UPDATES

എം ബി സന്തോഷ്

കാഴ്ചപ്പാട്

റൈറ്റ് ക്ലിക്ക്

എം ബി സന്തോഷ്

ട്രെന്‍ഡിങ്ങ്

ലയിക്കുന്നതിന് മുന്‍പ് പിളര്‍ന്ന് ചരിത്രം സൃഷ്ടിച്ച് ഒരു കഷ്ണം കേരള കോണ്‍ഗ്രസ്സ്

കേരളാ കോണ്‍ഗ്രസില്‍ എന്നും പ്രശ്‌നങ്ങള്‍ക്ക് കാരണം പണം,പദവി എന്നിവയാണ്. ഒരു നാഴിക്കുള്ളില്‍ മറ്റൊരു നാഴി കൊള്ളില്ലെന്ന് പറയില്ലേ? അതു തന്നെയാണ് ഇവിടത്തെയും പ്രശ്‌നം

അങ്ങനെ, പിളരാന്‍ വേണ്ടി വീണ്ടും ഒരു കേരളാ കോണ്‍ഗ്രസ് ലയനം.

കേരളാ കോണ്‍ഗ്രസിലെ അസംതൃപ്തിയും ചേരിപ്പോരും മൂത്ത് രൂപവത്കൃതമായ കക്ഷിയാണെന്ന് ചരിത്രം പറയുന്നുണ്ട്. കെ.എം.ജോര്‍ജ് എന്ന കോണ്‍ഗ്രസ് നേതാവിന്റെ നേതൃത്വത്തില്‍ 1964ല്‍ കേരളാ കോണ്‍ഗ്രസ് പിറവിയെടുക്കുമ്പോള്‍ പാര്‍ട്ടിയുടെ സ്ഥാപക ജനറല്‍ സെക്രട്ടറി ഇന്നത്തെ കേരളാ കോണ്‍ഗ്രസ്(ബി) ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണപിള്ളയാണ്. ചെറുപ്രായത്തില്‍ എ.ഐ.സി.സി അംഗംവരെ ആയ ‘ആനപ്പെരുമ’ കൊട്ടാരക്കര വാളകം കീഴൂട്ട് രാമന്‍പിള്ളയുടെ മകനായി ആനകളുള്ള തറവാട്ടില്‍ പിറന്ന പിള്ളയ്ക്കുണ്ട്. പാര്‍ട്ടി ഇന്ന് തൊഴുത്തില്‍ കെട്ടേണ്ട അവസ്ഥയിലാണെന്ന് തിരിച്ചറിഞ്ഞ് എല്‍.ഡി.എഫിന്റെ ഫുട്‌ബോര്‍ഡിലെങ്കിലും കയറിപ്പറ്റാനാവുമോ എന്ന പരിശ്രമത്തിലാണ് ഈ മുന്‍ഗതാഗതമന്ത്രി.

കേരളാ കോണ്‍ഗ്രസ് പിറവിയെടുക്കുമ്പോള്‍ കോണ്‍ഗ്രസിന്റെ കോട്ടയം ഡി.സി.സി സെക്രട്ടറിയായിരുന്നു, ഇന്ന് കേരളാ കോണ്‍ഗ്രസി(എം)ന്റെ എല്ലാമെല്ലാമായ സാക്ഷാല്‍ കെ.എം.മാണി. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി പാലായില്‍ നിന്ന് നിയമസഭയിലേക്ക് ജനവിധി തേടണമെന്ന് ആഗ്രഹിച്ചെങ്കിലും പാര്‍ട്ടി മാണി എന്ന അഭിഭാഷകനായ യുവജനനേതാവിനെ പരിഗണിച്ചില്ല. അതേസമയം, കേരളാ കോണ്‍ഗ്രസിന് പാലായില്‍ ഒരു നല്ല സ്ഥാനാര്‍ത്ഥിയെ കിട്ടുന്നുമില്ല. അങ്ങനെ, ‘പശുവിന്റെ കടിയും മാറി, കാക്കയുടെ വിശപ്പും തീര്‍ന്നു’എന്ന പ്രയോഗം പോലെ ‘പാലായിലെ മാണിക്യ’മാവാന്‍ ഡി.സി.സി സെക്രട്ടറി സ്ഥാനം ഉപേക്ഷിച്ച് മാണിസാര്‍ മീനിച്ചലാറ്റിന്റെ തീരത്തേക്കിറങ്ങുകയായിരുന്നു. പിന്നീട്, കെ.എം.ജോര്‍ജിനെത്തന്നെ മാണിസാര്‍ ഒരു വഴിയാക്കി എന്നതൊക്കെ കേരള രാഷ്ട്രീയത്തിന്റെ ഇന്നലെകളിലെ കാര്യങ്ങള്‍.

സവര്‍ണ ക്രിസ്ത്യാനികളുടെ പാര്‍ട്ടി എന്നതില്‍ നിന്ന് കോട്ടയം, ഇടുക്കി, പത്തനംതിട്ട, എറണാകുളം (റൂറല്‍) ജില്ലകളിലെ നസ്രാണിപ്പാര്‍ട്ടി എന്ന നിലയിലേക്ക് പാര്‍ട്ടിയെ വളര്‍ത്തി എന്നതാണ് പി.ജെ.ജോസഫിന്റെ നേതൃത്വത്തിലുള്ള വിഭാഗത്തിന്റെ മിടുക്ക്. കുടിയേറ്റ കര്‍ഷകരുടെ നാവായി പാര്‍ട്ടിയെ മാറ്റിയെടുത്തതിലും ജോസഫിന് വലിയ പങ്കുണ്ട്. എന്നാല്‍,’റബര്‍ കൃഷി സമം കേരളാ കോണ്‍ഗ്രസ്’ എന്ന രീതി സൃഷ്ടിച്ചെടുത്തത് തീര്‍ച്ചയായും കെ.എം.മാണിയാണ്. തന്റെ ബഡ്ജറ്റുകളിലൂടെ ‘കൃഷി വിഹിതം എന്നാല്‍ റബര്‍ കര്‍ഷകര്‍ക്ക് നല്‍കാനുള്ളത്’ എന്ന് വ്യാഖ്യാനിച്ചെടുത്തതിലൂടെ കേരളത്തിലെ മുഖ്യകൃഷിയായി റബര്‍ മാറിയത് ഈ നിലപാടിന്റെ തുടര്‍ച്ചയാണ്.

കഴിഞ്ഞ വി.എസ്.അച്യുതാനന്ദന്‍ മന്ത്രിസഭയിലെ മന്ത്രിസ്ഥാനം പോലും ഉപേക്ഷിച്ച് കേരളാ കോണ്‍ഗ്രസ് ലയനം എന്ന ആശയം ഉയര്‍ത്തിപ്പിടിച്ച് പി.ജെ.ജോസഫും കൂട്ടരും മുന്നണി വിട്ടപ്പോള്‍ ഞെട്ടിയത് ഇടതുമുന്നണി മാത്രമായിരുന്നില്ല, സ്വന്തം കേരളാ കോണ്‍ഗ്രസ്(ജെ) നേതാക്കള്‍ കൂടിയായിരുന്നു. അന്ന് ഇടതുമുന്നണിക്കും ‘ഒരു കേരളാ കോണ്‍ഗ്രസ് കൂടിയേ തീരൂ’ എന്ന നിര്‍ബന്ധത്തെ തുടര്‍ന്നാണ് സ്‌കറിയാ തോമസ്, പി.സി.തോമസ്, വി.സുരേന്ദ്രന്‍പിള്ള എന്നിവരെ പിടിച്ചു നിര്‍ത്തിയത്. മുസ്ലിംലീഗിലെ രാമന്‍മാരെ പോലെയാണ് കേരളാ കോണ്‍ഗ്രസിലെ പിള്ളമാരും. കണ്ണുപെടാതിരിക്കാന്‍ ഇട്ടിരിക്കുന്നുവെന്നേയുള്ളൂ! ബാലകൃഷ്ണപിള്ള പ്രൈവറ്റ് ലിമിറ്റഡ് കമ്പനിപോലെ സ്വന്തം കേരളാ കോണ്‍ഗ്രസിനെ കൊണ്ടുനടക്കാന്‍ തുടങ്ങിയിട്ട് ദശകങ്ങളായെങ്കിലും കൊട്ടാരക്കരയുടെ നാടുവാഴി എന്ന നിലയില്‍ ആ മാടമ്പിത്തരം യു.ഡി.എഫ് അനുവദിച്ചുകൊടുക്കുകയായിരുന്നു. എല്‍.ഡി.എഫ് അത്രത്തോളമൊന്നും അംഗീകരിക്കാന്‍ തയ്യാറല്ലെങ്കിലും മുന്നാക്ക വികസന കമ്മിഷന്‍ ചെയര്‍മാനാക്കി കാറും സ്റ്റാഫും വി.എസ്.അച്യുതാനന്ദനെപ്പോലെ കാബിനറ്റ് പദവിയും നല്‍കി അനുഗ്രഹിച്ചുവെന്നേയുള്ളൂ. മന്ത്രിയായിരിക്കേ അഴിമതി കാട്ടിയതിന്റെ പേരില്‍ ജയില്‍ശിക്ഷ വിധിക്കപ്പെട്ട കേരളത്തിലെ ആദ്യ രാഷ്ട്രീയ നേതാവ്, കൂറുമാറ്റ നിരോധന നിയമപ്രകാരം ആദ്യമായി സ്ഥാനം നഷ്ടപ്പെട്ട എം.എല്‍.എ എന്നിങ്ങനെ പിള്ള ചില്ലറക്കാരനല്ലല്ലോ.

ഇടതുമുന്നണിയിലെ കേരളാ കോണ്‍ഗ്രസ് ഒരു ബെഞ്ചിലിരിക്കാനുള്ളവരേ ഉണ്ടായിരുന്നെങ്കിലും അതിലും പിളര്‍പ്പ് ഒഴിവാക്കാനായില്ല. ആദ്യം ഗുസ്തി സ്‌കറിയാ തോമസും പി.സി തോമസും തമ്മിലായിരുന്നു. പി.സി.തോമസ് പില്‍ക്കാലത്ത് വന്ന ഇടത്തേക്ക്, അതായത് ബി.ജെ.പി മുന്നണിയിലേക്ക് തിരിച്ചുപോയി. ശേഷിച്ച സ്‌കറിയാ തോമസും സുരേന്ദ്രന്‍പിള്ളയും തമ്മിലുള്ള അടിക്കൊടുവില്‍ അവര്‍ രണ്ടായി. സുരേന്ദ്രന്‍പിള്ളയ്ക്ക് മത്സരിക്കേണ്ട സീറ്റ് കിട്ടാതിരിക്കുകയും സ്‌കറിയാ തോമസിന് നിന്നു തോല്‍ക്കാനാണെങ്കിലും കടത്തുരുത്തി കിട്ടുകയും ചെയ്തതോടെ പാര്‍ട്ടി പിളര്‍ത്തി ‘ലക്ഷം ലക്ഷ’വുമായി സുരേന്ദ്രന്‍പിള്ള യു.ഡി.എഫില്‍ ചേക്കേറി. യു.ഡി.എഫില്‍ ഐക്യ കേരളാ കോണ്‍ഗ്രസ് എന്ന മാണി – ജോസഫ് കേരളാ കോണ്‍ഗ്രസിന് പുറമേ കേരളാ കോണ്‍ഗ്രസ് (ജേക്കബ്) കൂടിയുള്ളതിനാല്‍ സുരേന്ദ്രന്‍പിള്ള എം.പി.വീരേന്ദ്രകുമാറിന്റെ ജനതാദള്‍(യു)വിലേക്കാണ് എത്തിയത്. കേരളാ കോണ്‍ഗ്രസ്(സു) ഉണ്ടാകാത്തത് ഭാഗ്യം.

ലയിച്ചൊന്നായ കേരളാ കോണ്‍ഗ്രസില്‍നിന്ന് ആദ്യം പുറത്തുകടന്നത് പാര്‍ട്ടിയുടെ ഒരേയൊരു വൈസ് പ്രസിഡന്റും ‘പൂഞ്ഞാര്‍ സിംഹ’വുമായ പി.സി.ജോര്‍ജാണ്. ‘മാണി ആന്റ് മോന്‍ കമ്പനി ലിമിറ്റഡ്’ ആയി കേരളാ കോണ്‍ഗ്രസ് മാറി എന്നുപറഞ്ഞാണ് ജോര്‍ജ് പാര്‍ട്ടി വിട്ടതെങ്കില്‍ പി.ജെ.ജോസഫിന്റെ വലംകൈകകളായിരുന്ന ഫ്രാന്‍സിസ് ജോര്‍ജ്, ആന്റണി രാജു എന്നിവരുള്‍പ്പെടെയുള്ളവര്‍ അതേ കാര്യം പറഞ്ഞ് ഇടതുമുന്നണിയുടെ ഭാഗമായത് ‘ജനാധിപത്യ കേരളാ കോണ്‍ഗ്രസ്’ രൂപീകരിച്ചാണ്.

ഇടതുമുന്നണി അക്കാര്യത്തില്‍ ഒരു നയം ആദ്യമേ വ്യക്തമാക്കിയിരുന്നു – മുന്നണിയില്‍ ഒറ്റ കേരളാ കോണ്‍ഗ്രസ് മതി. മുന്നണി യോഗത്തില്‍നിന്ന് ഒരിക്കല്‍ രണ്ടായിച്ചെന്ന സ്‌കറിയാ തോമസിനെയും പി.സി.തോമസിനെയും ഒന്നായി വരാന്‍ പറഞ്ഞ് ഇറക്കിവിടുകപോലുമുണ്ടായി. അങ്ങനെ മുന്നണി ഘടകകക്ഷിയായിരുന്ന കേരളാ കോണ്‍ഗ്രസ് സ്‌കറിയാ തോമസ് വിഭാഗം ക്ഷണിക്കപ്പെട്ടവരായി ചുരുങ്ങി. ജനാധിപത്യ കേരളാ കോണ്‍ഗ്രസ്‌ കൂടി വന്നപ്പോഴും ലയിച്ചുവരിക എന്നതായിരുന്നു മുന്നണി നിലപാട്. ഇപ്പോള്‍ അത് മുന്നണി നേതൃത്വം കൂടുതല്‍ ഉച്ചത്തില്‍ പറയുകയാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനു മുമ്പ് ഏതാനും കക്ഷികളെ മുന്നണിയിലേക്കെടുക്കണം.

‘ഏതെങ്കിലും മുസ്ലിം ലീഗില്ലാതെന്തു മുന്നണി’ എന്ന് ആലോചിക്കാന്‍ പോലുമാകാത്ത കാലത്താണ് അഖിലേന്ത്യാ മുസ്ലിംലീഗിനെ ഇ.എം.എസിന്റെയും വി.എസ്.അച്യുതാനന്ദന്റെയും നേതൃത്വത്തിലുള്ള സി.പി.എം വര്‍ഗീയ കക്ഷികളുമായി ബന്ധം വേണ്ട എന്ന ഉറച്ച നിലപാടോടെടുത്ത് ഇടതുമുന്നണിയില്‍നിന്ന് പുറത്താക്കുന്നത്. അതിനെതിരെ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവും യുവാക്കളുടെ ആവേശവും നിയമസഭയിലെ പ്രതിപക്ഷ മുഖവുമായിരുന്ന എം.വി.രാഘവന്റെ നേതൃത്വത്തില്‍ ഒരു വിഭാഗം സി.എം.പി രൂപീകരിച്ച് യു.ഡി.എഫില്‍ എത്തി. അന്നത്തെ വാശിയേറിയ തെരഞ്ഞെടുപ്പില്‍ സി.പി.എം അധികാരത്തിലേറി, ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായി. അതിനുശേഷം പ്രത്യക്ഷത്തില്‍ വര്‍ഗീയ കക്ഷികളുമായി ബന്ധമില്ലെങ്കിലും പിന്നീട് ഐ.എന്‍.എല്ലുമായി രണ്ടു പതിറ്റാണ്ടിലേറെയായി ‘സംബന്ധ’ത്തിലാണ്. എം.എല്‍.എ പി.ടി.എ റഹിമിന്റെ പാര്‍ട്ടിയുണ്ട്. ഇതെല്ലാം ലയിച്ച് മുന്നണിയില്‍ അംഗമാകാനുള്ള അവസരമാണിപ്പോഴുള്ളത്.

അങ്ങനെയാണ്, ആര്‍.ബാലകൃഷ്ണപിള്ളയും സ്‌കറിയാ തോമസും ലയിക്കാന്‍ തീരുമാനിച്ചത്. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ടുകണ്ട് വിവരമറിയിച്ച് ആശീര്‍വാദവും വാങ്ങി. പിന്നെയാണ് യഥാര്‍ത്ഥ പ്രശ്‌നം തുടങ്ങിയത്.

കേരളാ കോണ്‍ഗ്രസില്‍ എന്നും പ്രശ്‌നങ്ങള്‍ക്ക് കാരണം പണം,പദവി എന്നിവയാണ്. ഒരു നാഴിക്കുള്ളില്‍ മറ്റൊരു നാഴി കൊള്ളില്ലെന്ന് പറയില്ലേ? അതു തന്നെയാണ് ഇവിടത്തെയും പ്രശ്‌നം.

ജനാധിപത്യ കേരളാ കോണ്‍ഗ്രസ്, പി.സി.ജോര്‍ജിന്റെ ജനപക്ഷം എന്നിവയൊക്കെ ലയിച്ച് ഒറ്റ കേരളാ കോണ്‍ഗ്രസായി മാണി – ജോസഫ് കേരളാ കോണ്‍ഗ്രസിന് ബദലായി ഇടതുമുന്നണിയില്‍ വേണമെന്നാണ് സി.പി.എമ്മിന് താല്പര്യം. പി.സി.ജോര്‍ജും ലയനത്തിന് സമ്മതം മൂളിയിട്ടുള്ളതായാണറിവ്. ജനാധിപത്യ കേരളാ കോണ്‍ഗ്രസുകാര്‍ നേരത്തേ സമ്മതത്തിലാണ്. ആദ്യം സ്‌കറിയാ തോമസും ബാലകൃഷ്ണപിള്ളയും തമ്മില്‍ ലയിച്ചശേഷം ബാക്കി ആലോചിക്കാം എന്ന നിലയിലാണവര്‍.

ഒരു പാര്‍ട്ടിയാവുന്നതിന് തീരുമാനിച്ച് അക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ച് അടുത്ത ദിവസം വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിക്കാനിരിക്കേ അതിനു കഴിയാത്ത വിധം കലഹം. ആര്‍.ബാലകൃഷ്ണപിള്ള, സ്‌കറിയാ തോമസ് …രണ്ടുപേരും രണ്ടു കേരളാ കോണ്‍ഗ്രസ് ഇടതുമുന്നണി കഷണങ്ങളുടെ ചെയര്‍മാന്‍മാര്‍. ലയിച്ചുവരുന്ന കക്ഷിയുടെ ചെയര്‍മാന്‍ സ്ഥാനം രണ്ടുപേര്‍ക്കും വേണം. തര്‍ക്കം കാരണം ലയന പ്രഖ്യാപന വാര്‍ത്താ സമ്മേളനം മാറ്റി വയ്‌ക്കേണ്ടി വന്നിരിക്കുന്നു. അതെ, പിളരുന്തോറും വളരുകയും വളരുന്തോറും പിളരുകയും ചെയ്യുന്ന പാര്‍ട്ടി എന്നത് മാറ്റേണ്ടിയിരിക്കുന്നു. ഇവിടെ, എവിടെയാ കേരളാ കോണ്‍ഗ്രസ് വളര്‍ന്നത്? മുപ്പതോളം നിയമസഭാ അംഗങ്ങളുണ്ടായിരുന്ന കേരളാ കോണ്‍ഗ്രസിന് ഇന്ന് അതിന്റെ മൂന്നിലൊന്നുപോലുമില്ല. അതിനാല്‍ പിളരുന്തോറും നേതാക്കള്‍ വളരുകയും നേതാക്കളുടെ വളര്‍ച്ചയ്ക്കനുസരിച്ച് ലയിക്കുകയും ചെയ്യുന്ന പാര്‍ട്ടിയാണ് കേരളാ കോണ്‍ഗ്രസ് എന്ന് നമുക്ക് വര്‍ത്തമാന കാലത്തില്‍ നിര്‍വചിക്കാം.

എന്തിനോ വേണ്ടി തിളയ്ക്കുന്ന കേരള കോണ്‍ഗ്രസുകള്‍

ഇനി എങ്ങോട്ട് പിളര്‍ന്ന് വളരാനാണ് കേരളാ കോണ്‍ഗ്രസേ?

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍