UPDATES

ഗെയില്‍ സമരം ഏറ്റെടുക്കില്ലെന്നു ചെന്നിത്തല ഗാന്ധി; പിന്നോട്ടില്ലെന്ന് അന്തിക്കാട് ഗാന്ധി

ചെന്നിത്തലക്ക് വൈകിയെങ്കിലും മനസ്സിലായ ഇക്കാര്യം പി കെ കുഞ്ഞാലിക്കുട്ടി എന്ന കുഞ്ഞാപ്പക്ക് നേരത്തെ തന്നെ പിടികിട്ടിയിരുന്നു

കെ എ ആന്റണി

കെ എ ആന്റണി

സത്യം പറഞ്ഞാല്‍ ഞങ്ങള്‍ രാഷ്ട്രീയക്കാരെ സമ്മതിക്കണം. എന്തൊക്കെ കഷ്ടപ്പാട് സഹിച്ചാണ് രാവും പകലുമില്ലാതെ ജനത്തെ സേവിക്കുന്നത്! എന്നിട്ടു തിരിച്ചു കിട്ടുന്നതോ അപമാനവവും ആക്ഷേപവും. ‘കാണ്ടാമൃഗത്തിന്റെ തൊലിക്കട്ടിയാണ് ഇവറ്റയ്ക്ക്’ എന്നൊക്കെയുള്ള ആക്ഷേപം പോലും സഹിച്ചല്ലേ ഞങ്ങള്‍ പാവം രാഷ്ട്രീയക്കാര്‍ ജനത്തെ സേവിക്കുന്നതെന്ന് ആരെങ്കിലും എപ്പോഴെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ? എവിടെ നോക്കിയാലും ഇങ്ങനെയൊക്കെയൊക്കെ ചോദിക്കുന്ന രാഷ്ട്രീയക്കാരെയെ ഇന്നിപ്പോള്‍ കാണാനുള്ളൂ. രാഷ്ട്രീയത്തിന്റെയോ രാഷ്ട്രീയ പാര്‍ട്ടിയുടേയോ പ്രസക്തി നഷ്ടമായി എന്ന് സ്ഥാപിക്കാനുള്ള ശ്രമമാണ് മുകളില്‍ നടത്തിയത് എന്ന് വെറും വെറുതെ കാടുകയറി ചിന്തിച്ചേക്കരുതേ. ഉദ്ദേശിച്ചത് ജനസേവനം ഒരു സപര്യയായി കൊണ്ടു നടന്നവരുടെ ജനുസ്സ് കുറ്റിയറ്റു പോവുകയും അവരിരുന്നിടങ്ങളില്‍ അവസരവാദികള്‍ കയറിക്കൂടുകയും ചെയ്തിരിക്കുന്നു എന്ന് മാത്രം. ഇക്കൂട്ടര്‍ ഒരിക്കല്‍ പറഞ്ഞതും പ്രവര്‍ത്തിച്ചതും നേരം ഇരുട്ടി വെളുക്കുന്നതിനു മുന്‍പ് മാറ്റിപ്പറയുകയും മാറ്റി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ കൂടിയാണ്. പ്രതിപക്ഷത്തിരുന്നപ്പോള്‍ പറഞ്ഞതും ചെയ്തതുമാകില്ല അധികാരത്തിലെത്തുമ്പോള്‍ പറയുന്നതും ചെയ്യുന്നതും.

എന്നാല്‍ താന്‍ ഇതില്‍ നിന്നെല്ലാം തികച്ചും വിഭിന്നനാണെന്നു തെളിയിക്കാനുള്ള തീവ്ര ശ്രമത്തിലാണ് കേരളത്തിലെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉമ്മന്‍ ചാണ്ടി ഏതാണ്ട് മങ്ങിത്തുടങ്ങിയ സ്ഥിതിക്ക് ഇനിനിയങ്ങോട്ട് ഓരോ വാക്കും നീക്കവും അത്യന്തം കരുതലോടെ തന്നെ വേണമെന്ന് കോണ്‍ഗ്രസിലെ ഈ പഴയ യുവ തുര്‍ക്കിയെ ആരും പറഞ്ഞു പഠിപ്പിക്കേണ്ടതില്ല. രമേശിന് ചെന്നിയെ ഉള്ളൂ, തലയില്ലെന്ന് പണ്ട് ഇ കെ നായനാര്‍ പറഞ്ഞിട്ടിട്ടുണ്ടെന്നതൊക്കെ ശരിതന്നെ. പക്ഷെ അന്നത്തെ ആ യൂത്ത് കോണ്‍ഗ്രസ് നേതാവില്‍ നിന്നൊക്കെ ഏറെ വളര്‍ന്നിരിക്കുന്നു. അല്ലെങ്കില്‍ പിന്നെ ഗെയില്‍ വിരുദ്ധ സമരം തീക്കാറ്റായി വീശിയടിക്കുന്ന മുക്കത്ത് എത്തിയപ്പോള്‍ സമരം യുഡിഎഫ് ഏറ്റടുക്കില്ലെന്ന് കട്ടായം പറയുമായിരുന്നോ?

വിയോജിക്കാം, പക്ഷെ ഗ്യാസ് ലൈന്‍ ആയതുകൊണ്ട് എന്ത് ‘ഗ്യാസും’ അടിക്കാം എന്ന് കരുതരുത്

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരേ രമേശ് ചെന്നിത്തല നയിക്കുന്ന യുഡിഎഫിന്റെ പടയൊരുക്കം ജാഥ കാസര്‍ഗോഡ് ജില്ലയിലെ ഉപ്പളയില്‍ നിന്നും പ്രയാണം ആരംഭിച്ച നവംബര്‍ ഒന്നിന് തന്നെയാണ് മുക്കത്ത് ഗെയില്‍ വിരുദ്ധ സമരം ആളിപ്പടര്‍ന്നതെന്നതൊക്കെ ശരി തന്നെ. സമരത്തിന്റെ തുടര്‍ചലനങ്ങള്‍ യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിന്റെ പ്രധാന തട്ടകമായ മലപ്പുറത്തും തുടര്‍ ചലനങ്ങള്‍ സൃഷ്ടിച്ചുവെന്നതും ശരി തന്നെ. തനിക്കും മുന്‍പേ കാസര്‍ഗോഡ് നിന്ന് തന്നെ പ്രയാണം ആരംഭിച്ച സിപിഎമ്മിന്റെ കോടിയേരി ബാലകൃഷ്ണന്‍ നയിച്ച ജനജാഗ്രതാ യാത്രക്കു കൊടുവള്ളിയില്‍ സംഭവിച്ച ജാഗ്രതാ കുറവില്‍ മനം കുളിര്‍ത്ത ചെന്നിത്തല ആദ്യ ദിനം തന്നെ ഗെയില്‍ വിരുദ്ധ സമരത്തിന് സര്‍വ വിധ പിന്തുണയും പ്രഖ്യാപിക്കാന്‍ മറന്നില്ല. എന്നാല്‍ കണ്ണൂരും വയനാടും വിട്ട് കോഴിക്കോട് ജില്ലയിലേക്ക് പ്രവേശിക്കുന്നതിനിടയില്‍ തന്നെ സമരത്തിന് പിന്നിലെ യഥാര്‍ത്ഥ ശക്തികള്‍ ആരൊക്കെയെന്നും മുഖ്യമന്ത്രി കസേരയെന്ന തന്റെ സ്വകാര്യ സ്വപ്നത്തിലേക്കു കൂടിയാണ് സമരക്കാര്‍ തീ കോരിയിടുന്നതെന്നും മനസ്സിലായിരിക്കണം. അല്ലെങ്കില്‍ പിന്നെ ഗെയില്‍ വിരുദ്ധ സമരത്തെ യു ഡി എഫ് ഏറ്റെടുക്കില്ലായെന്ന് ഇന്നിപ്പോള്‍ മുക്കത്ത് വെച്ച് പ്രഖ്യാപിക്കില്ലായിരുന്നു.

ഗെയ്ല്‍ പൈപ്പ്‌ലൈന്‍ ; നിയമം പറയുന്ന അധികാരികളും ആശങ്കകള്‍ അടങ്ങാത്ത ജനങ്ങളും

ചെന്നിത്തലക്ക് വൈകിയെങ്കിലും മനസ്സിലായ ഇക്കാര്യം പി കെ കുഞ്ഞാലിക്കുട്ടി എന്ന കുഞ്ഞാപ്പക്ക് നേരത്തെ തന്നെ പിടികിട്ടിയിരുന്നു. തങ്ങളുടെ സര്‍ക്കാര്‍ കൊണ്ടുവന്ന കോടികള്‍ മുടക്കു മുതലുള്ള ഒരു പദ്ധതിയെ ഇപ്പോള്‍ പ്രതിപക്ഷത്താണെന്ന ഒറ്റ കാരണത്തിന്റെ പേരില്‍ എതിര്‍ക്കുന്നതില്‍ ഉള്ള യുക്തിക്കുറവ് മാത്രമല്ല ഭാവിയില്‍ അത് യുഡിഎഫിന് തന്നെ വരുത്തിവയ്ക്കാവുന്ന അപകടം മണക്കാന്‍ കുഞ്ഞാപ്പയെ ആരും പഠിപ്പിക്കേണ്ടതില്ലല്ലോ! അതുകൊണ്ടു തന്നെ തുടക്കം മുതല്‍ കുഞ്ഞാപ്പ ഓരോ വാക്കും കരുതലോടെ തന്നെ പ്രയോഗിച്ചു. പിണറായി സര്‍ക്കാരിനെ എതിര്‍ക്കണം എന്നതുപോലെ തന്നെ പ്രധാനമാണ് തങ്ങളുടെ സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതിയെ എതിര്‍ക്കാതിരിക്കുക എന്നതായിരുന്നു കുഞ്ഞാപ്പയുടെ തന്ത്രം.

എന്തായാലും ചെന്നിത്തല ഗെയില്‍ വിരുദ്ധ സമരം യുഡിഎഫ് ഏറ്റെടുക്കില്ലെന്നു കട്ടായം പറയുന്നതിന് മുന്‍പ് തന്നെ സമരം ഏതാണ്ട് തണുത്തുപോയ മട്ടിലായി എന്നതും ശ്രദ്ധേയമാണ്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയില്‍ കേരളത്തിലെ ജനകീയ സമരങ്ങളെ ഹൈജാക്ക് ചെയ്തു രാഷ്ട്രീയ നേട്ടം കൊയ്യാന്‍ ശ്രമിക്കുന്നവര്‍ക്ക് കൂടിയുള്ള മുന്നറിയിപ്പായിരിക്കും ഒരു പക്ഷെ ഇത് എന്നുകൂടി പറയേണ്ടതുണ്ട്.

ചെന്നിത്തല കൈയൊഴിഞ്ഞെങ്കിലും അന്തിക്കാട് ഗാന്ധി വി എം സുധീരന്‍ ഗെയില്‍ വിരുദ്ധ സമരത്തില്‍ നിന്നും ഒരടി പിന്നോട്ടില്ല എന്ന് പ്രഖ്യാപിച്ചുകഴിഞ്ഞു. വി എമ്മിന്റെ സമര കാഹളത്തിനു എത്രയുണ്ടാകും ആയുസ്സെന്നു കാത്തിരുന്നു കാണാം.

ഗെയ്ല്‍ പദ്ധതി: മുന്‍ വ്യവസായ മന്ത്രി പികെ കുഞ്ഞാലിക്കുട്ടി എം പി സത്യം പറയണം

കെ എ ആന്റണി

കെ എ ആന്റണി

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍. ന്യൂ ഇന്ത്യന്‍ എക്സ്പ്രസ്സ്, പയനിയര്‍ എന്നിവിടങ്ങളില്‍ പത്രപ്രവര്‍ത്തകനായി ജോലി ചെയ്തിട്ടുണ്ട്.

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍