UPDATES

കെ.എ ഷാജി

കാഴ്ചപ്പാട്

സമൂഹം . കാഴ്ച . കാഴ്ചപ്പാട്

കെ.എ ഷാജി

പ്രളയം 2019

‘പുരോഗമനസ്വഭാവമുള്ള’ ക്വാറികള്‍ കൊണ്ട് സൈബര്‍ ചാവേറുകള്‍ കേരളത്തെ ഇനിയും ഇങ്ങനെ വികസിപ്പിക്കരുത്

ഗാഡ്ഗിലിനോട് പ്രതിഷേധിക്കാം, പക്ഷെ ക്വാറികൾ നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്നതിന് നമ്മൾ വിലകൊടുത്തുകൊണ്ടിരിക്കുകയാണ്.

കെ.എ ഷാജി

കരിങ്കൽ ക്വാറികളും പശ്ചിമഘട്ട മേഖലയിൽ നടക്കുന്ന ഇതര ഖനന പ്രവർത്തങ്ങളും യാതൊരു വിധത്തിലുള്ള പാരിസ്ഥിതിക വെല്ലുവിളികളും ഉയർത്തുന്നില്ലെന്നും മറിച്ചുള്ള പ്രചാരണങ്ങൾ സംസ്ഥാനത്തിന്റെ സാർവതോന്മുഖമായ വികസനത്തിന് നേതൃത്വം കൊടുക്കുന്ന ഇടതുമുന്നണി സർക്കാരിനോടുള്ള വെല്ലുവിളിയാണ് എന്നും ഒരു വിഭാഗം സൈബർ ചാവേറുകൾ കഴിഞ്ഞ കുറെ കാലങ്ങളായി പറഞ്ഞു നടക്കുന്നുണ്ട്. പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്‌റു അണക്കെട്ടുകൾ രാജ്യത്തിൻറെ വികസന ക്ഷേത്രങ്ങൾ ആണെന്ന് പറഞ്ഞ മട്ടിൽ ക്വാറികളും അവ നടത്തുന്ന മാഫിയകളും വികസനത്തിന്റെ പ്രചാരകരും പുണ്യാത്മാക്കളുമാണെന്ന് ഇവർ പറഞ്ഞു വയ്ക്കുന്നുമുണ്ട്. മുൻപ് ഐക്യ ജനാധിപത്യ മുന്നണി ഭരിച്ചിരുന്നപ്പോൾ ക്വാറികൾ ഇതേ പുരോഗമന സ്വഭാവം പുലർത്തിയിരുന്നോ എന്ന് ചോദിച്ചാൽ അവരെല്ലാം മൗനം ആവലംബിക്കുകയാണ് പതിവ്.

ഇക്കാര്യത്തിൽ വാസ്തവത്തിൽ സൈബർ ചാവേറുകൾ ഒറ്റയ്ക്കല്ല. ഇടുക്കിയുടെ വികസന നായകനും കേരളത്തിന്റെ വൈദ്യതി മന്ത്രിയുമായ എം.എം മണി, സഹോദരനും കാർഷിക കേരളത്തിന്റെ പ്രതീക്ഷകളിൽ ഒന്നുമായ ലംബോദരൻ, മൂന്നാർ എംഎൽഎ എസ്. രാജേന്ദ്രൻ, നിലമ്പൂരിലെ വികസന മുത്ത് പി.വി അൻവർ, കോൺഗ്രസ് നേതാവ് എ.കെ മണി, പലവിഭാഗങ്ങളായി തിരിഞ്ഞ കേരള കോൺഗ്രസുകൾ, കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ കേരളത്തിലെ പ്രതീക്ഷകളായ അൽഫോൻസ് കണ്ണന്താനം, പി.സി ജോർജ് ആദിയായവർ, കേരളത്തിന്റെ മലയോര മേഖലകളിൽ കുരിശു കൃഷി വിജയകരമായി നടത്തുകയും കടുവകൾ നീതിപാലിക്കണം എന്ന് അട്ടഹസിക്കുകയും ചെയ്യുന്ന മെത്രാന്മാർ എന്നിവരെല്ലാം ചേർന്ന ഒരു വിശാലമുന്നണി അവർക്കു പിൻബലമായുണ്ട്.

സംസ്ഥാനം ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്ന പ്രളയത്തിൽ ആഗോള താപനത്തിനും കാലാവസ്ഥാ വ്യതിയാനത്തിനും ഒപ്പം സഹായക ഘടകങ്ങളിൽ ഒന്നായി ക്വാറികൾ ഉണ്ട് എന്നതിനെ ചാവേറുകൾ പല്ലും നഖവും ഉപയോഗിച്ച് എതിർത്തുവരവെയാണ് അവരെയെല്ലാം ഞെട്ടിച്ചു കൊണ്ട് സംസ്ഥാന സർക്കാർ കേരളമങ്ങോളമിങ്ങോളമുള്ള എണ്ണൂറ്റിയമ്പതിലധികം ക്വാറികളുടെ പ്രവർത്തനം നിർത്തിവയ്ക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഉത്സവം കഴിഞ്ഞുള്ള ചെണ്ടകൊട്ടുപോലെയാണ് വാസ്തവത്തിൽ ശനിയാഴ്ച ഇറങ്ങിയ ഈ ഉത്തരവ് എങ്കിലും ക്വാറികൾ നിരുപദ്രവികൾ എന്ന പ്രചാരണത്തിനാണ് ഇത് തിരിച്ചടിയാകുന്നത്. അടുത്തൊരു ഉത്തരവ് ഉണ്ടാകുന്നത് വരെ എല്ലാ ഖനന പ്രവർത്തനങ്ങളും നിർത്തിവയ്ക്കാനാണ് ഉത്തരവ്. എത്ര നാൾ ഈ നിരോധനം തുടരും എന്നതും ഇതുകൊണ്ട് എന്തെങ്കിലും പ്രയോജനം ഉണ്ടോ എന്നതും വേറെ വിഷയമാണ്. വികസനം സ്തംഭിച്ചേ എന്ന മുറവിളികൾ വൈകാതെ ഉയരുകയും ഉത്തരവ് സർക്കാരിന് പിൻവലിക്കേണ്ടി വരികയും ചെയ്യും. താത്കാലികമായി ജനങ്ങളുടെ കണ്ണിൽ പൊടിയിടുക മാത്രമാകും ഇങ്ങനെ ഒരുത്തരവിന്റെ ലക്‌ഷ്യം.

എന്നിരിക്കിലും തത്പരകക്ഷികൾക്ക് വലിയൊരു അടിയാണ് ഈ ഉത്തരവ്. ക്വാറികൾ പ്രളയത്തിനും ഉരുൾപൊട്ടലുകൾക്കും കാരണമാകുമെന്ന് പറയുന്നവരെ പരിസ്ഥിതി മൗലികവാദികൾ എന്നും കാല്‍പ്പനികർ എന്നും ഗാഡ്ഗിൽ അടിമകൾ എന്നും വിളിക്കുന്നവർ ഇവിടെ നയം വ്യക്തമാക്കേണ്ടതുണ്ട്. സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയുടെ ശുപാർശയെ തുടർന്ന് മൈനിങ് ആൻഡ് ജിയോളജി വകുപ്പാണ് ഈ ഉത്തരവ് ഇറക്കിയിരിക്കുന്നത് എന്ന അവസ്ഥയിൽ പ്രത്യേകിച്ചും.

മുൻപ് പറഞ്ഞതുപോലെ നിർമ്മാണ പ്രവർത്തനങ്ങൾക്കുള്ള ബദൽ സാധ്യതകൾ ആരായാതെ ഇങ്ങനെ ഒരുത്തരവ് ഇറങ്ങിയാൽ അത് വൈകാതെ പിന്‍വലിക്കപ്പെടുമെന്നു വ്യക്തം. അനധികൃത നിർമ്മാണങ്ങളും അനാവശ്യ നിർമ്മാണങ്ങളും ഇല്ലാതാക്കിയും നടത്തപ്പെടുന്ന നിർമ്മാണ പ്രവർത്തികളുടെ ആവശ്യകത പരിശോധിച്ച്, ആവശ്യത്തിന് ക്വാറികളെയും ഖനന പ്രവർത്തനങ്ങളെയും അനുവദിക്കുക എന്നതാണ് പ്രായോഗികമായ കാര്യം. പഴയ റവന്യൂ സെക്രട്ടറി പി.എച്ച് കുര്യനെ പോലുള്ളവർ അഭിപ്രായപ്പെടും പോലെ അനാവശ്യ നിർമാണങ്ങൾക്ക് നിയന്ത്രണവും വലിയ തോതിലുള്ള നികുതിയും ഏർപ്പെടുത്തിയാൽ മാത്രമേ ഈ കാര്യങ്ങളിൽ എന്തെങ്കിലും ഫലപ്രദമായ ഇടപെടൽ നടത്താനാകൂ.

വികസന പദ്ധതികളുടെ പരിസ്ഥിതി ആഘാത പഠനങ്ങൾക്കുള്ള സംസ്ഥാന തല അതോറിറ്റി മുൻപ് ശുപാർശ ചെയ്തത് വനാതിർത്തികളിൽ നിന്നും കുറഞ്ഞത് അമ്പതു മീറ്റർ അകലെ മാറിയെങ്കിലും വേണം ക്വാറികൾ പ്രവർത്തിപ്പിക്കാൻ എന്നാണ്. എന്നാൽ 2017-ലെ കേരളാ മൈനിങ് ആൻഡ് മിനറൽ കൺസഷൻ റൂളുകൾ ഭേദഗതി ചെയ്ത പിണറായി വിജയൻ സർക്കാർ അത്തരത്തിൽ ഉള്ള ഒരു അകലപരിധിയും വേണ്ടെന്നാണ് നിശ്ചയിച്ചത്. വനാതിർത്തികളിൽ ക്വാറികളോട് ചേർന്ന് 22 സ്ഥലത്തു വലിയ തോതിലുള്ള മണ്ണിടിച്ചിലും ഉരുൾപൊട്ടലും കഴിഞ്ഞ പ്രളയ കാലത്തു ഉണ്ടായി എന്നാണ് കണക്ക്. സംസ്ഥാനം മൊത്തത്തിൽ 331 ഉരുൾപൊട്ടലുകളും മണ്ണിടിച്ചിലും കഴിഞ്ഞ വര്‍ഷം സംഭവിച്ചു.

സംസ്ഥാനത്ത് ഇന്ന് ശരിയായ അർത്ഥത്തിൽ അനുവാദമുള്ള 189 ക്വാറികളേയുള്ളൂ. 124 എണ്ണം താത്കാലികമായുള്ള അനുവാദം വാങ്ങി പ്രവർത്തിക്കുന്നു. ബാക്കിയുള്ളവ ലീസിൽ പ്രവർത്തിക്കുന്ന താത്‌കാലിക അടിസ്ഥാനത്തിലുള്ള ക്വാറികളാണ്. ക്വാറികളായാലും വയലും തണ്ണീർത്തടവും നികത്തുന്നതായാലും അവയ്‌ക്കെല്ലാം വളംവച്ചു കൊടുക്കുന്ന വിധമാണ് സർക്കാർ പ്രവർത്തിച്ചു വരുന്നത്. വയനാട്ടിലെയും മറ്റുമുള്ള അനധികൃത ടൂറിസം സംരംഭങ്ങൾ കൂടിയാകുമ്പോൾ നാശം വലിയ അളവിലാകുന്നു.

ക്വാറികളെ ന്യായീകരിക്കുന്നവർ കാണാതെ പോകുന്ന ചില വസ്തുതകളുണ്ട്. അവ നിലനിൽക്കുന്ന മേഖലകളിൽ ഭൂമിക്ക് വലിയ തോതിലുള്ള ബലക്ഷയം സംഭവിക്കുന്നതായി വിദഗ്ദർ പറയുന്നു. വായുവും വെള്ളവും മലിനപ്പെടും. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഉണ്ടാകും. വീടുകളും അവയുടെ അസ്ഥിവാരവും ദുർബലമാകും. അവയുടെ അടിത്തറയ്ക്കും ഇളക്കം സംഭവിക്കും. വനമേഖലകളിൽ അവയുടെ തുടർച്ച ഇല്ലാതാക്കുകയും വന്യജീവികളുടെ ആവാസ വ്യവസ്ഥകളെ ദുര്‍ബലമാക്കുകയും ചെയ്യും. വലിയ ശബ്ദമലിനീകരണവും വന്യജീവികളുടെയും മനുഷ്യരുടെയും സ്വാഭാവിക ജീവിതചര്യകൾ താളം തെറ്റുകയും ചെയ്യും. ഇവയിൽ തൊഴിലെടുക്കുന്ന മനുഷ്യർക്ക് സംഭവിക്കുന്ന ആരോഗ്യ പ്രശ്നങ്ങൾ വേറെ. ഇവിടെ ക്വാറികൾ നിയന്ത്രിതമായ അളവിൽ കൃത്യമായ സർക്കാർ മേൽനോട്ടത്തിൽ പ്രവർത്തിക്കുകയാണ് അഭികാമ്യം. ഷെഫീൽഡ് സർവകലാശാലയിലെ ദാവെ പെറ്റ്‌ലെയേപ്പോലുള്ള അന്താരാഷ്ട്ര വിദഗ്ദർ തന്നെ ക്വാറികൾ ഉയർത്തുന്ന വെല്ലുവിളികൾ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഗാഡ്ഗിലിനോട് പ്രതിഷേധിക്കാം, പക്ഷെ ക്വാറികൾ നിയന്ത്രണമില്ലാതെ പ്രവർത്തിക്കുന്നതിന് നമ്മൾ വിലകൊടുത്തുകൊണ്ടിരിക്കുകയാണ്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Also Read: ഗാഡ്ഗില്‍ കമ്മിറ്റി എന്ന് കേള്‍ക്കുമ്പോള്‍ വികസനം മുടക്കി എന്നു മനസ്സിലാക്കുന്നവര്‍ ഇനിയെങ്കിലും തിരുത്തണം, നിങ്ങളുടെ നിലപാടുകള്‍ ജനവിരുദ്ധവും പഴഞ്ചനുമാണ്

കെ.എ ഷാജി

കെ.എ ഷാജി

മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റും. ദി ഹിന്ദു, ദി ടൈംസ്‌ ഓഫ് ഇന്ത്യ, ദി ഇന്ത്യന്‍ എക്സ്സ്പ്രസ്സ്, തെഹല്‍ക്ക, ഓപ്പണ്‍ വാരിക തുടങ്ങിയവയില്‍ പ്രവര്‍ത്തിച്ചു. ദി ടെലഗ്രാഫ്, ഹഫിംഗ്ടന്‍ പോസ്റ്റ്‌, മോംഗാബെ ഇന്ത്യ, ന്യൂസ്‌മിനിറ്റ് എന്നിവയില്‍ കോളമിസ്റ്റ് ആണ്. അഴിമുഖത്തിന്‍റെ എഡിറ്റോറിയല്‍ കണ്‍സല്‍ട്ടന്റ് ആയി പ്രവര്‍ത്തിക്കുന്നു.

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍