UPDATES

ട്രെന്‍ഡിങ്ങ്

തന്റെ ജനതയ്ക്ക് നീതി കിട്ടാൻ ഏത് വാതില്‍ മുട്ടണം? സി കെ ജാനുവിന്റെ രാഷ്ട്രീയ പ്രതിസന്ധി

വെള്ളമുണ്ടയിൽ ഒരു ടീച്ചറുടെ വീട്ടിൽ അടുക്കള പാത്രങ്ങൾ കഴുകുന്ന ജോലിയിൽ നിന്നും ജാനു തുടങ്ങിയ യാത്ര അവസാനിച്ചിട്ടില്ല

കെ എ ആന്റണി

കെ എ ആന്റണി

സി കെ ജാനു എന്ന ആദിവാസി നേതാവ് വല്ലാത്തൊരു പ്രതിസന്ധിയിലാണ്. ഇതാദ്യമല്ല ജാനു പ്രസന്ധികളെ നേരിടുന്നത്; ജീവിതത്തിലായാലും പിന്നീട് രാഷ്ട്രീയത്തിലായാലും. അടിച്ചമർത്തപ്പെട്ട, അരികുവത്കരിക്കപ്പെട്ട കേരളത്തിലെ ഗോത്രവർഗ ജനതയുടെ ഒരു പ്രധിനിധി തന്നെയാണ് ജാനുവും. ഒരു പക്ഷെ കേരളത്തിൽ തന്റെ ജനത്തിനു നീതിതേടി ഇറങ്ങിയ ഏക വനിത എന്ന വിശേഷണവും ജാനുവിന് ഇണങ്ങും. ഇനിയിപ്പോൾ അവർക്കും മുൻപ് മറ്റാരെങ്കിലും ഉണ്ടായിരുന്നുവെങ്കിൽ തന്നെ അത്തരം പേരുകൾ ഓർത്തെടുക്കാൻ പറ്റാത്തത് നമ്മുടെ ചരിത്ര നിർമിതിയുടെ വൈകല്യമെന്നു തന്നെ കരുതേണ്ടിവരും. അത്രയ്ക്ക് കേമം കൊണ്ടതാണല്ലോ നമ്മുടെ ചരിത്ര നിർമിതി. ചേകവ പെരുമ പാടുന്ന പാണരും കേരള വർമ്മ പഴശ്ശി രാജയുടെ പടയോട്ടത്തിന്റെ ഭാഗം മാത്രമാകുന്ന വയനാടൻ മല നിരകളിലെ ആദിവാസികളും എന്തിനിപ്പോൾ അയ്യപ്പനെ ഒരുകാലത്തു സ്വന്തം അയ്യനായി കണ്ടു വണങ്ങി പോന്നിരുന്ന മല അരയനുമൊക്കെ നമ്മുടെ ചരിത്ര നിർമിതിയിൽ എവിടെ നിൽക്കുന്നു എന്നതു മാത്രം ചിന്തിച്ചാൽ ബോധ്യവുമാകാവുന്നതേയുള്ളു.

ജാനുവിന്റെ പ്രതിസന്ധി തന്റെ ജനത്തിനു നീതികിട്ടാൻ ഇനി എവിടെ പോകണമെന്നാണ്. ഇതേ ചോദ്യം ഉന്നയിച്ചു ഏതെണ്ടെല്ലാ വാതിലുകളും ജാനു ഇതിനകം മുട്ടിയതാണ്. മുട്ടുവിൻ തുറക്കപ്പെടും എന്ന ബൈബിൾ വചനത്തെ സ്വാർത്ഥകമാകുംവിധം ഏതാണ്ടെല്ലാ രാഷ്ട്രീയ പാർട്ടികളും ജാനുവിനു മുന്നിൽ തങ്ങളുടെ വാതിലുകൾ തുറന്നുവെങ്കിലും ജാനു കാംക്ഷിച്ച, അവരുടെ സ്വന്തം ജനത അർഹിക്കുന്ന നീതി ഒഴിഞ്ഞു തന്നെ നിന്നു. ഏറ്റവുമൊടുവിൽ സംഘ്പരിവാറുമായുള്ള ബാന്ധവം ഉപേക്ഷിച്ചു ജാനുവിലെ ആദിവാസി ഗോത്ര വർഗ വിപ്ലവകാരി വീണ്ടുമൊരിക്കൽ കൂടി കമ്മ്യൂണിസ്റ്റുകൾ നയിക്കുന്ന ഇടതു പാളയത്തിൽ അഭയം തിരക്കുകയാണ്. സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനുമായും സി പി എം നേതാവും മന്ത്രിയുമായ എ കെ ബാലനുമായും ഇതിനകം ചർച്ച നടത്തിക്കഴിഞ്ഞുവെന്നും ഇടതു മുന്നണിയുമായി സഹകരിക്കുന്ന കാര്യത്തിൽ ഡിസംബർ മൂന്നിന് തീരുമാനം പ്രഖ്യാപിക്കുമെന്നും ജാനു ഇക്കഴിഞ്ഞ ദിവസം ‘അഴിമുഖ’ത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞതായി കണ്ടു. (കാനവും എകെ ബാലനും വിളിച്ചു, എല്‍ ഡി എഫുമായി ചര്‍ച്ച മൂന്നിന് – സി കെ ജാനു)

തിന്നാൻ വരുന്നത് ഏതു ചെകുത്താനായാലും താത്കാലിക നേട്ടത്തിനായി ആ ചെകുത്താനോടും കൂട്ടുകൂടാം എന്നായിരുന്നു ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനു മുൻപ് ബി ജെ പി നേതൃത്വം നൽകുന്ന എൻ ഡി എയുടെ ഘടക കക്ഷിയാകാൻ പുറപ്പെടുന്ന വേളയിൽ ജാനു എടുത്ത നിലപാട്. ഇതേ നിലപാട് തന്നെ ജാനു അഴിമുഖത്തിനു നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലും ആവർത്തിച്ചു കണ്ടു. ജാനുവിന്റെ വിശ്വാസം ജാനുവിനെ പൊറുപ്പിക്കട്ടെ എന്നു മാത്രമേ ഈ ഘട്ടത്തിൽ ഇതെഴുതുന്നയാൾക്കു പാരായാനുള്ളു. ജാനുവിന്റെ ആഗ്രഹവും വിശ്വാസവും നടക്കാതെ പോകട്ടെയെന്നു കരുതിയില്ല ഇങ്ങനെ പറയുന്നത്. മറിച്ചു ആദിവാസി ഗോത്രവർഗ്ഗക്കാര്‍ക്ക് ഇത്രയൊക്കെ നീതി മതിയെന്ന് പറയുന്നവരുടെ ലോകത്താണ് നമ്മൾ ഇപ്പോഴും ജീവിക്കുന്നതെന്നത് കൊണ്ടു കൂടിയാണ്.

കേരളത്തിൽ ആദിവാസി ഗോത്രവര്‍ഗ്ഗങ്ങൾ ഏറ്റവുമധികം അധിവസിക്കുന്ന വയനാട് ജില്ലയിൽ ജനിച്ചുവളർന്ന ആളാണ് സി കെ ജാനു. ആദിവാസികളുടെ മോചനം സ്വപ്നം കണ്ട് വസന്തത്തിന്റെ ഇടിമുഴക്കം സൃഷ്ടിക്കാൻ ഇറങ്ങിപ്പുറപ്പെട്ട എ വര്‍ഗ്ഗീസിന്റെ വെള്ളമുണ്ട വില്ലേജിൽ പെട്ട ചെക്കോട് കോളനിയിൽ പിറന്ന മറ്റൊരു വിപ്ലവ നക്ഷത്രം. ഒരാൾ ഒരു കുടിയേറ്റ നസ്രാണി കുടംബത്തിൽ പെട്ടയാളെങ്കിൽ മറ്റെയാൾ ഒരു ആദിവാസി ഗോത്രവർഗക്കാരി. പക്ഷെ അവർക്കിരുവർക്കുമിടയിൽ ചില സമാനതകളുണ്ട്. അതിലൊന്ന് 1970 എന്ന വര്‍ഷം തന്നെ. അടിയോരുടെ പെരുമൻ എന്നു ആദിവാസികൾ വിശ്വസിച്ച വര്‍ഗ്ഗീസ് വെടിയേറ്റുമരിച്ച 1970ൽ തന്നെയാണ് ജാനുവിന്റെ ജനനം. വയനാട്ടിലെ അധസ്ഥിതർക്കു വേണ്ടി വര്‍ഗ്ഗീസിന് ശേഷം ഉദിച്ചുയർന്ന ജാനുവെന്ന വിപ്ലവ നക്ഷത്രത്തിന് പക്ഷെ കാലിടറുന്നതാണ് പലപ്പോഴും കണ്ടത്. അന്തിമ വിജയത്തിനായി ഏതു ചെകുത്താനോടും കൂട്ടുകൂടാം എന്ന മുകളിൽ സൂചിപ്പിച്ച അഭിമുഖത്തിൽ പറയുന്ന ആ നിലപാട് തന്നെയാവാം ഒരുപക്ഷേ കാരണം.

വെള്ളമുണ്ടയിൽ ഒരു ടീച്ചറുടെ വീട്ടിൽ അടുക്കള പാത്രങ്ങൾ കഴുകുന്ന ജോലിയിൽ നിന്നും ജാനു തുടങ്ങിയ യാത്ര അവസാനിച്ചിട്ടില്ല. ജാനുവെന്ന ആ കൊച്ചു ആദിവാസി ബാലിക ഒരുപാടൊരുപാട് വളർന്നിരിക്കുന്നു. അവർ ഇന്നൊരു രാഷ്ട്രീയ നേതാവാണ്. അവർക്കൊപ്പം ആദ്യം ഉണ്ടായിരുന്നവരിൽ ചിലരൊക്കെ പിരിഞ്ഞുപോയെങ്കിലും ജാനു ഇപ്പോഴും പടയാളികളില്ലാത്ത നേതാവല്ല. അതുകൊണ്ടു തന്നെ ഒരു പാർട്ടിയിലും ലയിക്കാതെ ഇടതുമുന്നണിയിൽ തന്റെ പാർട്ടിയായ ജനാധിപത്യ രാഷ്ട്രീയ സഭയ്ക്ക്( ജെ ആർ എസ്) സ്വന്തമായ ഒരു ഇടമാണ് ജാനു സി പി എമ്മിനോടും സി പി ഐയോടും തേടുന്നത്.

ജാനുവിന്റെ ഈ ആവശ്യത്തെ ഇടതുമുന്നണി നടത്തിപ്പുകാരായ ഇരു കമ്മ്യൂണിസ്റ്റ് പാർട്ടികളുടെയും നേതൃത്വം എങ്ങനെ കാണുമെന്നാണ് ഇനി അറിയേണ്ടത്. അതോടൊപ്പം ജാനുവും കൂട്ടരും ഇക്കാലമത്രയും ഉന്നയിച്ചുപോന്ന ആദിവാസി ഭൂമി പ്രശ്നത്തിൽ എന്ത് നിലപാടായിരിക്കും ഇനി അങ്ങോട്ട് രണ്ടു കമ്മ്യൂണിസ്റ്റു പാർട്ടികളുടെയും നേതൃത്വം സ്വീകരിക്കുക എന്നതും വളരെ പ്രധാനപ്പെട്ട കാര്യം തന്നെ. അത് എന്ത് തന്നെയായിരുന്നാലും ഹനുമാൻ ആദിവാസി ഗോത്രവർഗക്കാരൻ ആയിരുന്നവെന്നും അതുകൊണ്ടു മുഴുവൻ ആദിവാസികളും ബിജെ പിക്കും എൻ ഡി എക്കും വോട്ട് ചെയ്യണമെന്ന യു പി മുഖ്യമന്ത്രി യോഗി ആദിത്യ നാഥിന്റെ തട്ടിപ്പു പയറ്റാതിരുന്നാൽ മതിയായിരുന്നു.

കാനവും എകെ ബാലനും വിളിച്ചു, എല്‍ ഡി എഫുമായി ചര്‍ച്ച മൂന്നിന് – സി കെ ജാനു

ശബരിമലയില്‍ ആദിവാസികള്‍ ആചരിക്കുന്ന തേനഭിഷേകം നിര്‍ത്തിയതെന്തിന്? സ്ത്രീപ്രവേശനത്തെ അനുകൂലിച്ച് സി കെ ജാനു

ശരി അങ്ങുന്നേ, ജാനു ഫാസിസ്റ്റാണ്

ജാനുവിന്റെ വേദിയില്‍ അടുത്തേന്റെ അടുത്ത ജന്മത്തിലെങ്കിലും ആദിവാസിയാവണമെന്ന് സുരേഷ് ഗോപി പറയാതിരുന്നതെന്തേ?

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍