UPDATES

കെയ് ബെനഡിക്ട്

കാഴ്ചപ്പാട്

Perspectives

കെയ് ബെനഡിക്ട്

ട്രെന്‍ഡിങ്ങ്

ഇപ്പോള്‍ രാഹുല്‍ ഗാന്ധി അജണ്ട നിശ്ചയിക്കുന്നു, മോദി അതിന്റെ പിറകെയാണ്

രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ പശുപ്രദേശ സംസ്ഥാനങ്ങളിൽ ബി ജെ പിക്കേറ്റ ഞെട്ടിക്കുന്ന തിരിച്ചടിയോടെ പ്രസിഡണ്ട് മത്സര മാതൃകയിലെ ഏറ്റുമുട്ടലിൽ അവർക്കിപ്പോൾ ആത്മവിശ്വാസം പോര

പൊതു തെരഞ്ഞെടുപ്പ് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയും തമ്മിൽ പ്രസിഡണ്ട് തെരഞ്ഞെടുപ്പ് മാതൃകയിൽ ഒരു നേർക്കുനേർ അങ്കത്തിനാണ് ബി ജെ പിയുടെ തന്ത്രജ്ഞന്മാർ അരങ്ങൊരുക്കിക്കൊണ്ടിരുന്നത്. ജനപ്രീതിയിൽ മുന്നിൽ നിൽക്കുന്ന മോദിക്ക് രാഹുൽ ഗാന്ധിയാണ് എതിരാളിയെങ്കിൽ നിശ്ചയമായും മുൻകയ്യുണ്ട് എന്ന ധാരണയിലായിരുന്നു ഇത്. കഴിഞ്ഞ കുറച്ചു മാസങ്ങളിൽ ചില ടെലിവിഷൻ ചാനലുകളിലെ അഭിപ്രായ സർവേകളിൽ രാഹുൽ ഗാന്ധി മോദിക്കൊപ്പമെത്താൻ തുടങ്ങിയപ്പോൾ അത് മോദി-രാഹുൽ ദ്വന്ദയുദ്ധത്തിനുവേണ്ടി ബി ജെ പി നടത്തുന്ന ബോധപൂർവമായ കളിയാണെന്നും പലരും സംശയിച്ചു. പക്ഷെ രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ പശുപ്രദേശ സംസ്ഥാനങ്ങളിൽ ബി ജെ പിക്കേറ്റ ഞെട്ടിക്കുന്ന തിരിച്ചടിയോടെ പ്രസിഡണ്ട് മത്സര മാതൃകയിലെ ഏറ്റുമുട്ടലിൽ അവർക്കിപ്പോൾ ആത്മവിശ്വാസം പോര.

പല സൂചനകളും കാണാം. 2019 ലെ തെരഞ്ഞെടുപ്പ് വളരെ ശ്രദ്ധേയമായ ഒന്നായിരിക്കുമെന്നും വിഷയങ്ങളും ‘വ്യക്തിത്വങ്ങളും’ എല്ലാം മാറിയേക്കാമെന്നുമാണ് ഡിസംബർ 21-നു മുതിർന്ന ആർ എസ് എസ് നേതാവ് ഇന്ദ്രേഷ് കുമാർ പറഞ്ഞത്. രാജ്യത്തെ അടുത്ത പ്രധാനമന്ത്രിയെ പ്രവചിക്കുക വളരെ ബുദ്ധിമുട്ടാണെന്ന് അഞ്ചു ദിവസങ്ങൾക്കു ശേഷം ബി ജെ പിയുടെ അടുത്തയാളായ വ്യാപാരി യോഗ ഗുരു ബാബാ രാംദേവും പറഞ്ഞു. അടുത്ത പ്രധാനമന്ത്രി ആരാകുമെന്ന് നമുക്ക് പറയാനാകില്ലെന്നും 2019 ലെ തെരഞ്ഞെടുപ്പിൽ താനാരെയും പിന്തുണയ്ക്കുകയോ എതിർക്കുകയോ ചെയ്യുന്നില്ലെന്നും രാം ദേവ് മാധ്യമപ്രവർത്തകരോട് പറഞ്ഞു.

കഴിഞ്ഞയാഴ്ചയാണ് പശ്ചിമ ബംഗാൾ ബി ജെ പി തലവൻ ദിലീപ് ഘോഷ് ടി എം സി നേതാവ് മമത ബാനർജി പ്രധാനമന്ത്രിയാകണമെന്ന് നിർദ്ദേശിച്ചത്. പിറന്നാൾ ദിനത്തിൽ മമതാ ബാനര്ജിക്ക് എന്ത് സന്ദേശമാണ് നൽകാനുള്ളതെന്ന് മാധ്യമപ്രവർത്തകർ ചോദിച്ചപ്പോൾ “അവർ ആരോഗ്യത്തോടെ ഇരിക്കണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു…പ്രണബ് (മുഖർജി) ബാബു പ്രസിഡണ്ടായി. ഇനി ഒരു ബംഗാളി പ്രധാനമന്ത്രിയാകണം,” എന്നാണ് ബി ജെ പി നേതാവ് പറഞ്ഞത്. പക്ഷെ പാർട്ടി വൃത്തങ്ങളിൽ അത് ചർച്ചയായപ്പോൾ താനൊരു രാഷ്ട്രീയ മര്യാദ പറഞ്ഞതാണെന്ന് പറഞ്ഞൊഴിഞ്ഞു ഘോഷ്. സഖ്യകക്ഷിയാകാൻ സാധ്യതയുള്ള ബാനർജിയെ സന്തോഷിപ്പിക്കാൻ പറഞ്ഞതോ അതല്ലെങ്കിൽ മോദി വീണ്ടും പ്രധാനമന്ത്രിയാകും എന്നുറപ്പില്ലാത്തതുകൊണ്ട് പറഞ്ഞതോ ആകാം. അന്നേ ദിവസം നാഗ്പൂരിൽ ഒന്നിലേറെ മറാഠികൾക്ക് 2050 ആകുമ്പോളേക്കും പ്രധാനമന്ത്രിയാകാമെന്ന് പറഞ്ഞു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയുടെ ആത്മവിശ്വാസം കൂട്ടി.

ഈയടുത്താണ് ബി ജെ പിയുടെ മുതിർന്ന നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സംഘപ്രിയ ഗൗതം മാധ്യമങ്ങൾക്കയച്ച ഒരു തുറന്ന കത്തിൽ നിതിൻ ഗഡ്കരിയെ ഉപ പ്രധാനമന്ത്രിയാക്കണം എന്നാവശ്യപ്പെട്ടത്. എന്തിനാണ് നാല് മാസത്തേക്ക് ഒരു ഉപപ്രധാനമന്ത്രി? മോദി ഏറ്റവും വലിയ നേതാവാണെങ്കിലും രാജ്യത്ത് മോദി തരംഗം കുറയുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. അമിത് ഷായെ മാറ്റി മുൻ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാനെ പാർട്ടി അധ്യക്ഷനാക്കണമെന്നും യു പി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥിനെ മാറ്റി രാജ്നാഥ് സിംഗിനെ വെക്കണമെന്നും ഗൗതം ആവശ്യപ്പെട്ടു. ഹിന്ദി ഹൃദയഭൂമിയിലെ നിയമസഭാ തെരഞ്ഞെടുപ്പുകളിലെ തോൽവിക്ക് ശേഷം ഗഡ്കരി തന്നെ മോദി-ഷാ ദ്വന്ദത്തിനെതിരെ പല പരാമർശങ്ങളും നടത്തി. അതിനെതിരെ അസാധാരണമായ തരത്തിൽ ട്രോൾ നിശബ്ദത കാണുമ്പോൾ ആ പരാമർശങ്ങൾക്ക് നാഗ്പൂരിന്റെ പിന്തുണയുണ്ടെന്നുള്ള ഊഹവുമുണ്ട്.

സഖ്യകക്ഷികളും അസ്വസ്ഥരാണ്. ശിവസേന മോദിയുടെ വലിയ വിമർശകരാണ്. “രാഹുൽ ഗാന്ധി തന്റെ വിജയത്തെ വിനയത്തോടെയാണ് സ്വീകരിച്ചത്. ബി ജെ പി ഭരിച്ച സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്ക് അദ്ദേഹം നന്ദി പറഞ്ഞു. പക്ഷെ രാഷ്ട്ര നിർമ്മാണത്തിൽ പണ്ഡിറ്റ് നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ സംഭാവനകൾ അംഗീകരിക്കാൻ മോദി തയ്യാറല്ല. ബി ജെ പി വളർത്തുന്നതിൽ എൽ കെ അദ്വാനിയുടെ പങ്ക് അംഗീകരിക്കാൻ പോലും മോദി തയ്യാറല്ല,” സേനയുടെ മുഖപത്രം സാമ്നയിലെ ഒരു മുഖപ്രസംഗത്തിൽ എഴുതി. പിന്നീട് ഒരു പാർട്ടി പൊതുയോഗത്തിൽ ‘കാവൽക്കാരൻ കള്ളനാണ്’ എന്ന രാഹുൽ ഗാന്ധിയുടെ പ്രയോഗം സേന നേതാവ് ഉദ്ധവ് താക്കറെ ആവർത്തിക്കുകയും ചെയ്തു. പാർലമെന്റിൽ റാഫേൽ ഇടപാടിനെക്കുറിച്ച് ജെ പി സി രൂപീകരിക്കണം എന്ന ആവശ്യത്തെയും സേന പിന്തുണച്ചു. തെരഞ്ഞെടുപ്പിന് മുമ്പുള്ള സമ്മർദ്ദ തന്ത്രങ്ങളാകാം സേനയുടേത് എങ്കിലും മോദിയെ പോലൊരു വമ്പൻ നേതാവിന് ഇത് തീർത്തും അപമാനകരമാണ്.

കഴിഞ്ഞ വർഷം, ടി ഡി പി, പി ഡി പി, ആർ എൽ എസ് പി, എ ജി പി എന്നീ സഖ്യകക്ഷികൾ എൻ ഡി എ വിട്ടുപോയി. കാറ്റ് മാറുന്നു എന്ന് കണ്ട ബിഹാറിലെ സഖ്യകക്ഷികളായ ജെ ഡി യുവും എൽ ജെ പിയും കൂടുതൽ ലോക്സഭാ സീറ്റുകൾക്കായി വിജയകരമായി വിലപേശി. ബി ജെ പിക്ക് തങ്ങളുടെ ആറ് സീറ്റുകൾ വിട്ടുകൊടുക്കേണ്ടിവന്നു. സംസ്ഥാനത്തെ 40 സീറ്റുകളിൽ വെറും രണ്ടെണ്ണം മാത്രമുള്ള ജെ ഡി യുവിന് 17 സീറ്റുകളാണ് മത്സരിക്കാൻ ലഭിച്ചത്. എൽ ജെ പിക്ക് മത്സരിക്കാൻ ആറ് സീറ്റുകളും കൂടാതെ അടുത്ത വർഷം ആദ്യം പാസ്വാനും ഒരു രാജ്യസഭ സീറ്റും കിട്ടി. ഇന്ത്യൻ രാഷ്ട്രീയത്തിൽ കാറ്റിന്റെ ഗതി മനസിലാക്കാൻ ഏറ്റവും മിടുക്കുള്ള രാഷ്ട്രീയക്കാരനായ പാസ്വാൻ ചുമരെഴുത്ത് വായിച്ചിട്ടു തന്നെയാകണം പാർലമെന്റിലെത്താൻ സുരക്ഷിതമായ രാജ്യസഭാ വഴി തെരഞ്ഞെടുത്തത്.

കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കിക്കൊണ്ട് പ്രധാനമന്ത്രിയെ പറഞ്ഞത് നടപ്പാക്കാൻ നിർബന്ധിതനാക്കിക്കൊണ്ട് കുറച്ചു കാലമായി കോൺഗ്രസ് അധ്യക്ഷനാണ് അജണ്ട നിശ്ചയിക്കുന്നത് (അലസിപ്പോയ ഭൂമി ഏറ്റെടുക്കൽ ബിൽ മുതൽ പുതുക്കിയ ജി എസ് ടിയും കാർഷിക കടങ്ങൾ എഴുതിത്തള്ളലുമെല്ലാം). കഴിഞ്ഞ ദിവസങ്ങളിൽ പാർലമെന്റിൽ മുന്നാക്ക വിഭാഗക്കാർക്കുള്ള 10% സംവരണം പാര്‍ലമെന്റിനെക്കൊണ്ട് അംഗീകരിപ്പിക്കാൻ മോദിക്ക് കഴിഞ്ഞു. പലരും ഇത് പൊതുതെരഞ്ഞെടുപ്പിനെ വലിയ തോതിൽ സ്വാധീനിക്കുന്ന ഒരു തന്ത്രമായാണ് കാണുന്നത്. എന്നാലിത് കോടതിയുടെ മുന്നിലെ നിയമപരിശോധനയിൽ നിലനിൽക്കുമോ എന്ന് കണ്ടറിയണം.

റാഫേൽ വിവാദം നിലനിർത്താൻ കോൺഗ്രസിനാകുമോ എന്ന ആദ്യസമയത്തെ സംശയങ്ങൾ മാറ്റിക്കൊണ്ട് സംശയകരമായ ആ ഇടപാടിനെക്കുറിച്ചുള്ള ചോദ്യങ്ങൾ അടുത്തൊന്നും തീരാൻ പോകുന്നില്ല എന്നും ഉറപ്പായിരിക്കുന്നു. റാഫേൽ രേഖകൾ തന്റെ കിടപ്പുമുറിയിലുണ്ടെന്ന് മുൻ പ്രതിരോധ മന്ത്രിയും ഇപ്പോൾ ഗോവ മുഖ്യമന്ത്രിയുമായ മനോഹർ പരീക്കർ ഗോവ ആരോഗ്യമന്ത്രി വിശ്വജിത് റാനിയോട് പറഞ്ഞു എന്ന് പറയുന്ന ഒരു ശബ്ദരേഖ തന്റെ കൈവശമുണ്ടെന്നും ഇതുവെച്ച് പരീക്കർ മോദിയെ വരുതിക്ക് നിർത്തുകയാണ് എന്നും രാഹുൽ ഗാന്ധി പറഞ്ഞതാണ് റാഫേൽ വിവാദത്തിലെ പുതിയ വെളിപ്പെടുത്തൽ. ലോക്സഭയിൽ ഈ ശബ്ദരേഖ കേൾപ്പിക്കാൻ രാഹുൽ ഗാന്ധി അനുമതി ചോദിച്ചെങ്കിലും സ്പീക്കർ അനുവദിച്ചില്ല. ഇത്രയും ദിവസങ്ങൾക്കു ശേഷവും രാഹുൽ ഗാന്ധിക്കെതിരെ അവകാശലംഘന നോട്ടീസോ നിയമനടപടികളോ ഈ ‘കെട്ടിച്ചമച്ചു’ എന്ന് പറയുന്ന ശബ്ദരേഖയുടെ പേരിൽ ഉണ്ടായില്ല എന്നതും ശ്രദ്ധേയമായ വസ്തുതയാണ്.

ഡൽഹിയിലും ഗോവയിലുമുള്ള അന്വേഷണാത്മക മാധ്യമപ്രവർത്തകർക്ക് എന്തുപറ്റി? ഒരു പ്രതിരോധ ഇടപാടിലെ കോഴയെക്കുറിച്ച് അന്വേഷിക്കാൻ അവരുടെ മുൻഗാമികൾ സ്വീഡനിലേക്ക്‌ പറന്നത് ചരിത്രം.

കെയ് ബെനഡിക്ട്

കെയ് ബെനഡിക്ട്

ഡല്‍ഹിയില്‍ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. പ്രമുഖ മാധ്യമങ്ങള്‍ക്ക് വേണ്ടി രാഷ്ട്രീയം, പാര്‍ലമെന്‍റ്, പൊതു തിരഞ്ഞെടുപ്പ് എന്നിവ കൈകാര്യം ചെയ്തിട്ടുണ്ട്. കാരവന്‍ മാസികയില്‍ മാധ്യമ പ്രവര്‍ത്തന ജീവിതം ആരംഭിച്ചു. പിന്നീട് ദി ഇന്ത്യന്‍ എക്സ്പ്രസ്സ്, ഏഷ്യന്‍ ഏജ്, ദി ടെലഗ്രാഫ്, ഡിഎന്‍എ , ഇന്ത്യാ ടുഡെ, ക്വിന്‍റ് എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ചു. ഇപ്പോള്‍ സ്വന്തന്ത്ര മാധ്യമ പ്രവര്‍ത്തകന്‍. കോട്ടയം സ്വദേശിയാണ്

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍