UPDATES

ട്രെന്‍ഡിങ്ങ്

ഇവർ വിശ്വാസ സംരക്ഷണത്തിന്റെ കൃഷ്ണപ്പരുന്തുകളല്ല; ജാതീയതയുടെ, അക്രമത്തിന്റെ കഴുകക്കൂട്ടങ്ങളാണ്

മനുഷ്യന് ഉപകാരമുള്ള ഏതെങ്കിലും പ്രവർത്തി ചെയ്തതിന്റെ പേരിൽ ഒരു രോമത്തിനു പോലും പോറലേൽക്കാത്ത അപൂർവം രാഷ്ട്രീയ സംഘടനകളിൽ ഒന്നായിരിക്കും ബിജെപിയും സംഘപരിവാരവും.

ഇന്ത്യയുടെ ചരിത്രം എന്ന് പറയുന്നത് മറ്റൊന്നുമല്ല, ഹിന്ദുമതവും ബുദ്ധമതവും തമ്മിലുള്ള സംഘര്‍ഷത്തിന്റെ ചരിത്രമാന്നെന്ന് പറഞ്ഞത് ഡോ. ബി.ആര്‍ അംബേദ്കറാണ്. കേരളത്തിന്റെ ചരിത്രം പരിശോധിക്കുന്ന സമയത്താണ് അദ്ദേഹത്തിന്റെ വാക്കുകള്‍ കൂടുതല്‍ പ്രസക്തമാകുന്നത് എന്നു പറഞ്ഞാല്‍ അത് അതിശയോക്തിയാവില്ല. കേരളത്തിന്റെ സാംസ്‌കാരിക, സാമൂഹിക ചരിത്രം ഹൈന്ദവവത്കരണത്തിന്റെ മഷി പുരണ്ടതാണ്; അതില്‍ നിന്നും മാറി സ്വതന്ത്രമായ രീതിയില്‍ ചരിത്ര രചന നടത്തിയവര്‍ ഉണ്ടെങ്കില്‍ പോലും. ഹൈന്ദവതയുടെ വക്താക്കള്‍ പല്ലും നഖവും ഉപയോഗിച്ചാണ് ബുദ്ധമതത്തെ ഇല്ലായ്മ ചെയ്യാന്‍ ശ്രമിച്ചത് എന്ന് ആ ചരിത്രം പരിശോധിച്ചാല്‍ അറിയാം.

എന്നാല്‍, ബുദ്ധമതത്തിനു മുകളിൽ ഹൈന്ദവത നടത്തിയ അധിനിവേശം വിവരിക്കാനല്ല ഈ ഒരു ആമുഖം പറഞ്ഞു വെച്ചത്. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ഉയർന്നു വരുന്ന ചില പ്രയോഗങ്ങൾ ശ്രദ്ധയിൽ പെട്ടത് കൊണ്ടാണ്. ഉദാഹരണം: ശബരിമലയുടെ ചരിത്രം, ആചാരങ്ങൾ, അനുഷ്ഠാനങ്ങൾ തുടങ്ങിയവ. ‘ആചാരങ്ങൾ’ മാറ്റമില്ലാതെ തുടരണം എന്ന് കരുതുന്നവരോട് നല്ല നമസ്കാരത്തിൽ കൂടുതൽ ഒന്നും ചരിത്രം പഠിച്ചവര്‍ പറയില്ല. അത് പോലെ ഹൈന്ദവത പ്രസവിച്ചതാണ് ഇന്നാട്ടിലെ അമ്പലങ്ങൾ എന്ന തരത്തിലുള്ള ചരിത്ര വിരുദ്ധതയും വെച്ച് പൊറുപ്പിക്കാനാവില്ല. അതുകൊണ്ട് ആചാരങ്ങളുടെ, പാരമ്പര്യത്തിന്റെ, ചരിത്രത്തിന്റെ അഗാധ തലങ്ങളിലേക്ക് പ്രവേശിക്കുന്നത് ഇന്ത്യയിൽ ഹിന്ദുത്വയ്ക്ക് ദോഷം മാത്രമേ ചെയ്യൂ.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധി ബിജെപി – സംഘപരിവാർ – രാഷ്ട്രീയ നേതൃത്വത്തെയും, എൻഎസ്എസ് അടക്കമുള്ള ചില സാമുദായിക സംഘടനകളെയും അസ്വസ്ഥമാക്കിയിരിക്കുകയാണ്. ഒരുപാട് ചർച്ചകൾ നടന്നത് കൊണ്ട് അവരുടെ അസ്വസ്ഥതയുടെ കാരണത്തെ ഏറ്റവും ചുരുങ്ങിയ വാക്കുകളിൽ പറയാൻ ദളിത് ചിന്തകൻ സണ്ണി എം കപിക്കാടിന്റെ വരികൾ കടം കൊള്ളുന്നു.

സണ്ണി എം കപിക്കാട് പറയുന്നു: “നാം മനസ്സിലാക്കേണ്ട മർമപ്രധാനമായ കാര്യം സ്ത്രീകളെ ശബരിമലയിൽ പ്രവേശിപ്പിക്കാൻ കഴിയില്ല എന്ന് പറയുന്നത് കേവലം സ്ത്രീകളുടെ മാത്രം ഒരു പ്രശ്നമല്ല. മറിച്ച് കോടതി വളരെ വ്യക്തമായി പറഞ്ഞ ഒരു കാര്യം ശബരിമലയും അയ്യപ്പ ഭക്തന്മാരെയും സവിശേഷമായ അവകാശമുള്ള ഒരു സെറ്റ് ആയി കാണാൻ കഴിയില്ലെന്നും പൊതുവായ ഒന്നായി മാത്രമേ കാണാൻ കഴിയൂ എന്നുമാണ്. കോടതിയുടെ ഈ നിരീക്ഷണത്തോടെ ശബരിമല ഒരു പൊതു ഇടമായി മാറി.

അങ്ങനെ ശബരിമല ഒരു പൊതു ഇടമായി മാറിയാൽ (പന്തളം രാജാവ് എന്നൊക്കെ പറയുന്നത് കേട്ടു, ‘രാജാവ്’ എന്നത് ഇന്ത്യൻ ഭരണഘടന നിരോധിച്ച വാക്കാണ്) പന്തളം കുടുംബത്തിനും തന്ത്രി കുടുംബത്തിനും ശബരിമലയുടെ മേലുള്ള ഏകപക്ഷീയമായ അധികാരം അവസാനിക്കും. ഈ നാട്ടിലെ തന്ത്രവിധി പഠിച്ച ഈഴവനും പട്ടിക ജാതിക്കാരനും നാളെ ഇവിടത്തെ പൂജാരിമാർ ആളാകാനുള്ള അവകാശവാദം ഉന്നയിച്ചാൽ നിയമപരമായി പ്രതിരോധിക്കാൻ കഴിയില്ല. അതുകൊണ്ട് തന്നെ ഇപ്പോൾ നടക്കുന്ന ഈ നീക്കം ബ്രാഹ്മണ സവർണ ആധിപത്യത്തെ നില നിർത്താനാണ്.

മനുഷ്യന് ഉപകാരമുള്ള ഏതെങ്കിലും ഒരു പ്രവർത്തി ചെയ്തതിന്റെ പേരിൽ ഒരു രോമത്തിനു പോലും പോറലേൽക്കാതെ രാജ്യത്തെ അപൂർവം രാഷ്ട്രീയ സംഘടനകളിൽ ഒന്നായിരിക്കും ബിജെപിയും സംഘപരിവാരത്തിലെ മറ്റു സംഘടനകളും. അതുകൊണ്ട് തന്നെ വിശ്വാസികളുടെ അവകാശ സംരക്ഷണമെന്ന വ്യാജേന ഒരു അനീതിയെ നിലനിർത്തിക്കൊണ്ടു പോകാൻ, പ്രതിഷേധമെന്നും സമരമെന്നും പേരിട്ടു വിളിച്ചു കൊണ്ടിരിക്കുന്ന ആഭാസമാണ് കേരളം കണ്ടു കൊണ്ടിരിക്കുന്നത്. എല്ലാം അവസാനിച്ച് രാവിരുട്ടിയാൽ തെരുവിൽ കണ്ട അപഹാസ്യത്തിന്റെ അടുത്ത എപ്പിസോഡും ചാനലിൽ കാണേണ്ടി വരുന്ന ഗതികേട്.

“സതീദേവി അടക്കമുള്ളവർ അയ്യപ്പനോട് മാപ്പു പറഞ്ഞ് നിലപാട് തിരുത്തണം, ഇല്ലെങ്കിൽ നിങ്ങളുടെ ജഡം പോലും ഉണ്ടാവില്ല കേരളത്തിൽ. കൊത്തിപ്പറക്കും കൃഷ്ണപ്പരുന്ത്. വിശ്വാസികളോട് കളിച്ചാൽ ഈ നാട്ടിൽ കമ്മ്യൂണിസം ഇല്ലാതാവും”, രഞ്ജിത്ത് തിരക്കഥ എഴുതി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ഏതെങ്കിലും ചിത്രത്തിലെ സംഭാഷണമാണിതെന്നു ധരിച്ചെങ്കിൽ തെറ്റി. ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് ന്യൂസ് 18 ചാനൽ ചർച്ചക്കിടെ സിപിഎം നേതാവ് സതീദേവിക്കെതിരെ  ബിജെപി നേതാവ് അഡ്വ. ഗോപാലകൃഷ്ണൻ നടത്തിയ ആക്രോശമാണിത്.

ഈ ഗോപാലകൃഷ്ണൻ ഏതു വിശ്വാസികളുടെ സംരക്ഷണത്തിന് വേണ്ടിയാണ് ഊർജം ചിലവഴിക്കുന്നത്? ജനാധിപത്യ രീതിയിൽ ഒരു ചർച്ച പോലും നടത്താൻ ശേഷിയില്ലാത്ത ഈ മനുഷ്യന്റെ ഒക്കെ പ്രസൻസ് തന്നെ ധാരളമാണ് ശബരിമല സ്ത്രീ പ്രവേശനത്തിനെതിരെ നടക്കുന്ന പ്രതിഷേധങ്ങളുടെ രാഷ്ട്രീയം തിരിച്ചറിയാൻ.

നൂറുകണക്കിനു ഭാഷകളും വംശങ്ങളും മതങ്ങളും ജാതികളും ഉപദേശീയതകളുമൊക്കെയുള്ള വിശാലമായ ഈ ഭൂപ്രദേശത്തിലെ ഓരോ മനുഷ്യനേയും ഇന്ത്യക്കാരനാക്കുന്നത് രാജ്യത്തിന്റെ ഭരണഘടനയാണ്. ഫാഷിസത്തിന് ഇന്ത്യ പൂർണമായും കീഴടങ്ങാൻ മടിക്കുന്നതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന് ആ ഭരണഘടനയാണ്. ഇന്ത്യയെന്ന ജനാധിപത്യ രാഷ്ട്രത്തെ നിർമ്മിക്കുന്നതും നിർവചിക്കുന്നതുമായ ആ ഭരണഘടനാ കത്തിക്കണം എന്ന് പരസ്യമായി ഒരാൾ ആഹ്വാനം ചെയ്തത് ശബരിമല സ്ത്രീ പ്രവേശത്തിനെതിരെയുള്ള പ്രതിഷേധ സമരങ്ങൾക്കിടയിലാണ്.

രാജ്യത്തിൻറെ നിയമവും, ഭരണഘടനയും അനുസരിക്കാത്തവർ രാജ്യദ്രോഹികളാണെന്നും, അവർ പാക്കിസ്ഥാനിലേക്കു പോകണം എന്നും നിരന്തം തിട്ടൂരമിറക്കുന്ന സംഘ നേതാക്കൾക്ക് പക്ഷെ ഇത് ബാധകമല്ല. ജനങ്ങള്‍ക്ക് ആവശ്യമില്ലാത്ത ഭരണഘടന കത്തിക്കണമെന്നും ശബരിമല വിധി പ്രസ്താവിച്ച ജഡ്ജിമാർ ശുംഭന്മാർ ആണെന്നും ആഹ്വാനം ചെയ്തത് ബിജെപി നേതാവ് മുരളീധരൻ ഉണ്ണിത്താൻ ആണ്. പത്തനംതിട്ടയിലെ ഒരു പൊതു പരിപാടിയിൽ ആയിരുന്നു ടിയാന്റെ ഈ കസർത്ത്. ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍ പിള്ളയുടെ സാന്നിധ്യത്തിലായിരുന്നു ഈ ഭരണഘടനാ വിരുദ്ധമായ പ്രസംഗം. ഇത് കേട്ടുനിന്ന സമരക്കാരാവട്ടെ, മുരളീധരന്‍ ഉണ്ണിത്താന്റെ പ്രസംഗത്തെ കൈയടിയോടെയാണ് സ്വീകരിച്ചത്.

സിനിമ താരങ്ങൾ രാഷ്ട്രീയത്തിൽ ഇറങ്ങുന്നത് സ്വാഭാവികമാണ്. അതൊരു പുതിയ പ്രതിഭാസമല്ല. പക്ഷെ തിരിച്ചറിവുണ്ടാകണം. കൊല്ലം തുളസിയുടെ കേരളത്തിൽ ഉളള ഐഡന്റിറ്റി സിനിമ നടൻ എന്നാണ്. ബിജെപിയിൽ ചേർന്നതും തെരഞ്ഞെടുപ്പിൽ മത്സരിച്ചു തോറ്റതും പിന്നീടുള്ള ചരിത്രം.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട ഏറ്റവും ഒടുവിലെ കൊലവിളി പ്രസംഗം കെ.കെ. തുളസീധരൻ നായർ എന്ന കൊല്ലം തുളസിയുടേതാണ്. “ശബരിമലയിൽ വരാനിരിക്കുന്ന സ്ത്രീകളെ രണ്ടായി വലിച്ചു കീറണം, കീറി ഒരു ഭാഗം ഡൽഹിയിലേക്കും ഒരു ഭാഗം മുഖ്യമന്ത്രിയുടെ മുറിയിലേക്കും ഇട്ടുകൊടുക്കണം”. മലയാളത്തിൽ ഏറ്റവുമധികം രാഷ്ട്രീയ നേതാവ് ആയി അഭിനയിച്ച നടന്മാരുടെ കൂട്ടത്തിൽ തുളസിയുമുണ്ട്. നായകന്മാരുടെ തെറി ഇഷ്ടം പോലെ കേട്ടിട്ടുമുണ്ട്. അത് കൊണ്ട് കക്ഷിക്ക്‌ ഇതൊന്നും ഒരു പുതുമയല്ല. രണ്ടു കോടതിയലക്ഷ്യവും പോലീസ് കേസും വന്നാൽ സിനിമ സെറ്റിൽ നിന്നിറങ്ങി ഭൂമിയിലേക്ക്‌ വരും എന്ന് പ്രത്യാശിക്കുന്നു.

ദോഷം പറയരുതല്ലോ സമരാഭാസങ്ങളുടെ കാര്യത്തിൽ നേതാക്കന്മാരെ കടത്തി വെട്ടും തെരുവിലും സൈബർ ഇടങ്ങളിലും ഉള്ള സമരാനുകൂലികൾ. വിശ്വാസ സംരക്ഷണത്തിന് വേണ്ടി തുണി പൊക്കി കാണിക്കുന്ന ഒരു ഭക്തൻ മ്യൂസിയത്തിൽ സൂക്ഷിക്കേണ്ട ഐറ്റം ആണ്.
ശബരിമല വിഷയത്തിൽ സഹിഷ്ണുതാവാദികൾ എന്ന സൈബർ ഇടങ്ങളില്‍ സ്വയം അവകാശപ്പെടുന്ന സമരാനുകൂലികൾ  ശബരിമലയിൽ പ്രാർത്ഥനയ്ക്കായി വരുന്ന സ്ത്രീകളോട് ‘റേപ്പ് ചെയ്യും, കൊന്നു കളയും’ എന്നൊക്കെ ആക്രോശിക്കുന്നത് ഈ ദിവസങ്ങളിൽ ഒരു സ്ഥിരം കാഴ്ചയായിരുന്നു.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിധി കൂടുതൽ യാഥാർഥ്യ ബോധത്തോടെ സമീപിക്കണം എന്നാണ് വിശ്വാസികളോടുള്ള ഒരു അഭ്യർത്ഥന. വിശ്വാസ സംരക്ഷണം എന്ന പേരിൽ ഇപ്പോൾ തെരുവിലിറങ്ങിയിരിക്കുന്ന മനുഷ്യർ സമാധാനത്തിന്റെ, വിശ്വാസത്തിന്റെ ശാന്തിയുടെ കൃഷ്ണപരുന്തുകളല്ല, മറിച്ച് അന്ധവിശ്വാസത്തിന്റെ, ജാതീയതയുടെ, അക്രമത്തിന്റെ കഴുകക്കൂട്ടങ്ങളാണ്.

ബിജെപി രാഷ്ട്രീയത്തിന് പിടികൊടുക്കാതെ പന്തളം കൊട്ടാരം; ലോംഗ് മാര്‍ച്ച് തലസ്ഥാനത്തെത്തുമ്പോള്‍ ആരൊക്കെ കാണും?

ശബരിമല: വിശ്വാസികളായ സ്ത്രീകള്‍ അസ്വസ്ഥരാണ്; പക്ഷേ, അവരെ ഇത്ര സംഘടിതമായി തെരുവിലിറക്കിയതാരാണ്?

റിബിന്‍ കരീം

റിബിന്‍ കരീം

സ്വതന്ത്ര മാധ്യമപ്രവര്‍ത്തകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍