UPDATES

എസ് മുഹമ്മദ് ഇര്‍ഷാദ്

കാഴ്ചപ്പാട്

ഇടവും കാലവും

എസ് മുഹമ്മദ് ഇര്‍ഷാദ്

ഗോരഖ്പൂരും കേരളവും; ഗൗരവമേറിയ താരതമ്യപഠനത്തിന്റെ ആവശ്യമുണ്ട്

മെഡിക്കല്‍ വിദ്യഭ്യസവും ആശുപത്രി നടത്തിപ്പും എല്ലാം തന്നെ സ്വകാര്യ മൂലധത്തിന്റെ സാമ്പത്തികയുക്തിക്ക് വിട്ടു കൊടുക്കുന്ന കേരളവും പലതും ഭയക്കണം

ഗോരഖ്പുര്‍ ദുരന്തം ഉണ്ടായിട്ട് ദിവസങ്ങള്‍ കഴിഞ്ഞിട്ടും അതൊരു ദുരന്തമല്ല എന്നും, കുട്ടികള്‍ മരിക്കുന്നത് സാധാരണ സംഭവം മാത്രമാണ് എന്നുമുള്ള ഉത്തര്‍പ്രദേശ് ആരോഗ്യമന്ത്രിയുടെ പ്രസ്താവന രാജ്യം നേരിടുന്ന ഒരു വലിയ പ്രശ്‌നത്തിന്റെ സൂചനയാണ്. പൊതുജനാരോഗ്യമല്ല പകരം, പൊതുജനം തന്നെ ഭരണകൂടത്തിന് ബാധ്യതയാണ് എന്നതിന്റെ സൂചന. ഇങ്ങനെ ഒരു സംഭവം ഉണ്ടായില്ല എന്ന് വരുത്തിതീര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഇതൊരു സാധാരണ സംഭവം ആയി കാണാന്‍ സമൂഹത്തെ തയ്യാറാക്കുന്നതിനും അവര്‍ ലക്ഷ്യമിട്ടു. പ്രധാനമന്ത്രി പോലും സ്വാതന്ത്ര്യദിനത്തില്‍ പരോക്ഷമായി മാത്രം ഈ ദുരന്തത്തെ സൂചിപ്പിച്ചത് അതിന്റെ പിന്നിലെ കാരണങ്ങള്‍ പ്രശ്‌നവത്കരിക്കാതിരിക്കാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയായിരുന്നു. ഗോരഖ്പൂര്‍ മണ്ഡലത്തില്‍ നിന്നുള്ള എംപി  യോഗി ആദിത്യനാഥ് നിരവധി തവണ ഈ മെഡിക്കല്‍ കോളേജ് പ്രശ്‌നം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു. ഒരു പക്ഷെ അന്നത്തെ യൂ പി സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ വേണ്ടിയാവണം അത്തരത്തില്‍ പ്രകടനം നടത്തിയത്, എന്നാല്‍ യോഗി ആദിത്യനാഥ് എന്ന ഇപ്പോഴത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി ശ്രമിക്കുന്നത് ഗോരഖ്പൂര്‍ ബിആര്‍ഡി മെഡിക്കല്‍ കോളേജില്‍ ശ്വാസം കിട്ടാതെ കുട്ടികള്‍ മരിച്ച സംഭവം ഉണ്ടായിട്ടില്ല എന്ന് വരുത്തിത്തീര്‍ക്കാനാണ്.

യുപി സര്‍ക്കാരിന്റെ നടപടി ഒരു തരത്തില്‍ രാജ്യത്തെ പല സംസ്ഥാന സര്‍ക്കാരുകളും അഭിമുഖീകരിക്കുന്ന ഒന്നാണ്. ആരോഗ്യ മേഖലയില്‍ വര്‍ഷം തോറും കുറയുന്ന സര്‍ക്കാര്‍ ധനസഹായവും വര്‍ദ്ധിക്കുന്ന സ്വകാര്യവത്കരണവും ആശുപത്രികളെ സാധാരണക്കാര്‍ക്ക് അപ്രാപ്യമാക്കുകയാണ്. ദിനംപ്രതി വര്‍ധിച്ചു വരുന്ന ചികിത്സ ചിലവും മരുന്നു വിലവര്‍ധനയും സര്‍ക്കാര്‍ ആശുപത്രികളെ കൂടുതലായി ആശ്രയിക്കേണ്ട അവസ്ഥ സാധാരണക്കാര്‍ക്ക് ഉണ്ടാക്കിയിട്ടുണ്ട്. കേരളം മാറ്റി നിര്‍ത്തിയാല്‍ രാജ്യത്തെ ഒട്ടുമിക്ക സര്‍ക്കാര്‍ ആശുപത്രികളുടെ അവസ്ഥയും ഇത് തന്നെയാണ്. ഗ്രാമീണ ആരോഗ്യ സംരക്ഷണ രംഗം സംരക്ഷിക്കുന്നതിന് പകരം അതിനെ തകര്‍ക്കാനും അവിടേക്ക് സ്വകാര്യ മേഖലയെ കടത്തിവിടാനുമാണ് കേന്ദ്ര സര്‍ക്കാരും ശ്രമിക്കുന്നത്.

അതിനുദാഹരണമാണ് സര്‍ക്കാര്‍ ആശുപത്രികളിലെ സൗകര്യങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് നല്‍കാനുള്ള നീതി ആയോഗിന്റെ തീരുമാനം. ആശുപത്രി കെട്ടിടവും ഭൂമിയും ഉള്‍പ്പെടുന്ന സൗകര്യങ്ങള്‍ സ്വകാര്യ ആശുപത്രികളുമായി പങ്കുവെയ്ക്കുന്ന രീതി ഫലത്തില്‍ സര്‍ക്കാര്‍ ആശുപത്രികളുടെ പ്രസക്തി തന്നെ ഇല്ലാതാക്കുകയും അതോടൊപ്പം സര്‍ക്കാര്‍ ആശുപത്രികളുടെ പ്രവര്‍ത്തനത്തിന് വേണ്ടി സര്‍ക്കാര്‍ ചിലവാക്കുന്ന പണത്തില്‍ വലിയ കുറവുണ്ടാകുകയും ചെയ്യും. സ്വകാര്യ ആശുപത്രികള്‍ രാജ്യത്തിന്റെ നഗരമേഖലകളില്‍ അഭിമുഖീകരിക്കുന്ന പ്രധാന പ്രശ്‌നം സ്ഥലപരിമിതി തന്നെയാണ്. അതിനെ മറികടക്കാനുള്ള അവരുടെ പദ്ധതി നടപ്പില്‍ വരുത്തുന്ന ജോലി മാത്രമാണ് നീതി ആയോഗ് ചെയ്തത്. ഇതോടുകൂടി സര്‍ക്കാരിന് ഒരു വലിയ സാമ്പത്തിക ബാധ്യത ഒഴിവായി കിട്ടും. ഇതു കൂടാതെ പൊതുജനം സര്‍ക്കാര്‍ ആശുപത്രികളെ ആശ്രയിക്കുന്ന അവസ്ഥക്ക് കുറവുണ്ടാകുകയും ചെയ്യും. ഒരുപക്ഷെ ഈ സര്‍ക്കാര്‍ കൊണ്ടുവന്ന ഏറ്റവും വലിയ ജനദ്രോഹ നടപ്പടികളില്‍ ഒന്ന് ഇതു തന്നെയാകും; അതിനുദാഹരണമാണ് ഗോരഖ്പൂറില്‍ നടന്ന സര്‍ക്കാര്‍ കൊലപാതകം.

"</p

ഇത്തരം നടപടികളിലൂടെ സര്‍ക്കാരിന് വലിയ സാമ്പത്തിക ലാഭം ഉണ്ടാകും. ഇങ്ങനെ ലാഭമുണ്ടാക്കുന്ന ഒരു സര്‍ക്കാരിനെക്കൊണ്ട് ജനത്തിന് എന്ത് പ്രയോജനം എന്ന് സാധാരണക്കാര്‍ ചോദിച്ചാല്‍ അവരെ രാജ്യദ്രോഹി ആക്കുന്ന അവസ്ഥയിലേക്ക് പോകുന്നതിന്റെ ഒരു കാരണം ഇത്തരം സ്യകാര്യ മൂലധന ശക്തികള്‍ തന്നെയാണ്. ഇന്ന് രാജ്യം നേരിടുന്ന ഏറ്റവും വലിയ പ്രശ്നം രാജ്യസ്‌നേഹം മാത്രമായി ചുരുങ്ങുന്നതിന്റെ കാരണവും ഇത് തന്നെയാണ്. ദേശസ്‌നേഹികള്‍ രാജ്യത്തിന് വേണ്ടി ബലിദാനം നല്‍കുകയാണ് ചെയ്തത് എന്ന് ഗോരഖ്പൂര്‍ സംഭവത്തെ യു പി സര്‍ക്കാര്‍ വിശേഷിപ്പിച്ചാലും അത്ഭുതപ്പെടാനില്ല.

ഗോരഖ്പൂര്‍ ആശുപത്രിയുടെ അവസ്ഥ ഏതായാലും കേരളത്തിന്റേതുമായി താരതമ്യം ചെയ്യുന്നതില്‍ ഔചിത്യമില്ല എന്ന രീതിയില്‍ പല വിശകലനങ്ങളും വന്നു കഴിഞ്ഞു. പ്രത്യക്ഷത്തില്‍ അത്തരമൊരു താരതമ്യം സാധ്യമല്ല എന്നതും അംഗീകരിക്കണം. എന്നാല്‍ കേരളം ഈ അവസ്ഥയിലേക്ക് എത്താന്‍ അധികകാലമില്ല എന്നത് ഒരു വലിയ സത്യം തന്നെയാണ്. മെഡിക്കല്‍ വിദ്യഭ്യസവും ആശുപത്രി നടത്തിപ്പും എല്ലാം തന്നെ സ്വകാര്യ മൂലധത്തിന്റെ സാമ്പത്തികയുക്തിക്ക് വിട്ടു കൊടുക്കുന്ന കേരളവും പലതും ഭയക്കണം. മുരുഗന്‍ എന്ന തമിഴ്‌നാട്ടുകാരന്‍ തൊഴിലാളിയുടെ മരണത്തിലൂടെ ഇതിന് തുടക്കമായി കഴിഞ്ഞു.

"</p

പണമില്ല എന്ന ഒറ്റക്കാരണം മാത്രമാണ് സ്വകാര്യ ആശുപത്രികളെ ഇദ്ദേഹത്തെ ചികിത്സിക്കുന്നതില്‍ നിന്നും പിന്തിരിപ്പിച്ചത്, അല്ലാതെ വെന്റ്റിലേറ്റര്‍ മാത്രമല്ല. പണമുണ്ടായിരുന്നു എങ്കില്‍ വെന്റ്റിലേറ്റര്‍ വരുമായിരുന്നു എന്ന് സാമാന്യബോധമുള്ള എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഈ സാമാന്യ ബോധം നഷ്ടപ്പെടാന്‍ അധികകാലമില്ല എന്നതും വിസ്മരിക്കേണ്ടതില്ല. കാരണം നമ്മള്‍ ഇവിടെ ഒരു താരതമ്യ വിശകലനമാണ് നടത്തുന്നതും അതിനനുസരിച്ച് യുക്തിപൂര്‍വ്വം ചിന്തിക്കുന്നതും. സര്‍ക്കാര്‍ ആശുപത്രികളിലെ സംവിധാനങ്ങളുമായും അവിടെ സാധാരണക്കാര്‍ക്ക് കിട്ടുന്ന സൗകര്യവും അറിയാവുന്നത് കൊണ്ട് കൂടിയാണ്. എന്നാല്‍ സ്വകാര്യ മൂലധനത്തിന്റെ ആധിപത്യത്തോടെ ഈ പൊതുബോധവും നഷ്ടമാകും. പിന്നീട് കേരളം ഒരിക്കലും ഒരു താരതമ്യവിശകലനത്തിന് തയ്യാറാകില്ല. അഥവ അതിനുള്ള സാമൂഹിക ഉത്തരവാദിത്വം ഇല്ലാതാകും.

ഗൗരവമായ ഒരു താരതമ്യപഠനത്തിന്റെ ആവശ്യം ഇവിടെയുണ്ട്. അതോടൊപ്പം പൊതുജനാരോഗ്യ സംവിധാനത്തിന്റെ ഇന്നത്തെ അവസ്ഥയും ഗൗരവമായി തന്നെ കാണണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍