UPDATES

കരുണാകരന് മുന്‍പില്‍ വിറച്ചില്ല, പിന്നയല്ലേ ഉമ്മന്‍ ചാണ്ടി; സുധീരന്‍ ഇങ്ങനെയൊക്കെയാണ്

കേരളീയ പൊതുസമൂഹം സുധീരശബ്ദത്തിന് വില കല്പിക്കുന്നു, കാതോര്‍ക്കുന്നു. സ്വാര്‍ത്ഥ താല്പര്യക്കാര്‍ വിറളിപിടിക്കുന്നതിനുള്ള കാരണവും മറ്റൊന്ന

കെ.കരുണാകരന്‍ കേരളത്തിലെ ആഭ്യന്തരവകുപ്പിന്റെ ചുമതലയുള്ള പ്രതാപിയായ മുഖ്യമന്ത്രിയും പ്രധാനമന്ത്രിയെവരെ നിശ്ചയിക്കുന്ന തരത്തില്‍ കോണ്‍ഗ്രസ് അഖിലേന്ത്യാ നേതൃത്വത്തില്‍ കരുത്തനും ആയി തുടരുമ്പോള്‍ ഏറ്റുമുട്ടാന്‍ മടിച്ചിട്ടില്ലാത്ത വി.എം.സുധീരന്‍ എന്ന ഒറ്റയാള്‍ പട്ടാളത്തെ പരസ്യപ്രസ്താവന പാടില്ലെന്ന തിട്ടൂരം കൊണ്ട് തടയാമെന്ന് കണക്കു കൂട്ടിയ ഉമ്മന്‍ചാണ്ടി,രമേശ് ചെന്നിത്തല, എം.എം.ഹസ്സന്‍ ത്രിമൂര്‍ത്തികളോട് സഹതപിക്കാനേ നിവൃത്തിയുള്ളൂ. താന്‍ കെ.പി.സി.സി പ്രസിഡന്റായിരിക്കെ പരസ്യപ്രസ്താവനകള്‍ വിലക്കിയതിന്റെ പിറ്റേന്ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വാര്‍ത്താസമ്മേളനം നടത്തി ആ തീരുമാനം ലംഘിച്ചത് പരസ്യമായി ഓര്‍മ്മിപ്പിച്ച് ഹസ്സന്റെ വായടപ്പിച്ച സുധീരന്‍ ഉമ്മന്‍ചാണ്ടിയെ കുത്തുന്നതില്‍ ഒട്ടും പിന്നോട്ടുപോയുമില്ല.

ഇതാദ്യമല്ല, ഉമ്മന്‍ചാണ്ടിയേയും എ ഗ്രൂപ്പിനെയും സുധീരന്‍ ‘ഞോണ്ടു’ന്നത്. ചാരക്കേസില്‍ ആരോപണവിധേയനായ കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ‘എ’ ഗ്രൂപ്പ് എം.എല്‍.എമാര്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിന് സമര്‍പ്പിക്കാന്‍ നിവേദനം തയ്യാറാക്കിയപ്പോള്‍ ‘ഐ’ ഗ്രൂപ്പുകാരനല്ലാതെ അതില്‍ ഒപ്പിടാതെ മാറിനിന്ന ഏക ആളാണ് സുധീരന്‍. അപ്പോഴും ‘എ’ ഗ്രൂപ്പുകാരനായി അറിയപ്പെട്ടിരുന്ന സുധീരന്‍ സമാന ആവശ്യമുന്നയിച്ച് സ്വന്തം നിവേദനം ഹൈക്കമാന്‍ഡിന് നല്‍കുകയായിരുന്നു. കരുണാകരന് പകരം മുഖ്യമന്ത്രിയാകാന്‍ കച്ചകെട്ടുകയായിരുന്ന ഉമ്മന്‍ചാണ്ടിയെ ഞെട്ടിച്ചുകൊണ്ട് പ്രത്യേക വിമാനം പിടിച്ചെത്തിയ എ.കെ.ആന്റണി അധികാരമേറ്റു. ആ മന്ത്രിസഭയില്‍ മന്ത്രിയാവണം എന്ന് ആന്റണിക്ക് നിര്‍ബന്ധമുണ്ടായിരുന്നത് സുധീരന്റെ കാര്യത്തിലാണ്. കാരണം, കരുണാകരന്‍ മുഖ്യമന്ത്രിയായി അധികാരമേല്‍ക്കുമ്പോള്‍ ‘എ’ ഗ്രൂപ്പിന്റെ മന്ത്രിപദത്തിന് നല്‍കിയ ലിസ്റ്റില്‍ ഉമ്മന്‍ചാണ്ടിയായിരുന്നു ആദ്യ പേരുകാരന്‍, രണ്ടാമന്‍ വി.എം.സുധീരന്‍. രണ്ടാമന്റെ പേരൊഴികെ ആരുടെ പേരു പറഞ്ഞാലും വഴങ്ങാമെന്ന കരുണാകരന്റെ കടുംപിടിത്തത്തില്‍ ‘എ’ ഗ്രൂപ്പ് കീഴടങ്ങി പുതിയ പേര് സമര്‍പ്പിച്ചതോടെ ഉമ്മന്‍ചാണ്ടിയുമായുള്ള സുധീരന്റെ അകല്‍ച്ച ആരംഭിക്കുകയായിരുന്നു.

കെ.കരുണാകരനും വി.എം.സുധീരനും വളരെ അടുപ്പക്കാരായിരുന്നു. അന്തിക്കാട്ടെ കമ്മ്യൂണിസ്റ്റ് മണ്ണില്‍നിന്ന് കോണ്‍ഗ്രസിന്റെ പതാകയുമായെത്തിയ ചെറുപ്പക്കാരന്‍ തൃശൂര്‍ എക്കാലവും തട്ടകമാക്കാന്‍ താല്പര്യപ്പെട്ട ലീഡര്‍ ശ്രദ്ധിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ. കണ്ടശ്ശാംകടവ് സ്‌കൂളില്‍നിന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലേക്ക് പ്രവേശിച്ച്, കെ.എസ്.യു പ്രസിഡന്റായി 1971-73 കാലയളവില്‍ പ്രവര്‍ത്തിക്കുമ്പോള്‍ കരുണാകരന്റെ ശക്തമായ പിന്തുണ ലഭിച്ചു. ഫീസ് ഏകീകരണവും കോളേജ് അദ്ധ്യാപകരുടെ ശമ്പളവും ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സി.അച്യുതമേനോന്‍ സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി, മാനേജ്‌മെന്റുകളുടെ ശത്രുത സമ്പാദിക്കുമ്പോള്‍ സുധീരന്‍ എന്ന ചെറുപ്പക്കാരന്റെ ജനകീയത വളരുന്നത് ലീഡര്‍ തിരിച്ചറിഞ്ഞു. 1975 -77 കാലയളവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റായി. കരുണാകരന്‍ അച്യുതമേനോന്‍ മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രി ആയിരിക്കേ ഔദ്യോഗിക വസതിയില്‍ സുധീരന് മുറി നല്‍കിയിരുന്നതായി അക്കാലത്തെ കോണ്‍ഗ്രസ് യുവനേതാവ് ചെറിയാന്‍ഫിലിപ്പ് എഴുതിയിട്ടുണ്ട്. ആന്റണിപക്ഷത്തേക്കുള്ള സുധീരന്റെ ചെരിവ് കരുണാകരനെ ശത്രുവാക്കി.

അടിയന്തരാവസ്ഥയ്ക്കുശേഷമുള്ള ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ആലപ്പുഴയില്‍ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം ഇ.ബാലാനന്ദനെ നേരിടാന്‍ കോണ്‍ഗ്രസ് നിയോഗിച്ചത് സുധീരനെയായിരുന്നു. ആലപ്പുഴ കാത്തിരിക്കുന്നത് തീരദേശ റെയില്‍ ആണെന്ന് തിരിച്ചറിഞ്ഞ് അത് താന്‍ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചായിരുന്നു ആ വിദ്യാര്‍ത്ഥി നേതാവിന്റെ തെരഞ്ഞെടുപ്പ് പടയോട്ടം. ഫലം വന്നപ്പോള്‍ ബാലാനന്ദനെന്ന മഹാമേരു നിലംപൊത്തിയത് അമ്പരപ്പോടെയാണ് സി.പി.എം നോക്കിനിന്നത്. ഇന്ത്യ മുഴുവന്‍ ആഞ്ഞടിച്ച കോണ്‍ഗ്രസ് വിരുദ്ധതരംഗത്തില്‍ കേരളം കോണ്‍ഗ്രസിനൊപ്പമായിരുന്നു.

അടുത്ത തെരഞ്ഞെടുപ്പില്‍ സുധീരന്‍ ഇടതുമുന്നണിക്കൊപ്പമെത്തി.ദേവരാജ് അരശ് നേതൃത്വം നല്‍കിയ കോണ്‍ഗ്രസ് (യു) ഇടത് മുന്നണിയോടൊപ്പം ചേരുകയായിരുന്നല്ലോ. 1980 ല്‍ പാര്‍ട്ടി മണലൂരിലാണ് സുധീരനെ നിയമസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിപ്പിച്ചത്. ഗുരുനാഥന്‍മാരിലൊരാളായ സിറ്റിംഗ് എം,എല്‍.എ എന്‍.ഐ ദേവസ്സിക്കുട്ടിയാണ് ശിഷ്യന്റെ മുന്നില്‍ കടപുഴകിയത്. ആന്റണിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസുകാര്‍ ഐ കോണ്‍ഗ്രസില്‍ ലയിച്ചു. അതോടെ, ആദ്യ ഇ.കെ.നായനാര്‍ സര്‍ക്കാര്‍ വീണു. അന്ന് ആന്റണി കോണ്‍ഗ്രസിനൊപ്പം എല്‍.ഡി.എഫ് വിട്ട പാര്‍ട്ടി മാണി കേരളാ കോണ്‍ഗ്രസ് ആയിരുന്നു. പുതിയ സര്‍ക്കാരില്‍ സുധീരന്റെ ശല്യം ഒഴിവാക്കാന്‍ ലീഡര്‍ പ്രയോഗിച്ച ബുദ്ധി തിരിച്ചടിച്ചു. പിഴച്ചത് സ്പീക്കറായാല്‍ പ്രശ്‌നമാവില്ലെന്ന കണക്കുകൂട്ടല്‍. സ്പീക്കര്‍ സര്‍ക്കാരിന്റെ റബര്‍ സ്റ്റാമ്പല്ലെന്ന് ആഞ്ഞടിച്ച സുധീരന്‍ നിയമസഭ ചേരാന്‍ മടിച്ച് ഓര്‍ഡിനന്‍സ് രാജ് നടപ്പാക്കുന്നതിനെ അതിനിശിതമായി വിമര്‍ശിച്ചു. അതുവരെ മുഖ്യമന്ത്രിയായിരുന്നു നിയമസഭാ പ്രിവിലേജസ് കമ്മിറ്റി അദ്ധ്യക്ഷന്‍. കരുണാകരനെ ആ ചുമതലയില്‍നിന്ന് മാറ്റി ഡെപ്യുട്ടി സ്പീക്കര്‍ ഹംസക്കുഞ്ഞിനെ നിയോഗിച്ചു. കരുണാകരന്‍ ഇരിക്കാന്‍ പറഞ്ഞാല്‍ കിടക്കുമായിരുന്ന ലീഗിന്റെ നോമിനിയായിരുന്നു ഹംസക്കുഞ്ഞ്. കുഞ്ഞിനെ ഡെപ്യുട്ടി സ്പീക്കര്‍ സ്ഥാനം രാജിവയ്പിച്ച് കൊരമ്പയില്‍ അഹമ്മദ്ഹാജിയെ ആ ചുമതല ഏല്‍പ്പിച്ചു. അങ്ങനെ തോറ്റുകൊടുക്കാന്‍ സുധീരനും തയ്യാറായില്ല. എ.സി.ജോസിനെ പ്രിവിലേജസ് കമ്മിറ്റി അദ്ധ്യക്ഷനായി സ്പീക്കര്‍ നാമനിര്‍ദ്ദേശം ചെയ്തു തിരിച്ചടിച്ചു.

ഗുണം വരാതെ പോകണേ…; സുധീരന്‍ മനസുരുകി പ്രാകുമ്പോള്‍

എ.കെ.ആന്റണി മുഖ്യമന്ത്രിയായപ്പോള്‍ സുധീരന്‍ ആരോഗ്യമന്ത്രിയായി. ഒരു വര്‍ഷം ആരോഗ്യവകുപ്പിന്റെ സുവര്‍ണ്ണകാലമായിരുന്നു. എന്‍.ഡി.പിയുടെ അഴിമതി മന്ത്രിമാര്‍ അലമ്പാക്കിയ വകുപ്പിനെ സുധീരന്‍ ചടുലമാക്കി. കേരളത്തിലെ ഏറ്റവും മികച്ച ആരോഗ്യമന്ത്രി സുധീരന്‍ എന്ന് ഇപ്പോഴും പറയാവുന്ന പ്രവര്‍ത്തനമാണ് അക്കാലത്തുണ്ടായത്. ഒരു വര്‍ഷത്തിനുശേഷം ആന്റണി ചേര്‍ത്തലയില്‍ എല്‍.ഡി.എഫിന്റെ സിറ്റിംഗ് സീറ്റില്‍ മത്സരിക്കാനെത്തിയപ്പോള്‍ അതോടൊപ്പം തെരഞ്ഞെടുപ്പുനടക്കുന്ന ആലപ്പുഴ പാര്‍ലമെന്റ് മണ്ഡലത്തില്‍ സുധീരന്‍ വേണമെന്ന് വാശിപിടിച്ചത് മുഖ്യമന്ത്രിതന്നെ. 1977ല്‍ ജയിച്ച് പാര്‍ലമെന്റില്‍ പോയ സുധീരന്‍ അവിടെ അനശ്ചിതകാല നിരാഹാര സമരം നടത്തുമെന്ന് അറിയിച്ചതിനെ തുടര്‍ന്ന് ആലപ്പുഴ തീരദേശ പാത പ്രധാനമന്ത്രി മൊറാര്‍ജി ദേശായി പ്രഖ്യാപിച്ചു. അന്ന് രാജ്യസഭാംഗവും പിന്നീട് സംസ്ഥാന ധനമന്ത്രിയുമായ വി.വിശ്വനാഥമേനോന്‍ ഉള്‍പ്പെടെയുള്ളവരുടെ സമ്മര്‍ദ്ദവും ഉണ്ടായതോടെ തെരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാനായതിന്റെ തൃപ്തി സുധീരന് സ്വന്തമായി.

ആലപ്പുഴയില്‍ ടി.ജെ.ആഞ്ചലോസിനെ അട്ടിമറിച്ചാണ് സുധീരന്‍ വീണ്ടും ലോക്‌സഭയിലേക്ക് പോയത്. അപ്പോഴേക്കും വെള്ളാപ്പള്ളി നടേശന്‍ എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായി കണിച്ചുകുളങ്ങരയില്‍ ആസനസ്ഥനായിക്കഴിഞ്ഞിരുന്നു. സുധീരന്‍ വെള്ളാപ്പള്ളിക്ക് വഴങ്ങാന്‍ തയ്യാറായില്ല. അടുത്ത തെരഞ്ഞെടുപ്പ് സമയത്ത് ആലപ്പുഴയില്‍ വി.എം.സുധീരനെതിരെ പരസ്യസമ്മേളനവും പ്രവര്‍ത്തനവും നടത്തി എസ്.എന്‍.ഡി.പിയോഗവും വെള്ളാപ്പള്ളിയും രംഗത്തിറങ്ങിയതോടെ കഴിഞ്ഞ തവണത്തേക്കാള്‍ ഭൂരിപക്ഷത്തിലായിരുന്നു സുധീരജയം. അടുത്ത തെരഞ്ഞെടുപ്പില്‍ നടന്‍ മുരളിയും തോല്‍വിയുടെ രുചി അറിഞ്ഞു. ഡോ.മനോജ് കുരിശിങ്കല്‍ എന്ന ലത്തീന്‍ കത്തോലിക്കാ സമുദായ യുവജന പ്രവര്‍ത്തകനെ പാര്‍ട്ടി ചിഹ്നത്തില്‍ സി.പി.എം മത്സരിപ്പിച്ചപ്പോള്‍ 1009 വോട്ടിന് സുധീരന്‍ കീഴടങ്ങി. പക്ഷെ, ‘ഷട്ടില്‍കോക്ക്’ അടയാളത്തില്‍ മത്സരിച്ച മറ്റൊരു വി.എസ്.സുധീരന്‍ നേടിയത് 8282 വോട്ടുകള്‍! ഇനി തെരഞ്ഞെടുപ്പുപോരാട്ടത്തിനില്ലെന്ന് സുധീരന്‍ പ്രഖ്യാപിക്കുകയും ചെയ്തു.

ഒരു ദശകത്തിലേറെയായി, സ്ഥാനമാനങ്ങളില്ലാതെ കേരളീയ സമൂഹത്തില്‍ പൊതുപ്രശ്‌നങ്ങളില്‍ ഇടപെട്ട് ജനകീയതയുടെ നാവായി സുധീരന്‍ ഉയര്‍ന്നുവന്നു. ‘കോണ്‍ഗ്രസിലെ വി.എസ്. അച്യുതാനന്ദന്‍’ എന്നുപോലും സ്വന്തം പാര്‍ട്ടിയുടെ നേതാക്കളാല്‍ പരിഹസിക്കപ്പെട്ടു.കോണ്‍ഗ്രസ് ഗ്രൂപ്പുപോരില്‍ അങ്കംവെട്ടല്‍ ശക്തമായപ്പോള്‍ ഹൈക്കമാന്‍ഡിന്റെ പ്രതിനിധിയായി വി.എം.സുധീരന്‍ കെ.പി.സി.സി പ്രസിഡന്റായി നിയമിതനായപ്പോള്‍ എ,ഐ ഗ്രൂപ്പുകള്‍ ഒരുപോലെ ഞെട്ടി. 2014 മുതല്‍ മൂന്നുവര്‍ഷം പ്രസിഡന്റായശേഷം ഗ്രൂപ്പ് മാനേജര്‍മാരുടെ സമ്മര്‍ദ്ദം കാരണമാണ് രാജിവച്ചതെന്ന് ഇപ്പോള്‍ തുറന്നടിക്കുമ്പോള്‍ ത്രിമൂര്‍ത്തികള്‍ക്കെതിരെ പുതിയൊരു യുദ്ധമുഖം തുറക്കല്‍കൂടിയാണത്. ചെങ്ങന്നൂരിലും രാജ്യസഭാസീറ്റിലും നാണംകെട്ടുനില്‍ക്കുന്ന ഉമ്മന്‍ചാണ്ടി,ചെന്നിത്തല,ഹസ്സന്‍ മൂര്‍ത്തികള്‍ക്ക് ഭയം സുധീരന്റെ ധീരമായ നിലപാടുകളാണ്.

കരിമണല്‍ ഖനനപ്രശ്‌നം, ആറന്‍മുള വിമാനത്താവളം മുതല്‍ ടി.പി.ചന്ദ്രശേഖരന്‍ വധം മുതല്‍ ബാര്‍കോഴ വരെയുള്ള പ്രശ്‌നങ്ങളില്‍ സുധീരന്റെ നിലപാടുകള്‍ സുതാര്യമാണ്. അതുകൊണ്ടാണ് സ്ഥാനമാനങ്ങളൊന്നും ഇല്ലെങ്കിലും സുധീരന് കോണ്‍ഗ്രസില്‍ സ്ഥാനമുള്ളത്. കേരളീയ പൊതുസമൂഹം സുധീരശബ്ദത്തിന് വില കല്പിക്കുന്നു, കാതോര്‍ക്കുന്നു. സ്വാര്‍ത്ഥ താല്പര്യക്കാര്‍ വിറളിപിടിക്കുന്നതിനുള്ള കാരണവും മറ്റൊന്നല്ല.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം വാട്‌സാപ്പില്‍ ലഭിക്കാന്‍ 7356834987 എന്ന നമ്പര്‍ നിങ്ങളുടെ മൊബൈലില്‍ സേവ് ചെയ്യൂ… നിങ്ങളുടെ പേര് പറഞ്ഞുകൊണ്ടു ഒരു വാട്‌സ്ആപ്പ് മെസേജ് ഞങ്ങളുടെ നമ്പറിലേക്ക് അയക്കുക.

കുഞ്ഞൂഞ്ഞ്, കുഞ്ഞുമാണി, കുഞ്ഞാലിക്കുട്ടി – യു.ഡി.എഫിന്റെ ഐശ്വര്യം

ഇന്നലെ വരെ പെട്ടി ചുമന്നവര്‍ ഇന്നത്തെ വിപ്ലവകാരികള്‍; യുവകലാപം ചായക്കോപ്പയിലെ കൊടുങ്കാറ്റോ?

എം ബി സന്തോഷ്

എം ബി സന്തോഷ്

മാധ്യമ പ്രവര്‍ത്തകന്‍

More Posts

Follow Author:
TwitterFacebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍