ കേട്ടതിനു ശേഷം ഇന്നലെ സുപ്രീം കോടതി പുറപ്പെടുവിച്ച ഉത്തരവ് പരിശോധിച്ചാല്‍ വ്യക്തമാകുന്ന കാര്യം ഈ കേസില്‍ ആരും പൂര്‍ണ്ണമായും ജയിച്ചതുമില്ല തോറ്റതുമില്ല എന്നതാണ്. ഹാദിയയെ ഷെഫിന്‍ ജഹാനൊപ്പം പോകാന്‍ അനുവദിക്കാതിരിക്കുക വഴി ഇവര്‍ തമ്മിലുള്ള വിവാഹ ബന്ധത്തെ അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിനെ സുപ്രീം കോടതി തല്‍ക്കാലത്തേക്കെങ്കിലും അംഗീകരിച്ചിരിക്കുന്നു എന്ന് തന്നെ വേണം കണക്കാക്കാന്‍. അതേപോലെ തന്നെ ഹാദിയയെ പിതാവിനൊപ്പം അയക്കാതെ പഠനം പൂര്‍ത്തിയാകുന്നതിനുവേണ്ടി സേലത്തേക്കു അയയ്ക്കാന്‍ ഉത്തരവിടുക വഴി പിതാവ് അശോകന്റെ വാദവും കോടതി നിരാകരിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തങ്ങള്‍ ജയിച്ചുവെന്ന ഇരു പക്ഷത്തിന്റെയും അവകാശവാദം തികച്ചും വിചിത്രം തന്നെ എന്ന് പറയേണ്ടി വരുന്നു.

സത്യത്തില്‍ സുപ്രീം കോടതിയെ ശ്രവിച്ച ശേഷം വിജയം അവകാശപ്പെട്ട് ദൈവത്തിനു നന്ദി പറഞ്ഞുകൊണ്ട് ഇരു പക്ഷവും നിരത്തിയ അവകാശ വാദങ്ങള്‍ കേട്ടപ്പോള്‍ പെട്ടെന്ന് ഓര്‍മയില്‍ വന്നത് ‘സന്തോഷ സൂചകമായ് തന്നതെല്ലാം സ്വീകരിച്ചു ബാലകരാം ഞങ്ങളിതാ പോകുന്നെ, ആ പോകുന്നെ’ എന്ന കരോള്‍ ഗാനമാണ്. ആഗ്രഹിച്ചത് മുഴുവന്‍ കിട്ടിയില്ലെങ്കിലും എന്തെക്കിലുമൊക്കെ കിട്ടി എന്ന ആശ്വാസവും അത് നല്‍കിയ ആത്മവിശ്വാസവും ഇരുപക്ഷത്തിന്റെയും അവരെ പിന്താങ്ങി വാര്‍ത്താ ചാനലുകളില്‍ പ്രത്യക്ഷപ്പെട്ട അഭിഭാഷകരുടെയും വാക്കുകളില്‍ പ്രകടമായിരുന്നു. ഈ ആശ്വാസവും ആത്മവിശ്വാസവും ഒക്കെ അവര്‍ വെച്ച് പുലര്‍ത്തട്ടെ. ചുരുങ്ങിയ പക്ഷം കോടതി ഈ കേസ് അടുത്ത ജനുവരിയില്‍ വീണ്ടും കേള്‍ക്കുന്നത് വരെയെങ്കിലും ഈ ഇന്ത്യാ മഹാരാജ്യത്ത്, പ്രത്യേകിച്ചും കേരളത്തില്‍ ശാന്തിയും സമാധാനവും ഉണ്ടാകുമല്ലോ?

ഹാദിയയും പഠിക്കട്ടെ; മലാലയെ പോലെ

ലൈലയുടെയും മജ്ജ്നുവിന്റെയും റോമിയോവിന്റെയും ജൂലിയറ്റിന്റെയുമൊക്കെ പ്രണയ കഥ കേള്‍ക്കുകയോ വായിക്കുകയോ ചെയ്തിട്ടുള്ളവരാണ് നമ്മളില്‍ പലരും. യഥാര്‍ത്ഥ ജീവിതത്തില്‍ അത്തരത്തില്‍ ഒന്ന് ഇസ്ലാം മതം സ്വീകരിക്കുക വഴി ഹാദിയ ആയി മാറിയ അഖിലയുടെയും ഷെഫിന്‍ ജഹാന്റെയും വിവാദ ബന്ധത്തിലൂടെ നമുക്ക് മുന്‍പില്‍ സംഭവിച്ചിരിക്കുന്നു. മുന്‍പ് സൂചിപ്പിച്ച കഥകളില്‍ എന്നത് പോലെ ഒരുമിച്ചു ജീവിക്കുക എന്ന ആഗ്രഹത്തിന് തടസ്സം സൃഷ്ടിക്കുന്ന ഒട്ടേറെ ഘടകങ്ങള്‍ ഇവര്‍ക്ക് മുന്‍പിലും ഉണ്ട്. അഖില എന്ന 24 വയസ്സുകാരി ഹിന്ദു പെണ്‍കുട്ടി മതം മാറി വിവാഹം കഴിച്ചിടത്തു നിന്നാരംഭിച്ച എതിര്‍പ്പ് കൂടുതല്‍ കരുത്താര്‍ജ്ജിക്കുന്നത് അവളെ വിവാഹം കഴിച്ച ഷെഫിന്‍ ജെഹാനില്‍ തീവ്രവാദ ബന്ധം ആരോപിക്കപ്പെടുന്നിടത്തു നിന്നാണ്. ഒരു പക്ഷെ തുടക്കത്തില്‍ സംയമനം പുലര്‍ത്തിയ അശോകന്‍ എന്ന പിതാവിനെ കര്‍ക്കശ നിലപാട് എടുപ്പിക്കാന്‍ പ്രേരിപ്പിച്ചതും ഷെഫിന്‍ ജെഹാനില്‍ ആരോപിക്കപ്പെട്ടിട്ടുള്ള ഈ തീവ്രവാദ ബന്ധം തന്നെയാണ്.

ഷെഫിന്‍ ജഹാനില്‍ ആരോപിക്കപ്പെട്ടിട്ടുള്ള തീവ്രവാദ ബന്ധം നിലവില്‍ കോടതി പരിഗണിച്ചിട്ടില്ലെന്നു മാത്രമല്ല ഒരു തീവ്രവാദിയെ പ്രണയിക്കുകയോ വിവാഹം കഴിക്കുകയോ ചെയ്യുന്നതില്‍ നിന്നും പ്രായപൂര്‍ത്തിയായ ഒരാളെ വിലക്കാന്‍ ആര്‍ക്കും അവകാശമില്ല എന്ന നിരീക്ഷണം കോടതി നടത്തിയിട്ടുമുണ്ട്. ആ അര്‍ത്ഥത്തില്‍ ഹാദിയായ്ക്കും ഷെഫിന്‍ ജഹാനും അവരെ പിന്തുണക്കുന്നവര്‍ക്കും ആശ്വസിക്കാമെങ്കിലും അടുത്ത ജനുവരിയില്‍ കേസ് വീണ്ടും പരിഗണയ്ക്കുമ്പോള്‍ എന്‍ഐഎ ഷെഫിന്‍ ജഹാനെതിരെ ഹാജരാക്കുന്ന തെളിവുകളുടെ ബലത്തെ ആശ്രയിച്ചിരിക്കും ഇവരുടെ ഭാവിജീവിതം എന്ന കാര്യത്തില്‍ തര്‍ക്കം വേണ്ട.

“സ്ത്രീ ആരുടേയും സ്വത്തല്ല, രക്ഷകര്‍ത്താക്കളും വേണ്ട”; ഹാദിയ കേസില്‍ കോടതിയില്‍ നടന്നത്

സുപ്രീം കോടതി ഉത്തരവ് വന്നതിനു പിന്നാലെ ഒരു ചാനല്‍ അഭിമുഖത്തില്‍ അധ്യാപകനും സാമൂഹ്യ നിരീക്ഷകനുമായ അഷ്റഫ് കടയ്ക്കല്‍ പറഞ്ഞതുപോലെ തിളയ്ക്കുന്ന വെള്ളത്തിലേക്ക് അല്പം പച്ചവെള്ളം ഒഴിക്കുക മാത്രമാണ് നിലവില്‍ സുപ്രീം കോടതി ചെയ്തിരിക്കുന്നത്. അതേ പോലെ തന്നെ അഡ്വക്കേറ്റ് ആഷി ഇന്നലെ ചൂണ്ടിക്കാണിച്ചതുപോലെ ഹാദിയ സര്‍വ സ്വതന്ത്രയാക്കപ്പെട്ടിരിക്കുന്നു എന്ന വാദവും പൂര്‍ണമായി അംഗീകരിക്കാനാവില്ല. ഹാദിയ പഠനം തുടരാന്‍ പോകുന്ന സേലത്തും ഹാദിയയുടെ സംരക്ഷണം ഉറപ്പു വരുത്തപ്പെടുമ്പോള്‍ അവര്‍ പോലീസിന്റെ നിരീക്ഷണത്തില്‍ തന്നെയായിരിക്കും എന്നതിനാല്‍ സര്‍വ സ്വതന്ത്ര എന്ന പ്രയോഗം എത്രകണ്ട് ശരിയാകും എന്ന ചോദ്യം വളരെ പ്രസക്തം തന്നെ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍