UPDATES

ട്രെന്‍ഡിങ്ങ്

രാഹുല്‍ വന്നു; കോണ്‍ഗ്രസ് രക്ഷപ്പെടുമോ?

കൊല്ലും കൊലയും നടത്തിയ ഒരു പാര്‍ട്ടിയുടെ അമരത്തേക്കാണ് താങ്കള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് എന്നതും മറക്കാതിരുന്നാല്‍ നന്ന്

കെ എ ആന്റണി

കെ എ ആന്റണി

ഒടുവില്‍ അത് സംഭവിച്ചു. അമ്മ സോണിയയില്‍ നിന്നും മകന്‍ രാഹുല്‍ കിരീടവും ചെങ്കോലും ഏറ്റു വാങ്ങി. ഇനിയങ്ങോട്ട് കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അധ്യക്ഷന്‍ രാഹുല്‍ തന്നെ. ഇന്ത്യയെ സ്വാതന്ത്ര്യത്തിലേക്കു നയിച്ച രാഷ്ട്രീയ പ്രസ്ഥാങ്ങളില്‍ ഒന്നാം സ്ഥാനത്തു നിന്നിരുന്ന കോണ്‍ഗ്രസ്, പതിറ്റാണ്ടുകള്‍ രാജ്യം ഭരിച്ച കോണ്‍ഗ്രസ്. ആ പാര്‍ട്ടി ഇന്നിപ്പോള്‍ ഇന്ത്യയുടെ രാഷ്ട്രീയ ഭൂപടത്തില്‍ നിന്നും തുടച്ചു മാറ്റപ്പെട്ടു കൊണ്ടിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സേന എത്ര സംസ്ഥാനങ്ങളില്‍ കൂടി ഭരണം പിടിക്കും എന്നറിയാന്‍ അടുത്ത തിങ്കളാഴ്ച വരെ കാത്തിരുന്നാല്‍ മതി. ഊര്‍ദ്ധശ്വാസം വലിക്കുന്ന ഒരു പഴക്കം ചെന്ന ഭരണാധികാരി പാര്‍ട്ടിയുടെ അമരത്തേക്കാണ് രാഹുല്‍ ഇന്ന് എത്തിച്ചേര്‍ന്നിരിക്കുന്നത്. രാഹുല്‍ ഗാന്ധി എന്ന യുവ തുര്‍ക്കിയുടെ ഈ വരവ് കോണ്‍ഗ്രസിന് മാത്രമല്ല രാജ്യത്തിന് മൊത്തത്തില്‍ ഊര്‍ജം പകരട്ടെ എന്ന് ആദ്യമേ ആശിക്കുകയും ആശംസിക്കുകയും ചെയ്യട്ടെ.

യുവതുര്‍ക്കി എന്ന് പറഞ്ഞത് 2013 ല്‍ മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ കൊണ്ടുവന്ന ക്രിമിനല്‍ പശ്ചാത്തലമുള്ള പൊതുപ്രവര്‍ത്തകര്‍ക്കു സംരക്ഷണം നല്‍കുന്ന ഓര്‍ഡിനന്‍സ് കീറി എറിയണം, ചുട്ടെരിക്കണം എന്നൊക്കെ പറഞ്ഞ ആ ആര്‍ജ്ജവത്തിന്റെ പേരില്‍ മാത്രമല്ല വര്‍ധക്യം ബാധിച്ച ഒരു ചിരപുരാതന പാര്‍ട്ടിക്ക് യുവരക്തം നല്‍കി ഊര്‍ജസ്വലമാക്കാന്‍ ശ്രമിച്ചതിന്റെ പേരില്‍ കൂടിയാണ്. എന്തായാലും ഈ കിരീടധാരണാവേളയില്‍ നല്ല ഭാവുകങ്ങള്‍ നേരുന്നു.

ഈ കിരീടധാരണത്തിനു ഇടയിലും ആക്ഷേപങ്ങള്‍ പലതുണ്ടാകാം. കുടുംബ വാഴ്ചയില്‍ തുടങ്ങി ചോക്ക്ലേറ്റ് ബോയ് വരെ അല്ലെങ്കില്‍ അതിനുമപ്പുറം പട നയിക്കുമ്പോള്‍ വഴിക്കുവെച്ചു മുങ്ങുന്ന പടനായകന്‍ വരെ നീളുന്ന ആക്ഷേപങ്ങള്‍. രാഹുലിന്റെ കേവലം പതിമൂന്നു വര്‍ഷം മാത്രം നീളുന്ന പൊതുപ്രവര്‍ത്തനത്തിനടയില്‍ ഇത്തരം ആക്ഷേപങ്ങള്‍ ഉയര്‍ന്നത് രാഷ്ട്രീയ എതിരാളികളില്‍ നിന്ന് മാത്രമല്ല സ്വന്തം പാര്‍ട്ടിക്കുള്ളില്‍ നിന്നുകൂടിയാണ്. നെഹ്രു കുടുംബത്തില്‍ നിന്നും പാര്‍ട്ടിയുടെ കടിഞ്ഞാണും അതുവഴി രാജ്യഭരണവും കൊതിച്ച പലരും പാര്‍ട്ടി വിട്ടുപോയി. ചിലരൊക്കെ ഇപ്പോഴും തുടരുന്നുണ്ട്. ഈ അവസരത്തില്‍ എല്ലാവരോടും ചോദിക്കാനുള്ള ഒരേയൊരു ചോദ്യം കോണ്‍ഗ്രസ് പാര്‍ട്ടിയെ ശൈഥില്യം കൂടാതെ രാജ്യമാകെ കൊണ്ടുപോകാന്‍ പറ്റുന്ന മറ്റൊരാളെ നിര്‍ദ്ദേശിക്കാന്‍ കഴിയുമോ എന്നതാണ് തെറ്റായ നയത്തിന്റെ പേരിലായാലും അല്ലെങ്കിലും അധികാരത്തില്‍ ഇരിക്കെ രക്തസാക്ഷികളായവരുടെ പിന്മുറക്കാരാനാണ് രാഹുല്‍ എന്നതും മറന്നുകൂടാ.

കേരളത്തിലെ കോണ്‍ഗ്രസിനും സിപിഎമ്മിനും ഒരുപോലെ ഇഷ്ടപ്പെട്ടേക്കില്ല ഈ രാഹുല്‍ ഗാന്ധിയെ

ഇന്ദിര ഗാന്ധിയുടെ മുഖഛായ ചൂണ്ടിക്കാട്ടി ‘പ്രിയങ്കയെ വിളിക്കൂ കോണ്‍ഗ്രസിനെ രക്ഷിക്കൂ’ എന്ന് പറഞ്ഞവര്‍ കോണ്‍ഗ്രസില്‍ ഇപ്പോഴും ഉണ്ട്. അവര്‍ ആഗ്രഹിക്കുന്നത് ഒരു പക്ഷെ ഒരു ഉരുക്കു വനിതയെ വേണമെന്നാവും. പ്രിയങ്കയ്ക്ക് മറ്റൊരു ഇന്ദിരയാവാന്‍ കഴിയുമോ എന്ന കാര്യത്തില്‍ പലര്‍ക്കും വ്യത്യസ്ത അഭിപ്രായങ്ങള്‍ ഉണ്ടാകാം. പക്ഷെ ഇന്ദിരയെ വിളിക്കൂ രാജ്യത്തെ രക്ഷിക്കൂ എന്ന കോണ്‍ഗ്രസ്സുകാരുടെ മുറവിളിക്കും ഇന്ദിരയുടെ കണ്ണീരിനും ഒരു ജനത നല്‍കിയ കനത്ത വിലയും (അടിയന്തരാവസ്ഥ) അത് സംഘ്പരിവാറിന് നല്‍കിയ കരുത്തും മറക്കാതിരുന്നാല്‍ നല്ലത്. പക്ഷെ രാജ്യം അടിയന്തരാവസ്ഥയെ വെല്ലുന്ന ഒരു ഇരുണ്ട കാലഘട്ടത്തിലൂടെ കടന്നുപോകുമ്പോള്‍ അതിനന്ത്യം കുറിക്കാന്‍ കരുത്തുള്ള ഒരു ജനാധിപത്യ പ്രസ്ഥാനം ആവശ്യമാണ്. അവിടെയാണ് കോണ്‍ഗ്രസിന്റെയും ഇനിയങ്ങോട്ട് രാഹുലിന്റെയും പ്രസക്തി.

സോണിയ ഗാന്ധിയുടെ 19 വര്‍ഷം; കോണ്‍ഗ്രസിന്റേയും

ഗുജറാത്തിലേയും ഹിമാചലിലെയും ജനവിധി എന്തുതന്നെയായാലും താന്‍ കഴിവുറ്റ ഒരു രാഷ്ട്രീയ നേതാവാണെന്ന് രാഹുല്‍ തെളിയിച്ചു കഴിഞ്ഞു. പ്രധാന മന്ത്രി നരേന്ദ്രമോദി ഊണും ഉറക്കവും വെടിഞ്ഞു ഗുജറാത്തില്‍ തമ്പടിച്ചതും തന്റെ സര്‍ക്കാരിന്റെ വികസന നേട്ടങ്ങള്‍ നിരത്താതെ അഹമ്മദ് പട്ടേലും കോണ്‍ഗ്രസ്സും ചേര്‍ന്ന് പാകിസ്ഥാനെ ഉപയോഗിച്ച് തന്നെയും രാഷ്ട്രത്തെയും അപായപ്പെടുത്താന്‍ ശ്രമിക്കുന്നു എന്ന് പറഞ്ഞു വോട്ടു തെണ്ടുന്നിടം വരെ കാര്യങ്ങള്‍ എത്തിയെന്നത് മോദി ഹാര്‍ദിക് പട്ടേലിനെയും മേവാനിയെയും അല്‍പേഷിനെയുമൊക്കെ കോര്‍ത്തിണക്കാന്‍ രാഹുല്‍ കാട്ടിയ വൈഭവത്തെ വല്ലാതെ ഭയപ്പെട്ടു എന്ന് തന്നെയാണ്.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും ഇനിയാണ് രാഹുല്‍ കൂടുതല്‍ ജാഗരൂകനാവേണ്ടത്. ചെന്നിത്തലയുടെ പടയൊരുക്കം സമാപിച്ചതിനു തൊട്ടു പിന്നാലെ തിരുവനന്തപുരത്തു കണ്ട കത്തിക്കുത്തു വെറും ഒരു സാമ്പിള്‍ വെടിക്കെട്ടു മാത്രം. കണ്ണൂരിലെ രാഷ്ട്രീയ കൊലപാതങ്ങളെക്കുറിച്ചു കണ്ണീര്‍ ഒഴുക്കുന്ന യൂത്തനും ചെറിയോനും തമ്മില്‍ നടന്ന അങ്കം കേരളത്തില്‍ അത്ര പുതിയതൊന്നുമല്ല. ആയകാലത്ത് കൊല്ലും കൊലയും നടത്തിയ ഒരു പാര്‍ട്ടിയുടെ അമരത്തേക്കാണ് താങ്കള്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത് എന്നതും മറക്കാതിരുന്നാല്‍ നന്ന്.

സോണിയ ഗാന്ധി; കോര്‍പറേറ്റ്-മതഭ്രാന്തന്മാരുടെ കാലത്തെ ഒരു മതേതര സോഷ്യലിസ്റ്റ്

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍