UPDATES

തൊഗാഡിയ വരെ പേടിക്കണം; സംഘിന്റെ ഉള്ളറകള്‍ അയാളോളം അറിഞ്ഞത് ആരുണ്ട്?

കുറച്ചു കാലം മുന്നേ ഇങ്ങ് ആലപ്പുഴയില്‍ വന്ന്, വിശ്വഹിന്ദു പരിഷത്തിന്‍റെ ഹിന്ദു സ്വാഭിമാന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട്, മുസ്ലീങ്ങളെ ഗുജറാത്തും മുസഫര്‍നഗറും ഓര്‍മിപ്പിച്ച് ആക്രോശിച്ച അതേ മനുഷ്യനാണ് മൈക്കുകള്‍ക്ക് മുന്നില്‍ ഭയപ്പാടോടെ കണ്ണീര്‍ പൊഴിച്ചത്

സുപ്രീം കോടതി ചീഫ് ജസ്റ്റിസിനെ വിമര്‍ശിച്ചു കൊണ്ട് നാല് ജഡ്ജിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചതായിരുന്നു തുടക്കം. ഇന്ത്യാ മഹാരാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷന്‍ പ്രതിയായിരുന്ന കേസില്‍ വിധി പറയേണ്ടിയിരുന്ന ജഡ്ജി ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ടതിനെ തുടര്‍ന്നുള്ള നടപടിയില്‍ പരമോന്നത നീതിപീഠത്തിന്റെ പ്രവർത്തനങ്ങള്‍ തന്നെ തകരാറിലാണെന്ന് ന്യായാധിപന്മാര്‍ക്ക് തന്നെ ഗത്യന്തരമില്ലാതെ പറയേണ്ടി വന്നു.

തന്നെ വ്യാജ ഏറ്റുമുട്ടലിലൂടെ വധിക്കാന്‍ ശ്രമിക്കുന്നു എന്നാരോപിച്ച്  വിശ്വ ഹിന്ദു പരിഷത്ത് അന്താരാഷ്‌ട്ര വര്‍ക്കിംഗ് പ്രസിഡന്റ്റ് പ്രവീണ്‍ തൊഗാഡിയ വാര്‍ത്താ സമ്മേളനം വിളിക്കുന്നു. രണ്ടു ദിവസത്തെ തിരോധാനത്തെ തുടര്‍ന്ന് ഒരു പാര്‍ക്കില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ തൊഗാഡിയ ചികിത്സക്ക് ശേഷം വാര്‍ത്താ സമ്മേളനം വിളിച്ചു വികാരാധീനനായി പറഞ്ഞ കാര്യമാണ് തന്നെ ഫേക്ക് എന്കൌണ്ടറിലൂടെ വധിക്കാന്‍ ശ്രമിക്കുന്നു എന്ന കാര്യം.

വിവിധ സംസ്ഥാനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ബിജെപി-ആര്‍എസ്എസ് യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത്‌ ഡോവലും പങ്കെടുത്തിരിക്കുന്നു. ഒരു ഭരണ പാര്‍ട്ടിയുടെ അഭ്യന്തര മീറ്റിങ്ങില്‍ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട സുപ്രധാന സ്ഥാനം കയ്യാളുന്ന ഒരു ഉദ്യോഗസ്ഥന്‍ പങ്കെടുക്കുന്നു.

ഈ അടുത്ത ദിവസങ്ങളില്‍ കേന്ദ്രവുമായി ബന്ധപ്പെട്ട് കേട്ട മൂന്നു പ്രധാന വാര്‍ത്തകളാണിവ. മൂന്നും മൂന്ന് തലത്തില്‍ ഭിന്നനിലയില്‍ നില്‍ക്കുന്നു എന്ന് തോന്നിപ്പിക്കുമെങ്കിലും പരസ്പരം ബന്ധിപ്പിക്കാന്‍ ഉതകുന്ന രാഷ്ട്രീയ കാരണങ്ങളേറെയുണ്ടിവയ്ക്ക്.

അതില്‍ ആദ്യത്തെയും മൂന്നാമത്തെതും ഒരു തുടര്‍ച്ചയാണ്. കാലങ്ങളായി നമ്മളിവിടെ ചര്‍ച്ച ചെയ്യുന്നതും ഭയപ്പെടുന്നതുമായ ഒരു രാഷ്ട്രീയ പരിതസ്ഥിതിയുടെ മൂര്‍ധന്യ കാലത്ത് സ്വാഭാവികമെന്നോണം  സംഭവിക്കുന്നത്. ഉപ്പു തൊട്ടു കര്‍പ്പൂരമെന്നോണം ഇടപെടല്‍ സാധ്യമായ എല്ലായിടത്തും ചിട്ടയായി നടത്തുന്ന കാവി റിക്രൂട്ട്മെന്റില്‍ നിന്ന് ജുഡീഷ്യറി മാറി നില്‍ക്കുമെന്നതൊക്കെ ഒരു അല്‍പ്പ വിശ്വാസമാണ്. പക്ഷേ കുറച്ചു കൂടി കഴിഞ്ഞു പ്രതീക്ഷിച്ചത് അല്‍പ്പം നേരത്തേയായി എന്ന് മാത്രം.

ആര്‍എസ്എസ് യോഗത്തില്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് പങ്കെടുത്ത വാര്‍ത്ത കേട്ട് മൂക്കത്ത് വിരല്‍ വെക്കുന്നവര്‍ ഇനിയങ്ങോട്ട്‌ ആ വിരല്‍ മാറ്റാതിരിക്കുന്നതാണ് ഉത്തരം. ഞാണിന്മേല്‍ നില്‍ക്കുന്ന പുകള്‍പെറ്റ ജനാധിപത്യത്തിന്‍റെ ആയുസ്സ് തന്നെ തുലാസിലായ കാലത്ത് ഒരു ബ്യൂറോക്രാറ്റ് പാവയെ അടുക്കളയില്‍ എത്തിക്കുന്നതില്‍ വലിയ അത്ഭുതമൊന്നും തോന്നേണ്ട കാര്യമുണ്ടോ എന്നറിയില്ല.

രണ്ടാമത്തെ കാര്യമാണ് കൌതുകകരമായി തോന്നേണ്ടത്. രണ്ടു മാസക്കാലം മുന്നേ ദ്രംഷ്ട കണക്കെ പല്ല് കാണിച്ച് പോകുന്നിടത്തൊക്കെ വിഷ വചനങ്ങള്‍ പരത്തി കൊലവിളി നടത്തിയിരുന്ന ഒരു മനുഷ്യന്‍ കണ്ണീരോടെ വാര്‍ത്താ സമ്മേളനം നടത്തിയിരിക്കുന്നു. താനിത്ര കാലം വെള്ളവും വളവും കൊടുത്തു ഉയര്‍ത്തിയ ഒരു പാര്‍ട്ടിയുടെ ഭരണകൂടം തന്നെ, തന്നെ കൊല്ലാനായി ആളെയയ്ക്കുന്നു എന്ന് പരിതപിച്ചു കൊണ്ട്.

ഒരു പക്ഷേ സംഘിന്റെ രാഷ്ട്രീയ ചരിത്രത്തെ കുറിച്ച് ഏകദേശ ധാരണയുള്ളവര്‍ക്ക് അതൊരു കൌതുകമായി തോന്നണം എന്നില്ല. പക്ഷേ മേല്‍ സൂചിപ്പിച്ച മറ്റു രണ്ടു സംഭവങ്ങളുമായി ചേര്‍ത്തു വായിക്കുമ്പോള്‍ തൊഗാഡിയയുടെ കണ്ണീരില്‍ കാര്യമായ ഭയപ്പാടുകളുടെ അംശം തീര്‍ച്ചയായുമുണ്ട് തന്നെ.

സവർക്കറുടെ രാഷ്ടീയഹിന്ദു മുതല്‍ മോദിയുടെ കോർപ്പറേറ്റ് ഹിന്ദു വരെ; വെറുപ്പിന്റെ ചരിത്രം, നീതിരാഹിത്യത്തിന്റെയും

ഒരു നാള്‍ നീയഴിച്ചു വിട്ട കാട്ടുപട്ടികള്‍ 

വേട്ടയാടി പശിയടങ്ങാഞ്ഞ് നിന്‍റെ മാംസം തേടി വരും!

അന്നു നിന്‍റെ നിലവിളികള്‍

കുഴിച്ച് മൂടപെട്ട അവശജീവിതങ്ങളുടെ തേങ്ങലുകളില്‍ ഒതുങ്ങി പോകും

നീ തീര്‍ന്ന് പോകും

സെയ്ദിന്‍റെ ഈ വാക്കുകള്‍ ഒരു പക്ഷേ സാന്ദര്‍ഭികമായി തൊഗാഡിയയുടെ കണ്ണീരിനോടേറെ ഇണങ്ങുന്നതാണ്. രാഷ്ട്രീയ സ്വയം സേവക സംഘത്തിലൂടെ തന്‍റെ രാഷ്ട്രീയ യാത്ര ആരംഭിക്കുകയും അതേ സംഘടനയുടെ പോഷക സംഘടനയായ വിശ്വ ഹിന്ദു പരിഷത്തിന്‍റെ അന്താരാഷ്‌ട്ര വര്‍ക്കിംഗ് പ്രസിഡന്റ്റ് പദവിയിലേക്ക് വരെയെത്തിയ പ്രവീണ്‍ തൊഡിടിയ നരേന്ദ്ര മോദിയും അമിത് ഷായും മോഹന്‍ ഭാഗവതുമടങ്ങുന്ന ആര്‍എസ്എസ്-ബിജെപി ഉന്നത നേതൃത്വവുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന നേതാവാണ്‌. കുപ്രസിദ്ധങ്ങളായ വിദ്വേഷ പ്രസംഗങ്ങളിലൂടെ, മുസ്ലീം വിരുദ്ധ പരാമര്‍ശങ്ങളിലൂടെ വാര്‍ത്തകളിലും പോലീസ് കേസ് ഡയറികളിലും ഇടം പിടിച്ച തൊഗാഡിയ ഇങ്ങു കേരളത്തില്‍ വരെ പോലീസ് രേഖയിലെ സാന്നിധ്യമായി കിടന്നിരുന്നു.

ഗുജറാത്ത് കലാപത്തിനു മുന്‍പും പിന്‍പും രാജ്യത്ത് നടമാടിയ ഏറിയ പങ്ക് വര്‍ഗ്ഗീയ കലാപങ്ങളെ കുറിച്ച് ഉള്ളറിവുള്ള തൊഗാഡിയ എണ്‍പതുകളിലെ രാമജന്മഭൂമി വിഷയം മുതല്‍ സംഘിന്‍റെ രണ്ടാം രാഷ്ട്രീയ വളര്‍ച്ചയുടെ ആരംഭ കാലം മുതലുള്ള ചരിത്രത്തിന്‍റെ ഭാഗമാണ്. ബിജെപിയെയും വിശിഷ്യാ നരേന്ദ്ര മോദിയെയും പ്രതിസ്ഥാനത്തു നിര്‍ത്തുന്ന ഒരു പുസ്തകരചനയുമായി ബന്ധപ്പെട്ടാണ് തൊഗാഡിയ സംഘപരിവാറിനു അനഭിമതനായതെന്നു കേള്‍ക്കുന്നു. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണവുമായി ബന്ധപ്പെട്ടും ഹിന്ദുത്വ രാഷ്ട്രീയമവകാശപ്പെടുന്ന ബിജെപിയുടെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്കുള്ള ചേരുവകളില്‍ കവിഞ്ഞ് വഞ്ചനാപരമായ നിലപാടുകളെ കുറിച്ചുമൊക്കെയാണത്രേ എഴുതിക്കൊണ്ടിരിക്കുന്ന പുസ്തകം. അതേതായാലും കൂടുതല്‍ കാവിയാരെന്നുള്ള വടംവലിക്കുള്ളിലെ സൌന്ദര്യ പ്രശ്നമെന്ന് വായിക്കാമെങ്കിലും തൊഗാഡിയയുടെ ഭയം ശരിവെക്കുകയാണെങ്കില്‍ അവരുടെതായി തന്നെ നിലനില്‍ക്കുന്ന ചില ചരിത്ര സംഭവങ്ങളിലൂടെ പോകേണ്ടിയിരിക്കുന്നു. കൂടെ കാവിക്കൊടി പിടിച്ചവനെന്നോ അല്ലെങ്കില്‍ കാവിക്കൊടി നാട്ടിയവനെന്നോ എന്നുള്ള നോട്ടങ്ങള്‍ പണ്ടേ ആ വിധ്വംസക കൂട്ടത്തിന്‍റെ വൈകാരിക തലങ്ങളെയോ നൈതിക തലങ്ങളെയോ ഒട്ടും സ്പര്‍ശിക്കാറില്ല.

സംഘപരിവാര്‍ നേതാവ് ദീന്‍ദയാല്‍ ഉപാധ്യായ എങ്ങനെ മരിച്ചു? ബിജെപിയുടെ മൌനം ആര്‍ക്കുവേണ്ടി?

ദീന്‍ ദയാല്‍ ഉപാധ്യായ സംഘപരിവാറിനു ആരായിരുന്നെന്ന് ആരോടും പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ട കാര്യമുണ്ടാകുമെന്നു തോന്നുന്നില്ല. വിവിധ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളുടെ പേരില്‍ ഇന്ന് പുറത്തു കേള്‍ക്കുന്ന ആ മനുഷ്യന്റേത് ഒരു സ്വാഭാവിക മരണമായിരുന്നില്ല. അല്ലെങ്കില്‍ ഇന്നും ദുരൂഹമായി തുടരുന്ന കാരണങ്ങളില്‍ പെട്ടെന്നൊരുനാള്‍ സംഭവിച്ച സ്വാഭാവികമെന്ന് അന്വേഷണ ഏജന്‍സി വിധിയെഴുതിയ ആ മരണത്തെ കുറിച്ച് സംഘപരിവാര്‍ നേതാക്കള്‍ക്ക് പോലും യാതൊരു സംശയമോ ബുദ്ധിമുട്ടോ ഉണ്ടായിരുന്നില്ല എന്നതാണ് സത്യം. ഇന്നും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം.

ആര്‍എസ്എസ് ആചാര്യന്‍ ഹെഡ്ഗേവാറുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന ദീന്‍ ദയാല്‍ തന്‍റെ ബിരുദ പഠന കാലം മുതല്‍ സംഘപ്രവര്‍ത്തങ്ങളില്‍ സജീവമായിരുന്നു. ലഖിംപൂർ ജില്ലാ പ്രചാരകനും ഉത്തർപ്രദേശ്‌ സഹ പ്രാന്തപ്രചാരകുമൊക്കെയായി സംഘത്തില്‍ തന്‍റെ രാഷ്ട്രീയ വളര്‍ച്ച പ്രാപിച്ച ദീന്‍ ദയാല്‍ പാഞ്ചജന്യ, സന്ദേശ് എന്നീ പ്രസിദ്ധീകരണങ്ങളും സംഘത്തിനായി ആരംഭിച്ചിരുന്നു. സ്വാതന്ത്രാനന്തരം ഒരു രാഷ്ട്രീയ ശക്തിയായി മാറാനുള്ള ആര്‍എസ്എസ് തീരുമാനം നടപ്പിലാക്കാന്‍ അന്നത്തെ സര്‍സംഘചാലകായിരുന്ന എം.എസ് ഗോള്‍വാള്‍ക്കര്‍ എബി വാജ്പേയിയോടൊപ്പം തിരഞ്ഞെടുത്തവരില്‍ പ്രധാനിയായിരുന്നു ദീന്‍ ദയാല്‍ ഉപാധ്യായ.

1952 മുതൽ ജനസംഘം ജനറൽ സെക്രട്ടറി ആയിരുന്ന ദീനദയാൽ 1967 ലാണ് അധ്യക്ഷ സ്ഥാനത്ത് എത്തുന്നത്. ജനസംഘത്തിന്റെ അധ്യക്ഷനായി ചുമതലയേറ്റ് രണ്ടു മാസം തികയും മുൻപാണ് അദ്ദേഹം തികച്ചും ദുരൂഹമായ സാഹചര്യത്തിൽ കൊല്ലപ്പെട്ടത്. ലക്നൗവിൽനിന്നും പാട്നയിലേക്ക് രാത്രി ട്രെയിനിൽ യാത്രചെയ്ത അദ്ദേഹത്തിന്റെ മൃതദേഹം 1968 ഫെബ്രുവരി പതിനൊന്നിന് മുഗള്‍ സരായി റെയിൽവേ സ്റ്റേഷനിൽ നിന്നും കണ്ടു കിട്ടുകയായിരുന്നു. ദുരൂഹമെന്ന് വിശേഷിപ്പിച്ച ആ മരണത്തെ അത്രമേല്‍ ലളിതമായി കയ്യൊഴിയാന്‍ സംഘിനെ പ്രേരിപ്പിച്ച കാരണങ്ങള്‍ എന്തായിരിക്കും? തങ്ങള്‍ പ്രത്യയശാസ്ത്രമായി കരുതിപ്പോന്ന ‘എകാത്മാ മാനവ ദർശന’ത്തിന്‍റെ തന്നെ ഉപജ്ഞാതാവിന്‍റെ ദുരൂഹമരണം അവരില്‍ ഒട്ടും അലോസരം സൃഷ്ടിക്കാത്തതിന്‍റെ പിന്നിലെന്തായിരിക്കും, ഇതുവരെയും ദൂരൂഹമെന്നു എഴുതി മാറുന്ന ആ മരണത്തെ കുറിച്ച് അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ചിരുന്ന ബല്‍രാജ് മധോക്ക് എന്നയാളുടെ ആത്മകഥയില്‍ ആ മരണത്തിനു പിന്നില്‍ പാര്‍ട്ടിയിലെ ഒരുവിഭാഗത്തിന്‍റെ പങ്ക് ആരോപിക്കുന്നുണ്ട്. പാര്‍ട്ടിയിലെ തന്നെ ഏറ്റവും സാത്വികാചാര്യനായിരുന്ന, പാര്‍ട്ടിയുടെ തന്നെ സ്ഥാപക നേതാവിന്‍റെ മരണത്തെക്കുറിച്ചൊരു അന്വേഷണം നടത്താന്‍ സംഘപരിവാറിനു തന്നെ വലിയ താത്പ്പര്യങ്ങള്‍ ഉണ്ടായിരുന്നില്ല എന്നതോര്‍ക്കണം.

ദീന്‍ ദയാല്‍ ഉപാധ്യായയെ പോലൊരാളുടെ അവസ്ഥ ഇതാണെങ്കില്‍ സംഘിന്‍റെ ഉള്ളറകളെ കുറിച്ച് ആവോളം അറിയാവുന്ന പ്രവീണ്‍ തൊഗാഡിയ സ്വന്തം കാര്യമാലോചിച്ചപ്പോള്‍ എന്ത് സംഭവിച്ചിരിക്കും എന്നത് ഊഹിക്കാവുന്നതേയുള്ളൂ.

പ്രവീണ്‍ തൊഗാഡിയ ഭയക്കുന്ന വ്യാജ ഏറ്റുമുട്ടല്‍; മോദി-അമിത് ഷാ സംഘം പേടിക്കുന്ന തൊഗാഡിയ

ഇത് മാത്രമല്ല ആ ചരിത്രങ്ങളുടെ കൂട്ടത്തില്‍ എടുത്തു പറയാനുള്ളത്.

ആര്‍ എസ് എസ് നേതാവായിരുന്ന സുനില്‍ ജോഷിയുടെ കൊലപാതകവും ഇത്തരത്തിലുള്ള ഒന്നായിരുന്നു. ഹിന്ദുത്വ തീവ്രവാദിയായി അറിയപ്പെടുന്ന സുനില്‍ ജോഷിയുടെ കൊലപാതകത്തില്‍ സംശയത്തിന്‍റെ പേരില്‍ കോടതി വെറുതെ വിട്ടവരില്‍ സ്വാധ്വി പ്രഗ്യാ സിംങ് ഠാക്കൂര്‍ അടക്കമുള്ളവരാണ് ഉണ്ടായിരുന്നത്. ഈ സ്വാധ്വി പ്രഗ്യാ സിംങ്ങും കേണല്‍ ശ്രീകാന്ത് പുരോഹിതുമൊക്കെയടങ്ങുന്ന സംഘം ഗുജറാത്ത് ബിജെപി സര്‍ക്കാരുമായി എങ്ങനെ ബന്ധപ്പെട്ടു കിടക്കുന്നു എന്നത് ഒട്ടും രഹസ്യവുമല്ലല്ലോ. ഒരു കോണ്‍ഗ്രസ് നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണം നേരിട്ട സുനില്‍ ജോഷി ഒളിവിലായിരുന്നപ്പോഴാണ് കൊല്ലപ്പെടുന്നത്. കേസ് ഗൗരവത്തോടെ അന്വേഷിക്കാത്തതിന് എന്‍ഐഎയെ കോടതി വിമര്‍ശിക്കുകയും ചെയ്തിരുന്നു.

മറ്റൊന്ന് ഹരേന്‍ പാണ്ഡ്യയുടെ കൊലപാതകമാണ്. 2002 ഗുജറാത്ത് വംശഹത്യയില്‍ നരേന്ദ്ര മോദിയുടെ പങ്ക് വെളിപ്പെടുത്തിയ മന്ത്രിയായിരുന്നു ഹരേന്‍ പാണ്ഡ്യ. മോദിയുടെ പങ്കിനെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തിയത് താനാണെന്ന് അറിഞ്ഞാല്‍ താന്‍ കൊല്ലപ്പെടുമെന്ന് ഇദ്ദേഹം ഔട്ട്‌ലുക്ക് മാഗസിനോട് പറഞ്ഞിട്ടുമുണ്ട്. മാത്രവുമല്ല, ഗുജറാത്തിലെ വംശഹത്യ അന്വേഷിച്ച Concerned citizens tribunal നു മുമ്പാകെയും ഹരേണ്‍ പാണ്ഡ്യ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരുന്നു. (കടപ്പാട്: എന്‍ കെ ഭൂപേഷ്)

ഇനിയുമൊരുപക്ഷേ അനേകമനേകം തള്ളി മാറ്റപ്പെട്ട ദുരൂഹമരണങ്ങള്‍ ഇത്തരത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോലും പോയിരിക്കും. മധ്യപ്രദേശ് ബിജെപി സര്‍ക്കാരിനെതിരായ വ്യാപം അഴിമതി കേസിലെ സാക്ഷികളും പ്രതികളും ഒന്നൊന്നായി മരിച്ചു വീണതും നമ്മുടെ രാജ്യത്താണ്. അതും ദുരൂഹങ്ങളുടെ പട്ടികയില്‍ അമര്‍ന്നിരിക്കുന്നുമുണ്ട്.

രാജ്യസുരക്ഷയുടെ കാവലാളാവേണ്ട ഉന്നത ഉദ്യോഗസ്ഥന്‍ മുതല്‍ സൈനിക മേധാവികള്‍ വരെ കാര്യാലയങ്ങളുടെ അടുക്കള വരാന്തയില്‍ ഓര്‍ഡറുകളും കാത്തു നില്‍ക്കുന്ന കാലത്ത് അതേ കാര്യാലയ കാര്യങ്ങള്‍ക്കായി കരുക്കള്‍ നീക്കുകയും നീങ്ങിയ കരുക്കളുടെ പ്രവര്‍ത്തങ്ങള്‍ ആസൂത്രണം ചെയ്യുകയും നടപ്പിലാക്കുകയും ചെയ്തൊരു മനുഷ്യന്‍ ഭയപ്പെട്ടു പോയെങ്കില്‍ കുറ്റം പറയാന്‍ ഒക്കുകയില്ല. അയാളോളം ആ കൂട്ടത്തെ അറിയുന്നവര്‍ ചുരുക്കം തന്നെ എന്ന് കാരണം.

മോഹന്‍ ഭാഗവത് ആര്‍എസ്എസ് തലവനാണ്; ഇന്ത്യന്‍ പ്രസിഡന്റല്ല

രാജ്യം ഭരിക്കുന്ന പാര്‍ട്ടിയുടെ തലവന്‍ പ്രതിയായ കൊലപാതക കേസില്‍ വിധി പറയേണ്ട ന്യായാധിപന്‍ ദുരൂഹങ്ങളുടെ പട്ടികയില്‍ തന്‍റെ പേരും നല്‍കിക്കൊണ്ട് കൊല്ലപ്പെടുന്നു. നാളുകള്‍ കഴിഞ്ഞിട്ടും പ്രസ്തുത വിഷയത്തില്‍ നീതിപൂര്‍വ്വമായൊന്നും നടക്കുന്നില്ലെന്ന് പറഞ്ഞ് ചീഫ് ജസ്റ്റിനെ പ്രതിസ്ഥാനത്ത് നിര്‍ത്തി കൊണ്ട് കുറച്ചു ന്യായാധിപന്മാര്‍ പുറത്തേക്കിറങ്ങി വന്നിരിക്കുന്നു. രാജ്യചരിത്രത്തില്‍ കേട്ട് കേള്‍വിയില്ലാത്ത സംഭവ വികാസങ്ങള്‍ നടക്കുന്ന സംഘ് കാലത്ത് ഒരു എന്‍കൌണ്ടര്‍ കൊലപാതകത്തില്‍ താന്‍ തീര്‍ന്നു പോയാല്‍ ഒരു ചുക്കും സംഭവിക്കില്ലെന്നും തന്‍റെ സ്വഭാവം വെച്ച് ഒരു മനുഷ്യന്‍ പോലും തിരിഞ്ഞു നോക്കില്ലെന്നും തൊഗാഡിയയ്ക്ക് നന്നായറിയാമായിരിക്കണം.

കുറച്ചു കാലം മുന്നേ ഇങ്ങ് ആലപ്പുഴയില്‍ വന്ന്, വിശ്വഹിന്ദു പരിഷത്തിന്‍റെ ഹിന്ദു സ്വാഭിമാന സമ്മേളനം ഉത്ഘാടനം ചെയ്തു കൊണ്ട്, മുസ്ലീങ്ങളെ ഗുജറാത്തും മുസഫര്‍നഗറും ഓര്‍മിപ്പിച്ച് ആക്രോശിച്ച അതേ മനുഷ്യനാണ് മൈക്കുകള്‍ക്ക് മുന്നില്‍ ഭയപ്പാടോടെ കണ്ണീര്‍ പൊഴിച്ചത്. തീര്‍ച്ചയാണ്, അയാളെ ഗുജറാത്തും മുസഫര്‍നഗറും ഓര്‍മിപ്പിച്ചതും കണ്ണീര്‍ പൊഴിക്കാന്‍ പ്രേരിപ്പിച്ചതും ഒരേ രാഷ്ട്രീയത്തിന്‍റെ വിധ്വംസക മുഖമാണ്. അയാള്‍ അഴിച്ചു വിട്ട കാട്ടുപട്ടികള്‍ ഇന്നയാള്‍ക്ക് നേരെ തന്നെ തിരിഞ്ഞിരിക്കുന്നു. അവരുടെ അന്നത്തില്‍ മണ്ണ് വീഴുമെന്നു വന്നാല്‍ അവര്‍ക്കായി അനേകം പുത്തന്‍ തൊഗാഡിയമാര്‍ കാത്തു നില്‍ക്കുന്നുണ്ട്. ശാഖയില്‍ പോകുന്നത് നിര്‍ത്തിയതിനായിരുന്നത്രേ ആലപ്പുഴയിലൊരു ബാലനെ തല്ലിക്കൊന്നത്.

പരിഹാസ്യമായിക്കൊണ്ടിരിക്കുന്ന ജനാധിപത്യമെന്ന നാമത്തിനു കൂട്ടായി ദുരൂഹതയെന്ന പദവും ചേര്ക്കപ്പെടുമോ എന്നത് ആശങ്കപ്പെടാനേ നിവൃത്തിയുള്ളൂ. തൊഗാഡിയമാര്‍ക്ക് പോലും ഗതിയില്ലാത്ത സംഘകാലമെന്തെന്നു തിരിച്ചറിയപ്പെടാത്തവര്‍ക്ക് നല്ല നമസ്കാരം പറയാം.

കാവി ഭ്രാന്തന്മാരുടെ തമ്മില്‍ തമ്മിത്തല്ലിലവസാനം ഒരു തൊഗാഡിയ പരലോകം പൂകിയാലിവിടെ ഒന്നും തന്നെ സംഭാവിക്കില്ലെന്നുറപ്പ്. പക്ഷേ തൊഗാഡിയ എന്നത് വെറുമൊരു പേരല്ല. കത്തിയമര്‍ന്നതും വെന്തു വെണ്ണീറായതും വെട്ടി വീഴ്ത്തപ്പെട്ടതുമായ ഒരു രാഷ്ട്രീയ ചരിത്രത്തിന്‍റെ ഭാഗമാണാ പേര്. ഇല്ലാതാക്കാന്‍ ശ്രമിക്കുന്നു എന്നയാള്‍ ഓരിയിട്ടത് അയാളുടെ ശരീരത്തെയുമല്ല, പല കാവി തലകളേയും അനേകം സിംഹാസനങ്ങളിലേക്കാനയിച്ച രഹസ്യ യാഥാര്‍ത്ഥ്യങ്ങളെയാണ്.

ഗോള്‍വാള്‍ക്കര്‍ ദര്‍ശനത്തിലെ മോദി ഭാരതം

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ശ്രീകാന്ത് പി.കെ

ശ്രീകാന്ത് പി.കെ

കോഴിക്കോട് സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നു

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍