UPDATES

ട്രെന്‍ഡിങ്ങ്

ഒരു അണക്കെട്ട് കൂടി വയനാട് താങ്ങുമോ? കടമാൻതോട് ഡാം പ്രളയത്തെ തടയുമെന്ന വാദം ജനത്തിന്റെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമോ?

വയനാട്ടിൽ കബനീ തടത്തിലെ നിർദ്ദിഷ്ട പദ്ധതികളിൽ ഒന്ന് മാത്രമാണ് കടമാൻതോട്.  നൂൽപുഴ, തിരുനെല്ലി, കല്ലമ്പതി, ചെങ്ങാട്ട്, പെരിങ്ങോട്ടുപുഴ എന്നീ വിവാദ പദ്ധതികൾക്കും ഇപ്പോൾ ജീവൻ വച്ചിരിക്കുന്നു

കെ.എ ഷാജി

കെ.എ ഷാജി

മുന്നറിയിപ്പില്ലാതെ അണക്കെട്ട് തുറന്നു വിട്ടതിനാലാണ് പോയ വർഷം വയനാട്ടിലെ പ്രളയം അത്ര മാരകമായത്. അതിൻ്റെ കൃത്യമായ ഒന്നാം വാർഷികത്തിലാണ്‌ വയനാടിനെ ഭാവിയിലെ പ്രളയങ്ങളിൽ നിന്ന് രക്ഷിക്കാൻ പുതിയ ഒരണക്കെട്ട് എന്ന വിചിത്ര വാദവുമായി മന്ത്രി കെ കൃഷ്ണൻകുട്ടിയും സർക്കാർ മൊത്തത്തിലും ഇറങ്ങിയിരിക്കുന്നത്. കർണാടകയിലെ ബീച്ചനഹള്ളി അണക്കെട്ടിൽ നിന്നും  ഏറെ ദൂരെയൊന്നുമല്ലാതെ പൊതുവിൽ വ്യാപകമായ ജലക്ഷാമം നേരിടുന്ന പുൽപ്പളളി-മുള്ളൻകൊല്ലി പ്രദേശത്തുള്ള കടമാൻ തോടിൽ വലിയൊരു അണക്കെട്ടിനുള്ള പദ്ധതിക്ക് ജീവൻ വയ്ക്കുമ്പോൾ ആ പ്രദേശത്തു മുൻപെന്നെങ്കിലും പ്രളയം സംഭവിച്ചിട്ടുണ്ടോ എന്ന് പോലും നോക്കാതെയാണ് സർക്കാർ വിചിത്രമായ സാധൂകരണം കണ്ടെത്തുന്നത്.

കടമാൻ തോടിലെ അണക്കെട്ട് പ്രളയ രക്ഷയ്ക്ക് ഉള്ളതാണ് എന്ന് പറയുമ്പോഴും സർക്കാരിന്റെ യഥാർത്ഥ ലക്‌ഷ്യം വേറെയാണ്. ഭരണകക്ഷിയുടെ നേതാക്കൾ പറയുന്നത് പ്രദേശത്തെ കടുത്ത ജലക്ഷാമത്തിന് ഇതല്ലാതെ വേറെ മാർഗം ഇല്ലെന്നാണ്. വറ്റുന്ന ജലസ്രോതസ്സുകൾക്ക് മുന്നിൽ ഒഴിഞ്ഞ കുടങ്ങളുമായി നിൽക്കുന്ന ഒരു ജനതയെ സംബന്ധിച്ചിടത്തോളം അത്തരമൊരു വാദം വരുമ്പോൾ കുടിയൊഴിപ്പിക്കലും പുനരധിവാസവും വലിയ തോതിലുള്ള പരിസ്ഥിതി നാശവും ഉയർത്തുന്ന ആശങ്കകൾ ദുർബലമായി പോകുന്നു. ഡാമുകൾ നിർമ്മിക്കുമ്പോൾ ഗുണം കൊയ്യുന്ന ലോബികളെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ കോളാണ്. കേരളത്തിൽ പുതിയ ഡാമുകൾ വന്നിട്ട് കാലങ്ങളായി. വയനാട്ടിലെ തന്നെ കടുത്ത ധൂർത്തിന്റെയും വലിയ സാമൂഹിക പരിസ്ഥിതി പ്രത്യാഘാതങ്ങളുടെയും കാരണക്കാരായ കാരാപ്പുഴ, ബാണാസുരസാഗർ ഡാമുകൾ പൊതുഖജനാവിനെ വലിയ നിലയിൽ ദരിദ്രമാക്കിയിട്ടും കാലങ്ങളായി.

ഡാമുകൾ പ്രളയത്തെ പ്രതിരോധിക്കുമോ? ഓരോ മഴക്കാലത്തും കൃത്യമായ അളവിൽ ജലം മുൻകൂർ തുറന്നു വിട്ട് പ്രളയ ജലത്തെ പിന്നീട് ശേഖരിച്ചു വച്ച് ഏതു ഡാമിനും പ്രളയത്തെ നേരിടാമെന്നാണ് വിദഗ്ദർ പറയുന്നത്. എന്നാൽ വയനാട്ടിലെ രണ്ടു ഡാമുകൾക്കും നിലവിൽ പ്രളയ നിയന്ത്രണത്തിലല്ല പ്രളയാനന്തര ദുരിതങ്ങൾ വർധിപ്പിക്കുന്നതിലായിരുന്നു വലിയ പങ്കുണ്ടായിരുന്നത്. സർക്കാരും രാഷ്ട്രീയക്കാരും പറയാൻ മടിച്ചാലും കടമാൻതോട് ഡാം നിർമിക്കുന്നതിലെ ഉദ്ദേശ്യം ഇതൊന്നുമല്ല.

വയനാട്ടിലെ കബനീ നദീ തടത്തിൽ നിന്നുള്ള ഇരുപത്തിയൊന്ന് ടി എം സി വെള്ളം ഉൾപ്പെടെ മൊത്തത്തിൽ മുപ്പത് ടി എം സി വെള്ളം കാവേരി ജലതർക്ക ട്രൈബ്യൂണൽ കേരളത്തിന് അനുവദിച്ചിട്ട് നീണ്ട പന്ത്രണ്ട് വർഷങ്ങൾ പിന്നിട്ടു കഴിഞ്ഞു. ഈ വെള്ളത്തെ ഏതെങ്കിലും വിധത്തിൽ ഉപയോഗപ്പെടുത്താൻ സംസ്ഥാനത്തിന് നാളിതുവരെ ആയിട്ടുമില്ല. ഇക്കാലമത്രയും അനുവദിക്കപ്പെട്ട ജലം കര്‍ണ്ണാടകയിലേക്കും തമിഴ്നാട്ടിലേക്കും ഒഴുകുകയും അവർ അതുകൂടി ഉപയോഗപ്പെടുത്തുകയും ചെയ്തുവരികയായിരുന്നു. അട്ടപ്പാടിയിലെ ശിരുവാണി നദിയിൽ ചെറിയൊരു അണ കെട്ടാൻ കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്ത് ശ്രമം ഉണ്ടായെങ്കിലും അതിശക്തമായ എതിർപ്പാണ് തമിഴ്‌നാട് സർക്കാരിൽ നിന്നും കോയമ്പത്തൂർ-തിരുപ്പൂർ-ഈറോഡ് മേഖലയിലെ കർഷകരിൽ നിന്നും ഉണ്ടായത്. അങ്ങനെ ആ പദ്ധതിയും മരവിക്കപ്പെട്ടു. കേരളം ഉപയോഗിക്കാത്ത വെള്ളം കൂടി തങ്ങൾക്കിടയിൽ വീതിക്കണം എന്ന് കർണാടകയും തമിഴ്നാടും ആവശ്യപ്പെടുന്ന അവസ്ഥയിലാണ് പുതിയ ഡാം നിർമാണ ശ്രമം. അയല്‍ സംസ്ഥാനങ്ങളുടെ എതിർപ്പ് കുറയ്ക്കാൻ ആകും പ്രളയ നിയന്ത്രണം എന്ന മേനി പറച്ചിൽ.

വയനാട്ടിൽ കബനീ നദി ഒഴുക്കുന്ന പുൽപ്പള്ളി-മുള്ളൻകൊല്ലി ഗ്രാമ പഞ്ചായത്തുകൾ കഴിഞ്ഞ കുറേ വർഷങ്ങളായി അതികഠിനമായ വരൾച്ചയുടെ പിടിയിലാണ്. മുൻപ് കാപ്പിയും കുരുമുളകും തഴച്ചു വളർന്നിരുന്ന ഇവിടെ ഇന്ന് കുടിവെള്ളം കിട്ടാക്കനിയാണ്. ഈയൊരു അവസ്ഥയിലാണ് നീണ്ട കാലമായി മുടങ്ങി കിടക്കുന്ന കടമാൻതോട് ജലസേചന-കുടിവെള്ള പദ്ധതിക്ക് സംസ്ഥാന സർക്കാർ പുതുജീവൻ നൽകുന്നത് എന്നാണ് പദ്ധതിക്ക് വേണ്ടി ശക്തമായി വാദിക്കുന്ന സിപിഎം പറയുന്നത്. എന്നാൽ കോൺഗ്രസ്സ് ഇതുവരെ നയം വ്യക്തമാക്കിയിട്ടില്ല. അയൽ സംസ്ഥാനങ്ങളിൽ നിന്നെന്നപോലെ നാളിതുവരെ പദ്ധതി നടപ്പായാൽ ബാധിക്കപ്പെടുന്ന തദ്ദേശീയരിൽ നിന്നും കടുത്ത എതിർപ്പാണ് കടമാൻതോട് നേരിട്ടിരുന്നത്. ഈ വൻകിട പദ്ധതി വന്നാൽ ഉയർന്ന ജനസാന്ദ്രതയുള്ള ഒരു പ്രദേശത്ത് വലിയ തോതിൽ ആളുകളെ മാറ്റിപാർപ്പിക്കേണ്ടി വരും എന്നുള്ളതാണ് എതിർപ്പിന് കാരണം. കബനീ നദിയുടെ പ്രധാന കൈവഴികളിൽ ഒന്നായ കടമാൻ തോടിൽ അണകെട്ടുമ്പോൾ ഉണ്ടാകാവുന്ന പരിസ്ഥിതിപരവും സാമൂഹികവുമായ നിരവധിയായ ആശങ്കകൾ ഉണ്ട്. വയനാട്ടിലെ കാലാവസ്ഥയിലും പരിസ്ഥിതിയിലും നിലവിൽ വന്നുകൊണ്ടിരിക്കുന്ന ദോഷകരമായ മാറ്റങ്ങൾക്ക് വേഗം പകരാനും ഡാം കാരണമാകുമോ എന്നതും പരിശോധിക്കപ്പെടേണ്ടതാണ്.

കേരള സ്റ്റേറ്റ് റിമോട്ട് സെൻസിംഗ് ആന്റ് എൻവയോൺമെന്റ് സെന്റർ നടത്തിയ പഠനങ്ങളുടെ അടിസ്ഥാനത്തിൽ തയ്യാറാക്കിയ കടമാൻതോട് ജലസേചന പദ്ധതിക്കും തോണ്ടാർ പദ്ധതിക്കുമായുള്ള സാധ്യതാ റിപ്പോർട്ട് ഉടൻ കേന്ദ്ര ജല കമ്മീഷന്റെ  അംഗീകാരത്തിനായി സമർപ്പിക്കുമെന്നാണ് മന്ത്രി പറയുന്നത്. ട്രൈബ്യൂണൽ അനുവദിച്ച ജലത്തിന്റെ പരിധിയിൽ വരുന്നതിനാൽ കേന്ദ്രം എതിർക്കില്ല എന്നും സംസ്ഥാനം കണക്കു കൂട്ടുന്നു. ഇരുപത്തെട്ട് മീറ്റർ ഉയരവും നാനൂറ്റി തൊണ്ണൂറു മീറ്റർ നീളവുമുള്ള അണക്കെട്ടാണ് കടമാണ് തോട്ടിൽ സർക്കാർ ലക്‌ഷ്യം ഇടുന്നത്. ആയിരത്തി തൊള്ളായിരത്തി നാല്പത് ഹെക്ടറിൽ ജലസേചനം എത്തിക്കാനും പുൽപ്പള്ളി-മുള്ളൻകൊല്ലി മേഖലയുടെ ജലക്ഷാമം തീർക്കാനും കഴിയുമെന്നും അധികൃതർ പറയുന്നു.

കബനീ തടത്തിലെ ജലത്തിന്റെ വിഹിതം വിനിയോഗിക്കാൻ ബാണാസുര സാഗർ ഡാം, കാരാപ്പുഴ ജലസേചന പദ്ധതി എന്നീ രണ്ട് പദ്ധതികൾ മാത്രമാണ് കേരളത്തിന് നിലവിൽ ഉള്ളത്. ഇവയ്ക്ക് 3.64 ടിഎംസി വെള്ളം മാത്രം ഉപയോഗിക്കാനുള്ള ശേഷിയുണ്ട്. കബനി തടത്തിൽ കേരളം ഉപയോഗപ്പെടുത്താത്ത 16 ടിഎംസി വെള്ളത്തിനുമേൽ അവകാശവാദം ഉന്നയിച്ച് തമിഴ്‌നാട് അടുത്തിടെ സുപ്രീം കോടതിയെ സമീപിച്ചിരുന്നു. വയനാട്ടിൽ കബനീ തടത്തിലെ നിർദ്ദിഷ്ട പദ്ധതികളിൽ ഒന്ന് മാത്രമാണ് കടമാൻതോട്.  നൂൽപുഴ, തിരുനെല്ലി, കല്ലമ്പതി, ചെങ്ങാട്ട്, പെരിങ്ങോട്ടുപുഴ എന്നീ വിവാദ പദ്ധതികൾക്കും ഇപ്പോൾ ജീവൻ വച്ചിരിക്കുന്നു.  അവയെല്ലാം തന്നെ ആലോചന ഘട്ടത്തിൽ വലിയ പരിസ്ഥിതി നാശത്തിന്റെയും കുടിയൊഴിപ്പിക്കലുകളുടെയും പേരിൽ എതിർപ്പ് നേരിട്ടതാണ്.

കടമാൻ തോടിൽ നിന്നൊഴുകുന്ന വെള്ളം ഇപ്പോൾ പ്രയോജനപ്പെടുന്നത് ബീച്ചനഹള്ളി അണക്കെട്ടിലൂടെ കർണാടകക്കാർക്ക് മാത്രമാണ് എന്നതാണ് ഡാം ലോബി പറയുന്ന പ്രധാന ന്യായീകരണം. 390 കോടി രൂപ ചെവലിൽ 1986ൽ കർണാടക സർക്കാർ ബീച്ചനഹള്ളിയിൽ നിർമിച്ച അണക്കെട്ട് 45729 ഹെക്ടർ സ്ഥലത്ത് ജലസേചനം, രണ്ട് വൈദ്യുത നിലയങ്ങൾ, മൈസൂരു, ബംഗളൂരു  നഗരങ്ങളിൽ കുടിവെള്ളം എന്നിവയ്ക്ക് ഉപയോഗിക്കുമ്പോൾ കബനി നദി അരപ്പട്ടയായിട്ടുള്ള മുള്ളൻകൊല്ലി, പുൽപള്ളി  പഞ്ചായത്തുകളിലെ കൃഷിയിടങ്ങൾ കടുത്ത വരൾച്ചയിൽ ഉണങ്ങി നശിക്കുന്നു എന്നവർ ചൂണ്ടിക്കാട്ടുന്നു. എന്നാൽ ജലസേചനത്തിനും അപ്പുറത്തു പദ്ധതി ഉണ്ടാക്കുന്ന ആഘാതങ്ങൾ സംബന്ധിച്ചാണ് ആശങ്ക.

കാലവർഷം സമൃദ്ധമായി ലഭിച്ചിരുന്ന മുള്ളൻകൊല്ലി, പുൽപള്ളി, പൂതാടി പ്രദേശങ്ങളിൽ 2004 മുതലാണ് കാലാവസ്ഥാ വ്യതിയാനഫലമായി വരൾച്ചയും ജലക്ഷാമവും രൂക്ഷമായി തുടങ്ങിയത്. പ്രതിവർഷം 2000 മെട്രിക് ടെൺ കുരുമുളക് ഉൽപ്പാദിപ്പിച്ചിരുന്ന പുൽപള്ളി മേഖലയിൽ ഇപ്പോൾ 200 ടൺ വരെ ഉൽപ്പാദിപ്പിക്കാൻ കഴിയുന്നില്ല. നഞ്ചയും പുഞ്ചയും നെൽകൃഷി നടത്തിയിരുന്ന വയലുകൾ ശൂന്യമാണ്.

കാവേരി വാട്ടർ ഡിസ്പ്യൂട്ട് ട്രിബ്യൂണൽ കബനി സബ‌്ബേസിൽനിന്നും കേരളത്തിന് അനുവദിച്ചിട്ടുള്ള 21 ടിഎംസി ജലം ഉപയോഗപ്പെടുത്തുന്നതിനുള്ള 9 പദ്ധതികൾക്ക് വയനാട് കബനി സബ‌് ബേസിൻ പ്രോജക്ട്സ് രൂപം നൽകിയിരുന്നു. ഇതിന്റെ ഒന്നാം ഘട്ടമാണ് നൂൽപുഴ, കടമാൻ തോട്, ചുണ്ടാലിപ്പുഴ പദ്ധതികൾ.

കടമാൻ തോട് പദ്ധതി ആദ്യം വിഭാവനം ചെയ്തിരുന്നത് പുൽപ്പള്ളി പഞ്ചായത്തിലെ പാളക്കൊല്ലിയിലായിരുന്നു. എന്നാൽ ജനകീയ പ്രശ്നങ്ങൾ പരിഗണിച്ച് സമീപത്തുള്ള ആനപ്പാറയാണ് പദ്ധതി രേഖകളിൽ ഇപ്പോൾ ഇടം പിടിച്ചിരിക്കുന്ന സ്ഥലം.  വൃഷ്ടി പ്രദേശം 4779.7 ഹെക്ടർ, ബേയ്സ് ലെവൽ 728 മീറ്റർ, സംഭരണ ശേഷി 14.62 മില്യൺ ക്യൂബിറ്റ് മീറ്റർ ജലം. ഈ പദ്ധതിയിൽ തുറന്ന കനാലിനുപകരം പൈപ്പുകളിലൂടെ കൃഷി സ്ഥലങ്ങളിൽ ജലമെത്തിക്കാനാണ് നിർദേശം. ഇതുമൂലം ഭൂമി ഏറ്റെടുക്കൽ പരമാവധി കുറക്കാൻ കഴിയുമെന്നും സർക്കാർ അവകാശപ്പെടുന്നു. കൂടാതെ ജലം പരമാവധി ഉപയുക്തമാക്കുന്നതിനും ജലനഷ്ടം ഒഴിവാക്കുന്നതിനും സ്പ്രിംഗ്ളർ, ഡ്രിപ്പ് ജലസേചന രീതിയും ഉദ്ദേശിക്കുന്നുണ്ടത്രേ.

പുൽപ്പള്ളി പഞ്ചായത്തിലെ ചെമ്പകമൂല, മുടിക്കോട് തോടുകൾ കൂടിച്ചേർന്ന് പുൽപ്പള്ളി ടൗണിലൂടെ ഒഴുകി മുള്ളൻകൊല്ലി പഞ്ചായത്തിൽ കടന്ന് കബനി നദിയിൽ ചേരുന്ന കടമാൻ തോടിന് 20 കി. മീ ആണ് നീളം. തോടിന്റെ ഇരു വശവും കൈയ്യേറി കമുക്, വാഴ, തെങ്ങ് തുടങ്ങിയവ കൃഷി ചെയ്തിട്ടുണ്ട്. തോടിനും പുറമ്പോക്കിനും 20 മീറ്റർ വീതിയുണ്ടായിരുന്നത് ഇപ്പോൾ ശരാശരി 5 മീറ്ററാണ്.

കിഴക്കോട്ട് ഒഴുകുന്ന കേരളത്തിലെ മൂന്നു നദികളിൽ ഏറ്റവും വലുതാണ് കബനി. വയനാട്ടിലെ കടമാന്‍തോട് ഉള്‍പ്പെടെയുളള ചെറുതും വലുതുമായ നീരൊഴുക്കുകളുടെ ആകെത്തുകയാണ് കബനീനദി. ആകെ 210 കിലോമീറ്ററാണ് കബനിയുടെ നീളം. ഇതില്‍ 56 കിലോമീറ്റര്‍ മാത്രമാണ് വയനാട്ടിലൂടെ ഒഴുകുന്നത്. കാവേരി നദീതടത്തിലേക്ക് കേരളം സംഭാവന ചെയ്യുന്ന 147 ടിഎംസി ജലത്തില്‍ 96 ടിഎംസിയും നല്‍കുന്നത് കബനിയാണ്. 2007 ലെ കാവേരി നദീജല ട്രിബ്യൂണല്‍ വിധിപ്രകാരം തമിഴ്‌നാടിന് 419 ടിഎംസിയും കര്‍ണ്ണാടകക്ക് 270 ടിഎംസിയും കേരളത്തിന് 30 ടിഎംസിയും പോണ്ടിച്ചേരിക്ക് 7 ടിഎംസി ജലവുമാണ് അനുവദിച്ചിട്ടുളളത്. കേരളത്തിന് ലഭിക്കുന്ന 30 ല്‍ 21 ടിഎംസിയും കബനിയുടെ വൃഷ്ടി പ്രദേശത്ത് സംരക്ഷിക്കണമെന്നാണ് വിധിയില്‍ പറയുന്നത്. ആറ് ടിഎംസി ഭവാനിപുഴയുടെ തീരത്തും മൂന്ന് ടിഎംസി പാമ്പാര്‍ തടത്തിലുമാണ് ഉപയോഗപ്പെടുത്തേണ്ടത്.

നദീജലം ഉപയോഗപ്പെടുത്തുന്നതിൽ വൻകിട പദ്ധതികളാണോ ഏക പരിഹാരം എന്നതാണ് ചോദ്യം. വയനാടിന്റെ അതിവേഗം മാറിക്കൊണ്ടിരിക്കുന്ന പാരിസ്ഥിതിക സാമൂഹികാവസ്ഥകളിൽ കുടിവെള്ളത്തിനും അപ്പുറത്തുള്ള പ്രത്യാഘാതങ്ങൾ ഡാം ഉണ്ടാക്കുമോയെന്ന ആശങ്കയ്ക്കും പരിഹാരം ഉണ്ടാകണം.

Read More: ഊക്കന്‍സ്, ഹുങ്കന്‍സ് ഗ്യാംഗുകള്‍ക്ക് പിന്നില്‍ എം ഇ എസ് മാനേജ്മെന്‍റോ വിദ്യാര്‍ത്ഥി സംഘടനകളോ? ദേശീയ കായിക താരത്തിന് മര്‍ദ്ദനമേറ്റതില്‍ ആരാണ് യഥാര്‍ത്ഥ പ്രതി?

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍