UPDATES

നമ്മളിപ്പോൾ ആ ഇന്ദിരാ ഗാന്ധി നിമിഷത്തിലാണ്; റാഫേൽ നിഗൂഢ നാടകത്തിന്റെ അപായസൂചനകൾ-ഹരിഷ് ഖരെ എഴുതുന്നു

പ്രതിപക്ഷവും വിമർശകരും വേണ്ടത്ര പുക ഉണ്ടാക്കിയില്ലെങ്കിലും റാഫേൽ വിവാദം അങ്ങനെ വെറുതെ കെട്ടടങ്ങാൻ പോകുന്നില്ല

ഹരീഷ് ഖരെ

ഹരീഷ് ഖരെ

മോദിയുടെ സ്തുതിപാഠക വൃന്ദം അനുഭവിക്കുന്നതു ഗ്ലാഡിയേറ്ററിൽ (Gladiator) യുവാവായ സീസർ ജനറൽ മാക്സിമസിനോട് “ഞാൻ നിങ്ങളെ എന്താണ് ചെയ്യാൻ പോകുന്നത്? നിങ്ങൾ എളുപ്പത്തില്‍ മരിക്കാൻ പോകുന്നില്ല,” എന്ന് ചോദിച്ചപ്പോൾ കൊമോഡസ് ചക്രവർത്തി നേരിട്ട അതേ പ്രതിസന്ധിയാണ്. ആ ചലച്ചിത്രത്തിലേതുപോലെ ജനക്കൂട്ടം ചക്രവർത്തിയുടെ ഓരോ നീക്കവും കാണുന്നുണ്ട്.

പ്രതിപക്ഷവും വിമർശകരും വേണ്ടത്ര പുക ഉണ്ടാക്കിയില്ലെങ്കിലും റാഫേൽ വിവാദം അങ്ങനെ വെറുതെ കെട്ടടങ്ങാൻ പോകുന്നില്ല.

കാവിപ്പാളയത്തിലെ പുതുക്കക്കാരനായ ഒരു ഭാഗ്യാന്വേഷി സഹമന്ത്രി പറഞ്ഞ ഉറപ്പാണ് രാജ്യത്തിനു മുന്നിലുള്ളത്, ഈ കച്ചവടത്തിൽ ഒരു “ക്വട്രോച്ചി അമ്മാവൻ” ഇല്ലായെന്ന്. പക്ഷെ അതുകൊണ്ടൊന്നും രക്ഷപ്പെട്ടു പോകാനാകില്ല. കാരണം ലളിതമാണ്; മൊത്തം സംഭവത്തിന്റെയും മുകളിൽ ദുഷ്ടലാക്കിന്റെ നിഴൽ വീഴ്‌ത്തുന്ന ഒരു കൊള്ള വ്യാപാരമുഖത്തിന്റെ സാന്നിധ്യമാണ് അത്.

ഒരു കുംഭകോണം ഉണ്ടായിരിക്കില്ല, പക്ഷെ ഒരു ആരോപണമുണ്ട്.

ആ ആരോപണം ഏപ്രിൽ 2015-നു നരേന്ദ്ര മോദി പാരീസിൽ തന്റെ പ്രധാനമന്ത്രി പദ അധികാരം ഉപയോഗിച്ചതിനെക്കുറിച്ചാണ്. അതിലും അധിക്ഷേപാർഹമായത് ബി ജെ പിയുടെ പ്രതിരോധമാണ്-അത് മോദി പ്രവർത്തിക്കുന്ന രീതിയാണ്-ഒന്നുകിൽ അംഗീകരിക്കുക, അല്ലെങ്കിൽ സ്ഥലം കാലിയാക്കിപ്പോവുക. 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണങ്ങളിൽ ബി ജെ പിയുടെ ആർപ്പുവിളിസംഘം പറഞ്ഞത്, അന്നത്തെ പ്രധാനമന്തി മൻമോഹൻസിങ് കൂട്ടായ ഉത്തരവാദിത്തം എന്ന പേരിൽ കുരുതിക്കൊടുത്ത പ്രധാനമന്ത്രി പദത്തിന്റെ അപ്രമാദിത്തവും ഗരിമയും തിരിച്ചുകൊണ്ടുവരും എന്ന വാഗ്ദാനമായിരുന്നു. 2014-ലെ തെരഞ്ഞെടുപ്പുവിധിയെ നിർണായകമായി, അക്രമാസക്തമായി, കർക്കശമായി പെരുമാറാൻ മോദിക്ക് നൽകിയ അനുവാദമായി വ്യാഖ്യാനിച്ചു. ഏകപക്ഷീയമായും ഔദ്ധത്യത്തോടെയും എന്നുമുണ്ടോ?

എങ്കിലും ഇത് വ്യക്തമായും തെളിച്ചും പറയേണ്ടതുണ്ട്: ‘നിശ്ചയദാർഢ്യമുള്ള’ ഒരു പ്രധാനമന്ത്രി എന്നാൽ ഇന്ത്യ ഒരു ഫറോവയെ തെരഞ്ഞെടുത്തു എന്നല്ല അതിനർത്ഥം.

ഇന്ത്യയൊരു ബനാന റിപ്പബ്ലിക്കല്ല. ഇന്ത്യൻ പ്രധാനമന്ത്രി നിയമത്തിനും അംഗീകരിക്കപ്പെട്ട നടപടിക്രമങ്ങൾക്കും മുകളിലല്ല, ഒരു സ്വേച്ഛാധിപതിയെപ്പോലെ പെരുമാറാൻ അയാൾക്ക് ഒരധികാരവുമില്ല.

പ്രധാനമന്ത്രിയുടെ അധികാരത്തിന്റെ സ്വഭാവം ഇപ്പോഴും ഒരു തർക്കവിഷയമാണ്. റിപ്പബ്ലിക്കിന്റെ ആദ്യകാലത്ത് ജവഹർലാൽ നെഹ്രുവുമായുണ്ടായ അഭിപ്രായഭിന്നതയിൽ സർദാർ പട്ടേൽ ഈ കുഴപ്പത്തെക്കുറിച്ചു പറഞ്ഞിട്ടുണ്ട്.

1950-ലെ ആദ്യ ആഴ്ച്ചകളിൽ ഇന്ത്യൻ വിദേശകാര്യ സർവീസിൽ അനുഭവപരിചയമുള്ള ആളുകളെ വളരെവേഗം നിയമിക്കാൻ കഴിയാത്തതിൽ നെഹ്‌റു അസ്വസ്ഥനായിരുന്നു. അതിന്റെ നടപടിക്രമങ്ങൾ സമയമെടുക്കുന്നതും സങ്കീര്‍ണ്ണവുമായിരുന്നു. ഫെഡറൽ പബ്ലിക്ക് സർവീസ് കമ്മീഷനെ (അന്നത്തെ യു പി എസ് സി) മറികടന്ന് നിയമനം നടത്താനായിരുന്നു പ്രധാനമന്ത്രിയുടെ താത്പര്യം. എന്നാൽ ഉപപ്രധാനമന്ത്രി പട്ടേൽ അതിനെ എതിർത്തുകൊണ്ട് മികച്ചൊരു ഉപദേശം നൽകി, “നമുക്കിപ്പോൾ ഒരു ഭരണഘടനയുണ്ട്…അതിനർത്ഥം സർക്കാരിന്റെ ഓരോ നടപടിക്കും നിയമപരമായ അനുമതിയും നീതിന്യായസംവിധാനത്തിനു മുന്നിൽ ന്യായീകരണവും ആവശ്യമാണ്.”

നല്ല ഉദ്ദേശം മാത്രമുണ്ടായിരുന്ന പ്രധാനമന്ത്രിയോട് യുക്തിപൂർവം സർദാർ പറഞ്ഞത് ഭരണസംവിധാനത്തിന്റെ അധികാരങ്ങൾ ഏകപക്ഷീയമായി പ്രയോഗിക്കാൻ പാടില്ലെന്നാണ്. ഭരണാധികാരിയുടെ ഉദ്ദേശലക്ഷ്യങ്ങൾ എത്ര തന്നെ വിശുദ്ധമായാലും നിശ്ചയിക്കപ്പെട്ട നിയമപ്രക്രിയ അനുസരിച്ചുമാത്രമേ അധികാരം പ്രയോഗിക്കാൻ പാടുള്ളൂ എന്നാണു നിയമവാഴ്ച്ചയുടെ സത്ത എന്ന് പറയുന്നത്.

അതാണ് റാഫേൽ വിവാദം ചുരുളഴിയുമ്പോൾ കാണുന്ന അപായകരമായ അവസ്ഥ. പാരീസിൽ വെച്ച് 36 റാഫേൽ വിമാനങ്ങൾ വാങ്ങാനുള്ള തീരുമാനം എടുത്തത് പ്രധാനമന്ത്രി മാത്രമാണെന്നാണ് പൊതുമണ്ഡലത്തിൽ ലഭ്യമായ എല്ലാ വിവരങ്ങളും സൂചിപ്പിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി ‘നിയമപരമായ നടപടിക്രമങ്ങൾ’ പാലിച്ചില്ല എന്നത് വ്യക്തമായ തെളിവുകളോടെ ആദരണീയരായ പൊതുപ്രവർത്തകരായ യശ്വന്ത് സിൻഹ, അരുൺ ഷൂരി, പ്രശാന്ത് ഭൂഷൺ എന്നിവർ പറഞ്ഞിട്ടുണ്ട്. സുരക്ഷക്കായുള്ള മന്ത്രിസഭാ സമിതിക്കു ഇതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നില്ല. ഇതിനെക്കുറിച്ച് അറിവുള്ള വൃത്തങ്ങൾ പറയുന്നത്, പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്രാൻസുമായി ഉണ്ടാക്കിയ ഈ പുതിയ കരാറിനെക്കുറിച്ച് വിദേശകാര്യ സെക്രട്ടറിക്കും പ്രതിരോധ സെക്രട്ടറിക്കും ഒരു ധാരണയും ഉണ്ടായിരുന്നില്ല എന്നാണ്.

സർക്കാർ വെല്ലുവിളിയുടെ സ്വരത്തിൽ കെട്ടുകണക്കിനു വാദങ്ങളും പ്രതിവാദങ്ങളുമൊക്കെ നൽകുന്നുണ്ടെങ്കിലും പാരീസിൽ പൊടുന്നനെ തകിടം മറിഞ്ഞതിനെക്കുറിച്ച് യുക്തിസഹമായ ഒരു വിശദീകരണവും നൽകാൻ അവർക്ക് കഴിഞ്ഞിട്ടില്ല.

126 പോർവിമാനങ്ങളിൽ നിന്നും 36-ലേക്ക് ചാടിയതിലെ യുക്തി ഇപ്പോഴും നിഗൂഢമാണ്. എന്തൊക്കെപ്പറഞ്ഞാലും ‘126’ തീരുമാനം നിശ്ചയിച്ച നടപടിക്രമങ്ങൾ അനുസരിച്ച്, കാര്യമായ ആലോചനകൾക്കുശേഷം, സംശയത്തിന്റെ ഒരു ദൃഷ്ടിപോലും തനിക്കുനേരെ നീളാതിരിക്കൻ അതിജാഗ്രതയുള്ള ഒരു പ്രതിരോധ മന്ത്രിയുടെ മേൽനോട്ടത്തിൽ ഉണ്ടാക്കിയ ഒരു കൂട്ടായ തീരുമാനമായിരുന്നു അത്. അതിലും പ്രധാനമായ കാര്യം ആ ചർച്ചകളിലൊക്കെ വ്യോമസേനയുടെ സജീവമായ പങ്കാളിത്തമുണ്ടായിരുന്നു എന്നാണ്.

ഇപ്പോൾ നമ്മളോട് വിശ്വസിക്കാൻ ആവശ്യപ്പെടുന്നത്, അതെ വ്യോമസേനാ നേതൃത്വം വളരെ പെട്ടന്ന് ഇത്രയും കുറഞ്ഞ എണ്ണം പോർവിമാനങ്ങളുടെ കാര്യത്തിൽ അതീവ സംതൃപ്തരാണ് എന്നാണ്. നമ്മുടെ ദേശീയ സുരക്ഷയുടെയും പ്രതിരോധത്തിന്റെയും ചുമതല ഏറ്റെടുത്തവരുടെ ബൗദ്ധിക സത്യസന്ധതയെക്കുറിച്ച് ഒരാദരവും വേണ്ടെന്നാണോ?

ബി ജെ പിയുടെ പ്രതിരോധത്തിലെ ഏറ്റവും അസ്വാസ്ഥ്യമുണ്ടാക്കുന്ന ഭാഗം നടന്നുപോരുന്ന ഒരു ചർച്ചയെ തകിടം മറിക്കാൻ പ്രധാനമന്ത്രിക്ക് തടസ്സമില്ലാത്ത സ്വാതന്ത്ര്യമുണ്ട് എന്നാണ്. ഇതൊരു അപകടകരമായ നിർദ്ദേശമാണ്.

നമ്മുടെ റിപ്പബ്ലിക്കിന്റെ ചെറിയ ചരിത്രത്തിൽ അടിയന്തരാവസ്ഥക്കാലത്തും അതിന്റെ തൊട്ടുമുമ്പും നാമീ സന്ദിഗ്ധമായ നാൽക്കവലയിൽ എത്തിയിട്ടുണ്ട്. 1975-ൽ പ്രചാരണ ചുമതലക്കാരൻ ഒരു ചെറിയ നടപടിക്രമം പാലിച്ചില്ല എന്ന പേരിൽ ഒരു പ്രധാനമന്ത്രിയുടെ കസേര പോയി.

നമ്മുടെ ഭരണഘടന മൂല്യങ്ങളുടെയും രീതികളുടെയും ഏറ്റവും ആധികാരിക ശബ്ദമായ ഗ്രാൻവിൽ ഓസ്റ്റിൻ പ്രധാനമന്ത്രിയുടെ അധികാരത്തെക്കുറിച്ച് പറയുന്നുണ്ട്. ഒരുതരത്തിലുള്ള കാർക്കശ്യം, ഭയം ജനിപ്പിക്കാനുള്ള ശേഷി, മന്ത്രിമാർക്കിടയിലും ഉദ്യോഗസ്ഥർക്കിടയിലും നിയമനിർമ്മാണസഭാംഗങ്ങൾക്കിടയിലും ആദരവും ആരാധനയും ഒരു രാഷ്ട്രീയനേതാവിന് മഹത്വത്തിലേക്ക് നീങ്ങാൻ ആവശ്യമാണ്. അല്ലെങ്കിൽ നേതാവ് നയിക്കപ്പെടും. പക്ഷെ മഹാനായ ഒരു നേതാവിൽ ഈ സ്വഭാവവിശേഷങ്ങൾക്കൊപ്പം ദേശീയ മൂല്യങ്ങൾക്കും രാജ്യത്തിന്റെ അടിസ്ഥാനരേഖ മുന്നോട്ടുവെക്കുന്ന ആശയങ്ങൾക്കും ചട്ടങ്ങൾക്കും ഒപ്പമുള്ള ഒരു സംവേദനാത്മകത ഉണ്ടായിരിക്കും. ശ്രീമതി ഗാന്ധി ഇത് മനസിലാക്കിയിരുന്നെങ്കിൽ അവർ അടിയന്തരാവസ്ഥ അടിച്ചേൽപ്പിക്കുകയോ ജനാധിപത്യത്തിനെതിരായ തന്റെ അതിക്രമങ്ങളെ ഒരു വിജയംകൊണ്ട് സാധൂകരിക്കാൻ എന്ന പ്രതീക്ഷയിൽ 1977-ൽ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയോ ചെയ്യില്ലായിരുന്നു.

നമ്മളിപ്പോൾ ആ ഇന്ദിരാ ഗാന്ധി നിമിഷത്തിലാണ്.

പാരീസിൽ പോർവിമാനങ്ങളുടെ എണ്ണത്തിൽ തിരിമറി നടത്തിയ നരേന്ദ്ര മോദി സേച്ഛാധിപത്യത്തിലേക്കു വഴിതെറ്റിയ ഒരു പ്രധാനമന്ത്രിയാണ്. ബി ജെ പിയും മാധ്യമങ്ങളും ആ മനുഷ്യന്റെ സ്തുതി പാടുന്നു. മുന്നറിയിപ്പിന്റെ സ്വരം വരുന്നത് പുറത്തുള്ളവരിൽ നിന്നു മാത്രമാണ്. മേയ് 23-29, 2015-നു ദി ഇക്കണോമിസ്റ്റ് നൽകിയ ഒരു കവർ സ്റ്റോറിയിൽ ‘ഇന്ത്യയുടെ ഒരൊറ്റ വ്യക്തി സംഘ’ത്തിന്റെ അപകടങ്ങൾ ചൂണ്ടിക്കാണിക്കുന്നു.

ഏപ്രിൽ 2015-ലെ ഏകപക്ഷീയമായ തന്നിഷ്ടപ്രകാരമുള്ള പ്രവർത്തിയെക്കുറിച്ച് ആരും സംശയങ്ങൾ ഉയർത്താതിരുന്നപ്പോൾ പ്രധാനമന്ത്രി പ്രതീക്ഷിച്ചപോലെ കൂടുതൽ അപ്രമാദിയായി ഭാവിക്കുന്നു. ധീരോദാത്തനായ ഒരു നേതൃപൂജയുടെ ഇടയിലാണ് ഇപ്പോൾത്തന്നെ നമ്മൾ എന്നുകൂടിയുള്ളപ്പോൾ, ശക്തനും അപ്രമാദിയുമായ ഒരു നേതാവെന്ന സങ്കൽപ്പത്തിന്റെ പിറകിൽ പതിയിരിക്കുന്ന അപകടങ്ങൾ എന്തൊക്കെയാണെന്ന് റാഫേൽ ഇടപാട് വീണ്ടും നമ്മളെ ഓർമ്മിപ്പിക്കുന്നു.

റാഫേൽ: എല്ലാ തെളിവുകളും വിരൽ ചൂണ്ടുന്നത് മോദിയിലേക്ക്; നടന്നത് അംബാനിക്ക് ലാഭമുണ്ടാക്കിക്കൊടുക്കൽ

റാഫേല്‍ കരാറും മുന്‍ ഫ്രഞ്ച് പ്രസിഡന്റിന്റെ കാമുകിയും തമ്മിലെന്ത്‌?

ദേശസുരക്ഷ പറഞ്ഞും കോണ്‍ഗ്രസിനെ തെറിവിളിച്ചും റാഫേല്‍ അഴിമതി എത്രനാള്‍ മൂടിവയ്ക്കും?

എന്തുകൊണ്ട് കടക്കെണിയിലായ അനില്‍ അംബാനിയുടെ കമ്പനിയെ തിരഞ്ഞെടുത്തു?

‘റാഫേല്‍’: 1600 കോടി രൂപയ്‌ക്കൊരു കൊലപാതക യന്ത്രം

ഹരീഷ് ഖരെ

ഹരീഷ് ഖരെ

Kaffeeklatsch എന്ന ജര്‍മന്‍ വാക്കിന്റെ അര്‍ത്ഥം കോഫി കുടിയും സൊറ പറച്ചിലുമൊക്കെയായി ആളുകള്‍ ഒത്തു കൂടുക എന്നാണ്. സ്വയം ഒട്ടും ഗൌരവത്തോടെയല്ലാതെ കാണുന്ന ഹരീഷ് ഖരെയുടെ പ്രകൃതവുമായി ഒരുപക്ഷേ ചേര്‍ന്നു പോകുന്ന ഒരു വാക്ക്. പക്ഷേ, ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം ബഹുമാനിക്കപ്പെടുന്ന മാധ്യമ കോളങ്ങളിലൊന്നാണ് ഖരെയുടേത്. രാഷ്ട്രീയം മുതല്‍ പുസ്തകങ്ങള്‍ വരെ, വായനയുടെയും എഴുത്തിന്റെയും വലിയൊരു ലോകം ഓരോ ആഴ്ചയുടെയും വായനക്കാര്‍ക്ക് മുമ്പില്‍ തുറക്കുന്നു എന്ന Kaffeeklatsch കോളത്തിലൂടെ. ദി ട്രിബ്യൂണിന്‍റെ എഡിറ്റര്‍-ഇന്‍-ചീഫാണ് ഖരെ ഇപ്പോള്‍. മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗിന്റെ മാധ്യമ ഉപദേഷ്ടാവും ഡല്‍ഹിയില്‍ ദി ഹിന്ദുവിന്റെ റെസിഡന്‍റ് എഡിറ്ററുമായിരുന്നു. സാമൂഹിക പ്രവര്‍ത്തകയായ റിനാന ഝാബ്വാലയെയാണ് വിവാഹം കഴിച്ചിരിക്കുന്നത്. ചണ്ഡീഗഡിലും ഡല്‍ഹിയിലുമായി ജീവിതം.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍